മഞ്ചൂപ്രവേശം ആട്ടക്കഥ: മാധ്യമങ്ങളുടെ ഉള്‍പ്പുളകവും വരേണ്യ നിര്‍വൃതിയും

അജയ് ശേഖര്‍

_______________________________

സിനിമ തന്നെ പുരുഷ സംവിധാകന്റെ കലയാണെന്ന പഴകിയ സ്ഥാപിത പ്രമാണങ്ങളുമായി വരുന്ന കരനാഥന്‍മാരും പ്രമാണികളുമായ കുലീനനായകന്മാരും ഇപ്പോഴും ബഹുജനങ്ങളുടെ ചിലവില്‍ തിന്നു കൊഴുക്കുകയാണ്, വര്‍ണവെറിയും ദമിത സവര്‍ണതയും മുറ്റിയ കുലീനാഖ്യാനങ്ങളുമായി സമൂഹമനസ്സിനേയും ശരീരത്തേയും മലീമസമാക്കുകയാണ്.
സവര്‍ണ നായികാനായകന്മാരോടുള്ള അതിരറ്റ അഭിനിവേശങ്ങളും വാഴ്ത്തുപാട്ടുകളും സവര്‍ണേതരരായ കലാപ്രവര്‍ത്തകരോടുള്ള പകയും അവര്‍ണര്‍ക്കെതിരായ ദുരാരോപണ വ്യവഹാരങ്ങളും വെളിപ്പെടുത്തുന്നത് രാഷ്ട്രീയാധികാരവും പൊതുസേവനരംഗവും അക്കാദമികളും മാധ്യമങ്ങളും സ്വകാര്യമേഖലയും പോലെ സംസ്‌കാര വ്യവസായത്തിലും വര്‍ണവെറിയും ബ്രാഹ്മണിക മൂല്യവ്യവസ്ഥയും കൊടികുത്തി വാഴുകയാണെന്നാണ്.

________________________________

ന്നാം പേജില്‍ നാലുകോളം കവിയുന്ന കിടിലന്‍ വര്‍ണചിത്രങ്ങള്‍ മലയാളത്തിലെ മുന്തിയ മുന്‍നിര പത്രങ്ങളില്‍ വന്‍കിട പരസ്യങ്ങളെ നാണിപ്പിച്ചു പരക്കുന്നു. ദൃശ്യശ്രാവ്യ ചലനചിത്രങ്ങളുടേയും വായ്ക്കുരവകളുടേയും കുലീനവായ്ത്താരികളുടേയും കുഴലൂത്തുകള്‍ ദൃശ്യമാധ്യമങ്ങളില്‍ പ്രീമിയര്‍ നമോയുടെ പബ്ലിക് റിലേഷന്‍ പ്രചരണതന്ത്രങ്ങളേപ്പോലും ബഹുദൂരം അതിവേഗം പിന്നിലാക്കുന്ന തരത്തില്‍ നിറഞ്ഞാടിപ്പടരുന്നു. വരേണ്യകേരളത്തിന്റെ ‘മാനസറാണിയും മഞ്ചുളാംഗിയും മറിമാന്‍കണ്ണി’യുമായ മഞ്ചു വാരിയരുടെ പുനപ്രവേശം 2013 ജൂലൈ രണ്ടാം വാരം മലയാള മാധ്യമങ്ങള്‍ കയ്യും മെയ്യും മാധ്യമനൈതികതയും സഭ്യതയും പ്രകരണബോധവും മറന്ന് മതിമറന്നാഘോഷിച്ചു. ഭാരതീയ സവര്‍ണ ദേശീയതയുടെ വിജൃംഭിതമായ വീരശൂര ആണത്തത്തിന്റെ മറാഠാ അവതാര പുരുഷനായ സാക്ഷാല്‍ അമിതാഭയും അമിതാശയുമുള്ള ബച്ചനെന്ന വിശുദ്ധ പിതാമഹന്റെ വാമഭാഗമായി മലയാള കുലീനകുമാരി തിരിച്ചെത്തുന്നു, ആനന്ദമൂര്‍ഛയ്ക്കിനിയെന്തുവേണം സവര്‍ണമാധ്യമത്തൊഴിലാളികളുടെ ദമിതമനസ്സുകള്‍ക്ക്.
ഏതാനും ദശകങ്ങള്‍ക്കു മുമ്പ് ധീരനായ കേരളപുത്രനും കലാപകാരിയായ കലാകാരനുമായ തിലകനെ സ്വാധീനമൂലധനങ്ങളിലൂടെ വെട്ടിത്തള്ളി ദേശീയപുരസ്‌കാരം കവര്‍ന്നെടുത്ത അമിതാഭിന്റെ പാദഭക്തരുണ്ടോ അറിയുന്നു ഭാരതീയ ആണത്തത്തിന്റെ പുതിയ അമേരിക്കന്‍ റാംബോയായും വിരാട്പുരുഷനും വികാസപുരുഷനുമായും കമലഹാസനെ നാണിപ്പിക്കുന്ന തരത്തില്‍ സ്വയം സേവകനായ നമോ അവതരിച്ചു കഴിഞ്ഞു എന്ന്. ആ പുരാന്തകന്റെ മുന്നില്‍ ബച്ചന്‍ വെറും കൊച്ചന്‍. അതിലൊന്നുമല്ല മലയാള മാധ്യമപ്രവര്‍ത്തകരുടെ കണ്ണും കാതും കരളും. അതെല്ലാം പതിനാറുവര്‍ഷത്തിനു ശേഷം പുനപ്രവേശം നടത്തുന്ന ആ കുലീനഗൃഹസ്ഥയുടെ ആഹാര്യത്തിലും ആംഗികത്തിലും വാചികത്തിലുമായിപ്പോയി. കുലീനകാമം കുരവയിട്ടും കൈകൊട്ടിക്കളിച്ചും തീര്‍ക്കുകയല്ലേ നിര്‍വാഹമുള്ളു, അതു ബഹുജനങ്ങളുടെ ചിലവിലാകുമ്പോഴാണ് സാമൂഹ്യവിപത്താകുന്നതെന്നു മാത്രം. എത്രയോ മണിപ്രവാളപരമാണ് മലയാള മാധ്യമത്തൊഴിലാളികളുടെ രോഗാതുരമായ മനശാസ്ത്രവും സാമൂഹ്യബോധവും എന്നെല്ലാവര്‍ക്കും വ്യക്തമായി കാണാവുന്ന സുതാര്യ സവര്‍ണ സന്ദര്‍ഭമാണിത്.
കഴിഞ്ഞ ഒരാഴ്ച്ചയായി മലയാള അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ മഞ്ചു വാര്യര്‍ എന്ന നടിയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മഞ്ചുവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അഭിമുഖങ്ങളും നൃത്തനാട്യങ്ങളും എല്ലാം നിയന്ത്രണങ്ങളും മാധ്യമ പ്രതിനിധാന സംതുലനവും സാമാന്യ നൈതികതയും വിട്ട് നിറഞ്ഞാടുകയാണ്, പതഞ്ഞു നുരയുകയാണ്.

_____________________________
സരിതാ നായരും ശാലു മേനോനും ഉത്തര ഉണ്ണിയും നിത്യമേനോനുമെല്ലാം ശ്രീശാന്തന്‍ നായരേയും ഗണേശകുമാരപ്പിള്ളയേയും സാക്ഷാല്‍ തിരുരാധേട്ടന്‍ നായരേയും നിഷ് പ്രഭാരക്കുന്ന ഉയരങ്ങളിലേക്കു വളഞ്ഞ ജാതിവാലില്‍ കുത്തി കുതി്ച്ചു ചാടിയിരിക്കുന്ന ഈ ഉദാത്ത സന്ദര്‍ഭത്തില്‍ സംസ്ഥാന ഭരരണത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഗതിമാറ്റങ്ങളെ കുറിച്ച് ജനങ്ങള്‍ ധാര്‍മികരോഷത്തോടെ ഉറ്റുനോക്കുന്ന സന്ദര്‍ഭത്തില്‍ വളരെപ്പെട്ടന്ന് ഒരു സുവര്‍ണകാല സവര്‍ണശാലീന നായികയുടെ തിരിച്ചുവരവാണ് മാധ്യമങ്ങളുടെ പ്രധാന അജണ്ടയായി മാറിയിരിക്കുന്നത്.
_____________________________

സെക്രട്ടേറിയറ്റും മുഖ്യന്റെ ഓഫിസും മന്ത്രിസഭയിലെ ശൂരനായകന്മാരും കേന്ദ്രപുങ്കവന്മാരും എല്ലാം ഉള്‍പ്പെടുന്ന നിര്‍ണായകമായ അഴിമതിയുടേയും കൊള്ളയുടേയും പൊതുവഞ്ചനയുടേയും ജനദ്രോഹത്തിന്റേയും വിശദാംശങ്ങളും തുടരന്വേഷണങ്ങളും ഒന്നൊന്നായി പുറത്തു വരുന്ന സന്ദര്‍’ത്തിലാണ് ഈ പുതിയ മഞ്ചുചരിതവും മണിപ്രവാള പുനസമാഗമവും ചിരതേവീചരിതങ്ങളും പുളിച്ചു തികട്ടുന്നത്. സരിതാ നായരും ശാലു മേനോനും ഉത്തര ഉണ്ണിയും നിത്യമേനോനുമെല്ലാം ശ്രീശാന്തന്‍ നായരേയും ഗണേശകുമാരപ്പിള്ളയേയും സാക്ഷാല്‍ തിരുരാധേട്ടന്‍ നായരേയും നിഷ് പ്രഭാരക്കുന്ന ഉയരങ്ങളിലേക്കു വളഞ്ഞ ജാതിവാലില്‍ കുത്തി കുതി്ച്ചു ചാടിയിരിക്കുന്ന ഈ ഉദാത്ത സന്ദര്‍ഭത്തില്‍ സംസ്ഥാന ഭരരണത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഗതിമാറ്റങ്ങളെ കുറിച്ച് ജനങ്ങള്‍ ധാര്‍മികരോഷത്തോടെ ഉറ്റുനോക്കുന്ന സന്ദര്‍ഭത്തില്‍ വളരെപ്പെട്ടന്ന് ഒരു സുവര്‍ണകാല സവര്‍ണശാലീന നായികയുടെ തിരിച്ചുവരവാണ് മാധ്യമങ്ങളുടെ പ്രധാന അജണ്ടയായി മാറിയിരിക്കുന്നത്. അനീതിക്കും അഴിമതിക്കും എതിരായ ബഹുജനവികാരത്തെ വളരെപ്പെട്ടന്ന് വഴിതിരക്കാനും കെടുത്താനുമുള്ള മാധ്യമത്തൊഴിലാളികളുടെ ത്വര വിശകലനം ചെയ്യേണ്ടതുണ്ട്.
മഞ്ചു വാര്യരുടെ തിരുമ്പിവരല്‍ മാത്രമല്ല, സവര്‍ണതയുടെ സാമൂഹ്യാധികാര നഷ്ടങ്ങളെ കാല്‍പ്പനികാഖ്യാനങ്ങളിലൂടെ സാംസ്‌കാരിക വിലാപാഖ്യായികകളാക്കിയ വള്ളുവനാടന്‍ കഥനനായകനായ വാസുദേവന്‍ നായര്‍ക്ക് 80 തികഞ്ഞതും മാധ്യമങ്ങളെ ആകെയങ്ങു കോരിത്തരിപ്പിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ എം. ടി. വാസുദേവന്‍ നായരുടെ എണ്‍പതും രചനകളും വിമര്‍ശലേശമില്ലാത്ത വാഴ്ത്തുപാട്ടുകളോടെ സംഘടിതമായി സംതുലനം മറന്ന് ആഘോഷിച്ചു ചരിതാര്‍ഥരായി. മാധ്യമങ്ങളുടെ വിചിത്രമായ ഒരു (അ)സംതുലനതന്ത്രമാണിവിടെ വെളിവാകുന്നത്. സാക്ഷാല്‍ സുകു(മാരന്‍)നായരുടെ ഭാഷയില്‍ എല്ലാ താക്കോല്‍ സ്ഥാനത്തും പിന്‍വാതിലിലും കോക്ക്പിറ്റില്‍ പോലും നായന്മാരും വീരനായികമാരും വന്ന സ്ഥിതിക്ക് (വി. സി. സ്ഥാനങ്ങളില്‍ ചില താക്കോല്‍ സ്ഥാനാര്‍ഥികള്‍ വന്നില്ല പോലും) ദില്ലീനായന്മാരുടെ ചിലവില്‍ പീഠം കയറിയ ചില ജ്ഞാനപീഠ വിദ്വാന്മാരുടേയും വിദുഷികളുടേയും ശബ്ദവും മുഖവും വാരി വിതറി പ്രശ്‌നം പരിഹരിക്കാമെന്നും നിര്‍ണായക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധയും ധാര്‍മികരോഷവും തിരിച്ചുവിടാമെന്നുമാണ് സവര്‍ണ-സിറിയന്‍ മാധ്യമവേലക്കാരുടെ ഗൂഢശ്രമവും വ്യാമോഹവും പരസ്യമായിപ്പോയ രഹസ്യ കരസേവയും.
പഴയ കുളിരായിരുന്ന വാരസ്യാരുടെ രണ്ടാം വരവില്‍ ആനന്ദപുളകിതരാകുന്ന ഇതേ മാധ്യമങ്ങള്‍ തന്നെയാണ് അവര്‍ണരായ പ്രതിനിധാനകര്‍തൃത്വങ്ങളെ കുറിച്ചുള്ള പ്രതിലോമ വ്യവഹാരങ്ങള്‍ വളരെ പണിപ്പെട്ട് മിനഞ്ഞെടുക്കുന്നത്. കലാഭവന്‍ മണിയെ കുറിച്ച് അടുത്തകാലത്ത് നിര്‍മിച്ച പകവ്യവഹാരം ഉദാഹരണമാണ്. ഇന്ത്യന്‍ സിനിമകളിലെ തന്നെ ആദ്യ ദലിതനായകനായി ദശകങ്ങളുടെ പരിശ്രമങ്ങളിലൂടെ ജനപ്രിയസംസ്‌കാരത്തില്‍ ഉയര്‍ന്നു വന്ന മണിയെ നായകസ്ഥാനത്തു നിന്നു പടിയിറക്കി കേവലം സ്വഭാവനടനായി കാമിയോ വേഷത്തിലും മറ്റും ഒതുക്കി ഇല്ലാതാക്കാനുള്ള ശക്തവും ഗൂഢവും ഗൂഢാലോചനാപരവുമായ ശ്രമം നടന്നു. പുറമേ പോലീസുകാരെ കുടിച്ചു തല്ലുന്ന സാമൂഹ്യവിരുദ്ധനായും മൊശടനായും മണിയെ ചിത്രീകരിക്കുന്ന മാധ്യമവ്യവഹാരങ്ങളും ഇടമുറിയാതെ അരങ്ങേറി. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ അവര്‍ണ നായികയായി ഉദിച്ചുയര്‍ന്ന റിമ കല്ലിങ്കലിന്റെ അഭിനയജീവിതം പരിശോധിച്ചാലും വാര്‍പ്പുമാതൃകകളും പ്രതിലോമവ്യവഹാരങ്ങളും അപവാദങ്ങളും ഒതുക്കല്‍-പക വ്യവഹാരങ്ങളും സ്പഷ്ടമാണ്. താന്തോന്നിയായും അഹങ്കാരിയായും അഴിഞ്ഞാട്ടക്കാരിയായും നഴ്‌സായും കന്യകാത്വവും പാതിവൃത്യവുമില്ലാത്തവളായും ലിംഗവിഛേദകയായുമെല്ലാം റിമയെ പരിമിതപ്പെടുത്തി. കൂടാതെ ചില പുരുഷകേസരികളുടെ മുമ്പില്‍ എഴുന്നേറ്റുനിന്ന് ആണത്തത്തോടും പഴക്കത്തോടുമുള്ള അത്യാദരവ് പ്രകടിപ്പിക്കാത്തതിന്റെ പേരില്‍ യഥാര്‍ഥ ജീവിതത്തില്‍ അഹങ്കാരിയാണെന്നുള്ള പേരും പദവിയും കൂടി റിമയുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമം ജനപ്രിയ ചലച്ചിത്ര വ്യവസായത്തില്‍ പോലും കൊടികുത്തി വാഴുന്ന സവര്‍ണ ആണ്‍കോയ്മയുടെ ഭാഗത്തു നിന്നുണ്ടായി.

_____________________________
എഴുത്തധികാരത്തിലും തിരയധികാരത്തിലും ബിംബാധികാരത്തിലും കാമനകളുടേയും ദൃശ്യരതിയുടേയും രംഗങ്ങളിലും ഹിംസയിലൂടെയും തമസ്‌കരണത്തിലൂടെയും ദമനത്തിലൂടെയും അതിസാമര്‍ഥ്യത്തിലൂടെയും ജനാധിപത്യപരവും ബഹുസ്വരവുമാകേണ്ട ചലച്ചിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും രംഗങ്ങളിലും ബ്രാഹ്മണിക സവര്‍ണത വീണ്ടും പിടിമുറുക്കിക്കഴിഞ്ഞു. ദേശീയതലത്തില്‍ മന്‍മോഹന്റേയും സിബിലിന്റേയും ചിദംബരത്തിന്റേയും നവഉദാര മൂലധന ഭരണം മോഡിയെ പോലുള്ള നരമേധക നായകരെ ഉണ്ടാക്കുമ്പോള്‍ , മലയാള മണ്ണില്‍ ചാണ്ടിയുടേയും രാധാകൃഷ്ണന്റേയും മാണിയുടേയും കുഞ്ഞാലിയുടേയും തികഞ്ഞ വരേണ്യ വലതുപക്ഷ നയങ്ങള്‍ ജാതിജന്മിത്തത്തേയും മണിപ്രവാള സവര്‍ണതയേയും ബ്രാഹ്മണിക മൂല്യങ്ങളേയും തിരികെക്കൊണ്ടുവന്നു പ്രതിഷ്ഠാപനം ചെയ്യുന്നു.  

_____________________________

 

സിനിമ തന്നെ പുരുഷ സംവിധാകന്റെ കലയാണെന്ന പഴകിയ സ്ഥാപിത പ്രമാണങ്ങളുമായി വരുന്ന കരനാഥന്‍മാരും പ്രമാണികളുമായ കുലീനനായകന്മാരും ഇപ്പോഴും ബഹുജനങ്ങളുടെ ചിലവില്‍ തിന്നു കൊഴുക്കുകയാണ്, വര്‍ണവെറിയും ദമിത സവര്‍ണതയും മുറ്റിയ കുലീനാഖ്യാനങ്ങളുമായി സമൂഹമനസ്സിനേയും ശരീരത്തേയും മലീമസമാക്കുകയാണ്.
സവര്‍ണ നായികാനായകന്മാരോടുള്ള അതിരറ്റ അഭിനിവേശങ്ങളും വാഴ്ത്തുപാട്ടുകളും സവര്‍ണേതരരായ കലാപ്രവര്‍ത്തകരോടുള്ള പകയും അവര്‍ണര്‍ക്കെതിരായ ദുരാരോപണ വ്യവഹാരങ്ങളും വെളിപ്പെടുത്തുന്നത് രാഷ്ട്രീയാധികാരവും പൊതുസേവനരംഗവും അക്കാദമികളും മാധ്യമങ്ങളും സ്വകാര്യമേഖലയും പോലെ സംസ്‌കാര വ്യവസായത്തിലും വര്‍ണവെറിയും ബ്രാഹ്മണിക മൂല്യവ്യവസ്ഥയും കൊടികുത്തി വാഴുകയാണെന്നാണ്. അനുദിനം തിരിച്ചു വരികയാണ് ജാത്യാധികാരത്തിന്റെ ഗൂഢമായ ആന്തരാധിനിവേശം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യയിലും ഭൌതികഹിംസകള്‍ ബ്രാഹ്മണിക ഹിന്ദുഫാഷിസത്തിന്റെ അവരോധത്തെ കുറിച്ചുള്ള മുന്നറിയിപ്പു തരുമ്പോള്‍ കേരളത്തില്‍ പ്രതീകാത്മകവും പ്രതിനിധാനപരവുമായ ഹിംസയിലൂടെയും കുത്തകവല്‍ക്കരണത്തിലൂടെയുമാണ് ജാതിഹിന്ദുത്വം തിരിച്ചുവരുന്നതും ജനതയെ കീഴടക്കുന്നതും. എഴുത്തധികാരത്തിലും തിരയധികാരത്തിലും ബിംബാധികാരത്തിലും കാമനകളുടേയും ദൃശ്യരതിയുടേയും രംഗങ്ങളിലും ഹിംസയിലൂടെയും തമസ്‌കരണത്തിലൂടെയും ദമനത്തിലൂടെയും അതിസാമര്‍ഥ്യത്തിലൂടെയും ജനാധിപത്യപരവും ബഹുസ്വരവുമാകേണ്ട ചലച്ചിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും രംഗങ്ങളിലും ബ്രാഹ്മണിക സവര്‍ണത വീണ്ടും പിടിമുറുക്കിക്കഴിഞ്ഞു. ദേശീയതലത്തില്‍ മന്‍മോഹന്റേയും സിബിലിന്റേയും ചിദംബരത്തിന്റേയും നവഉദാര മൂലധന ഭരണം മോഡിയെ പോലുള്ള നരമേധക നായകരെ ഉണ്ടാക്കുമ്പോള്‍ , മലയാള മണ്ണില്‍ ചാണ്ടിയുടേയും രാധാകൃഷ്ണന്റേയും മാണിയുടേയും കുഞ്ഞാലിയുടേയും തികഞ്ഞ വരേണ്യ വലതുപക്ഷ നയങ്ങള്‍ ജാതിജന്മിത്തത്തേയും മണിപ്രവാള സവര്‍ണതയേയും ബ്രാഹ്മണിക മൂല്യങ്ങളേയും തിരികെക്കൊണ്ടുവന്നു പ്രതിഷ്ഠാപനം ചെയ്യുന്നു. വരേണ്യതയുടെ പ്രകടനാത്മകതയും ദൃശ്യതയും ശബ്ദഘോഷങ്ങളും സമഗ്രാധിപത്യത്തിന്റെ അവരോധത്തിന്റെ തികഞ്ഞ ലക്ഷണം തന്നെ.

 

Top