സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള: കാമ്പസ് ജീവിതവും സംഘപരിവാർ ഫാസിസവും

അക്കാദമിക ഇടങ്ങളിൽ അടിച്ചൊതുക്കി മാത്രമല്ല ആർ.എസ്.എസിന്‍റെ ആധിപത്യം ഉണ്ടാക്കാൻ ശ്രമിക്കുന്നത്; കാരണം കാണിക്കൽ നോട്ടിസിലൂടെയും, അന്വേഷണം പോലും നടത്താതെയുള്ള ഡിസ്മിസലിലൂടെയും, കൂടുതൽ ക്യാമറാ നിരീക്ഷണത്തിലൂടെയും, അറ്റൻഡൻസ് നിർബന്ധമാക്കിയും, സ്കോളർഷിപ്പ്,ഫെലൊഷിപ്പ് എന്നിവ നിർത്തലാക്കിയും, സംവരണ സീറ്റ് ഫിൽ ചെയ്യാതെയും ഒക്കെയാണ്. കാസർഗോഡ് സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലും ഈ ബ്രാഹ്മണിക്കൽ ആണത്താധികാരത്തിന്റെ സൂക്ഷ്മ പ്രയോഗം കാണാം. ജാതി-വർഗ മേൽക്കൊയ്മയുടെ എല്ലാത്തരം പ്രയോഗവും എല്ലായിടത്തുമെന്നപോലെ സി.യു.കെയിലും പ്രകടമാണ്.

ജാതി വ്യവസ്ഥയിൽ നിർമ്മിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ എല്ലാ സ്ഥാപനങ്ങളിലും ആ ബോധത്തിന്റെ ശരീരഭാഷ പ്രകടമാകും, ജനാധിപത്യ രീതിയിലുള്ള ഇടപെടലുകൾ കുറയും, ശാരീരികവും മാനസികവുമായ അക്രമങ്ങൾ കൂടും. ബിജെപി അധികാരത്തിലെത്തി ആർ.എസ്.എസ് പോലൊരു ഫാസിസ്റ്റ് സംഘടനയ്ക്ക് പ്രവർത്തിക്കാനുള്ള ലെജിറ്റിമസി കിട്ടുമ്പോൾ അക്രമങ്ങൾ തീവ്രമാകും. എതിർക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നുന്നതിനെ പോലും ഇല്ലായ്മ ചെയ്യും, മുളയിലെ നുളളിയെറിയും. അക്കാദമിക ഇടങ്ങളിൽ അടിച്ചൊതുക്കി മാത്രമല്ല ആർ.എസ്.എസിന്‍റെ ആധിപത്യം ഉണ്ടാക്കാൻ ശ്രമിക്കുന്നത്, മറിച്ച് പല രീതിയിലാണ്. ഷോ കോസ് നോട്ടീസിലൂടെയും, അന്വേഷണം പോലും നടത്താതെയുള്ള ഡിസ്മിസലിലൂടെയും, കൂടുതൽ ക്യാമറാ നിരീക്ഷണത്തിലൂടെയും, അറ്റൻഡൻസ് നിർബന്ധമാക്കിയും, സ്കോളർഷിപ്പ്/ഫെലൊഷിപ്പ് നിർത്തലാക്കിയും, സംവരണ സീറ്റ് നിറക്കാതെയും നടത്തുന്ന വിദ്യാർഥി ദ്രോഹ നടപടികൾ ഇതിനുദാഹരണങ്ങളാണ്. അത്തരത്തിൽ വിദ്യാർഥികളുടെ ഓരോ അനക്കവും നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ സംഭവിക്കുന്നത്

കാസർഗോഡ് സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലും ബ്രാഹ്മണിക്കൽ ആണത്താധികാരത്തിന്റെ സൂക്ഷ്മ പ്രയോഗം കാണാം. ജാതിയും വർഗവും ഉൾപ്പെടെയുള്ള മേൽക്കൊയ്മയുടെ എല്ലാത്തരം പ്രയോഗവും എല്ലായിടത്തുമെന്നപോലെ സി.യു.കെ-യിലും പ്രകടമാണ്.

തനിക്കെതിരെയുള്ള പരാതികളെന്തെന്ന് പോലും അറിയാതെ, അന്വേഷണ റിപ്പോര്‍ട്ട് നൽകാതെ അന്നപൂർണിയെന്ന വിദ്യാർഥിനിയെ ആദ്യം ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി, പിന്നെ യൂണിവേഴ്സിറ്റിയിൽ നിന്നു തന്നെ പുറത്താക്കി. അഡ്മിഷൻ കിട്ടി ഒരു മാസം കഴിഞ്ഞ് ദലിത് വിദ്യാർഥിയുടെ പി.എച്ച്.ഡി അഡ്മിഷൻ റദ്ദു ചെയ്തു. യോഗത്തില്‍ സംസാരിച്ചതിനു കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു ആറു പി.എച്ച്.ഡിക്കാരുടെ ഹോസ്റ്റൽ അഡ്മിഷൻ ഓർഡർ പിൻവലിച്ചു. അതിലൊരാൾ കശ്മീരിൽ നിന്നുള്ള ഗൗഹർ എന്ന വിദ്യാർഥിയാണ്.

ഇത് വിദ്യാര്‍ഥികളെ മാത്രമല്ല തൊഴിലാളികളെയും ബാധിക്കുന്നു. യൂണിവേഴ്സിറ്റിക്കകത്ത് താമസിച്ചുകൊണ്ടിരുന്ന ദലിത് കോളനിക്കാർക്ക് വീടു വെച്ചുകൊടുത്തത് 2018ൽ മാത്രമാണ്. അനധികൃത നിയമനങ്ങൾ നടത്തി ഔട്ട് സോഴ്സ്ഡ് സ്റ്റാഫുകളുടെ എണ്ണം കൂടിയപ്പോൾ പാചകക്കാരെ പിരിച്ചു വിട്ടു.

ഒരന്വേഷണവും നടത്താതെ അഞ്ചു പേരെ ഹോസ്റ്റലില്‍ നിന്ന് ഡിസ്മിസ് ചെയ്തു. ഹാജര്‍ കുറവാണെന്ന് പറഞ്ഞ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങാൻ തയ്യാറാകാതെ മൂന്നു പേരെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. അതിലൊരാൾക്ക് സെമസ്റ്റര്‍ ഔട്ട് ആകുന്നതു കൊണ്ട് ജെ.ആര്‍.എഫ് ഉണ്ടായിരുന്നത് നഷ്ടപ്പെടുകയും ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വിദ്യാർഥിയെ യൂണിവേഴ്സിറ്റിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. യൂണിവേഴ്സിറ്റിക്കെതിരെ കേസ് കൊടുത്ത അധ്യാപകൻ ലൈംഗികാരോപണത്താല്‍ പുറത്താക്കപ്പെട്ടു. നേരിട്ടോ/ബോധപൂർവ്വമോ അല്ലാതെയൊ ചോദ്യം ചെയ്താല്‍ പുറത്താക്കപ്പെടുന്ന അവസ്ഥ.

ഫാസിസവും അക്കാദമികരംഗവും: ചില നേർക്കാഴ്ചകൾ

അക്കാദമിക രംഗത്ത് ഫാസിസ്റ്റ് ഭരണം പ്രവർത്തനം ശക്തമാക്കുന്നത് ഇത്തരത്തിലൊക്കെയാണ്. 2009 ൽ യൂണിവേഴ്സിറ്റി ആരംഭിച്ചതു തൊട്ടുള്ള പ്രശ്നമാണ് എല്ലാവർക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നില്ല എന്നത്. 2017ലും സമരം നടന്നു. ആദ്യ രണ്ടു ദിവസം വിദ്യാര്‍ഥിനികള്‍ മാത്രമടങ്ങുന്ന സമരക്കാര്‍ ലൈബ്രറികൾ കൈയ്യടക്കി അവിടെതന്നെ കിടന്നുറങ്ങി. അടുത്ത ദിവസം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ലൈബ്രറികൾ കൈയ്യടക്കി. പിന്നെ ഒരാഴ്ച്ചത്തേക്ക് യൂണിവേഴ്സിറ്റി അടച്ചിട്ടപ്പോഴും പി.എച്ച്.ഡി ചെയ്യുന്നവരും മറ്റു വിദ്യാർഥികളും സ്വയം ക്ലാസുകളെടുത്ത് കൊണ്ട് പ്രതിഷേധിക്കുകയും ഒപ്പം പഠനത്തിന്റെ മറ്റു സാധ്യതകൾ പ്രയോഗിക്കുകയും ചെയ്തു. താല്‍കാലികമായ സൗകര്യങ്ങൾ നൽകുമെന്ന തീരുമാനത്തിനുമേൽ സമരം അവസാനിപ്പിച്ചു.

പിന്നീട് പുരുഷ ഹോസ്റ്റൽ ഗേറ്റ് ഒമ്പത് മണിക്ക് അടയ്ക്കുമെന്ന് ഓർഡർ വന്നപ്പോൾ വിദ്യാർഥികൾ പ്രതിഷേധിക്കുകയും വാർഡൻ സംസാരിക്കാൻ തയ്യാറാവുകയും ചെയ്തു.

ഹോസ്റ്റൽ നിയമങ്ങളെയും നിയന്ത്രണങ്ങളെയും പറ്റി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തില്‍, ഹോസ്റ്റൽ നിയമങ്ങൾക്കെതിരെ സംസാരിച്ചു എന്ന കാരണം പറഞ്ഞ് നാലു പേർക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുകയും, ഒന്നാം വർഷ എം.എ വിദ്യാർഥിനിയായിരുന്ന അന്നപൂർണിയെ കാരണമൊന്നും പറയാതെ ഹോസ്റ്റലിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. കിടക്കാനൊന്നും സ്ഥലമില്ലാതിരുന്നപ്പോൾ DSW-വിനെ (ഡീൻ ഓഫ് സ്റ്റുഡന്റ് വെൽഫയർ) വിളിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഫോണെടുത്തില്ല. പിന്നെ വി.സിയെ വിളിച്ച് സംസാരിച്ച് വീണ്ടും DSW-വിനെ വിളിച്ചപ്പോൾ അന്നൊരു രാത്രി ഹോസ്റ്റലിൽ കയറാൻ അനുമതി നല്‍കപ്പെട്ടു. അടുത്ത ദിവസം രാത്രി 10 മണിക്ക് അവൾ കാമ്പസിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ “നിന്നെ കയറ്റരുതെന്ന് രജിസ്ട്രാർ പറഞ്ഞിട്ടുണ്ട്” എന്നാണ് ഗേറ്റില്‍ നിന്ന സെക്യൂരിറ്റി പറഞ്ഞത്. അത് ധിക്കരിച്ച് കാമ്പസിൽ കയറി ഹാളിൽ കിടന്നുറങ്ങാൻ അവൾ തീരുമാനിച്ചു. വനിതാ ഹോസ്റ്റലിലെ കർഫ്യു 8:30 ആയതുകൊണ്ട് സ്ത്രീകളാരും അവിടെ ഉണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ പോലീസ് വന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ അവളുടെ കൂടെ ഉണ്ടായിരുന്നു. പോലീസ് വന്ന് സ്ത്രീകളുടെ ഹോമിൽ കിടക്കാനവളോട് പറഞ്ഞു. അതിനും തയ്യാറാവാതെ അവളവിടെ തന്നെ കിടന്നു.

ഉറങ്ങികൊണ്ടിരിക്കെ ആരോ ഒരാൾ അവളുടെ ഫോട്ടോയെടുത്തുവെന്ന് കൂടെയുണ്ടായ കൂട്ടുകാരി രാവിലെ പറഞ്ഞപ്പോൾ, കാര്യം ചോദിക്കാൻ അയാളുടെ അടുത്തേക്കവൾ പോവുകയും ഫോണ്‍ ഗാലറി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും അയാൾ വിസമ്മതിക്കുകയാണുണ്ടായത്. അവൾ പുറകെ പോയി പോക്കറ്റിൽ നിന്ന് ഫോണെടുക്കാൻ ശ്രമിച്ചു. നടന്ന് നടന്ന് അവർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെത്തി. സെക്യൂരിറ്റികളും മറ്റു സ്റ്റാഫുകളും നോക്കി നിൽക്കെ അവർ തമ്മിൽ കയ്യേറ്റമുണ്ടായി. അവര്‍ അവളെയൊരു മുറിയില്‍ പൂട്ടിയിടാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പൊള്‍ അയാൾ ഒരു ആംബുലൻസിൽ കയറി പോയി. പോലീസ് വന്ന് പരാതിക്കാരിയെ കാണാതെ നേരെ രജിസ്ട്രാറുടെ മുറിയിൽ പോയപ്പോൾ ഞങ്ങളത് ചോദ്യം ചെയ്തു.

പോലീസ് പുറത്തിറങ്ങി മാവുങ്കലിൽ പുലിയിറങ്ങിയതും അച്ഛനമ്മമാരെ കുറിച്ചും പെങ്ങളെ കുറിച്ചുമൊക്കെ പറയാൻ തുടങ്ങി. അന്ന സ്റ്റാഫിനെ അക്രമിച്ചു എന്ന പരാതി കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു.

ചോദ്യം ചെയ്യലും മൊഴിയെടുപ്പുമൊക്കെ കഴിഞ്ഞ് അടുത്ത ദിവസം വി.സിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ അയാളുടെ മുറിയുടെ മുന്‍പിലിരുന്നു. അദ്ദേഹം ആരെയും കാണാതെ കാറിൽ കയറിയിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തപ്പൊൾ ഓടി ചെന്ന് ഞങ്ങൾ നാലഞ്ചു പേർ കാറിന്റെ മുന്നില്‍ ചെന്നിരുന്ന്, അവളെ കണ്ടിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ടു. പോലീസ് വന്ന് മധ്യസ്ഥ വര്‍ത്തമാനം പറയാന്‍ തുടങ്ങി. ചിലർ സൈഡിലിരുന്ന് കരയുകയായിരുന്നു. ചിലർ വെറുതെ നോക്കി നിന്നു. കാറിന്‍റെ മുന്നില്‍ ഇരുന്നവരെ പോലീസ് വലിച്ചു മാറ്റി, മൂന്നു ദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് വി.സി പോയി. അവൾക്കാണേൽ താമസിക്കാൻ സ്ഥലവുമില്ലായിരുന്നു! അന്വേഷണ റിപ്പോർട്ട് നൽകാതെ, അവൾക്കെതിരെയുള്ള പരാതികൾ കൃത്യമായി പറയാതെ ഇന്നവളെ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കി; അവളൊരു അജെൻഡർ (ഒരു ജെൻഡറിലും ജീവിക്കാത്തയാൾ) ആയതുകൊണ്ട് അധികം വിദ്യാർഥികളും അവളുടെ കൂടെയായിരുന്നില്ല.

വിദ്യാർഥി യൂണിയൻ ചെയ്തത്

കഴിഞ്ഞ മാർച്ചിനാണ് എ.എസ്.എ-എസ്.എഫ്.ഐ (ASA-SFI) സഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട യൂണിയന്റെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേഷന്‍റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ നിരാഹാര സമരം നടക്കുന്നത്. പ്രധാനമായും പാചകക്കാരെ പിരിച്ചുവിടാതിരിക്കുക, പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുക, നാലു വർഷം കഴിഞ്ഞ പി.എച്ച്.ഡിക്കാരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നാലു വിദ്യാർഥികൾ നിരാഹാരം കിടന്നാരംഭിച്ച സമരം നാൽപ്പതു പേരിലെത്തിയപ്പോഴാണ് അഡ്മിനിസ്ട്രേഷൻ തെറ്റുകൾ സമ്മതിക്കുകയും പോംവഴികൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തത്. അങ്ങനെ യൂണിവേഴ്സിറ്റിക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിൽ താല്ക്കാലികമായി സമരം നിർത്തിവെച്ചു (പരീക്ഷകളുടെ സമയവുമായിരുന്നു അന്ന്).

പിന്നീട് പരീക്ഷകൾ കഴിഞ്ഞ് അവധിയായിരുന്ന സമയമാണ് മേൽപറഞ്ഞ സമരങ്ങളിലും പ്രതിഷേധങ്ങളിലുമൊക്കെ ഉണ്ടായിരുന്ന അഞ്ചു പേരെ യാതൊരു അന്വേഷണവും നടത്താതെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുന്നത്. ഡിസ്മിസൽ ഓർഡറിൽ പറയുന്നതിങ്ങനെയാണ്.

“ശിൽപ്പ എന്ന വിദ്യാർഥിനിയുടെ കൂടെ അഭിനന്ദ്, സുബ്രഹ്മണ്യൻ, റാമു പിന്നെ മറ്റു വിദ്യാർഥികളും ചേർന്ന് രാത്രി 1:15ന് ‘കബനി’ വനിതാ ഹോസ്റ്റലിൽ വന്ന് ഗേറ്റ് തുറക്കാൻ പറഞ്ഞു. ഗേറ്റ് തുറക്കണമെങ്കിൽ ഇനിയിതു പോലെ ഒമ്പതു മണിക്കുശേഷം ഹോസ്റ്റലിൽ കയറുന്നത് ആവർത്തിക്കില്ലെന്ന് എഴുതി നൽകണമെന്ന് വാർഡൻ ഫോൺ വിളിച്ചു പറയുകയും ശിൽപ്പ അത് വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികൾ വാർഡനെയും സെക്യൂരിറ്റിയെയും അസഭ്യ വാക്കുകൾ പറയുകയും, രാവിലെ വരെ ശിൽപ്പയും മറ്റു ആൺകുട്ടികളും കറങ്ങി നടക്കുകയും ചെയ്തു. കൂടാതെ പെയിന്റ് ഉപയോഗിച്ച് മതിലും പരിസരവും വൃത്തികേടാക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ ഇയാൾ സ്ഥിരമായി ഹോസ്റ്റലിൽ പ്രശ്നമുണ്ടാക്കുകയും, ഹോസ്റ്റൽ നിയമങ്ങൾ ലംഘിക്കുകയും യൂണിവേഴ്സിറ്റി സിസ്റ്റത്തിനെതിരെ പ്രവർത്തിക്കുന്നു. ഇതൊക്കെ സി.സി.ടി.വി ദൃശ്യങ്ങളാൽ വെരിഫൈ ചെയ്തിട്ടുണ്ട്. ആയതിനാൽ ഇയാളെ ഹോസ്റ്റലിൽ നിന്ന് ‍ഡിസ്മിസ് ചെയ്യുന്നു. കാമ്പസിൽ ഇത്തരം അച്ചടക്ക ലംഘനങ്ങൾ ആവർത്തിച്ചാൽ ഇയാൾക്കെതിരെ ഗുരുതരമായ നടപടി എടുക്കുന്നതായിരിക്കും.”

ദലിത് ഹർത്താലിന് ഐക്യദാർഡ്യം

കേരളത്തിലെ ദലിത് ഹർത്താൽ തലേന്ന് രാത്രി യൂണിവേഴ്സിറ്റി റോഡിൽ ‘Stop witch-hunting against Dalit students’, ‘Enact Rohit vemula act’, ‘Jai bheem lal salam’, ‘Smash Brahmanism’, ‘Abolish Capitalism’ എന്നൊക്കെ എഴുതുമ്പോൾ ഈ പറയുന്ന ശിൽപ്പ, അഭിനന്ദ്, സുബ്രഹ്മണ്യൻ, റാമു എന്നിവരെ കൂടാതെ അഖിൽ, ഹാറൂൺ, തുഫൈൽ, ബേസിൽ, സോനു തുടങ്ങിയ വിദ്യാർഥികളും കാമ്പസിലുണ്ടായിരുന്നു. തുടർന്ന് രാത്രി ഒരു മണിക്ക് എല്ലാവരും ഹോസ്റ്റലിലേക്ക് പോയി.

കുറച്ച് കഴിഞ്ഞ്, തന്നെ ഹോസ്റ്റലിലേക്ക് കയറ്റുന്നില്ലന്ന് പറഞ്ഞ് ശിൽപ്പ ഫോൺ വിളിച്ചപ്പോൾ അഖിൽ, റാമു, അഭിനന്ദ്, സുബ്രഹ്മണ്യന്‍ എന്നീ വിദ്യാർഥികൾ കബനി ഹോസ്റ്റൽ ഗേറ്റിനടുത്തേക്ക് പോയി. ആ സമയത്ത് ശിൽപ്പ സെക്യൂരിറ്റിയോടും വാർഡനോടും എച്ച്.ഓ.ഡിയോടും അച്ഛനോടും ഒക്കെ സംസാരിക്കുന്നുണ്ട്. ഞങ്ങൾ പെയിന്റെടുത്ത് ഗേറ്റിനു മുന്നിലെ റോഡിലും മതിലിലും ‘break the curfew’ എന്ന് എഴുതി. ഇനിയിതു പോലെ ഒമ്പതു മണിക്കുശേഷം ഹോസ്റ്റലിൽ കയറുന്നത് ആവർത്തിക്കില്ലെന്ന് എഴുതി തന്നാൽ മാത്രമെ ഹോസ്റ്റലിൽ കയറ്റുകയുള്ളുവെന്ന് വാർഡൻ ഫോൺ വിളിച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞ് ഞങ്ങൾ ഹോസ്റ്റലിലേക്ക് പോയി. അവൾ ഗേറ്റിനു മുന്‍പിൽ കിടന്നു. പിന്നീടവൾ പറഞ്ഞത് 5 മണിയൊക്കെ ആയപ്പോൾ സെക്യുരിറ്റി ഗേറ്റ് തുറന്ന് അകത്ത് കയറി കൊള്ളാൻ പറഞ്ഞു എന്നാണ്. ഇതിനൊക്കെ പുറമെ രണ്ടാഴ്ച്ച മുന്‍പ് മറ്റൊരു വിദ്യാർഥിയെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യൂണിവേഴ്സിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പ്രതിഷേധങ്ങളോ, പ്രതിരോധങ്ങളോ ഉള്ള എല്ലായിടത്തുമെന്ന പോലെ ഇവിടെയുമുള്ള ആരോപണങ്ങൾ കഞ്ചാവ് മാഫിയയും മാവോയിസ്റ്റുകളും (തീവ്രവാദികളെന്നും) അനാശാസ്യവും ഹോമോസെക്ഷ്യാലിറ്റിയും ഒക്കെ തന്നെയാണ്. അഡ്മിനിസ്ട്രേഷൻ മാത്രമല്ല; എ.ബി.വി.പി, എം.എസ്.എഫ് (സി.യു.കെയിൽ മാത്രം കണ്ടു വരുന്ന വിചിത്ര യോജിപ്പാണ് എ.ബി.വി.പിയും എം.എസ്.എഫും തമ്മിൽ) പോലുള്ള സംഘടനകളും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്.

പ്രതിഷേധങ്ങളോ, പ്രതിരോധങ്ങളോ ഉള്ള എല്ലായിടത്തുമെന്ന പോലെ ഇവിടെയുമുള്ള ആരോപണങ്ങൾ കഞ്ചാവ് മാഫിയയും മാവോയിസ്റ്റുകളും (തീവ്രവാദികളെന്നും) അനാശാസ്യവും ഹോമോസെക്ഷ്യാലിറ്റിയും ഒക്കെ തന്നെയാണ്. അഡ്മിനിസ്ട്രേഷൻ മാത്രമല്ല; എ.ബി.വി.പി, എം.എസ്.എഫ് (സി.യു.കെയിൽ മാത്രം കണ്ടു വരുന്ന വിചിത്ര യോജിപ്പാണ് എ.ബി.വി.പിയും എം.എസ്.എഫും തമ്മിൽ) പോലുള്ള സംഘടനകളും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്.

സംഘപരിവാർ അജണ്ടയും എസ്.എഫ്.ഐ നിലപാടും

യൂണിവേഴ്സിറ്റിയുടെ എല്ലാ തീരുമാനങ്ങളുമെടുക്കുന്ന എക്സിക്യൂട്ടിവ് കൗൺസിലിലെ അംഗമായ, ഫിനാൻസ് ഓഫീസറായിരുന്ന, ടെക്സ്റ്റ് ബുക്ക് നോക്കി വായിച്ച് ക്ലാസെടുക്കുന്ന ‘സൂപ്പർ വി.സി’ എന്ന് അറിയപ്പെടുന്ന ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്‍റായ പുതിയ പ്രൊ വി.സി കെ. ജയപ്രസാദ്, അദ്ദേഹത്തിന്റെ റിസർച്ച് പേപ്പര്‍ ഗൈഡായിരുന്ന യൂണിവേഴ്സിറ്റി വി.സി ഡോ. ഗോപകുമാർ, മുതിർന്ന ബിജെപി നേതാവായ പുതിയ ചാൻസലർ എസ്.വി ശേഷഗിരി റാവു, വിദ്യാർഥികൾ മദ്യപിച്ച് വന്ന് ഗേറ്റ് തുറക്കണമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയെന്ന് വാർത്ത കൊടുക്കുകയും ഹോസ്റ്റലിൽ നിന്നും സസ്പെൻഡ് ചെയ്ത അന്നപൂർണ്ണിയെ കാമ്പസിനകത്ത് കയറ്റരുതെന്ന് പറയുകയും ചെയ്ത രജിസ്ട്രാർ രാധാകൃഷ്ണൻ നായർ, അന്നപൂർണ്ണിയുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ‘കഞ്ചാവടിച്ച് അനാശാസ്യം ചെയ്യുന്നവൾക്ക് വേണ്ടി സമരം ചെയ്യുന്നവർ’ എന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത (പഴയ) ഹോസ്റ്റൽ വാർഡൻ ഇഫ്തികർ അഹമ്മദ്, വിദ്യാർഥികൾ വിളിച്ചാൽ ഫോണെടുക്കാത്ത ഡീൻ ഓഫ് സ്റ്റുഡന്റ് വെൽഫയർ എ. മാണിക്കവേലു തുടങ്ങിയവരാണ് പ്രധാന അഡ്മിനിസ്ട്രേറ്റര്‍മാര്‍.

ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യയിലങ്ങോളമിങ്ങോളം ദലിത്-ബഹുജൻ സംഘടനകളുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ പക്ഷേ, അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എ.എസ്.എ ഇറക്കിയ കുറിപ്പിനോടുള്ള വിയോജിപ്പ് (കൊലപാതകത്തെ മതതീവ്രവാദമെന്ന് വിശേഷിപ്പിക്കാത്തതായിരുന്നു പ്രശ്നം) പ്രകടിപ്പിച്ചത് എ.എസ്.എയുമായുള്ള സഖ്യം അവസാനിപ്പിച്ചു കൊണ്ടാണ്. എ.എസ്.എയിലെ തന്നെ മുസ്‌ലിം സുഹൃത്തുക്കളെ ദുരൂഹതയോടെയാണ് എസ്.എഫ്.ഐ ഇപ്പോൾ കാണുന്നത്.

ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യയിലങ്ങോളമിങ്ങോളം ദലിത്-ബഹുജൻ സംഘടനകളുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ പക്ഷേ, അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എ.എസ്.എ ഇറക്കിയ കുറിപ്പിനോടുള്ള വിയോജിപ്പ് (കൊലപാതകത്തെ മതതീവ്രവാദമെന്ന് വിശേഷിപ്പിക്കാത്തതായിരുന്നു പ്രശ്നം) പ്രകടിപ്പിച്ചത് എ.എസ്.എയുമായുള്ള സഖ്യം അവസാനിപ്പിച്ചു കൊണ്ടാണ്. എ.എസ്.എയിലെ തന്നെ മുസ്‌ലിം സുഹൃത്തുക്കളെ ദുരൂഹതയോടെയാണ് എസ്.എഫ്.ഐ ഇപ്പോൾ കാണുന്നത്. ‘നീൽ സലാം ലാൽ സലാം’ മുദ്രാവാക്യം ഉയർത്തുന്ന രാഷ്ട്രീയ വൈരുദ്ധ്യം കൂടുതൽ വെളിവാകുക എ.എസ്.എയും എസ്.എഫ്.ഐയും സഖ്യത്തിലല്ലാതാകുമ്പോഴാണെന്ന് തോന്നുന്നു.

എ.എസ്.എയുടെ രാഷ്ട്രീയ പ്രതിസന്ധികൾ

കഴിഞ്ഞ രണ്ടു വർഷമായി എ.എസ്.എ-എസ്.എഫ്.ഐ സഖ്യമാണ് വിദ്യാർഥി യൂണിയൻ ഭരിക്കുന്നത്. എ.എസ്.എ ഒരു വരേണ്യവര്‍ഗമാണെന്ന ആരോപണങ്ങളുണ്ടാകുമ്പോഴും, എ.എസ്.എ-ക്കാരനായ ദലിത് വിദ്യാർഥി ജേസുദാസായിരുന്നു കഴിഞ്ഞ വർഷത്തെ സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ്. എസ്.എഫ്.ഐ മലയാളികളാൽ നിറയുമ്പോൾ എ.എസ്.എ പല സംസ്ഥാനങ്ങളിലുള്ളവരെ ഉൾക്കൊള്ളുന്നുണ്ട്. എ.എസ്.എ സി.യു.കെയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ മുതൽ നേരിടുന്നതാണ് തീവ്രവാദം, മതമൗലികവാദം തുടങ്ങിയ ആരോപണങ്ങൾ.

പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യാൻ വൈസ് പ്രസിഡന്റ് വരുന്നതിനു മുന്നോടിയായി ഐ.ബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ചു പേരെ (അതിൽ നാലു പേർ എ.എസ്.എ പ്രവർത്തകരാണ്) പോലിസ് വിളിപ്പിച്ച് ചോദ്യം ചെയ്യുകയുണ്ടായി. എ.എസ്.എ എന്ന സംഘടനയെ സ്റ്റേറ്റ് ഏത് തരത്തിലാണ് കാണുന്നതെന്നറിയാൻ ഇത്തരം സമീപനങ്ങൾ മതിയാകും.

ജൂലൈ 18ന് പുതിയ വിദ്യാർഥികൾ വരുന്നു. അവർക്കാണെങ്കിൽ ഹോസ്റ്റൽ സൗകര്യവും പരിമിതമാണ്. ഇപ്പോഴും നാല് ദലിത് കുടുംബങ്ങൾ തങ്ങൾ പോകില്ലെന്ന് പറഞ്ഞ് കാമ്പസിനകത്ത് താമസിക്കുന്നുണ്ട്. 2019ലെ പാർലമെന്ററി ഇലക്ഷൻ ഇന്ത്യയിലെ ഓരോ വ്യക്തിക്കും നിർണ്ണായകമാകുമ്പോൾ, യൂണിവേഴ്സിറ്റികളുടെ ഭാവിയും തീരുമാനിക്കപ്പെടുകയാണ്. ഇലക്ഷനെക്കാളുമുപരി, ആർ.എസ്.എസ് എന്ന ജനാധിപത്യത്തിനു പുറത്തു നിൽക്കുന്ന തീവ്ര സംഘടനയുമായി സംവദിക്കാനാകുമൊ? സാമാന്യ ബോധമാകുന്ന സവർണ മേൽക്കോയ്മക്കെതിരായ രാഷ്ട്രീയം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്ന ചോദ്യം കാസർഗോട്ടെ കേന്ദ്ര സർവകലാശാലക്കു മാത്രമല്ല രാജ്യത്തിനു തന്നെ നിർണായകമാണ് .

(സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എം.എ ഇന്റർനാഷണൽ റിലേഷൻസ് രണ്ടാം വർഷ വിദ്യാർഥിയാണ് അഭിനന്ദ് കിഷോർ)

Top