ഇന്ത്യനാവണമെന്നുള്ള വെള്ളക്കാരായ കവികള്‍ക്ക്

വെന്‍ഡി റോസ്

രിക്കല്‍ മാത്രം

വേണ്ടുവോളം നേരം മാത്രം
ഞങ്ങളുടെ വാക്കുകള്‍
മീന്‍ ചൂണ്ടയിട്ട്
ഞങ്ങളുടെ നാവുകളില്‍ നിന്നും
പിടിച്ചെടുക്കുവാന്‍.
നീ ഇപ്പോള്‍ ഞങ്ങളെ ഓര്‍മ്മിക്കുന്നു
ഭൂമിയില്‍
മുട്ടുകുത്തി നില്ക്കേ,
ഞങ്ങളുടെ ആത്മാവുകളുടെ
ഒരു താല്‍ക്കാലിക വിനോദ സഞ്ചാരത്താല്‍
വിശുദ്ധി നേടവേ.

വാക്കുകളാല്‍
നിങ്ങള്‍ സ്വന്തം മുഖങ്ങള്‍ ചായംപൂശിയെടുക്കുന്നു
ഞങ്ങളുടെ പേടമാന്‍ തോല്‍ ചവയ്ക്കുന്നു,
മരത്തില്‍ നെഞ്ചുരയ്ക്കുന്നു
ഒരമ്മയെ പങ്കിടുക മാത്രം മതി
ഏറ്റവും അരികെയുള്ളതും ആദിമവുമായ
അറിവ് നേടാന്‍ എന്ന മട്ടില്‍.

നീ ഞങ്ങളെക്കുറിച്ചാലോചിക്കുന്നത്
നിന്റെ ശബ്ദത്തിന്
വേരുകള്‍ ആവശ്യമുള്ളപ്പോള്‍ മാത്രമാണ്
നീ കാലില്‍
കുന്തിച്ചിരുന്ന് കാട്ടാളനാവുമ്പോള്‍
നിന്റെ കവിതയെഴുതിയിട്ട്
നീ തിരിച്ചു പോവും.

(പരിഭാഷ: ബിനോയ്.പി.ജെ.)

 

Top