പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

ആംആദ്മി പാര്‍ട്ടിയുടെ സ്വരാജില്‍ ദലിതരുടെ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിന്റെ വ്യക്തമായ ഉത്തരം യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവ തൊട്ടാല്‍പൊള്ളുന്ന വിഷയങ്ങളായതിനാല്‍ അവയോട് കെജ്‌രിവാള്‍ പുലര്‍ത്തുന്ന മൗനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയുടെ ലക്ഷണമായി വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ മൂടിവച്ച് കേവലം വോട്ടിനായി ആംആദ്മികളെ പറഞ്ഞുപറ്റിക്കുന്നത് രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയാണോ അങ്ങേയറ്റത്തെ അഴിമതിയാണോ? ആ അര്‍ത്ഥത്തില്‍ ആംആദ്മിപാര്‍ട്ടിയുടേയും കെജ്‌രിവാളിന്റെയും സ്വരാജ് സ്വജനരാജാണ്. അതില്‍ ദലിതര്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ചൂലുംകൊണ്ടുവരുന്നവരുടെ ചൂലുവാങ്ങി അവരുടെ പിന്നില്‍ത്തന്നെ ഒരടി കൊടുക്കാന്‍ ദലിതര്‍ പ്രാപ്തരാകണം. അതാകട്ടെ ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ യഥാര്‍ത്ഥ ആം ആദ്മികളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതവുമാണ്.

  • യു പി അനിൽകുമാർ

ആം ആദ്മി പാര്‍ട്ടിക്കും അതിന്റെ ചിഹ്നമായ ചൂലിനും ദലിതരുമായി അഭേദ്യമായ ബന്ധമുണ്ട്. സാമൂഹ്യമായി തരംതാഴ്ത്തപ്പെട്ടവരും സാമ്പത്തികമായി ദാരിദ്ര്യരേഖയ്ക്കു താഴെ നില്‍ക്കുന്നവരും വിദ്യാഭ്യാസപരമായി നിരക്ഷരത കൂടിയവരും രാഷ്ട്രീയമായി കേവലം വോട്ടുബാങ്കുകളും സാംസ്‌ക്കാരികമായി പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ ഇന്ത്യയിലെ യഥാര്‍ത്ഥ ആംആദ്മികളാണ് ദലിതര്‍. സാധാരണക്കാരില്‍ തന്നെ അതിസാധാരണക്കാര്‍. അയിത്തത്തിന്റെ ഇരകളായ ദലിത് ജനവിഭാഗങ്ങളില്‍ പലരും ബ്രിട്ടീഷിന്ത്യയില്‍പ്പോലും വഴിനടക്കുമ്പോള്‍ ഒരു ചൂല് അരയില്‍കെട്ടി പിന്നില്‍ ഇടണമായിരുന്നു. ദലിതന്‍ നടന്നശുദ്ധമാകുന്ന വഴി ദലിതനെക്കൊണ്ടുതന്നെ ശുദ്ധീകരിക്കുവാനുള്ള സവര്‍ണ്ണതീരുമാനമായിരുന്നു അത്. ഇന്ന് അതേ ചൂല് ആംആദ്മി പാര്‍ട്ടിയുടെ ചിഹ്നമെന്ന നിലയില്‍ ഇന്ത്യയിലെ രാഷ്ട്രീയമാറ്റത്തിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ തരംഗമെന്നും ഭാവി വാഗ്ദാനമെന്നും മാധ്യമങ്ങള്‍ വാഴ്ത്തുകയും നഗരപ്രദേശങ്ങളില്‍ വസിക്കുന്ന മധ്യവര്‍ഗജനതയുടെ പിന്തുണ പിടിച്ചെടുക്കുന്നതില്‍ താല്‍ക്കാലികമായി വിജയിക്കുകയും രൂപീകരിക്കപ്പെട്ട് കേവലം ഒരു വര്‍ഷത്തിനകം തന്നെ ഡല്‍ഹിയില്‍ ചുരുങ്ങിയ കാലത്തേയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത ആംആദ്മി പാര്‍ട്ടി, ഇന്ത്യയിലെ യഥാര്‍ത്ഥ ആംആദ്മികളായ, ദലിതരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എത്രത്തോളം പ്രതിജ്ഞാബദ്ധമാണ്?

ദലിത് വിരുദ്ധമായ അടിസ്ഥാന സമീപനം

ആംആദ്മി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ ദര്‍ശനവും പ്രവര്‍ത്തന രീതികളും വിശദീകരിച്ചുകൊണ്ട് അതിന്റെ അനിഷേധ്യനേതാവ് കെജ്‌രിവാള് രചിച്ച സ്വരാജ് എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇങ്ങനെ പറയുന്നു, ‘എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനം രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥിതിയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിത്തുടങ്ങിയിരിക്കുന്നു'(പേജ് 18). രാജ്യത്തെ കാര്‍ന്നുതിന്നുന്ന രോഗം അഴിമതിയും അതിന്റെ മൂലകാരണം രാഷ്ട്രീയവ്യവസ്ഥിതിയുമാണെന്ന ആംആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന സമീപനം തന്നെ ദലിത് വിരുദ്ധമാണ്. കാരണം നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥ എന്ന സാമൂഹ്യവ്യവസ്ഥയാണ് തങ്ങളുടെ എല്ലാ പ്രശ്‌നത്തിനും കാരണം എന്ന് യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് അനുഭവം കൊണ്ട് ഉറപ്പുള്ളതാണ്. അഴിമതിയെന്നതിലുപരി അയിത്തമാണ് രാജ്യത്തെ കാര്‍ന്നുതിന്നുന്ന യഥാര്‍ഥ രോഗമെന്ന് കെജ്‌രിവാള്‍ ആംആദ്മികള്‍ക്കു വേണ്ടി സംസാരിക്കുന്നതിനുമുമ്പ് ഇന്ത്യയിലെ ആംആദ്മികളെ പ്രതിനിധീകരിച്ചിരുന്ന ബുദ്ധന്‍, മഹാത്മാ ഫൂലെ, സാഹുമഹാരാജ്, നാരായണഗുരു, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍, അയ്യന്‍കാളി, ഡോ. അംബേദ്ക്കര്‍ തുടങ്ങി നൂറുകണക്കിന് ആംആദ്മി നേതാക്കള്‍ യുക്തിയുക്തം വിശദീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല, രാജഭരണം, എകാധിപത്യം, മതഭരണം, വൈദേശിക ഭരണം തുടങ്ങി ഇന്ത്യ കടന്നുപോയ നിരവധി രാഷ്ട്രീയവ്യവസ്ഥകളില്‍ യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് തുണയായി നില്‍ക്കുന്നതും അവരുടെ സാമൂഹ്യസാമ്പത്തിക പുരോഗതി അല്‍പ്പമെങ്കിലും മെച്ചപ്പെടുത്തിയതും ഇന്ന് നിലവിലിരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യം എന്ന രാഷ്ട്രീയവ്യവസ്ഥിതിയാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഇന്ത്യയില്‍ ആംആദ്മിയെ സൃഷ്ടിച്ച അയിത്തമെന്ന രോഗത്തെയും സാമൂഹ്യവ്യവസ്ഥിതി എന്ന വൈറസിനേയും മറച്ചു വച്ച് പകരം അഴിമതിയാണ് രോഗമെന്നും രാഷ്ട്രീയവ്യവസ്ഥിതിയാണ് വൈറസെന്നും പ്രചരിപ്പിക്കുന്നതിലൂടെ കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്? രാഷ്ട്രീയവ്യവസ്ഥിതി മാറാതെ രാഷ്ട്രപുനര്‍നിര്‍മ്മാണം അസാധ്യമെന്ന് നിരീക്ഷിക്കുന്ന കെജ്‌രിവാള്‍ (പേജ് 83) സാമൂഹ്യവ്യവസ്ഥിതിയുടെ പ്രതിഫലനം മാത്രമാണ് രാഷ്ട്രീയവ്യവസ്ഥിതിയെന്നും സാമൂഹ്യവ്യവസ്ഥിതി മാറാതെ രാഷ്ട്രപുനര്‍നിര്‍മ്മാണം അസാധ്യമെന്നും ചിന്തിക്കാത്തത് കെജ്‌രിവാളിന്റെ സ്വരാജില്‍ രാഷ്ട്രീയവ്യവസ്ഥിതി മാറിയാലും സാമൂഹ്യവ്യവസ്ഥിതി മാറരുത് എന്ന പരമ്പരാഗത മനുവാദനിര്‍ബന്ധത്തിന്റെ പ്രതിസ്ഥുരണം മാത്രമാണെന്ന് ദലിതര്‍ തിരിച്ചറിയേണ്ടതുണ്ട്.
നൂറ്റാണ്ടുകളോളം പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കിടന്ന ദലിതര്‍ക്ക് അവ പ്രത്യേക പരിരക്ഷകളിലൂടെ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടത്തില്‍ ഡോ. അംബേദ്ക്കര്‍ പ്രഥമ പരിഗണന നല്‍കിയത് ദലിതരുടെ അസ്തിത്വം ആദ്യം നിയമപരമായി അംഗീകരിക്കപ്പെടുക എന്ന വസ്തുതയ്ക്കാണ്. ആദ്യം അംഗീകരിക്കപ്പെടുക, പിന്നെ പരിരക്ഷകള്‍ ഏര്‍പ്പെടുത്തുക എന്നതാണ് തത്വം. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ സ്വരാജ് ദലിതരെ അംഗീകരിക്കുന്നുണ്ടോ? ഇന്ത്യന്‍ ജനസംഖ്യയില്‍ ഏതാണ്ട് നാലിലൊന്നു വരുന്ന, ഇന്ത്യന്‍ ഭരണഘടന പ്രത്യേക പരിരക്ഷകള്‍ നല്‍കേണ്ട വിഭാഗമായി പരിഗണിച്ചിട്ടുള്ള പട്ടികജാതി വര്‍ഗ്ഗക്കാരുടെ അസ്തിത്വത്തെപ്പോലും കെജ്‌രിവാള്‍ അംഗീകരിക്കുന്നില്ല. 30000 വാക്കുകളുള്ള സ്വരാജില്‍ രണ്ടിടത്തു പിന്നോക്കമെന്നും മൂന്നിടത്ത് ആദിവാസികളെന്നും പറയുന്നതൊഴിച്ചാല്‍ പട്ടികജാതിക്കാര്‍ അല്ലെങ്കില്‍ ദലിതര്‍ എന്ന വാക്ക് ഒരിടത്തുപോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ദലിത് അഥവാ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ എന്ന അസ്തിത്വത്തെത്തന്നെ അംഗീകരിക്കാന്‍ വിമുഖതയുള്ള ആംആദ്മിപ്പാര്‍ട്ടിക്കാര്‍ തങ്ങളുടെ സംരക്ഷകരാകുമെന്ന് ദലിതര്‍ക്ക് പ്രതീക്ഷിക്കുവാന്‍ കഴിയുമോ?

ദലിതര്‍ കത്തിയെരിയുന്ന വിശുദ്ധമായ മുന്‍വിധികള്‍

കെജ്‌രിവാളിന്റെ സ്വരാജ് വിഭാവനം ചെയ്യുന്ന ആദര്‍ശ ഇന്ത്യയുടെ അടിസ്ഥാനശില നിലകൊള്ളുന്നത് അദ്ദേഹം വിശുദ്ധമായി കരുതുന്ന ചില മുന്‍വിധികളിലാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ നന്മയിലുള്ള അതിരുകടന്ന വിശ്വാസമാണ് അതിലൊന്ന് (പേജ് 57). ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ തന്നെ തീരുമാനിക്കണം എന്നതാണ് മറ്റൊന്ന്. സ്വരാജിന്റെ അടിസ്ഥാന ശില എന്നതുതന്നെ ഗ്രാമസഭകളാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും പിന്നോക്കാവസ്ഥയും മാറണമെങ്കില്‍ പൂര്‍ണ്ണമായ അധികാരം ഗ്രാമസഭകള്‍ക്കു നല്‍കണമെന്നും (പേജ് 87) അവയ്ക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഫ്രീ ഫണ്ട് നല്‍കണമെന്നും (പേജ് 75) കുറ്റകൃത്യങ്ങള്‍ക്ക് നേരിട്ട് ശിക്ഷ നല്‍കാനുള്ള അനുമതി നല്‍കണമെന്നും (പേജ് 18) കെജ്‌രിവാള്‍ ആവശ്യപ്പെടുന്നു. ഗ്രാമസഭകളെ സ്വതന്ത്രമായ ഭരണസമിതികളായി കണക്കാക്കിക്കൊണ്ട് അവയുടെ നടത്തിപ്പിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതും തുടരെത്തുടരെ നിരീക്ഷകരെ അയയ്ക്കുന്നതും അവസാനിപ്പിക്കണമെന്നും തുടര്‍ന്നാവശ്യപ്പെടുന്നു (പേജ് 107).

________________________________
ദലിതരെ സംബന്ധിച്ച് ഹാനികരമായ അത്തരം ഗ്രാമസഭകളാണ് ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം പരിഹാരം സ്ഥിതിചെയ്യുന്ന വിശുദ്ധഇടങ്ങളായി കെജ്‌രിവാള്‍ ദലിതര്‍ക്കു മുന്നില്‍ വയ്ക്കുന്നത്. ഗ്രാമങ്ങളില്‍ സവര്‍ണ്ണ ജന്മിമാരെ ആശ്രയിച്ചു കഴിയുന്ന ദലിതന്റെ മോചനം സവര്‍ണ്ണ ജന്മി നിയന്ത്രിക്കുന്ന ഗ്രാമസഭയുടെ പരിശുദ്ധിയില്‍ വിഭാവനം ചെയ്യുന്നത് കെജ്‌രിവാളിനു മാത്രം സാധിക്കുന്ന വിഭാവന വൈഭവമായിപ്പോയി.
__________________________________

ഫണ്ട് വിനിയോഗത്തില്‍ ഗ്രാമസഭകള്‍ യാതൊരു കൃത്രിമത്വവും കാട്ടുകയില്ല എന്നാണ് കെജ്‌രിവാള്‍ ആണയിടുന്നത് (പേജ് 57). നിലവിലെ ഗ്രാമപഞ്ചായത്തുകളില്‍ പട്ടികജാതി-വര്‍ഗ വികസനത്തിനുവേണ്ടിയുള്ള പ്രത്യേക ഫണ്ടുകള്‍ ധൂര്‍ത്തടിച്ചും വകമാറ്റിയും ചെലവഴിക്കാതിരുന്നും പാഴാക്കിയും രസിക്കുന്ന നേരനുഭവമുള്ള ദലിതരോടാണ് കെജ്‌രിവാളിന്റെ സ്വരാജിലെ അഴിമതിരഹിത ഗ്രാമസഭകളിലേയ്ക്ക് ചേക്കാറാന്‍ ആഹ്വാനം ചെയ്യുന്നത്? സംസ്ഥാന സര്‍ക്കാരിനു നിയന്ത്രണാധികാരമോ നിരീക്ഷകസ്വാതന്ത്ര്യമോ ഇല്ലാത്തതും ശിക്ഷാനുമതി ഉള്ളതും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഫ്രീ ഫണ്ട് ഉള്ളതുമായ സ്വരാജിലെ ഗ്രാമസഭയില്‍ദലിതരുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കപ്പെടുമോ?
കര്‍ശനമായ നീതിന്യായ വ്യവസ്ഥയും മാധ്യമശ്രദ്ധയും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ദലിതര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. ഇന്ത്യക്ക് പുതിയ ഭരണഘടന തയ്യാറാക്കുമ്പോള്‍ പാശ്ചാത്യ സിദ്ധാന്തങ്ങളെ ഉള്‍പ്പെടുത്തുന്നതിനു പകരം പരമ്പരാഗത ഹിന്ദുമാതൃകയില്‍ ഗ്രാമങ്ങളെ മുഖ്യഘടകമാക്കുക എന്ന വാദഗതിക്കെതിരെ സംസാരിക്കവേ അംബേദ്ക്കര്‍ തന്നെ പറയുന്നത് ഒരു ഇന്ത്യന്‍ ഗ്രാമമെന്നാല്‍ പ്രാദേശികവാദത്തിന്റെ ഒരു വളക്കുഴിയും ഇടുങ്ങിയ ചിന്താഗതിയുടേയും
വര്‍ഗ്ഗീയവാദത്തിന്റെയും അജ്ഞതയുടെയും മടയും എന്നാണ്. പ്രവിശ്യകളേയും വര്‍ഗ്ഗീയവാദത്തേയും എതിര്‍ക്കുന്നവര്‍, അതേസമയം ഗ്രാമങ്ങള്‍ പരിശുദ്ധമാണെന്ന വാദമുയര്‍ത്തിയതിനെ അല്‍ഭുതത്തോടെ എതിര്‍ത്തുകൊണ്ടാണ് ഗ്രാമങ്ങള്‍ക്കു പകരം വ്യക്തികളെ ഭരണഘടനയുടെ അടിസ്ഥാന യൂണിറ്റായി സ്വീകരിച്ചത്. ദലിതരെ സംബന്ധിച്ച് ഹാനികരമായ അത്തരം ഗ്രാമസഭകളാണ് ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം പരിഹാരം സ്ഥിതിചെയ്യുന്ന വിശുദ്ധഇടങ്ങളായി കെജ്‌രിവാള്‍ ദലിതര്‍ക്കു മുന്നില്‍ വയ്ക്കുന്നത്. ഗ്രാമങ്ങളില്‍ സവര്‍ണ്ണ ജന്മിമാരെ ആശ്രയിച്ചു കഴിയുന്ന ദലിതന്റെ മോചനം സവര്‍ണ്ണ ജന്മി നിയന്ത്രിക്കുന്ന ഗ്രാമസഭയുടെ പരിശുദ്ധിയില്‍ വിഭാവനം ചെയ്യുന്നത് കെജ്‌രിവാളിനു മാത്രം സാധിക്കുന്ന വിഭാവന വൈഭവമായിപ്പോയി.

_________________________________

ആംആദ്മി പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന സ്വരാജില്‍ സംവരണം എന്ന വിഷയം ചര്‍ച്ചാവിഷയം പോലുമല്ല. എന്തിന് ഉദ്യോഗ നിയമനങ്ങള്‍ക്കുള്ള അധികാരം ഗ്രാമസഭകള്‍ക്കു നല്‍കണം എന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെടുന്നത് (പേജ് 94). നിയമനാധികാരം മാത്രമല്ല, ശമ്പളം തീരുമാനിക്കലും സ്ഥലം മാറ്റവും പിരിച്ചുവിടലും ഗ്രാമസഭയുടെ തീരുമാനമനുസരിച്ചാണ് (പേജ് 52). ഉദ്യോഗസ്ഥര്‍ എന്തുതരം ജോലി ചെയ്യണമെന്നും എപ്പോള്‍ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാരല്ല, മറിച്ച് ഗ്രാമസഭകളാണ് സ്വരാജില്‍ തീരുമാനിക്കുന്നത് (പേജ് 44). ഗ്രാമസഭകള്‍ നിയമനങ്ങള്‍ക്ക് പി.എസ്.സി പോലും ആവശ്യമില്ലാത്ത ഒരു സ്വരാജില്‍ ദലിതരുടെ ഭാവി എങ്ങിനെയാണ് സുരക്ഷിതമാക്കുക എന്നത് കെജ്‌രിവാളിന് ചിന്തിക്കേണ്ട ആവശ്യമില്ലെങ്കിലും ദലിതര്‍ക്ക് അക്കാര്യം ചിന്തിക്കാതെ തന്നെ മനസ്സിലാക്കാന്‍ തക്കവിധം ലളിതമാണ്.
_________________________________

ദലിതരെന്ന ആട്ടിന്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ആട്ടിന്‍തോല്‍പോലുമിടാത്ത ചെന്നായ്ക്കൂട്ടത്തിന്റെ മുന്നിലാണ് കെജ്‌രിവാളിന്റെ സ്വരാജ് സ്വാതന്ത്ര്യവും പുരോഗതിയും ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നത്. ഗ്രാമസഭകളുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ പരാതിപ്പെടാമെങ്കിലും ശിക്ഷ ഇല്ല എന്നത് കെജ്‌രിവാളിന്റെ സ്വരാജിലെ വിചിത്രമായ നീതിയാണ് (പേജ് 106). ഗ്രാമങ്ങളില്‍ ജാതീയത, സ്ത്രീധനം, ശൈശവവിവാഹം, പ്രേത ഭൂത വിശ്വാസങ്ങള്‍ തുടങ്ങിയ നിലനില്‍ക്കുന്നുവെന്നു മാത്രമല്ല, ഗ്രാമസഭകള്‍ കൂടി തീരുമാനമെടുത്ത് പ്രണയവിവാഹം പോലെ സാമൂഹ്യാചാരങ്ങളെ ലംഘിക്കുന്നവരെ കൊലപ്പെടുത്തുന്ന ഖാപ് പഞ്ചായത്തുകള്‍ വരെയുണ്ടെന്ന് കെജ്‌രിവാള്‍ തന്നെ സമ്മതിക്കുന്നുണ്ട് (പേജ് 78). ഗ്രാമസഭകളുടെ ഇത്തരം തീരുമാനങ്ങളുടെ ഇരകള്‍ എല്ലായിപ്പോഴും ദലിതരായിരിക്കുമെന്നതും സുവിദിതമാണ്. ഖാപ് പഞ്ചായത്തുകളുടെ ഇത്തരം നടപടികള്‍ ശരിയല്ല എന്നുമാത്രം പറയുവാനേ കെജ്‌രിവാളിലെ വിപ്ലവകാരിയുടെ ബുദ്ധി അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഖാപ് പഞ്ചായത്തുകള്‍ സ്വരാജില്‍ നിരോധിക്കുമോ? കെജ്‌രിവാളിന്റെ മൗനം ദലിതര്‍ക്കുള്ള മുന്നറിയിപ്പാണ്.

ദലിതര്‍: ഗ്രാമസഭയിലെ സ്ഥിരം കയ്യടിക്കാര്‍

മറ്റൊരു വിശുദ്ധ മുന്‍വിധിയായി ജനങ്ങള്‍ക്കുവേണ്ടത് ജനങ്ങള്‍ തീരുമാനിക്കണമെന്ന് കെജ്‌രിവാള്‍ പറയുമ്പോള്‍ തീരുമാനമെടുക്കുന്ന ആ ജനങ്ങളില്‍ ഇന്ത്യയിലെ ആംആദ്മികള്‍ ഉള്‍പ്പെടുന്നില്ല എന്നത് പ്രസക്തമാണ്. ഇന്ത്യന്‍ ഗ്രാമസഭകളില്‍ തീരുമാനമെടുക്കുന്നത് ഗ്രാമങ്ങളിലെ ആംആദ്മികളല്ല. ഗ്രാമത്തിലെ ജാതിമുഖ്യനാണ്. കെജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിപോലും അതിന് അപവാദമല്ല. ആംആദ്മി പാര്‍ട്ടിയിലെ ആരും ആംആദ്മികളല്ല. മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടിയേയും പോലെ ആംആദ്മികള്‍ക്കുവേണ്ടി എന്ന പേരില്‍ നിലകൊള്ളുന്ന സമൂഹത്തിലെ വിശിഷ്ടവ്യക്തികള്‍ തന്നെയാണ്. ആംആദ്മി പാര്‍ട്ടിപോലും അതിന്റെ സംഘടനാ സംവിധാനത്തിലോ സ്ഥാനാര്‍ത്ഥിപട്ടികയിലോ യഥാര്‍ത്ഥ ആംആദ്മികള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ല. കെജ്‌രിവാളിന്റെ വിശുദ്ധമായ മുന്‍വിധികള്‍ തുടക്കത്തില്‍ത്തന്നെ പാളുന്നത് അങ്ങനെയാണ്. നഗരകേന്ദ്രീകൃതവും സോഷ്യല്‍ മീഡിയ പ്രയോഗ വൈഭവവും ആവശ്യമായ ആംആദ്മി പാര്‍ട്ടിപോലും ആംആദ്മികളുടെ പ്രാതിനിധ്യമില്ലാതെ തീരുമാനമെടുത്തു പ്രവര്‍ത്തിക്കുമ്പോള്‍, ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിറഞ്ഞ ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ദലിതരുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കനുകൂലമായ തീരുമാനങ്ങള്‍ ഗ്രാമങ്ങളിലെ സവര്‍ണ്ണമേധാവിത്വം എടുക്കും എന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണ്. ദലിത് വിഭാഗങ്ങളുടെ ഗ്രാമസഭാ പ്രാതിനിധ്യത്തെക്കുറിച്ച് കെജ്‌രിവാളിന് പറയുവാനുള്ളത് അവരെ തീര്‍ച്ചയായും സഭായോഗങ്ങളില്‍ പങ്കെടുപ്പിക്കണം എന്നുമാത്രമാണ് (പേജ് 115). ഗ്രാമസഭ നയിക്കുവാനും തീരുമാനമെടുക്കുന്നതില്‍ നിര്‍ബന്ധിത പങ്കാളിത്തം നല്‍കുവാനും കെജ്‌രിവാളിന്റെ സ്വരാജിന് പദ്ധതിയില്ല. മാത്രമല്ല ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കും ദലിതര്‍ അനുഭവിക്കുന്ന ജാതീയ പീഢനങ്ങള്‍ക്കുമെതിരെ ഒരു വാക്കുപോലും ശബ്ദിക്കാന്‍ കെജ്‌രിവാള്‍ വൈമുഖ്യം കാട്ടുമ്പോള്‍, ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന പരിഹാരങ്ങള്‍ ദലിതരെ സംബന്ധിച്ചിടത്തോളം പരിഹാരങ്ങളല്ല, മറിച്ച് അവരെ ചുട്ടെരിക്കുന്നവര്‍ക്കുള്ള അംഗീകാരം മാത്രമാണ്.

സംവരണമോ? എന്തിന് പി.എസ്.സി പോലും ആവശ്യമില്ലാത്ത സ്വരാജ്

പഴയകാല സംവരണവിരുദ്ധപോരാട്ടങ്ങളുടെ നായകസ്ഥാനം വഹിച്ച വ്യക്തിയാണ് കെജ്‌രിവാള്‍ എന്നത് അദ്ദേഹം പോലും മൂടിവയ്ക്കുന്ന ഒരു സത്യമത്രേ. ദലിതരെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ സര്‍വ്വീസിലും രാഷ്ട്രീയത്തിലും ലഭിക്കുന്ന സംവരണം അവരുടെ സാമൂഹ്യസാമ്പത്തിക നില മെച്ചപ്പെടുത്തുവാനുള്ള പ്രത്യേക പരിരക്ഷ എന്നതിലുപരി ഇന്ത്യയുടെ ഭരണനിര്‍വ്വഹണത്തില്‍ തങ്ങളുടേതായ പ്രാതിനിധ്യം ഉറപ്പുവരുത്തുവാനുള്ള മാര്‍ഗ്ഗം കൂടിയാണ്. ആംആദ്മി പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന സ്വരാജില്‍ സംവരണം എന്ന വിഷയം ചര്‍ച്ചാവിഷയം പോലുമല്ല. എന്തിന് ഉദ്യോഗ നിയമനങ്ങള്‍ക്കുള്ള അധികാരം ഗ്രാമസഭകള്‍ക്കു നല്‍കണം എന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെടുന്നത് (പേജ് 94). നിയമനാധികാരം മാത്രമല്ല, ശമ്പളം തീരുമാനിക്കലും സ്ഥലം മാറ്റവും പിരിച്ചുവിടലും ഗ്രാമസഭയുടെ തീരുമാനമനുസരിച്ചാണ് (പേജ് 52). ഉദ്യോഗസ്ഥര്‍ എന്തുതരം ജോലി ചെയ്യണമെന്നും എപ്പോള്‍ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാരല്ല, മറിച്ച് ഗ്രാമസഭകളാണ് സ്വരാജില്‍ തീരുമാനിക്കുന്നത് (പേജ് 44). ഗ്രാമസഭകള്‍ നിയമനങ്ങള്‍ക്ക് പി.എസ്.സി പോലും ആവശ്യമില്ലാത്ത ഒരു സ്വരാജില്‍ ദലിതരുടെ ഭാവി എങ്ങിനെയാണ് സുരക്ഷിതമാക്കുക എന്നത് കെജ്‌രിവാളിന് ചിന്തിക്കേണ്ട ആവശ്യമില്ലെങ്കിലും ദലിതര്‍ക്ക് അക്കാര്യം ചിന്തിക്കാതെ തന്നെ മനസ്സിലാക്കാന്‍ തക്കവിധം ലളിതമാണ്.

ആംആദ്മി പാര്‍ട്ടിയുടെ അംബേദ്ക്കര്‍ വിമുഖത

ഇന്ത്യയിലെ യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്കുവേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിച്ചു പോരാട്ടം നടത്തിയ യഥാര്‍ത്ഥ ആംആദ്മി നേതാവാണ് ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി കൂടിയായ ഡോ. അംബേദ്ക്കര്‍. അംബേദ്ക്കര്‍ ദലിതരുടെ പ്രതീക്ഷയുടേയും പോരാട്ടത്തിന്റെയും പ്രതീകമാണ്. അംബേദ്ക്കറെയും അദ്ദേഹത്തിന്റെ ആശയങ്ങളേയും ആംആദ്മികളുടെ ഉന്നമനത്തിനുവേണ്ടിയെന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടി തങ്ങളുടെ പ്രത്യയശാസ്ത്രാടിത്തറയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതിനര്‍ത്ഥം ആംആദ്മികളോടുള്ള അവരുടെ സമീപനം കാപട്യം നിറഞ്ഞതാണ് എന്നല്ലാതെ മറ്റൊന്നുമല്ല. കെജ്‌രിവാളിന്റെ ആംആദ്മിപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ വേരുകള്‍ തൊപ്പിയിലൂടെയും സ്വരാജിലൂടെയും ചെന്നെത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലാണെങ്കില്‍ക്കൂടി, കോണ്‍ഗ്രസ് പാര്‍ട്ടിപോലും ഒരളവുവരെ അവരുടെ നിതാന്ത എതിരാളിയായിരുന്ന അംബേദ്ക്കറെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

_____________________________________
ഇന്ത്യയിലെ യഥാര്‍ത്ഥ ആംആദ്മികളായ ദലിതരുടെ മുന്നില്‍ ഒരു ചൂലുമായി ആംആദ്മി പാര്‍ട്ടി നില്‍ക്കുകയാണ്. ദലിതരെ സംബന്ധിച്ചിടത്തോളം ആ ചൂല് ഒരിക്കല്‍ അയിത്തത്തിന്റെ ചിഹ്നമായിരുന്നു. ഇന്നത് ആംആദ്മിപാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അധികാരത്തിന്റെ ചിഹ്നമായി മാറിക്കഴിഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും അവഗണന ഏറ്റുവാങ്ങിയ നിരാശയില്‍ നില്‍ക്കുന്ന ദലിതരുടെ മുന്നില്‍ അധികാരത്തിന്റെ ചിഹ്നമായ ചൂലുമായി ആംആദ്മി പാര്‍ട്ടി വരുമ്പോള്‍, തന്റെ അരയ്ക്കുപിന്നില്‍ ഒരിക്കലതുകെട്ടിയതുപോലെ വീണ്ടും മറ്റൊരു രീതിയില്‍ അതുകെട്ടുവാനാണോ വരുന്നതെന്ന് അന്വേഷിക്കുവാനുള്ള ധാര്‍മ്മിക ബാധ്യത ദലിതര്‍ക്കുണ്ട്. ദലിതരെ സംബന്ധിച്ച് പ്രസക്തവിഷയങ്ങളായ ജാതിവ്യവസ്ഥ, സംവരണം, ഭരണഘടന, ഭൂവിതരണം തുടങ്ങിയവയെക്കുറിച്ച് എന്തുകൊണ്ട് ആംആദ്മി പാര്‍ട്ടി നിശ്ശബ്ദത പാലിക്കുന്നുവെന്ന് ദലിതര്‍ ചോദിക്കേണ്ടതുണ്ട്?  

_____________________________________

എന്നാല്‍ തങ്ങളുടെ രാഷ്ട്രീയേതര വേരുകള്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തില്‍ നിന്നും കടംകൊണ്ടുകൊണ്ട് സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുമെന്നവകാശപ്പെടുന്ന ആംആദ്മിപ്പാര്‍ട്ടി, ഇന്ത്യയിലെ അതിസാധാരണക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അംബേദ്ക്കറെ വിലമതിക്കുന്നില്ലെന്നു മാത്രമല്ല, ഇന്ത്യയിലെ ആംആദ്മികളുടെ ഉന്നതിക്കായി അദ്ദേഹം രൂപംകൊടുത്ത രാഷ്ട്രീയ വ്യവസ്ഥിതി, ഭരണഘടന, സംവരണം, പി.എസ്.സി, നീതിന്യായവ്യവസ്ഥ തുടങ്ങിയവ ആംആദ്മികളുടെ പുരോഗതിക്കു വിരുദ്ധമാണെന്ന നിലയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളും അവ ഇന്ത്യയിലെ യഥാര്‍ത്ഥ ആംആദ്മികളുടെ പുരോഗതിക്ക് എന്തുമാത്രം സഹായകരമാണെന്നും തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സ്വരാജില്‍ അവ സംരക്ഷിക്കപ്പെടുമെന്നും കെജ്‌രിവാളിന് എഴുതാന്‍ കഴിയുന്നില്ല. തന്റെ ആന്തരിക പ്രചോദനങ്ങളില്‍പ്പോലും താനറിയാതെ സ്വാധീനം ചെലുത്തുന്ന ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍നിന്നും മോചിതനാകാന്‍ കെജ്‌രിവാള്‍പോലും അശക്തനാണ്. അതുകൊണ്ടുതന്നെ അംബേദ്ക്കര്‍ സ്വപ്നം കണ്ട പ്രബുദ്ധഭാരതവും കെജ്‌രിവാള്‍ സ്വപ്നം കാണുന്ന സ്വരാജും ഒരിക്കലും ചേര്‍ന്നുപോകില്ല. അതിനാല്‍ ദലിതര്‍ കെജ്‌രിവാളിനൊപ്പം ചേര്‍ന്നുപോകുന്നത് കെജ്‌രിവാള്‍ കാട്ടുന്ന അംബേദ്ക്കര്‍ നിന്ദയുടെ ദലിത് പതിപ്പുമാത്രമായിരിക്കും.

ഉറപ്പുകളില്ലാത്ത പരിദേവനങ്ങള്‍: അഴിമതിയുടെ കെജ്‌രിവാള്‍ ശൈലി

അഴിമതി എല്ലായിടത്തുമുണ്ടെന്നും ആംആദ്മികള്‍ക്ക് സര്‍ക്കാരുദ്യോഗസ്ഥരിലോ ആസൂത്രണത്തിലോ നിയമനിര്‍മ്മാണത്തിലോ ഖജനാവിലോ പ്രകൃതി വിഭവങ്ങളിലോ യാതൊരു നിയന്ത്രണവുമില്ലെന്നുമുള്ള കെജ്‌രിവാളിന്റെ പരിദേവനം ആത്മാര്‍ത്ഥതയുള്ളവന്റെ വിലാപത്തെക്കാളുപരി കൗശലക്കാരനായ ഒരു കുറുക്കന്റെ അതിസാമര്‍ത്ഥ്യമേറിയ വായത്താരിയാണ്. ഇന്ത്യയുടെ ഭൂമിയും ധാതുക്കളും ജലവും കൊള്ളയടിക്കുന്ന മാഫിയയെ തുറന്നെതിര്‍ക്കുന്ന കെജ്‌രിവാള്‍ അവയ്ക്കുമേല്‍ ഗ്രാമസഭകള്‍ക്ക് നിയന്ത്രണം ആവശ്യമുണ്ടെന്ന് വാദിക്കുന്നുണ്ട് (പേജ് 59-61). എന്നാല്‍ മാഫിയ കൊള്ളയടിക്കുന്ന ഭൂമി തിരികെ ഗ്രാമസഭകളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നശേഷം എന്താണ് സ്ഥിതി? ദലിതര്‍ നൂറ്റാണ്ടുകളായി തങ്ങളുടെ മുഖ്യപ്രശ്‌നങ്ങളിലൊന്നായി ഉന്നയിക്കുന്ന ഭൂമിപ്രശ്‌നത്തെ കെജ്‌രിവാളിന്റെ സ്വരാജ് പരിഗണിക്കുന്നേയില്ല. ദലിതര്‍ക്ക് ഭൂമി വിതരണം നടത്തുമെന്ന് അദ്ദേഹം പറയുന്നില്ല. ഇന്ത്യയില്‍ ഭൂമിയുടെ കൈവശാവകാശം ഉപജീവനമാര്‍ഗ്ഗം എന്നതിലുപരി സാമൂഹ്യപദവി നിര്‍ണ്ണയിക്കുന്ന ഒരു സുപ്രധാന ഘടകം കൂടിയാകുമ്പോള്‍, ഇന്ത്യയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും അവ ഏറ്റെടുത്ത് ഭൂരഹിതരും പരമ്പരാഗതമായി കൃഷിക്കാരുമായ ഇന്ത്യയിലെ യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്കു നല്‍കുമെന്ന് പറയുവാന്‍ കെജ്‌രിവാള്‍ കാട്ടുന്ന വിമുഖത, ആംആദ്മി പാര്‍ട്ടി ദലിതരെ സംബന്ധിച്ചിടത്തോളം ഒരു തെറ്റായ തെരെഞ്ഞെടുപ്പാണെന്ന് മനസ്സിലാക്കാന്‍ കെജ്‌രിവാളിന്റെ മൗനം തന്നെ ഏറ്റവും വലിയ സാധൂകരണം. വനത്തിനുമേല്‍ ഗ്രാമസഭകള്‍ക്ക് അവകാശമുണ്ടെന്നു ആവശ്യപ്പെടുന്ന കെജ്‌രിവാള്‍ പക്ഷേ തന്റെ സ്വരാജില്‍ വനം അതിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികള്‍ക്ക് നല്‍കും എന്നു പറയുന്നില്ല. മരിക്കുന്നതിനു മുമ്പ് ഒരു തുണ്ട് കൃഷിഭൂമിയുടെയെങ്കിലും ഉടമസ്ഥാവകാശം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആംആദ്മികള്‍ക്ക്, അവരുടെ പുരോഗതിക്കുവേണ്ടിയെന്ന നിലയില്‍ അവരുടെ പേരില്‍ പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് അവര്‍ക്ക് പ്രതീക്ഷ നല്‍കുകയും എന്നാല്‍ ആ പാര്‍ട്ടി വിഭാവനം ചെയ്യുന്ന സ്വരാജില്‍ ആംആദ്മികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്നതില്‍ നിശബ്ദതപാലിക്കുകയും ചെയ്യുന്നത് അഴിമതിയുടെ കെജ്‌രിവാള്‍ശൈലിയല്ലാതെ മറ്റൊന്നുമല്ല.

കെജ്‌രിവാള്‍ ഭയക്കുന്ന രണ്ടു നിര്‍വചനങ്ങള്‍

മോഡിയേയും മൊയ്‌ലിയേയും അംബാനിയേയും വരെ വെല്ലുവിളിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധീരനായകനാണ് കെജ്‌രിവാള്‍. എന്നാല്‍ അദ്ദേഹം ബോധപൂര്‍വ്വം മറക്കുന്ന ഒരു കാര്യമാണ് രണ്ടു വാക്കുകളുടെ നിര്‍വചനങ്ങള്‍. ഒന്ന് ആംആദ്മി, രണ്ട് അഴിമതി. ഈ രണ്ടു പദങ്ങളും നിര്‍വചിക്കുകയാണെങ്കില്‍ അസ്തിത്വം തന്നെ നഷ്ടപ്പെട്ട് കേവലം ചീട്ടുകൊട്ടാരംപോലെ തകരാനുള്ള പ്രത്യയശാസ്ത്രപരമായ ശക്തിയേ ആംആദ്മിപാര്‍ട്ടിക്കുള്ളൂ. ആരാണ് ഇന്ത്യയിലെ സാധാരണക്കാര്‍? സാമൂഹ്യമായും സാമ്പത്തികമായു രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും പിന്നോക്കം നില്‍ക്കുന്ന ആ ജനതയുടെ സാമൂഹ്യശാസ്ത്രപരവും ഭരണഘടനാപരവുമായ പേരെന്താണ്? ആംആദ്മിയെ നിര്‍വചിക്കുകയും ആംആദ്മിപാര്‍ട്ടിയില്‍ ആംആദ്മിയുടെ സ്ഥാനം എന്താണെന്ന് കണ്ടെത്തുകയും ചെയ്താല്‍ ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ഗാന്ധിത്തൊപ്പി മാറ്റി കോമാളിത്തൊപ്പി വയ്‌ക്കേണ്ടിവരുമെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് കെജ്‌രിവാളിനു തന്നെയാണ്?

________________________________
മോഡിയേയും മൊയ്‌ലിയേയും അംബാനിയേയും വരെ വെല്ലുവിളിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധീരനായകനാണ് കെജ്‌രിവാള്‍. എന്നാല്‍ അദ്ദേഹം ബോധപൂര്‍വ്വം മറക്കുന്ന ഒരു കാര്യമാണ് രണ്ടുവാക്കുകളുടെ നിര്‍വചനങ്ങള്‍. ഒന്ന് ആംആദ്മി, രണ്ട് അഴിമതി. ഈ രണ്ടു പദങ്ങളും നിര്‍വചിക്കുകയാണെങ്കില്‍ അസ്തിത്വം തന്നെ നഷ്ടപ്പെട്ട് കേവലം ചീട്ടുകൊട്ടാരംപോലെ തകരാനുള്ള പ്രത്യയശാസ്ത്രപരമായ ശക്തിയേ ആംആദ്മിപാര്‍ട്ടിക്കുള്ളൂ. ആരാണ് ഇന്ത്യയിലെ സാധാരണക്കാര്‍? സാമൂഹ്യമായും സാമ്പത്തികമായു രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും പിന്നോക്കം നില്‍ക്കുന്ന ആ ജനതയുടെ സാമൂഹ്യശാസ്ത്രപരവും ഭരണഘടനാപരവുമായ പേരെന്താണ്? ആംആദ്മിയെ നിര്‍വചിക്കുകയും ആംആദ്മിപാര്‍ട്ടിയില്‍ ആംആദ്മിയുടെ സ്ഥാനം എന്താണെന്ന് കണ്ടെത്തുകയും ചെയ്താല്‍ ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ഗാന്ധിത്തൊപ്പി മാറ്റി കോമാളിത്തൊപ്പി വയ്‌ക്കേണ്ടിവരുമെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് കെജ്‌രിവാളിനു തന്നെയാണ്? 

________________________________

കെജ്‌രിവാള്‍ ആംആദ്മിയോ എന്ന ചോദ്യം ഉയരുന്നതും അപ്പോഴാണ്. അതുപോലെ തന്നെയാണ് അഴിമതിയെ നിര്‍വചിക്കുന്നതും. സര്‍ക്കാര്‍ മേഖലയിലെ അഴിമതി മാത്രമേ അഴിമതി ആകുന്നുള്ളോ? സ്വകാര്യ മേഖലയില്‍, മത-സമുദായ മേഖലകളില്‍, ആത്മീയ-സാംസ്‌ക്കാരിക മേഖലയില്‍, കലാരംഗത്ത് എവിടെയാണ് ഇന്ത്യയില്‍ അഴിമതി ഇല്ലാത്തത്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന ആംആദ്മിപ്പാര്‍ട്ടിക്ക് സര്‍വ്വരംഗത്തും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയിലെ അഴിമതിക്ക് മൂലകാരണമായിരിക്കുന്നത് വിവിധമതങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പൗരോഹത്യമാണെന്ന് വിളിച്ചുപറയാന്‍ ധൈര്യമുണ്ടോ? സര്‍വ്വശക്തനും സമ്പന്നനുമായ ദൈവത്തിന്റെ അനുഗ്രഹം കിട്ടാന്‍ ആരാധനാലയത്തില്‍ കാണിക്കയിടാന്‍ ഒരു കുഞ്ഞിനെ പ്രേരിപ്പിക്കുന്ന നിമിഷം മുതല്‍, ദൈവമാണെങ്കിലും ശരി കാര്യം നടക്കാന്‍ കൈമടക്കു നല്‍കണമെന്ന ചിന്ത വളര്‍ത്തിയെടുക്കുകയും അത് അഴിമതിയിലേയ്ക്ക് വളരുകയും ചെയ്യുന്നതിനെ ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? ഇല്ല. ആംആദ്മിപ്പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന സ്വരാജില്‍പോലും അഴിമതിയുടെ മൂലകാരണമായി പൗരോഹത്യത്തെ ചൂണ്ടിക്കാട്ടുന്നില്ല. അതുകൊണ്ടു തന്നെ ദലിതരെ സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി വിപ്ലവകരമായ ഒരു തെരെഞ്ഞെടുപ്പേ ആകുന്നില്ല. അത് കേവലം മറ്റൊന്നുമാത്രം.

യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നത് അഴിമതിയല്ലേ?

ഇന്ത്യയിലെ യഥാര്‍ത്ഥ ആംആദ്മികളായ ദലിതരുടെ മുന്നില്‍ ഒരു ചൂലുമായി ആംആദ്മി പാര്‍ട്ടി നില്‍ക്കുകയാണ്. ദലിതരെ സംബന്ധിച്ചിടത്തോളം ആ ചൂല് ഒരിക്കല്‍ അയിത്തത്തിന്റെ ചിഹ്നമായിരുന്നു. ഇന്നത് ആംആദ്മിപാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അധികാരത്തിന്റെ ചിഹ്നമായി മാറിക്കഴിഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും അവഗണന ഏറ്റുവാങ്ങിയ നിരാശയില്‍ നില്‍ക്കുന്ന ദലിതരുടെ മുന്നില്‍ അധികാരത്തിന്റെ ചിഹ്നമായ ചൂലുമായി ആംആദ്മി പാര്‍ട്ടി വരുമ്പോള്‍, തന്റെ അരയ്ക്കുപിന്നില്‍ ഒരിക്കലതുകെട്ടിയതുപോലെ വീണ്ടും മറ്റൊരു രീതിയില്‍ അതുകെട്ടുവാനാണോ വരുന്നതെന്ന് അന്വേഷിക്കുവാനുള്ള ധാര്‍മ്മിക ബാധ്യത ദലിതര്‍ക്കുണ്ട്. ദലിതരെ സംബന്ധിച്ച് പ്രസക്തവിഷയങ്ങളായ ജാതിവ്യവസ്ഥ, സംവരണം, ഭരണഘടന, ഭൂവിതരണം തുടങ്ങിയവയെക്കുറിച്ച് എന്തുകൊണ്ട് ആംആദ്മി പാര്‍ട്ടി നിശ്ശബ്ദത പാലിക്കുന്നുവെന്ന് ദലിതര്‍ ചോദിക്കേണ്ടതുണ്ട്? അഴിമതി എല്ലായിടത്തുമുണ്ടെന്ന് നിരീക്ഷിക്കുന്ന കെജ്‌രിവാള്‍ അഴിമതിയുടെ മറ്റൊരു പതിപ്പായ അയിത്തം എല്ലായിടത്തുമുണ്ടെന്നെ യാഥാര്‍ത്ഥ്യത്തിനുനേരെ ബോധപൂര്‍വ്വം കണ്ണടയ്ക്കുന്നുവെന്നു മാത്രമല്ല, തന്റെ സ്വരാജില്‍ അഴിമതിക്കെന്നപോലെ അയിത്തത്തിനും സ്ഥാനമുണ്ടാകില്ല എന്നുപറയാന്‍ വൈമുഖ്യം കാട്ടുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ സ്വരാജില്‍ ദലിതരുടെ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിന്റെ വ്യക്തമായ ഉത്തരം യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവ തൊട്ടാല്‍പൊള്ളുന്ന വിഷയങ്ങളായതിനാല്‍ അവയോട് കെജ്‌രിവാള്‍ പുലര്‍ത്തുന്ന മൗനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയുടെ ലക്ഷണമായി വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ മൂടിവച്ച് കേവലം വോട്ടിനായി ആംആദ്മികളെ പറഞ്ഞുപറ്റിക്കുന്നത് രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയാണോ അങ്ങേയറ്റത്തെ അഴിമതിയാണോ? ആ അര്‍ത്ഥത്തില്‍ ആംആദ്മിപാര്‍ട്ടിയുടേയും കെജ്‌രിവാളിന്റെയും സ്വരാജ് സ്വജനരാജാണ്. അതില്‍ ദലിതര്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ചൂലുംകൊണ്ടുവരുന്നവരുടെ ചൂലുവാങ്ങി അവരുടെ പിന്നില്‍ത്തന്നെ ഒരടി കൊടുക്കാന്‍ ദലിതര്‍ പ്രാപ്തരാകണം. അതാകട്ടെ ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ യഥാര്‍ത്ഥ ആംആദ്മികളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതവുമാണ്.

 

യു.പി.അനില്‍കുമാര്‍, റിസേര്‍ച്ച് സ്‌കോളര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്,കേരളാ യൂണിവേഴ്‌സിറ്റി.

Top