ചന്ദ്രമോഹന്റെ കവിതകള്‍: കാലമാപിനിയുടെ വിഷസൂചികയില്‍ നിന്നുള്ള മോചനം

അവര്‍ണ്ണന്റെയും വര്‍ണ്ണന്റെയും ജാതിചിന്ത, ഒന്ന് തന്നെയണ്. അതിന് കവിതയില്‍ സ്ഥാനമെത്രയുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കവിതയുടെ ലോകം അതിനൊക്കെ അപ്പുറവും അതിനെ ഉള്‍ക്കൊള്ളുന്നതുമാണ്. മനുഷ്യന്റെ നിരവധി പ്രശ്‌നങ്ങളില്‍ ഒന്നെന്ന പ്രാധാന്യമേ അതിനുള്ളൂ. കവിത ഒരു സമര മുറകൂടിയാണ്. സമരമുറ മാത്രമല്ലെന്ന് സാരം. പ്രശ്‌ന പരിഹാര ക്രിയകള്‍ക്കപ്പുറമുള്ള കാവ്യലോകത്തിന്റെ അനന്തത ചന്ദ്രമോഹന്‍ ഇനിയുമേറെ പര്യവേഷണ വിധേയമാക്കുമെന്ന് തീര്‍ച്ചയാണ്. അത് കവിയുടെയും കവിതയുടെയും വളര്‍ച്ചതന്നെയാണ്. അപ്പോഴാണ് കാലമാപനിയുടെ വിഷസൂചികയില്‍ നിന്ന് കവിത മോചനം നേടുന്നത്.

കെ. ശ്രീകുമാര്‍
ആധുനിക കവിതയ്‌ക്കെതിരെ തായാട്ട് ശങ്കരന്‍ വാളോങ്ങുകയും ഇടതുപക്ഷ ബുദ്ധിജീവികള്‍ അതുകൊണ്ടാടുകയും ചെയ്തിട്ട് ദശാബ്ദങ്ങളായി. ആംഗലേയ ഭാഷ പഠനത്തിനായി വലതുപക്ഷ ബുദ്ധിജീവികള്‍ ചേര്‍ന്നൊരുക്കുന്ന ഭാഷാപഠനപദ്ധതികളിലൊന്നും വേര്‍ഡ്‌സ് വര്‍ത്തിനപ്പുറം ജനിച്ച കവികളുമില്ല. ഇങ്ങനെയൊക്കെയാണ് കേരളത്തിലേയും ആംഗലേയ കവിതാ സൗന്ദര്യബോധം ഇന്നും നിലനില്‍ക്കുന്നത് എന്നതിന് സാക്ഷ്യം വഹിക്കുന്നതാണ് കേരളത്തിലെ മിക്ക കവികളുടെയും ഇംഗ്ലീഷ് കവിതകള്‍. ഇവിടെയാണ് ചന്ദ്രമോഹന്റെ കവിതകള്‍ ഒരാശ്വാസമാകുന്നത്.

സാമൂഹിക പ്രതിബദ്ധത ഒരെഴുത്തുകാരന് എങ്ങിനെ ഗുണവും ദോഷവുമാകുമെന്ന് ഈ കവിതകള്‍ തെളിയിക്കുന്നു. ചന്ദ്രമോഹനെ പ്രശംസിക്കുന്നവര്‍ അവരുടെ പ്രശംസ വാരിച്ചൊരിയുന്നത് അദ്ദേഹത്തിന്റെ ആശയ ഗാംഭീര്യത്തിലും പടപ്പുറപ്പാടിലുമാണ്. കുമാരനാശാന്റെ ഒരു ‘തീയകുട്ടിയുടെ വിചാരം’ എന്ന കവിതയുടെ രണ്ടാം വരവാണ് ചന്ദ്രമോഹന്റെ കവിതഎന്ന് കേള്‍ക്കുമ്പോള്‍ അത് അതിശോക്തിയിയായി തോന്നുന്നത്, ആശാന്‍ കവിതകള്‍ക്ക് കിട്ടിയ അമിതപ്രാധാന്യം കൊണ്ടാണ്. ആശയ പ്രചാരണവും ബൗദ്ധികതതും വൃത്തത്തിന്റെ അലങ്കാരങ്ങളും കൗശലവുമാണ് കവിതയെന്ന മിഥ്യാബോധമുണ്ടാകാനേ ഈ പ്രസിദ്ധി ഉപകരിച്ചുള്ളു. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമയെ തീറാധാമെഴുകി വാങ്ങിയതുപോലെ ആധുനിക കവിത്രയം മലയാള കവിതയേയും വേണ്ടതിലധികം അടക്കി ഭരിച്ചു.ഈ താരപരിവേഷത്തിനു മുന്നില്‍ ഇരുളില്‍ മറഞ്ഞുപോയ എത്രയെത്ര കവിതകള്‍. ഇതില്‍ നിന്നും മോചനം നേടിയ മലയാള കവിതക്കെതിരെ ആദ്യം വാളെടുത്തത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.

‘Plus Size Poem’ എന്ന കവിതയില്‍ ചന്ദ്രമോഹന്‍ തന്നെ തന്റെ കവിതയെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. എന്നിട്ടും കാലിക പ്രസക്തിയെന്ന ലേബലൊട്ടിച്ച് കുപ്പിയിലാക്കാനുള്ള ശ്രമം അരൂടെ ബുദ്ധിയാണെന്നറിയില്ല. ചന്ദ്രമോഹന്റെ കവിതകളെക്കുറിച്ച് എഴുതുന്നവര്‍ രാഷ്ട്രീയമീമാംസകളുടെ ദിവ്യപ്രഭ കണ്ട് കവിതകളുടെ കാവ്യഭംഗി എങ്ങിനെ കാണാതെപോയി എന്ന് മനസ്സിലാകുന്നില്ല. അതെ അന്ധത തന്നെയാണ് ‘The Rape and Murder of a Tribal’ എന്ന കവിത ചന്ദ്രമോഹനെ കൊണ്ട് എഴുതിക്കുന്നതും.

ചന്ദ്രമോഹന്റെ കാവ്യഭംഗി ഏറ്റവും ശോഭിക്കുന്നത് അദ്ദേഹം ഭാഷയെക്കുറിച്ചെഴുതമ്പോഴാണ്. ഭാഷ പ്രധാന വിഷയമായി വരുന്ന പല കവിതകളും ഈ സമാഹാരത്തിലുണ്ട്. അതെല്ലാം ഒന്നിനൊന്നു മെച്ചമാണ് താനും. വിഷയത്തിന്റെ രാഷ്ട്രീയ പ്രസക്തിയില്‍ നിന്ന് കണ്ണെടുത്ത് യഥാര്‍ത്ഥ കാവ്യപ്രശ്‌നങ്ങളിലൂന്നാന്‍ അവ അവസരം നല്‍കുന്നു. ഈ കവിതകളുമായി മറ്റുകവിതകള്‍ക്കുള്ള പ്രധാനവ്യത്യാസം ഈ കവിതകള്‍ കവിയുടെ ഉള്ളിലേക്കുള്ള യാത്രകളും മറ്റുള്ളവ പുറംകാഴ്ചകളുമാണെന്നതാണ്.

ശ്രദ്ധേയമായ ഭാഷയും പദസ്വാധീനവും ഈ കവിയെ കുതിര്‍ത്ത ഗൃഹപാഠങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. വൈവിധ്യം നിറഞ്ഞു വിഷയവൈപുല്യവും അതിനനുയോജ്യമായ സംവേദന ചാരുതയും ചന്ദ്രമോഹന്റെ കവിതകളെ മഹത്തരമാക്കുന്നു. ഈ കവിതകളുടെ വൈവിധ്യ ഭൂമികയ്ക്ക് കുറുകെ ചില ബാന്ധവങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകളാണ് അതിലൊന്ന്. അന്യന്റെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റം. പല കവിതകളിലും വിഷയങ്ങളാവുന്നുണ്ട്. Frisking നെ ഗുറിച്ച് വരുന്ന പരാമര്‍ശങ്ങളെല്ലാം ഇതിന്റെ പ്രതീകങ്ങളായിട്ടാണ് കാണേണ്ടത്. വിപുലമായ വായനയില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും ശേഖരിച്ച അറിവ് കവിതകളില്‍ സുവ്യക്തമാണ്. മനുഷ്യര്‍ക്കൊന്നാകെ എന്നപോലെ തന്നെ മൂര്‍ത്തവും അമൂര്‍ത്തവുമായ എല്ലാത്തിനും അഭിമാത്തിനുള്ള അവകാശമുണ്ടെന്ന് ചന്ദ്രമോഹന്‍ വിശ്വസിക്കുന്നു. വിരോധാഭാസം, ഹാസ്യം, അത്യുക്തി, ന്യൂനോക്തി, കളഭജ്ഞനം എന്നിങ്ങനെ വിവിധ കാവ്യസൂത്രങ്ങല്‍ കവിതകളില്‍ കാണാം. അലിഗറി എത്ര നന്നാക്കിയാലും നന്നാവാത്ത ഒരുപകരണമാണെന്നും തോന്നിപ്പിക്കുന്ന ചില കവിതകള്‍.

സുതാര്യമായ ഈ കവിതകള്‍ നിര്‍മൂല്യമായ തടാകം പോലെ ആഴമുളളവയുമാണെന്ന് തുറന്ന മനസ്സോടെ അവയില്‍ ഇറങ്ങുമ്പോഴേ മനസ്സിലാവുകയുള്ളു. കവിതകളെ വിശകലനം ചെയ്യുന്നത് ഒരു തമാശയ്ക്ക് വിശദീകരിക്കുന്നതുപോലെ നിഷ്യന്തനം ആയതുകൊണ്ട് അതിന് മുതിരുന്നില്ല. എന്തൊക്കെയാണ് ഈ കാവ്യലോകത്തെ കാഴ്ചകള്‍ എന്നതിന്റെ ഒരു സൂചനയെ ഉദ്ദേശിക്കുന്നുള്ളൂ. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ലോകത്തെ അവിശ്വസിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് കലയുടെയും സാഹിത്യത്തിന്റെയും പൊതുസ്വഭാവം. ഇത് ചന്ദ്രമോഹന്റെ കവിതകള്‍ നന്നായി നിറവേറ്റുന്നുണ്ട്. കവിതകളുടെ അജണ്ട തന്നെ ഇതാണെന്നു വെളിവാക്കുന്ന രീതിയില്‍ ഓരോ വസ്തുവിനും വസ്തുതയ്ക്കും തന്നെ നിരവധി വ്യാഖ്യാനങ്ങള്‍, ക്യൂബിസത്തിലെന്നപോലെ നല്‍കുന്ന ചില കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. വ്യത്യസ്ത അനുഭവങ്ങള്‍ക്ക് ഒരേ വേദിയില്‍ നടനം അനുഭവിച്ച് തീര്‍ത്തും നൂതനമായ ഒരനുഭവം നല്‍കുന്ന കവിതകളുമുണ്ട്. ഈ സംയോജവിദ്യയാണ് ചന്ദ്രമോഹന്റെ ശൈലിനൈപുണ്യത്തിലും കാണാവുന്നത്.

ആശയത്തിന്റെ പ്രാധാന്യത്തെ തിരസ്‌കരിച്ചു കൊണ്ട് കവിതകള്‍ ഒരു ഭാഷയുടെ സ്വകാര്യസ്വത്താണെന്ന് പ്രഖ്യാപിക്കുന്ന രണ്ടോ മൂന്നോ കവിതകള്‍ ഈ മഹാസമാഹാരത്തിലുണ്ട്. തീര്‍ച്ചയായും ഈ കവിതകള്‍ തര്‍ജ്ജമചെയ്യാന്‍ ആരും ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. ഭാഷയുടെ തനതു സ്വഭാവമാണ് ഇദ്ദേഹത്തിന്റെ ശൈലിയുടെ കരുത്ത്. അന്യഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ ആശയങ്ങള്‍ മാത്രം ബാക്കിയാവുകയുംഅത് കവിതയല്ലാതാവുകയും ചെയ്യും. തര്‍ജ്ജമ ചെയ്യപ്പെടുമ്പോള്‍ നഷ്ടമാവുന്നതാണ് കവിത എന്നത് എത്ര ശരി.

ഒറ്റപ്പെട്ടതും എണ്ണമറ്റതുമായ സാമൂഹികപ്രശ്‌നങ്ങളെ ഓരോന്നോരോന്നായി എതിര്‍ത്ത് തോല്‍പിക്കുകയല്ല ഒരു കലാകാരന്റെ ധര്‍മ്മമെന്നും മനുഷ്യസ്‌നേഹത്തെ ഒറ്റക്കെട്ടായി, അതിന്റെ സകല വൈവിധ്യത്തോടും, നിലനിര്‍ത്തുകയും വലിയ ഒരൊറ്റ മനസ്സിന്റെ ഭൂമിക്കായി അതിനെ മാറ്റുകയുമാണ് കലയുടെ പ്രഖ്യാപിതലക്ഷ്യമെന്നുള്ള സത്യം ലോകസാഹിത്യത്തില്‍ സ്ഥാനം പിടിച്ചിട്ട് ഏറെ ദശാബ്ദങ്ങളായി. നമ്മുടെ നാട്ടില്‍ ഇന്നും ഒരു സമരമുറയായി കവിത ഉപയോഗിക്കപ്പെടുകയും ഒരു നല്ല കവിത എന്നതിനേക്കാള്‍ ഒരു നല്ല സമരം എന്ന് സ്ഥാനം നേടും വിധം കവിതകള്‍ വാര്‍ക്കപ്പെടുകയും ചെയ്യുന്നു. കുമാരനാശാന്‍ ഉള്‍പ്പെടെയുള്ള കവികളുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും അവരുടെ കവിതകളുടെ പൊള്ളത്തരമാണ് ഇങ്ങനെ വ്യക്തമാക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മലയാള കവിയായി വൈലോപ്പള്ളിയെ വിഷ്ണു നാരായണന്‍ (നമ്പൂതിരി) എന്ന കവി തിരഞ്ഞെടുത്തത് ഇവിടെ ഓര്‍ത്തുപോകുന്നു.

അവര്‍ണ്ണന്റെയും വര്‍ണ്ണന്റെയും ജാതിചിന്ത, ഒന്ന് തന്നെയണ്. അതിന് കവിതയില്‍ സ്ഥാനമെത്രയുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കവിതയുടെ ലോകം അതിനൊക്കെ അപ്പുറവും അതിനെ ഉള്‍ക്കൊള്ളുന്നതുമാണ്. മനുഷ്യന്റെ നിരവധി പ്രശ്‌നങ്ങളില്‍ ഒന്നെന്ന പ്രാധാന്യമേ അതിനുള്ളൂ. കവിത ഒരു സമര മുറകൂടിയാണ്. സമരമുറ മാത്രമല്ലെന്ന് സാരം.

പ്രശ്‌ന പരിഹാര ക്രിയകള്‍ക്കപ്പുറമുള്ള കാവ്യലോകത്തിന്റെ അനന്തത ചന്ദ്രമോഹന്‍ ഇനിയുമേറെ പര്യവേഷണ വിധേയമാക്കുമെന്ന് തീര്‍ച്ചയാണ്. അത് കവിയുടെയും കവിതയുടെയും വളര്‍ച്ചതന്നെയാണ്. അപ്പോഴാണ് കാലമാപനിയുടെ വിഷസൂചികയില്‍ നിന്ന് കവിത മോചനം നേടുന്നത്.

Top