ഡൽഹി വംശഹത്യയും ന്യൂനപക്ഷ വിരുദ്ധതയും: പുതിയ കണ്ടെത്തലുകൾ

August 28, 2020

ഭരണകൂടത്തിന്റെ സഹായങ്ങൾ ഹിന്ദുത്വ കലാപകാരികളെ അഴിഞ്ഞാടാൻ അനുവദിച്ചു. അക്രമത്തിന്റെ എല്ലാ കുറ്റങ്ങളും ന്യൂനപക്ഷ വിഭാഗത്തിൽ അടിച്ചേൽപ്പിക്കുകയാണ്. 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി മുസ്‌ലിം വംശഹത്യയിൽ പോലീസിന്റെ ഇടപെടൽ ഏകപക്ഷീയമായിരുന്നു. ഇരകളെ സംരക്ഷിക്കാൻ പോലീസിന് സാധിച്ചില്ല. അക്രമികളുടെ പേര് വെളിപ്പെടുത്തുന്നതിലും, എഫ്‌.ഐ.ആർ രേഖപ്പെടുത്തുന്നതിലുമുള്ള അനാസ്ഥയും കുറ്റവാളികളെ സംരക്ഷിച്ചു. സലീം ദേളി എഴുതുന്നു.

ഇൻഡ്യയിൽ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾക്കെതിരിൽ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് ഇതിനകം വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഹിന്ദു-ദേശീയവാദികളുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ വ്യവഹാരങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം മോഡി ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത്. അതൊരു ബഹുജന മുന്നേറ്റമായിരുന്നു. സവർണാധികാര ശക്തികളുടെ ആധിപത്യ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റമായി സമരം മാറിയപ്പോൾ ഹിന്ദുത്വ ശക്തികൾ ഭരണകൂട പിന്തുണയോടെ അക്രമം അഴിച്ചുവിടുകയായിരുന്നു. വംശഹത്യാ സ്വഭാവമുള്ള ആസൂത്രിത അക്രമങ്ങളാണ് സംഘപരിവാർ ഡൽഹിയിൽ നടത്തിയത്.

ഭരണഘടനാ അവകാശത്തിനായി മുസ്‌ലിം ന്യൂനപക്ഷം നടത്തിയ സാമൂഹിക മുന്നേറ്റത്തെ നേരിടാനാണ് ബിജെപി കലാപത്തെ ഉപയോഗിച്ചത്. ലോക്ഡൗൺ കാലത്തും അവർ ഡൽഹി കലാപത്തിൻ്റെ പേരിൽ ‘ഗൂഢാലോചനാ സിദ്ധാന്തം’ (conspiracy theory) രൂപപ്പെടുത്തി പൗരത്വവിരുദ്ധ സമരത്തിൻ്റെ മുന്നണിപ്പോരാളികളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനാധിപത്യവാദികൾ ഭരണകൂട വേട്ടക്കെതിരിൽ നിരന്തരം ശബ്ദിക്കുന്നുണ്ട്.

ഇൻഡ്യയിലെ ഭരണഘടനാ അവകാശപ്പോരാട്ടത്തിൽ പങ്കെടുക്കുന്നവർക്ക് എന്തു സംഭവിക്കുന്നു എന്ന് സ്വതന്ത്രമായി അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ‘ദ പോളിസ് പ്രൊജക്റ്റ്’. ആഗസ്റ്റ്‌ പതിമൂന്നിനാണ് 26 പേജുള്ള അന്വേഷണ-വിശകലന കുറിപ്പുകൾ പുറത്തിറക്കിയത്.

ലോകത്തെ ബാധിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് തദ്ദേശവാസികളിൽ നിന്ന് വൈവിധ്യമാർന്ന വീക്ഷണകോണുകൾ ശേഖരിച്ച്, സുപ്രധാന പ്രശ്നങ്ങളെക്കുറിച്ച് ബോധം ഉൽപാദിപ്പിക്കുന്ന മിശ്ര ഗവേഷണ-പത്രപ്രവർത്തന സ്ഥാപനമാണ് പോളിസ് പ്രൊജക്റ്റ്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ഗവേഷകരും എഴുത്തുകാരും പത്രപ്രവർത്തകരുമാണ് കൂട്ടായ്മയുടെ പ്രവർത്തകർ.

‘കൽപ്പിത തെളിവുകൾ (forged proofs) ഉപയോഗിച്ച് ഇൻഡ്യയിലെ ഭരണഘടനാ അവകാശ സംരക്ഷകരെ പോലീസ് എങ്ങനെ വേട്ടയാടുന്നു’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വസ്തുതാന്വേഷണ സംഘത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലും അക്രമങ്ങൾക്കു വിധേയരായവരുമായുള്ള അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുമാണ് റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്.

അക്രമസമയത്ത് ഡൽഹി പോലീസ് പുലർത്തിയ അലംഭാവം, ഡൽഹി പോലീസ് മുസ്‌ലിംകളെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നത്, അക്രമത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയത് ദേശവിരുദ്ധരായ മുസ്‌ലിംകളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളുമാണെന്ന് വരുത്തിത്തീർക്കുന്ന പോലീസിന്റെ ഗൂഢശ്രമങ്ങൾ എന്നിവയെ റിപ്പോർട്ട് വിശകലനം ചെയ്യുന്നു. പോലീസിന്റെ കൃത്യവിലോപം തന്നെയാണ് റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തൽ.

ഭരണകൂടത്തിന്റെ സഹായങ്ങൾ ഹിന്ദുത്വ കലാപകാരികളെ അഴിഞ്ഞാടാൻ അനുവദിച്ചു. അക്രമത്തിന്റെ എല്ലാ കുറ്റങ്ങളും ന്യൂനപക്ഷ വിഭാഗത്തിൽ അടിച്ചേൽപ്പിക്കുകയാണ്. 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി മുസ്‌ലിം വംശഹത്യയിൽ പോലീസിന്റെ ഇടപെടൽ ഏകപക്ഷീയമായിരുന്നു. ഇരകളെ സംരക്ഷിക്കാൻ പോലീസിന് സാധിച്ചില്ല. അക്രമികളുടെ പേര് വെളിപ്പെടുത്തുന്നതിലും, എഫ്‌.ഐ.ആർ രേഖപ്പെടുത്തുന്നതിലുമുള്ള അനാസ്ഥയും കുറ്റവാളികളെ സംരക്ഷിച്ചു. ഡൽഹി പോലീസ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കലാപത്തിന്റെ ഗൂഢാലോചന ഇരകളായ മുസ്‌ലിംകളുടെ മേലും, ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകളുടെ മേലും ചാർത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഹിന്ദുത്വ ദേശീയവാദികളുടെ പ്രകോപനങ്ങളുടെ മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ നിൽക്കുകയാണ് ഡൽഹി പോലീസ് എന്നും റിപ്പോർട്ട് പറയുന്നു.

കലാപ പശ്ചാത്തലം

പൗരത്വ നിയമത്തിനെതിരായ സമരം ശക്തമായതോടെ ബഹുജന മുന്നേറ്റമാണ് രാജ്യത്തുണ്ടായത്. ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയ ഇന്ദ്രപ്രസ്ഥത്തിലെ ജാമിഅ മില്ലിയ വിദ്യാർഥി വസന്തം രാജ്യമൊട്ടാകെ പടർന്നു. ഡൽഹിയിൽ എൻ‌.ആർ‌.സി/സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭകരെ അതിക്രൂരമായി പോലീസ് മർദിച്ചതോടെ വിദ്യാർഥികൾക്ക് പിന്തുണയുമായി നാട്ടുകാരെത്തി. 2019  ഡിസംബർ 14ന് സൗത്ത് ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകൾ സമാധാനപരമായി ‘കുത്തിയിരിപ്പ് സമരം’ ആരംഭിച്ചു. ദിനേന കുത്തിയിരിപ്പ് സമരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് തുടങ്ങിയതോടെ സമരം അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇതോടെ ബിജെപി നേതൃത്വം അങ്കലാപ്പിലായി. പാർട്ടിയും ഡൽഹി പോലീസും പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ സമരം തടസ്സമില്ലാതെ തുടർന്നു.

ഈ സാഹചര്യത്തിലാണ് 2020 ഫെബ്രുവരി 23ന് വടക്കുകിഴക്കൻ ഡൽഹിയിലെ മോജ്‌പൂരിൽ ബിജെപി നേതാവ് ‘കപിൽ മിശ്ര’ പ്രസംഗത്തിലൂടെ അക്രമത്തിന് ആഹ്വനം നൽകിയത്. തൊട്ടടുത്ത നാലു ദിവസങ്ങളിൽ അക്രമം അയൽ‌പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.53 പേർ മരണപ്പെട്ടു. അതിൽ 39 പേർ മുസ്‌ലിംകളായിരുന്നു. കൂടാതെ, നൂറുകണക്കിന് കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്നും ജീവിതത്തിൽ നിന്നും നാടുകടത്തപ്പെട്ടു. കൊള്ളയും അക്രമവും മൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടായി.

പ്രദേശത്തെ മുസ്‌ലിം നിവാസികൾ അക്രമത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ജീവിതം ഏറെ വെല്ലുവിളി നിറഞ്ഞതുമാണ്. അക്രമത്തിനുശേഷം പോലീസ് മുസ്‌ലിംകളെ ലക്ഷ്യമിടുകയും ഇരയാക്കുകയും ചെയ്തു. മുസ്‌ലിം യുവാക്കളെ ചോദ്യംചെയ്യലിനായി വിളിച്ചുകൊണ്ടുപോകുന്നുണ്ട്. നിരവധി യുവാക്കളെ വിവിധ ആരോപണങ്ങളിൽ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അവർ ജാമ്യാപേക്ഷക്കായി കാത്തിരിക്കുകയാണ്. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത പൊതുപ്രവർത്തകരെയും ബുദ്ധിജീവികളെയും വിദ്യാർഥികളെയും ഗൂഢാലോചനയുടെ സൂത്രധാരന്മാരായി ഇൻഡ്യൻ സ്റ്റേറ്റ് വരുത്തിത്തീർക്കുകയാണ്.

ജൂനിയർ ആക്ടിവിസ്റ്റുകളായ പ്രാദേശിക മുസ്‌ലിം യുവാക്കളെ ഡൽഹി പോലീസ് വ്യാപകമായി ചോദ്യംചെയ്യുന്നു. ഈ ചോദ്യംചെയ്യലുകളുടെ ലക്ഷ്യം മുതിർന്ന പ്രവർത്തകരെ അറസ്റ്റു ചെയ്തതിന് തെളിവുകൾ ഹാജരാക്കുക എന്നതാണ്. വിയോജിപ്പിനെ കുറ്റവാളികളാക്കി പൗരന്മാരെ നിശബ്ദരാക്കി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ഇൻഡ്യയിൽ വർദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യത്തിന്റെ അപകടകരമായ സന്ദേശമാണ് ന്യൂയോർക്ക് കേന്ദ്രീകൃത റിപ്പോർട്ട് ലോകത്തോട് പറയുന്നത്.

ഭരണഘടനയുടെ വകുപ്പ് 19 പ്രകാരം  ഉറപ്പുനൽകുന്ന ഇൻഡ്യയിലെ സാധാരണ പൗരന്മാരുടെ പ്രതിഷേധത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ട സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് ഇത്‌. ഭരണഘടനാ അവകാശങ്ങൾ ഇല്ലാതാക്കുന്നതിനെതിരെ പൗരന്മാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തെളിവ് അടിസ്ഥാനമാക്കിയുള്ള നിരവധി രേഖകൾ ഡൽഹി പോലീസിനെതിരെ റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്.

പോലീസ് നിസ്സംഗതകൾ

ഡൽഹി വംശഹത്യയുടെ ഇരകളായ മുസ്‌ലിം സമുദായങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസ് ഉപേക്ഷിച്ചുവെന്ന് മാത്രമല്ല, അക്രമത്തിൽ പങ്കെടുത്തവരെ സജീവമായി സഹായിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യൂണിഫോം ധരിച്ച പുരുഷന്മാർ ഹിന്ദു ജനക്കൂട്ടവുമായി ഒത്തുചേർന്ന് മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ട് പറയുന്നു.

അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് 13,000 കോളുകൾ ഉണ്ടായിരുന്നിട്ടും ഡൽഹി പോലീസ് മതിയായ അളവിൽ ഹാജരാകാനോ സംരക്ഷണം നൽകാനോ ശ്രമിച്ചില്ല. “ഞങ്ങൾ പലതവണ പോലീസിനെ വിളിച്ചിരുന്നു. പക്ഷേ, അവർ മറുപടി നൽകിയില്ല. ഫോണിൽ ഞങ്ങളെ അപമാനിച്ചു. സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞു‌”: അവർ പറയുന്നു.

തെളിവുകൾ പരിശോധിച്ചതിന് ശേഷം എത്തിച്ചേരേണ്ട നിഗമനങ്ങൾക്ക് പകരം, പക്ഷപാതപരമായ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന വിവരണത്തോടെയാണ്  കുറ്റപത്രങ്ങൾ ആരംഭിക്കുന്നത്. സി.‌എ.‌എ വിരുദ്ധ പ്രക്ഷോഭകരെയും പ്രതിഷേധ സംഘാടകരെയും പ്രതികളായി ഹാജരാക്കാൻ പോലീസ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോടതി ജാമ്യം നൽകിയെങ്കിലും ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റുചെയ്ത ‘പിഞ്ച്ര തോഡിന്റെ’ നതാഷ നർവാളിന്റെയും ദേവാംഗന കലിതയുടെയും കേസുകളെ ഉദാഹരണമായി റിപ്പോർട്ട് ഇവിടെ ഉദ്ധരിക്കുന്നു.

ദേവാംഗന കലിത, നതാഷ നർവാൾ

ഭരണകക്ഷിയുടെ പ്രധാന പ്രവർത്തകരെ അറസ്റ്റുചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ഡൽഹി പോലീസിനെതിരെ റിപ്പോർട്ട് ആരോപിക്കുന്നു. ”അവർക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് വ്യക്തമായ തെളിവുകളുണ്ട്. കപിൽ മിശ്ര തന്റെ അനുയായികളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ പ്രസംഗം നടത്തി” എന്ന് റിപ്പോർട്ട് പറയുന്നു. തെളിവ് എന്നതിലുപരി അനുമാനത്താൽ  ഗൂഢാലോചന സിദ്ധാന്തം സൃഷ്ടിക്കുന്നു.

പോലീസിന്റെ വിവേചനങ്ങൾ

കുറ്റപത്രങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്‌ലിംകളെയാണ്. “അവർ ഇരകളാണ്, അല്ലെങ്കിൽ ഇരകളെ സഹായിച്ചവർ. അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ചികിത്സിച്ച ഒരു വൈദ്യൻ ഉൾപ്പെടെ, സി.എ.എ വിരുദ്ധ പ്രതിഷേധ സ്ഥലങ്ങളിൽ താമസിക്കുന്ന നിരാലംബരായ മുസ്‌ലിം ചെറുപ്പക്കാരെ ആവർത്തിച്ച് നീണ്ട ചോദ്യംചെയ്യലുകൾക്കായി വിളിക്കുന്നു. പലപ്പോഴും ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം ഇരിക്കാൻ പ്രേരിപ്പിക്കുന്നു”, റിപ്പോർട്ട് പറയുന്നു. തീവ്രവാദ വിരുദ്ധ നിയമമായ യു‌.എ‌.പി‌.എ ചുമത്തുമെന്ന് യുവാക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സഹകരിക്കാൻ സമ്മതിച്ചാൽ അവർക്കെതിരെ നടപടിയെടുക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്രൂരമായി പരിക്കേറ്റ 24കാരനായ മുസ്‌ലിം യുവാവിനെ കലാപത്തിൽ പങ്കെടുത്തു എന്നാരോപിച്ച് പോലീസ് അറസ്റ്റു ചെയ്തിരുന്നു. കലാപത്തിൽ പങ്കെടുത്തതായി ഇയാൾ സമ്മതിച്ചതായും, വിദ്യാർഥി ഗ്രൂപ്പിലെ അംഗങ്ങളായി പിഞ്ച്ര തോഡിൻ്റെ പേര് പറഞ്ഞതായും പോലീസ് പറഞ്ഞു. എന്നാൽ, ഈ പ്രവർത്തകർ ആരാണെന്ന് തനിക്ക് അറിയില്ലെന്നും പോലീസിന്റെ പ്രസ്താവനയിൽ ഒപ്പിടാൻ നിർബന്ധിതനായതാണെന്നും അദ്ദേഹം ‘ഹിന്ദു ദിനപത്രത്തോട്’ പറഞ്ഞ കാര്യം ഉദ്ധരിച്ച് പോലീസ് നടത്തുന്ന വ്യാജ തെളിവ് നിർമാണത്തെ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു.

ചോദ്യംചെയ്യലിൽ ഉണ്ടാകുന്ന മറ്റൊരു ഭീഷണി ഉപദ്രവിക്കലാണ്. ഒരു കുറ്റത്തിന് സമ്മതിക്കാനായി ആരെയും ഏതെങ്കിലും വിധത്തിൽ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യുന്നതിൽ നിന്ന് ഇൻഡ്യൻ ക്രിമിനൽ നിയമം പോലീസിനെ വിലക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (വകുപ്പ് 24, ഇൻഡ്യൻ എവിഡൻസ് ആക്റ്റ്, സെക്ഷൻ 163, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ)

സി‌.എ‌.എ/എൻ‌.ആർ.‌സി വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ ലളിതമായ കാരണത്താലാണ് ചോദ്യംചെയ്യലിനായി കൊണ്ടുവരുന്നത്. ഇങ്ങനെ കൊണ്ടുവരപ്പെടുന്നവരോട് ഇസ്‌ലാമോഫോബിക് ആയാണ് പോലീസ് പെരുമാറുന്നതെന്ന് റിപ്പോർട്ട് പ്രത്യേകം പറയുന്നു.

“നിങ്ങളുടെ രാജ്യമായ പാകിസ്ഥാൻ ഉണ്ടാക്കിയപ്പോൾ പോകാതെ ഇൻഡ്യയിൽ തന്നെ നിൽക്കുന്നത് എന്തിനാണ്?”

“നിങ്ങൾ എല്ലായിടത്തും നിറയുന്നു. ഇത്തവണ ഞങ്ങൾ നിങ്ങളെ നിലക്ക് നിർത്തും”.

”നിങ്ങൾ എല്ലാവരും മുസ്‌ലിംകൾക്കായി മാത്രം പ്രതിഷേധിക്കുന്നവരാണ്. ഹിന്ദു വിരുദ്ധതക്കെതിരെ നിങ്ങൾ ഒരു വാക്കുപോലും സംസാരിക്കുന്നില്ല”.

ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പോലീസ് മുസ്‌ലിംകളോട് പെരുമാറുന്നത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് രേഖപ്പെടുത്തുന്നുണ്ട്. ഉപരിസൂചിത വസ്തുതകളുടെ വെളിച്ചത്തിൽ, മനുഷ്യാവകാശത്തിനായി നിക്ഷേപം നടത്തിയ എല്ലാ ആഗോള അഭിനേതാക്കളോടും റിപ്പോർട്ട്  ഏതാനും അഭ്യർഥനകൾ നടത്തുന്നുണ്ട്.

എല്ലാ മനുഷ്യാവകാശ സംരക്ഷകരെയും, വിദ്യാർഥികളെയും, വിചാരണാ തടവിൽ പാർപ്പിച്ചിരിക്കുന്നവരെയും മോചിപ്പിക്കാനും, കലാപത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനും ഇൻഡ്യൻ ഗവൺമെന്റിനെ സമ്മർദം ചെലുത്താൻ റിപ്പോർട്ട് മുന്നിൽ വെച്ചുകൊണ്ട് ലോകനേതാക്കളോട് ആവശ്യപ്പെടുന്നു.

ഈ റിപ്പോർട്ട് ഡൽഹി പോലീസിന്റെ അടിസ്ഥാനപരമായ വീഴ്ച്ചയെ വ്യക്തമാക്കുന്നു. ഡൽഹി പോലീസിൻ്റെ വിവേചനപരമായ ഇടപെടലുകൾ എങ്ങനെയാണെന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നു. പൗരന്മാരെ സംരക്ഷിക്കുന്നതിനു പകരം ഭരണകക്ഷിയായ ബിജെപിയുമായുള്ള പോലീസിൻ്റെ സഹകരണം നിന്ദ്യമാണെന്ന് റിപ്പോർട്ട് പ്രസ്താവിക്കുന്നു.

പോലീസിൻ്റെ അടിച്ചമർത്തൽ നടപടികൾ തീവ്രദേശീയ ഹിന്ദു മേധാവിത്വത്തെയും ഇസ്‌ലാമോഫോബിയയെയും സഹായിക്കുകയാണ്. ഡൽഹി പോലീസിന്റെ രീതികൾ ഇൻഡ്യൻ പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നു. അവരുടെ വിവേചനപരമായ പെരുമാറ്റത്തെ ഞങ്ങൾ അപലപിക്കുകയും ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

മറ്റു പ്രധാന കണ്ടെത്തലുകൾ:

1. അക്രമം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ പോലീസ് പരാജയപ്പെടുന്നു. കുറ്റവാളികളെ പിടികൂടാതെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

2. പോലീസിന് അക്രമത്തിൽ പങ്കുണ്ട്.

3. പോലീസിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തിന് വ്യക്തമായ തെളിവുകളില്ല.

4. ഹിന്ദുത്വ മേധാവിത്വത്തെയും പ്രത്യയശാസ്ത്രത്തെയും സംരക്ഷിക്കുവാൻ പ്രധാന തെളിവുകൾ മറച്ചുവെക്കുന്നു.

5. കുറ്റാരോപിതർക്കെതിരെ ചുമത്തിയ കുറ്റത്തിന് തെളിവുകൾ നൽകുന്നതിൽ പോലീസ് പരാജയപ്പെടുന്നു.

6. ഭരണകക്ഷിയുടെ പ്രധാന പ്രവർത്തകരെ അറസ്റ്റുചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നില്ല. അവർ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തമായ തെളിവുകളുണ്ട്.

7. ക്രൂരമായി പരിക്കേറ്റവരെ കലാപത്തിൻ്റെ സൂത്രധാരന്മാരാക്കി മാറ്റുന്നു.

8. കൽപിത തെളിവുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു.

Top