ബഹുജൻ വിഭാഗത്തിന് 90 ശതമാനം സംവരണമാണു വേണ്ടത്: മനോജ് ഝാ

ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ആർ.ജെ.ഡിയുടെ തേജശ്വി യാദവ് സർക്കാർ ജോലികളിൽ 90 ശതമാനം പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ സാമൂഹിക സംഘങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതികൾ നടപ്പിലാകുന്നതിനെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും പിന്തുണച്ചു. ആർ.ജെ.ഡി ഇക്കാര്യം ആവശ്യപ്പെട്ടതെന്തിനെന്ന് രാഷ്ട്രീയ ജനതാദൾ എം.പിയും ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ പ്രൊഫസറുമായ മനോജ് ഝാ പത്രപ്രവർത്തകനായ അജാസ് അഷ്റഫിനോട് വിശദീകരിക്കുന്നു.

ബീഹാറിൽ സംവരണം 90 ശതമാനമായി ഉയർത്തണമെന്ന് ആർ.ജെ.ഡി  നേതാവ് തേജശ്വി യാദവ് ആവശ്യപ്പെട്ടു. ബാക്കി 10 ശതമാനം ആർക്കാണ് മാറ്റിവെച്ചിരിക്കുന്നത്?

തേജശ്വി യാദവ് പറയുന്നത് 90 ശതമാനം വരുന്ന ഭൂരിപക്ഷം ജനസംഖ്യ ബഹുജനാണെന്നാണ്. ബഹുജനത്തിൽ പട്ടിക ജാതി, പട്ടിക വർഗം, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. അതുകൊണ്ടാണ് 90 ശതമാനം സംവരണം ആവശ്യപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ശതമാനം സംവരണം നൽകിയല്ലോ. അങ്ങിനെ അമ്പത് ശതമാനം സംവരണം അറുപതാക്കി.

ഈ നടപടിയെ നാം മുന്നോട്ടു കൊണ്ടു പോയാൽ അതേ സാമൂഹ്യ നിലവാരം അനുഭവിക്കുന്ന ഇന്ത്യയിലെ 90 ശതമാനം ബഹുജൻ വിഭാഗം തങ്ങളുടെ അവസ്ഥക്കനുസരിച്ച് 90 ശതമാനം സംവരണത്തിനർഹമാണ്. ഞാൻ പറയുന്നത് സാമ്പത്തിക സംവരണത്തിന്റെ യുക്തി പിന്തുടർന്നാൽ സംഭവിക്കാൻ പോകുന്ന കാര്യമാണ്. 90 ശതമാനം ബഹുജൻ സംവരണം ആ അർഥത്തിൽ ന്യായമാണ്.

മനോജ് ഝാ

മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ എത്രയാണ്?

27 ശതമാനം സംവരണം ശുപാർശചെയ്യുന്ന ബി.പി.മണ്ഡൽ റിപ്പോർട്ടിൽ അവരെ രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനമായി കണക്കാക്കിയിട്ടുണ്ട്. 1931ൽ നടന്ന അവസാന ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ബി.പി.മണ്ഡൽ കമ്മീഷൻ മറ്റ് പിന്നാക്ക വിഭാഗങ്ങളെ 52 ശതമാനമായി കണക്കാക്കി.

2011ൽ ഒരു സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തിയിരുന്നു, പക്ഷേ അതിലെ ജാതി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ കണക്ക് പ്രകാരം രാജ്യത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങൾ മൊത്തം ജനസംഖ്യയുടെ 68 ശതമാനമാണെന്ന് നമുക്ക് അനുമാനിക്കാം.

പട്ടേൽ, ജാട്ട്, മറാഠകൾ, തുടങ്ങി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവരെ ഈ 68 ശതമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?

അതെ, അവരും ഇതിൽ ഉൾപ്പെടുന്നു. ഓരോ രാജ്യങ്ങളുടെയും അഫർമെറ്റിവ് ആക്ഷൻ പോളിസിയെ കുറിച്ച്  ഞാൻ പരിശോധിച്ചിരുന്നു. ഒരു സർവേയോ, പഠനമോ കൂടാതെ അവയൊന്നും ഈ പോളിസി അവതരിപ്പിച്ചിട്ടില്ല. ഇത് സംബന്ധിച്ചു പാർലമെന്റിൽ ഞങ്ങൾ ചോദിച്ചതുപോലെ സുപ്രീം കോടതിയും ഉറപ്പായും ചോദിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ 10 ശതമാനം സംവരണം അനുവദിക്കാനുള്ള തെളിവെന്താണെന്ന്. കൂടാതെ ഒരുവർഷം 8 ലക്ഷം രൂപയോ അല്ലെങ്കിൽ 5 ഏക്കർ ഭൂമിയോ ഉള്ളവർക്ക് 10 ശതമാനം സംവരണത്തിനു യോഗ്യത നേടാനാകുമെന്നു സർക്കാർ എങ്ങനെ തീരുമാനിച്ചു? അതുകൊണ്ടാണ് 10 ശതമാനം സംവരണം പകൽകൊള്ളയാണെന്ന് ഞാൻ പറയുന്നത്.

തീർച്ചയായും, സംവരണം നിർത്തലാക്കരുത്. എന്നാൽ, വ്യക്തിഗത മത്സരത്തിനുള്ള ഇടം കൂടി വേണ്ടേ? 50 ശതമാനം തുറന്ന മത്സരങ്ങളും 50 ശതമാനം സംവരണവും എന്നത് നല്ലൊരു ബാലൻസ് അല്ലേ?

പക്ഷേ, അത് സാമൂഹിക അവസ്ഥയിൽ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല. മെറിറ്റിൽ സംവരണ വിഭാഗങ്ങൾക്ക് എത്താൻ കഴിയുന്നില്ല. കാരണം സവർണ ജാതികൾ കീഴാളരോട് വളരെയധികം മുൻവിധികൾ പുലർത്തുന്നവരാണ്. അവരുടെ മുൻവിധികൾ അവരുടെ പ്രത്യയശാസ്ത്രമാണ്.

പല മേഖലകളിലും സംവരണ വിഭാഗത്തിനുള്ള തൊഴിലവസരങ്ങളിൽ നാലിൽ മൂന്നിലും നിയമനം നടന്നിട്ടില്ലെന്ന് ഗവ‌ണ്മെന്റ് കണക്കുകൾ തന്നെ പറയുന്നു.
90 ശതമാനം സംവരണം നൽകുന്നതിന് മുൻപ്, നിലവിലുള്ള സംവരണം അനുസരിച്ച് സർക്കാർ ജോലികളിലുള്ള ഒഴിവുകൾ നികത്താനുള്ള സർക്കാർ നടപടികൾ വേണമെന്നാണ് എൻ്റെ അഭിപ്രായം.

അതുകൊണ്ടെന്താണ് താങ്കൾ അർത്ഥമാക്കുന്നത്?

സർവകലാശാലാ വകുപ്പുകളിലും കോളേജുകളിലും നിയമനത്തിനായി ഏർപ്പെടുത്തിയ 13 പോയിന്റ് റോസ്റ്റർ സിസ്റ്റം ഉദാഹരണമായി എടുത്തുനോക്കൂ. അത് നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നിരുന്നാലും ഈ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഒഴിവു വരുമ്പോൾ അത് ആദ്യം റിസർവേഷൻ ഇല്ലാത്ത (ജനറൽ കാറ്റഗറി) വിഭാഗത്തിനും, രണ്ടാമത്തെയും മൂന്നാമത്തെയും ഒഴിവുകളും നികത്തുന്നത് ജനറൽ വിഭാഗത്തിൽ നിന്നുമാണ്. നാല്, അഞ്ച്, ആറ് ഒഴിവുകൾ മറ്റ് പിന്നാക്ക വിഭാഗക്കാർക്കും, ഏഴാമത്തെ ഒഴിവ് പട്ടികജാതി വിഭാഗത്തിൽനിന്നും, എട്ടാമത്തെ ഒഴിവ് മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും, ഒൻപതാമത്തെ ഒഴിവ് ജനറൽ വിഭാഗത്തിനും. പത്താമത്തെ ഒഴിവ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനും, പതിനൊന്നാമത്തേത് വീണ്ടും ജനറൽ വിഭാഗത്തിനും, പന്ത്രണ്ടാമത്തേത് മറ്റ് പിന്നാക്ക വിഭാഗത്തിനും. ഇതിനെല്ലാം ശേഷം മാത്രമാണ് പട്ടിക വർഗത്തിനുള്ള അവസരം. ഏത് വിഷയത്തിലായാലും യൂണിവേഴ്സിറ്റികളിൽ പത്ത്, പന്ത്രണ്ടിലധികം പോസ്റ്റുകളില്ല. ഈ സംവിധാനം അനുസരിച്ച് ഒരു പട്ടികവർഗക്കാരനു അവസരം ലഭിക്കാൻ ഏകദേശം 250 വർഷമെടുക്കും.

അതുകൊണ്ട്, ആദ്യ ഒഴിവുകൾ പട്ടികവർഗക്കാർക്ക് നൽകണമെന്നാണോ?

ഒഴിവുകൾ റിസർവേഷൻ വിഭാഗങ്ങൾക്കു ആദ്യം അനുവദിക്കണം. നമ്മൾ സംവരണത്തെ ദാനധർമ്മമായി കാണുന്നത് തീർത്തും അപലപനീയമാണ്. സംവരണം ഭരണഘടന ഉറപ്പുനൽകുന്നു, അതൊരു അടിസ്ഥാന അവകാശമാണ്. അത് ആരുടേയും ഔദാര്യമല്ല. അവരുടെ അവകാശമാണ്.

തങ്ങളുടെ യാഥാർഥ്യങ്ങളെപ്പറ്റി ബഹുജൻ സമൂഹം ബോധ്യമുള്ളവരാണ്. അതുകൊണ്ടാണ് തേജശ്വി യാദവ് 90 ശതമാനം സംവരണം ബഹുജൻ സമൂഹത്തിനു നൽകണമെന്ന് പറയുന്നത്.

തേജശ്വി യാദവിന്റെ ആവശ്യത്തോടുള്ള പ്രതികരണം എങ്ങനെയായിരുന്നു?

മുഖ്യധാരാ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രചാരണത്തെ അവഗണിക്കുന്നുണ്ടെങ്കിലും ഉറപ്പായും അത് ട്രാക്കിലേക്ക് എത്തിക്കഴിഞ്ഞു.

ഉദാഹരണത്തിന്, 10 ശതമാനം സാമ്പത്തിക സംവരണത്തിനെതിരെ രാജ്യസഭയിൽ രാഷ്ട്രീയ ജനതാദൾ നിലപാടെടുത്തപ്പോൾ ഞങ്ങളുമായി സൗഹൃദത്തിലായിരുന്ന മറ്റ് പാർട്ടികൾ പോലും അത്ഭുതപ്പെട്ടു. പക്ഷേ 48 മണിക്കൂറിനുള്ളിൽ അവർ എൻ്റെ അടുത്തെത്തി, ഈ 10 ശതമാനം സംവരണ സംവിധാനം ഭരണഘടനക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞു.

എന്തുകൊണ്ടാണ് 10 ശതമാനം സംവരണം ഭരണഘടനക്ക് ഭീഷണിയാവുന്നത്?

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കവിഭാഗത്തിന് സംവരണം നൽകണമെന്ന് ഭരണഘടന പറയുന്നു.  മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണ ആനുകൂല്യം ലഭ്യമല്ല. നിയമാനുസൃതമല്ലാത്ത വാദങ്ങളാണ് ഇത് നടപ്പാക്കിയവർ ഉന്നയിക്കുന്നത്.

എന്നാൽ പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗം വിദ്യാഭാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നുണ്ടെന്ന് 10 ശതമാനം സംവരണത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നുണ്ടല്ലോ?

അത് ശരിയല്ല. സവർണനായ മനോജ് ഝാ ദരിദ്രനാകാം. എന്നാൽ ഒരു പ്രത്യേക ജാതിയിൽ ജനിക്കുമ്പോൾ ഉണ്ടാകുന്നതല്ല എന്റെ ദാരിദ്ര്യം. ഭരണഘടനാപരമായി അത് നിലനിൽക്കില്ല. സംവരണം ദാരിദ്ര്യത്തിനുള്ള പരിഹാരമല്ല. അതിനുള്ള പരിഹാരം സ്കോളർഷിപ്പുകളും മറ്റു സംവിധാനങ്ങളുമാണ്.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും, മോദിയും കാരണം ബഹുജൻ ഐക്യത്തിന് ശക്തി കുറയുന്നതായി നിങ്ങൾക്ക് തോന്നുന്നില്ലേ? പോരാത്തതിന് അവരിപ്പോൾ ബീഹാറിൽ സഖ്യകക്ഷികളായിരിക്കുന്നു. അവരും പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണല്ലോ?

മോദിക്ക് ഏത് സമയത്തും എന്തും സാധിക്കും. 15 വർഷം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജാതി നമ്മൾക്കാർക്കും അറിയില്ലായിരുന്നു. പെട്ടെന്ന് 2014ലെ തിരഞ്ഞെടുപ്പിൽ, പിന്നാക്ക വിഭാഗത്തിൽ പെട്ട ജാതിയിലുള്ള ആളാണ് അദ്ദേഹമെന്ന് അറിയുന്നു. ഇത് മോദിയുടെ ശൈലിയാണ്. തിരഞ്ഞെടുപ്പ് കാലത്ത്‌ അദ്ദേഹത്തിന് എന്തുമാകാൻ കഴിയും.

10 ശതമാനം സാമ്പത്തിക സംവരണത്തിനെതിരെ ഞങ്ങൾ ഒരു തീരുമാനമെടുത്തപ്പോൾ അത് തിരഞ്ഞെടുപ്പ് നേട്ടങ്ങളോ നഷ്ടങ്ങളോ മുന്നിൽ കണ്ടിട്ടായിരുന്നില്ല. പല അവസരങ്ങളിലും തേജശ്വി യാദവ് അത് വ്യക്തമാക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഡൽഹിയിലെ കോണ്സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് യാദവ് പറഞ്ഞു: ഞങ്ങൾക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ല. പക്ഷേ 10 ശതമാനം സാമ്പത്തിക സംവരണ സംവിധാനത്തെ ഞങ്ങൾ എതിർക്കും. കാരണം അത് ഭരണഘടനയെ കുറിച്ചുള്ള ധാരണകളെ ലംഘിക്കുന്നതാണ്.

നിതീഷ് കുമാർ ഒരു പിന്നാക്ക  സമുദായ നേതാവല്ലേ?

നിതീഷ് കുമാർ വലിയ ആശയകുഴപ്പത്തിലാണ്. 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചപ്പോൾ നിതീഷിന് ഒന്നും വ്യക്തമായിരുന്നില്ല. സമയമെടുത്താണ് സാമ്പത്തിക സംവരണ രീതിയെ എതിർക്കാൻ തീരുമാനിച്ചത്.

50 ശതമാനം എന്ന പരിധി നീക്കം ചെയ്തതിനാൽ സാമൂഹിക വിഭാഗങ്ങൾക്കിടയിലെ ജനസംഖ്യ അനുസരിച്ചു തൊഴിൽ വിതരണം നടക്കണമെന്ന് അദ്ദേഹം പത്ര സമ്മേളനങ്ങളിൽ പറഞ്ഞു. അത് ഞങ്ങൾ പറഞ്ഞതിനു ശേഷമാണ്.

2011 മുതൽക്കേ തൊഴിലവസരങ്ങളിലെ പ്രാതിനിധ്യത്തെ കുറിച്ച് ഞങ്ങൾ സംസാരിക്കുന്നുണ്ട്. അപ്പോഴാണല്ലോ സെൻസസ് നടന്നത്. അന്നേ ഞങ്ങളുടെ ആവശ്യം ജനസംഖ്യാനുപാതിക സംവരണമാണ്. അതാണ് ജാതി സെൻസസിന്റെ ലക്ഷ്യം. ജാതി സെൻസസ് നടപ്പിലാക്കണമെന്ന് നിതീഷ് കുമാർ ഇപ്പോൾ പറയുന്നു. ഇതും ഞങ്ങളുടെ ആവശ്യമാണ്.

എന്തായിരിക്കും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തിന് ഇത്രയും കാലതാമസം ഉണ്ടായത്? അടുത്ത സെൻസസിൽ ജാതി വിഭജനം ഉൾപ്പെടുത്തണമെന്നു അദ്ദേഹം പത്ര സമ്മേളനങ്ങളിൽ പറയുന്നു. അപ്പോൾ 2011ൽ ശേഖരിച്ച ജാതി സെൻസസ് കണക്കുകൾക്ക് എന്ത് സംഭവിച്ചു? നിതീഷ് കുമാറിന് ഉത്തരമില്ല. അദ്ദേഹത്തിന് ആകെയുള്ള ചെറിയ പിന്തുണയും കൂടി ഇതോടെ നഷ്ടപ്പെടും.

1978 മാർച്ചിൽ ബീഹാർ മുഖ്യമന്ത്രി കർപൂരി ഠാകൂർ  മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 26 ശതമാനം  സംവരണം ഏർപ്പെടുത്തിയപ്പോഴാണ് പിന്നാക്ക – മുന്നാക്ക ജാതി വേർതിരിവ് പ്രകടമായി വന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതിൻ്റെ ഓർമ്മകൾ എന്തൊക്കെയാണ്?

എനിക്കന്നു 11 വയസ്സേ ഉണ്ടായിരുന്നുള്ളു, പക്ഷേ അന്ന് സംഘർഷം ഉണ്ടായത് ഞാൻ ഓർക്കുന്നു. ബിഹാറിൽ ഒരു ജന്മി സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു നിലനിന്നിരുന്നത്. സംവരണ സമൂഹങ്ങൾ തങ്ങൾക്കുള്ള എല്ലാം നഷ്ടപ്പെടുമെന്ന് വിചാരിച്ചിരുന്നു. സവർണർ വലിയ ബഹളവും സംഘർഷവും ഉണ്ടാക്കിയിരുന്നു.

പക്ഷേ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. സംവരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ, ബഹുജൻ സമാജം അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇപ്പോൾ അവർക്കറിയാം.

1978ൽ  ബീഹാറിലെ പ്രതിഷേധം കാരണം എ.ബി.വാജ്‌പേയിയുടെ ഇടപെടലോടു കൂടിയ ഒരു വിട്ടുവീഴ്ചാ പദ്ധതി നടപ്പിലാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകാനുള്ള വാഗ്ദാനമായിരുന്നു അത്. ഈ വർഷം ബി.ജെ.പി ഗവണ്മെന്റ് 10 ശതമാനം സംവരണം വഴി നടപ്പാകുന്നതും ഇതാണ്. നാലു ദശാബ്ദത്തിനിടയിൽ ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഈ മുന്നേറ്റത്തെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?

എന്തൊക്കെയാണ് സംവരണം കൊണ്ട് അർത്ഥമാകുന്നതെന്ന് ജനങ്ങൾക്കിതുവരെ മനസിലായിട്ടില്ല. ഉയർന്ന ജാതികളിൽ പാവപ്പെട്ടവരുണ്ട്. എന്നാൽ ഉയർന്ന ജാതികളിൽ ജനിച്ചതിനാലല്ല അവർക്ക് ദാരിദ്ര്യം സംഭവിക്കുന്നത്. എന്നാൽ ഇതിനു വിപരീതമായി ഒരു പ്രത്യേക ജാതിയിൽ ജനിച്ചതുകൊണ്ടു മാത്രം സംഭവിക്കുന്ന, നടപ്പിലാക്കപ്പെടുന്ന ദാരിദ്ര്യത്തെ നമുക്ക് നിഷേധിക്കാനും കഴിയില്ല.

ഓരോദിവസവും കുഴികളിലും ഓടകളിലും ആളുകൾ മരിച്ചുവീഴുന്നു. ആരാണ് മരിച്ചു വീഴുന്ന ഈ മനുഷ്യർ? ദലിതുകളാണ് മരിക്കുന്നത്. ജാതിയെ ഉന്മൂലനം ചെയ്യലാണ് ലക്ഷ്യമെങ്കിൽ ഉയർന്ന ജാതിക്കാർക്ക് ഓടകൾ വൃത്തിയാക്കുന്നതിൽ 100 ശതമാനം ജോലി ഉറപ്പാക്കുകയാണ് വേണ്ടത്.

നിങ്ങൾ ഒരു ബ്രാഹ്മണനാണ്. എന്നിട്ടും 10 ശതമാനം സംവരണത്തെ നിങ്ങൾ എതിർക്കുന്നു. നിങ്ങളുടെ ജാതിക്കാർ ഇതിനോട് എങ്ങനെ പ്രതികരിച്ചു?

എൻ്റെ കുടുംബപേര് ഞാൻ തിരഞ്ഞെടുത്തതല്ല. പക്ഷേ എൻ്റെ രാഷ്ട്രീയം ഞാൻ തിരഞ്ഞെടുത്തതാണ്.പലർക്കും എൻ്റെ കുടുംബപശ്ചാത്തലം അറിയില്ല. എൻ്റെ  അമ്മാവൻ പ്രജ സോഷ്യലിസ്റ്റ് പാർട്ടി എം.എൽ.എ ആയിരുന്നു. ഞാൻ വളർന്നപ്പോഴേക്കും അദ്ദേഹം മരിച്ചു. ഞാൻ കീഴാള ആശയങ്ങളിൽ ആകൃഷ്ടനാണെങ്കിൽ അത് അദ്ദേഹത്തിന്റെ പ്രചോദനം ഉൾക്കൊണ്ടിട്ടാണ്‌. നിങ്ങൾ അദ്ദേഹത്തെ റാഡിക്കൽ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പ്രവർത്തികൾ കൊണ്ടാണ്. ഉദാഹരണത്തിന് അദ്ദേഹം പൂണുൽ ധരിച്ചിരുന്നില്ല. ഞാനും അത് ധരിക്കാറില്ല.

പക്ഷേ രാഹുൽ ഗാന്ധി മറിച്ചാണല്ലോ?

അത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. ആളുകളെ വിഭജിക്കുന്ന ഒരു നൂല്, അത് ഒഴിവാക്കുകയാണ് വേണ്ടത്.

വിഷയത്തിലേക്ക് തിരിച്ചുവരാം, രാജ്യസഭയിലെ നിങ്ങളുടെ പ്രസംഗത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?

പലരും എന്നെ വിളിച്ചപമാനിച്ചു. അവരിലൊരാൾ പറഞ്ഞു ഞാൻ പട്ടിയെപ്പോലെ മരിക്കുമെന്ന്. പരശുരാമ സംഘർഷ് സമിതി എൻ്റെ കോലം കത്തിച്ചു. ആകെ 9 പേരായിരുന്നു അവിടെ ഉണ്ടായിരുന്നത്. മോശമായിപ്പോയി, ഒരു 100 അല്ലെങ്കിൽ 200 ആളുകളുടെ മുന്നിൽ വെച്ച് അവർക്കത് ചെയ്യാമായിരുന്നു. (ചിരിക്കുന്നു).

നിങ്ങളുടെ മാതാപിതാക്കളുടെ സ്വാധീനം എന്താണ്?

എൻ്റെ  അച്ഛനും അമ്മയും യൂണിവേഴ്സിറ്റി പ്രൊഫസമാർ ആയിരുന്നു. അമ്മ ബീഹാറിലാണ് ജോലിചെയ്തിരുന്നത്. അമ്മ സ്ഥിരമായി ആനുകാലികങ്ങളിൽ എഴുതുമായിരുന്നു. പുരോഗമനപരമായ ആശയങ്ങളെ നിർമിക്കുന്നതിൽ അമ്മ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

നിങ്ങളിലെ ഈ പരിവർത്തനത്തെ ഉത്തേജിപ്പിച്ച ഒരു സംഭവം പറയാമോ?

എൻ്റെ വളർച്ചയ്ക്കു ഉണർവ് നൽകിയത് റഹി മാസൂം റാസയുടെ “ടോപി ശുക്ല” എന്ന നോവലായിരുന്നു. നമ്മുടെ രാഷ്ട്രീയം നമ്മൾ തിരഞ്ഞെടുക്കണമെന്നു ഞാൻ മനസിലാക്കിയത് ആ നോവലിലൂടെയാണ്. അന്ന് ഞാൻ പന്ത്രണ്ടാം ക്ലാസ്സിലായിരുന്നു.

നിങ്ങൾ ബ്രാഹ്മണനായി ജനിച്ചയാളാണ്. ഗവണ്മെന്റ് ജോലികളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ മോശം പ്രാതിനിധ്യം മറ്റ് ഉയർന്ന ജാതിക്കാർക്ക് കാണാൻകഴിയാത്തതു എന്തുകൊണ്ടാണ്? അവർ അബോധാവസ്ഥയിലായതുകൊണ്ടാണോ? അല്ലെങ്കിൽ അവരുടെ മേൽക്കോയ്മാ ബോധമോ? അത് രാഷ്ട്രത്തെ നിയന്തിക്കാനുള്ള കഴിവ് അവർക്കുമാത്രമേ ഉള്ളു എന്ന് അവരെ തോന്നിപ്പിക്കുന്നതുകൊണ്ടാണോ?

നിങ്ങൾ പറഞ്ഞ കാരണങ്ങളോടെല്ലാം ഞാൻ യോജിക്കുന്നു.

ഏറെ പ്രധാന്യമർഹിക്കുന്നത് എന്തെന്നാൽ, ഉയർന്ന ജാതിക്കാർ അവരുടെതന്നെ ആളുകളെ മാത്രം കാണുന്നു, ഉയർന്ന ജാതിയിലുള്ള ആളുകൾ എഴുതുന്ന പുസ്തകങ്ങൾ വായിക്കുന്നു, അവർ നൽകുന്ന ലോകവീക്ഷണത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു എന്നതാണ്. അവരോടെനിക്ക് സഹതാപം തോന്നുന്നു.

അവർക്കു ലോകത്തിലെ മറ്റൊന്നിനെ കുറിച്ചും വായനയുണ്ടായിരിക്കില്ല. അവരിൽ എത്രപേർ ബി.ആർ.അംബേഡ്ക്കറുടെ ജാതി ഉന്മൂലനം വായിച്ചിരിക്കും? അടിച്ചമർത്തലിന്റെ ആഖ്യാനം നിങ്ങൾ വായിക്കുന്നില്ലെങ്കിൽ അടിച്ചമർത്തലിന്റെ ഘടകങ്ങളെ നിങ്ങൾക്ക് ഒരിക്കലും മനസിലാകില്ല.

പക്ഷേ അംബേഡ്ക്കറെ വായിക്കുമ്പോൾ അവർക്കു രോഷം തോന്നില്ലേ?

പാശ്ചാത്യ ലോകത്തെ വെളുത്ത മനുഷ്യന്റെ അവസ്ഥക്ക് സമാനമാണ് ഇവിടത്തെ ജാതി മേൽക്കോയ്മ. മിക്ക വിഷയങ്ങളിലും ഒരേ കാഴ്ചപ്പാടുകളുള്ള നാല് വെള്ളക്കാർ ഉണ്ടെന്നു കരുതുക, കറുത്തവരുടെ അടിച്ചമർത്തലുകളെക്കുറിച്ചു അവർ ഒരു പാഠം വായിച്ചുവെന്നു കരുതുക. അവിടെ രണ്ടു രീതിയിലുള്ള പ്രതികരണങ്ങളുണ്ടാകാം. ചിലപ്പോൾ അടിച്ചമർത്തലിനെതിരെ ഒരു നിലപാടെടുക്കാം, അല്ലെങ്കിൽ അധികാരം കൈവിട്ടുപോകുമോ എന്നുള്ള ഭയം കാരണം അടിച്ചമർത്തലിന്റെ ഭാഷ്യം ഊതിപ്പെരുപ്പിച്ചാണെന്ന് പറഞ്ഞേക്കാം. നിർഭാഗ്യവശാൽ ഉയർന്ന ജാതിക്കാരിൽ നിന്നും രണ്ടാമത്തെ പ്രതികരണമാണുണ്ടാകുക.

ഇൻഡ്യയിലെ ജൂതന്മാരാണ് ബ്രാഹ്മണന്മാർ എന്ന് പറഞ്ഞുനടക്കുന്ന ചിലരെ എനിക്കറിയാം.

നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചതെന്നു എനിക്കറിയാം – മനീഷ് തിവാരി എന്ന കോൺഗ്രസ് നേതാവല്ലേ. (നവംബറിൽ ട്വിറ്റർ തലവൻ ജേക്കബ് ഡോർസെയ് ഇൻഡ്യ സന്ദർശിച്ചപ്പോൾ “സ്മാഷ് ബ്രാഹ്മണിക്കൽ പാട്രിയാർക്കി” എന്ന പോസ്റ്ററിനൊപ്പമുള്ള ഫോട്ടോയെ ആസ്പദമാക്കി മനീഷ് തിവാരി അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു).

അദ്ദേഹത്തിന് മാത്രമല്ല. അനേകം ബ്രാഹ്മണർക്ക് അവർ വിവേചനം നേരിടുന്നെന്ന് തോന്നുന്നുണ്ട്.

ഹിറ്റ്‌ലറുടെ കീഴിലുള്ള ജൂതന്മാർക്ക് എന്ത് സംഭവിച്ചു എന്നവർ മനസിലാക്കണം. ജർമനിയിൽ മാത്രമല്ല, യൂറോപ്പിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും ജൂതന്മാർക്കെതിരെ നിലനിന്നിരുന്ന വികാരവിചാരങ്ങളെ ഹിറ്റ്‌ലർ മൂലധനമാക്കി. പത്തൊൻപതാം നൂറ്റാണ്ടിലും അവർ പീഡിപ്പിക്കപ്പെട്ടിരുന്നു. ജൂതന്മാർ നേരിട്ട വിവേചനം ബ്രാഹ്മണർ നേരിട്ടുണ്ടോ?

ഇൻഡ്യയിലെ എല്ലാ സ്ഥാപനങ്ങളിലും മുഖ്യപ്രാതിനിധ്യമുള്ളത് ബ്രാഹ്മണന്മാർക്കാണ്. മോദി മന്ത്രിസഭയിൽ ബ്രാഹ്മണന്മാരുടെ വലിയ പ്രതിനിധ്യമുണ്ട്. യാഥാർഥ്യത്തെകുറിച്ച ഒരു വികല വീക്ഷണമാണ് ബ്രാഹ്മണനെക്കൊണ്ട് താൻ ഇൻഡ്യയിലെ ജൂതനാണെന്ന് ചിന്തിപ്പിക്കുന്നത്.

ബ്രാഹ്മണന്മാരുടെ ദുഖത്തിനും കാരണമുണ്ടെന്നു താങ്കൾ കരുതുന്നുണ്ടോ?

അവർ ഇന്നത്തെ സാഹചര്യത്തിൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, നിങ്ങൾ എല്ലാ സ്ഥാപനങ്ങളും ഭരിക്കുകയും അറിവ് നേടിക്കൊണ്ടിരിക്കുകയും ചെയുന്നു. അപ്പോൾ നിങ്ങൾക്കെതിരായി ഉയരുന്ന പ്രതിഷേധം നിങ്ങളെ ചൊടിപ്പിക്കുന്നു.  നിങ്ങൾക്ക് ജന്മനാ കിട്ടുന്ന അധികാരം നഷ്ടപ്പെടുമ്പോൾ ഇതൊക്കെ സംഭവിക്കുന്നു.

വാസ്തവത്തിൽ മണ്ഡൽ കമീഷൻ നടപ്പിലായതാണ് ഇവർക്ക് വലിയ തിരിച്ചടിയായത്. പല പിന്നാക്കക്കാരെയും എളുപ്പം ഹിന്ദുക്കളാക്കാനും അവരെ കലാപത്തിലൂടെ സ്വന്തമാക്കാനും ആർ എസ് എസിനു കഴിഞ്ഞിരുന്നു. ഇതിനു തടയിട്ടു കൊണ്ട് പിന്നാക്ക വിഭാഗത്തിന്റെ ബഹുജൻ രാഷ്ട്രീയ ബോധം തിരിച്ചു കൊണ്ടുവന്നത് മണ്ഡൽ കമീഷൻ റിപ്പോർട്ടും തുടർന്നുള്ള സംവാദങ്ങളുമാണ്.

സംവരണം മൂലം അവരുടെ മേധാവിത്വം ഭീഷണിയിലാണെന്ന് ബ്രാഹ്മണർ സ്വയം കരുതുന്നുണ്ടോ?

അവരുടെ മേധാവിത്വം വളരെ പ്രകടമാണെന്ന് അവർ കരുതുന്നു. 10 ശതമാനം സംവരണം എന്ന വിഷയത്തിൽ രാജ്യസഭയിൽ ഞാൻ എന്റെ പ്രസംഗത്തിൽ ഞാൻ “ഒരിക്കൽ ഒരു ദരിദ്ര ബ്രാഹ്മണൻ ഉണ്ടായിരുന്നു..” എന്നു തുടങ്ങുന്ന കഥകളെ കുറിച്ച് പരാമർശിച്ചു. പക്ഷേ ഒരിക്കൽ ഒരു ദളിത് ദരിദ്രനോ, പാവപെട്ട കുശവനോ ഉണ്ടായിരുന്നു എന്നത് പോലെയുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ടോ? മറ്റ് ജാതികളിൽ ദാരിദ്ര്യം അനുവദിക്കപ്പെട്ട ഒന്നാണെന്ന ചിന്ത ബ്രാഹ്മണർക്കുണ്ട്. അവർ ചിന്തിക്കുന്നത് പ്രകൃതിപരമായി ജീവിതം ഇങ്ങനെയാണെന്നാണ്.

അപ്പോൾ ജാതി നല്ലതാണെന്നൊക്കെയുള്ള കഥകൾ കുട്ടികൾക്ക് കുടുംബങ്ങൾ പറഞ്ഞുകൊടുക്കുമെന്നാണോ?

എന്റെ കുടുംബത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ ബ്രാഹ്മണ കുടുംബങ്ങളിൽ അവർ സ്വയം ശുദ്ധമാണെന്നാണ് പഠിപ്പിക്കുന്നത്. എന്നിരുന്നാലും പൊതു ഇടങ്ങളിൽ ദലിതനോ മുസ്‌ലീമോ അവരുടെ കൂട്ടുകാരണെന്നവർ പറയും. ഇതിലൂടെ ബ്രാഹ്മണ മേധാവിത്തം വീണ്ടും അരക്കിട്ടുറപ്പിക്കുന്നു.

സംവരണത്തെപ്പറ്റി മേൽജാതിക്കാർക്കിടയിൽ ധാരാളം കടുത്ത വിയോജിപ്പുകളുണ്ട്. ബ്രാഹ്മണൻ എന്ന നിലയിൽ ഈ വിയോജിപ്പ് നീക്കം ചെയ്യാൻ എങ്ങനെ സാധിക്കും? ഏതായാലും ഇത്തരത്തിലുള്ള വിയോജിപ്പുകൾ സമൂഹത്തിനു നല്ലതല്ലല്ലോ.

മുന്നാക്ക വിഭാഗത്തിന് പിന്നോക്ക വിഭാഗത്തേക്കാൾ ചിട്ടയുള്ള, ശാസ്ത്രീയ വിദ്യാഭ്യാസം ആവശ്യമാണ്. അവരാണ് പരിഷ്കരിക്കപ്പെടേണ്ടവർ. അവർക്കാണ് ശാസ്ത്രീയ വിദ്യാഭ്യാസം വേണ്ടത്. അവരുടെ മുഴുവൻ സമീപനവും പിന്നോക്കവും നിലവാരത്തകർച്ചയുള്ളതുമാണ്. ആധുനിക മനോഭാവത്തോടെ മുന്നാക്കക്കാർ ചരിത്രത്തെ സമീപിക്കേണ്ടതുണ്ട്. അറിവിലൂടെ മുന്നേറണം. അജ്ഞതയല്ല അവർ നിലനിർത്തേണ്ടത്.

വാർപ്പുമാതൃകകളനുസരിച്ച ചിന്തയെ പൊളിക്കാൻ മറ്റ് രീതികളുമുണ്ട്. പൊതു വിദ്യാഭ്യാസ സമ്പ്രദായം ആ അർത്ഥത്തിൽ വിപ്ലവാത്മകമായ ഒരു ചുവടുവെപ്പായിരിക്കും. എല്ലാ പ്രതിപക്ഷ കക്ഷികളോടും ഈ സംവിധാനം സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കും.

സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസം ഇല്ലാതാകണമെന്നല്ലേ ഉദ്ദേശിച്ചത്?

അതെ, നോർഡിക് രാജ്യങ്ങൾ ഈ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുമ്പോൾ അത് കൂടുതൽ വിവേചനങ്ങൾ സൃഷ്ടിക്കും. നിങ്ങൾ താഴ്ന്ന – കീഴാള ജാതികളെന്ന് പറയുമ്പോൾ അത് അവരുടെ ജനനത്തെയോ വ്യക്തിത്വത്തെ പറ്റിയോ മാത്രമല്ല. അത് അവർക്ക് ലഭ്യമായ അവസരങ്ങളെക്കുറിച്ചു കൂടിയാണ്.  സ്വകാര്യ വിദ്യാഭ്യാസം പാർശ്വവൽകൃതർക്ക് ലഭ്യമാകുന്നില്ല.

സിലബസ്സുകളിൽ മാറ്റമുണ്ടാവണം, പെരിയാറിനെ കുറിച്ചോ (ഇ.വി.രാമസ്വാമി നായ്ക്കർ) അല്ലെങ്കിൽ ജ്യോതിറാവു ഫൂലെകുറിച്ചോ എത്ര പാഠപുസ്തകങ്ങൾ നമ്മളോട് പറയുന്നുണ്ട്? അവ അടികുറിപ്പുകളായി മാത്രം അവശേഷിയ്ക്കുന്നു. അവ സിലബസ്സായി തന്നെ മാറണം.

ബ്രാഹ്മണരും, മുന്നാക്ക വിഭാഗങ്ങളും “പാർശ്വവൽകൃതരുടെ സാഹിത്യം” എന്താണെന്നു അറിയണം. വാസ്തവത്തിൽ ബഹുജൻ സാഹിത്യം മുഖ്യധാരാ സാഹിത്യമാകണം.  ഇതാണ് മുന്നാക്കക്കാരെ മാറ്റാനുള്ള വഴി.

മൊഴിമാറ്റം: ഗ്രീഷ്മ ബി.എസ്

കടപ്പാട്: സ്ക്രോൾ

(ദൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകനാണ് അജാസ് അഷ്റഫ്)

  • Interview: ‘Poor upper castes don’t need reservations as their poverty is not due to their caste’
    https://bit.ly/2Ij40JV
Top