വിവരക്കേടിനുള്ള ജനപ്രിയതയും ‘പ്രതിസംസ്കാര’സാദ്ധ്യതകളും

മുഖ്യധാരാ മാദ്ധ്യമങ്ങളുടെ രീതികൾ പല തരത്തിലുള്ള വെറുപ്പുകളും വംശീയതകളും വമിയ്ക്കുന്ന വിഷകേന്ദ്രങ്ങളായി വർത്തിക്കുന്നു. പലപ്പോഴും മാദ്ധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുക്കുന്ന വംശീയതയുടെ ചരിത്രം ഇന്ത്യയുടേത് മാത്രമല്ല. യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല സാഹിത്യത്തിലും പത്രങ്ങളിലും സിനിമയിലുമെല്ലാം അത് സാധാരണമായിരുന്നു. നിയമങ്ങൾ ഇന്ത്യയിലെക്കാൾ കൂടുതൽ കർക്കശമായത് കാരണം ഇപ്പോൾ അത് ഒരൽപ്പം മയപ്പെട്ട രൂപത്തിലാണ് പ്രകടമാവുന്നത് എന്നുമാത്രം. അതേസമയം, ഇത്തരം വംശീയ വിവേചനങ്ങളും മുൻവിധികളും സമൂഹത്തിൽ ഉണ്ടാക്കുന്നതിനെക്കാളേറെ സമൂത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളെയും വെറുപ്പുകളെയും പ്രതിഫലിപ്പിക്കുകയാണ്‌ മാധ്യമങ്ങൾ ചെയ്യുന്നത് എന്നുവേണം അനുമാനിക്കാൻ. ജാതീയത, സ്ത്രീ വിരുദ്ധത, മുസ്ലീം വിരുദ്ധത, വെള്ളക്കാർ കറുത്തവരോട് കാണിക്കുന്ന പുച്ഛം / വെറുപ്പ്‌ എന്നിങ്ങനെ പല തരത്തിലുള്ളതാകാം ഈ വിവേചനങ്ങൾ. ഇത്തരം പ്രതിഫലനങ്ങളെക്കുറിചുള്ള ചില നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ് ലേഖകൻ

_______________________________

  • മെയ് ഒന്നുമുതൽ അഞ്ചുവരെ മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്തുവച്ച് നടന്ന ‘യൂത്ത് ഡയലോഗി’ൽ ‘മാദ്ധ്യമങ്ങൾ, ജനപ്രിയത, സംസ്കാരം’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ അവതരിപ്പിച്ചതാണ് ഈ ലേഖനം. ‘പോപ്പുലർ കൾച്ചർ’ അഥവാ ‘ജനപ്രിയ സംസ്കാരം’ പൊതുവേ എങ്ങനെയെല്ലാം ജനപ്രിയമാവുന്നു എന്നും അതിനു സഹായിക്കുന്ന വംശീയതയുടെയും വെറുപ്പിന്റെയും ഘടകങ്ങൾ എന്തൊക്കെ എന്നും ഈ വംശീയതയെയും വെറുപ്പിനെയുമൊക്കെ ചെറുക്കാൻ ജനപ്രിയത തന്നെ തുറന്നുതരുന്ന സാദ്ധ്യതകൾ എന്തെല്ലാം എന്നും ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ചെറിയൊരന്വേഷണമാണിത്.

മുഖ്യധാരാമാദ്ധ്യമങ്ങളെപ്പറ്റിയുള്ള ആദ്യകാല പഠനങ്ങളിൽ ജനങ്ങളെ സ്വാധീനിക്കുന്നതിന്  പലതരം മാദ്ധ്യമങ്ങൾ എങ്ങനെയൊക്കെ പങ്കുവഹിയ്ക്കുന്നു എന്നതും വിവിധതരം കാംപെയിനുകൾക്കായി ഏതൊക്കെ മാദ്ധ്യമങ്ങൾ എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കാം എന്നതുമെല്ലാം പ്രധാനവിഷയങ്ങളായിരുന്നു. ഒരുൽപ്പന്നം വിറ്റഴിക്കുന്നതിനോ ഭരണകൂടത്തിനനുകൂലമായി  ജനാഭിപ്രായം രൂപീകരിക്കുന്നതിനോ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനോ ഒക്കെയാവാം ഈ കാംപെയിനുകൾ. ‘കൂടുതൽ നന്നായി എങ്ങനെ ജനത്തെ സ്വാധീനിക്കാം’ എന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇത്തരം പഠനങ്ങളുടെ പ്രചോദനം. ഈ വകുപ്പിൽപ്പെട്ട മാദ്ധ്യമ പഠനങ്ങൾ മരണത്തിന്റെ വക്കിലാണ് എന്ന് 1959-ൽത്തന്നെ ബെർനാർഡ്‌ ബെരെൽസണ്‍ എന്ന ഗവേഷകൻ അഭിപ്രായപ്പെടുകയുണ്ടായി.(1)ജനാഭിപ്രായങ്ങൾ രൂപീകരിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് അത്ര വലിയ പങ്കൊന്നുമില്ല എന്ന ഉത്തരത്തിലാണ് മിക്കവാറും പഠനങ്ങളും എത്തിച്ചേർന്നത്. എന്നാൽ അതുകൊണ്ടൊന്നും മാദ്ധ്യമങ്ങൾ വഴിയുള്ള കാംപെയിനുകൾ അവസാനിച്ചില്ല. എങ്ങനെ കൂടുതൽ ഫലവത്തായി ജനങ്ങളെ സ്വാധീനിക്കാം എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഒരുവഴിയ്ക്ക് തുടരുകതന്നെ ചെയ്തു. മുഖ്യധാരാ മാദ്ധ്യമങ്ങളുടെ രീതികളെ വിമർശനാത്മകമായി സമീപിക്കുന്നതായിരുന്നു മറ്റൊരു പ്രധാന പഠനരീതി. പല തരത്തിലുള്ള വെറുപ്പുകളും വംശീയതകളും വമിയ്ക്കുന്ന വിഷകേന്ദ്രങ്ങളായി വർത്തിക്കുന്നു പലപ്പോഴും മാദ്ധ്യമങ്ങൾ എന്നു നിരീക്ഷിക്കപ്പെട്ടു. അതേസമയം, ഇത്തരം വംശീയ വിവേചനങ്ങളും മുൻവിധികളും സമൂഹത്തിൽ ഉണ്ടാക്കുന്നതിനെക്കാളേറെ സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളെയും വെറുപ്പുകളെയും പ്രതിഫലിപ്പിക്കുകയാണ്‌ മാധ്യമങ്ങൾ ചെയ്യുന്നത് എന്നുവേണം അനുമാനിക്കാൻ.ജാതീയത, സ്ത്രീ വിരുദ്ധത, മുസ്ലീം വിരുദ്ധത, വെള്ളക്കാർ കറുത്തവരോട് കാണിക്കുന്ന പുച്ഛം / വെറുപ്പ്‌ എന്നിങ്ങനെ പല തരത്തിലുള്ളതാകാം ഈ വിവേചനങ്ങൾ. ഇത്തരം പ്രതിഫലനങ്ങൾക്ക് ചില ചില്ലറ ഉദാഹരണങ്ങൾ നമുക്കു നോക്കാം.
ദലിത്‌ പാചകക്കാരികൾ ജാതീയത വളർത്തിയ കഥ
മൂന്നുവർഷം മുമ്പ് The Hoot എന്നൊരു മീഡിയാ വാച്ച് വെബ് സൈറ്റിൽ ഈ ലേഖകൻ Casteist reporting എന്നൊരു കുറിപ്പ് എഴുതാനിടയായിDalit cooks divide UP schoolkids’ എന്ന തലക്കെട്ടോടെ ഇന്ത്യാ റ്റുഡേയുടെ സഹോദര പ്രസിദ്ധീകരണമായ മെയിൽ റ്റുഡേയിൽ വന്ന ഒരു റിപ്പോർട്ടിനെപ്പറ്റിയായിരുന്നു അത്.
പല ജാതികളിൽപ്പെട്ട കുട്ടികൾ സന്തോഷമായി ജീവിച്ചുപോയിരുന്ന സ്കൂളിൽ ദലിത് പാചകക്കാരികളെ നിയമിച്ച് അവിടത്തെ കുട്ടികളിൽ ജാതീയമായ ചേരിതിരിവുണ്ടാക്കിഅന്നത്തെ മായാവതി സർക്കാർ വളരെ മോശം സ്ഥിതിയിൽ എത്തിച്ചു എന്നത്രേ ഏതോ ഒരു പീയൂഷ് ശ്രീവാസ്തവ എഴുതിയ ആ റിപ്പോർട്ട് പറയാൻ ശ്രമിച്ചത്.
“Mid-day meals prepared by Dalit cooks has created such a bad situation in UP that upper caste students are leaving government schools in droves – so far the number is 1,000..” എന്നിങ്ങനെ പോയി അത്.
വലിയൊരു വിഭാഗം ദളിതരുടെയും കുറേ ബ്രാഹ്മണരുടെയും പിന്തുണയോടെ, ജാതീയതയെ ഇല്ലാതാക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിൽ വന്ന ബി എസ് പി ഭരണത്തിൽ എത്തിയതോടെ അതെല്ലാം മറന്നു എന്നും ജാതീയത കൂട്ടുകയാണ് അവർ ചെയ്യുന്നത് എന്നും ഈ ഒരു സംഭവത്തെ ദൃഷ്ടാന്തമാക്കി വിശദീകരിക്കാൻ ശ്രമിക്കുന്നു ആ ശ്രീവാസ്തവ.(“..But once there, Mayawati and her party failed to bridge the gap between  the upper castes and the Dalits. Rather than achieving social harmony, it has led to increased casteism as is evident from the fact that the students have been boycotting schools over Dalit cooks'”)
ദലിതർ പാചകം ചെയ്ത ഭക്ഷണം മക്കളെക്കൊണ്ട് കഴിപ്പിക്കില്ല എന്ന് വാശിപിടിച്ച സവർണ്ണരും ഓ ബി സിക്കാരുമായ രക്ഷിതാക്കളല്ല ദളിത്‌ പാചകക്കാരികളാണ് അവിടെ ജാതിവിവേചനം വർദ്ധിപ്പിച്ചത് എന്ന്. തമാശയായിട്ടല്ല വളരെ സീരിയസ് ആയിട്ടാണ് ആ റിപ്പോർട്ട് ഇങ്ങനെയൊക്കെയുള്ള വാദങ്ങൾ അവതരിപ്പിച്ചത്.
ലേഖകന്റെ മേൽപ്പറഞ്ഞ കുറിപ്പ് പ്രസിദ്ധീകരിച്ചുവന്നതിനുശേഷം ഇന്ത്യാ റ്റുഡേ വെബ് സൈറ്റിലെ റിപ്പോർട്ട് അവർ കുറച്ചൊക്കെ മാറ്റിയെഴുതി, ഇപ്പോൾ ആ പേജിലുള്ളത് ‘മയപ്പെടുത്തിയ’ ഒരു റിപ്പോർട്ടാണ്.
സംവരണം എന്ന ‘സാമൂഹ്യതിന്മ’  
“Tired of crime, corruption and reservation, groups of middle-class citizens are coming together to change the political system by being part of it. Sunday Times profiles new political parties in the fray” എന്നായിരുന്നു Middle-class comes to the party എന്ന പേരിൽ 2008 ജൂലായ് 27-ന്റെ ടൈംസ് ഓഫ് ഇന്ത്യയുടെ ഞായറാഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിന്റെ ബ്ലർബ്.
crime, corruption ഒക്കെപ്പോലെ ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കേണ്ട സാമൂഹ്യതിന്മകളിൽ ഒന്നാണ് സംവരണം എന്ന് കരുതുന്ന ‘ഉയർന്ന’ ജാതിക്കാരുടെ മനസ്സിന്റെ മുറിച്ച മുറി. ആ മനസ്സിലെ ജാതീയതയുടെ രൂക്ഷതയോ ഇന്ത്യയുടെ ഭരണഘടനയോടുള്ള പുച്ഛമോ മറച്ചുവയ്ക്കാനുള്ള ഒരുവിധ ശ്രമങ്ങളും ഇല്ലാതെ. 

മായാവതി എന്ന ഇഷ്ടഭോജ്യം  

ജാതീയമായ വിവേചനങ്ങളിൽ ജനിച്ചുവീണ, അതിൽ നിന്ന് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഇന്ത്യയിലെ ഭൂരിപക്ഷം മാദ്ധ്യമപ്രവർത്തകരുടെയും എന്നത്തെയും പ്രിയപ്പെട്ട ഇരകളിൽ ഒരാളാണ് ഉത്തര പ്രദേശ്‌ മുൻമുഖ്യമന്ത്രി കുമാരി മായാവതി. ‘വൃത്തികെട്ട’ (എന്ന് വരച്ചവർ കരുതുന്ന) അവരുടെ നിറത്തെയും രൂപത്തെയും കളിയാക്കിക്കൊണ്ടുള്ള ഈ കാർട്ടൂണ്‍ 2009 സെപ്റ്റംബർ 15-ന്റെ  ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചതാണ്. കുറേക്കൂടി അടുത്ത് മായാവതിയെക്കുറിച്ചു രംഗത്തുവന്ന ‘വിക്കിലീക്സ് വെളിപ്പെടുത്തലുക‘ളും ഏറെ വ്യത്യസ്തമായിരുന്നില്ല. “പുതിയ ചെരുപ്പ് വേണ്ടപ്പോള്‍ അവര്‍ മുംബയിലെയ്ക്ക് സ്വകാര്യ ജെറ്റ് വിമാനമയയ്ക്കും” എന്നും “വികസനകാര്യത്തിൽ ബി എസ് പി സർക്കാർ ഒന്നും ചെയ്തിട്ടില്ല” എന്നുമൊക്കെ പോയി ആ ‘വെളിപ്പെടുത്തലുകൾ’. ‘മായാവതി ആള് ശരിയല്ല’ എന്നുകരുതുന്ന ലക്നൌവിലെ ചില പത്രപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ടാണ് ഇക്കണ്ട വെളിപ്പെടുത്തലെല്ലാം നടന്നത് എന്നതുമാത്രം മിക്ക ഇന്ത്യൻ പത്രങ്ങളും പറയാതെ വിട്ടു. (തങ്ങളിൽ ചിലർ പറഞ്ഞുപരത്തിയ ഗോസിപ്പ് തന്നെയാണ് സായിപ്പിന്റെ വലിയൊരു വെളിപ്പെടുത്തലായി ങ്ങളിപ്പോൾ പുറത്തുവിടുന്നത് എന്നുവരുന്നത്‌ മോശമാണല്ലോ). (Wikileaks Cable, മായാവതിയും ചെരിപ്പും: കള്ളം പറഞ്ഞതാര്?
മലയാളി സ്പെഷ്യൽ ആചാരങ്ങൾ
ഇത്തരം പല തരം ‘ദേശീയ /അന്തർദ്ദേശീയ’ റേസിസങ്ങൾ മലയാളികളും പങ്കുവയ്ക്കുന്നു എങ്കിലും നമുക്ക് നമ്മുടെതായ ചില സ്പെഷ്യൽ വിവേചനങ്ങൾ കൈമുതലായുള്ളത് കാണാതിരുന്നുകൂടാ. ‘സദാചാരം’ എന്ന് തെറ്റായി വിളിക്കപ്പെടുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ വലിയൊരു ദുരാചാരം ഇതിൽ പ്രധാനമായ ഒന്നാണ്. അന്യസംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ മനോഭാവമാണ് മറ്റൊന്ന്. ശിവസേനയെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ ആ വെറുപ്പും ദേഷ്യവും വളർന്നുകൊണ്ടിരിക്കുകയാണ് — താരതമ്യേന കുറഞ്ഞ കാശിന് നമ്മുടെ പണികൾ ചെയ്യാൻ നമുക്കവരെ വേണം എന്നിരിക്കിലും.
മംമ്താ മോഹന്‍ദാസ്‌ എന്ന സിനിമാനടിയും അവരുടെ ഭര്‍ത്താവും വിവാഹമോചനം തേടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വന്നതിനുപിന്നാലെ മാതൃഭൂമിയില്‍ ശ്രീ ഗോപീകൃഷ്ണന്‍ ഈ വാര്‍ത്ത വിഷയമാക്കി വരച്ച കാർട്ടൂണ്‍ അതിന് നല്ലൊരുദാഹരണമാണ്. ‘ദേ പോയി ദാ വന്നു’ എന്നുപറയുന്ന മംമ്തയുടെ പടം ഒരുച്ചപ്പടം കാണുന്നതുപോലെ മാതൃഭൂമി വായനക്കാർ ഏറെയും കണ്ടാസ്വദിച്ചിരിക്കണം. ശ്രീ ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾ ഇത്രതന്നെയോ ഇതിലും മോശമായോ സ്ത്രീവിരുദ്ധമായിട്ടുള്ള അവസരങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.  ‘കളമശ്ശേരി ബസ് കത്തിക്കൽ’ പത്രങ്ങളിൽ കത്തിനിന്ന കാലത്ത് സൂഫിയ മദനിയെയും പിണറായിയെയും ബന്ധപ്പെടുത്തി വരച്ച കാർട്ടൂണും രാജ്മോഹൻ ഉണ്ണിത്താന്റെ മഞ്ചേരി സംഭവത്തിലും മദനിയും മായാവതിയും ഒക്കെ വിഷയമായും ഒക്കെ അദ്ദേഹത്തില്‍ നിന്നു വന്നിട്ടുള്ള പല കാർട്ടൂണുകളും അദ്ദേഹത്തിന്റെയും (മുഖ്യമായും നായന്മാരായ) മാതൃഭൂമി വായനക്കാരുടെയും സമാനമനസ്സിന്റെ പ്രതിഫലനങ്ങള്‍ തന്നെയായിരുന്നു. അതിനുശേഷം ‘പലതരം G.Rape ഉണ്ട്, വെള്ള G.Rape കറുത്ത G.Rape”എന്ന് പറഞ്ഞ് അരുന്ധതി റോയി ഗ്രേപ്പ് ജ്യൂസ് കുടിക്കുന്നതായി വരച്ച കാർട്ടൂണും ഇതേ ഗണത്തിൽ പെടുത്താവുന്നതാണ് (പലതരം ബലാൽസംഗങ്ങൾ ഇല്ല, ബലാത്സംഗം ഒന്നേയുള്ളൂ, ഡൽഹിയിൽ നടന്നതുകൊണ്ടോ മദ്ധ്യവർഗ്ഗസ്ത്രീ ഇരയായതുകൊണ്ടോ അതിൽ ചിലതിനെ മാത്രം വിവേചനപരമായി കാണുന്നത് ശരിയല്ല എന്ന് അരുന്ധതി റോയി പറഞ്ഞ  സമയത്താണ് അതിനോടുള്ള ഈ കാർട്ടൂണ്‍ പ്രതികരണം മാതൃഭൂമിയിൽ വന്നത്.)“നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ 6000, ഇവരില്‍ കുറ്റവാളികള്‍ എത്ര” എന്നായിരുന്നു പടവലങ്ങാ അക്ഷരത്തില്‍ 2012 ജനുവരി 16ന്റെ കോഴിക്കോട്ടെ മെട്രോ മനോരമയില്‍ വന്ന, അക്ഷരാര്‍ത്ഥത്തില്‍ ഭയങ്കരമായ, മുന്‍ പേജ് വാര്‍ത്ത.“വിശദവിവരങ്ങള്‍ ശേഖരിക്കാനാവാതെ പോലീസ്” എന്നും “കള്ളനോട്ട് വിതരണത്തിന് പിന്നില്‍ പുതിയ റാക്കറ്റ്” എന്നും സബ് ഹെഡിംഗ്. ഇനിയും ഇഫക്റ്റ് പോരാതെ വരണ്ട എന്ന് കരുതി ഇരുട്ടില്‍ കറുത്ത മുഖംമൂടിയിട്ട് നില്‍ക്കുന്ന രണ്ടുപേരുടെ പടവും. ‘നഗരത്തില്‍ മലയാളികള്‍ 20 ലക്ഷം : ഇവരില്‍ കുറ്റവാളികള്‍ എത്ര?’ എന്നും വേണമെങ്കില്‍ ഒരു വാര്‍ത്ത കൊടുക്കാവുന്നതേ ഉള്ളൂ. പക്ഷേ അതിനൊരു ഗുമ്മു പോരല്ലോ. (നഗരത്തില്‍ മലയാളികള്‍ 20 ലക്ഷം: ഇവരില്‍ കുറ്റവാളികള്‍ എത്ര?)ബാലരമയില്‍ ‘സദാചാരം’ ബാധിച്ച ചില  പുതിയ അച്ഛനമ്മമാരുടെ നിര്‍ബന്ധപ്രകാരമാണ് ലുട്ടാപ്പിയേയും മായാവിയെയും ഒക്കെ ഇപ്പോള്‍ തുണിയുടുപ്പിച്ചതെന്ന്‌ ബാലരമയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഉദ്ധരിച്ച് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.ഈ ഒരു മാറ്റം ഒറ്റയ്ക്കെടുത്താൽ സ്ത്രീവിരുദ്ധത എന്നോ വംശീയത എന്നോ വിളിയ്ക്കാമോ എന്നത് സംശയമാണെങ്കിലും ലുട്ടാപ്പിയും മായാവിയുമൊക്കെ ജട്ടിയിട്ട്‌ നടക്കുന്നതും രാജുവും രാധയും നിക്കറും കമ്മീസുമിട്ട്‌ നടക്കുന്നതും ഒന്നും സഹിക്കാന്‍ പറ്റാത്തവര്‍ക്ക് രഞ്ജിനി ഹരിദാസ് ചുരിദാറും കമ്മീസുമിട്ട്‌ വരുന്നത് കണ്ടാല്‍ ഉദ്ധാരണം ഉണ്ടാവുന്നതിലും അവര്‍ ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാല്‍ അത് തങ്ങളിടപെടേണ്ട ഒരു സദാചാരവിഷയമാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതിലും അത്ഭുതമില്ല.
‘വെള്ള’ റേസിസം
മാധ്യമങ്ങൾ വമിക്കുന്ന വംശീയതയുടെ ചരിത്രം ഇന്ത്യയുടേത് മാത്രമല്ല. യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല സാഹിത്യത്തിലും പത്രങ്ങളിലും സിനിമയിലുമെല്ലാം അത് സാധാരണമായിരുന്നു. നിയമങ്ങൾ ഇന്ത്യയിലെക്കാൾ കൂടുതൽ കർക്കശമായത് കാരണം ഇപ്പോൾ അത് ഒരൽപ്പം മയപ്പെട്ട രൂപത്തിലാണ് പ്രകടമാവുന്നത് എന്നുമാത്രം. കുട്ടികൾക്കുള്ള  പാട്ടുകളിലും കഥകളിലുമെല്ലാം ഈ ‘റേസിസം’ അഥവാ വെള്ളക്കാരന്റെ മിഥ്യാഭിമാനം നിറഞ്ഞാടുന്നത് കാണാം. എന്റെ മകൻ അമനെ രസിപ്പിക്കാൻ വേണ്ടി യൂറ്റ്യൂബിൽ നഴ്സറിപ്പാട്ടുകൾ തപ്പിയപ്പോൾ കിട്ടിയ  ഈ പാട്ട് ശ്രദ്ധിക്കുക : Chubby Cheeks, dimple chin.. Rosy lips, teeth within.. Curly hair, very fair.. Eyes are blue, lovely too.. Teacher’s pet, is that you — Yes, yes, yes.. അതെ, ടീച്ചറുടെ ഓമനയാവാൻ പലപ്പോഴും അത്രയൊക്കെ മതി. വെളുത്തുരുണ്ട മുഖവും ചുവന്നുതുടുത്ത ചുണ്ടും ‘മനോഹരമായ’ നീലക്കണ്ണുകളും 🙂
അടിയൻ 
ഈ വക വിവരക്കേട് പലപ്പോഴും ഇത്തരം റേസിസത്തിന്റെ ഇരകളാവുന്നവരും പങ്കുവയ്ക്കുന്നു എന്നതാണ് സത്യം. തങ്ങൾ പുരുഷന്മാരേക്കാൾ മോശക്കാരാണ് എന്നുകരുതുന്ന സ്ത്രീകളും ‘തമ്പ്രാന്റെ’ അടിമയായി മാത്രം സ്വയം സങ്കൽപ്പിക്കുന്ന കീഴാളനും മുസ്ലീമിനല്ല ബ്രാഹ്മണനാണ് ബുദ്ധിയുണ്ടാവുക എന്നു തിരക്കഥാകൃത്തിനോട് ചൂണ്ടിക്കാട്ടി അലി ഇമ്രാൻ എന്നു പേരുണ്ടായിരുന്ന നായക കഥാപാത്രത്തെ സേതുരാമയ്യരാക്കുന്ന മമ്മൂട്ടിയും മാംസഭക്ഷണം കഴിക്കുന്നവർ എങ്ങനെ സസ്യഭക്ഷണം കഴിക്കുന്നവരെക്കാൾ മോശപ്പെട്ടവരാണ് എന്നു സംഭാഷണങ്ങളിലൂടെ വിശദീകരിക്കുന്ന വിയറ്റ്നാം കോളനി എഴുതുന്ന സിദ്ധിക്ക്-ലാൽ മാരുമൊക്കെ ഈ മനോഭാവത്തിന്റെ പല തരത്തിലുള്ള പ്രതിനിധാനങ്ങളാണ്. സ്വയം അങ്ങനെ വിശ്വസിക്കാത്തവരും കച്ചവടസാദ്ധ്യത കണക്കിലെടുത്ത് ഇത്തരം ‘പൊതുബോധങ്ങൾ’ വച്ചു കളിയ്ക്കുന്നു. ബുദ്ധിയുള്ളവരുടെ, അല്ലെങ്കിൽ പ്രതിഭയുള്ളവരുടെ ‘കുല’ത്തിൽ  ജനിക്കാൻ പറ്റാഞ്ഞതിന്റെ സങ്കടം ഈ മേൽക്കോയ്മാവാദങ്ങളിൽ എന്തെങ്കിലുമൊക്കെ കാര്യമുണ്ടാകും എന്നുകരുതുന്ന ‘അവർണ്ണ’രെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരേക്കാൾ ഉയർന്ന ‘വംശ’മാണ് തന്റേതെന്നു സ്വയം ധരിച്ച വെള്ളക്കാർ  കറുത്തവരെയും തവിട്ടു നിറമുള്ളവരെയും തങ്ങൾ പ്രാകൃതരും അപരിഷ്കൃതരും ആണെന്നു വിശ്വസിപ്പിച്ചതുപോലെത്തന്നെ. രാഷ്ട്രീയ കോളനീകരണങ്ങളുടെ തുടർച്ചയായ ഇത്തരം സാംസ്കാരിക കോളനീകരണങ്ങളെയും വെള്ളക്കാരന്റെ സാംസ്കാരിക മേൽക്കോയ്മ മനസ്സാ അംഗീകരിച്ചുകൊടുക്കാൻ നിർബ്ബന്ധിതരാവുന്ന  കറുത്തവരുടെ മനസ്സിൽ ഈ സാംസ്കാരിക അധിനിവേശങ്ങൾ ഉണ്ടാക്കുന്ന മാരകമായ അനന്തരഫലങ്ങളെയും പറ്റി ആഴത്തിൽ പഠനം നടത്തുന്നു ഫ്രഞ്ച് ചിന്തകനായ ഫ്രാന്റ്സ് ഫാനൻ തന്റെ ‘Black Skins White Masks‘ എന്ന പുസ്തകത്തിൽ. സംഗീതം / കല പഠിക്കുന്നവർക്ക് മാംസഭക്ഷണം അനുവദിക്കാത്ത കലാമണ്ഡലവും ‘താണ’ ജാതികളിൽ പെട്ടവരെയും മുസ്ലീങ്ങളെയുമൊക്കെ പഠിപ്പിക്കാൻ വിസമ്മതിയ്ക്കുന്ന ഗുരുക്കന്മാരുമൊക്കെ ഇപ്പോഴും നമ്മുടെ നാട്ടിൽ ‘പൊതുബോധം’ എന്ന് പറയപ്പെടുന്ന ഈ വിവരക്കേടുകൾ ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നു.  

സിനിമകളിൽ 
‘ജനപ്രിയ’ സംസ്കാരത്തിന്റെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നായ സിനിമയ്ക്ക്  സമൂഹത്തിന്റെ ഇത്തരം വംശീയതകളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല തന്നെ. പണ്ടുമുതലേ മലയാള സിനിമകൾ മലയാളി സവർണ്ണ പുരുഷമനസ്സിന്റെ സ്ത്രീവിരുദ്ധത, ദലിത് വിരുദ്ധത, മുസ്ലീം വിരുദ്ധത എല്ലാം പല തോതിൽ പങ്കുവെച്ചു.  1990 മുതലിങ്ങോട്ട്‌ മുസ്ലീം വിരുദ്ധത മലയാള മുഖ്യധാരാ സിനിമയുടെ വളരെ പ്രകടമായൊരു ഘടകമായി മാറുകയും ചെയ്തു. രഞ്ജിത്ത് എഴുതിയ ‘ദേവാസുരം’ എന്ന സിനിമയിൽ മംഗലശ്ശേരി നീലകണ്ഠന്‍ കാലില്‍ വാരി നിലത്തടിച്ച ശത്രു മുണ്ടയ്ക്കൽ ശേഖരനല്ല. അത് സവര്‍ണ്ണതയും സവര്‍ണ്ണതയും തമ്മിലുള്ള ഒരു സൌഹൃദമത്സരം മാത്രമായിട്ടാണ് ഞാൻ കാണുന്നത്. യഥാർത്ഥത്തിൽ അയാൾ  “കാലില്‍ വാരി നിലത്തിട്ടടിയ്ക്കുന്നത്” രേവതിയുടെ കഥാപാത്രത്തിന്റെ വ്യക്തിത്വത്തെയാണ്. അയാള്‍ വെറുക്കുന്നത് അലാളുടെ സ്ഥലം ഒരു മുസ്ലീമിന് വില്‍ക്കേണ്ടി വന്ന തന്റെ ‘നിവൃത്തികേടി’നെയാണ്. കാഴ്ചക്കാരന്റെ ഫാന്റസികളെ ‘ജീവിച്ചു’കാണിക്കുകയാണ് മറ്റേതൊരു ജനപ്രിയനായകനെയും പോലെ നീലകണ്ഠനും ചെയ്തത്.
ലതീഷ് മോഹന്‍ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതി, “മുണ്ടുമടക്കിക്കുത്തി സ്വന്തം വീരഗാഥകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയും എല്ലാം എനിക്കറിയാമെന്ന്‌ നടിക്കുകയും പെണ്ണുങ്ങളെ നോക്കി പരസ്യമായ അശ്ളീലച്ചിരി ചിരിക്കുകയും എവിടെവച്ചും ആരെയും തല്ലിത്തോല്‍പ്പിക്കാന്‍ കഴിയുകയും ചെയ്താല്‍, അങ്ങനെ ചെയ്താല്‍ മാത്രം ആണായി എന്ന്‌ മലയാളിയെ പഠിപ്പിച്ചത്‌ ഇതേ നീലകണ്ഠനല്ലേ?നാല്‌ ചവറ്‌ കൂട്ടാളികളും കയ്യൂക്കും ഉണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ എന്തുമാകാം എന്ന്‌ മലയാളി പ്രേക്ഷകനെ ചിലര്‍ പറഞ്ഞു വിശ്വസിപ്പിച്ചത്‌ അയാളിലൂടെയല്ലേ? സിനിമയിലെ നായകനും അയാള്‍; സിനിമകണ്ട്‌ തലയില്‍ മുണ്ടഴിച്ചുകെട്ടി അര്‍മാദിക്കുന്ന കാഴ്ചക്കാരനും അയാള്‍ എന്നതായിരുന്നില്ലേ അവസ്ഥ?”(2)ഇതെല്ലാം മലയാളിയെ പഠിപ്പിച്ചത്‌ നീലകണ്ഠനാണോ അതോ തിരിച്ചോ എന്നത് വാദത്തിനും മറുവാദത്തിനും വകയുള്ള കാര്യമാണ്.’അൻവറും’ ‘കോക്ക് ടെയിലും’ ‘ഈ അടുത്ത കാലത്തും’ ഒക്കെയായി ‘പുതുതലമുറ’യിലെ സിനിമകളും സ്ത്രീ വിരുദ്ധതയും മുസ്ലീം വിരുദ്ധതയും അന്യസംസ്ഥാന തൊഴിലാളികളെയും ബ്രാഹ്മണന്റെ മഹത്വത്തെയും കുറിച്ചുള്ള നമ്മുടെ മുൻവിധികളും എല്ലാം പുതിയ കുപ്പികളിൽ വിറ്റഴിച്ചുകൊണ്ടിരിക്കുന്നു.
 ‘പച്ച കണ്ട’ കാളകൾ 

ഇന്ത്യൻ മാദ്ധ്യമങ്ങളുടെ മുസ്ലീം വിരുദ്ധത ഒരു പുതിയ കാര്യമല്ല. പത്രങ്ങളും ടെലിവിഷനും സിനിമയുമൊക്കെ ‘താടിക്കാരെ’ ഒന്നടങ്കം പിന്തിരിപ്പന്മാരും ഭീകരരും ആയി ചിത്രീകരിക്കുമ്പോൾ മാത്രമല്ല, ഒരു ‘നല്ല മുസ്ലീം’ എങ്ങനെയിരിക്കണം എന്ന് തുടങ്ങിയ സിനിമകളിലൂടെയും (സൈന്യം, AamirMy Name is Khan, ബോംബെ മാർച്ച്‌ 12..) അല്ലാതെയും  ക്ലാസ്സെടുത്തുതരുമ്പോളും  അവർ മുസ്ലീങ്ങളെ കൊണ്ടുചെന്നു കെട്ടുന്നത് അത്തരം സ്റ്റീരിയോ ടൈപ്പുകളിൽത്തന്നെയാണ്. (Where does Aamir lead us?) ഇന്ത്യയിൽ ഉണ്ടാവുന്ന മിക്കവാറും ബോംബ്‌ സ്ഫോടനങ്ങളുടെയെല്ലാം സൂത്രധാരരായി പോലീസും മാദ്ധ്യമങ്ങളും ഉയർത്തിക്കാട്ടുന്ന ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടന തന്നെ ഭരണകൂടത്തിന്റെയും മാദ്ധ്യമങ്ങളുടെയും ഭാവനാസൃഷ്ടിയാണെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അടക്കമുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (വീഡിയോ) ഭാവനാസമ്പന്നരായ പത്രപ്രവർത്തകർക്ക് വളരെയധികം സാധ്യതകളുള്ളൊരു കരിയറായി മാറിയിട്ടുണ്ട് ഇന്ത്യയിൽ ഇന്റലിജൻസ് ജേണലിസം.

ഈ മുസ്ലീം ഭീതി മുഖ്യധാരാ മാധ്യമങ്ങളുടെ കുത്തകയല്ല എന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രി ശ്രീ അബ്ദുറബ്ബിനെതിരെയുള്ള സമീപകാല ഫെയ്സ്ബുക്ക് കാംപെയിനുകൾ വ്യക്തമാക്കുന്നു. തന്റെ മതവിശ്വാസത്തിന് നിരക്കുന്നതല്ല എന്ന് പറഞ്ഞ് നമ്മുടെ വിദ്യാഭ്യാസമന്ത്രി ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചതിനെതിരെ കത്തിക്കയറിയ ‘മതേതര’രോഷം, ഗംഗ എന്ന് പേരുള്ള ഔദ്യോഗിക വസതിയില്‍ അദ്ദേഹം താമസിക്കാന്‍ വിസമ്മതിക്കുകയും ആ വീടിന്റെ പേര് ഗ്രെയ്സ് എന്നാക്കിമാറ്റാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ഒരൂക്കൻ ഓണ്‍ലൈൻ കാംപെയിനായി പരിണമിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഏതോ ഒരു പരിപാടിയിൽ അദ്ധ്യാപികമാരെ പച്ച ബ്ലൗസിടാൻ നിർബ്ബന്ധിച്ചു എന്നൊക്കെയുള്ള കെട്ടുകഥകൾ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ഈ കാംപെയിന് വെള്ളവും വളവുമേകി. (കൂടുതൽ വായനയ്ക്ക് : മതമില്ലാത്ത നിലവിളക്കും ഗംഗയും കുഞ്ഞാമിനയും)
മാദ്ധ്യമങ്ങളുടെ ശക്തിയും ദൌർബല്യവും — ചില ചിന്തകൾ, ചിന്തകർ
ജനമനസ്സുകളെ നിയന്ത്രിക്കുന്നതിൽ ശക്തമായൊരു പങ്കാണ് മാദ്ധ്യമങ്ങൾക്കുള്ളത് എന്നു വിശ്വസിച്ച ചിന്തകരിൽ പ്രമുഖരാണ് അമേരിക്കയിലെ ‘കറുത്ത ദേശീയത’യുടെ നേതാവായിരുന്ന മാല്ക്കം എക്സ്, ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞൻ തിയോഡോർ അഡോർണോ തുടങ്ങിയവർ.

കുറ്റവാളികളെ നല്ലവരും നിരപരാധികളെ കുറ്റവാളികളുമായി ചിത്രീകരിക്കാൻ കഴിവുള്ള മാദ്ധ്യമങ്ങളുടെ കുടിലതന്ത്രങ്ങൾക്കെതിരെ ജാഗരൂകരായിരിക്കാൻ ജനങ്ങളോട് മാൽക്കം എക്സ് ആഹ്വാനം ചെയ്തു. (“The media is the most powerful entity on earth. They have the power to make the innocent guilty and to make the guilty innocent, and that’s power. Because they control the minds of the masses.” –  Malcom X) മാർക്സിയൻ  ചിന്തകനായ അഡോർണോ ആകട്ടെ, മുതലാളിത്തത്തിനു കീഴിൽ ജനങ്ങളെ ഏറെക്കുറെ സന്തുഷ്ടരാക്കി നിലനിർത്തുന്നത് മാദ്ധ്യമങ്ങളാണ് എന്നും മാർക്സ് പ്രതീക്ഷിച്ചതുപോലെ ഒരു വിപ്ലവത്തിലൂടെ ആ വ്യവസ്ഥിതിയെ തകിടം മറിയ്ക്കാൻ ജനങ്ങളിൽ ഏറിയ പങ്കും തയ്യാറാവാത്തത് മാദ്ധ്യമങ്ങളുടെ മിടുക്കാണ് എന്നും വാദിച്ചു.അമേരിക്കൻ ചിന്തകരായ എഡ്വാർഡ് ഹെർമാനും നോം ചോംസ്കിയും ചേർന്നെഴുതിയ Manufacturing Consent: The Political Economy of the Mass Media എന്ന പുസ്തകത്തിൽ വാർത്താമാദ്ധ്യമങ്ങൾ എങ്ങനെ നിലവിലുള്ള വ്യവസ്ഥകളെ നിലനിർത്തുന്ന ഉപകരണങ്ങളായി വർത്തിക്കുന്നു എന്നു വിശദീകരിക്കുന്നു.
ഫ്രഞ്ച് സാമൂഹ്യ/നരവംശ ശാസ്ത്രജ്ഞനായ ബോർദ്യു എഴുതിയ On Television എന്ന പുസ്തകം മാദ്ധ്യമങ്ങളിലെ ജനാധിപത്യം എന്ന മിഥ്യയെപ്പറ്റിയുള്ള ചർച്ചകൾക്കും ഏറെ വിവാദങ്ങൾക്കുംവഴിമരുന്നിട്ടു.ഇന്ത്യൻ സാഹചര്യങ്ങളിൽ മാദ്ധ്യമങ്ങളും ജനപ്രിയതയും ജാതിയും വംശീയതകളും ഒക്കെത്തമ്മിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും തിയറികളും ഇപ്പോഴും ഏറെക്കുറെ ശൈശവാവസ്ഥയിലാണ്. സൂസി താരു, കെ സത്യനാരായണ, ഗായത്രി ചക്രവർത്തി സ്പിവാക്, ശർമ്മിളാ രെഗെ, ദിലീപ് മേനോൻ, അനു രാംദാസ്, ജെനി റോവീന, അനൂപ്‌ കുമാർ, കെ കെ ബാബുരാജ്, അജിത്‌ കുമാർ എ എസ്, രൂപേഷ് കുമാർ തുടങ്ങിയവർ ഈ മേഖലയിൽ തങ്ങളുടേതായ സംഭാവനകൾ നല്കിയിട്ടുണ്ട്.
മറ്റു മാദ്ധ്യമ / സംസ്കാര വഴികൾ 
മുഖ്യധാരാ മാദ്ധ്യമങ്ങളുടെ  ചരിത്രത്തിനോട് ചേർന്നുതന്നെ ചെറുമാദ്ധ്യമങ്ങൾ അഥവാ ‘സമാന്തര’മാദ്ധ്യമങ്ങൾക്കും ഒരു നീണ്ട ചരിത്രമുണ്ട്. ചെറിയ റേഡിയോ സ്റ്റേഷനുകൾ, കേബിൾ ടെലിവിഷൻ, ചെറുകിട പത്രങ്ങൾ, ചെറുമാഗസിനുകൾ, ചെറുചെറു മെയിലിംഗ് ലിസ്റ്റുകൾ, ചെറു സിനിമകൾ എന്നിങ്ങനെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വരെ എത്തിനില്ക്കുന്ന, അല്ലെങ്കിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു ചരിത്രം. (സമാന്തരമായ, അല്ലെങ്കിൽ കുറച്ചുപേരിൽ മാത്രമെത്തുന്ന ഒരു ഉൽപ്പാദന / വിതരണശൃംഖല ഉണ്ടായതുകൊണ്ടുമാത്രം ഒരു മാദ്ധ്യമം പുരോഗമനപരമാവണമെന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ). ഇൻലാന്റ് മാഗസിനുകൾ, മറ്റു സമാന്തര മാഗസിനുകൾ, സമാന്തര പ്രസാധന സംരംഭങ്ങൾ എന്നിവയെല്ലാം കേരളത്തിലും ഒരു കാലത്ത് സജീവമായിരുന്ന സമാന്തര മാദ്ധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുന്നുണ്ട്‌. പല ചെറുമാസികകളും ഇന്നും നിലനില്ക്കുന്നുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ശ്വാസം മുട്ടിക്കുമ്പോൾ sustainable ആയ ഒരു model കണ്ടെത്തുക എന്നത് ഇപ്പോൾ നിലനിൽക്കുന്ന മിക്ക സമാന്തര പ്രസിദ്ധീകരണങ്ങളും നേരിടുന്ന വെല്ലുവിളിയാണ്.

ജനപ്രിയത തുറന്നുതരുന്ന സാധ്യതകൾ

വൻകിട മാദ്ധ്യമങ്ങളുടെയും സിനിമയുടെയുമൊക്കെ ഭാഷകളെയും രീതികളെയും വിമർശനവിധേയമാക്കുന്നതോടൊപ്പം തന്നെ ഈ മാദ്ധ്യമങ്ങളിൽ, ജനപ്രിയ സംസ്കാരത്തിൽ ഒളിഞ്ഞിരിക്കുന്ന അനേകം സാധ്യതകൾ നാം കാണാതിരുന്നുകൂടാ. ആഗോളതലത്തിൽ ജാസ് സംഗീതത്തിലൂടെ ആഫ്രിക്കൻ വംശജരായ പാട്ടുകാർ തങ്ങളുടെ ശബ്ദത്തിന് / സംഗീതത്തിന് അതിന്റെ identity കൈവിടാതെത്തന്നെ ജനപ്രിയത നേടിയ ചരിത്രം ഏറെ പഴയതല്ല. എന്നത്തെയും ഏറ്റവും ജനപ്രിയരായ ഗായകരിൽ ഏറ്റവും മുകളിലെ നിരയിൽത്തന്നെ ബോബ് മാർലിയുടെ പേരുണ്ട് എന്നതും അവഗണിക്കാനാവാത്ത യാഥാർത്ഥ്യമാണ്. കറുത്ത വർഗ്ഗക്കാർ തങ്ങളുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അഭിമാനിക്കുകയാണ് വേണ്ടത് എന്നുപറഞ്ഞ മാൽക്കം എക്സിനെപ്പോലുള്ള നേതാക്കൾ ആഫ്രിക്കൻ വംശജരുടെ സാംസ്കാരികമായ ആത്മാഭിമാനത്തെ ഉണർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചു.മുഖ്യധാരയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് ഗദർ സൃഷ്ടിച്ച പാട്ടും വിപ്ലവവും അതിനു ലഭിച്ച ജനപ്രിയതയും ശക്തമായൊരു പ്രതിസംസ്കാര സാധ്യത നമ്മുടെ നാട്ടിലും നിലനില്ക്കുന്നു എന്നതിനു തെളിവാണ്. സഫ്ദർ ഹാശ്മി അടക്കമുള്ളവരുടെ തെരുവുനാടകങ്ങളും ഹബീബ് തൻവീറിനെപ്പോലുള്ളവർ നടത്തിയ ജനകീയ തിയേറ്റർ ശ്രമങ്ങളും ജനപ്രിയരായ നാടൻ പാട്ടുകാരും എല്ലാം എതിർപ്പുകളോട് പല രീതിയിൽ പൊരുതിക്കൊണ്ട് ‘മുഖ്യധാര’ അടിച്ചേൽപ്പിക്കുന്ന ബ്രാഹ്മണ്യത്തിന്റെ സംസ്കാരത്തിനെതിരെ തങ്ങളുടെ ശബ്ദം കേൾപ്പിച്ചവരാണ് .’മുഖ്യധാര’യ്ക്കകത്താകട്ടെ, ‘ക്ലാസിക്കൽ’ എന്നറിയപ്പെടുന്ന കലകൾ ഇന്ത്യയിൽ ഇപ്പോഴും വലിയൊരളവുവരെ ‘സവർണ്ണ’ ജാതികളുടെ കുത്തകയായിരിക്കുമ്പോഴും (ഒരുപക്ഷേ ഹിന്ദുസ്ഥാനി സംഗീതം ഇതിനൊരപവാദമാണ്) ഇവിടെയും സിനിമയും സിനിമാസംഗീതവും അടക്കമുള്ള ‘ജനപ്രിയ’ കലകളിൽ പല ജാതിയിലും മതത്തിലും പെട്ടവരും തങ്ങളുടെ സജീവസാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടെന്നു കാണാം. മലയാള സിനിമയിൽത്തന്നെ മോഹൻലാലും മമ്മൂട്ടിയും താരങ്ങളായി നിറഞ്ഞുനിൽക്കുമ്പോഴും കലാഭവൻ മണിയും ജോഷിയും ഐ വി ശശിയും രവീന്ദ്രനും ജാസീ ഗിഫ്റ്റും മോഹൻ സിതാരയും എല്ലാം ഈ വ്യവസായത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയം / നാടൻ / പാശ്ചാത്യം / ഇന്ത്യൻ തുടങ്ങിയ അതിർവരമ്പുകളും സിനിമ പോലുള്ള കച്ചവട മാദ്ധ്യമങ്ങളിൽ ഏറെക്കുറെ ഇല്ലാതാവുന്നുണ്ട്.അതോടൊപ്പം തന്നെ മുൻപറഞ്ഞരീതിയിലുള്ള വംശീയതകളുടെയും മുൻവിധികളുടെയും സഹായം വലിയതോതിൽ തേടാതെയും ജനപ്രിയമാവാമോ എന്ന അന്വേഷണവും എണ്ണത്തിൽ കുറവാണെങ്കിലും കുറേപ്പെരൊക്കെ നടത്തുന്നുണ്ട് എന്ന് കാണാം. നരസിംഹത്തിനും ആറാം തമ്പുരാനും ഈ അടുത്ത കാലത്തിനും ഇടയിലൂടെ സ്വന്തം വഴി വെട്ടിയുണ്ടാക്കുന്ന ബെൻ ജോണ്‍സണും സിറ്റി ഓഫ് ഗോഡും ചാപ്പാ കുരിശും അകവും 22 ഫിമെയിൽ കോട്ടയവും നിദ്രയും ഉസ്താദ് ഹോട്ടലും ഫ്രൈഡേയും ഷട്ടറും ആമേനുമൊക്കെ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നടക്കുന്ന അത്തരം ചില ശ്രമങ്ങളായിട്ടാണ് ഞാൻ കാണുന്നത്. മൾട്ടിപ്ലെക്സുകൾ ബോളിവുഡ് സിനിമാ വ്യവസായത്തിന്റെ ഫോർമുലകൾ മാറ്റിയെഴുതിയപ്പോൾ ഹിന്ദിയിലും സവർണ്ണനായ പുരുഷനിൽ കേന്ദ്രീകൃതമായ ജനപ്രിയതയുടെ പഴയ സമവാക്യങ്ങൾ തെറ്റിച്ച് ദേവ് ഡി, ഇഷ്കിയ, എൽ എസ് ഡി തുടങ്ങിയ ഒരുപിടി സിനിമകൾ ഇറങ്ങി, ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.യാഥാസ്ഥിതികരിൽ നിന്ന് ഏറെ എതിർപ്പുകൾ നേരിട്ടുകൊണ്ട് എ ആർ റഹ്മാനും ജാസീ ഗിഫ്റ്റുമൊക്കെ സിനിമാസംഗീതത്തിൽ നടത്തിയ പരീക്ഷണങ്ങളും എൽ എസ് ഡി, Gangs of Wasseypur തുടങ്ങിയ ഹിന്ദി സിനിമകളിലെ സ്നേഹാ ഖാൻവല്ക്കറുടെ വിപ്ലവകരമായ സംഗീത പരീക്ഷണങ്ങളും ഇവിടെ പരാമർശമർഹിക്കുന്നു.ദലിതരുടെ സ്വത്വരൂപീകരണത്തിൽ അവരുടെ സാംസ്കാരിക പൈതൃകത്തെ അടിത്തറയാക്കിക്കൊണ്ടുള്ള ഒരു ‘പ്രതിസംസ്കാര’ത്തിന്റെ പ്രസക്തിയെപ്പറ്റി കഴിഞ്ഞ ഡിസംബറിൽ നെദർലാന്റ്സിലെ ലെയ്ഡൻ സർവ്വകലാശാലയിൽ വെച്ചുനടന്ന Harnessing Counter-Culture to Construct Identity: Mapping Dalit Cultural Heritage in Contemporary Indiaഎന്ന സെമിനാർ ചർച്ച ചെയ്യുകയുണ്ടായി.

സെവനപ്പ് പരസ്യവും ഗെയ്ൽ വെടിക്കെട്ടും ഉണ്ടാക്കുന്ന ആഘാതങ്ങൾ
“സെവന്‍ അപ്പിന്റെ പരസ്യത്തില്‍ ആഭാസ നൃത്തം നടത്തുന്ന കഥകളി വേഷം! കുട്ടികള്‍ കൌതുകത്തോടെ കാണുന്ന ഈ പരസ്യം കേരളീയ കലയ്‌ക്കും സംസ്‌കാരത്തിനുമെതിരെ ഉയര്‍ത്തുന്ന ഒരു വെല്ലുവിളിയാണ്. കഥകളിയെ സിനിമാറ്റിക് ഡാന്‍സ് കളിപ്പിക്കുന്ന ഈ ചിത്രീകരണ രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പരസ്യം പിന്‍‌വലിക്കണമെന്നും കേരളീയരോട് മാപ്പ് പറയണമെന്നും കേരളത്തിന്റെ കലാകേന്ദ്രമായ കലാമണ്ഡലം ഇതിനകം തന്നെ കമ്പനിയെ അറിയിച്ചു കഴിഞ്ഞു..” (വാർത്ത)ഓ എൻ വി, സുഗതകുമാരി, ബിനോയ്‌ വിശ്വം എന്നിവരടക്കമുള്ള പല പ്രമുഖരും ഇതിനകം ഈ വിഷയത്തിൽ കലാമണ്ഡത്തിനുവേണ്ടി വാദിച്ചുകൊണ്ട്‌ രംഗത്തുവന്നതായും മുകളിലെ വാർത്തയിൽ പറയുന്നുണ്ട്.കേരള സംസ്കാരത്തെ അവഹേളിക്കുന്നു എന്ന ആരോപണത്തിനു വഴിവെച്ച ഈ പരസ്യം  ഒരുതരത്തിൽ കഥകളി എന്ന കലാരൂപത്തിന്റെ, അതിന്റെ ‘ശുദ്ധത’യുടെ, അധീശസംസ്കാരത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത് എന്നുകാണാം. അതേ സമയം അത് ജനപ്രിയമാണു താനും, ആ ജനപ്രിയതയാണ് പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നത് . സംഗീതകാരനും ദലിത് ചിന്തകനുമായ അജിത്‌ കുമാർ എ എസ് തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസിൽ ഇങ്ങനെ നിരീക്ഷിക്കുന്നു  : “കേരള കലാമണ്ഡലത്തിന്റെ ആശങ്ക നമ്മൾ മനസിലാക്കണം. തീർച്ചയായും സെവെൻ അപ്പിന്റെ പരസ്യം നായന്മാരേയും നായന്മാരുടെ കഥകളിയെയും അവഹേളിക്കുന്നതാണ്. കേരളത്തോട് മാപ്പ് പറയണമെന്ന് അവരു പറയുന്നതിന് കാരണം നായരാണ് മലയാളി അല്ലെങ്കിൽ കേരളമെന്നു അവർ കരുതുന്നത് കൊണ്ടാണ്.” ചലച്ചിത്രകാരനായ രൂപേഷ് കുമാർ കൂട്ടിച്ചേർക്കുന്നു : “ചരിത്രത്തിൽ അതിശക്തമായി ജാതിവംശീയത നില നിർത്തിയിരുന്ന സവർണർ മാത്രം ആസ്വദിച്ചിരുന്ന കഥകളി എങ്ങനെ ആണ് എല്ലാ സമുദായക്കാരുടെയും കല ആകുക? പണ്ട് കഥകളി നടക്കുന്നതിന്റെ ഇടത്തേക്ക്, അതിന്റെ നാലയലത്തേയ്ക്ക്, ദളിതർക്കൊക്കെ പ്രവേശനം ഉണ്ടായിരുന്നോ?” (രൂപേഷിന്റെ കമന്റ് അജിത്‌ കുമാറിന്റെ സ്റ്റാറ്റസ് മെസേജിനു താഴെ).ഏതാനും ആഴ്ചകൾക്കുമുമ്പ് ഒരു ഐ പി എൽ മത്സരത്തിൽ പല ക്രിക്കറ്റ് റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ട് ക്രിസ് ഗെയ്ൽ പുറത്തെടുത്ത ബാറ്റിംഗ് പാടവവും പലരുടെയും ഉറക്കം കെടുത്തി. “Just increased my TV’s brightness to 100%, and I still can’t see Cris Gayle’s face” എന്നായിരുന്നു ഒരു ഗൗതം വർമ്മ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന്റെയും അതിനുവന്ന ഒരു മറു ട്വീറ്റിന്റെയും ഫോട്ടോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് രൂപേഷ് കുമാർ എഴുതി, “Dear Chris Gayle, this country is not only with caste and untouchability, but with postmodern twitter racism too. But today, you answered such racist shits to invisibility with your weapon; a cricket bat.

ഇന്റർനെറ്റ്‌ സാധ്യതകൾ
  

വാർത്തകൾ അറിയുന്നതിനുള്ള ഒരു പ്രധാന മാദ്ധ്യമമായി ഇന്റർനെറ്റ്‌ മാറുന്നത് 9/11-നോടെയാണ്. ഇന്റർനെറ്റിന്റെ വരവ് മാദ്ധ്യമപഠനങ്ങളെത്തന്നെ (media studies) വൻതോതിൽ മാറ്റിമറിക്കുകയുണ്ടായി. അതോടെ ഉൽപ്പാദനവും വിതരണവും കൂടുതൽ വികേന്ദ്രീകൃതമായി എന്നതും ജനത്തിന്റെ നേരിട്ടുള്ള ഇടപെടലുകൾക്ക് ധാരാളം സാധ്യതകൾ തുറന്നുവന്നു എന്നതും അവയെപ്പറ്റിയുള്ള പഠനങ്ങൾ ദുഷ്കരമാക്കിത്തീർത്തു. ‘അറബ് വസന്തം’ എന്നറിയപ്പെട്ട സമരങ്ങളിൽ ഫെയ്സ്ബുക്ക് അടക്കമുള്ള ഇന്റർനെറ്റ്‌ മാദ്ധ്യമങ്ങൾ യഥാർത്ഥത്തിൽ വഹിച്ച പങ്ക് എന്താണ് എന്നതിനെക്കുറിച്ച് നടന്ന ചില പഠനങ്ങൾ ഇവിടെ സ്മരണീയമാണ്. ഈ സമരങ്ങളെ സാധ്യമാക്കിയത് തന്നെ ഇത്തരം മാധ്യമങ്ങളാണെന്നും അല്ല ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ വഹിച്ച പങ്ക്‌ ഊതിപ്പെരുപ്പിച്ചു കാട്ടുകയാണ് എന്നും രണ്ട്‌ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെക്കുറിച്ചുള്ള പഠനങ്ങളില്‍ വ്യക്തമായത് ഈ പ്രക്ഷോഭങ്ങളുടെ സംഘാടനത്തിലും ശാക്തീകരണത്തിലും അഭിപ്രായരൂപീകരണത്തിലും സാമൂഹ്യമാധ്യമങ്ങളും അവയുടെ പുതിയ തരം ഉപയോഗങ്ങളും നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌ എന്നുതന്നെയാണ്. (John Pollock, Streetbook, Technology Review, September/October 2011, സാമൂഹ്യമാദ്ധ്യമങ്ങള്‍ – അറബ് വസന്തത്തിലും അതിനുശേഷവും)ഒരല്പം പഴയതെങ്കിലും സൈബർ വേള്‍ഡിനെപ്പറ്റി ശ്രീ എൻ എസ് മാധവൻ അടക്കമുള്ളവർ പങ്കുവെച്ച ആശങ്കകളും (“വെബ് വേള്‍ഡിന്റെ അമ്പത് ശതമാനത്തിലധികവും ഇവിടെ ഹൈന്ദവ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്”, “സൈബര്‍ ടെക്നോളജിയുടെ ഉപയോഗത്തിന് യാതൊരു മാനദണ്ഡവുമില്ല എന്ന ഇന്നത്തെ അവസ്ഥ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്..” എന്നിങ്ങനെ പോയി മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ ഒരഭിമുഖത്തിൽ ശ്രീ എൻ എസ് മാധവൻ ഉന്നയിച്ച വാദങ്ങൾ) അതിനു മറുപടിയായി എഴുതിയ ഇന്റര്‍നെറ്റിലെ പ്രതിലോമപരത : ഒരു സംവാദം എന്ന ലേഖനവും ഇപ്പോഴും പ്രസക്തമാണെന്നു ഞാൻ കരുതുന്നു.’മുഖ്യധാര’യിലെ സിനിമ പോലുള്ള മാദ്ധ്യമങ്ങൾ പോലും പബ്ലിസിറ്റിയ്ക്ക് ഇക്കാലത്ത് വൻതോതിൽ ഇന്റർനെറ്റിനെ ആശ്രയിക്കുന്നു, യൂറ്റ്യൂബിലും ഫെയ്സ്ബുക്കിലും  ‘വൈറൽ’ ആയി മാറുക എന്നത് കച്ചവടക്കാരുടെ ഒരു സ്വപ്നമായിരിക്കുന്നു. ‘കൊലവെറി’ മാത്രമല്ല ‘നേറ്റീവ് ബാപ്പ’യും ഇന്റർനെറ്റിൽ ഹിറ്റാവുന്നു എന്നത് എന്തായാലും ആശാവഹമാണ്‌. ദലിത് പരിപ്രേക്ഷ്യത്തിൽ നിന്നുള്ള കാഴ്ചകൾ യൂറ്റ്യൂബ് വഴി കൂടുതൽ ജനങ്ങളിലേയ്ക്കെത്തിക്കാൻ വേണ്ടി തുടങ്ങിയ ‘ദലിത് ക്യാമറ‘ ഇന്റർനെറ്റിന്റെയും ദൃശ്യമാദ്ധ്യമത്തിന്റെയും സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. യൂറ്റ്യൂബിനെയോ ഫെയ്സ്ബുക്കിനെയോ ഒന്നും അവഗണിച്ചുകൊണ്ട് നമുക്ക് പുതിയ മാദ്ധ്യമസാധ്യതകളെപ്പറ്റി സംസാരിക്കാനാവില്ല.*     *     *
 റഫറൻസ് :

  1. Bernard Berelson,The State of Communication Research, Public Opinion Quarterly. VoI. 23, 1959
  2. ലതീഷ് മോഹന്‍ , ‘മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മനോനിലയാണ് പ്രശ്നം’, മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 2009.
  • ചെറിയ മാറ്റങ്ങളോടെ 2013 ജൂലായ്‌ ലക്കം ‘പച്ചക്കുതിര’യിൽ പ്രസിദ്ധീകരിച്ചു.
Top