അഹ്‌മദ്‌കുട്ടി ശിവപുരം: അബ്രഹാമികത്തിന്റെ ദാർശനികോന്മാദി
സെമിറ്റിക് മതങ്ങളുടെ കുലപതിയായ അബ്രഹാമായിരുന്നു അഹ്‌മദ്‌കുട്ടിയുടെ ദർശനവിചാരങ്ങളുടെ മർമ്മസ്ഥാനത്ത്. അബ്രഹാമുമായി ബന്ധപ്പെട്ട എല്ലാ ബിംബകല്പനകളേയും അദ്ദേഹം വിമോചന മൂല്യങ്ങളുമായി ബന്ധിപ്പിച്ചു. ഹാജറയും സംസമും മറിയമുമെല്ലാം കീഴാള ജീവിത പ്രതീകങ്ങളായി എഴുത്തിൽ നിറയുന്നത് അങ്ങനെയാണ്. അബ്രഹാമിക മതങ്ങളുടെ ഉൾക്കാമ്പിനെ ആത്മീയ ജ്ഞാനങ്ങളുടെ അന്തസത്തയിൽ പ്രതിഷ്ഠിക്കാൻ അഹ്‌മദ്‌കുട്ടിയോളം ശ്രമിച്ച മറ്റൊരാൾ മലയാളത്തിലില്ല.
അഹ്‌മദ്‌കുട്ടി ശിവപുരവും ഞാനും കഴിഞ്ഞ അമ്പതിലേറെ കൊല്ലങ്ങളായി ഒരുമിച്ച് നടക്കുകയായിരുന്നു. പലപ്പോഴും ഞങ്ങൾ വഴിപിരിഞ്ഞു നടന്നു; പരസ്പരം കാണുകയും അറിയുകയും ചെയ്യാതെ. പരസ്പരം കാണുന്നില്ലെങ്കിലും ഞാൻ നടക്കുന്ന വഴിയുടെ ഏതോ തിരിവുകളിൽ അഹ്‌മദ്‌കുട്ടി ഉണ്ട് എന്ന ബോധം എനിക്കൊരാശ്വാസമായിരുന്നു. അതുകൊണ്ടാണ് ജൂൺ 11-നു പുലർച്ചെ വിശ്വം ആകെ പുണര്‍ന്ന്, പടർന്നു നിൽക്കുന്ന അയാളുടെ ചിറകുകൾ അറ്റുപോയിരിക്കുന്നു എന്ന സന്ദേശമെത്തിയപ്പോൾ ഞാൻ വിതുമ്പിപ്പോയത്. കുട്ടിക്കാലം മുതലേ ഒരേ ബെഞ്ചിലിരുന്നു പഠിച്ച രണ്ടുപേർ. എന്നേക്കാൾ നാലോ അഞ്ചോ വയസ്സ് മൂപ്പുണ്ടാവും അഹ്‌മദ്‌കുട്ടിക്ക്. എന്നിട്ടും സമയകാലങ്ങളുടെ ചില ഗൂഢാലോചനകളാൽ ഞങ്ങൾ ഒരേ ക്ലാസ് മുറിക്കകത്തെത്തി. അയാളുടെ അനിയൻ മൊയ്തീൻകോയയും ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്നു. അഹ്‌മദ്‌കുട്ടിയുടെ അനിയന്മാർ അബ്ദുല്ലാ യൂസഫും ഉസ്മാനും എന്റെയും അനിയന്മാരായി; ഗാഢമായ ഇൗ വ്യക്തി ബന്ധങ്ങൾ മനസ്സിലേക്ക് തിക്കിക്കയറി വന്നപ്പോൾ എനിക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നു, ആകപ്പാടെ ഒരു പതർച്ച. അഹ്‌മദ്‌കുട്ടിയെ കുറിച്ച് അനുസ്മരണമെഴുതിത്തരണമെന്ന് ജമാൽ കൊച്ചങ്ങാടി പറഞ്ഞപ്പോൾ അന്നേരം എനിക്ക് സാധിക്കാതെ പോയത് അതുകൊണ്ടാണ്.
ബി.എ. ക്ലാസിൽ ഞങ്ങൾ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യമാണ്. പടിഞ്ഞാറൻ സാഹിത്യത്തിലെ ആധുനിക പ്രവണതകൾ മലയാളത്തേയും ആവേശിപ്പിച്ചിരുന്ന അറുപത്-എഴുപതുകൾ. ഞാനും മറ്റും അതിന്റെ തലതിരിച്ചിലിൽ പെട്ടപ്പോഴൊക്കെയും അഹ്‌മദ്‌കുട്ടി, സാഹിത്യത്തെ പ്രപഞ്ചാവസ്ഥയുടെ പൊരുളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയുളള അന്വേഷണത്തിലായിരുന്നു. ദൈവമായിരുന്നു അയാളുടെ പ്രഥമ വിഷയം. ദൈവത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി പ്രപഞ്ചത്തെയും മതങ്ങളെയും ദർശനങ്ങളെയും ജീവിതത്തിലെ യാഥാർഥ്യങ്ങളെയുമെല്ലാം അഹ്‌മദ്‌കുട്ടി അപഗ്രഥിച്ചുകൊണ്ടിരുന്നു. ഞങ്ങൾ അതാത് ആഴ്ചകളിലിറങ്ങുന്ന കഥകളെയും കവിതകളെയും കുറിച്ച് വെറുതെ ചിലച്ചുകൊണ്ടിരുന്നപ്പോൾ അയാൾ അബ്രഹാമും ബുദ്ധനും യേശുവും മറ്റും ജീവിക്കുന്ന പ്രപഞ്ചത്തിന്റെ അനാദിയനന്ത സമസ്യകളിലേക്ക് നീന്തിനീന്തിപ്പോയി. നല്ല വിദ്യാർത്ഥിയായിരുന്നു അഹ്‌മദ്‌കുട്ടി. പ്രൗഢഗംഭീരമായി ഇംഗ്ലീഷ് എഴുതും. എങ്കിലും ബിരുദാനന്തര പഠനത്തിന് അയാൾ തെരഞ്ഞെടുത്തത് അറബിയാണ്. എം.എ. ഒന്നാം റാങ്കോടെ ജയിക്കുകയും ചെയ്തു. അറബി പഠനം അഹ്‌മദ്‌കുട്ടിയുടെ ജ്ഞാനാന്വേഷണങ്ങളെ കൂടുതൽ അർത്ഥവത്താക്കി എന്നാണെനിക്ക് തോന്നുന്നത്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബിരുദ പഠനകാലത്ത് സ്ഥാപിച്ച ബന്ധം അയാൾക്ക് ഇൗ യത്നത്തില്‍ നല്ല സഹായം ചെയ്തിട്ടുണ്ടായിരിക്കണം. അറബിഭാഷയിൽ മാത്രം പ്രാവീണ്യമുളള പണ്ഡിതർക്ക് സാധാരണ നിലക്ക് കഴിയാത്ത തരത്തിൽ അറിവിന്റെ അതിരില്ലാത്ത ലോകത്തേക്ക് സഞ്ചരിക്കാൻ അഹ്‌മദ്‌കുട്ടിക്ക് സാധിച്ചത് ഇംഗ്ലീഷ് ബന്ധം മൂലമാണ്. ഇംഗ്ലീഷിലുളള കനപ്പെട്ട ഗ്രന്ഥങ്ങൾ തേടിപ്പിടിച്ചു ധാരാളമായി വായിച്ചിരുന്നു അയാൾ. ഇൗ വായന അഹ്‌മദ്‌കുട്ടി ശിവപുരത്തിന്റെ കാഴ്ചപ്പാടുകളെ കൂടുതൽ സ്പിരിച്വല്‍ ആക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിലെ വാര്‍പ്പുമാതൃകാ മതചിന്തകരിൽ നിന്ന് അദ്ദേഹത്തെ വേറിട്ടു നിർത്തിയത് ഇൗ വായനയും ലോകപരിചയവുമാണ്.
അബ്രഹാമും മോശയും യേശുവും ചെയ്തതെന്താണ്— അതത് കാലങ്ങളിൽ ദൈവദർശനങ്ങളെ മനുഷ്യകേന്ദ്രീകൃതമായി വായിക്കുകയും അധഃസ്ഥിതന്റെ വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുക. വേദഗ്രന്ഥം അവതരണ പശ്ചാത്തലങ്ങളുടെ (Context) വെളിച്ചത്തില്‍ വായിക്കുമ്പോൾ എങ്ങനെയത് വിമോചനാത്മകമാവുന്നു എന്ന് തന്റേതായ രീതിയിൽ ബലപ്പെടുത്താൻ അഹ്‌മദ്‌കുട്ടിക്ക് കഴിഞ്ഞിരുന്നു.
ആദ്യകാലത്ത് അഹ്‌മദ്‌കുട്ടിയെ ഏറെ സ്വാധീനിച്ച ഇസ്‌ലാം മതചിന്തകൻ അബുൽ അഅ്‌ലാ മൗദൂദിയാണ്. മൗദൂദിയുടെ സ്വാധീനത്താൽ ഇസ്‌ലാം സ്വീകരിച്ച മർയം ജമീല അയാളുടെ ആദർശ നായികയായിരുന്നു എന്ന കൗതുകം ഞാനോർക്കുന്നു. കണ്ണുമാത്രം കാണുന്ന തരത്തിൽ നിഖാബിട്ട മർയം ജമീലയുടെ ചിത്രത്തിൽ വിരലൂന്നി ആവേശഭരിതനായി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരനെ സങ്കല്‍പ്പിക്കുക. പിന്നീട് ചിന്തയിലും ദർശനത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ സങ്കുചിതത്വങ്ങളിൽ നിന്നെല്ലാം അകന്നുപോയെങ്കിലും ഒരു രീതിശാസ്ത്രം (Methodology) എന്ന നിലയിൽ അഹ്‌മദ്‌കുട്ടി മൗദൂദിയുടെ ആശയങ്ങളെ എക്കാലത്തും കൊണ്ടു നടന്നു. തസവുഫും ക്രിസ്റ്റോളജിയും വഹ്ദത്തുൽ വുജൂദും ഇബ്നു അറബിയും ഏകവും അനേകവും തമ്മിലുളള കൂടിപ്പിണയലുകളും മറ്റും ഇഷ്ടവിഷയങ്ങളായിത്തീർന്നപ്പോഴും ഒരു സമഗ്ര ജീവിത പദ്ധതി, അയാളുടെ ചിന്തയുടെ അടിസ്ഥാന ധാരയായി നിലനിന്നിരുന്നു എന്നതാണ് നേര്. ആശയതലത്തിൽ അപാരതകളിലേക്ക് പറന്നു പോവുമ്പോഴും യാഥാസ്ഥിതികവും ആചാര നിബന്ധവുമായ ഇസ്‌ലാം മതത്തിന്റെ അതിരുകൾക്കുളളിൽ അയാൾ ഒതുങ്ങി നിന്നതിന് ഇതേയുളളു കാരണം. അതില്ലായിരുന്നുവെങ്കിൽ, തന്റെ ചുറ്റിലുമുളള ഫ്രെയിമുകൾ അഹ്‌മദ്‌കുട്ടി പൊട്ടിച്ചെറിഞ്ഞേനെ.
അബ്രഹാമിക മതങ്ങളിലെ വിമോചന മൂല്യങ്ങളാണ് അഹ്‌മദ്‌കുട്ടി അന്വേഷിച്ചുപോയത്. ആ യാത്രയിൽ ഒരു സന്ധിയിൽ വ്യഥിതയായ ഒരു സ്ത്രീയെ, ഹാഗറിനെ കണ്ടെത്തുന്നു. മറ്റൊരു സന്ധിയിൽ അടിച്ചമർത്തപ്പെട്ട കാപ്പിരിയെ, ബിലാലിനെ കാണുന്നു. സ്ത്രീയും കറുത്ത വർഗക്കാരനും കീഴാളരാണ്. മതത്തിന്റെ വിമോചന മൂല്യങ്ങളെ അവരിലൂടെയാണ് (സംസം കഥപറയുന്നു, ബിലാലിന്റെ ഒാർമ്മകൾ) അഹ്‌മദ്‌കുട്ടി അടയാളപ്പെടുത്തുന്നത്.
സെമിറ്റിക് മതങ്ങളുടെ കുലപതിയായ അബ്രഹാമായിരുന്നു അഹ്‌മദ്‌കുട്ടിയുടെ ആലോചനകളിൽ മർമ്മ സ്ഥാനത്ത്. അബ്രഹാമുമായി ബന്ധപ്പെട്ട എല്ലാ ബിംബകല്പനകളെയും അയാൾ വിമോചന മൂല്യങ്ങളുമായി ബന്ധിപ്പിച്ചു. ഹാജറയും സംസമും മറിയയുമെല്ലാം കീഴാളജീവിതവുമായി ബന്ധപ്പെട്ട പ്രതീകങ്ങളായി അഹ്‌മദ്‌കുട്ടിയുടെ എഴുത്തിൽ പ്രത്യക്ഷപ്പെട്ടത് അങ്ങനെയാണ്. തൃശ്ശൂരിൽ നിന്നുളള ഡേവിസ് വളർകാവ് ഹജ്ജുമായി ബന്ധപ്പെട്ട ബലികർമ്മത്തെപ്പറ്റി ഒരു ലേഖനമെഴുതി എനിക്ക് അയച്ചു തന്നിരുന്നു. ഇബ്രാഹിം നബി ദൈവകല്പന പ്രകാരം മകനെ ബലിയർപ്പിക്കുന്നതിനു പകരം ആടിനെ അറുത്തു. പുതിയ കാലത്ത് മൃഗത്തെ അറുക്കുക എന്നതിന് പകരം മരം നടുക എന്ന രീതിയിൽ ബലിയെ പരിവർത്തിപ്പിച്ചു കൂടേ എന്നായിരുന്നു ഡേവിസിന്റെ ചോദ്യം. മതത്തെ സമകാലികമായി വായിക്കുകയായിരുന്നു അദ്ദേഹം. ഇൗ ലേഖനം എം.എസ്.എസ്. ജേർണ്ണലിൽ പ്രസിദ്ധീകരിച്ചു. അതിന് അഹ്‌മദ്‌കുട്ടി രണ്ടു ലക്കങ്ങളിലായി എഴുതിയ പ്രത്യാഖ്യാനം മൃഗബലി എന്ന
ഏകവും അനേകവും സദാ കെട്ടുപിണയുന്ന പ്രപഞ്ചവീക്ഷണത്തെ വളരെ ഉദാരമായി വ്യാഖ്യാനിച്ചു കൊണ്ടാണ് അയാൾ തന്റെ എല്ലാ സംഘർഷങ്ങളെയും പ്രതിസന്ധികളെയും മറികടന്നത്.
സ്വന്തം ആത്മീയാന്വേഷണങ്ങൾ അഹ്‌മദ്‌കുട്ടിയെ എപ്പോഴും ഉത്കണ്ഠാകുലനാക്കിയിരുന്നു. ഏത് നിമിഷവും താൻ കാലിടറി വീണുപോയേക്കുമോ എന്ന് അയാൾ സദാ വ്യഥിതനായി. ഏറ്റവുമൊടുവിൽ അഹ്‌മദ്‌കുട്ടി എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകമുണ്ട്; അബ്രാഹമിനെയും യേശുവിനെയും മുഹമ്മദിനെയുമെല്ലാം സ്വന്തമായ ചില്ലു പാളികളിലൂടെ നോക്കിക്കാണുന്ന പുസ്തകം. അത് ഇനിയും അച്ചടിക്കപ്പെട്ടിട്ടില്ല. ഇൗ പുസ്തകത്തിന് ആമുഖമെഴുതാൻ എന്നെയാണ് അയാൾ ഏല്പിച്ചത്. പുസ്തകത്തെപ്പറി പറയുമ്പോഴെല്ലാം അഹ്‌മദ്‌കുട്ടിയുടെ വ്യാകുല മനസ്സ് വിശ്വാസപരമായി അതിലെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ആരാഞ്ഞുകൊണ്ടിരുന്നു. അഖീദയെപ്പറ്റി (ഇസ്‌ലാമിക വിശ്വാസം) പറയാനുളള ജ്ഞാനമൊന്നും എനിക്കില്ല. എങ്കിലും എനിക്ക് അഹ്‌മദ്‌കുട്ടിയുടെ മനസ്സിന്റെ സത്യമറിയാവുന്നതിനാൽ ഞാൻ സദാ ധൈര്യം കൊടുത്തു കൊണ്ടിരുന്നു; കൗമാരക്കാലത്ത് ഉദ്വേഗങ്ങളിൽപെട്ട് ഉഴന്നു നടന്ന അഹ്‌മദ്‌കുട്ടിയെ നിരന്തരം ആശ്വാസത്തിന്റെ വിരലുകളാൽ സ്പർശിച്ചുകൊണ്ടേയിരുന്ന ഞാൻ അതേ ആളെത്തന്നെയാണ് എഴുപതാം വയസ്സിലും കണ്ടത്. അഹ്‌മദ്‌കുട്ടിയെ സമാധാനിപ്പിക്കാൻ എന്നും എന്റെ പക്കൽ ഉണ്ടായിരുന്നത് ഒരു തിരുവചനമാണ്; വിശ്വാസം ദുർബലമായ ഒരു ചെടിയാണ്. അവിശ്വാസത്തിന്റെ ചണ്ഡമാരുതൻ വീശിയടിക്കുമ്പോൾ വന്‍മരങ്ങള്‍ കടപുഴകിയേക്കാം. എന്നാൽ ദുർബലമായ ചെടികൾ ആ കൊടുങ്കാറ്റിനെ അതിജീവിക്കുക തന്നെ ചെയ്യും.
പ്രതിസന്ധികളിൽ പതറാതെ നില്‍ക്കാന്‍, നാം ചെറിയ മനുഷ്യർക്ക് എന്നും തുണയാവുന്ന ദൈവം എത്ര കരുണാമയൻ!