ചോര്‍ന്നുചോര്‍ന്ന്…….

പരിഗണിക്കണമെന്നോര്‍ക്കും
നിര്‍ബന്ധമില്ലാതെപോകും
കീഴാള മനുഷ്യരുടെ
അതേ ദുരവസ്ഥ

കവിത
_______________

MNKY യാണിപ്പോള്‍ MONKEY
DNKY യാണിപ്പോള്‍ DONKEY
GOODMORNING ഇപ്പോള്‍ GMNG യാണ്
GOODNIGHT ആണെങ്കില്‍ GDNT എന്നും

PLEASE  ന് PLS മതി
BECAUSE ന് BCZ മതി

JSF എന്നാല്‍
JOSEPH ആകുന്നു
MNJ എന്നാല്‍
MANOJ ആകുന്നു
MNF എന്നാല്‍
MANAF ആകുന്നു

അക്ഷരങ്ങളാണുപക്ഷേ
അതാതുവാക്കുകളുടെ
അധികാരസഭയെന്ന്
ആര്‍ക്കാണറിയാത്തത്

കഷ്ടം,
ഒറ്റയ്ക്ക് നിന്നാല്‍
ഒരൊറ്റ വാക്ക് പോലും
നിര്‍മ്മിക്കാന്‍ കഴിയാത്തത്ര,
പരമ ദുര്‍ബ്ബലരായ VOWELS

എല്ലായിടത്തൂന്നും
അദ്യശ്യരാക്കപ്പെടുന്നത്
ആ പാവത്തുങ്ങളാണെന്ന കാഴ്ച
എന്തിനുപറയാതിരിക്കണം
COMMUNICATION
കൃത്യമാണെങ്കില്‍
പിന്നെ വേണ്ടല്ലോ VOWELS എന്ന
ജനാധിപത്യേതര ചിന്തയിലാണിപ്പോള്‍
CONSONANCE പൊതുവെ
എന്നുതോന്നുന്നു.

RESERVATION
മേലിലില്ലെങ്കില്‍
വാക്കുകളുടെ അധികാരകാര്യത്തില്‍
വല്ലാത്ത കഷ്ടമായിരിക്കും
VOWELS കള്‍ക്കുള്ളപങ്ക്
എന്നുകൂടി തോന്നിപ്പോകുന്നു

(ഒരുപക്ഷെയാതോന്നല്‍
നിയമസാന്നിദ്ധ്യമില്ലാത്തിടങ്ങളില്‍
രാജ്യമൊട്ടാകെ ദുര്‍ബ്ബലജനത
അതീവലളിതമായി മായ്ക്കപ്പെടുന്നതിന്‍
അസ്വസ്ഥതകൊണ്ടുമാത്രമായിരിക്കാം.)

Top