കോട്ടയം ഭാഷയുടെ താളം

മിഷണറികാലത്ത് കോട്ടയം കേന്ദ്രമായി നടത്തപ്പെട്ട ഭാഷാശുദ്ധീകരണത്തിലൂടെയും, അച്ചടിയിലൂടെയും രൂപംകൊണ്ട ആധുനികഭാഷയുടെ അവകാശികളെന്നു നടിക്കുന്ന ജനതയാണ് കോട്ടയത്തെ അച്ചായന്മാര്‍. ക്രിസ്ത്യന്‍ മിഷണറിമാരുടെ മുന്‍കൈയാല്‍ കൃത്യമായി സംസ്‌ക്കരണം നടത്തപ്പെട്ട മലയാളഭാഷയുടെ പ്രചാരകര്‍ മാത്രമായിരുന്ന കോട്ടയത്തെ നസ്രാണിപത്രങ്ങള്‍, അച്ചടി ഭാഷയായ ആധുനികഭാഷയെ കോട്ടയത്തെ നസ്രാണി ജനതയുടെമേല്‍ വെച്ചുകെട്ടുകയായിരുന്നു. ജാതീയത ഉണ്ടാക്കിയ ഭാഷാശൈലികളുടെ തകര്‍ച്ചയും, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചരണവും, ക്രിസ്തുമതവും, സായിപ്പിന്റെ പഠിപ്പിക്കലുകളും, അച്ചടിഭാഷാരീതിയും എല്ലാം നേരിട്ട് സംഭവിച്ച പ്രദേശമാണ് കോട്ടയം. കേരളസമൂഹത്തിന്‍ മുകളിലുണ്ടായിരുന്ന സംസ്‌കൃതത്തിന്റെയും, സിറിയക്കിന്റെയും ഭാഷാമേധാവിത്വത്തെ അവസാനിപ്പിക്കുകയും, കൂടുതല്‍ ജനായത്തമായതും, അതോടൊപ്പം വി/ശുദ്ധഭാഷയായും അവതരിപ്പിച്ച അച്ചടിഭാഷയുടെ അവകാശികള്‍ എന്ന് സ്വയം അവകാശപ്പെടുന്നത് കോട്ടയത്തെ നസ്രാണി വര്‍ഗമാണ്. ഇതിനുള്ള വഴി ഒരുക്കിയതാകട്ടെ കോട്ടയത്തെ നസ്രാണി പ്രസിദ്ധീകരണങ്ങളും, പത്രങ്ങളുമാണ്. ഭാഷാസംസ്‌ക്കരണത്തില്‍ ഒരു വിഭാഗത്തിന്റെയും തനതായ സംസാരരീതിയെ കൈക്കൊള്ളാതെ ഉണ്ടാക്കപ്പെട്ടതായിരുന്ന അച്ചടിഭാഷയുടെ മേല്‍ കോട്ടയത്തെ അച്ചായന്മാര്‍ കുത്തക സ്ഥാപിച്ചെടുത്തു എന്നുപറയാം. നസ്രാണി ദീപികയും, വര്‍ഗീസ് മാപ്പിളയും തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ അച്ചടിച്ച് ഇറങ്ങിയതെല്ലാം ‘കോട്ടയം സംസ്‌ക്കാരം’ എന്ന പേരിലാണ് സ്വീകരിക്കപ്പെട്ടത്.

___________

വിനില്‍ പോള്‍
____________

മിഷണറി പദ്ധതിയുടെ ഭാഗമായ “ഭാഷയുടെ ആധുനികതയെ”ക്കുറിച്ചുള്ള അന്വേഷണത്തിനായി കോട്ടയം ജില്ലയുടെ ഭാഷാവ്യവഹാരത്തിനെ പരിശോധിക്കാനുള്ള ശ്രമമാണീ ലേഖനം. മുന്‍കാലഅടിമഭാഷ, അച്ചടിഭാഷാ, കോട്ടയം അച്ചായന്‍ഭാഷ എന്നീ മൂന്ന് സംജ്ഞകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇതില്‍ പ്രധാനമായും നടക്കുന്നത്. മുന്‍കാല അടിമകളുടെ ജാതിവഴക്കങ്ങള്‍ നിറഞ്ഞ സംസാരഭാഷയുടെ മാറ്റത്തെക്കുറിച്ച് ചുരുക്കം ചില എഴുത്തുകളും-പഠനങ്ങളും നിലവിലുണ്ട്, അവ മിഷണറികേന്ദ്രീകൃതമായ പഠനങ്ങളില്‍ വലിയ പങ്ക് വഹിക്കുന്നതുമാണ്. കേരളീയ ഭാഷാഘടനയെ മാറ്റി തീര്‍ത്ത കൊളോണിയലിസത്തിന്റെ രേഖപ്പെടുത്തലുകളില്‍ ബഹുഭൂരിപക്ഷവും അടിമജാതിയുടെ ഭാഷാ മാറ്റത്തെ കേന്ദ്രീകരിച്ചാണ് പഠിക്കപ്പെടുന്നത്, എന്തുകൊണ്ടെന്നാല്‍ മാതൃകാപരമായ മാറ്റം ഈ സമൂഹത്തിനു സംഭവിച്ചതിനാലാണ്. കേരളസമൂഹത്തിന്റെ വായന/എഴുത്തുഭാഷ എന്നത് മിഷണറി ക്രിസ്തുമതവുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. കൊളോണിയല്‍ ജാതി രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഭാഷയുടെ ആധുനികതയെ കുറിച്ചുള്ള എഴുത്തുകള്‍. എന്തുകൊണ്ടെന്നാല്‍ ഭാഷകളെ മാറ്റിതീര്‍ക്കുക, പുതുക്കുക എന്നത് തികച്ചും ജാതീയതയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാലാണ്. മാറ്റി തീര്‍ക്കലുകള്‍ക്ക് പ്രധാനവേദിയും, പങ്കും വഹിച്ച മിഷണറി വ്യവഹാര നിര്‍മ്മിതഭാഷ എന്നത് ഒരേ സമയം ജാതീയത സൂക്ഷിക്കുന്നതും, വൈരുദ്ധ്യം നിറഞ്ഞതുമായിരുന്നു. ഈ മിഷണറി ഉല്പന്നത്തിന്റെ ഘടനാരൂപം പ്രതിഫലിപ്പിക്കുന്നത് ക്രിസ്തുമത ഭാഷാ/സംജ്ഞ മേല്‍ക്കോയ്മയും, കീഴാളഭാഷകളുടെ കീഴടങ്ങലുമാണ്. മിഷണറി പദ്ധതിയുടെ പഠിപ്പിക്കലുകളും, അടിമപ്പള്ളിക്കുടങ്ങളും ഈ വ്യവസ്ഥിതിയുടെ പ്രചരണം വളരെ വേഗത്തിലാക്കി തീര്‍ത്തു. ഇതേ കാലയളവില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ – ഹിന്ദു/ജാതി ശ്രേണിയില്‍ ഉള്‍പ്പെട്ടതിനെ- അപ്പാടെ ഒഴിവാക്കുകയും, ആ സമ്പ്രദായത്തെ ഹിന്ദുപ്രസ്ഥാനമാക്കിമാറ്റിതീര്‍ക്കുകയും ചെയ്തു. എന്നാല്‍ മതകേന്ദ്രീകൃതമായി തുടങ്ങിയ മിഷണറി വിദ്യാഭ്യാസ ഷെഡുകള്‍ പുറംതള്ളിയ വിദ്യാഭ്യാസം അതിന്റെ മതസ്വത്വത്തെ അദൃശ്യമാക്കി തീര്‍ത്തു. ഇത്തരത്തില്‍ വൈരുദ്ധ്യം നിറഞ്ഞ വ്യവസ്ഥിതിയില്‍ സി.എം.എസ് മിഷണറി കേന്ദ്രവും – അച്ചടി കേന്ദ്രവുമായ കോട്ടയം ജില്ലയുടെ ഭാഷാശൈലിയെക്കുറിച്ചുള്ള അന്വേഷണമാണ് ഇതില്‍ നടത്താന്‍ ശ്രമിക്കുന്നത്.

  • ഉല്പാദനഭാഷയില്‍ നിന്നും അച്ചടിഭാഷയിലേക്ക്

ബഹുഭൂരിപക്ഷം ജനവിഭാഗത്തിനും, മുന്‍കാല അടിമകള്‍ക്കും അവരുടേതായ ഭാഷയും, സംസാരരീതിയും, പ്രയോഗങ്ങളും ഉണ്ടായിരുന്നു. തമിഴിന്റെ സ്വാധീനമെന്നോ, വികൃതമലയാളമെന്നോ പറഞ്ഞു ഈ ഭാഷാരീതിയെ മിഷണറി ക്രിസ്തുമതവും, പുരോഗമന ചിന്താസരണികളും കൂടി പറിച്ചെറിയുകയും, പുത്തന്‍ സാംസ്‌ക്കാരികതയുടെ ഭാഗമായി തല്‍സ്ഥാനത്ത് ആധുനികമെന്ന് വിളിക്കപ്പെടുന്ന മലയാളഭാഷ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു, പിന്നീട് ഇത് അംഗീകൃതവുമായി മാറി. സംസ്‌കൃതത്തേയും, അടിയാളഭാഷകളെയും ഒരേപ്പോലെ അപ്രത്യക്ഷ മാക്കിക്കൊണ്ടാണ് ആധുനിക മലയാളം കോട്ടയത്ത് രൂപപ്പെട്ടതെന്നു പറയാം. അടിമത്തം അനുഭവിച്ച ജനതയുടെ ഭാഷയും അടിമത്തത്തിലായിരുന്നതിനാല്‍, പൊതുധാരയിലും-സമൂഹത്തിലും എത്തപ്പെട്ടപ്പോള്‍ അവര്‍ക്ക് അവരുടെ ഭാഷയും അവസാനിപ്പിക്കേണ്ടിവന്നു. അടിമവര്‍ഗത്തിന്റെയും, മറ്റ് വര്‍ഗങ്ങളുടെയും ഇടയില്‍ നിലനിന്നിരുന്ന ഭാഷയ്ക്ക് അവരുടേതായ വ്യാകരണഘടനയും, ചിട്ടപ്പെടുത്തലുകളും ഉണ്ടായിരുന്നു. എഴുതപ്പെടലുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇതിനെ സംസാരത്തിലൂടെ ഉറപ്പിയ്ക്കപ്പെടുന്നുണ്ടായിരുന്നു. ഈ ഭാഷയായിരുന്നു ഉല്പാദനഭാഷ, ഉല്പാദന മേഖലയിലെ അറിവിന്റെ കൈമാറ്റം നടന്നുകൊണ്ടിരുന്നത് ഈ ഭാഷയിലൂടെയായിരുന്നു. ഈ ഭാഷാശൈലിയെ വികസിത മതത്തിന്റെയും, മിഷണറിമാരുടെയും വരവോടെ ബഹുഭൂരിപക്ഷവും ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്തുമതത്തിന്റെയും, മറ്റ് ദലിത്പ്രസ്ഥാനങ്ങളുടെയും സ്വാധീനം മൂലം ഉടമസ്ഥന്റെയും, മുതലാളി വര്‍ഗത്തിന്റെയും വിളികള്‍ക്ക് ദലിതര്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിന്നും കേട്ടിരുന്ന ‘ഏന്‍, എനക്ക്, നക്ക്, ഏ, ചെക്കന്മാര്‍, അടിയാന്‍, റായ്, അടിയന്‍, മുളയന്മാര്‍, ക്ടാങ്ങള്‍, ഉവ്’ മുതലായ വാക്കുകള്‍ എല്ലാം മാറുകയും തല്‍സ്ഥാനത്ത് ‘ഞാന്‍’ എന്ന ഒറ്റവാക്കിലൂടെ സംബോധന ചെയ്യുന്ന ഒരു പുതിയ ഭാഷാകര്‍തൃത്വം രൂപപ്പെട്ടു. വാക്കിന്റെയും, സംസാരത്തിന്റെയും, ശൈലിയുടെയും, ജാതീയതകള്‍ കടന്നുകൊണ്ടുള്ള ഈ ശൈലിമാറ്റം നിലനിന്നിരുന്ന ജാതീയ ഘടനയ്ക്ക് എതിരായിരുന്നു. പുതിയ ഭാഷാകര്‍തൃത്വം എന്നത് പ്രചരിപ്പിക്കപ്പെട്ടത് പല തലങ്ങളിലൂടെയായിരുന്നു. ദലിത് വിമോചനപ്രസ്ഥാനങ്ങളും, ദലിത് ക്രിസ്ത്യന്‍ ജീവിതരീതിയും, ക്രിസ്തീയ പാട്ടുകളും എല്ലാ ഈ പുത്തന്‍ വ്യവസ്ഥിതിയുടെ വളര്‍ച്ചയെ വേഗത്തിലാക്കി തീര്‍ത്തു. ഇതിന്‍ ഫലമായി അടിമഭാഷാശൈലിപ്രയോഗം എന്നത് അടിമജാതികള്‍ക്കിടയില്‍ നാണക്കേട് ആയിമാറി. ഈ സങ്കീര്‍ണതകള്‍ കൊളോണിയലിസത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് ഒപ്പം ഉയര്‍ന്നു വന്നതാണ്, എന്തുകൊണ്ടെന്നാല്‍ ഒരു വീട്ടില്‍ രണ്ടുതരം ഭാഷാശൈലികളും നിലനിന്നിരുന്നു എന്നതിനാലാണ്. അതിലുപരി അടിയാള വിഭാഗത്തിന്റെ ദൈനംദിന ഭാഷയില്‍ പലപ്പോഴും അടിമത്ത സൂചകങ്ങള്‍ ആവര്‍ത്തിച്ചുവന്നുകൊണ്ടേയിരുന്നു.

  • അച്ചടിഭാഷ പരീക്ഷിക്കപ്പെടുന്നു

ഇതേ സമയത്ത് മിഷണറി എഴുത്തുകള്‍ വളരെ സജ്ജീവമായി സമൂഹത്തിലേയ്ക്കു പ്രവേശിക്കാന്‍ തുടങ്ങി. ആദ്യനോവലുകളായ ‘ഫുല്‍മോനി എന്നും, കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ, ഘാതകവധം, പുല്ലേലി കുഞ്ചു’ തുടങ്ങിയ മറ്റ് പല നോവലുകളിലും, കഥകളിലും സാധാരണ ജനത്തിനൊപ്പം പൂര്‍ണ്ണമായോ, ഭാഗീകമായോ, അടിമകഥാപാത്രങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. മിഷണറിമാരാല്‍ എഴുതപ്പെട്ട കഥയിലും, നോവലുകളിലും, അടിമജനതയുടെ ജീവിത അവസ്ഥകളും, ദൈന്യംദിന ജീവിതാനുഭവങ്ങളും ഉള്‍പ്പെട്ടിരുന്നു. “എഴുത്തധികാരത്തിനു പുറത്തുനില്‍ക്കുന്നവരെയാണ് കൂടുതലായി അഭിസംബോധന ചെയ്തിരുന്നുവെങ്കില്‍ കൂടി, മിഷണറി വ്യവഹാരത്തിന്റെ പ്രായോഗികതലത്തില്‍, എഴുത്തിനു പ്രാമൂഖ്യം ലഭിച്ചിരുന്നു. തങ്ങള്‍ നേരിട്ട് ബന്ധം സ്ഥാപിച്ചിരുന്ന കീഴാള വിഭാഗത്തില്‍പ്പെട്ടവര്‍ എഴുത്തധികാരത്തിന്റെ പരിധിക്കു പുറത്തായിരുന്നെങ്കിലും പാശ്ചാത്യവ്യവഹാരത്തില്‍, എഴുത്തിനുള്ള പ്രാമുഖ്യം അതിനെ മിഷണറിമാരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാക്കിമാറ്റി”1. അടിയാള ജനവിഭാഗത്തിന്റെ ഉയര്‍പ്പിനെയും, ആധുനികതയേയും സൂചിപ്പിക്കുന്നതായിരുന്നു ആദ്യമിഷണറി എഴുത്തുകള്‍. അതിലുപരി കഥാപാത്രങ്ങളുടെ സംസാരശൈലി ആധുനികമെന്നു പറയപ്പെടുന്നതും, അടിമജനതയ്ക്ക് വിലക്കിയിട്ടുള്ളതുമായ സംസാരഭാഷയിലായിരുന്നു. ആദ്യമായി കോട്ടയത്ത് അച്ചടിക്കപ്പെട്ട സാഹിത്യത്തില്‍ അച്ചടിഭാഷയില്‍ സംസാരിച്ച സാധാരണ ജനങ്ങളും, ദലിതരുമായിരുന്ന കഥാപാത്രങ്ങളെ പലകാരണങ്ങള്‍ നിരത്തി അസ്വീകാര്യമാക്കി മാറ്റിനിര്‍ത്തിയതിനു പിന്നില്‍ ഭാഷയും, ജാതിയധികാരവും തമ്മിലുള്ള ഒളിച്ചുകളി വ്യക്തമാണ്. ജാതിഘടന മാനിക്കാതെ എഴുതപ്പെട്ട ഇവയെല്ലാം അവഗണിക്കപ്പെട്ടു, അതേസമയം ഇത് ക്രിസ്തുമത്തിനോടുള്ള വെറുപ്പാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ദലിത് വിഭാഗത്തിനു അനുവദിക്കപ്പെട്ടിരുന്ന ഭാഷാശൈലിയും, വാക്കുകളുമല്ല മിഷണറിമാരുടെ ആദ്യകാലരചനകളില്‍ ദലിത് കഥാപാത്രങ്ങള്‍ സംസാരിച്ചത്. കോട്ടയം കേന്ദ്രീകൃതമായി നിര്‍മ്മിക്കപ്പെട്ട ആധുനികഭാഷ എന്ന അച്ചടിഭാഷ ജാതീയഘടനയെ ലംഘിച്ചുകൊണ്ട് ദലിത്-പിന്നോക്ക ജനതയിലൂടെ കേള്‍ക്കേണ്ടി വന്നതും, ദലിതര്‍ മേലാളഭാഷ-പ്രയോഗം-സംഭാഷണങ്ങള്‍ എല്ലാം ഉപയോഗിച്ച് ദലിതവസ്ഥ വിവരിക്കുന്ന പുതിയ അച്ചടിഭാഷയും എല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാം. സാമൂഹ്യഉള്‍പ്പെടുത്തലുകള്‍ നടത്തിയ അച്ചടിഭാഷയെ അകറ്റി നിര്‍ത്തുകയായിരുന്നു പൊതുസമൂഹം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അച്ചടിഭാഷ സംസാരിക്കുന്ന ദലിതന്‌കോട്ടയത്തിന്റെ വി/ശുദ്ധഭാഷ ചേരില്ല എന്നു വരുത്തിതീര്‍ക്കുകയായിരുന്നു ഈ അവഗണനയിലൂടെ. അങ്ങനെ കോട്ടയത്ത് ആദ്യം രൂപംകൊണ്ട അച്ചടിഭാഷ പൊതുസമൂഹത്തിനു മുന്‍പില്‍ നിന്നും മാറ്റപ്പെട്ടു. എന്നാല്‍ പിന്നീട് ഇതേ അച്ചടിഭാഷയെ രണ്ടാമത് എടുത്തുപ്രയോഗിക്കുകയായിരുന്നു കോട്ടയത്തെ നസ്രാണികള്‍, ഇത് വളരെ ജനപ്രിയമാക്കുകയും ചെയ്തു.

  • ജാതി സൂചകമായ അച്ചടിഭാഷ

കോട്ടയത്ത് അച്ചടിഭാഷയാണെന്നുള്ള പറച്ചിലിനൊപ്പം നില്‍ക്കുന്ന ഒന്നാണ് കോട്ടയം അച്ചായന്‍ ശൈലി. ക്രിസ്തീയ കേന്ദ്രീകൃതമായ സംസാരരീതികളും, പദപ്രയോഗങ്ങളും ആണ് ഈ അച്ചായന്‍ ഭാഷയുടെയും വേരുകള്‍. കോട്ടയത്തെ കത്തോലിക്കാ വിശ്വാസികള്‍ക്കും, സുറിയാനി ക്രിസ്ത്യാനികള്‍ക്കുമാണ് ഈ ശൈലിയുടെ മേല്‍ പരിപൂര്‍ണ്ണമായ ആധിപത്യം. കോട്ടയം ഭാഷയെ സൂക്ഷ്മപരുശോധന നടത്തിയാല്‍ ഇത് വിശേഷണങ്ങളും, അലങ്കാരങ്ങളും ഒഴിവാക്കി വളരെ കൃത്യമായ ലക്ഷ്യത്തോടുകൂടി യാതൊരു ഈണവും, താളവുമില്ലാതെ മിഷണറിമാര്‍ നിര്‍മ്മിച്ചെടുത്തതാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതേസമയം മിഷണറികാലത്ത് കോട്ടയം കേന്ദ്രമായി നടത്തപ്പെട്ട ഭാഷാശുദ്ധീകരണത്തിലൂടെയും, അച്ചടിയിലൂടെയും രൂപംകൊണ്ട ആധുനികഭാഷയുടെ അവകാശികളെന്നു നടിക്കുന്ന ജനതയാണ് കോട്ടയത്തെ അച്ചായന്മാര്‍. ക്രിസ്ത്യന്‍ മിഷണറിമാരുടെ മുന്‍കൈയാല്‍ കൃത്യമായി സംസ്‌ക്കരണം നടത്തപ്പെട്ട മലയാളഭാഷയുടെ പ്രചാരകര്‍ മാത്രമായിരുന്ന കോട്ടയത്തെ നസ്രാണിപത്രങ്ങള്‍, അച്ചടി ഭാഷയായ ആധുനികഭാഷയെ കോട്ടയത്തെ നസ്രാണി ജനതയുടെമേല്‍ വെച്ചുകെട്ടുകയായിരുന്നു.

___________________________________
ഭാഷാശൈലിയെ വികസിത മതത്തിന്റെയും, മിഷണറിമാരുടെയും വരവോടെ ബഹുഭൂരിപക്ഷവും ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്തുമതത്തിന്റെയും, മറ്റ് ദലിത്പ്രസ്ഥാനങ്ങളുടെയും സ്വാധീനം മൂലം ഉടമസ്ഥന്റെയും, മുതലാളി വര്‍ഗത്തിന്റെയും വിളികള്‍ക്ക് ദലിതര്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിന്നും കേട്ടിരുന്ന ‘ഏന്‍, എനക്ക്, നക്ക്, ഏ, ചെക്കന്മാര്‍, അടിയാന്‍, റായ്, അടിയന്‍, മുളയന്മാര്‍, ക്ടാങ്ങള്‍, ഉവ്’ മുതലായ വാക്കുകള്‍ എല്ലാം മാറുകയും തല്‍സ്ഥാനത്ത് ‘ഞാന്‍’ എന്ന ഒറ്റവാക്കിലൂടെ സംബോധന ചെയ്യുന്ന ഒരു പുതിയഭാഷാകര്‍തൃത്വം രൂപപ്പെട്ടു. വാക്കിന്റെയും, സംസാരത്തിന്റെയും, ശൈലിയുടെയും, ജാതീയതകള്‍ കടന്നുകൊണ്ടുള്ള ഈ ശൈലിമാറ്റം നിലനിന്നിരുന്ന ജാതീയ ഘടനയ്ക്ക് എതിരായിരുന്നു. പുതിയ ഭാഷാകര്‍തൃത്വം എന്നത് പ്രചരിപ്പിക്കപ്പെട്ടത് പല തലങ്ങളിലൂടെയായിരുന്നു. ദലിത് വിമോചനപ്രസ്ഥാനങ്ങളും, ദലിത് ക്രിസ്ത്യന്‍ ജീവിതരീതിയും, ക്രിസ്തീയ പാട്ടുകളും എല്ലാ ഈ പുത്തന്‍ വ്യവസ്ഥിതിയുടെ വളര്‍ച്ചയെ വേഗത്തിലാക്കി തീര്‍ത്തു. ഇതിന്‍ ഫലമായി അടിമഭാഷാശൈലിപ്രയോഗം എന്നത് അടിമജാതികള്‍ക്കിടയില്‍ നാണക്കേട് ആയിമാറി. ഈ സങ്കീര്‍ണതകള്‍ കൊളോണിയലിസത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് ഒപ്പം ഉയര്‍ന്നു വന്നതാണ്, എന്തുകൊണ്ടെന്നാല്‍ ഒരു വീട്ടില്‍ രണ്ടുതരം ഭാഷാശൈലികളും നിലനിന്നിരുന്നു എന്നതിനാലാണ്. അതിലുപരി അടിയാള വിഭാഗത്തിന്റെ ദൈനംദിന ഭാഷയില്‍ പലപ്പോഴും അടിമത്ത സൂചകങ്ങള്‍ ആവര്‍ത്തിച്ചുവന്നുകൊണ്ടേയിരുന്നു.
___________________________________ 

ജാതീയത ഉണ്ടാക്കിയ ഭാഷാശൈലികളുടെ തകര്‍ച്ചയും, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചരണവും, ക്രിസ്തുമതവും, സായിപ്പിന്റെ പഠിപ്പിക്കലുകളും, അച്ചടിഭാഷാരീതിയും എല്ലാം നേരിട്ട് സംഭവിച്ച പ്രദേശമാണ് കോട്ടയം. കേരളസമൂഹത്തിന്‍ മുകളിലുണ്ടായിരുന്ന സംസ്‌കൃതത്തിന്റെയും, സിറിയക്കിന്റെയും ഭാഷാമേധാവിത്വത്തെ അവസാനിപ്പിക്കുകയും, കൂടുതല്‍ ജനായത്തമായതും, അതോടൊപ്പം വി/ശുദ്ധഭാഷയായും അവതരിപ്പിച്ച അച്ചടിഭാഷയുടെ അവകാശികള്‍ എന്ന് സ്വയം അവകാശപ്പെടുന്നത് കോട്ടയത്തെ നസ്രാണി വര്‍ഗമാണ്. ഇതിനുള്ള വഴി ഒരുക്കിയതാകട്ടെ കോട്ടയത്തെ നസ്രാണി പ്രസിദ്ധീകരണങ്ങളും, പത്രങ്ങളുമാണ്. ഭാഷാസംസ്‌ക്കരണത്തില്‍ ഒരു വിഭാഗത്തിന്റെയും തനതായ സംസാരരീതിയെ കൈക്കൊള്ളാതെ ഉണ്ടാക്കപ്പെട്ടതായിരുന്ന അച്ചടിഭാഷയുടെ മേല്‍ കോട്ടയത്തെ അച്ചായന്മാര്‍ കുത്തക സ്ഥാപിച്ചെടുത്തു എന്നുപറയാം.
നസ്രാണി ദീപികയും, വര്‍ഗീസ് മാപ്പിളയും തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ അച്ചടിച്ച് ഇറങ്ങിയതെല്ലാം ‘കോട്ടയം സംസ്‌ക്കാരം’ എന്ന പേരിലാണ് സ്വീകരിക്കപ്പെട്ടത്. പിന്നീട് മുട്ടത്ത് വര്‍ക്കി മുതല്‍ കാനം ഇ.ജെ. വരെയുള്ളവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം സുറിയാനി ക്രിസ്ത്യാനി അവസ്ഥകളും, ജീവിതരീതിയും മാത്രമായിരുന്നു പ്രതിഫലിപ്പിച്ചിരുന്നത്. ജാതീയഘടനയെ നിലനിര്‍ത്തിക്കൊണ്ടുള്ളതായ കഥാപാത്രങ്ങള്‍ മാത്രമായിരുന്നു നസ്രാണി പ്രസ്ഥാനങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടത്. നസ്രാണി പ്രസ്ഥാനങ്ങളിലൂടെ ക്രിസ്ത്യാനി ജീവിതങ്ങള്‍ അച്ചടിച്ച് ഇറങ്ങിയത് വളരെ വേഗം ജനപ്രിയമാക്കുകയും, ഇതിന്‍ഫലമായി ക്രൈസ്തവ നിലപാടും, സംസാരരീതിയും തുടിക്കുന്ന ജനത എന്ന പദവി കോട്ടയത്തിനു സ്വന്തമാവുകയും, ചെയ്തു.
സ്വന്തം പദവി ഉറപ്പിച്ചതിനു ശേഷമാണ് ഇവര്‍ പോള്‍ചിറക്കരോട് പോലുള്ള ദലിത് എഴുത്തുകാര്‍ക്ക് സുറിയാനി മാസികകളില്‍ പിന്നീട് അവസരം കൊടുക്കുന്നത്.
അച്ചടിഭാഷയ്ക്കും, മിഷണറിമാരാല്‍ പ്രചരിക്കപ്പെട്ട മലയാളഭാഷയ്ക്കും, ഒരു തരത്തിലുള്ള മതശൈലിതന്നെയാണ് ഉണ്ടായിരുന്നത്. സാമ്പ്രദായിക മതങ്ങളുടെ ശൈലികള്‍ക്കും, രീതികള്‍ക്കുമുള്ള ഒരു വിമര്‍ശനം എന്ന നിലയിലാണ് ഈ അച്ചടിഭാഷ മുന്നോട്ടുവെയ്ക്കപ്പെടുന്നത്. കോട്ടയം പ്രദേശത്തെ വളരെ വേഗം ഈ പുതിയ ഭാഷാഘടനയ്ക്കുള്ളിലാക്കിഅവതരിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. കോട്ടയത്തിന്റെ താളമില്ലായ്മ എന്നത് ക്രിസ്തുമത നിര്‍മ്മിതിയും, ക്രിസ്തുമത പ്രതിനിധാനവുമാണ്. ആദ്യകാല മിഷണറി എഴുത്തുകള്‍ അച്ചടിഭാഷയിലൂടെ ദലിതര്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇത് തിരസ്‌ക്കരിക്കപ്പെടുകയും, പിന്നീട് പത്ര-മാസികകള്‍ വഴി നടന്ന നസ്രാണി എഴുത്തുകളിലൂടെ കോട്ടയംഭാഷ എന്ന അച്ചടിഭാഷ അച്ചായന്മാരുടെ മാത്രം ഭാഷയായി മാറ്റപ്പെടുകയും ആണ് ഉണ്ടായത്. ഇതിനുവേണ്ടി അടിയാള ജനതയ്ക്കിടയിലുണ്ടായിവന്ന ഭാഷയുടെ ആധുനികതയെ നസ്രാണി വര്‍ഗം മാറ്റി നിര്‍ത്തുകയും ചെയ്തു.

  • കോട്ടയത്തിന്റെ പുത്തന്‍ താളം

മലയാളഭാഷയുടെ പ്രാദേശിക വൈവിധ്യവും, ശൈലികളും നിലനില്‍ക്കുന്ന ഒരു ജില്ലതന്നെയാണ് കോട്ടയം. പ്രാദേശിക മേഖലകളില്‍ സാധാരണ ജനങ്ങളുടെ സംസാരഭാഷയില്‍ ഈ വ്യത്യാസം വളരെ വ്യക്തമായി കാണാനും സാധിക്കുന്നു. സമാനതയുള്ള ഏക സംസാരശൈലി കണ്ടെത്താനാവുന്നത്, മുന്‍കാല അടിമകളെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ മാത്രമാണ്. ഭാഷാശൈലിയില്‍ ഒരു ഏകതനിലനില്‍ക്കുന്ന ജില്ലയല്ല കോട്ടയം. എന്നാല്‍ കോട്ടയം ജില്ലയില്‍ മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതും, പ്രയോഗിക്കുന്നതുമായ തെറികള്‍ മാത്രമാണ് ഇതിനു ഒരു വിമര്‍ശനം. അതേസമയം കോട്ടയം നഗരവാസികള്‍ക്കിടയില്‍ ഒരു പ്രത്യേകതരം ഭാഷാശൈലി നിലനില്‍ക്കുന്നുണ്ട്. ഇത് അധികം പ്രചരിക്കപ്പെട്ടിട്ടില്ലാത്തതും, ഒരുപാട് ശൈലികളുടെയും, പ്രയോഗങ്ങളുടെയും മിശ്രിതവും കൂടിയാണ്, നഗരത്തിലെ കോളനികളിലും, കൂലിതൊഴിലാളികള്‍ക്കിടയിലുമാണ് ഈ ശൈലി നിലനില്‍ക്കുന്നത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ ഭാഷാശൈലിയെ കോളനി നിവാസികളുടെ ശൈലിയായും, പുരുഷന്മാര്‍ മാത്രം ഉപയോഗിക്കുന്ന ഭാഷയായും, ലഹരിയുടെ ശൈലിയുമായാണ് മറ്റുള്ളവര്‍ കാണുന്നത്. വാക്കുകള്‍ക്കൊണ്ടുള്ള കളികളുടെയോ, മറിച്ചുച്ചൊല്ലിന്റെയോ ഗണത്തില്‍ ഇതിനെ പെടുത്താനും സാധിക്കുകയില്ല. നിത്യേനയുള്ള സംസാരത്തില്‍ ഒരു വാക്കുമാത്രം ഉപയോഗിക്കാതെ, അതേ അര്‍ത്ഥത്തില്‍ മറ്റു ചില വാക്കുകള്‍ ഒരു പ്രത്യേക ഈണത്തോടെ ഉപയോഗിക്കുന്നതാണ് ഈ ശൈലിയുടെ പ്രത്യേകത. ഉദാഹരണമായി പോകുന്നു/പോകുവാ എന്ന വാക്ക് ഇവരുടെ ഭാഷാശൈലിയില്‍ വരുമ്പോള്‍ ‘മായുവാ, തെറിക്കുവാ, തെന്നുവാ, സ്‌കുട്ട് ചെയ്യുവാ, ഉരുളുവാ, സ്‌ക്കിപ്പാകുവാ, വീരുവാ, മറിയുവാ, അപ്രത്യക്ഷമാകുവാ, ഒഴുകുവാ, ചലിക്കുവാ, നീങ്ങുവാ, വിടുവാ, കുതിക്കുവാ, ഇഴയുവാ,’ തുടങ്ങിയ വാക്കുകളില്‍ ഏതെങ്കിലും ഒന്നു പ്രയോഗിച്ചുകൊണ്ടാരിക്കും. അതേ സമയം ഈ പ്രയോഗങ്ങളും, ശൈലിയും, കള്ളിന്റെയും കഞ്ചാവിന്റെയും പിന്‍ബലത്തോടുകൂടി ഉണ്ടാകുന്നതാണെന്നാണ് ഇതിനെതിരായ ആക്ഷേപം. ഈ കാരണത്താലാണ് ഇതിനെ ലഹരിശൈലി എന്നു വിളിക്കുന്നത്. മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നതും, വിളിക്കുന്നതിനും പല പേരുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. വാക്കുകളുടെ അവസാനം ഒരുപാട് നീട്ടി സംസാരിക്കുന്ന ഇവരുടെ വ്യത്യസ്തമാര്‍ന്ന ഭാഷാശൈലി പ്രയോഗത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഈ ജനത. ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങളും, വൈവിധ്യങ്ങളും, നിലനില്‍ക്കുന്ന കോട്ടയം ഇപ്പോഴും അച്ചടി ഭാഷയുടെയും, അച്ചായന്‍ ഭാഷയുടെയും പേരിലാണ് അറിയപ്പെടുന്നത്. ഇതേപോലെതന്നെ മതങ്ങള്‍ നിര്‍മ്മിക്കുന്ന സംസാരശൈലികള്‍ വളരെ കൃത്യമായി കാത്തുസൂക്ഷിക്കുന്നവരുടെ നാട് കൂടിയാണ് കോട്ടയം. ജാതി-മത ബോധം നിര്‍മ്മിക്കുന്ന ഭാഷാശൈലിയിലെ താളവും, താളം ഇല്ലായ്മയും എല്ലാം കൂടിച്ചേര്‍ന്നു കിടക്കുന്ന ഒരു ദേശം തന്നെയാണ് കോട്ടയം.

___________
വിനില്‍ പോള്‍
School of Social Sciences, M.G. University

Top