കാൻഷിറാം എന്ന വഴിത്തിരിവ്

ദലിത് ബഹുജൻ രാഷ്ട്രീയത്തിലെ വഴിത്തിരിവായിരുന്നു കാൻഷിറാം. സാമൂഹ്യ പരിഷ്കരണത്തിന്റെ ഉപകരണമായി രാഷ്ട്രീയ മണ്ഡലത്തിലെ മാറ്റത്തെ ഉൾകൊണ്ട കാൻഷിറാം ആധുനിക ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റി. ബുദ്ധനും ഫൂലേക്കും പെരിയാറിനും അംബേദ്കർക്കും ശേഷം ഇന്ത്യ കണ്ട മഹത്തായ ജീവിതമായിരുന്നു കാൻഷിറാമെന്ന് കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നു.

സെപ്റ്റംബര്‍ 15-ന് രാജമുണ്ട്രിയില്‍ നിന്നു ഹൈദരാബാദിലേക്കു യാത്ര പോകുന്നതിനിടെയാണ് കാന്‍ഷിറാമിനു മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. അന്നുമുതല്‍ക്ക് അദ്ദേഹം ശരീരം തളര്‍ന്നു നിശ്ചലാവസ്ഥയിലായി. കുറച്ചു ദിവസത്തേക്കു സംസാരശേഷി നഷ്ടമായെങ്കിലും ക്രമേണ അദ്ദേഹം സംസാരശേഷി വീണ്ടെടുത്തു. മസ്തിഷ്‌കാഘാതവും പ്രായാധിക്യവും മൂലം അദ്ദേഹത്തിനു രാഷ്ട്രീയരംഗത്തു സജീവമായി ഇടപെടാന്‍ കഴിയാത്ത  ഘട്ടം വന്നു. ഇതു മുന്‍കൂട്ടിക്കണ്ട മായാവതി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി)യുടെ പ്രസിഡന്റായി സ്ഥാനമേറ്റു. ഭാവിയില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിനു സജീവമായി ഇടപെടാന്‍ കഴിഞ്ഞേക്കില്ലെന്നതിന്റെ സൂചനയിയിരുന്നു അത്.

ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് കാന്‍ഷിറാമിന്റെ പങ്കെന്താണെന്നു പഠിക്കേണ്ട സമയമാണിത്. അംബേഡ്കറിനു ശേഷം ദലിതരുടെ മിശിഹയായി കാന്‍ഷിറാം മാറി. അംബേഡ്കറെപ്പോലെ അദ്ദേഹം രാഷ്ട്രീയക്കാരനും പണ്ഡിതനും ആയിരുന്നില്ല. മറിച്ച് അംബേഡ്കറേക്കാള്‍ വലിയ രാഷ്ട്രീയ ആശയ പ്രചാരകനായിരുന്നു കാന്‍ഷിറാം. ഇരുപതു വര്‍ഷമെന്ന ചെറു കാലയളവിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാന്‍ഷിറാം ഉണ്ടാക്കിയ പ്രഭാവം ശ്രദ്ധേയമാണ്. പുണെയിലെ  ആയുധനിര്‍മാണ ഫാക്ടറിയിൽ സാധാരണ തൊഴിലാളിയായാണ് അദ്ദേഹം ജീവിതം ആരംഭിക്കുന്നത്. പിന്നീട്  ദലിത് തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങി. അതിനു വേണ്ടി തുടക്കത്തില്‍ത്തന്നെ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു. ദലിത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനിടയില്‍ത്തന്നെ, 80-കളുടെ തുടക്കത്തില്‍ ദലിത് തൊഴിലാളി കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമായി. അവിടെവെച്ചാണ് ഒരു രാഷ്ട്രീയ കക്ഷിയായി സ്വയം മാറാനുള്ള രാഷ്ട്രീയ ബോധ്യം ദലിതർ കൈവരിച്ചിട്ടുണ്ട് എന്ന കാഴ്ച്ചപ്പാടില്‍ അദ്ദേഹം എത്തുന്നത്.

കാൻഷിറാം


രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം

ഇന്ദിരാ ഗാന്ധി ഭരണത്തിന്റെ പ്രഥമ ഘട്ടത്തില്‍, കോണ്‍ഗ്രസ്സിന്റെ തണലിലാണു ദലിതർ ഒരു രാഷ്ട്രീയകക്ഷിയായി സംഘടിപ്പിക്കപ്പെട്ടത്. ഗ്രാംഷിയന്‍ ശൈലിയില്‍ പറഞ്ഞാല്‍, ദലിതർക്കു വേണ്ടിയല്ല, മറിച്ച് വോട്ടിനു വേണ്ടിയായിരുന്നു ദലിത് പാര്‍ട്ടി രൂപവത്കരണത്തിനു വേണ്ടി കോണ്‍ഗ്രസ്സ് മുന്‍കൈയെടുത്തത്. ദലിതരുടെ ചരിത്രപരമായ തൊട്ടുകൂടായ്മ-അര്‍ധ അടിമ മനോഭാവം മാറേണ്ടതിന് അത്തരമൊരു പാര്‍ട്ടി രൂപവത്കരണം  അനിവാര്യ ഉപാധിയായിരുന്നു.

കുറച്ചു ഭൂമി, അല്ലെങ്കില്‍ മറ്റു സാമ്പത്തിക ആസ്തി എന്നിവയായിരുന്നു അന്നു വടക്കേ ഇന്ത്യയിലെ ദലിതരുടെ ആവശ്യം. അന്നേരം കാര്‍ഷികത്തൊഴിലാളികളില്‍ വലിയ ഭാഗം അവരായിരുന്നു. 1971-ലെ ഭൂപരിഷ്‌കരണ അജണ്ട ചിലയിടങ്ങളില്‍ അവരുടെ പ്രസ്തുത ആവശ്യങ്ങള്‍ നിറവേറ്റി നല്‍കി. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇലക്ഷന്‍ ബൂത്തില്‍പ്പോലും സ്വന്തം കാലില്‍ എഴുന്നേറ്റു നില്‍ക്കണമെങ്കില്‍ അടിസ്ഥാന സാമ്പത്തിക ആസ്തി അനിവാര്യമായിരുന്നു.

ദലിത് വോട്ടുകളും ഓ.ബി.സി വോട്ടുകളും ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ആശയ വ്യക്തതയോടെ കാന്‍ഷിറാം ബി.എസ്.പി രൂപവത്കരിക്കുന്ന സമയത്തു തന്നെ, ഓ.ബി.സി-ക്കാര്‍ ചെറിയതോതില്‍ ഭൂസ്വത്തു നേടിയെടുത്തു കഴിഞ്ഞിരുന്നു. എന്നാല്‍ ഭൂവുടമസ്ഥാവകാശത്തിന്റെ കാര്യത്തില്‍ ദലിതർ ഓ.ബി.സി-കളേക്കാള്‍ ബഹുദൂരം പിന്നിലായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പട്ടികജാതിക്കാരേക്കാള്‍ പിറകിലായിരുന്നു ഓ.ബി.സി വിഭാഗക്കാര്‍ എന്നു കാണാന്‍ കഴിയും. ദലിതരെയും ഓ.ബി.സി-കളെയും ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ ഒരുമിച്ചു നിര്‍ത്താന്‍ ആവശ്യമായ ഭാഷ വികസിപ്പിച്ചെടുത്ത ആദ്യത്തെ രാഷ്ട്രീയക്കാരനായിരുന്നു കാന്‍ഷിറാം.

ബഹുജന്‍ ആശയം

പ്രസ്തുത ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി, ദലിത് എന്ന ആശയത്തിനു പകരം ‘ബഹുജന്‍’ എന്ന ആശയം അദ്ദേഹം വികസിപ്പിച്ചെടുത്തു. ഫൂലേ പുനര്‍വികസിപ്പിച്ചെടുത്ത ബുദ്ധിസ്റ്റ് ആശയമായിരുന്നു അതെങ്കിലും കാന്‍ഷിറാം അതിനെ രാഷ്ട്രീയ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. ദലിതര ന്യൂനപക്ഷമായല്ല, മറിച്ച് ഭൂരിപക്ഷത്തിന്റെ ഭാഗമായിത്തന്നെ  ആഖ്യാനപരമായി ഉയര്‍ത്തിക്കാണിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അംബേഡ്കറൈറ്റ് വ്യവഹാരത്തില്‍, ഒരുമിച്ചു ചേര്‍ക്കാന്‍ കഴിയാത്ത ന്യൂനപക്ഷം എന്ന നിലയിലാണ് ദലിതർ എല്ലായ്‌പ്പോഴും മനസ്സിലാക്കപ്പെട്ടത്. ഓ.ബി.സി-കളും ആചരിച്ചു വന്നിരുന്ന സാമൂഹികമായി ഉള്‍ച്ചേര്‍ന്ന തൊട്ടുകൂടായ്മയായിരുന്നു അതിനു കാരണം. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തു നടന്ന സോഷ്യല്‍ ഡെമോക്രാറ്റിക് കാമ്പയിന്‍ കാരണമായി, തൊട്ടുകൂടായ്മക്കു പുറത്തു നില്‍ക്കുന്ന സമൂഹത്തിന്റെ ഉറച്ച മനസ്സില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

മായാവതി

ഒ.ബി.സി-കളെയും പട്ടികജാതിക്കാരെയും ഏകോപിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരുന്നു. ഈ തുടര്‍പ്രക്രിയ കാന്‍ഷിറാം തിരിച്ചറിഞ്ഞു. ദലിതരുടെയും ഓ.ബി.സി-കളുടെയും പൗരാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സംഖ്യാ സിദ്ധാന്തം വികസിപ്പിച്ചു.

പെരിയാര്‍

ഒരു പ്രത്യയശാസ്ത്ര വര്‍ഗമെന്ന നിലയിലാണ് അദ്ദേഹം ജാതിയെ നിര്‍മിച്ചത്. ചരിത്രപരമായ യഥാര്‍ഥ വര്‍ഗമെന്ന നിലയില്‍ അതിനെ ഉയര്‍ത്തിക്കാട്ടാന്‍, അംബേഡ്കറുടെ ചിത്രത്തിന്റെ കൂടെ മഹാത്മ ഫൂലെ, സാഹു മഹാരാജ്, പെരിയാര്‍ എന്നിവരുടെ ചിത്രങ്ങളും കാന്‍ഷിറാം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങി. അതുവരേക്കും വടക്കേ ഇന്ത്യന്‍ യാഥാസ്ഥിക, രാഷ്ട്രീയ സമൂഹത്തിനു മുൻപാകെ പ്രസ്തുത ചരിത്ര വ്യക്തികള്‍ പരിചയപ്പെടുത്തപ്പെട്ടിരുന്നില്ല. കൂടാതെ ചരിത്രത്തിലെ മറ്റു് ഓ.ബി.സി സൈദ്ധാന്തികരുമായി അംബേഡ്കറും വ്യവസ്ഥാപിതമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. തന്ത്രപരമായി ഒരുമിച്ചു ചേര്‍ക്കപ്പെട്ട ശക്തിയെന്ന നിലയില്‍ തെരഞ്ഞെടുപ്പു യുദ്ധത്തില്‍ പട്ടികജാതിക്കാരെയും ഓ.ബി.സി-കളെയും അണിനിരത്താനുള്ള  മന:ശാസ്ത്ര നീക്കം കാന്‍ഷിറാം നടത്തി. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും സ്വന്തമായി ഭരണനിര്‍വഹണം നടത്താനുമുള്ള ഘട്ടത്തിലേക്കു പ്രവേശിക്കാന്‍ ഈ മനശാസ്ത്രപരമായ നീക്കം  അനിവാര്യ ഉപാധിയും സുപ്രധാനവുമായിരുന്നു.

അംബേഡ്കർ,  ‘റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ’ രൂപവത്കരിച്ചെങ്കിലും ദലിത് ന്യൂനപക്ഷവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ ആ പാര്‍ട്ടിയെ അനുവദിച്ചില്ല. അതൊരു സമ്മര്‍ദ ഗ്രൂപ്പായി ഒതുങ്ങി.

പ്രസ്തുത ന്യൂനപക്ഷ വീക്ഷണത്തെ കാന്‍ഷിറാം ഭൂരിപക്ഷ വീക്ഷണത്തിലേക്കു മാറ്റി. ഈ മനഃശാസ്ത്ര തെറാപ്പി ഒ.ബി.സി-കളിലേക്കാള്‍ കൂടുതല്‍ പ്രാവര്‍ത്തികമായതു ദലിതരിലാണ്. യു.പി സാഹചര്യത്തില്‍, ചുരുങ്ങിയത് ബി.എസ്.പിക്കു വോട്ട് ചെയ്യുക എന്ന ദൃഢനിശ്ചയത്തോടെ,ദലിതരെ  മുഴുവന്‍ ഇലക്ഷന്‍ ബൂത്തുകളിലേക്കു്  എത്തിക്കാനെങ്കിലും കാന്‍ഷിറാമിനു കഴിഞ്ഞു. അതൊരു വലിയ നേട്ടം തന്നെയായിരുന്നു.

മഹാത്മ ഫൂലെ


ദലിതരും ജാതി ഗോവണിയും

അംബേദ്‌ക്കർ

1984-ലെ തെരഞ്ഞെടുപ്പില്‍, യു.പിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനുള്ള ചരടുവലികള്‍ കാന്‍ഷി റാം നടത്തി. ‘ബഹുജന്‍’ ആശയത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തക്ക ആത്മവിശ്വാസമുള്ള  സംഘമായി അദ്ദേഹം ദലിതരെ സംഘടിപ്പിച്ചു. ഒരുപാടു മണ്ഡലങ്ങളില്‍, ദലിതരെക്കൂടാതെ, ഓ.ബി.സി വിഭാഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ മുസ്‌ലിംകളില്‍ നിന്നോ ഒരു വിഭാഗം പതുക്കെപ്പതുക്കെ ബി.എസ്.പിയുമായി ചേരുന്നത്  അദ്ദേഹം ഉറപ്പുവരുത്തി. ഇത് ചില മണ്ഡലങ്ങളില്‍ ബി.എസ്.പിക്കു തെരഞ്ഞെടുപ്പു വിജയങ്ങള്‍ പ്രദാനം ചെയ്യാന്‍ തുടങ്ങി. ബഹുജന്‍ സമാജത്തിന്റെ രൂപവത്കരണത്തില്‍ കേന്ദ്രീകരിക്കപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്റെ സൈദ്ധാന്തിക വിശദീകരണങ്ങള്‍. പലരും കരുതിയ പോലെ കേവലം തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കു പുറകെ മാത്രം പായുകയായിരുന്നില്ല അദ്ദേഹം. ജാതി ഉന്മൂലനത്തിന് ഇറങ്ങിപ്പുറപ്പെടും മുൻപ് – അംബേഡ്കര്‍ പ്രാവര്‍ത്തികമാക്കിയ അജണ്ട – ലംബമായി നില്‍ക്കുന്ന ജാതി ഗോവണി, നിര്‍ബന്ധമായും തിരശ്ചീനമായി വെക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. അപ്പോള്‍ മാത്രമേ ജാതി ഗോവണിയുടെ പടികള്‍ നാശോന്മുഖമാവുകയുള്ളൂ. രാഷ്ട്രീയശക്തിയെ പ്രധാന താക്കോലായി കാന്‍ഷിറാം പരിഗണിച്ചിരുന്നെങ്കിലും പ്രസ്തുത രാഷ്ട്രീയശക്തി നേടിയെടുക്കാനുള്ള പ്രക്രിയ, ബഹുജനങ്ങളുടെ സാമൂഹിക ശാക്തീകരണവുമായി കൈകോര്‍ത്തു പോകേണ്ടതുണ്ട്.

അംബേദ്കര്‍ ‘റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ’ രൂപീകരിച്ചെങ്കിലും, ദലിത് ന്യൂനപക്ഷവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ ആ പാര്‍ട്ടിയെ അനുവദിച്ചില്ല. അതൊരു സമ്മര്‍ദ്ദ ഗ്രൂപ്പായി ഒതുങ്ങി. പ്രസ്തുത ന്യൂനപക്ഷ വീക്ഷണത്തെ കാന്‍ഷി റാം ഭൂരിപക്ഷ വീക്ഷണത്തിലേക്ക് മാറ്റി. ഈ മനഃശാസ്ത്ര തെറാപ്പി ഒ.ബി.സി-കളിലേക്കാള്‍ കൂടുതല്‍ പ്രാവര്‍ത്തികമായത് ദലിതുകളിലാണ്. യു.പി സാഹചര്യത്തില്‍, ചുരുങ്ങിയത് ബി.എസ്.പിക്ക് വോട്ട് ചെയ്യുക എന്ന ദൃഢനിശ്ചയത്തോടെ ഇലക്ഷന്‍ ബൂത്തുകളിലേക്ക് ദലിതുകളെ മുഴുവന്‍ എത്തിക്കാനെങ്കിലും കാന്‍ഷി റാമിന് കഴിഞ്ഞു. അതൊരു വലിയ നേട്ടം തന്നെയായിരുന്നു.


സാമൂഹിക സമാജം

മുലായം സിംഗ്

ബഹുജന്‍ സമാജ് കേവലമൊരു രാഷ്ട്രീയ സമാജമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. അതൊരു സാമൂഹിക സമാജം കൂടിയാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ നിന്നു വ്യത്യസ്തമായി സോഷ്യല്‍ മൊബിലൈസേഷന്റെ  ഏജന്റായി പൊളിറ്റിക്കല്‍ മൊബിലൈസേഷനെയും അദ്ദേഹം തെരഞ്ഞെടുത്തു. രാഷ്ട്രീയ പരിഷ്‌കരണം സാമൂഹിക പരിഷ്‌കരണത്തിലേക്കും നയിക്കുമെന്ന സൂത്രവാക്യമാണ് അദ്ദേഹം ഉപയോഗിച്ചത്. പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗക്കാര്‍, ഓ.ബി.സികള്‍ എന്നിവരുടെ ഇടയില്‍ നിന്നു് ഉയര്‍ന്നുവരുന്ന വരേണ്യവര്‍ഗം അധികാരത്തെക്കുറിച്ചു കൂടുതല്‍ ബോധമുള്ളവരായി മാറുകയാണെന്നും പവര്‍ പൊളിറ്റിക്‌സുമായി അടുക്കുകയാണെന്നും കാന്‍ഷി റാം തിരിച്ചറിഞ്ഞു.

ഭരണകൂട സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്തു നേടിയ പട്ടികജാതിക്കാരായ ബ്യൂറോക്രാറ്റുകള്‍ അദ്ദേഹത്തിനു രഹസ്യമായി സഹായങ്ങള്‍ നല്‍കി. കാന്‍ഷിറാമിന്റെ മഹത്തായ നേട്ടമായിരുന്നു അത്. അതേസമയത്തു തന്നെ ഉയര്‍ന്നുവരാന്‍ തുടങ്ങിയ ഓ.ബി.സി രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ പോരായ്മയും അതുന്നെയായിരുന്നു. മുലായം സിങ്, ലാലു പ്രസാദ് യാദവ് എന്നിവരില്‍ നിന്നു വ്യത്യസ്തമായി, തെരഞ്ഞെടുപ്പ് അജണ്ടയും സാമൂഹിക പരിഷ്‌കരണ അജണ്ടയും കാന്‍ഷിറാം പരസ്പരം സംയോജിപ്പിച്ചു.

ലാലു പ്രസാദ് യാദവ്

തന്റെ മത കാഴ്ച്ചപ്പാട് അദ്ദേഹം തന്ത്രപരമായി മറച്ചു സൂക്ഷിച്ചു. സാമുദായികവാദത്തോട് അദ്ദേഹത്തിനു താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം അംബേഡ്കറൈറ്റ് എന്ന നിലയില്‍, മതമെന്ന നിലയില്‍ ഹിന്ദുയിസത്തിനെയും  വര്‍ഗീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വത്തിനെയും വേര്‍തിരിക്കുന്നതില്‍ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നില്ല. അംബേഡ്കറില്‍ നിന്നു വ്യത്യസ്തമായി, രാഷ്ട്രീയത്തിനു ചുറ്റുമാണ് അദ്ദേഹത്തിന്റെ വ്യവഹാരം കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. ‘വോട്ട് ഹമാരാ, രാജ് തുമാര: നഹി ചലേഗാ’ (ഞങ്ങളുടെ വോട്ടും നിങ്ങളുടെ രാജ്യവും: അതു നടക്കില്ല) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുദ്രാവാക്യം. ദലിതരുടെ പൗരാവകാശ പ്രഖ്യാപനമായിരുന്നു അത്.

രാഷ്ട്രീയ വിമോചന അജണ്ട

റാം വിലാസ് പാസ്വാന്‍

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ കാന്‍ഷിറാമിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുൻപ്, ദലിത് നേതാക്കളായ ജഗ്ജീവന്‍ റാം, റാം വിലാസ് പാസ്വാന്‍ തുടങ്ങിയവരെ പോലുള്ളവര്‍ മന്ത്രിമാരായി മാറുകയും ജഗ്ജീവന്‍ റാമിനെപ്പോലുള്ള ഒരാള്‍ കഴിവുള്ള ഭരണാധികാരിയായി സ്വയം മാറുകയും ചെയ്തു. പക്ഷേ അവരൊന്നും തന്നെ സ്വന്തമായൊരു തെരഞ്ഞെടുപ്പു മണ്ഡലം ഒരിക്കലും ഉണ്ടാക്കിയെടുത്തില്ല. ജഗ്ജീവന്‍ റാം, അല്ലെങ്കില്‍ പാസ്വാന്‍, അതുമല്ലെങ്കില്‍ മറ്റേതൊരു ദലിത് രാഷ്ട്രീയക്കാരനുമായിക്കൊള്ളട്ടെ, ദലിതർക്കു വേണ്ടി ഒരു രാഷ്ട്രീയ വിമോചന അജണ്ട അവരൊന്നും തന്നെ നടപ്പാക്കിയില്ല. കാന്‍ഷിറാം അതു നടപ്പാക്കി. കാന്‍ഷിറാം രംഗത്തേക്കു വന്നതിനു ശേഷം ഒരുപാട് ദലിത് നേതാക്കള്‍ സ്വയം ഭരണാധികാരികളായി ഉയര്‍ന്നു വരാന്‍ തുടങ്ങി. ലാലു പ്രസാദ് യാദവ്, മുലായം സിങ് യാദവ് തുടങ്ങിയവരെപ്പോലുള്ള ഓ.ബി.സി നേതാക്കള്‍ പോലും കാന്‍ഷിറാമിന്റെ നയതന്ത്രങ്ങളോട് ഒരുപാടു കടപ്പെട്ടവരാണ്. ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍, പ്രധാനമന്ത്രിപദവിയില്‍ കുറഞ്ഞ ഒരു സ്ഥാനവും വഹിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മുഖ്യമന്ത്രിപദം പോലുള്ള ചെറിയ പദവികള്‍ അദ്ദേഹത്തിന്റെ ശക്തികള്‍ ക്ഷയിപ്പിക്കുമെന്നും പ്രധാനമന്ത്രിപദവി കൈയ്യാളുന്ന ഒരാള്‍ക്ക് ഏതൊരു മുഖ്യമന്ത്രിക്കു മേലും കുരുക്കിടാന്‍ സാധിക്കുമെന്നും അദ്ദേഹം എന്നോടൊരിക്കല്‍ സ്വകാര്യമായി പറഞ്ഞിരുന്നു. യു.പിയുടെ മുഖ്യമന്ത്രി ആവുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാതിരുന്നതിനും വളരെ ചെറുപ്പമായിരുന്ന മായാവതിക്കു മുഖ്യമന്ത്രിസ്ഥാനം കൈമാറിയതിനും കാരണം അതായിരിക്കാന്‍ സാധ്യതയുണ്ട്. രാഷ്ട്രപതിയാവാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമുണ്ടോ ഇല്ലേയെന്നറിയുവാന്‍ ബി.ജെ.പി ആളുകളെ അയച്ചിരുന്നു എന്ന കിംവദന്തി അന്നു പരന്നിരുന്നു. അദ്ദേഹം അതു നിരസിച്ചതായി പറയപ്പെടുന്നു. അതു സത്യമാണെങ്കിലും അല്ലെങ്കിലും ശരി, ദരിദ്രരില്‍ ദരിദ്രരെ ഉദ്ബുദ്ധരാക്കിയ മനുഷ്യന്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ചരിത്രം അദ്ദേഹത്തെ സ്മരിക്കുക. തന്നെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ത് എഴുതി, എന്ത് എഴുതിയില്ല എന്നതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. ഇന്ത്യന്‍ പ്രസ്സ് എല്ലായ്‌പ്പോഴും അദ്ദേഹത്തോടു ക്രൂരമായാണു പെരുമാറിയത്. പക്ഷേ അതൊന്നും തന്നെ അദ്ദേഹത്തെ ഒരു തരത്തിലും ബാധിച്ചില്ല. അവിവാഹിതനായിരുന്ന ആ സാധാരണ മനുഷ്യനാണ് വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം. ബഹുജനങ്ങളെ (എസ്.സികളും എസ്.ടികളും ഓ.ബി.സികളും ചേര്‍ന്ന)  സാമൂഹിക രാഷ്ട്രീയ ശക്തയാക്കി അദ്ദേഹം മാറ്റി. എന്റെ വീക്ഷണത്തോടു ചിലര്‍ യോജിച്ചാലും ഇല്ലെങ്കിലും ശരി, ബുദ്ധനും ഫൂലേക്കും പെരിയാറിനും അംബേഡ്കറിനും ശേഷം അദ്ദേഹമായിരിക്കും ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക രാഷ്ട്രീയ പരിഷ്‌കര്‍ത്താവ്. അദ്ദേഹം ഒരുപാടു കാലം ജീവിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം.

(2003-ല്‍ ‘A paradigm shift called Kanshi Ram’, ‘Dalits and the horizontal ladder’ എന്നീ തലക്കെട്ടുകളില്‍ രണ്ടു ഭാഗങ്ങളായാണ് ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : https://goo.gl/x61mP2

Top