നില്‍പ്പ് സമരം : നമ്മുടെ നിലനില്‍പ്പ് സമരമാണ്.

ആദിവാസികള്‍ സമരം നടത്തുന്നത് ഞങ്ങളുടെ അവകാശങ്ങള്‍ സ്റ്റേറ്റ് നല്കാതിരുന്നതിനാലാണ്. കുടില്‍കെട്ട് സമരത്തില്‍ പൊതുവഴി തടസ്സപ്പെടുത്തുന്നു എന്നു പറഞ്ഞ് ഞങ്ങള്‍ക്കെതിരെ സമര നിരോധനം വരികയുണ്ടായി. എന്നാല്‍ കഴിഞ്ഞ 50 ദിവസങ്ങളായി ഈ സമരം ഇവിടെ നടന്നുവരികയാണ്. ജനസഞ്ചാരം തടസ്സപ്പെടുത്തുന്നത് ജനാധിപത്യമര്യാദയല്ലെന്ന് കരുതിയാണ് നില്പ് സമരം എന്ന ഒരു സഹനസമരം തന്നെ ഉണ്ടായത്. ഇത് തികച്ചും ജനാധിപത്യ രീതിയിലുള്ള ഒരു സമരം ആണ്. പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാത്ത ഒരു സമരം ആണ് ഈ നില്പ് സമരം. മുത്തങ്ങ സമരത്തിന് ശേഷം സര്‍ക്കാര്‍ ചില വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പു നടത്തിയിരുന്നു. ചില കരാറുകള്‍ അംഗീകരിക്കാം എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ആ കരാര്‍ നടപ്പിലാക്കുന്നില്ല. ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു പ്രധാന കാര്യം ആദിവാസി പാക്കേജ് നടപ്പിലാക്കുക എന്നത് തന്നെയാണ്.

സംഭാഷണം
____________

_______________________________________
സി.കെ. ജാനു/ അജയന്‍ ഇടുക്കി- ശ്യാംലാല്‍- ജീവചൈതന്യ
____________________________________ 

  • ചോദ്യം: നിന്നുകൊണ്ട് ഒരു സമരം നയിക്കുക, ഇത് ആദിവാസികള്‍ ഇന്ത്യയില്‍ ആദ്യമായി തന്നെ നടത്തിയ ഒരു സമരമായിരിക്കും. മണിപ്പൂരില്‍ ഇറോം ശര്‍മിള സ്റ്റേറ്റിനു എതിരെ അവകാശപ്പോരാട്ടം നടത്തുന്നതുപോലെ സഹനത്തിന്റെ ഉദാരത എന്ന നിലയില്‍ നില്പു സമരത്തെ ഒന്നു വിവരിക്കാമോ? ചെങ്ങറ, മുത്തങ്ങ, അരിപ്പ എന്നി സമരങ്ങളില്‍ നിന്നും ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

സി.കെ. ജാനു: ആദിവാസികള്‍ സമരം നടത്തുന്നത് ഞങ്ങളുടെ അവകാശങ്ങള്‍ സ്റ്റേറ്റ് നല്കാതിരുന്നതിനാലാണ്. കുടില്‍കെട്ട് സമരത്തില്‍ പൊതുവഴി തടസ്സപ്പെടുത്തുന്നു എന്നു പറഞ്ഞ് ഞങ്ങള്‍ക്കെതിരെ സമര നിരോധനം വരികയുണ്ടായി. എന്നാല്‍ കഴിഞ്ഞ 50 ദിവസങ്ങളായി ഈ സമരം ഇവിടെ നടന്നുവരികയാണ്. ജനസഞ്ചാരം തടസ്സപ്പെടുത്തുന്നത് ജനാധിപത്യമര്യാദയല്ലെന്ന് കരുതിയാണ് നില്പ് സമരം എന്ന ഒരു സഹനസമരം തന്നെ ഉണ്ടായത്. ഇത് തികച്ചും ജനാധിപത്യ രീതിയിലുള്ള ഒരു സമരം ആണ്. പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാത്ത ഒരു സമരം ആണ് ഈ നില്പ് സമരം. മുത്തങ്ങ സമരത്തിന് ശേഷം സര്‍ക്കാര്‍ ചില വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പു നടത്തിയിരുന്നു. ചില കരാറുകള്‍ അംഗീകരിക്കാം എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ആ കരാര്‍ നടപ്പിലാക്കുന്നില്ല. ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു പ്രധാന കാര്യം ആദിവാസി പാക്കേജ് നടപ്പിലാക്കുക എന്നത് തന്നെയാണ്. പ്രധാനമായും, ആദിവാസി ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുക, ആദിവാസി പുനരധിവാസം (Tribal Mission) ഉറപ്പാക്കുക. അതുപോലെതന്നെ അന്നുള്ള നിയമത്തില്‍ പറയുന്ന ആദിവാസികളുടെ ഭൂമി ജൃീലേര േചെയ്യുന്ന കേന്ദ്രനിയമം; ഭരണഘടനയില്‍ പറയുന്ന 244 വകുപ്പ് 5 ഷെഡ്യൂള്‍ നടപ്പിലാക്കുക. അങ്ങനെ ആദിവാസികള്‍ താമസിക്കുന്ന സ്ഥലം ആദിവാസി പ്രദേശമായി പ്രഖ്യാപിച്ചാല്‍ അവിടുത്തെ ഭൂമി ആര്‍ക്കും അനധികൃതമായിട്ട് കൈയ്യേറ്റം നടത്താന്‍ പറ്റില്ല. ആദിവാസികള്‍ക്ക് അത് വില്‍ക്കാനും പറ്റില്ല. ഉദാഹരണത്തിന് എനിക്ക് ഭൂമിയുണ്ടെങ്കില്‍ ആ ഭൂമി വില്‍ക്കാന്‍ പറ്റില്ല. പകരം വരുന്ന തലമുറയ്ക്ക് അത് കൈമാറേണ്ടതാണ്. ആദിവാസികള്‍ക്ക് ഭൂമിയുമായുള്ള ബന്ധം പൊതുജനങ്ങള്‍ അവരുടെ ഭൂമിയുമായി നടത്തുന്ന ഒരു ബന്ധം അല്ല. ഞങ്ങള്‍ക്ക് ഭൂമി എന്നത് രക്തവും മാംസവും എന്നതുപോലെയാണ്. മണ്ണ് വിട്ടിട്ടുള്ള ഒരു ജീവിതം ആദിവാസികളെ വംശഹത്യയിലേക്ക് തള്ളിവിടുകയേ ഉള്ളൂ. ആദിവാസികളുടെ culture, identity, ആചാരം എല്ലാം തന്നെ മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ സമരത്തിലൂടെ നമ്മള്‍ പറയുന്നത് മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കണം എന്ന് തന്നെയാണ്. സര്‍ക്കാര്‍ പറഞ്ഞ കരാറുകള്‍ പാലിക്കണം. ഈ സമരം ആദിവാസികളോടുള്ള സര്‍ക്കാരിന്റെ വാക്ക് മാറ്റത്തിന് എതിരെയാണ്. നമ്മുടെ കരാറുകള്‍ നടപ്പിലായാല്‍ കേരളത്തിലെ എല്ലാ ആദിവാസികള്‍ക്കും ഭൂമി കിട്ടും. ഈ സമരം എല്ലാ ആദിവാസികള്‍ക്കും വേണ്ടിയുള്ളതാണ്.

  • കേരളത്തിലെ എല്ലാ ആദിവാസി ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഈ സമരത്തിന് ലഭിച്ചിട്ടുണ്ടോ? ഗോത്രമഹാസഭ ഇത്തരം ഗോത്രവിഭാഗങ്ങളെ എങ്ങനെ നോക്കികാണുന്നു? ഈ സമരവുമായി പൊതുജന പങ്കാളിത്തം എങ്ങനെ നോക്കിക്കാണുന്നു?

കേരളത്തില്‍ മൊത്തം 4.5 ലക്ഷത്തോളം ആദിവാസികളാണുള്ളത്. ജനസംഖ്യ ആനുപാതികമായി 2% ഉണ്ട്. കേരളത്തിലെ ഒട്ടുമിക്ക ഗോത്രങ്ങളും ഈ സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്. അങ്ങനെ തന്നെയാണ് ഗോത്രമഹാസഭ രൂപീകരിച്ചതും. ഇതൊരു ഗോത്രകൂട്ടായ്മയാണ്. ഈ സമരത്തില്‍ വന്നിട്ടുള്ളവരില്‍ പല ഇല്ലത്തില്‍ നിന്നുള്ളവര്‍ ഉണ്ട്. അടിയാര്‍, പണിയര്‍, കുറുമര്‍, കുറിച്യന്‍ അട്ടപ്പാടിയില്‍ നിന്നുവന്ന ഇരുളര്‍ തുടങ്ങി വേടര്‍ സമുദായക്കാര്‍വരെ അടങ്ങുന്ന ഒരു ഗോത്ര സംഗമം ആണിത്. ഉപജാതി പ്രശ്‌നങ്ങളോ മറ്റു ജാതി പ്രശ്‌നങ്ങളോ ഒന്നും തന്നെ ഗോത്രമഹാസഭ മുന്നോട്ടു വയ്ക്കുന്നില്ല. ആദിവാസി എന്ന ലേബലില്‍, ഒരു ബാനറിന്റെ കീഴില്‍ വന്നവരാണ് ഞങ്ങള്‍.
ഇപ്പോള്‍ ഇവിടെ സമരം നടക്കുന്നത് 50 പേര്‍ അടങ്ങുന്ന ഓരോ ഗ്രൂപ്പ് വീതം 10 ദിവസത്തേക്ക് ഇവിടെ ഉണ്ടാവും, അടുത്ത ദിവസം 50 സമരക്കാര്‍ തുടര്‍ന്നുള്ള സമരം പത്ത് ദിവസത്തേക്ക് ചെയ്യും അങ്ങനെ ഓരോ ബാച്ച് വന്നുകൊണ്ടേയിരിക്കും ഇങ്ങനെയാണ് ഈ സമരം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. സമരത്തിന് മുമ്പുണ്ടായ സമരത്തേക്കാള്‍ ഏറെ സപ്പോര്‍ട്ട് ഇപ്പോള്‍ ലഭിക്കുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. കാരണം നേരത്തേ ഈ സമരത്തെ ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രം എത്തിക്കുവാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോള്‍ ഈ സമരം പല ഗ്രൂപ്പുകളും എടുത്തിട്ടുണ്ട്. അവരെല്ലാംതന്നെ പൊളിറ്റിക്കല്‍ ലെവലിലുള്ള ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പലരില്‍നിന്നും സാമ്പത്തികപരമായ സപ്പോര്‍ട്ട് നേടിയും അതേപോലെ വിഭവങ്ങള്‍ സമാഹരിച്ചുമാണ് സമരം മുന്നോട്ടുപോവുന്നത്.

  • ഈ സമരത്തിന് മറ്റുപല ഭൂസമരങ്ങള്‍ പോലെ പൊതുജനശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? മീഡിയ, മറ്റു മാധ്യമങ്ങള്‍ ഈ സമരത്തെ അഡ്രസ് ചെയ്തിട്ടുണ്ടോ?

എനിക്ക് തോന്നുന്നത് ജനങ്ങളുടെ സപ്പോര്‍ട്ട് കഴിഞ്ഞ സമരങ്ങളെക്കാള്‍ കൂടുതല്‍ ഇതിന് കിട്ടിയിട്ടുണ്ട് എന്നാണ്. പക്ഷെ മീഡിയ അതിനെ മൊത്തം തമസ്‌കരിക്കുകയാണ്. ഇപ്പോള്‍ എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യം നടന്നു കഴിഞ്ഞു. ഇത് ആദിവാസികള്‍ അല്ല പൊതുജനങ്ങള്‍ സ്വയം ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ വലിയ ഐക്യദാര്‍ഢ്യം നടന്നിരുന്നു. നമ്മള്‍ വിചാരിക്കുന്നത് മീഡിയയില്‍ വരുന്ന ഒരു കാര്യമാണ് ഏറ്റവും വലിയ ഒരു കാര്യം എന്നാണ്. ഇങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഐക്യദാര്‍ഢ്യസമരങ്ങള്‍ മുഴുവനായി തന്നെ ഇതിനെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴും ഈ സമരം മുന്നോട്ടു പോകുന്നു. ഇപ്പോള്‍ നമ്മള്‍ ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ ഒരു ദിവസത്തെ മനുഷ്യ ചങ്ങല സമരം പ്ലാന്‍ ചെയ്യുന്നുണ്ട്. മുംബൈയില്‍ റ്റാറ്റ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ കേരളഹൗസിനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മീഡിയ ഇതിനെയൊക്കെ പരമാവധി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

  • ആറളം ഫാം പോലെയുള്ള സ്ഥലങ്ങളില്‍ മുമ്പ് വെച്ചിരുന്ന ചില ഉടമ്പടിയുടെ പേരില്‍ ജോലി നല്‍കണം എന്നും വ്യവസ്ഥയില്‍ ഉണ്ടായിരുന്നല്ലോ. ഇപ്പോള്‍ ആറളം ഫാമിലെ സമര പ്രശ്‌നങ്ങള്‍ വിവരിക്കാമോ?

ആറളം ഫാമിലെ പ്രധാന കൃഷി എന്നു പറയുന്നത് കുരുമുളക്, കശുവണ്ടി, തെങ്ങ്, റബ്ബര്‍ എന്നിവയാണ്. അവിടെ തൊഴില്‍ കൊടുക്കാന്‍ വേണ്ടിയാണ് അത് ഒരു പബ്ലിക്‌ലിമിറ്റഡ് കമ്പനിയാക്കി നിലനിര്‍ത്തണം എന്നു പറഞ്ഞത്. ഇതിനുള്ളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്ന വിവരം എവിടെയും പറയുന്നില്ല. ഈ കൃഷി അനധികൃതമായി പുറത്തുള്ള വ്യക്തികള്‍ക്ക് പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. മാരകമായ വിഷം തളിച്ചാണ് ഇവിടെ കൈതച്ചക്ക കൃഷി തുടങ്ങിയിരിക്കുന്നത്. ജനിതക വൈകല്യം ഉണ്ടാക്കുന്ന മാരകമായ വിഷങ്ങള്‍ ആണ് ഇവയൊക്കെ. പുനരധിവാസം നടക്കാത്തതുകൊണ്ട് ആളുകള്‍ ചെറിയ ഷെഡ് വച്ച് അതിലാണ് താമസം. മഴക്കാല മാസങ്ങളില്‍ ഈ വിഷമെല്ലാം ഒലിച്ചു ആദിവാസികളുടെ കുളങ്ങളിലും മറ്റും എത്തുന്നു. ആറളം ഫാമില്‍ ആദിവാസികള്‍ മാത്രം ഉള്ളതുകൊണ്ട് വംശഹത്യ വരെ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഈ പാട്ടത്തിനു കൊടുക്കുന്ന അനധികൃത പരിപാടി അവസാനിപ്പിക്കണം എന്നാണ് നമ്മള്‍ പറയുന്നത്. അത് മാത്രമല്ല ഓരോ വര്‍ഷവും കമ്പനിയുമായി നടത്തിപ്പിലുള്ള ഈ സ്ഥലം 5 കോടി രൂപ നഷ്ടത്തിലുമാണ്. ഈ നഷ്ടം നികത്താന്‍വേണ്ടി പി.ആര്‍.ഡി.എം.ലെ ഫണ്ട് എടുത്തു ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇത് പിരിച്ചു വിട്ട് ആദിവാസികള്‍ക്ക് ഈ സ്ഥലം കൊടുക്കണം എന്നാണ് നമ്മള്‍ പറയുന്നത്.

  • ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ദളിത് ആദിവാസി പ്രശ്‌നങ്ങളില്‍ പൊതുവെ ഇടപെടാറില്ല. ഈ അടുത്ത കാലത്ത് നോക്കിയാല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, ദളിത് ആദിവാസികളെ ശ്രദ്ധിക്കുന്നുണ്ട്. ബാബാസാഹേബ് അംബേദ്കര്‍, അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ സാമൂഹിക രാഷ്ട്രീയ നവനിര്‍മാണ വ്യക്തിത്വങ്ങളെ ഉയര്‍ത്തികാട്ടുകയും എ.കെ.എസ്, പി.കെ.എസ് തുടങ്ങിയ ഇടതുപക്ഷ പോഷക സംഘടനകളെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ സമീപനത്തോട് എന്താണ് അഭിപ്രായം?

തികച്ചും വഞ്ചനകരമായ ഒരു നിലപാടാണ് അവര്‍ ഈ കാര്യത്തില്‍ എടുക്കുന്നത് എന്നു കാണാം. കാലങ്ങളായി ആദിവാസി ജനത ഇടതുപക്ഷങ്ങളെയാണ് വിശ്വസിച്ചിരുന്നത്. അവരുടെ ജാഥയ്ക്ക് നീളം കൂട്ടാനും, പോസ്റ്റര്‍ ഒട്ടിക്കാനും ഒക്കെയാണ് ഇവരെ ഉപയോഗിച്ചിരുന്നത്. വളരെ വിദഗ്ധമായി ഈ ജനങ്ങളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു എന്ന തിരിച്ചറിവാണ് മറ്റു പല മൂവ്‌മെന്റ്കളിലേക്കും സമരങ്ങളിലേക്കും ഒക്കെ വരാന്‍ ആദിവാസികളെ പ്രേരിപ്പിച്ചത്. കമ്മ്യൂണിസം എന്ന് പറയുന്നത് പാടെ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു, സ്ഥാപനവല്കരിക്കപ്പെട്ട ഒന്നായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ മാറി.
കേരളത്തില്‍ ജാതിയില്ല അമ്പലം, പള്ളി, വിശ്വാസം ഒന്നും ഇല്ല എന്നും തൊഴിലാളി മുതലാളി എന്ന വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് പറയുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? ജാതിപരമായി ആളെ കൂട്ടി അവര്‍ക്ക് സംഘടന ഉണ്ടാക്കുന്ന പണി നടത്തി പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ് ഉണ്ടാക്കാനുള്ള ശ്രമം. ജാതി സംഘടന ഉണ്ടാക്കി ജനങ്ങളെ വഞ്ചിക്കുന്ന പരിപാടി ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരുന്നത്. ഗോത്രമഹാസഭ പോലുള്ള സംഘടനകള്‍ രൂപീകരിക്കപ്പെടുമ്പോള്‍ ഇതുവരെ അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്ത ആദിവാസികള്‍ അവരില്‍നിന്നും അകന്നുപോയി എന്ന് തിരിച്ചറിയുന്നു. ഒരിക്കലും ആദിവാസികളെ പരിഗണിച്ചിട്ടില്ലാത്ത ഇടതുപക്ഷം ആദിവാസികള്‍ക്കുവേണ്ടി സംഘടന ഉണ്ടാക്കുന്നത് ലജ്ജാകരവും അപഹാസ്യവും ആണ്. അവരുടെ അടിവേരുകള്‍ തകര്‍ന്നപ്പോള്‍ ആണ് ഇത്തരം അടവുനയങ്ങള്‍ അവര്‍ രൂപീകരിക്കുന്നത്. ആദിവാസികളെ അംഗീകരിക്കാന്‍ ഈ സമരങ്ങള്‍ക്ക് കഴിഞ്ഞു എന്ന് വേണം നമ്മള്‍ തിരിച്ചറിയേണ്ടത്.

  • കേരളത്തിന്റെ ഹിന്ദു ദേശീയ ഉത്സവമായി പ്രഖ്യാപിക്കപ്പെട്ട ഓണം അടുത്തുവരുന്ന സമയത്താണ് ഇത്തരത്തില്‍ ഉള്ള ഒരു സമരം ഇവിടെ നടക്കുന്നത്. ഓണത്തിന് പട്ടിണി കിടന്നു മരിച്ച ആദിവാസിക്കുട്ടികളുടെ ചരിത്രം നമുക്ക് മുന്നില്‍ ഉണ്ട്. എന്താണ് ഓണവും അത് മുന്നോട്ട് വയ്ക്കുന്ന സംസ്‌കാരവും എന്നതിനെപ്പറ്റി ഒന്നു പറയാമോ?

ഓണം ശരിക്കും ആദിവാസികളുടെ ഒരു കള്‍ച്ചറിന്റെ ഭാഗം അല്ല. എന്റെ ഒക്കെ ചെറുപ്പത്തില്‍ ഓണത്തിന് ആദിവാസികള്‍ അതില്‍ സന്തോഷിക്കാന്‍ കാരണം ഈ ജനങ്ങള്‍ മൊത്തം അടിമപ്പണിക്കാര്‍ ആണ്. ഓണത്തിന് രണ്ട് ദിവസം അടിമപ്പണി ചെയ്യാതെ ഇവര്‍ക്ക് ലീവ് കൊടുക്കുമായിരുന്നു. അന്ന് വയര്‍ നിറച്ചു മേലാളന്മാരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കിട്ടും, വയര്‍നിറച്ചു ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷവും രണ്ട് ദിവസം പണി എടുക്കാതിരിക്കുന്നതിന്റെ സന്തോഷവും ഒക്കെയാണ് ഓണം എന്ന് ആദിവാസികളുടെ ഓര്‍മയില്‍ വരുന്നത്. ആദിവാസികള്‍ ഒരിക്കലും ഹിന്ദു മതത്തിന്റെ ഭാഗമല്ല. അവര്‍ക്ക് അവരുടേതായ കള്‍ച്ചറും ആചാരരീതികളെ എല്ലാം തന്നെയുണ്ട്. പക്ഷെ ഇന്ന് ഇവയെല്ലാം പലരീതിയില്‍ ഹിന്ദുവല്‍ക്കരിക്കപ്പെട്ടതായി കാണപ്പെടുന്നു.

  • ആദിവാസികള്‍ ഹിന്ദുമതത്തില്‍, ഹൈന്ദവരില്‍, ബ്രാഹ്മണസംസ്‌കാരത്തില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന് കരുതുന്നുണ്ടോ?

ഇല്ല. ആദിവാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമോ, ഹൈന്ദവ – ബ്രാഹ്മണ ചട്ടക്കൂട്ടില്‍ ഉള്‍പ്പെടുന്നവരോ അല്ല. ആദിവാസികള്‍ക്ക് സ്വന്തമായ സംസ്‌കാരവും, ചരിത്രവും ഉണ്ട്. വേറിട്ട സ്വത്വം ഉള്ള ഗോത്രസംസ്‌കാരം തന്നെ അവര്‍ക്കുണ്ട്. പക്ഷെ ഇന്ന് അധിനിവേശത്തിന്റെ ഒരു ഭാഗമായി ഹൈന്ദവ – ആചാരങ്ങളും ആദിവാസി സമൂഹത്തിലേക്കു കടന്നുകയറാന്‍ ശ്രമിക്കുന്നുണ്ട്.

  • മുത്തങ്ങ സമരം നേടിത്തന്ന വലിയ സാധ്യതകള്‍, ചര്‍ച്ചകള്‍, പരിഹാരങ്ങള്‍ ഈ സമരത്തിലും നടക്കുന്നില്ലേ? സ്റ്റേറ്റുമായുള്ള ചര്‍ച്ചകള്‍; മറ്റു പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

ജനാധിപത്യസമൂഹത്തില്‍ ഈ ജനത സ്വന്തം ഭൂമിക്കുവേണ്ടി ഇങ്ങനെ സമരം ചെയ്യുന്നതും മരിച്ചു കഴിഞ്ഞാല്‍ അടക്കാന്‍ മണ്ണില്ലാതെ സമരം തുടരുന്നതും ലജ്ജാകരമാണ്. ഇത് നമുക്ക് കൃത്യമായി അറിയാവുന്ന കാര്യം ആണ്. പക്ഷെ, ആളുകള്‍ക്ക് വേറെ മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ടാണ് ഈ സമരത്തില്‍ അണിചേര്‍ന്നിരുന്നത്. ആദിവാസികളെ മനുഷ്യരായി പരിഗണിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും തുനിയാത്തത് എന്ന് തോന്നുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനം, ആക്രമണം ആദിവാസികള്‍ക്ക് എതിരെ തന്നെയാണ് നടത്തുന്നത്. സ്റ്റേറ്റിന്റെ ഭാഗത്തുനിന്നും പിന്നെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഇതെല്ലാം നടക്കുന്നുണ്ട്. ചെങ്ങറ അതിനുദാഹരണമാണ്. പൊതുജനമാണ് അവിടെ ആക്രമിക്കാന്‍ മുന്നില്‍ നിന്നത്. ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ സ്റ്റേറ്റ് ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുകയാണ്. അവര്‍ നമുക്ക് കൊടുത്ത നിയമപരമായ വാക്കുകള്‍ പോലും പാലിക്കുന്നില്ല. അതുകണ്ട് 2001 ലെ സര്‍ക്കാര്‍ ഉറപ്പിച്ച വ്യവസ്ഥകളെ പാലിക്കാതെ ഈ സമരം പിന്നോട്ടു പോകില്ല.

  • മഹാത്മാ അയ്യങ്കാളി, ഡോ. അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ആശയങ്ങളെ പുതു തലമുറയില്‍ എത്തിക്കേണ്ടതില്ലേ? ഇവരുടെ ആശയങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

ആദിവാസി മേഖലകളില്‍ ഇത്തരത്തിലുള്ള പരിഷ്‌കര്‍ത്താക്കളുടെ ദര്‍ശനങ്ങള്‍ എത്തിയിട്ടില്ല. ആദിവാസികള്‍ അങ്ങനെ പഠിച്ചിട്ടില്ല. ഇപ്പോള്‍ ഞാനൊക്കെയാണ് ഇതൊക്കെ പഠിക്കേണ്ടി വരുന്ന ആളുകള്‍. ഞാന്‍ പോലും അത് പഠിച്ചിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായിട്ട് ഇങ്ങനെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ദളിതുകാരുടെ ഇടയിലെ പോലെ ആദിവാസികളുടെ ഇടയില്‍ അവരുടെ ദര്‍ശനങ്ങള്‍ എത്തിയിട്ടില്ല, ഇതില്‍ നുണയൊന്നും പറയേണ്ട ആവശ്യം ഇല്ല എന്ന് എനിക്ക് തോന്നുന്നു.

  • കേരളത്തിലെ ദളിത് സാമുദായിക സംഘടനയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം എന്താണ്?

പൊതുവെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ സമരത്തിന് എതിരാണ്. സാമുദായിക സംഘടനകള്‍ക്ക്, പ്രത്യേകിച്ചും ദളിത് സംഘടനകള്‍ ഇത്തരം കാര്യങ്ങളെ മനസ്സിലാക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • വളരെ ജനപിന്തുണ ഈ സമരത്തിന് കിട്ടുന്നു എന്ന് പറഞ്ഞുവല്ലോ? എല്ലാ ആദിവാസികളുടെയും അതിലുപരി എല്ലാ ജനങ്ങളുടെയും സമരം എന്ന് പറയുന്നത് ഒന്ന് വ്യക്തമാക്കാമോ?

ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ, ആദിവാസികള്‍ക്ക് ഈ സമരത്തിലൂടെ പണ്ട് ഉന്നയിച്ച അവകാശങ്ങള്‍ കിട്ടികഴിഞ്ഞാല്‍, എല്ലാ ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. അങ്ങനെ നോക്കിയാല്‍ ഇത് ആദിവാസികളുടെ മാത്രം സ്‌പെസിഫിക് ആയ ഒരു പ്രശ്‌നമല്ല.
ഇപ്പോള്‍ ആദിവാസി കുടുംബത്തിനു ഭൂമി കിട്ടിയാല്‍ അവര്‍ അവിടെ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ അവരുടെ ഉപജീവനത്തിന് മാറ്റിവച്ചു ബാക്കിയുള്ളവയൊക്കെ മാര്‍ക്കറ്റില്‍ എത്തിക്കാവുന്നതാണ്. കേരളത്തിലെ പൊതുസമൂഹം ഭക്ഷ്യ വിഭവങ്ങള്‍ക്ക് വേണ്ടി മറ്റു സ്റ്റേറ്റിനെ ആണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ആന്ധ്ര അരിയും യു.പി ഗോതമ്പും തന്നില്ലെങ്കില്‍ നമ്മളാരും കഞ്ഞീം വെള്ളവും കുടിക്കില്ല. തമിഴ്‌നാടും കര്‍ണാടകയും വെജിറ്റബിള്‍ തന്നില്ലെങ്കില്‍ നമ്മളാരും സാമ്പാറും കൂട്ടില്ല. കേരള സ്റ്റേറ്റിലുള്ള നമ്മളെല്ലാം മറ്റു സ്റ്റേറ്റിനെ ആശ്രയിക്കുന്ന അഭയാര്‍ത്ഥികള്‍ ആണ്. നല്ല ഒരു സ്റ്റേറ്റ് മുന്നോട്ടു വയ്‌ക്കേണ്ടത് അഭയാര്‍ത്ഥിത്വമല്ല, ആശ്രയത്വവുമല്ല. അതിനുപകരം സ്വാശ്രയവും, സ്വാതന്ത്ര്യവുമാണ്. നമ്മള്‍ക്കാവശ്യമായ വിഭവങ്ങള്‍ ഇവിടെ നിര്‍മിക്കാന്‍ കഴിഞ്ഞാലെ നമ്മള്‍ക്ക് ഇതില്‍ നിന്നെല്ലാം രക്ഷപെടാന്‍ കഴിയൂ. സ്വാശ്രയത്വം കൈവരിക്കാന്‍ നിര്‍ബന്ധമായും ആദിവാസികള്‍ക്ക് ഭൂമി കിട്ടിയേ പറ്റൂ. അങ്ങനെ നോക്കിയാല്‍ ഇതൊരു ജീവന്‍ മരണ പോരാട്ടമാണ്. മുഴുവന്‍ ആളുകള്‍ക്കും വേണ്ടിയുള്ള സമരം ആണ്.
ആദിവാസികള്‍ പണ്ടുമുതലേ ചെയ്ത കാര്യങ്ങളൊക്കെ തന്നെയാണ് പറയുന്നത്. അതായത് കാട് നിലനില്ക്കണം, മണ്ണ് നിലനില്ക്കണം, വെള്ളംനിലനില്ക്കണം, ഇതെല്ലാം എല്ലാവര്‍ക്കുംവേണ്ടി ആണല്ലോ. അല്ലാതെ ആദിവാസികള്‍ക്ക് മാത്രം അല്ലല്ലോ. ആദിവാസികളുടെ ഈ ജീവിതരീതി ഇപ്പോള്‍ പുതിയ ഒരു ജനവിഭാഗം ഏറ്റെടുത്തിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ സംരക്ഷണം ആയി മാറിയെന്നു മാത്രം, ഇവിടെ സംരക്ഷിക്കാന്‍ ഒന്നുമില്ലല്ലോ. എല്ലാം കുടിയേറ്റ അനധികൃത ഭൂമികളായി മാറിയില്ലേ. അതുകൊണ്ടെല്ലാം തന്നെ ഈ സമരം എല്ലാവരുടെയും കൂടിയാണ് എന്നാണെനിക്കു പറയാനുള്ളത്.

Top