ദലിത് ദൈവശാസ്ത്രം : ചില കേരള പഠനങ്ങള്‍

സ്ത്രീകളും ആദിവാസികളും മത്സ്യത്തൊഴിലാളികളും എല്ലാം ഇന്ന് സ്വന്തം ശബ്ദത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന കാലമാണ്. എല്ലാം ഒന്നാണെന്നോ എല്ലാം പലതാണെന്നോ പറയുന്നിടത്തല്ല; അതതിന്റെ വ്യതിരിക്തത കണ്ടെത്താന്‍ സഹായിക്കുന്ന സംവാദാത്മക തലം കണ്ടെത്തുകയെന്നതാണ് പ്രധാനം. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നങ്ങളും ഭൂമി കയ്യേറ്റത്തിന്റെ പ്രശ്‌നങ്ങളും ക്ഷേത്രപ്രവേശനസംവാദങ്ങളും ആഗോളവത്ക്കരണത്തിന്റെ പ്രശ്‌നങ്ങളുമെല്ലാം കൊടുമ്പിരിക്കൊള്ളുന്ന സമകാലിക കേരളത്തില്‍ പുതിയൊരു സംവാദത്തിന്റെ തലം അനിവാര്യവുമാണ്. അതിനു ദിശാബോധം നല്‍കാന്‍ ദളിത് അന്വേഷണങ്ങള്‍ക്കാവുമോയെന്നാണ് ചരിത്രം ഉറ്റുനോക്കുന്ന പ്രശ്‌നം.

ലിത് ദൈവശാസ്ത്രം ഒരു അക്കാദമിക് സംരംഭമായി രൂപപ്പെടുന്നത് 1980 കളിലാണ്. ഇന്ത്യന്‍ ദൈവശാസ്ത്രപരിസരം വൈദേശികവും ‘സവര്‍ണാധിപത്യ’പരവുമാണെന്ന ബോധ്യത്തിലാണ് അരവിന്ദ് പി. നിര്‍മ്മല്‍, എം. ഇ. പ്രഭാകര്‍, ജെയിംസ് മാസി തുടങ്ങിയവര്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് ക്രൈസ്തവരുടെ ദൈവാനുഭവങ്ങള്‍ക്ക് രീതിശാസ്ത്രപരമായ ആവിഷ്‌ക്കാരം കൊടുക്കാന്‍ നിര്‍ബന്ധിതരായത്. മതപരിവര്‍ത്തനത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ച ദലിത് ക്രൈസ്തവരാണ് പൊതുവെ ദലിത് ദൈവശാസ്ത്രത്തിന്റെ നിര്‍മ്മാതാക്കളെങ്കിലും ഇതൊരു ‘ക്രൈസ്തവ ദലിത് ദൈവശാസ്ത്ര’മല്ല.
ഇന്ത്യയിലെ പ്രമുഖ ദലിത് അക്കാദമീഷ്യന്‍ ഡോ. ജെയിംസ് മാസി അഭിപ്രായപ്പെടുന്നതുപോലെ ഇത് ഇന്ത്യയിലെ ദലിതരുടെ മുഴുവന്‍ ആത്മസംഘര്‍ഷങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യയിലെ ദലിത് സ്വത്വാന്വേഷണത്തിന്റെ ചരിത്രപാതയിലെ നാഴികക്കല്ലായി ക്രൈസ്തവ മതപരിവര്‍ത്തനത്തെക്കാണുമ്പോള്‍ പ്രസ്തുത ദൈവബോധങ്ങള്‍ തമ്മിലുള്ള സംവദം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ ഒരു അക്കാദമിക് രീതിശാസ്ത്രം രൂപീകരിക്കുന്നതിന് മുന്‍പെ തന്നെ മതപരിവര്‍ത്തനത്തിന്റെ സംവാദഭൂമികയില്‍ തന്നെ ഈ സംവാദം ആരംഭിക്കപ്പെട്ടിരിക്കുന്നു. ജാതി ബദ്ധമായിരുന്ന ഒരു സാമൂഹ്യവ്യവഹാരത്തില്‍, പള്ളിയും പള്ളിക്കൂടവും വേദപുസ്തകവും ആരാധനയും പ്രാര്‍ത്ഥനയും ഒക്കെ നല്‍കുന്ന സാമൂഹികവും സാംസ്‌കാരികവും മതപരവുമായ സ്വത്വ പുനര്‍നിര്‍മ്മിതിയുടെ സാധ്യത അന്വേഷിക്കുകയായിരുന്നു പ്രാഥമികമായി അത്തരം സംവാദങ്ങളുടെ ലക്ഷ്യം. ഇന്ത്യയില്‍ ജാതിബദ്ധമായ ബ്രാഹ്മണിക് – ഹൈന്ദവ – സാമൂഹ്യവ്യവഹാരങ്ങള്‍ക്ക് ശക്തമായ പ്രഹരമാണത് ഇവ ഏല്‍പ്പിച്ചത്.
ജാതി വിരുദ്ധ വ്യവഹാരം എന്ന നിലയില്‍ ദലിതരുടെ ദൈവാനുഭവങ്ങളുടെ ആവിഷ്‌ക്കാരങ്ങള്‍ ഏറ്റവും ആദ്യമായി സംഭവിച്ചത് കേരളത്തിലാണെന്ന് പറയാം. പൊയ്കയില്‍ കുമാര ഗുരുദേവന്റെ പ്രത്യക്ഷ ദൈവസഭയിലൂടെയാണത് സംഭവിച്ചത്. അതുകൊണ്ട് ദലിത് ദൈവശാസ്ത്രത്തിന്റെ കേരളപാഠങ്ങള്‍ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നതും സമകാലിക ദലിത് സ്വത്വകാംക്ഷകള്‍ക്ക് പുതിയ ദിശകള്‍ നല്‍കുന്നതുമാണ്.

  • സ്വത്വനിര്‍മ്മിതികളും ജാതിവ്യവഹാരങ്ങളും

ഇന്ത്യയിലെ ദലിതര്‍ ആരാണെന്ന് ചോദിച്ചാല്‍ ജാതിവ്യവസ്ഥയിലെ ഇരകള്‍ എന്നാണ് ആദ്യം നിര്‍വചിക്കുക. ദലിതരുടെ ജീവിതാവസ്ഥ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ കാര്‍ഷിക ഉല്പാദനക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ജാതിയുടെ രൂപീകരണം സംഭവിച്ചത്. തൊഴിലിന്റെ ക്രമീകരണം, ഭൂമിയും അതിന്റെ ഉടമസ്ഥതയും, വിഭവങ്ങളുടെ നിയന്ത്രണം, അതിലൂടെ ലഭ്യമാകുന്ന സാമൂഹ്യസ്ഥാനം ഇതൊക്കെയാണ് ഈ ക്രമീകരണത്തില്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ അടിമത്വസമ്പ്രദായമായാണ് ഇത് ആവിഷ്‌ക്കരിക്കപ്പെട്ടത്. ക്ഷേത്രവുമായുള്ള ബന്ധത്തില്‍ രൂപീകൃതമായ സമൂഹത്തില്‍ ഈ സ്വത്തുടമസ്ഥതയ്ക്ക് മതപരവും വിശ്വാസപരവുമായ പരികല്പനകള്‍ വന്നുചേര്‍ന്നു. ഡോ. സനല്‍ മോഹന്‍ വിശദീകരിക്കുന്നതുപോലെ, ഇവിടെ സാമൂഹ്യബന്ധങ്ങളിലെ അകലം ആണ് വിഭവ ഉടമസ്ഥതയുടെ ഘടനയെ നിയന്ത്രിച്ചിരുന്നത്. അങ്ങനെ അകലങ്ങളിലേയ്ക്ക് തള്ളപ്പെട്ട സമൂഹങ്ങളുടെ സ്വത്വകാംക്ഷയാണ് ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങളില്‍ നാം കാണുന്നത്.
ഫ്രഞ്ച് ദാര്‍ശനികനായ പീയറി ബോര്‍ഡ്യൂവിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍; ജാതി ഒരു സാമൂഹിക – സാംസ്‌കാരിക സ്ഥാപനമാണ് (ഘടനയാണ്). ഈ സ്ഥാപന വ്യവഹാരങ്ങള്‍ക്കുള്ളില്‍ വരുന്ന എല്ലാവരേയും അത് ഒരു സവിശേഷ രീതിയില്‍ അനുശീലനം ചെയ്യുന്നു. വിഭവങ്ങളിന്മേലുള്ള പങ്കാളിത്തമാണ് ഒരാളുടെ സാമൂഹികസ്ഥാനം നിര്‍ണ്ണയിക്കുന്നത്. സാമ്പത്തികവും സാംസ്‌കാരികവും ചിഹ്നാത്മകവുമായ മൂലധനരൂപീകരണത്തിനുള്ള ശേഷിയാണ് അത് നിര്‍ണ്ണയിക്കുന്നത്.

______________________________________
ജാതി എന്നത് ആധുനിക പൂര്‍വ്വകാലഘട്ടത്തിലെ പഴഞ്ചന്‍ സാമൂഹ്യക്രമം എന്ന അര്‍ത്ഥത്തിലല്ല കാണേണ്ടത്. മറിച്ച്, വിഭവങ്ങളെക്കുറിച്ചും സാമൂഹ്യാധികാരത്തെക്കുറിച്ചും സ്വത്വനിര്‍മ്മിതികളെക്കുറിച്ചുമുള്ള ജാതിവിരുദ്ധമായ പുതിയ സ്ഥാപനനിര്‍മ്മിതികളിലേയ്ക്കും വ്യവഹാര രൂപീകരണത്തിലേയ്ക്കും നമ്മെ ക്ഷണിക്കുന്ന ഒന്നാണത്. ഇത് ദലിതരുടെ മാത്രം സന്ദിഗ്ധാവസ്ഥയല്ല. പ്രത്യുത, ജാതിവ്യവഹാരത്തിനുള്ളില്‍ നിര്‍മ്മിതമായിരിക്കുന്ന എല്ലാവരുടെയും പ്രശ്‌നമാണ്. അത്തരത്തിലുള്ള ഒരു വ്യവഹാരമെന്ന നിലയ്ക്കാണ് ദലിത് ദൈവശാസ്ത്രം പഠനമര്‍ഹിക്കുന്നത്. ദലിത് ദൈവശാസ്ത്രം ഉന്നം വയ്ക്കുന്നതും അതുതന്നെയാണ്.
______________________________________

ജാതിവ്യവസ്ഥയുടെ പ്രശ്‌നം; അത് ജാതി ഇരകളുടെ സ്ഥാനം, വിഭവങ്ങളിന്മേലുള്ള അധികാരം എന്നിവ പരിമിതപ്പെടുത്തുകയും നിഷേധിക്കുകയും പൊതുയിടങ്ങളില്‍ നിന്നും അകലങ്ങളിലേയ്ക്ക് തള്ളിയിടുകയും ചെയ്തു. ആധുനിക ജനാധിപത്യസ്ഥാപനങ്ങള്‍ പക്ഷേ, അകലങ്ങളില്‍ അവര്‍ക്ക് ഒരു വീടു പണിതു നല്‍കി പുനരധിവസിപ്പിച്ചതല്ലാതെ വിഭവപങ്കാളിത്ത സംബന്ധവും സാമൂഹ്യ അധികാര സംബന്ധമായ പ്രശ്‌നങ്ങളില്‍ നിശബ്ദത പാലിക്കുകയും ചെയ്തു. അത് ജനാധിപത്യപ്രക്രിയകളില്‍ വിധ്വംസാത്മകമായി ഇടപെടാനാണ് ദലിതരെ എല്ലാക്കാലവും ക്ഷണിച്ചുകൊണ്ടിരിക്കുന്നത്.
ജാതി എന്നത് ആധുനിക പൂര്‍വ്വകാലഘട്ടത്തിലെ പഴഞ്ചന്‍ സാമൂഹ്യക്രമം എന്ന അര്‍ത്ഥത്തിലല്ല കാണേണ്ടത്. മറിച്ച്, വിഭവങ്ങളെക്കുറിച്ചും സാമൂഹ്യാധികാരത്തെക്കുറിച്ചും സ്വത്വനിര്‍മ്മിതികളെക്കുറിച്ചുമുള്ള ജാതിവിരുദ്ധമായ പുതിയ സ്ഥാപനനിര്‍മ്മിതികളിലേയ്ക്കും വ്യവഹാര രൂപീകരണത്തിലേയ്ക്കും നമ്മെ ക്ഷണിക്കുന്ന ഒന്നാണത്. ഇത് ദലിതരുടെ മാത്രം സന്ദിഗ്ധാവസ്ഥയല്ല. പ്രത്യുത, ജാതിവ്യവഹാരത്തിനുള്ളില്‍ നിര്‍മ്മിതമായിരിക്കുന്ന എല്ലാവരുടെയും പ്രശ്‌നമാണ്. അത്തരത്തിലുള്ള ഒരു വ്യവഹാരമെന്ന നിലയ്ക്കാണ് ദലിത് ദൈവശാസ്ത്രം പഠനമര്‍ഹിക്കുന്നത്. ദലിത് ദൈവശാസ്ത്രം ഉന്നം വയ്ക്കുന്നതും അതുതന്നെയാണ്.

  • മിഷനറി വ്യവഹാരവും മതപരിവര്‍ത്തനവും

ആധുനിക പാശ്ചാത്യ മിഷനറിമാരുടെ ദൗത്യം എന്തുതന്നെയായിരുന്നാലും ദലിതരെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം ഒരു പുതിയ കര്‍ത്തൃത്വകാംക്ഷയിലേയ്ക്കുള്ള പ്രയാണമായിരുന്നുവെന്നതാണ് വാസ്തവം. പാശ്ചാത്യ പ്രബുദ്ധതയുടെ മൂല്യപരിസരത്തില്‍ തന്നെയാണ് മിഷനറി വ്യവഹാരവും തുടങ്ങുന്നത്. എന്നാല്‍, അടിമ പള്ളിക്കൂടങ്ങളും, പള്ളികളും, വേദപുസ്തകവും, പ്രാര്‍ത്ഥനയും, ആരാധനയും, പ്രബോധനങ്ങളും, പുതിയ ശീലങ്ങളും, ജ്ഞാനസ്‌നാനവും ഒക്കെത്തന്നെ പുതിയൊരു കര്‍ത്തൃത്വബോധത്തിലേയ്ക്കും സാമൂഹ്യപദവിയിലേയ്ക്കുമാണ് ദലിതരെ നയിച്ചത്. ആധുനിക സാമൂഹ്യയിടത്തിലേയ്ക്ക് പ്രവേശിക്കാന്‍ ശാരീരികവും മാനസികവുമായി ദലിതരെ അതു പ്രാപ്തരാക്കി. എന്നാല്‍, ഈ ആധുനിക സാമൂഹ്യസ്ഥാനം ജാതി വ്യവഹാരത്തിന്റെ സൂക്ഷ്മവ്യവഹാരങ്ങളെ അടിസ്ഥാനപരമായി നിഷേധിക്കാന്‍ കഴിയുന്നതായിരുന്നില്ല. അത് തിരിച്ചറിഞ്ഞത് അംബേദ്ക്കറായിരുന്നു. ജനാധിപത്യ വ്യവഹാരത്തിനുള്ളില്‍ ഒരു സാമൂഹ്യസ്ഥാനം പുനഃനിര്‍ണയിക്കാന്‍ ദലിതര്‍ക്ക് പുതിയ മൂലധനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിദ്യാഭ്യാസവും സംഘടനാശേഷിയും ജാതിവിരുദ്ധ വ്യവഹാരങ്ങള്‍ക്ക് പുതിയ രാഷ്ട്രീയമാനം നല്‍കി. ജാതി ബദ്ധമായ ബ്രാഹ്മണിക് – ഹൈന്ദവ സംസ്‌കൃതിയെ തിരസ്‌ക്കരിക്കുക വഴി ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ മതപരവും ദൈവശാസ്ത്രപരവുമായ തലങ്ങളെക്കൂടി വെളിപ്പെടുത്തി. ബൗദ്ധപാരമ്പര്യത്തെ പുനരാഖ്യാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്യാന്‍ അംബേദ്ക്കറെ പ്രേരിപ്പിച്ചതും ഈ ഘടകമാണ്.

  • ആധുനിക ദേശരാഷ്ട്ര രൂപീകരണവും ദലിതരും

ആധുനിക ദേശരാഷ്ട്ര രൂപീകരണകാലഘട്ടത്തില്‍ ഏറെക്കുറെ നിശബ്ദരാകുന്നദലിതരെയാണ് നാം കാണുന്നത്. 1900 ന്റെ ആരംഭകാലങ്ങള്‍ കേരളത്തില്‍ സാമുദായിക രൂപീകരണത്തിന്റെ കാലഘട്ടമായിരുന്നു. അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനുമൊക്കെ നേതൃത്വം നല്‍കിയ ദലിത് സ്വത്വകാംക്ഷ പക്ഷെ 1930 കളാകുമ്പോഴേക്കും ഏറെക്കുറെ നിശബ്ദമായിരുന്നു. പിന്നെ ദലിതരെ ദലിത് കോളനികളിലാണ് കാണുന്നത്. ദലിതരുടെ ആത്മരോഷവും, പ്രതിരോധങ്ങളും, ഉത്സവങ്ങളുമെല്ലാം പൊതു ഇടങ്ങളുടെ അപരത്വങ്ങളായ പ്രസ്തുത കോളനികളിലാണ് പിന്നെ നാം കാണുന്നത്. ഇതാണ് കേരളവികസനമാതൃകയുടെ കൊട്ടിഘോഷിക്കപ്പെടുന്ന മഹത്വം.
1930 കളോടടുക്കുമ്പോള്‍ നായര്‍ മേധാവിത്വത്തിന്റെ പതനം (റോബിന്‍ ജെഫ്രി) ഏതാണ്ട് പൂര്‍ത്തിയാവുകയും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പുതിയ ദല്ലാള്‍ സമൂഹമായി രൂപപ്പെടുകയും ചെയ്യുന്നുണ്ട്. പിന്നീട് കേരളത്തില്‍ ശക്തിപ്രാപിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (കര്‍ഷക)തൊഴിലാളി സംഘാടനത്തിലൂടെ മതേതരമായ പുതിയൊരു സ്വത്വകാംക്ഷയിലേയ്ക്കാണ് ദലിതരെ ക്ഷണിച്ചത്. എന്നാല്‍, ജാതിവ്യവഹാരത്തിന്റെ അതിസൂക്ഷ്മ അധികാരപ്രയോഗങ്ങളെ നിഷേധിക്കുവാന്‍ ഈ മതേതര പ്രത്യയശാസ്ത്രത്തിന് മാത്രമായി കഴിയില്ലെന്ന തിരിച്ചറിവ് ഇന്നു ദലിതര്‍ക്കുണ്ടായിട്ടുണ്ട്. അതിന് ഒരു കാരണം ദലിതര്‍ എല്ലായ്‌പ്പോഴും മതബോധമുള്ളവരായിരുന്നുവെന്നതുകൊണ്ടാണ്.

______________________________________
അകലങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ-മതസ്ഥാപനങ്ങളോടുള്ള ചെറുത്തുനില്‍പ്പാണ് യേശുവിന്റെ വ്യവഹാരത്തെ വേദപുസ്തകത്തിലൂടെ വായിച്ചെടുക്കാന്‍ ദലിതരെ ഇന്നു നിര്‍ബന്ധിക്കുന്നത്. ആധിപത്യത്തിന്റെ രൂപങ്ങള്‍ എന്തുതന്നെയായാലും – അത് ഫറവോന്റെ അടിമത്തമായാലും റോമന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശമായാലും – അതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുകയും വിധേയത്വത്തിന്റെ കര്‍ത്തൃത്വങ്ങള്‍ക്ക് പകരം സ്വയം നിര്‍ണ്ണയന ശേഷിയുള്ള സാമൂഹ്യകര്‍ത്തൃത്വങ്ങളെ സൃഷ്ടിക്കാന്‍ ശിഷ്യത്വം പോലുള്ള സാമൂഹ്യസ്ഥാപനങ്ങളും വ്യവഹാരങ്ങളും സൃഷ്ടിക്കുന്നതുമായിരുന്നു യേശുവിന്റെ ശൈലി. അതുകൊണ്ട് തന്നെയാണ് വേദപുസ്തകവും യേശുവും ഇന്നും ദലിതരുടെ സാമൂഹ്യ-രാഷ്ട്രീയ സ്ഥാപനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
______________________________________

ആധുനിക ഹിന്ദുത്വശക്തികള്‍ക്കായി പലപ്പോഴും ദലിതരെ പങ്കുചേര്‍ക്കാനാവുന്നതും ഈ പ്രശ്‌നപരിസരത്തു നിന്നാണ് മനസ്സിലാക്കേണ്ടത്. പഴയ ബ്രാഹ്മണിക് – ഹിന്ദുത്വ ബോധങ്ങളുടെ പുനരുജ്ജീവനത്തിലൂടെ രാഷ്ട്രീയാധികാരം കയ്യാളാമെന്ന് ധരിക്കുന്ന നവ ഫാഷിസ്റ്റ് ശക്തികളും ഒരു മതേതര രാഷ്ട്രീയ വിപ്ലവപ്രക്രിയയിലൂടെ ഇനിയൊരു വര്‍ഗ്ഗസമരത്തെ സ്വപ്നം കാണാമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളും സാമുദായക രാഷ്ട്രീയ ശക്തിയായി വളര്‍ന്ന സുറിയാനി ക്രിസ്ത്യാനികളും ഒക്കെ അടങ്ങുന്ന കേരള സാമൂഹിക പരിസരത്തില്‍ ദലിത് സ്വത്വകാംക്ഷ വഴിമുട്ടി നില്‍ക്കുന്നു.

  • ദലിത് ദൈവശാസ്ത്രം ഏറ്റെടുക്കേണ്ട വെല്ലുവിളികള്‍

അകലങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ-മതസ്ഥാപനങ്ങളോടുള്ള ചെറുത്തുനില്‍പ്പാണ് യേശുവിന്റെ വ്യവഹാരത്തെ വേദപുസ്തകത്തിലൂടെ വായിച്ചെടുക്കാന്‍ ദലിതരെ ഇന്നു നിര്‍ബന്ധിക്കുന്നത്. ആധിപത്യത്തിന്റെ രൂപങ്ങള്‍ എന്തുതന്നെയായാലും – അത് ഫറവോന്റെ അടിമത്തമായാലും റോമന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശമായാലും – അതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുകയും വിധേയത്വത്തിന്റെ കര്‍ത്തൃത്വങ്ങള്‍ക്ക് പകരം സ്വയം നിര്‍ണ്ണയന ശേഷിയുള്ള സാമൂഹ്യകര്‍ത്തൃത്വങ്ങളെ സൃഷ്ടിക്കാന്‍ ശിഷ്യത്വം പോലുള്ള സാമൂഹ്യസ്ഥാപനങ്ങളും വ്യവഹാരങ്ങളും സൃഷ്ടിക്കുന്നതുമായിരുന്നു യേശുവിന്റെ ശൈലി. അതുകൊണ്ട് തന്നെയാണ് വേദപുസ്തകവും യേശുവും ഇന്നും ദലിതരുടെ സാമൂഹ്യ-രാഷ്ട്രീയ സ്ഥാപനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പള്ളിയേയും അതിന്റെ വൈദ്യശാസ്ത്ര വ്യവഹാരങ്ങളേയും ഒരു ജാതിവിരുദ്ധ സ്വത്വ നിര്‍മ്മിതിക്കായി വഴിതിരിച്ചുവിടാനുള്ള സാധ്യതയാണ് ദൈവശാസ്ത്രം അന്വേഷിക്കുന്നത്. എല്ലാം മായയാണെന്നും ലോകവും ശരീരവുമെല്ലാം അപ്രധാനങ്ങളുമാണെന്ന ബ്രാഹ്മണിക് – ഹൈന്ദവാത്മീയതയുടെ നിഷേധവും സാര്‍വ്വലൗകികതയുടെ മാനദണ്ഡങ്ങളിലൂടെ മനുഷ്യവിമോചനം സ്വപ്നം കാണുകയും എന്നാല്‍ അതിസൂക്ഷ്മമായ ജാതിചിഹ്നങ്ങളെ കാണാന്‍ സാധിക്കാതെയുമിരിക്കുന്ന ആധുനിക വ്യവഹാരങ്ങളെയും വിമര്‍ശനാത്മകമായി ദലിത് ദൈവശാസ്ത്രം കാണുന്നത് അതുകൊണ്ടാണ്. ലിബറേഷന്‍ തിയോളജിയില്‍ നിന്നും ദലിത് ദൈവശാസ്ത്രം രീതിശാസ്ത്രപരമായി വഴിപിരിയുന്നതും ഇവിടെയാണ്.
ജാതിവിരുദ്ധ വ്യവഹാരം ദലിതര്‍ക്കു മാത്രം ഏറ്റെടുക്കാവുന്ന ഒരു ഉത്തരവാദിത്തം അല്ല. അതിനുകഴിയില്ല തന്നെ. ഇവിടെയാണ് ദലിത ദൈവശാസ്ത്രം ഇരകളാക്കപ്പെടുന്ന മറ്റു സമൂഹങ്ങളുമായി സമരസപ്പെടുന്നത്. സ്ത്രീകളും ആദിവാസികളും മത്സ്യത്തൊഴിലാളികളും എല്ലാം ഇന്ന് സ്വന്തം ശബ്ദത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന കാലമാണ്. എല്ലാം ഒന്നാണെന്നോ എല്ലാം പലതാണെന്നോ പറയുന്നിടത്തല്ല; അതതിന്റെ വ്യതിരിക്തത കണ്ടെത്താന്‍ സഹായിക്കുന്ന സംവാദാത്മക തലം കണ്ടെത്തുകയെന്നതാണ് പ്രധാനം. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നങ്ങളും ഭൂമി കയ്യേറ്റത്തിന്റെ പ്രശ്‌നങ്ങളും ക്ഷേത്രപ്രവേശനസംവാദങ്ങളും ആഗോളവത്ക്കരണത്തിന്റെ പ്രശ്‌നങ്ങളുമെല്ലാം കൊടുമ്പിരിക്കൊള്ളുന്ന സമകാലിക കേരളത്തില്‍ പുതിയൊരു സംവാദത്തിന്റെ തലം അനിവാര്യവുമാണ്. അതിനു ദിശാബോധം നല്‍കാന്‍ ദളിത് അന്വേഷണങ്ങള്‍ക്കാവുമോയെന്നാണ് ചരിത്രം ഉറ്റുനോക്കുന്ന പ്രശ്‌നം.
_________________________

Top