ദലിതോത്തരകാലം

എഴുത്തും അച്ചടിയുമായി ബന്ധപ്പെട്ട ദലിതരുടെ ഇടപെടലുകള്‍ക്ക് നൂറിലധികം വര്‍ഷങ്ങളുടെയെങ്കിലും പഴക്കമുണ്ട്. മറ്റുപലതിലുമെന്നപോലെ ഇതിന്റെയും തുടക്കം അയ്യങ്കാളിയില്‍നിന്നായിരുന്നു. 1913ലാണ് ദലിതരുടെ ആദ്യപത്രമായ സാധുജനപരിപാലിനി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്.തൃക്കൊടിത്താനം ചെമ്പുതറ കാളി ചോതിക്കുറുപ്പനായിരുന്നു പത്രാധിപര്‍. സാമൂഹികപരിമിതികളാലും തടസ്സങ്ങളാലും പത്രത്തിന് അധികകാലം മുമ്പോട്ടുപാകാന്‍ കഴിഞ്ഞില്ല. ഏറെത്താമസിയാതെ 1919ല്‍ അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ പി.ജെ.ജോസഫ് സാധുജന ദൂതന്‍ എന്നൊരു മാസിക ആരംഭിച്ചു. 1921ല്‍ പാമ്പാടി ജോണ്‍ ജോസഫ് ചേരമര്‍ മഹാസഭ രൂപീകരിച്ചതോടെ പി.ജെ.ജോസഫ് അദ്ദേഹത്തിന്റെ പക്ഷത്താവുകയും 1923 ല്‍ സാധുജനദൂതന്‍ ചേരമര്‍ദൂതനായിമാറുകയും ചെയ്തു. പി.ജെ.ജോസഫ് ഒരു പത്രാപര്‍ മാത്രമായിരുന്നില്ല. 1924ല്‍ അദ്ദേഹം ഒരു പ്രസ്സ് വിലയ്ക്കുവാങ്ങി. അതാണ് ചേരമര്‍ ദൂതന്‍ പ്രസ്സ്. ഈ പ്രസ്സിലാണ് ജോണ്‍ ജോസഫിന്റെ ‘സവര്‍ണ്ണക്രിസ്ത്യാനികളും അവര്‍ണ്ണക്രിസ്ത്യാനികളും’ എന്ന പുസ്തകം അച്ചടിച്ചത്. അതേതുടര്‍ന്നുണ്ടായ കേസുകളും കടങ്ങളും തീര്‍ക്കാനായി പ്രസ്സ് വില്‍ക്കേണ്ടിവന്നു എന്നത് പില്‍ക്കാലചരിത്രം. അങ്ങനെ ചെറുതും വലുതുമായി, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി എത്രയോ പ്രസാധകശ്രമങ്ങള്‍ ദലിതര്‍ നടത്തിയിരിക്കുന്നു. പക്ഷേ മലയാള സാഹിത്യചരിത്രത്തില്‍ എണ്ണപ്പെട്ട ഒരദ്ധ്യായം അച്ചടിയിലൂടെ എഴുതിചേര്‍ക്കാന്‍ വിവിധ കാരണങ്ങളാല്‍ ദലിതര്‍ക്ക് കഴിഞ്ഞില്ല. ഇവയിലൂടെ മിതമായ സാംസ്‌കാരിക വിഭവമേ ദലിതര്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞുള്ളൂ. ദലിതരോടൊപ്പം ഈ മേഖലയില്‍ തുടക്കംകുറിച്ച ഇതര സാമൂഹികവിഭാഗങ്ങള്‍ എത്തപ്പെട്ട ഉയരങ്ങള്‍ പറയേണ്ടതില്ലല്ലോ. ദീര്‍ഘകാലം നിലനില്‍ക്കുകയോ മുഖ്യധാരയില്‍ ശ്രദ്ധേയമാവുകയോ ചെയ്തില്ലെങ്കിലും സ്വതന്ത്രമായ നിലപാടുകളും വാദങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒട്ടനവധി സമാന്തമാസികകള്‍ പലകാലങ്ങളില്‍ ഉണ്ടാകുന്നുണ്ട്.
കൃത്യമായ തുടര്‍ച്ച അല്ലെങ്കിലും മേല്‍ചൊന്ന വിവിധ സംരംഭങ്ങളോട് ജൈവികമായ അടുപ്പവും കാലാനുസൃതമായ ഭിന്നതയും പുലര്‍ത്തുന്ന കാലത്തിന്റെ (സ്‌പേയിസിന്റെയും) പ്രസിദ്ധീകരണമാണ് ഉത്തരകാലം എന്ന മാഗസിന്‍. ചുരുങ്ങിയകാലംകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി വായനക്കാര്‍ക്കിടയില്‍മികച്ച അഭിപ്രായമുണ്ടാക്കിയെടുക്കാന്‍ ഉത്തരകാലത്തിനു കഴിഞ്ഞിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും ലിംഗപരമായും പ്രാന്തവല്‍ക്കരിക്കുകയും, മൂല്യാധിഷ്ഠിതമായി അപകീര്‍ത്തിപ്പെടുകയോ ഇകഴ്ത്തുകയോ തെറ്റിധരിക്കപ്പെടുകയോ ചെയ്യുന്ന സാമൂഹ്യസ്വത്വങ്ങളോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കുവാന്‍ ഉത്തരകാലം കാണിച്ച ആര്‍ജവാണ് അതിനെ ജനാധിപത്യ/നൈതികമൂല്യങ്ങള്‍ക്ക് പ്രാധാന്യംകൊടുക്കുന്ന വായനക്കാരുടെ പ്രിയ പ്രസിദ്ധീകരണമാക്കിയത്.
ഉത്തരകാലത്തില്‍ ചില ലേഖനങ്ങളും കുറിപ്പുകളും, കുട്ടികള്‍ക്കായി കഥകളും എഴുതാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഈ അവസരത്തില്‍ ഞാന്‍ മറച്ചുവെക്കുന്നില്ല, ഒരു നെറ്റ് മാഗസിന്‍ എന്ന നിലയ്ക്ക് സാങ്കേതികമായ ചില പരിമിതികള്‍ ഉത്തരകാലം പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും, അത് മുമ്പോട്ടുവെച്ച നവ്യമായ ഭാവുകത്വവും രാഷ്ട്രീയനിലപാടും അനന്യമായിരുന്നു. പുതിയ കാലത്തിന്റേതായ പരിമിതികളും തടസങ്ങളും ഇനിയുമുണ്ടാകാം. അവയൊഴിവാക്കാനായി സ്വത്വാധിഷ്ഠിത നിലപാടുകളില്‍ അയവുവരുത്തേണ്ടതില്ല. എത്രയിറുത്തുകളഞ്ഞാലും നീതിക്ക് വേണ്ടിയുള്ള കിളിര്‍പ്പുകള്‍ക്ക് പിന്നെയും തളിര്‍ക്കാതിരിക്കാനാവില്ലല്ലോ.
(കവി, ആക്റ്റിവിസ്റ്റ്)

Top