ഹിംസയും ചരിത്രവും

രക്തപങ്കിലമായ സവര്‍ണ- ബ്രാഹ്മണിക ഹിംസപാരമ്പര്യത്തെ കീഴാളരുടെ കണ്ണുകളിലൂടെ വായിച്ചെടുക്കാനുളള പരിശ്രമമായി സാമാന്യമായി വിലയിരുത്താവുന്ന ഈ ചിത്രങ്ങള്‍ വര്‍ത്തമാനത്തോടു ക്രിയാത്മകമായി സംവദിക്കുന്നത് ചരിത്രാനുഭവങ്ങളുടെ വ്യാകരണം ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനത്തിന്റെ സങ്കീര്‍ണതകളെ ചരിത്രപരമായി സമീപിക്കാനുളള പരിശ്രമമായാണ് ചിത്രങ്ങളുടെ സൂക്ഷ്മ വായന അനുഭവപ്പെടുക. വര്‍ത്തമാനത്തിന്റെ സാംസ്‌കാരികമായ സങ്കീര്‍ണതകളും ഇടര്‍ച്ചകളും ഹിംസാരൂപങ്ങളും ഈ ചിത്രമെഴുത്തുകളില്‍ തെളിയുന്നതിനെക്കുറിച്ചുളള നിരീക്ഷണമാണ് ഈ ചെറുകുറിപ്പ്.

2013 സെപ്റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലായി കൊച്ചിയിലും കോഴിക്കോട്ടും നടന്ന, ചിത്രകാരന്‍ ടി.മുരളിയുടെയും അജയശേഖറിന്റെയും ചിത്രങ്ങളുടെ സംയുക്തപ്രദര്‍ശനം ”’ഇമേജ്/കാര്‍നേജ്”’ കലയുടെ രാഷ്ട്രീയ പ്രയോഗത്തില്‍ ഒരു പുതിയ അദ്ധ്യായമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും ഹിംസയുടെ പ്രയോഗപദ്ധതികളെ തുറന്നു കാട്ടുന്നുവെന്നതും സമകാലികമായ ദൃശ്യതയുടെ വഴക്കങ്ങളില്‍ വിമര്‍ശനാത്മകമായ ഇടപെടല്‍ നടത്തുന്നുവെന്നതുമാണ് ഈ പ്രദര്‍ശനങ്ങളെ വ്യത്യസ്തമാക്കുന്നത്. ‘Image/ carnage’ visual violence, other  എന്നു പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം സംസ്‌കാരചരിത്രത്തിലെ അധീശത്വത്തിന്റെ ഹിംസയുടേയും അപരവത്കരണത്തിന്റെയും വിമോചനഭാവമുള്‍ക്കൊളളുന്ന പുതുഅന്വേഷണങ്ങളുടേയും പ്രമേയമാണ് പൊതുവില്‍ സ്വീകരിച്ചിട്ടുളളത്. രക്തപങ്കിലമായ സവര്‍ണ- ബ്രാഹ്മണിക ഹിംസപാരമ്പര്യത്തെ കീഴാളരുടെ കണ്ണുകളിലൂടെ വായിച്ചെടുക്കാനുളള പരിശ്രമമായി സാമാന്യമായി വിലയിരുത്താവുന്ന ഈ ചിത്രങ്ങള്‍ വര്‍ത്തമാനത്തോടു ക്രിയാത്മകമായി സംവദിക്കുന്നത് ചരിത്രാനുഭവങ്ങളുടെ വ്യാകരണം ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനത്തിന്റെ സങ്കീര്‍ണതകളെ ചരിത്രപരമായി സമീപിക്കാനുളള പരിശ്രമമായാണ് ചിത്രങ്ങളുടെ സൂക്ഷ്മ വായന അനുഭവപ്പെടുക. വര്‍ത്തമാനത്തിന്റെ സാംസ്‌കാരികമായ സങ്കീര്‍ണതകളും ഇടര്‍ച്ചകളും ഹിംസാരൂപങ്ങളും ഈ ചിത്രമെഴുത്തുകളില്‍ തെളിയുന്നതിനെക്കുറിച്ചുളള നിരീക്ഷണമാണ് ഈ ചെറുകുറിപ്പ്.
ബ്രാഹ്മണ-രാജാധികാരചരിത്രം കീഴാളരെ ചവിട്ടിത്തേച്ചതിന്റെ പ്രത്യക്ഷ ചിഹ്നങ്ങളെയാണ് മുരളി ചിത്രമെഴുത്തില്‍ സിവിശേഷമായി സ്വീകരിക്കുന്നത്. ലളിതവും പ്രത്യക്ഷാര്‍ത്ഥവുമുളള ചിഹ്നങ്ങളെ വിന്യസിച്ചു കൊണ്ടാണ് മുരളിയുടെ ചിത്രങ്ങള്‍ കാഴ്ച പിടിച്ചു പറ്റുന്നത്. കാഴ്ചയെ വ്യാഖ്യാനമാക്കി മാറ്റുന്നു ഈ ചിത്രങ്ങള്‍. കാഴ്ചക്കാരനെ വ്യാഖ്യാതാവാക്കി മാറ്റുകയും ചിത്രങ്ങള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിലേക്ക് അയാളുടെ വ്യാഖ്യാനങ്ങളെ ഉറപ്പിക്കുകയും ചെയ്യാനുളള പരിശ്രമം ഈ ചിത്രങ്ങളിലുണ്ട്. മുരളിയുടെ ചിത്രങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്ന ഓരോ ആസ്വാദകനും ചരിത്രത്തിന്റെ വ്യാഖ്യാതാവാണ്. കീഴാളപെണ്‍പക്ഷത്തെ അതിശക്തമായി അവതരിപ്പിക്കുന്നുവെന്നതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. നങ്ങേലിയും Silent goddes of Kollur ‘ഉം ചാന്നാര്‍ വുമണിലായാലും കീഴാളസ്ത്രീ എന്ന രാഷ്ട്രീയസാന്നിധ്യത്തെയാണ് മുരളി വരയ്ക്കുന്നത്. നങ്ങേലിയുടെ ത്യാഗം മുലക്കരം പിരിക്കുന്ന രാജാധികാരത്തിനെതിരെ സ്വയം മുല മുറിച്ചു മാറ്റി രാഷ്ട്രീയ പ്രതിരോധമായ ചരിത്രത്തിലെ നങ്ങേലിയെ പുനസൃഷ്ടിക്കുന്നതാണ്. എന്നാല്‍ ചരിത്രത്തിലെ സവിശേഷമായ ഒരു ത്യാഗത്തിന്റെ പ്രകാശനം എന്നതിനപ്പുറം കീഴാളസ്ത്രീവാദത്തിന്റെ വര്‍ത്തമാന ആഖ്യാനമായി മാറുന്നുണ്ട് ഈ ചിത്രം.
ഹോാട്ടന്‍ടോട്ട് വിനസ് എന്ന് വിളിപ്പേരുള്ള വംശീയതയുടെ രക്തസാക്ഷി സാറാ ബാര്‍ത്മാനെപ്പോലെ കേവലം ഇരയല്ല നങ്ങേലി. അതീവഗഹനമായ സ്വയംപോരിമയും ബോധ്യവുമുളള സ്ത്രീ സ്വത്വമാണ് നങ്ങേലി. രാജാധികാരത്തിന്റെ അനീതിയോടും ബ്രാഹ്മണാധികാരത്തിന്റെ നിഗൂഢവും ബോധപൂര്‍വ്വമായ കീഴ്‌പ്പെടുത്തലുകളോടും ശരീരത്തിലൂടെ സംസാരിക്കുന്നവളാണ് അവര്‍.. മുലക്കരത്തിനെതിരെയുളള പ്രതിഷേധം ലൈംഗികാധികാരത്തിനു വേണ്ടിയുളള പ്രതിഷേധമായിരുന്നില്ല. മറിച്ച് ഇച്ഛയുളള, സ്വയം തിരഞ്ഞെടുപ്പുകളുളള സ്വയംബോധമുളള പുതിയ സ്വത്വത്തിലേക്കുളള പരിവര്‍ത്തനമായിരുന്നു. ജാതീയമായ അധികാര വിന്യസത്തിനെതിരെയുളള സമരമാണത്. മുരളിയുടെ നങ്ങേലി ചരിത്രത്തിലെ ഈയര്‍ത്ഥത്തെ മാത്രമാണ് സ്വീകരിക്കുന്നതെന്നു പറഞ്ഞുകൂടാ. മുല ഇന്ന് ഒരു ലൈംഗിക പ്രതീകമാണ്.

_____________________________
2013 സെപ്റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലായി കൊച്ചിയിലും കോഴിക്കോട്ടും നടന്ന, ചിത്രകാരന്‍ ടി.മുരളിയുടെയും അജയശേഖറിന്റെയും ചിത്രങ്ങളുടെ സംയുക്തപ്രദര്‍ശനം ”’ഇമേജ്/കാര്‍നേജ്”’ കലയുടെ രാഷ്ട്രീയ പ്രയോഗത്തില്‍ ഒരു പുതിയ അദ്ധ്യായമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും ഹിംസയുടെ പ്രയോഗപദ്ധതികളെ തുറന്നു കാട്ടുന്നുവെന്നതും സമകാലികമായ ദൃശ്യതയുടെ വഴക്കങ്ങളില്‍ വിമര്‍ശനാത്മകമായ ഇടപെടല്‍ നടത്തുന്നുവെന്നതുമാണ് ഈ പ്രദര്‍ശനങ്ങളെ വ്യത്യസ്തമാക്കുന്നത്. 
_____________________________ 

ലൈംഗികാതിക്രമങ്ങളേയും അതിനെ ചുറ്റിപ്പറ്റിയുളള ലൈംഗിക വ്യവഹാരങ്ങളുടേയും കുത്തൊഴുക്കാണ് ഇന്നിന്റെ അനുഭവലോകം. എല്ലാ ലൈംഗികാതിക്രമങ്ങളേയും ചുറ്റിപറ്റി ഉയരുന്ന അനുകൂലവും പ്രതികൂലവുമായ വാദഗതികളാകെയും സ്ത്രീയെ പാര്‍ശ്വവത്കരിച്ചു കൊണ്ടാണ് വരാറുളളത്. കീഴാള സ്ത്രീയുടെ മുലമുറിക്കല്‍ വര്‍ത്തമാന കാഴ്ചാനുഭവത്തിലെ ജനപ്രിയലൈംഗികവ്യവഹാരത്തെ നിഷേധിക്കാനുളള തീവ്രമായ പരിശ്രമമായി വായിക്കേണ്ടതുണ്ട്. മുരളിയുടെ ആണ്‍കര്‍തൃത്വം അതിന് തടസ്സമാകേണ്ടതില്ല. അധികാരത്തിന്റെ വിന്യസനവും അതിന്റെ നൃശംസതകളും മുരളിയുടെ പ്രമേയങ്ങളുടെ സാമാന്യധാരയാണെന്ന് കാണിക്കുന്ന പല ചിത്രങ്ങളുണ്ട്. അതില്‍ പ്രധാനമായി എടുത്തു പറയേണ്ടത് glorifid slavery  യാണ്. ഈ ചിത്രം അടിമത്തെ അഭിമാനമാക്കി മാറ്റുന്ന ചരിത്രപ്രക്രിയയെ അപനിര്‍മ്മിക്കാനുളള പരിശ്രമമാണ്. അധികാര പ്രയോഗത്തിന്റെ വേഷം മാറ്റങ്ങളെയാണ് ഈ ചിത്രങ്ങളെല്ലാം അഭിമുഖീകരിക്കുന്നത്.
അജയ്‌ശേഖറിന്റെ ചിത്രങ്ങള്‍ ഈ ധാരയില്‍ നിന്നു തന്നെയാണ് അര്‍ത്‌ഥോത്പാദനം നിര്‍വ്വഹിക്കുന്നത്. മുരളിയില്‍ നിന്നും വ്യത്യസ്തമായി അജയ് പ്രതീകാത്മകതയെയാണ് ഉപയോഗിക്കുന്നത്. ചിഹ്നങ്ങള്‍- (വൈയക്തികവും സാമാന്യവും) കൊണ്ട് വര്‍ത്തമാനത്തിലെ സ്‌ഫോടകസ്വഭാവമുളള രാഷ്ട്രീയാര്‍ത്ഥങ്ങളെ കണ്ടെടുക്കുകയാണ് അദ്ദേഹം. extensions ഇങ്ങനെയൊരു രചനയാണ്. അധികാരത്തിന്റെയും ഹിംസയുടേയും കരാളരൂപങ്ങള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രമേയമാവുന്നതിന്റെ സ്‌കിസോഫ്രേനിക് ദൃശ്യങ്ങളാണ് ഈ ചിത്രങ്ങള്‍. ചിന്നിച്ചിതറലിനെ ഒരു രാഷ്ട്രീയ പ്രയോഗമായി മാറ്റുന്നു അജയ് ശേഖര്‍. തോക്കു പിടിച്ച കൈകളും അഞ്ജലിബദ്ധമായ കൈകളും എഴുത്താണി പിടിച്ച കൈകളുമെല്ലാം അകാലികമായി ഒരു അധികാരശരീരത്തിന്റെ വിന്യസനമായി മാറുന്നു ഈ ചിത്രത്തില്‍. ഒരു വിരാട് രൂപത്തെ വിന്യസിച്ചുകൊണ്ട് അധികാരവിമര്‍ശനത്തിന്റെ സാംസ്‌കാരരാഷ്ട്രീയത്തെ വരയ്ക്കുന്നു അജയ് ഈ ചിത്രങ്ങളില്‍. ചിത്രവധം എന്ന രചന കുന്തത്തില്‍ കോര്‍ത്ത് വധിക്കപ്പെട്ട ഒരാളെ വിഷയമാക്കുന്നു. ഒരു സ്വയം കാഴ്ചയുടെ സ്വരൂപമാണ് ഈ ചിത്രത്തിനുളളത്. മുറിഞ്ഞ വിരലുകളും ബുദ്ധനെ ഓര്‍മ്മിപ്പിക്കുന്ന ചെവികളും ഈ self caricature ന് നിഗൂഢമായ അര്‍ത്ഥം നല്‍കുന്നുണ്ട്. വര്‍ത്തമാനാനുഭവങ്ങളില്‍ ചിത്രവധത്തിനു വിധേയമാവുന്ന കീഴാളവിഷയിയുടെ പ്രതീകാത്മകചിത്രവധമായി ഇതു മാറുന്നുണ്ട്. പൂമ്പാറ്റച്ചിറകുകളില്‍ നിന്ന് നോവിന്റെ ആശയാവിഷ്‌കാരത്തിലേക്കുള്ള പരിണാമമാണ് ഇവിടെ വിഷയമാക്കുന്നത്. കൂട്ടിനുള്ളില്‍ വെച്ചുതന്നെ രക്തപങ്കിലമാക്കി നശിപ്പിക്കപ്പെടുന്ന കിളിമുട്ടകളാണ് ഹിംസയുടെ പരമരൂപം. ഹിംസയെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിച്ചുകൊണ്ടു കലയുടെ രാഷ്ട്രീയ പ്രയോഗത്തെ ഉറപ്പിക്കുകയാണ് ഈ കലാകാരന്മാര്‍.

(തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍.)

Top