സമത

February 16, 2015

നീ നിര്‍ണ്ണയിക്കുന്നു, ചില്ലുവിതാനത്തിലൂടെ
തിളക്കമില്ലാത്തതിനാല്‍ കാഴ്ചയില്‍
ഞാന്‍ നിറംകെട്ടതെന്ന്,
എന്നിരിക്കിലും നിന്‍ മുന്നില്‍
സമയസൂചി ക്രമപ്പെടുത്തി ദൃഢമായ്
മോടിയോടെ നില്‍ക്കുന്നു ഞാന്‍.
പരിധികള്‍ക്കപ്പുറം നിന്നും
എനിക്കായി നീ മുഴക്കുന്ന
പെരുമ്പറയുടെ വിളറിയ മര്‍മ്മരം
മാറ്റമില്ലാത്ത താളദൂതായ് ശ്രവിക്കുന്നു.
സമത്വം, ഞാന്‍ സ്വതന്ത്രയാവും.
പ്രഖ്യാപിക്കുന്നു നീ
ഞാന്‍ കൊടുപ്പികളുടെ വഴികളിലെന്ന്.
അതിനാല്‍
പറക്കുന്നു ഞാന്‍
ആണുടലില്‍നിന്ന്
ആണുടലിലേക്ക്
ഒരുപക്ഷേ ഞാന്‍ നിന്റെ
നിഴല്‍ മാത്രമായിരുന്നെങ്കില്‍
എന്നെങ്കിലും നിനക്കെന്നെ
പിടികിട്ടുമായിരുന്നോ?
ഞങ്ങള്‍ ചരിത്രത്തിന്റെ
വേദനയില്‍ ജീവിച്ചു
ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്ത
കഴിഞ്ഞകാലത്തെ ഞങ്ങള്‍ക്കറിയാം.
എങ്കിലും ഞാനപ്പോഴും
മുന്നണിയിലേക്ക് കുതിക്കുകയായിരുന്നു.
നീയെപ്പോഴും
പിന്നണിയിലെത്താന്‍ വെമ്പിയതെന്തേ?
സമത്വം, ഞാന്‍ സ്വതന്ത്രയാവും.
നിന്റെ കാഴ്ചയില്‍നിന്നും
ആ മുള്ള് എടുത്തുമാറ്റൂ
കാതില്‍നിന്ന് ആ പഞ്ഞിത്തുണ്ടുകളും
എന്റെ തേങ്ങല്‍ കേട്ടിരുന്നെന്ന്
ഒന്ന് ഏറ്റുപറയൂ.
എന്റെ കണ്ണീര്‍ കണ്ടെന്നും
നിര്‍ബന്ധിതമാം ഗതിവേഗങ്ങളെ
കേള്‍ക്കൂ.
എന്റെ ഞരമ്പുകളിലൂടെ പായുന്ന
ചോരത്തിളപ്പുകേള്‍ക്കൂ.
അതെ, എന്റെ പെരുമ്പറകള്‍
രാവില്‍ ആര്‍ത്തിരമ്പുന്നു.
ഒരു മാറ്റവുമില്ലാതെ അതേ താളം
സമത്വം, ഞാന്‍ സ്വതന്ത്രയാവും.
സമത്വം, ഞാന്‍ സ്വതന്ത്രയാവും.
___________________________
(പരിഭാഷ : അന്ന ബി. ചിറയത്ത്)

Top