കിച്‌ന ഒരു റോഡ് കഥ – ഭരണകൂട ഫാസിസത്തിന്റെ യാത്രകള്‍

‘കിച്‌ന ഒരു റോഡ് കഥ’ വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന, മനുഷ്യാവകാശങ്ങളെ കാറ്റില്‍ പറത്തുന്ന, ഭരണഘടനാപരമായ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന, ന്യൂനപക്ഷത്തിന്റെ വികാരങ്ങളെ അവഗണിക്കുന്ന, വിവാഹപൂര്‍വ്വലൈംഗികതയെയും ബഹുലൈംഗികതയെയും അടിച്ചമര്‍ത്തുന്ന, സ്ത്രീകളെ അടിമകള്‍ക്ക് തുല്യം കണക്കാക്കുന്ന, ജനാധിപത്യത്തിന്റെ മൂടുപടം അണിഞ്ഞ ഒരു ഫാസിസ്റ്റ് ഭരണവ്യവസ്ഥയെ തുറന്ന് കാണിക്കുന്നു. തങ്ങളെ വിമര്‍ശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയുമെല്ലാം അത് നക്‌സലൈറ്റുകളോ മാവോയിസ്റ്റുകളോ ആരുമായിക്കൊള്ളട്ടെ, ദേശദ്രോഹത്തിന്റെ മുദ്ര ചാര്‍ത്തി പീഡിപ്പിക്കുന്നവരായി ഭരണകൂടം മാറിയിരിക്കുന്നു. ജനാധിപത്യം എന്ന പേരില്‍ സ്വേച്ഛാധിപത്യം വാഴുമ്പോള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ പൗരന് നഷ്ടമാകുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ‘കിച്‌ന ഒരു റോഡ് കഥ’.

ഒരു ജനാധിപത്യരാഷ്ട്രത്തില്‍ വിയോജിക്കാന്‍ കൂടിയുള്ളതാണ് സ്വാതന്ത്ര്യം. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിക്കാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും, അഭിപ്രായങ്ങള്‍ പറയാനുമുള്ള മൗലികാവകാശത്തെ റദ്ദ്‌ചെയ്യുന്ന വിധത്തില്‍ അപരിഷ്‌കൃതമായ നരവേട്ടയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ചിന്തിക്കുന്ന മനുഷ്യരെ ഭരണകൂടം കശാപ്പ് ചെയ്യുകയോ വ്യാജത്തെളിവുകള്‍ ഉണ്ടാക്കി തുറങ്കിലടക്കുകയോ ചെയ്യുന്നു. ഇന്ന് ജനത എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നവര്‍ നാളെ അവര്‍ എന്തു സ്വപ്നം കാണണമെന്നും എങ്ങനെ ജീവിക്കണമെന്നു പോലും തീരുമാനിക്കും. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ത്യന്‍ രാഷ്ട്രീയം മുമ്പെങ്ങും കാണാത്ത രീതിയില്‍ ഹിംസാത്മകമായി തീര്‍ന്നിരിക്കുന്നു. ഭരണകൂട ഭീകരത, ചിന്തിക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സര്‍വ്വകലാശാലകളില്‍ പോലും വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രചിന്തകള്‍ക്കും സംവാദങ്ങള്‍ക്കും വിലക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നു. ”സമത്വവും സ്വാതന്ത്ര്യവും അനുവദിക്കുന്ന ഒരു സാമൂഹ്യപരിസരം ബലമായി അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥയാണ് ഫാസിസം.” അസഹിഷ്ണുത ഫാസിസത്തിന്റെ പ്രത്യക്ഷ ലക്ഷണമാണ്. ഭരണകൂടത്തിന്റെ അസഹിഷ്ണുത നിറഞ്ഞ നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടുമുള്ള കലാകാരന്‍മാരും എഴുത്തുകാരും അവരുടെ പ്രതിക്ഷേധങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തില്‍ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’, ‘തിരുത്ത്’, ‘മുയല്‍വേട്ട’ തുടങ്ങിയ ശക്തമായ രാഷ്ട്രീയകഥകള്‍ എഴുതിയ എന്‍.എസ് മാധവന്റെ ‘കിച്‌ന ഒരു റോഡ് കഥ’ തീക്ഷ്ണമായ ഒരു ഫാസിസ്റ്റ് വിരുദ്ധ കഥയാണ്.
‘കിച്‌ന ഒരു റോഡ് കഥ ‘ഇതിഹാസ കാവ്യമായ മഹാഭാരതത്തിന്റെ ഒരു പുനര്‍വായനയാണെന്ന് പറയാം. പഞ്ചപാണ്ഡവരുടെ പ്രിയപത്‌നിയുടെ പേരാണ് കൃഷ്ണ. ദ്രുപന്റെ പുത്രി എന്ന അര്‍ത്ഥത്തില്‍ ദ്രൗപദി എന്നും അഞ്ച് പാണ്ഡവരുടെ പത്‌നി എന്ന അര്‍ത്ഥത്തില്‍ പാഞ്ചാലി എന്നും
കൃഷ്ണ അറിയപ്പെട്ടു. അവള്‍ക്ക് വിവാഹപ്രായമായപ്പോള്‍ ദ്രുപന്‍ ഒരു സ്വയംവരം നിശ്ചയിച്ചു. വില്ല് കുലച്ച് ലക്ഷ്യത്തില്‍ അസ്ത്രം കൊള്ളിക്കുന്നവന് കൃഷ്ണയെ നല്‍കുമെന്ന് പ്രഖ്യാപിച്ചു. അരക്കില്ലത്തില്‍ നിന്നു രക്ഷപ്പെട്ട് വേഷപ്രച്ഛന്നരായി നടക്കുന്ന പാണ്ഡവരും ഈ വിവരമറിഞ്ഞു. ”അര്‍ജ്ജുന്‍ നിഷ്പ്രയാസം ലക്ഷ്യവേധം ചെയ്തു. പാഞ്ചാലി അദ്ദേഹത്തിന്റെ കഴുത്തില്‍ വരണമാല്യം അണിയിച്ചു. പാണ്ഡവര്‍ കൃഷ്ണയോടൊത്ത് കുന്തിയുടെ സന്നിധിയിലെത്തി. കുന്തി തലയുയര്‍ത്താതെ തന്നെ കിട്ടിയ ഭിക്ഷ എല്ലാവരും കൂടെ അനുഭവിച്ചു കൊള്ളാന്‍ പറഞ്ഞു. അങ്ങനെ പാഞ്ചാലി അഞ്ചുപേര്‍ക്കും ഭാര്യയായി.”2 ഇതാണ് മഹാഭാരതത്തിലെ കൃഷ്ണയുടെ കഥ. ഈ കഥയെ ആധുനികോത്തര കാലഘട്ടത്തില്‍ എന്‍.എസ്. മാധവന്‍ അപനിര്‍മ്മിച്ചത് എങ്ങനെ എന്നും ഈ കഥ മുന്നോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രം എന്താണെന്നും വിശകലനം ചെയ്യാം.
ഈ കഥയുടെ ആഖ്യാനത്തിലെ സവിശേഷത ‘റോഡ് മൂവി’യുടെ മാതൃകയില്‍ ഒരു യാത്രയെ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. മറ്റൊന്ന് കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെയാണ്. കിച്‌ന എന്ന് വിളിക്കപ്പെടുന്നവള്‍ അവളുടെ യഥാര്‍ത്ഥ പേര് കൃഷ്ണ എന്നാണെന്ന് പറയുന്നുണ്ട്. അവളുടെ കാമുകന്റെ പേര് അര്‍ജ്ജുന്‍ മഹാതോ, കൃഷ്ണയുടെ അച്ഛന്റെ സഹോദരിയുടെ മകന്‍ കിഷന്‍ എന്ന് വിളിക്കപ്പെടുന്ന കൃഷ്ണറാവു. കൃഷ്ണയുടെ താമസസ്ഥലത്ത് വന്ന് പോകുന്നവരുടെ പേരുകള്‍ ധരംസിങ്, ഭീംറെഡ്ഡി, നക്കി, സഹേല്‍ എന്നിങ്ങനെയാണ്. ഈ പേരുകളെല്ലാം തന്നെ മഹാഭാരതത്തിലെ ധര്‍മ്മപുത്രര്‍, ഭീമന്‍, നകുലന്‍, സഹദേവന്‍ എന്നീ പേരുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ‘പണ്ട് പണ്ട്’ എന്ന് തുടങ്ങുന്ന കഥ വിദൂര ഭൂതകാലത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തുന്നു. ‘പണ്ട് പണ്ട്’ എന്ന പ്രയോഗം ഈ കഥയില്‍ മൂന്നു പ്രാവിശ്യം ആവര്‍ത്തിക്കുന്നുണ്ട്. ഈ ആവൃത്തി(ളൃലൂൗലിര്യ) ജെറാള്‍ഡ് ജെനറ്റിന്റെ ആഖ്യാനസിദ്ധാന്തപ്രകാരം കഥയില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. പോലീസ് മാവോയിസ്റ്റ് വേട്ട നടത്തുന്ന പുതിയകാലഘട്ടത്തിലാണ് കഥ നടക്കുന്നത്. എന്നാല്‍ പൗരാണിക കാലത്തെ ഭാരത കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കാന്‍ ആഖ്യാനത്തില്‍ ‘പണ്ട് പണ്ട്’എന്ന് ഉപയോഗിച്ചിരിക്കുന്നു. ഇത് അതികഥാതന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
വളരെ കാല്‍പനികമായിട്ടാണ് കഥ തുടങ്ങുന്നത്, ”പണ്ട് പണ്ട് ട്രക്കുകള്‍ക്ക് മൂക്ക് ഉണ്ടായിരുന്ന കാലത്ത് ജി.ടി. റോഡ് ഒരു പുഴയെപ്പോലെയായിരുന്നു…………….. കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുവാന്‍ തോന്നും.”3 എന്നാല്‍ ഇതിന് കടകവിരുദ്ധമായിട്ടാണ് തൊട്ടടുത്ത ഖണ്ഡികയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൈയാമം വച്ച് കാട്ടിലൂടെ പോലീസ് അകമ്പടിയോടെ സഞ്ചരിക്കേണ്ടി വരുന്ന കിച്‌ന എന്ന ഒരു തടവുകാരിയുടെ ജീവിതത്തിലൂടെ ഗ്രന്ഥകാര വീക്ഷണത്തിലൂടെയും, അവളെ പോലീസ് ചോദ്യം ചെയ്യുന്നിടത്ത് റിപ്പോര്‍ട്ടിംഗ് ശൈലിയിലൂടെയും ആഖ്യാനം മുന്നോട്ടു പോകുന്നു. മാവോയിസ്റ്റ് എന്ന് ധരിച്ച് പോലീസ് അവളെ ചോദ്യം ചെയ്യുമ്പോള്‍ അഞ്ച് പുരുഷന്മാരുമായുള്ള അവളുടെ ബന്ധത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. അര്‍ജ്ജുന്‍ തന്റെ കാമുകനാണെന്നും മറ്റു നാലുപേര്‍ ഇടപാടുകാര്‍ മാത്രമായിരുന്നെന്നുമാണ് അവള്‍ മറുപടി പറഞ്ഞത്. മഹാഭാരതത്തിലെ ദ്രൗപതിക്കും മറ്റു നാലുപേരേക്കാള്‍ കൂടുതല്‍ ഇഷ്ടം അര്‍ജ്ജുനനോടായിരുന്നല്ലോ. മഹാഭാരതത്തിലെ വസ്ത്രാക്ഷേപ രംഗത്തിനു സമാനമായൊരു രംഗം കഥയിലുണ്ട്. പോലീസുകാര്‍ ചേര്‍ന്ന് കിച്‌നയുടെ വസ്ത്രം അഴിച്ച് അവളെ മാനഭംഗപ്പെടുത്താന്‍ തുനിയവേ കിഷനെ വിളിച്ച് കിച്‌ന കരയുന്നതും ആ നിമിഷം ദൂരെ ബോംബ് പൊട്ടുന്നതുമായ രംഗം കഥയിലുണ്ട്. തുടര്‍ന്ന് പോലീസുകാര്‍ പേടിച്ച് പിന്‍ വാങ്ങുന്നു. എന്നാല്‍ മാവോയിസ്റ്റ് നേതാവായ കിഷനെ കിട്ടാന്‍ വേണ്ടി കിച്‌നയെ പോലീസുകാര്‍ വെടിവയ്ക്കുന്നുണ്ട്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരുടെ അന്ത്യം അനുസ്മരിപ്പിക്കും വിധം ഓരോരുത്തരായി തടവുകാര്‍ വെടിയേറ്റ് വീഴുമ്പോള്‍ ധര്‍മ്മപുത്രരെ അനുസ്മരിപ്പിക്കുന്ന ധാരാസിങ് ഓരോരുത്തരുടെയും മരണകാരണം തന്നെ അനുഗമിച്ച പട്ടിയോട് പറയുന്നുണ്ട്. മഹാഭാരതത്തിലും ഇത്തരത്തിലുള്ള രംഗമുണ്ട്. സ്വര്‍ഗ്ഗത്തിലേക്കു പോകുന്ന വേളയില്‍ ഓരോരുത്തരും മരിക്കാന്‍ കാരണമായ പാപം എന്തെന്ന് വിശദീകരിക്കുന്നുണ്ട്. മഹാഭാരതവുമായുള്ള ഈ ബന്ധം ഈ കഥയുടെ ആഖ്യാനപരമായ സവിശേഷതയാണ്. ഭരണകൂടം എങ്ങനെയാണ് മാവോയിസ്റ്റുകളെ കാണുന്നത് എന്ന ശക്തമായ രാഷ്ട്രീയ പാഠം ‘കിച്‌ന ഒരു റോഡ് കഥ’യ്ക്ക് ഉണ്ട്. ഭരണകൂടം പലപ്പോഴും ഫാസിസത്തിലേക്ക് വഴിമാറുന്നു, തങ്ങളോട് വിയോജിക്കുന്ന ആശയങ്ങള്‍ ഉള്ളവരെ വ്യാജക്കേസുകളില്‍ അകപ്പെടുത്തി തുറങ്കിലടയ്ക്കുന്നു. ഹിംസയാണ് ഫാസിസത്തിന്റെ മാര്‍ഗ്ഗം. ലോകത്തെങ്ങും ഫാസിസം അതിന്റെ സ്വാധീനം ഉറപ്പിക്കാന്‍ സ്വീകരിക്കുന്ന പലവഴികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഒരു ജനതയെ ഭീതിയ്ക്ക് അടിമപ്പെടുത്തുക എന്നതാണ്. ഭരണകൂടം പലപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നു. ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ക്കും, പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ക്കും മാത്രമുള്ളതാണ് സ്വാതന്ത്ര്യമെങ്കില്‍, ആ സ്വാതന്ത്ര്യം സ്വാതന്ത്ര്യമേയല്ല എന്ന റോസാലക്‌സംബര്‍ഗ് അഭിപ്രായപ്പെട്ടത് ഈ അവസരത്തില്‍ ചിന്തനീയമാണ്. മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തപ്പെട്ടവരുടെ വ്യക്തിജീവിതം ഹനിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്യുന്നവരെ ആണ് പലപ്പോഴും അവര്‍ ഇരകളാക്കുന്നത്. ഈ ഇരകളെയാകട്ടെ ദേശദ്രോഹികള്‍ എന്ന ലേബലില്‍ ഭരണകൂടവും മാധ്യമങ്ങളും വേട്ടയാടുന്നു. സ്വാതന്ത്ര്യം വ്യത്യസ്തമായി ചിന്തിക്കുന്ന മനുഷ്യര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ”അതിശക്തമായ ദേശീയത, മാനവികതയോടുള്ള പുച്ഛം, ശത്രുവിനെ നിര്‍വചിക്കല്‍, പുരുഷകേന്ദ്രിതം, വാര്‍ത്താമാധ്യമങ്ങള്‍ക്കു മേലുള്ള നിയന്ത്രണം, ദേശീയ സുരക്ഷയുടെ പേര് പറഞ്ഞുള്ള ഭീതി പരത്തല്‍, മതവും ദേശീയതയും തമ്മിലുള്ള അഭിന്നത, കോര്‍പ്പറേറ്റ് ചങ്ങാത്തം, തൊഴിലാളിവിരുദ്ധത, ബുദ്ധിജീവികള്‍, കലാസാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരോടുള്ള ശത്രുത, ഉന്നതവിദ്യാഭ്യാസത്തെ വരുതിയിലാക്കാനുള്ള ഗൂഢപദ്ധതികള്‍, ശിക്ഷാനടപടികളോടുള്ള ത്വര, അഴിമതി തുടങ്ങി അറിയപ്പെടുന്ന ഫാസിസത്തിന്റെ ലക്ഷണങ്ങളില്‍ മിക്കതും ഇന്ത്യയിലിന്ന് പ്രത്യക്ഷമായി കാണുന്നുണ്ട്.”4 എന്ന് എന്‍. എസ്. മാധവന്‍ നിരീക്ഷിക്കുന്നുണ്ട്. അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ ഫാസിസ്റ്റ് പ്രവണതകളില്‍ ചിലത് ‘കിച്‌ന ഒരു റോഡ് കഥ’യിലും കാണാം.
കിച്‌ന ഒരു റോഡ് കഥയില്‍ മാവോവാദികളെന്ന് സംശയിച്ച് അഞ്ച് പുരുഷന്‍മാരെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ അര്‍ജ്ജുന്‍ മഹാതോ ആണ് മാവോയിസ്റ്റ്. ബാക്കിയുള്ള നാല് പുരുഷന്‍മാര്‍ കിച്‌നയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മാവോയിസ്റ്റ് നേതാവായ കിഷന്റെ അജ്ഞാതതാവളം വെളിപ്പെടുത്തിയില്ല എന്ന കാരണത്താല്‍ അര്‍ജ്ജുനും മാവോയിസ്റ്റ് ബന്ധം ഇല്ലാത്ത മറ്റ് തടവുകാരും പോലീസിന്റെ വെടിയേറ്റ് കൊലപ്പെടുകയാണ്. ഇവിടെ ഭരണകൂടത്തെ എതിര്‍ക്കുന്നവരെയും, എതിര്‍ക്കുന്നവര്‍ എന്ന് സംശയിക്കപ്പെടുന്ന നിരപരാധികളെയും ക്രൂരമായി കൊല്ലുന്ന കാടന്‍രീതി കാണാം. കിച്‌നയെ പോലീസുകാര്‍ ഭേദ്യം ചെയ്യുന്ന രീതി വളരെ ക്രൂരമാണ്. വനിതാപോലീസ് പോലും അവളെ ചോദ്യം ചെയ്ത രീതി ശ്രദ്ധിച്ചാല്‍ കാടത്തം എന്നേ അതിനേ പറയാനാവൂ.

__________________________________
‘കിച്‌ന ഒരു റോഡ് കഥ’യില്‍ സ്വപ്രത്യയസ്ഥൈര്യമുള്ള ഒരു സ്ത്രീയായി കിച്‌ന എന്ന കഥാപാത്രത്തെ കാണാം. തന്റെ ശരീരത്തില്‍ സ്വയം നിര്‍ണയാവകാശം പുലര്‍ത്തുന്ന സ്ത്രീയാണ് അവള്‍. കിച്‌ന ഉപജീവനത്തിനായി ശരീരം വില്‍ക്കുമ്പോഴും ഇഷ്ടമില്ലാത്തവരെ സ്വീകരിക്കുന്നില്ല. തന്നെ സമീപിക്കുന്നവരുമായി ഹൃദ്യമായ ഒരു ബന്ധം സൂക്ഷിക്കുന്നുണ്ട് അവള്‍. ശാരീരികവേഴ്ചയ്ക്കു മാത്രം അവളെ സമീപിക്കുന്നവരല്ല കാമുകരില്‍ പലരും. ധരംസിങിന് കെട്ടിപ്പിടിച്ച് കിടന്നാല്‍ മാത്രം മതി. ഭീംറെഡ്ഡിക്ക് കൈകാലുകള്‍ തഴുകിയാല്‍ മതി. ഇങ്ങനെ തന്റെ ഓരോബന്ധത്തിന്റെയും സവിശേഷതകതകളെ കുറിച്ച് കിച്‌ന തന്നെ പറയുന്നുണ്ട്. എന്നാല്‍ കോത്തിയുടെ അയല്‍ക്കാരനായ ലാലയോട് അവള്‍ക്ക് മമതയില്ല. അതുകൊണ്ടാണ് അവള്‍ അയാളെ നിരസിക്കുന്നതും. അര്‍ജ്ജുന്‍ മഹാതോയുടെ പെണ്ണ് എന്ന് കോത്തി അവളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും സ്വതന്ത്രമായ ഒരുജീവിതമാണ് കിച്‌ന നയിച്ചിരുന്നതെന്ന് കഥയില്‍ നിന്ന് മനസ്സിലാക്കാം.
__________________________________ 

എഴുപതുകളില്‍ നക്‌സലൈറ്റുകളോട് പോലീസ് ചെയ്ത നരനായാട്ടും, പോലീസ്‌ക്യാമ്പുകളില്‍ വച്ചുണ്ടായ ക്രൂരമായ ശാരീരികപീഡനങ്ങളും കിച്‌നയുടെ ചോദ്യം ചെയ്യലിലും തുടര്‍ന്നു. ”ഓര്‍ക്കുമ്പോഴേ നടുക്കമുണ്ടാക്കുന്ന അടിയന്തരാവസ്ഥയില്‍ അങ്ങനെ എത്രയെത്ര ദുരന്തങ്ങള്‍, ഭീകരതകള്‍, ഇരുട്ടറകളില്‍ ഇഴജന്തുക്കളെപ്പോലെയുളള ജീവിതം കിടക്കുന്നിടത്തു തന്നെ മലമൂത്ര വിസര്‍ജ്ജനം. പട്ടിണി പ്രാണനെ കാര്‍ന്നു തിന്നുന്ന അവസ്ഥ. വിശന്നു തളര്‍ന്നുള്ള ഉറക്കത്തില്‍ വിളിച്ചെഴുന്നേല്‍പ്പിച്ചുള്ള ചോദ്യം ചെയ്യല്‍. മൂന്നാംമുറയുടെ ഭീകരമായ ആക്രോശം. ഇരുട്ടിന്റെ ശാന്തതയെ പിളര്‍ന്ന് മര്‍ദ്ദനമേറ്റ് പുളയുന്നവരുടെ അലര്‍ച്ച.”5 വിപ്ലവപ്രസ്ഥാനവുമായി യാതൊരു ബന്ധമില്ലാത്തവരെയും നക്‌സലൈറ്റുകള്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത് മൃഗീയമായി പീഡിപ്പിച്ചിരുന്നു. കിച്‌ന ഒരു റോഡ് കഥ നടക്കുന്ന കാലം ഏതെന്നു സൂചന കഥയിലില്ല. എന്നാല്‍ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഭരണകൂടം ഇരകളെ വേട്ടയാടുന്ന സമകാലിക സാഹചര്യങ്ങളുമായി ഇതിനെ ചേര്‍ത്തുവായിക്കാം. കിച്‌നയുടെ വസ്ത്രം അഴിപ്പിക്കുന്നതും വനിതാപോലീസ് ഉള്‍പ്പെടെ ചോദ്യം ചെയ്യലിന്റെ ഭാഗമായി അവളുടെ ശരീരഭാഗങ്ങളില്‍ വേദനിപ്പിച്ച് രസിക്കുന്നതുമെല്ലാം അടിയന്തരാവസ്ഥകാലത്തെ മൂന്നാംമുറകളെ അനുസ്മരിപ്പിക്കുന്നു.
വിശപ്പും ദാഹവും പോലെ ജീവികള്‍ക്കുള്ള ഒരു നൈസര്‍ഗ്ഗിക ചോദനയാണ് ലൈംഗികത. എന്നാല്‍ ഈ ജൈവപ്രക്രിയയെ കുറിച്ച് വളരെ നിഗൂഡവും അശ്ലീലവുമായ തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സമൂഹത്തിലെ എല്ലാ മൂല്യങ്ങളെയും പോലെ ലൈംഗികതയും പുരുഷകേന്ദ്രീതം ആണ്. ‘കിച്‌ന ഒരു റോഡ് കഥ’യില്‍ വിവാഹപൂര്‍വലൈംഗികത, സ്വതന്ത്രലൈംഗികത എന്നിവയെ ഭരണകൂടം അടിച്ചമര്‍ത്തുന്നു എന്ന് കാണാന്‍ സാധിക്കും. കിച്‌നയുമായി ശാരീരികബന്ധത്തിനെത്തുന്ന ധരംസിങ്, ഭീംറെഡ്ഡി, നക്കിസഹല്‍ എന്നിവരെയാണ് മാവോബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അര്‍ജ്ജുന്‍ മഹാതോയും കിഷനും മാത്രമേ ഈ കഥയില്‍ മാവോയിസ്റ്റുകള്‍ എന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളു. കിച്‌നയെ ലൈംഗികമായി ഉപയോഗിക്കാന്‍ കഴിയാതിരുന്ന അയല്‍ക്കാരന്‍ ലാലാ അഗര്‍വാളിന്റെ അസൂയയാണ് അവളെയും കാമുകരെയും പോലീസ് പിടിയിലാക്കിയത്. ലാലയെ അവള്‍ നിരസിച്ചിരുന്നു. താന്‍ ഏതെല്ലാം പുരുഷന്മാരെ സ്വീകരിക്കണം, നിരസിക്കണം എന്ന കാര്യത്തില്‍ സ്വന്തമായ അഭിപ്രായം ഉള്ളവള്‍ ആയിരുന്നു കിച്‌ന. സ്വന്തം ശരീരത്തിലുള്ള അവളുടെ സ്വയംനിര്‍ണയാവകാശമാണ് ലാലാഅഗര്‍വാളിനെ അസൂയാലുവാക്കിയത്. ”വിവാഹത്തിലൂടെ രൂപപ്പെടുത്തുന്ന കുടുംബത്തിനകത്തെ ലൈംഗികത മാത്രമാണ് നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. അല്ലാത്ത എല്ലാ ലൈംഗികബന്ധങ്ങളും അശ്ലീലവും അനാശാസ്യവുമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ ചട്ടക്കൂടിനകത്തല്ല മനുഷ്യന്റെ ലൈംഗികചോദന എന്നതാണ് യാഥാര്‍ത്ഥ്യം”6 എന്നാല്‍ ഭരണകൂടമാകട്ടെ വിവാഹപൂര്‍വലൈംഗികതയെയും സ്വതന്ത്രലൈംഗികതയെയുമെല്ലാം തങ്ങളുടെ അധികാരമുപയോഗിച്ച് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. വ്യവസ്ഥാപിതമൂല്യങ്ങളും അധീശത്വബന്ധങ്ങളും നിലനിര്‍ത്താന്‍ ലൈംഗികത വിനിയോഗിക്കപ്പെട്ടു. അതോടെ സ്ത്രീയുടെ ലൈംഗികത കരുതലോടെ കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നായി തീര്‍ന്നു. സ്ത്രീ ലൈംഗികതയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ചരിത്രത്തിലെ തുടര്‍ന്നു പോരുന്ന ഒരു അദ്ധ്യായമായി മാറി.
‘കിച്‌ന ഒരു റോഡ് കഥ’യില്‍ സ്വപ്രത്യയസ്ഥൈര്യമുള്ള ഒരു സ്ത്രീയായി കിച്‌ന എന്ന കഥാപാത്രത്തെ കാണാം. തന്റെ ശരീരത്തില്‍ സ്വയം നിര്‍ണയാവകാശം പുലര്‍ത്തുന്ന സ്ത്രീയാണ് അവള്‍. കിച്‌ന ഉപജീവനത്തിനായി ശരീരം വില്‍ക്കുമ്പോഴും ഇഷ്ടമില്ലാത്തവരെ സ്വീകരിക്കുന്നില്ല. തന്നെ സമീപിക്കുന്നവരുമായി ഹൃദ്യമായ ഒരു ബന്ധം സൂക്ഷിക്കുന്നുണ്ട് അവള്‍. ശാരീരികവേഴ്ചയ്ക്കു മാത്രം അവളെ സമീപിക്കുന്നവരല്ല കാമുകരില്‍ പലരും. ധരംസിങിന് കെട്ടിപ്പിടിച്ച് കിടന്നാല്‍ മാത്രം മതി. ഭീംറെഡ്ഡിക്ക് കൈകാലുകള്‍ തഴുകിയാല്‍ മതി. ഇങ്ങനെ തന്റെ ഓരോബന്ധത്തിന്റെയും സവിശേഷതകതകളെ കുറിച്ച് കിച്‌ന തന്നെ പറയുന്നുണ്ട്. എന്നാല്‍ കോത്തിയുടെ അയല്‍ക്കാരനായ ലാലയോട് അവള്‍ക്ക് മമതയില്ല. അതുകൊണ്ടാണ് അവള്‍ അയാളെ നിരസിക്കുന്നതും. അര്‍ജ്ജുന്‍ മഹാതോയുടെ പെണ്ണ് എന്ന് കോത്തി അവളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും സ്വതന്ത്രമായ ഒരുജീവിതമാണ് കിച്‌ന നയിച്ചിരുന്നതെന്ന് കഥയില്‍ നിന്ന് മനസ്സിലാക്കാം. കോത്തിയായ റസ്സൂലന്‍ബായിയുടെ പ്രേരണ കൊണ്ടല്ല അവള്‍ പുരുഷന്‍മാരെ സ്വീകരിച്ചു തുടങ്ങിയത്. അര്‍ജ്ജുന്‍ കൃഷ്ണയെ റസൂലന്‍ബായിയെ ഏല്‍പ്പിച്ചിട്ടാണ് പോയത്. എന്നാല്‍ ഒന്നരവര്‍ഷമായിട്ടും അവനെ കാണാതായപ്പോള്‍ മറ്റൊരാളുടെ ചെലവില്‍ ദീര്‍ഘനാള്‍ കഴിയുന്നത് അനുചിതമായി കിച്‌നയ്ക്ക് തോന്നി. അതിനാലാണ് അവള്‍ വേശ്യാവൃത്തി സ്വീകരിച്ചത്. എന്നാല്‍ മഹാഭാരതത്തിലെ ദ്രൗപതി അവളുടെ ആഗ്രഹപ്രകാരമല്ല അഞ്ച് പുരുഷന്മാരുടെ വധുവായത്. ഇതിഹാസത്തിലെ കൃഷ്ണയും എന്‍.എസ് മാധവന്റെ കൃഷ്ണയും തമ്മിലുളള ഈ അന്തരം ശ്രദ്ധേയമാണ്.
ഭാരതത്തില്‍ ജീവിക്കുന്ന ഏത് പൗരനും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാല്‍ എല്ലാ പൗരന്‍മാര്‍ക്കും ഇത് ലഭ്യമാകുന്നുണ്ടോ എന്ന് ഈ കാലഘട്ടത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. ”അടിയന്തരാവസ്ഥയില്‍ ഭരണഘടന ജനാധിപത്യത്തെ നിശ്ശബ്ദമാക്കാനാണ് ഉപയോഗിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ ജനാധിപത്യം ഭരണഘടനയെ അസാധുവാക്കാന്‍ ശ്രമിക്കുന്നു. ‘മതേതരത്വം’ എന്ന സുപ്രധാനമായ അടിസ്ഥാനതത്വം ഒഴിവാക്കിക്കൊണ്ട് ഭരണഘടനയെക്കുറിച്ച് പരസ്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ഒരു സര്‍ക്കാര്‍ ആണ് നമ്മെ ഭരിക്കുന്നത്”7 എന്ന് കവിയും വിമര്‍ശകനുമായ സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നത് അര്‍ത്ഥവത്താണ്. എല്ലാ കാലത്തും സര്‍വാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തിന്റെ ഇരകള്‍ മത-ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, സ്വതന്ത്രചിന്തകര്‍, എഴുത്തുകാര്‍, ചരിത്രകാരന്‍മാര്‍, കലാകാരന്‍മാര്‍ എന്നിവര്‍ തന്നെയാണ്. കല്‍ബുര്‍ഗിയെയും ഗോവിന്ദ്പന്‍സാരെയെയും പോലുളള സ്വതന്ത്രചിന്തകര്‍ വധിക്കപ്പെട്ടു. ‘കിച്‌ന ഒരു റോഡ് കഥ’യില്‍ സ്ത്രീയായ കൃഷ്ണ തടവിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ക്രൂരമായ മനുഷ്യാവകാശലംഘനം ഇവിടെ കാണാം. കസ്റ്റഡിയില്‍ എടുത്തത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കുക, വിചാരണ ചെയ്യാതെ വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിക്കുക തുടങ്ങിയ മനുഷ്യാവകാശലംഘനങ്ങള്‍ ഇന്ത്യയില്‍ ധാരാളം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ‘കിച്‌ന ഒരു റോഡ് കഥ’ വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന, മനുഷ്യാവകാശങ്ങളെ കാറ്റില്‍ പറത്തുന്ന, ഭരണഘടനാപരമായ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന, ന്യൂനപക്ഷത്തിന്റെ വികാരങ്ങളെ അവഗണിക്കുന്ന, വിവാഹപൂര്‍വ്വലൈംഗികതയെയും ബഹുലൈംഗികതയെയും അടിച്ചമര്‍ത്തുന്ന, സ്ത്രീകളെ അടിമകള്‍ക്ക് തുല്യം കണക്കാക്കുന്ന, ജനാധിപത്യത്തിന്റെ മൂടുപടം അണിഞ്ഞ ഒരു ഫാസിസ്റ്റ് ഭരണവ്യവസ്ഥയെ തുറന്ന് കാണിക്കുന്നു. തങ്ങളെ വിമര്‍ശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയുമെല്ലാം അത് നക്‌സലൈറ്റുകളോ മാവോയിസ്റ്റുകളോ ആരുമായിക്കൊള്ളട്ടെ, ദേശദ്രോഹത്തിന്റെ മുദ്ര ചാര്‍ത്തി പീഡിപ്പിക്കുന്നവരായി ഭരണകൂടം മാറിയിരിക്കുന്നു. ജനാധിപത്യം എന്ന പേരില്‍ സ്വേച്ഛാധിപത്യം വാഴുമ്പോള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ പൗരന് നഷ്ടമാകുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ‘കിച്‌ന ഒരു റോഡ് കഥ’.
________________ 

1. കാരശ്ശേരി.എം. എന്‍, 2016, സഹിഷ്ണുതയും സംസ്‌കാരവും, എഴുത്ത് മാസിക, മാര്‍ച്ച് ലക്കം, പുറം 25.
2. വെട്ടംമാണി, 2010, ലഘുപുരാണ നിഘണ്ടു, എസ് പി സി എസ്, കോട്ടയം, പുറം.398
3. മാധവന്‍ എന്‍.എസ്, 2014, കിച്‌ന ഒരു റോഡ് കഥ, പഞ്ചകന്യകകള്‍, ഡി സി ബുക്‌സ്, കോട്ടയം, പുറം 32.
4. മാധവന്‍ എന്‍. എസ്, 2015, ഫാസിസത്തിന്റെ കാലത്ത് ഏകാന്തതയും പ്രതിരോധമാണ്, ദേശാഭിമാനി വാരിക, നവംബര്‍ 1 ലക്കം, പുറം 45
5. പ്രഭാകരന്‍ മാസ്റ്റര്‍, 2006, ഓര്‍മകളിലെ ആളുന്ന തീ, അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പുസ്തകം, എഡിറ്റര്‍ ഷാനവാസ് എം. എ, പ്രണതബുക്‌സ്, കൊച്ചി.
6. ജ്യോതി നാരായണന്‍, 2014, ആധുനിക സമൂഹത്തിലെ ലൈംഗികത ആശങ്കകളും പ്രതീക്ഷകളും, സംഘടിത മാസിക, ജനുവരി ലക്കം
7. സച്ചിദാനന്ദന്‍, 2016, ഇന്ത്യ ഫാസിസത്തിന്റെ പടിവാതിലില്‍, ശാസ്ത്രഗതിമാസിക, കേരളശാസ്ത്ര സാഹിത്യ പരിഷത്ത്, ഫെബ്രുവരി ലക്കം, പുറം 10.

Top