നമ്മുടെ കുട്ടികള്‍

December 11, 2014

വൈവിധ്യം ബഹുവര്‍ണ്ണത്തിന്റെ ഒരു സുന്ദരപ്രതലം പ്രദാനം ചെയ്യുന്നുവെന്ന് നാം അറിയണം. വര്‍ണാഭമായ ആ തുണിയിലെ എല്ലാ ചരടുകളും അവയുടെ നിറവ്യത്യാസവും ഗുണവ്യത്യസവും വേറെയായാലും തുല്യസ്ഥാനം വഹിക്കുന്നു. തുല്യപ്രാധാന്യം വഹിക്കുന്നു. വംശീയമായ പ്രത്യേകതകള്‍ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, തൊലിക്കുതാഴെ ഈ വ്യത്യസ്തതകള്‍ക്കെല്ലാമുപരി ജീവിതത്തിന്റെ യഥാര്‍ത്ഥ സത്തയില്‍ നാമെല്ലാം തുല്യരാണ്. സുഹൃത്തുക്കളെ; അസമാനതയേക്കാള്‍ നമ്മിലുള്ളത് സമാനതകളാണ്. ഇത് നാം യുവജനളെ പഠിപ്പിക്കേണ്ടതുണ്ട്.

വര്‍ണവിവേചനം നമ്മിലേക്ക് നിഗൂഢമായി അരിച്ചു കയറുന്ന ഒരു പ്രതിഭാസമാണ്. വായുവില്‍ ഒഴുകി നടക്കുന്ന സൂക്ഷ്മാണുക്കളെപ്പോലെ അത് നമ്മുടെ മനസ്സിലേക്ക് നിശ്ശബ്ദമായി കടന്നുചെല്ലുന്നു. നമ്മുടെ ശരീരത്തിനകത്ത് കയറി എന്നന്നേയ്ക്കുമായി നമ്മുടെ രക്തത്തില്‍ കലരുന്നു.

വര്‍ണവിവേചനം ചെലുത്തുന്ന വേദനയുടെ ഒരു കറുത്ത ഉദാഹരണമാണ് ഞാനിവിടെ പറയുന്നത്. അമേരിക്കന്‍ ജീവിതത്തില്‍, ആഫ്രിക്കന്‍ സ്വാധീനം ഇന്നും പ്രസക്തമാണ് എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ‘Blacks, Blues, Blacks’ എന്ന പേരീല്‍ ഒരു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള പത്ത് പരിപാടികള്‍ ഞാന്‍ ടെലിവിഷനുവേണ്ടി എഴുതുകയുണ്ടായി.

‘പാശ്ചാത്യകലയില്‍ ആഫ്രിക്കല്‍ കലയുടെ സ്വാധീനം’ എന്നത് അതില്‍ നാലാമത്തെ പരിപാടിയായിരുന്നു. പിക്കാസോ, പോള്‍ ക്ലീ, റൗള്‍ട്ട് (Rovault) മോദിഗ്ലിയാനി എന്നിവരുടെ കലയെ ആഫ്രിക്കന്‍ ശില്പകല എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കാനാണ് ഞാനിവിടെ ഉദ്ദേശിച്ചിരുന്നത്. ബെര്‍ക്കിലിയില്‍ (Berkeley) താമസിക്കുന്ന ഒരാളുടെ കൈവശം കിഴക്കന്‍ ആഫ്രിക്കയിലെ മക്കോണ്ടെ (Makonde) ശില്പങ്ങളുടെ ഒരു ശേഖരം ഉണ്ടെന്ന് ഞാനറിഞ്ഞിരുന്നു. ഞാനയാളെ ബന്ധപ്പെടുകയും 30 ശില്പങ്ങള്‍ തെരഞ്ഞെടുക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്തു. ഈ ശില്പങ്ങള്‍ ലൈറ്റിട്ട പ്രതലത്തില്‍ വെച്ചപ്പോള്‍ നിലത്തുവീണ അതിന്റെ നിഴല്‍ ഒരു നാടകത്തിലെ രംഗങ്ങളുടെ തുടര്‍ക്രമത്തില്‍ ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. എല്ലാം ഭംഗിയായി കലാശിച്ചതില്‍ സന്തുഷ്ടരായ ആ ദമ്പതികള്‍ എന്നെ യാത്രയാകുന്നതിനുമുമ്പ് എനിക്ക് അത്താഴവിരുന്ന് നല്‍കുകയും തുടര്‍ന്ന് ഒരു പുരസ്‌ക്കാരമെന്നോണം എനിക്ക് ഒരു ശില്പം സമ്മാനിക്കുകയും ചെയ്തു. അവര്‍ വെളുത്ത വംശജരും പ്രായമുള്ളവരും സന്തോഷത്തോടെ ജീവിക്കുകയും അതു മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്ന ആളുകളുമായിരുന്നു. ഈ സ്ഥലത്താണ് ഞാന്‍ ജീവിക്കുന്നതെങ്കില്‍ ഞങ്ങള്‍ സാമൂഹ്യസുഹൃത്തുക്കളായിരുന്നു എന്ന് ഞാന്‍ ആലോചിച്ചു.

ഞാന്‍ ന്യൂയോര്‍ക്കിലേക്ക് മടങ്ങി. തുടര്‍ന്ന് മൂന്നുവര്‍ഷം കഴിഞ്ഞ് ബെര്‍ക്കിലിയിലേക്ക് താമസം മാറി. ഞാനിങ്ങോട്ട് വന്നകാര്യം ആ ദമ്പതികളെ വിളിച്ചറിയിച്ചു. ‘നിങ്ങള്‍ വിളിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങള്‍ ഇങ്ങോട്ട് മടങ്ങുന്നതിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. നമുക്ക് തീര്‍ച്ചയായും കാണണം’ അദ്ദേഹം പറഞ്ഞു. അദ്ദേഹം തുടര്‍ന്ന്, ‘നോക്കു ഞാന്‍ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ദേശീയ കൗണ്‍സിലിന്റെ പ്രാദേശിക പ്രസിഡണ്ടാണ്. നാം എന്തു ചെയ്യുകയായിരുന്നുവെന്ന് നിങ്ങള്‍ അറിയാനിടയില്ല. ഞാന്‍ ജര്‍മ്മനിയില്‍ അവിടെയുള്ള അമേരിക്കന്‍ പട്ടാളക്കാരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു’. അദ്ദേഹത്തിന്റെ ശബ്ദം വൈകാരികതയില്‍ കനം വെച്ചതായിരുന്നു. ‘നോക്കൂ, കറുത്ത ഭടന്മാര്‍ അവിടെ ഭയാനകമായ അവസ്ഥയാണ് നേരിടുന്നത്. നമ്മുടെ കുട്ടികളും ഏറെ ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്’. അദ്ദേഹം പറഞ്ഞു.

ഞാന്‍ ചോദിച്ചു, ‘താങ്കള്‍ എന്താണ് പറഞ്ഞത്?’ അദ്ദേഹം പറഞ്ഞു, ‘ആ… ഞാന്‍ പറഞ്ഞത് കറുത്ത പട്ടാളക്കാര്‍ താരതമ്യേന കഠിനമായ അവസ്ഥയാണ് നേരിടുന്നത്. എന്നാല്‍ നമ്മുടെ പിള്ളേരും നേരിടുന്നത് മോശമായ അവസ്ഥതന്നെ’. ഞാന്‍ ചോദിച്ചു, ‘താങ്കളതൊന്ന് ആവര്‍ത്തിക്കുമോ?’

അദ്ദേഹം പറഞ്ഞു, ‘ഞാന്‍ പറയുന്നത്…’ അദ്ദേഹം താന്‍ ചെയ്ത പ്രസ്താവന ഒരാവര്‍ത്തി മനസ്സില്‍ ഉരുവിട്ടു. അതില്‍ തങ്ങിനില്‍ക്കുന്ന സംബന്ധത്തിന്റെ പ്രതിദ്ധ്വനി സ്വയം കേട്ടു. അദ്ദേഹം പറഞ്ഞു, ‘ഓ…ദൈവമേ, ഞാനൊരു വൃത്തികേടാണ് പറഞ്ഞത്. ഞാന്‍ മായ ആജ്ഞലയോടാണല്ലോ സംസാരിക്കുന്നത്’. അദ്ദേഹം തുടര്‍ന്നു, ‘ഞാന്‍… അനുസരണ പോയിരിക്കുകയാണ്, അതിനാല്‍ ഫോണ്‍ വെയ്ക്കുന്നു’. ഞാന്‍ പറഞ്ഞു, ‘ഫോണ്‍ വെയ്ക്കരുത്. വര്‍ണവിവേചനം പ്രവര്‍ത്തിക്കുന്നത് എത്ര സൂക്ഷ്മമായാണ് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. നമുക്ക് അതിനെക്കുറിച്ച് സംസാരിക്കണം’. അദ്ദേഹത്തിന്റെ പരിഭ്രമം ശബ്ദത്തില്‍ നിന്ന് എനിക്ക് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. മാത്രമല്ല, സംഭാഷണം തുടരാനുള്ള താല്പര്യമില്ലായ്മയും, നിരാശയും അദ്ദേഹത്തെ കീഴടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന്, മൂന്നോ നാലോ മിനിറ്റിനുശേഷം അദ്ദേഹം ഒരുവിധം ഫോണ്‍ വെച്ചു. പിന്നീട് മൂന്നുപ്രാവിശ്യം ഞാന്‍ വിളിച്ചെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹം എന്നെ തിരിച്ചുവിളിച്ചില്ല. ഈ സംഭവം എന്നെ ഏറെ ദുഃഖിതയാക്കി. എന്നെയും എന്റെ കുടുംബത്തേയും എന്റെ സുഹൃത്തുക്കളേയും അടുത്തറിയാന്‍ കഴിയാതെ വന്ന അനുഭവം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ചെറുതാക്കി. മറ്റൊരര്‍ത്ഥത്തില്‍ അദ്ദേഹത്തെ അറിയാന്‍ കഴിയാതിരുന്നതുകൊണ്ട് ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളും ചെറുതായിപ്പോയി. കാരണം, പരസ്പരം സംസ്‌കാരിക്കാനോ, പഠിക്കാനോ, പഠിപ്പിക്കാനോ ഞങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. വര്‍ണവിവേചനം അത് സ്പര്‍ശിച്ച എല്ലാ ജീവിതങ്ങളിലും ഇരുള്‍ പരത്തി.

ഇപ്പോള്‍ ഉപദേശികള്‍ക്കും, മതമേധാവികള്‍ക്കും, പുരോഹിതന്മാര്‍ക്കും, പണ്ഡിതന്മാര്‍ക്കും, പ്രൊഫസര്‍മാര്‍ക്കും, വൈവിധ്യം എന്ന മഹനീയതയില്‍ വിശ്വാസമര്‍പ്പിക്കാനുള്ള സമയമായിരിക്കുന്നു. അവരെ അനുഗമിക്കുന്നവരെ ഇത് പഠിപ്പിക്കാനുള്ള സമയമായിരിക്കുന്നു. മാതാപിതാക്കള്‍ക്ക് വൈവിധ്യത്തിന്റെ ശക്തിയും സൗന്ദര്യവും ആദ്യമേ യുവാക്കളെ പഠിപ്പിക്കാനുള്ള സമയമായിരിക്കുന്നു. വൈവിധ്യം ബഹുവര്‍ണ്ണത്തിന്റെ ഒരു സുന്ദരപ്രതലം പ്രദാനം ചെയ്യുന്നുവെന്ന് നാം അറിയണം. വര്‍ണാഭമായ ആ തുണിയിലെ എല്ലാ ചരടുകളും അവയുടെ നിറവ്യത്യാസവും ഗുണവ്യത്യസവും വേറെയായാലും തുല്യസ്ഥാനം വഹിക്കുന്നു. തുല്യപ്രാധാന്യം വഹിക്കുന്നു.

വംശീയമായ പ്രത്യേകതകള്‍ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, തൊലിക്കുതാഴെ ഈ വ്യത്യസ്തതകള്‍ക്കെല്ലാമുപരി ജീവിതത്തിന്റെ യഥാര്‍ത്ഥ സത്തയില്‍ നാമെല്ലാം തുല്യരാണ്. സുഹൃത്തുക്കളെ; അസമാനതയേക്കാള്‍ നമ്മിലുള്ളത് സമാനതകളാണ്. ഇത് നാം യുവജനളെ പഠിപ്പിക്കേണ്ടതുണ്ട്.

കണ്ണാടി ഇരട്ടകള്‍ വ്യത്യസ്തരാണ്
അവര്‍ക്ക് രൂപൈക്യമുണ്ടാകാമെങ്കിലും
കമിതാക്കള്‍ ചിന്തിക്കുന്നത് തികച്ചും വ്യത്യസ്തമായാണ് ചേര്‍ന്ന കിടക്കയാണെങ്കില്‍ പോലും
നാം ചൈനയെ സ്‌നേഹിക്കുന്നു.

ഇംഗ്ലണ്ടിന്റെ തരിശിടങ്ങളെക്കുറിച്ച് വിളമ്പുന്ന ഗിനിയില്‍ ചിരിക്കുകയും തേങ്ങുകയും ചെയ്യുന്നു.
സ്പാനിഷ് തീരങ്ങളില്‍ മദിക്കുന്നു
മെയ്‌നില്‍ (Maine) ജനിക്കുന്നു. മരിക്കുന്നു.
ചെറു വ്യത്യസ്തതകള്‍ നമ്മള്‍ തമ്മിലുണ്ട്.
എന്നാല്‍ വ്യാപ്തിയില്‍ നമ്മളെല്ലാം ഒന്നാണ്.
ഓരോ ഇനവും തരവും പേറുന്ന
പ്രകട വ്യത്യസ്തതകള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
എങ്കിലും നാം കൂടുതലും സമാനരാണ്. സുഹൃത്തുക്കളേ;
നമ്മള്‍ തമ്മിലുള്ള അസമാനതയേക്കാള്‍
നാം കൂടുതലും സമാനരാണ്, സുഹൃത്തുക്കളേ,
നമ്മള്‍ തമ്മിലുള്ള അസമാനതയേക്കാള്‍
നാം കൂടുതലും സമാനരാണ്, സുഹൃത്തുക്കളേ, നമ്മള്‍ തമ്മിലുള്ള അസമാനതയേക്കാള്‍

 

പരിഭാഷ: ജെ. എം. ജയചന്ദ്രന്‍. ബാംഗ്ലൂരിലെ പരസ്യകമ്പനിയില്‍ ജോലി ചെയ്യുന്നു.

Top