ഒഴിവുദിവസത്തെ കളിയിലെ ജാതി രാഷ്ട്രീയം

ഒഴിവുദിവസത്തെ കളിയിലെ സൂക്ഷ്മമായ രാഷ്ട്രീയം അധികാരത്തിന്റെ ശ്രേണീവല്‍കരണത്തെയും, ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഇന്ത്യയിലെ ഭരണവര്‍ഗത്തിലൂടെ ബ്രാഹ്മണന്‍ തങ്ങളുടെ ആശയസംഹിതകളാണ് എക്കാലത്തും നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അധികാരശ്രേണിയില്‍ ഏറ്റവും താഴെയുള്ള അധ:കൃതമായ ദാസന് വധശിക്ഷയാണ് കളിയിലെ രാജാവ് വിധിച്ചത്. താന്‍ ഒരു ട്യൂഷ്യന്‍ മാസ്റ്ററാണെന്നും കുട്ടികളെ പഠിപ്പിക്കലാണ് തന്റെ ജോലി എന്നും ദാസന്‍ പറയുന്നുണ്ട്. എങ്കിലും ക്രൂരമായ വധശിക്ഷയ്ക്കാണ് തന്നെയാണ് അയാള്‍ വിധിക്കപ്പെട്ടത്. ഒരു അധ:കൃതമായ ദാസന്‍ വിദ്യഭ്യാസം നേടിയതും, കുട്ടികള്‍ക്ക് ട്യൂഷ്യന്‍ എടുക്കുന്നതും എല്ലാം ബ്രാഹ്മണത്തിന്റെ കണ്ണില്‍ തെറ്റാണ് , ചേറില്‍ പണിയെടുക്കേണ്ട കീഴാളന്‍ അക്ഷരമഭ്യസിക്കുന്നത് തന്നെ ബ്രാഹ്മണ്യത്തിനെതിരായുള്ള വെല്ലുവിളിയായിട്ടാണ് അവര്‍ കാണുന്നത്, അത് കൂടാതെ ബ്രാഹ്മണ്യത്തിന്റെ അധികാരം ദളിതര്‍ കവര്‍ന്നെടുക്കും എന്നും സ്വത്ത് സാധാരണജനങ്ങള്‍ പങ്കിടും എന്നും കീഴാളര്‍ അധികാരത്തിലേറും എന്നുമുള്ള ഭയങ്ങളാല്‍ ബ്രാഹ്മണ്യം കീഴാളരെ നിരന്തരം അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്നു.

ആധുനികാനന്തരമലയാളചെറുകഥയില്‍ കളി ഒരു ബിംബമായി പ്രവര്‍ത്തിക്കുന്നതിന് ധാരാളം കളി ഒരു ബിംബമായി പ്രവര്‍ത്തിക്കുന്നതിന് ധാരാളം മാതൃകകള്‍ ഉണ്ട്. എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ക്രീഡാലോലം , വിനു എബ്രഹാമിന്റെ ഗബ്രിയേല, സബാറ്റിനി ജീവിതം എഴുതുമ്പോള്‍,  ആര്‍ ഉണ്ണിയുടെ ഒഴിവു ദിവസത്തെ കളി എന്നിവ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം ഇതില്‍ ആര്‍ ഉണ്ണിയുടെ ഒഴിവുദിവസത്തെ കളി എന്ന കഥ പ്രതിനിധ്യസ്വഭാവം കണക്കിലെടുത്ത് അപഗ്രഥിക്കുന്നു.

  • ആഖ്യാനവിശകലനം –

ഉണ്ണി ആറിന്റെ ഒഴിവു ദിവസത്തെ കളി അവസാനനിമിഷം വരെ ആകാക്ഷ നിലനിര്‍ത്തുന്ന ഉദ്വേഗഭരിതമായ രചനയാണ്. ഒഴിവുദിവസത്തെ ഒരു കളി എന്നമട്ടില്‍ തുടങ്ങുന്ന ആഖ്യാനം അവസാനിക്കുമ്പോഴാണ് അതൊരു കൊലപാതകമായിരുന്നു എന്ന് അനുവാചകര്‍ക്ക് മനസ്സിലാവുന്നത്. ഈ കൊലപാതകകഥയെ ഒരു കളി എന്ന നിലയില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ ആഖ്യാനരീതിയാണ് ഈ കഥയെ ശ്രദ്ധേയമാക്കുന്നത്.

കഥയുടെ ഫാബുല വളരെ ലളിതമാണ്. ഫാബുല  സംഭവങ്ങളുടെ  ഒരു  സമുച്ചയമാണ്. ഈസംഭവങ്ങള്‍  യഥാര്‍ത്ഥലോകത്ത് നടക്കുന്നതായി  അനുമാനിക്കപ്പെടുന്നു. ഇവ കഥയുടെ  അസംസ്‌കൃതവസ്തുക്കളാണ്.’1 മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കൊല ചെയ്യുന്നു. എന്നാല്‍ വ്യവഹാരവിശകലനത്തിലൂടെ മാത്രമേ ആഖ്യാനത്തിന്റെ സവിശേഷതകള്‍ കണ്ടെത്താനാവൂ.

‘ഡെക്കാമറണ്‍ കഥയിലെ പ്ലേഗില്‍ നിന്ന് രക്ഷ തേടിയെത്തിയവരെ പോലെ’ ജോലിയുടെ വിരസതയില്‍ നിന്ന് രക്ഷ നേടി ധര്‍മപാലനും, അശോകനും, വിനയനും, ദാസനും, ആഞായറാഴ്ചയും നന്ദാവനം ലോഡ്ജിലെ എഴുപതാം നമ്പര്‍ മുറിയില്‍ ഒരു കുപ്പി മദ്യത്തിന് ചുറ്റും ഒത്തു കൂടുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പ്രഥമദൃഷ്ടിയില്‍ ജോലിയുടെ വിരസത കാണിക്കാനുളള നിര്‍ദോഷമായ ഒരു ഉപമയായിട്ടേ അത് തോന്നുകയുള്ളൂ (എന്നാല്‍ കഥാന്ത്യത്തിലാണ് അതിന്റെ യഥാര്‍ത്ഥവിവക്ഷ മനസ്സിലാകുന്നത്.) സാധാരണ ഇവര്‍ തമ്മിലുളള ദൈനംദിനസംഭാഷണങ്ങള്‍ വേണ്ടന്നു വച്ച് ഏതെങ്കിലും കഥ പറയുകയോ, അല്ലെങ്കില്‍ കളിക്കുകയോ ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുന്നു. എല്ലാം കാണുന്ന ആഖ്യാതാവിന്റെ വിവരണത്തില്‍ നിന്ന് ആഖ്യാതാവ് എല്ലാം കാണുകയും എന്നാല്‍ അദൃശ്യനായി നില്‍കുകയും ചെയ്യുന്ന കഥാപാത്രസംഭാഷണങ്ങളിലേക്ക് ആഖ്യാനം മാറുന്നു.

നാലുപേരും കൂടി കള്ളനും പോലീസും കളിക്കാമെന്ന് തീരുമാനിക്കുന്നു. കളിയുടെ നിയമങ്ങള്‍ എല്ലാം ധര്‍മ്മപാലനാണ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നത്. മദ്യപാനത്തിനിടയില്‍ നാല് കടലാസ് തുണ്ടുകളില്‍ രാജാവ്, മന്ത്രി, പോലീസ്, കള്ളന്‍ എന്നീ പേരുകള്‍ എഴുതിയിടുകയും ഓരോരുത്തരും ഓരോ തുണ്ടുകള്‍ എടുക്കുകയും ചെയ്യുന്നു. കളളന്‍ ആരെന്ന് കണ്ടെത്തി അവനെ വിചാരണ ചെയ്യലാണ് കളി. കൂട്ടത്തില്‍ അശോകന്‍ എന്ന പത്രപ്രവര്‍ത്തകനാണ് പോലീസ് എന്ന തുണ്ട് കിട്ടിയത്. ഇവിടെ വച്ച് കഥ സംഭാഷണരൂപത്തിലേക്ക് മാറുന്നു. കഥാകാലവും ആഖ്യാനകാലവും തമ്മിലുളള അകലം കുറയുന്നു. താനാണ് പോലീസ് എന്ന് പറയുന്ന അശോകന്‍ കള്ളനെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് പിന്നീടുളള ഭാഗം കളളന്‍ ധര്‍മ്മപാലനാണെന്നും , വിനയനാണെന്നും തെറ്റിച്ച് പറഞ്ഞതിന് അശോകന് പിഴ ആയി ഒരു തുക വയ്‌ക്കേണ്ടി വന്നു. അവസാനത്തെ ആളായ ദാസനാണ് കളളനെന്ന് ഒടുവില്‍ അശോകന്‍ പറയുന്നു. രാജാവായ ധര്‍മ്മപാലനോട് കള്ളന്‍ കൊട്ടാരം കൊള്ളയടിക്കുമെന്നും രാജാവിനെയും മന്ത്രിയെയും നാട് കടത്തുമെന്നും അയാള്‍ വീമ്പിളക്കിയെന്നും പറയുമ്പോള്‍ ധര്‍മ്മപാലന്‍ കന്റെ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റ് ദാസിന്റെ മുഖം നോക്കി ഒരു ചവിട്ട് കൊടുത്തു ഇവിടെയും ഇതൊരു കളിയാണ് എന്ന പ്രതീതി തന്നെയാണ് വായനക്കാരന് തോന്നുന്നത്. താന്തോന്നിത്തം പറഞ്ഞ് നടക്കുന്നവരെ ശിക്ഷിക്കേണ്ടത് രാജാവ് എന്ന നിലയില്‍ തന്റെ ചുമതലയാണെന്ന് ധര്‍മ്മപാലന്‍ പറഞ്ഞു. നിലത്തുവീണു കിടന്ന ദാസ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ധര്‍മ്മപാലന്‍ ഒരു ചവിട്ട് കൂടി കൊടുത്തിട്ട് ‘എടാ കള്ളാ, നീ എന്റെ അന്തപ്പുരം കൊള്ളയടിക്കുമെന്നും ഞങ്ങളെ നാടു കടത്തുമെന്നും പറഞ്ഞു അല്ലെ’ എന്ന് ചോദിക്കുന്നു.

അപ്പോള്‍ കഥ ദാസിന്റെ വീക്ഷണകോണിലേക്കു മാറുന്നു.  ‘മൂന്ന് പെഗ്ഗിന്റെ പൊയ്ക്കാലില്‍ ഊന്നി നില്‍ക്കുന്ന തലച്ചോറിലപ്പോള്‍ ധര്‍മ്മപാലന്‍ ചവിട്ടുനാടകത്തിലെ പോലെ കാലുകകളുയര്‍ത്തി രാജാവിനെ പോലെ വേഷം കെട്ടി നില്‍ക്കുന്നത് കണ്ട് ദാസിന് ചിരി വന്നു: ‘ഞാനൊരു ട്യൂഷന്‍ മാസ്റ്ററാണ്. കുട്ടികളെ പഠിപ്പിക്കുകയാണ് ജോലി. ദാസിനെ സംബന്ധിച്ച് ഇത് കേവലം വിനോദം മാത്രമാണെന്നാണ് അയാള്‍ ധരിക്കുന്നതെന്ന് ഇതില്‍ നിന്ന് സ്പഷ്ടമാണ്.രാജാവായി നടിക്കുന്ന ധര്‍മ്മപാലന്‍ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റാന്‍ വിധിക്കുന്നു. ഇത് കേട്ട ദാസിനെ അശോകന്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടു വന്ന ചാക്ക് ചരട് അഴിച്ച് തൂക്കുകയര്‍ ആക്കാന്‍ ശ്രമിക്കുന്നു. ഇവിടെയെല്ലാം കളിമട്ട് വളരെ പ്രകടമാണ്. എന്നാല്‍ ധര്‍മ്മപാലന്‍ ഇത് കേവലം കോമാളിക്കളിയാണെന്ന് ആക്ഷേപിച്ച് അതിലും കട്ടിയുളള ചരടില്ലേ എന്ന് അന്വേഷിക്കുന്നു. മറ്റു രണ്ടു പേരും ആ ചരട് മാത്രമേ അവിടെയുള്ളു എന്ന് പറയുന്നു.ഇവിടെ വരെ മദ്യപിച്ച് വിനോദത്തില്‍  ഏര്‍പ്പെടുന്നവരുടെ ചെയ്തികള്‍ എന്ന നിലയ്ക്കാണ് ആഖ്യാനം മുന്നോട്ടു പോയിരുന്നത്.

എന്നാല്‍ കഥയുടെ അവസാനഖണ്ഡികയില്‍ എത്തുമ്പോള്‍ കളിമട്ട് അപ്രത്യക്ഷമാക്കുകയും ആഖ്യാനം ഗൗരവപൂര്‍ണമാക്കുകയും ചെയ്യുന്നു

‘ധര്‍മ്മപാലന്‍ ദാസിനെ നോക്കി. പിന്നെ, മദ്യക്കുപ്പിയുടെ കഴുത്തില്‍ അയാളുടെ കൈ മുറുകി. വായുവിലൂടെ ആ കുപ്പി വീശിയെടുത്ത് മേശയില്‍ അടിച്ചു .വലിയൊരു ശബ്ദത്തിലത് പൊട്ടിത്തെറിച്ചു. വല്ലാത്തൊരാവേശത്തില്‍ ധര്‍മ്മപാലന്‍ പൊട്ടിയ കുപ്പിയുമായി ദാസിനു നേരെ കുതിച്ചു. വയറ്റിലേക്ക് ആഴ്ന്നിറങ്ങിയ കുപ്പിയുമായി കണ്ണുകള്‍ മിഴിച്ച് ദാസ് നിലത്തേക്ക് ഊര്‍ന്നിറങ്ങി. കള്ളനും പോലീസും കളിക്കു ശേഷം അടുത്ത ഒഴിവുദിവസം വരേക്ക് നന്ദാവനം ലോഡ്ജിലെ എഴുപതാം നമ്പര്‍ മുറി അടച്ചു’

ഇവിടെ അപ്രതീക്ഷിതമായി ഒരു കൊലപാതകം നടക്കുന്നു. എന്നാല്‍ ആ മരണത്തിനോട് വൈകാരികമായ ഒരു പ്രതികരണവും ആഖ്യാതാവ് രേഖപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ദാസിന്റെ മരണം റിപ്പോര്‍ട്ടിംഗ് ശൈലിയില്‍ ആഖ്യാനം ചെയ്തതിനു ശേഷമുളള വരി ലോഡ്ജിലെ മുറി അടുത്ത ഒഴിവുദിവസം വരേക്ക് അടച്ചു എന്നാണ് ഇത്തരത്തിലുളള വൈകാരികമായ അകല്‍ച്ച പുലര്‍ത്തുന്ന രീതിയും, കളിമട്ടിലുളള ആഖ്യാനവും  ആധുനികോത്തരതയുടെ സവിശേഷതയാണെന്ന് പറയാം ദൃശ്യമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് ശൈലിയാണ് ദാസിന്റെ മരണരംഗം ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. വസ്തുനിഷ്ഠത ഈ ആഖ്യാനശൈലിയുടെ സവിശേഷതയാണ്. കഥയിലാകട്ടെ മറ്റ് കഥാപാത്രങ്ങളുടെ വൈകാരികപ്രതികരണങ്ങള്‍ പോലും ആഖ്യാതാവ് വെളിപ്പെടുത്തുന്നില്ല.

_____________________________________
മണ്ണ് ജീവിച്ചു തീര്‍ക്കേണ്ട നരകവും വിണ്ണ്  പൊരുതി നേടേണ്ട  സ്വര്‍ഗവുമാകുന്നു ഈ വ്യവഹാരത്തിന്റെ  തുടര്‍ച്ചയായ  നവമധ്യവര്‍ഗസാമാന്യബോധം ഇപ്പോഴും ദളിതരെ  മനുഷ്യരായി അംഗീകരിക്കുവാന്‍ വിമുഖമാണെന്ന് സാരം. ഇന്ന് ജാതിയുടെ പേരില്‍ ദളിതന് അയിത്തം കല്‍പിക്കുന്ന സാമൂഹ്യാവസ്ഥ പ്രത്യക്ഷത്തില്‍ കേരളത്തില്‍ ഇല്ലെങ്കിലും , പരോക്ഷമായി  ജാതീയതരുടെ അടിവേരുകള്‍  ശക്തമായി  ഇവിടെ വ്യാപിച്ചിട്ടുണ്ടെന്ന് ചില സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണനും  ക്ഷത്രിയനും , വൈശ്യനുമെല്ലാം  ചേര്‍ന്ന  അധികാരവ്യവസ്ഥ തന്ത്രപൂര്‍വം  എങ്ങനെ കീഴാളരെ  നിഷ്‌കാസനം ചെയ്യുന്നു  എന്നതിന്റെ ഉത്തരമാണ് ഉണ്ണി.  ആറിന്റെ ഒഴിവുദിവസത്തെ കളി.
_____________________________________

ഒരാള്‍ കുത്തേറ്റ് മരിക്കുന്നത് കണ്ട മറ്റ് സുഹൃത്തുക്കളുടെ പ്രതികരണങ്ങള്‍ ഈ കഥയില്‍ കാണാന്‍ സാധിക്കുന്നില്ല. ‘ദുരന്തങ്ങളും സ്വകാര്യനിമിഷങ്ങളുമെല്ലാം മറ്റുളളവര്‍ക്ക് ഇതുമായി രസിക്കാവുന്ന വിഷയങ്ങളായി മാറുന്നു. ഓരോ പ്രഭാതത്തിലും കണ്ട് ബന്ധപ്പെട്ട ദുരന്തങ്ങള്‍ നാം അറിയുകയാണ്. അരും കൊലകള്‍ ഒരു ചലച്ചിത്രരംഗം പോലെ ആസ്വദിക്കുന്ന സമൂഹം നിര്‍വ്വികാരതയോടെ എല്ലാദൃശ്യങ്ങളും ഏറ്റുവാങ്ങുകയാണ്.’  ഇത്തരം ഒരു അറും കൊലയാണ് ഒഴിവുദിവസത്തെ കളിയിലൂടെ ഉണ്ണി. ആര്‍. ആവിഷ്‌കരിക്കുന്നത്. കളി എന്നത് ഇവിടെ പുതിയ രീതിയില്‍ വായിക്കാം. കളിയുടെ മട്ടില്‍ ഒരു കൊലപാതകത്തെ ആവിഷ്‌കരിക്കുന്നതാണ് ഈ കഥയുടെ ആഖ്യാനപരമായ മേന്‍മ.

  • അധികാരത്തിന്റെ    ശ്രേണീവല്‍ക്കരണം

ഒഴിവുദിവസത്തെ   കളിയിലെ   സൂക്ഷ്മമായ രാഷ്ട്രീയം  അധികാരത്തിന്റെ   ശ്രേണീവല്‍കരണത്തെയും, ജാതിയുടെ  പേരിലുള്ള  ഉച്ചനീചത്വങ്ങളെയും  വെളിവാക്കുന്നു. ഇന്ത്യയിലെ ഭരണവര്‍ഗത്തിലൂടെ  ബ്രാഹ്മണന്‍  തങ്ങളുടെ  ആശയസംഹിതകളാണ്  എക്കാലത്തും നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ അധ; കൃതവര്‍ഗ്ഗത്തില്‍പ്പെട്ട  സാധാരണമനുഷ്യര്‍  ഇത്രത്തോളം  പതിതരും, ഹതാശരും തരംതാഴ്ന്നവരും  ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണമായും  ബ്രാഹ്മണരും  അവരുടെ ദര്‍ശനവുമാണെന്ന്  ഡോ ; ബി. ആര്‍ . അംബ്‌ദേകര്‍ വിലയിരുത്തുന്നുണ്ട്. ‘ ബ്രാഹ്മണമതത്തിന്റെ  അടിസ്ഥാനപരമായ ദാര്‍ശനികതത്വങ്ങള്‍ ഇവയാണ്. (1)  വിവിധ  വര്‍ഗങ്ങള്‍ക്കു തമ്മില്‍ ഗണവല്‍കൃതമായ  അസമത്വം  ( 2 )  ശൂദ്രര്‍ക്കും  അയിത്തജാതിക്കാര്‍ക്കും  സമ്പൂര്‍ണമായ നിരായുധവല്‍കരണം  ( 3 )  ശ്രൂദര്‍ക്കും  അയിത്തജാതിക്കാര്‍ക്കും പൂര്‍ണമായ വിദ്യാഭ്യാസവിലക്ക്.  ( 4 )  ശൂദ്രര്‍ക്കും  അയിത്തജാതിക്കാര്‍ക്കും  അധികാരസ്ഥാനമേല്‍ക്കുന്നതിനുള്ള  വിദ്യാഭ്യാസ വിലക്ക്  (5) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും  ധനാര്‍ജനത്തിനുള്ള പൂര്‍ണ്ണമായ വിലക്ക്  (6)  സ്ത്രീകളും പൂര്‍ണമായ  വിധേയത്വവും  അടിച്ചമര്‍ത്തലും’2 . കീഴാളവര്‍ഗങ്ങള്‍  സമത്വത്തിന്  ആഗ്രഹിച്ചാല്‍ അവരെ നിര്‍ഭയം അടിച്ചമര്‍ത്തുക  എന്നത്  ബ്രാഹ്മണ്യത്തിന്റെ  കര്‍ത്തവ്യമായി അവര്‍ കരുതി.  ഒഴിവുദിവസത്തെ  കളിയിലെ  കൊലപാതകത്തിനു  പിന്നിലുള്ള ചേതോവികാരം  ഇതു തന്നെയാണ്. കളിയില്‍ രാജാവിന്റെ  നറുക്ക് വീണ ധര്‍മ്മപാലന്‍ ബ്രാഹ്മണന്‍ ആണെന്ന്   കഥയില്‍ സൂചനയുണ്ട്. അധികാരശ്രേണിയില്‍  ഏറ്റവും ഉന്നതസ്ഥാനത്ത് നില്‍ക്കുന്ന  ബ്രാഹ്മണ്യത്തിന്റെ  വക്താവാണ് അയാള്‍ , ബ്രാഹ്മണര്‍ക്കു തൊട്ടുതാഴെ  അധികാരശ്രേണിയില്‍  നില്‍ക്കുന്നവരാണ്  ക്ഷത്രിയര്‍, ഈ കഥയിലെ വിനയനാകട്ടെ തന്റെ  മുത്തശ്ശന്‍ ബ്രാഹ്മണനാണെന്നുപറഞ്ഞ്  അദൃശ്യമായ ഒരു പൂണൂലുകൊണ്ട് ധര്‍മ്മപാലന്റെ  സൗഹൃദത്തെ ബലപ്പെടുത്തുന്നവനാണ് . കളിയില്‍ മന്ത്രിയുടെ നറുക്കായിരുന്നു വിനയന് കിട്ടിയത്.  മന്ത്രിക്കുതാഴെയുള്ള  അധികാരശ്രേണിയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് പോലീസ്. അശോകന്‍ എന്ന കഥാപാത്രത്തിനാകട്ടെ   പോലീസിന്റെ  നറുക്കാണ്കിട്ടിയത്. അയാളാകട്ടെ ദാസന്‍ എന്ന ട്യൂഷന്‍ മാസ്റ്റര്‍ക്കാണ് കള്ളന്റെ  നറുക്ക് കിട്ടിയതെന്ന്  അവസാനം  കണ്ടെത്തുന്നു. കൊട്ടാരം കൊള്ളയടിക്കും എന്നും , ധനധാന്യങ്ങള്‍  ജനങ്ങള്‍ക്ക് വീതിച്ചുകൊടുക്കുമെന്നും  കൈക്കൂലിക്കാരും , ധൂര്‍ത്തന്മാരുമായ  രാജാവിനെയും മന്ത്രിമാരെയും  നാടുകടത്തുമെന്നും , താഴ്ന്നജാതിക്കാര്‍  ഈ രാജ്യം ഭരിക്കുമെന്നും  പറഞ്ഞതാണ് കള്ളന്‍ ചെയ്ത കുറ്റം. അധികാരശ്രേണിയില്‍ ഏറ്റവും  താഴെയുള്ള  അധ:കൃതമായ  ദാസന് വധശിക്ഷയാണ്  കളിയിലെ  രാജാവ്  വിധിച്ചത്. താന്‍ ഒരു ട്യൂഷ്യന്‍ മാസ്റ്ററാണെന്നും  കുട്ടികളെ പഠിപ്പിക്കലാണ്  തന്റെ ജോലി എന്നും ദാസന്‍ പറയുന്നുണ്ട്.  എങ്കിലും  ക്രൂരമായ വധശിക്ഷയ്ക്കാണ്  തന്നെയാണ്  അയാള്‍ വിധിക്കപ്പെട്ടത്. ഒരു അധ:കൃതമായ ദാസന്‍ വിദ്യഭ്യാസം നേടിയതും, കുട്ടികള്‍ക്ക് ട്യൂഷ്യന്‍  എടുക്കുന്നതും  എല്ലാം ബ്രാഹ്മണത്തിന്റെ  കണ്ണില്‍ തെറ്റാണ് , ചേറില്‍ പണിയെടുക്കേണ്ട കീഴാളന്‍  അക്ഷരമഭ്യസിക്കുന്നത്  തന്നെ ബ്രാഹ്മണ്യത്തിനെതിരായുള്ള  വെല്ലുവിളിയായിട്ടാണ്  അവര്‍ കാണുന്നത്, അത് കൂടാതെ ബ്രാഹ്മണ്യത്തിന്റെ അധികാരം ദളിതര്‍ കവര്‍ന്നെടുക്കും  എന്നും സ്വത്ത് സാധാരണജനങ്ങള്‍ പങ്കിടും എന്നും കീഴാളര്‍ അധികാരത്തിലേറും എന്നുമുള്ള  ഭയങ്ങളാല്‍  ബ്രാഹ്മണ്യം കീഴാളരെ നിരന്തരം  അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്നു.

കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ  തുടക്കത്തില്‍  രൂപം കൊണ്ട  നവോത്ഥാന സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍  അടിത്തട്ടിലെ ജനതകളിള്‍  നിന്നും തുടങ്ങുകയും  അവര്‍ണരുടെ  സൗദ്ധികനേതൃത്വത്തില്‍  വളരുകയും  ചെയ്തു, എന്നാല്‍  പണ്ഡിറ്റ് കറുപ്പനെ പോലുള്ള കീഴാളനവോത്ഥാന കര്‍തൃത്വങ്ങളെ  ജാതിയുടെ  പേരില്‍  ആക്ഷേപിക്കാനാണ്  സവര്‍ണസമുദായങ്ങളില്‍ ഉള്ള പല നിരൂപകരും ശ്രമിച്ചത്. ഈ കാലഘട്ടത്തിലും  ദളിതരെ  അംഗീകരിക്കാന്‍ പലരും വൈമനസ്യം കാണിക്കുന്നു. ‘നെല്ലുത്പാദിപ്പിക്കുന്നവന്‍  നിന്ദ്യനും ഫലമുണ്ണുന്നവന്‍ മാന്യനുമായി  മാറുന്നത് ശാരീരികാധ്വാനം പരിഹാസ്യമായിത്തീര്‍ന്ന ജാതി – ജന്മിഘടനയിലാണ്. മണ്ണ് ജീവിച്ചു തീര്‍ക്കേണ്ട നരകവും വിണ്ണ്  പൊരുതി നേടേണ്ട  സ്വര്‍ഗവുമാകുന്നു ഈ വ്യവഹാരത്തിന്റെ  തുടര്‍ച്ചയായ  നവമധ്യവര്‍ഗസാമാന്യബോധം ഇപ്പോഴും ദളിതരെ  മനുഷ്യരായി അംഗീകരിക്കുവാന്‍ വിമുഖമാണെന്ന് സാരം’3. ഇന്ന് ജാതിയുടെ പേരില്‍ ദളിതന് അയിത്തം കല്‍പിക്കുന്ന സാമൂഹ്യാവസ്ഥ പ്രത്യക്ഷത്തില്‍ കേരളത്തില്‍ ഇല്ലെങ്കിലും , പരോക്ഷമായി  ജാതീയതരുടെ അടിവേരുകള്‍  ശക്തമായി  ഇവിടെ വ്യാപിച്ചിട്ടുണ്ടെന്ന് ചില സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണനും  ക്ഷത്രിയനും , വൈശ്യനുമെല്ലാം  ചേര്‍ന്ന  അധികാരവ്യവസ്ഥ തന്ത്രപൂര്‍വം  എങ്ങനെ കീഴാളരെ  നിഷ്‌കാസനം ചെയ്യുന്നു  എന്നതിന്റെ ഉത്തരമാണ് ഉണ്ണി.  ആറിന്റെ ഒഴിവുദിവസത്തെ കളി.

  • ഗ്രന്ഥസൂചി  :-

1 : – രാധാകൃഷ്ണന്‍, ഡി, 2000, ആഖ്യാനവിജ്ഞാനം, കേരളഭാഷാഇന്‍സ്റ്റിറ്റൂട്ട് , തിരുവനന്തപുരം.
2:- അംബ്‌ദേകര്‍ , അംബ്‌ദേകര്‍  സമ്പൂര്‍ണകൃതികള്‍ ,വാല്യ. 17 . പരിഭാഷ. എന്‍ ആര്‍കുറുപ്പ്  ഡോ : അംബ്‌ദേകര്‍ ഫൗണ്ടേഷന്‍, ന്യൂഡല്‍ഹി , പുറം 62
3:- ശശി കെ .വി ,2009 , കറിവേപ്പിലയുടെ  ഉപമ ദളിത്‌വിരുദ്ധതയുടെ  നവോത്ഥാന/അനന്തരയുക്തികള്‍, ദലിത് തിരിച്ചറിവുകള്‍, വിദ്വാന്‍ പി .ജി . ഗവേഷണകേന്ദ്രം യു.സി  കോളേജ് ആലുവ , പുറം 98

_____________________________________________

Top