അധഃസ്ഥിത ജനതയുടെ രാഷ്‌ട്രീയാധികാരത്തെക്കുറിച്ച്‌

ഡോ.ബി.ആര്‍.അംബേദ്‌കര്‍

ഇന്ത്യയിലെ അധഃസ്ഥിതര്‍ ഒരു പ്രത്യേക ജനതതിയാണ്‌. അവര്‍ മുസ്ലീംങ്ങളില്‍നിന്നും വ്യത്യസ്‌തരാണ്‌. ഈ ജനത ഹിന്ദുസമുദായത്തില്‍ ഉള്‍പ്പെടുന്നവരായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. എനാല്‍ അവര്‍ ഒരിക്കലും ഹിന്ദുസമുദായത്തിന്റെ അനിഷേധ്യഭാഗമായി നിലനിന്നിട്ടില്ല. അധഃസ്ഥിതര്‍ക്ക്‌ സ്വതന്ത്രമായൊരു അസ്‌തിത്വമുണ്ടെന്നുമാത്രമല്ല, മറ്റേതൊരു ഇന്ത്യന്‍ സാമുദായിക വിഭാഗത്തില്‍ നിന്നും വേറിട്ടതായ സാമൂഹികനില അവര്‍ നേടിയെടുത്തിട്ടുമുണ്ട്‌. അവരുടെ സാമൂഹികനിലയെ കുടിയായ്‌മയ്‌ക്കും അടിമത്വത്തിനും ഇടയിലുള്ളതായി രേഖപ്പെടുത്താനാവും. സൗകര്യത്തിനുവേണ്ടി ഈ നിലയെ അടിയായ്‌മ എന്നുവിളിക്കുന്നതാവും ഉത്തമം. എന്നാല്‍ ഒരു കുടിയാനോ അടിമയോ അയിത്തത്തിനു വിധേയമാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അടിയാനാവട്ടെ അയിത്തത്തിന്‌ പാത്രീഭവിക്കപ്പെട്ടു എന്നുള്ളതാണ്‌ ഇവിടത്തെ വ്യത്യാസം.

സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ അധഃസ്ഥിതജനതയുടെ വീക്ഷണം ഭരണഘടനാപരിഷ്‌കരണ സമിതിയുടെ മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ്‌ എന്റെ ഉദ്ദേശം. നാലുകോടി മുപ്പതുലക്ഷം ജനങ്ങളുടെ വീക്ഷണമാണിത്‌. അതായത്‌, ബ്രിട്ടീഷ്‌ രാജിന്‌ കീഴിലെ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന്‌ വരുന്ന വമ്പിച്ച ജനവിഭാഗത്തിന്റെ വീക്ഷണം.
ഇന്ത്യയിലെ അധഃസ്ഥിതര്‍ ഒരു പ്രത്യേക ജനതതിയാണ്‌. അവര്‍ മുസ്ലീംങ്ങളില്‍നിന്നും വ്യത്യസ്‌തരാണ്‌. ഈ ജനത ഹിന്ദുസമുദായത്തില്‍ ഉള്‍പ്പെടുന്നവരായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. എനാല്‍ അവര്‍ ഒരിക്കലും ഹിന്ദുസമുദായത്തിന്റെ അനിഷേധ്യഭാഗമായി നിലനിന്നിട്ടില്ല. അധഃസ്ഥിതര്‍ക്ക്‌ സ്വതന്ത്രമായൊരു അസ്‌തിത്വമുണ്ടെന്നുമാത്രമല്ല, മറ്റേതൊരു ഇന്ത്യന്‍ സാമുദായിക വിഭാഗത്തില്‍ നിന്നും വേറിട്ടതായ സാമൂഹികനില അവര്‍ നേടിയെടുത്തിട്ടുമുണ്ട്‌. അവരുടെ സാമൂഹികനിലയെ കുടിയായ്‌മയ്‌ക്കും അടിമത്വത്തിനും ഇടയിലുള്ളതായി രേഖപ്പെടുത്താനാവും. സൗകര്യത്തിനുവേണ്ടി ഈ നിലയെ അടിയായ്‌മ എന്നുവിളിക്കുന്നതാവും ഉത്തമം. എന്നാല്‍ ഒരു കുടിയാനോ അടിമയോ അയിത്തത്തിനു വിധേയമാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അടിയാനാവട്ടെ അയിത്തത്തിന്‌ പാത്രീഭവിക്കപ്പെട്ടു എന്നുള്ളതാണ്‌ ഇവിടത്തെ വ്യത്യാസം.
പ്രത്യേക പരിരക്ഷകളോടുകൂടിയ `പുത്രിക രാജ്യ’പദവി ഇന്ത്യക്ക്‌ നേടിയെടുക്കാനായി അധഃസ്ഥിതര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ, സ്വന്തംകഴിവു മുഴുവന്‍ സമാഹരിച്ച്‌ അവര്‍ ഒരു ചോദ്യം ഉന്നയിക്കുന്നു. ആ ചോദ്യം ഇതാണ്‌; സ്വതന്ത്ര ഇന്ത്യയുടെ പ്രവര്‍ത്തനപദ്ധതി എങ്ങനെയായിരിക്കും? അതിന്റെ രാഷ്‌ട്രീയാധികാരകേന്ദ്രം എവിടെയായിരിക്കും? അതാരുടെ കൈകളിലേക്കായിരിക്കും എത്തപ്പെടുക? അധഃസ്ഥിതര്‍ക്ക്‌ ഈ രാഷ്‌ട്രീയാധികാരത്തില്‍ പങ്കുലഭിക്കുവാന്‍ അവകാശമുണ്ടായിരിക്കുമോ? ഇതായിരിക്കും അധഃസ്ഥിതര്‍ ഉന്നയിക്കുന്ന മുഖ്യചോദ്യങ്ങള്‍. പുത്തന്‍ ഭരണഘടനയ്‌ക്കുവേണ്ടിയുള്ള രാഷ്‌ട്രീയചലനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിച്ചില്ലെങ്കില്‍, തങ്ങള്‍ക്ക്‌ രാഷ്‌ട്രീയാധികാരം ഉറപ്പാക്കപ്പെടുകയില്ലെന്ന്‌ അധഃസ്ഥിതര്‍ മനസ്സിലാക്കുന്നു.
ഇവിടെ നിലനില്‍ക്കുന്ന സാമൂഹികജീവിതത്തിന്റെ അനുഭവ വേദ്യമായ യാഥാര്‍ത്ഥ്യങ്ങളെ; രാഷ്‌ട്രീയഘടനയുടെ പുനര്‍നിര്‍മ്മാണ വേളയില്‍ പരിഗണിക്കേണ്ടതുണ്ട്‌. ഇന്ത്യന്‍ സാമൂഹികജീവിതം ആരോഹണക്രമത്തില്‍ കുലീനത്വവും അവരോഹണക്രമത്തില്‍ കീഴാളത്തവും അടിച്ചേല്‍പ്പിക്കപ്പെട്ട ജാതീയശ്രേണികളുടെ ശൃംഖലയാണ്‌. ഇതേപോലൊരു സാമൂഹികവ്യവസ്ഥ `സമത്വം’ `സാഹോദര്യം’ എന്നി മാനുഷികഘടകങ്ങളുടെ സാന്നിധ്യമുണ്ടാകേണ്ട ജനാധിപത്യ ഭരണക്രമത്തിന്‌ അനിവാര്യമായും വിരുദ്ധമാണ്‌. ഇന്ത്യന്‍സമൂഹത്തിന്റെ ഉന്നതിയുടെ അനിവാര്യഭാഗമെന്ന്‌ അംഗീകരിക്കപ്പെടുന്ന ബുദ്ധിജീവികളില്‍ ഏറെപ്പേരും ജാതിവ്യവസ്ഥയുടെ മുകള്‍പ്പരപ്പില്‍നിന്നും വന്നിട്ടുള്ളവരാണ്‌. അവര്‍ രാഷ്‌ട്രത്തിന്റെ പേരില്‍ ആണയിടുമ്പോഴും, ദേശീയരാഷ്‌ട്രീയപ്രസ്ഥാനത്തെ നയിക്കുമ്പോഴും, അവര്‍ ഏത്‌ സാമുദായിക വിഭാഗത്തിലാണോ ഉള്‍പ്പെടുന്നത്‌, ആ സമുദായത്തിന്റെ സങ്കുചിതമായ താല്‌പര്യങ്ങളെ മറികടക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ലന്നത്‌ വസ്‌തുതമാത്രമാണ്‌. ഭരണഘടനാ നിര്‍മ്മാത്തിനുള്ള ശ്രമങ്ങളില്‍ അധഃസ്ഥിത സമുദായത്തിന്റെ ആന്തരിക മാനസിക ഘടനകൂടി പരിഗണിക്കാന്‍ കഴിയണമെന്നാണ്‌ ഞങ്ങള്‍ വയ്‌ക്കുന്ന നിര്‍ദ്ദേശം. വിപരീതമാണെങ്കിലോ; ഏതൊരുസമുദായത്തിനുവേണ്ടിയാണ്‌ നിങ്ങള്‍ രൂപകല്‌പന നല്‌കിയെതെങ്കിലും അതിനൊട്ടും യോജിക്കാത്തവിധം അംഗഭംഗംവന്നതും മിഥ്യാധാരണ ജനിപ്പിക്കുന്നതുമായ ഒരു ഭരണഘടനയായിരിക്കും രൂപംകൊള്ളുന്നത്‌.
അധഃസ്ഥിതരുടെ പ്രശ്‌നം ഒരു സാമൂഹ്യപ്രശ്‌നം മാത്രമാണെന്നും അതിന്റെ പരിഹാരം രാഷ്‌ട്രീയേതരമാണെന്നും നമ്മുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരാനായി പലപ്പോഴും ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഞങ്ങള്‍ ഈ വീക്ഷണത്തോടുള്ള വിയോജിപ്പ്‌ അതിശക്തമായി രേഖപ്പെടുത്തുന്നു. അധഃസ്ഥിതരുടെ കൈകളിലേക്ക്‌ രാഷ്‌ട്രീയാധികാരം ഏല്‍പ്പിക്കപ്പെടുന്നതുവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ലെന്ന്‌ ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. യാഥാര്‍ത്ഥ്യം ഇതാണെങ്കില്‍- മറിച്ച്‌ ചിന്തിക്കേണ്ടതുപോലുമില്ലെന്ന്‌ ഞാന്‍ കരുതുന്നു- അധഃസ്ഥിതരുടെ പ്രശ്‌നം ഗൗരവമായ രാഷ്‌ട്രീയപ്രശ്‌നമാണ്‌. അതിനാല്‍ രാഷ്‌ട്രീയ പരിഹാരനടപടികളാണ്‌ നിലവില്‍ വരേണ്ടത്‌.

__________________________________________
ബ്രിട്ടീഷുകാരില്‍നിന്നും അധികാരം കൈമാറ്റം ചെയ്യപ്പെടുന്നത്‌ ഞങ്ങള്‍ക്കുമേല്‍ ഭീകരമാംവിധം മതപരവും, സാമ്പത്തികവും സാമൂഹികവുമായ ആധിപത്യംചെലുത്തിയവരിലേക്കുതന്നെയാണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കുന്നു. `സ്വരാജ്‌’ എന്ന വാക്ക്‌ ഞങ്ങളുടെമനസ്സില്‍ പ്രതിധ്വനിക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ സേഛാധിപത്യവാഴ്‌ചയുടേയും അടിച്ചമര്‍ത്തലിന്റേയും സ്‌മരണകളാണ്‌ പുനര്‍ജനിക്കുന്നത്‌. സ്വരാജിന്‌ കീഴില്‍ ആ കാലങ്ങള്‍ പുനരവതരിക്കുമോ എന്ന്‌ ആശങ്കപ്പെടുന്നുണ്ടെങ്കിലും, സ്വരാജ്‌ വേണമെന്ന്‌ തന്നെ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കും ഈ രാജ്യത്തിന്റെ പരമാധികാരത്തില്‍ ആനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അനിവാര്യമായൊരു പരീക്ഷണഘട്ടത്തെ അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌. എന്നാല്‍ ഒരു വ്യവസ്ഥ മുന്നോട്ടുവച്ചുകൊണ്ടുമാത്രമേ ഞങ്ങളതിന്‌ സമ്മതിക്കുകയുള്ളൂ. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഇനിയും കാലതാമസം വന്നുകൂടാ. കാലം അതിന്റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന്‌ അധഃസ്ഥിതര്‍ മടുത്തുവെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. പ്രാതിനിധ്യഗവണ്‍മെന്റ്‌ രൂപീകരിക്കുവാന്‍ ബ്രിട്ടീഷുകാരുമായി നടത്തിയ ഓരോ നീക്കത്തിലും അധഃസ്ഥിതര്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുകയായിരുന്നു.
_______________________________________

രാഷ്‌ട്രീയാധികാരത്തിനുവേണ്ടിയുള്ള അവരുടെ അവകാശവാദങ്ങള്‍ക്ക്‌ ഒരിക്കലും യാതൊരുപരിഗണനയും ലഭിക്കുകയുണ്ടായില്ല. ഞാന്‍ ഈ അവഗണനയെ അതിശക്തമായി അധിക്ഷേപിക്കുകയും ഞങ്ങളിനിയും സഹിക്കാന്‍ തയ്യാറല്ലെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. പൊതുരാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്റെ ഭാഗമായിരിക്കണം ഞങ്ങളുടെ പ്രശ്‌നങ്ങളുടെ പരിഹാരവും. അത്‌ ഭാവിയിലെ ഭരണാധികാരികളുടെ ദയാവായ്‌പിനും സന്മനസ്സിനും വിട്ടുകൊടുക്കാന്‍ പാടില്ലാത്തതാണ്‌.

വളരെ വ്യക്തമായ കാരണങ്ങളാലാണ്‌ അധഃസ്ഥിതര്‍ ഈ നിര്‍ബന്ധം ചെലുത്തുന്നത്‌. അധികാരമില്ലാത്തവര്‍ക്കുവേണ്ടി അധികാരത്തിലിരിക്കുന്നവര്‍ സ്വമേധയാ സ്ഥാനത്യാഗം ചെയ്യുമെന്ന്‌ കരുതാനാവില്ല. ഞങ്ങളുടെ പ്രശ്‌നപരിഹാരത്തിലൂടെ നഷ്‌ടം സഹിക്കേണ്ടിവരുന്നതിലേക്ക്‌ അധികാരം കൈമാറ്റംചെയ്യപ്പെടുന്നതിലൂടെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകുമെന്ന്‌ വിശ്വസിക്കാനാവില്ല. അങ്ങനെയാണെങ്കില്‍ അധികാരത്തിലേക്കും മഹത്വത്തിലേക്കും കയറിപ്പറ്റുന്നതിന്‌ ഇന്ന്‌ നാം സഹായിച്ചവരെ, അവരുടെ സിംഹാസനത്തില്‍ നിന്നും പുറത്താക്കാന്‍ വീണ്ടുമൊരു സാമൂഹികവിപ്ലവം ആവശ്യമായി വരും.
നിലനില്‍പ്പിനുവേണ്ടിയുള്ള പ്രേരണയാല്‍ നശിക്കുന്നതിലും നല്ലത്‌ തിരസ്‌കൃതമാക്കപ്പെടുന്നതിനെ തിരഞ്ഞെടുക്കുന്നതിലാണ്‌ ഞങ്ങള്‍ക്കു താല്‌പര്യമുള്ളത്‌. ഭരണസംവിധാനത്തില്‍ അനിയന്ത്രിതമായ അധികാരകുത്തക സ്ഥാപിക്കാന്‍വേണ്ടി നിഗൂഢപദ്ധതികള്‍ തയ്യാറാക്കുന്നവരുടെ താല്‌പര്യങ്ങളെ കണക്കിലെടുക്കാതെ, ഞങ്ങളുടെ പ്രശ്‌നപരിഹാരത്തിനുവേണ്ടി, ഞങ്ങള്‍ക്കും അധികാരത്തില്‍ പങ്കുകൊള്ളാവുന്ന വിധത്തില്‍ രാഷ്‌ടീയ ഘടനയെ സജ്ജീകരിക്കുകയാണ്‌ വേണ്ടത്‌. ഭരണഘടനാ പരിഷ്‌കരണത്തിന്‌ വേണ്ടിയുള്ള സമിതിക്ക്‌മുന്‍പില്‍ ഈ വീക്ഷണം അവതരിപ്പിക്കുക എന്നത്‌ ഏറ്റവും നീതിപൂര്‍വ്വവും മാനുഷികവുമായ കടമയാണെന്ന്‌ ഞാന്‍ കരുതുന്നു
പരിഭാഷ; കെ.കെ.ബാബുരാജ്‌ (1991)

(1991-ല്‍ പ്രയാഗബുക്‌സ്‌, പറവൂര്‍, പ്രസിദ്ധീകരിച്ച `അംബേദ്‌കര്‍: ജീവിതവും ദൗത്യവും’ എന്ന പുസ്‌തകത്തില്‍നിന്നും, എഡിറ്റര്‍; കെ.കെ.കൊച്ച്‌, )

Top