വെള്ളപുതച്ച കറുപ്പ്

കരുത്തറിയാത്ത കറുപ്പിന് മേൽ
വഴുക്കിവീണു പോകുന്നതാണ്
വെളുപ്പിന്റെ തുടിപ്പ്കളെന്നു
പുറത്തറിയാൻ
അടുത്ത ആൾക്കുരുതി വരെ
വിയർത്തു ,വിളർത്തു നമുക്ക് കാക്കാം …

ഇരുട്ട് പുലര്ന്നാണ് വെളുപ്പ്‌ വീഴുന്നത് 
തെളിച്ച പാതയിൽ, മുഴച്ച വെളിച്ചങ്ങൾ 
അരിച്ചിറക്കിയത് –
തടിച്ചു തരിച്ച ഇരുളിമയാണു …
ഇരുണ്ട രാവിൽ നിറഞ്ഞ നിലാവിനെ 
കാട്ടിത്തന്നത് 
ചുരുണ്ട് കൂടിയ കരിംകറുപ്പാണ് 
ഇളം വയസിൽ എഴുത്ത് പഠിച്ചത് 
കറുത്ത പുറങ്ങളിലെ 
വെളുത്ത വടിവുകളിലാണ്
വയസു മൂത്ത വാക്കുകൾ
വായിച്ചെടുത്തത് 
വെളുത്ത പുറത്തെ കരുപ്പിലൂടാണ്…
കറുത്ത രാത്രിയിൽ കണ്ട കിനാവാണ് 
വെളുത്തുവിടര്ന്ന നാളുകളേകിയതു 
കറുപ്പാണ് വെളുപ്പിനെ പോറ്റുന്നത്
വെളുപ്പു വെളുപ്പാണെന്നറിഞ്ഞതു 
കറുപ്പിന്റെ കനിവുകൊണ്ടാണ് 
എന്നിട്ടും കറുപ്പിനോടാണ് എനിക്കും 
നിനക്കും അവര്ക്കും വെറുപ്പ്‌ 
കരുത്തറിയാത്ത കറുപ്പിന് മേൽ
വഴുക്കിവീണു പോകുന്നതാണ് 
വെളുപ്പിന്റെ തുടിപ്പ്കളെന്നു 
പുറത്തറിയാൻ 
അടുത്ത ആൾക്കുരുതി വരെ 
വിയർത്തു ,വിളർത്തു നമുക്ക് കാക്കാം …
________________________
2nd ബി.എ .മലയാളം 
മഹാരാജാസ് കോളേജ് ,എറണാകുളം 

Top