അതിരുകള്‍ക്കതീതമായ പ്രണയം

“സ്വകാര്യത വ്യക്തിയുമായാണ്, സ്ഥലവുമായല്ല ബന്ധപ്പെട്ടിരിക്കുന്നത്. താനാഗ്രഹിക്കുന്നത് സ്വകാര്യമായൊരിടത്തില്‍ ഒളിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല സ്വകാര്യതക്കുള്ള അവകാശം. എങ്ങനെ ജീവിക്കണം, സ്വന്തം ജീവിതം എങ്ങനെ നിര്‍ണയിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണ്, വ്യക്തിപരമായ സ്വാശ്രയത്വമാണ് സ്വകാര്യതക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കേണ്ടത്- നാസ് ഫൗണ്ടേഷനും ഇന്ത്യന്‍ യൂണിയനുമായുള്ള കേസില്‍ സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കിക്കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയില്‍ നിന്ന്. ഈ വിധി പ്രഖ്യാപിച്ചത് ജസ്റ്റിസ് എ.പി.ഷായും ജസ്റ്റിസ് ഡോ.എസ്.മുരളിധറും ചേര്‍ന്ന്.

“ചരിത്രത്തിൽ നിങ്ങളെന്നെ എഴുതിത്തള്ളിയേയ്ക്കാം,”

നിങ്ങളുടെ കയ്പ്പേറിയ വളച്ചൊടിച്ച

നുണകളാൽ ചെളിയിലേക്ക് ചവിട്ടിത്താഴ്ത്തിയേയ്ക്കാം

പക്ഷെ, പറന്നു പാറിയുയരും ഞാൻ,

പൊടി കണക്കിനു…”

(മായ എയ്ഞ്ചലോ : സ്റ്റിൽ ഐ റൈസ്‌ )

വിവിധവും വിഭിന്നങ്ങളുമായ ലൈംഗികതകളെയും ലിംഗപദവികളെയും ആഘോഷിച്ചുകൊണ്ടു് 2013 ജൂലായ്‌ 2 കേരളം അതിന്റെ നാലാമത്തെ മഴവില്ലുത്സവത്തിനു ഒരിക്കൽക്കൂടി തൃശ്ശൂർ വേദിയാവുകയാണു്. ഡല്‍ഹി ഹൈക്കോടതി വിധിയുടെ നാലാം വാര്‍ഷികദിനമായ ജൂലായ് രണ്ടിന് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ മഴവില്‍ ഉത്സവവും സ്വാഭിമാന റാലിയും സംഘടിപ്പിക്കുന്നു. തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്ന് 2.30ന് സാഹിത്യ അക്കാദമിയിലേക്കാണ് റാലി നടക്കുക. ലോകമെമ്പാടുമുള്ള ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപ്പെടുന്നവരുടെയും ഇത്തരം ലൈംഗികബദലുകളെ പിന്തുണയ്ക്കുന്നവരുടേയും ആഘോഷമാണ് ക്വിയർ പ്രൈഡ്. പ്രണയത്തിന്റെയും, പരസ്പരബഹുമാനത്തിന്റെയും അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും ആഘോഷം.

ക്വിയർ പ്രൈഡ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമോ സമകാലിക കേരളത്തിനു വളരെ പുതിയ ഒന്നല്ല. പ്രത്യേകിച്ചും തൃശ്ശൂർ, ഒന്നിലേറെ തവണ ഈ ആഘോഷങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ടു്. സ്വവർഗ്ഗലൈംഗികത കുറ്റകൃത്യമായി കാണുന്ന ഐ.പി.സി 377ആം വകുപ്പു് പുനഃപരിശോധിയ്ക്കണമെന്നാവശ്യപ്പെടുന്ന ഡൽഹി ഹൈക്കോടതി വിധിയുടെ നാലാം വാർഷികദിനമാണു് 2013 ജൂലൈ 2. ബദൽ ലൈംഗികസ്വഭാവരീതിയു­ള്ളവരെ സംബന്ധിച്ചിടത്തോളം ഈ കോടതി വിധി ഒരു ചരിത്രമുഹൂർത്തമായതിനാലാണു് ഈ ദിനം ഇത്തരത്തിൽ ഇന്ത്യലെ വിവിധ പ്രദേശങ്ങളിൾ ആഘോഷമാക്കുന്നതു്. ഇതു തങ്ങളുടെ ജീവിതത്തെക്കുറിചു പുറം ലോകത്തോടുപറയാനും തങ്ങളുടെ സ്വയംനിർണ്ണയാവകാശം ഊട്ടിയുറപ്പിക്കുവാനുമുള്ള ഒരവസരമായി “ക്വിയർ പ്രൈഡ്” കണക്കാക്കുന്നു. ഇത്തരം ആഘോഷ­ങ്ങളിലൂടെ സ്വന്തം ലൈംഗികതയോ ലിംഗപദവിയോ അംഗീകരിക്കാനും തുറന്നു പറയാനും കഴിയാതെപോകുന്ന കോടിക്കണക്കിനാളുകൾക്കു് ആത്മധൈര്യം പകരാൻ കഴിയുമെന്നു് ഈ “ക്വിയർ പ്രൈഡ്” പ്രത്യാശിക്കുന്നു. സ്വവർഗ്ഗാനുരാഗികളുടെ ജീവിതം അവരാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള അടിസ്ഥാനാവകാശം പോലും നിഷേധിക്കുന്ന, ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടി­ച്ചമർത്തലുകളോടും വിവേചനങ്ങളോടുമുള്ള പ്രതിഷേധം കൂടിയാണു് ഈ ആഘോഷം.

ഡെൽഹി ഹൈക്കോടതി വിധിയെ അതിന്റെ പൂര്‍ണ്ണതയില്‍ത്തന്നെ സുപ്രീം കോടതി ശരിവ­യ്ക്കണം എന്നും, അങ്ങനെ നമ്മുടെ രാജ്യത്തെ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കു് മറ്റുള്ളവര്‍ക്കുതുല്യ­മായ അവകാശങ്ങളും അവരുടെ ജീവനു സുരക്ഷിതത്വവും പ്രദാനം ചെയ്യണമെന്നും “ക്വിയർ പ്രൈഡ്” ഊന്നൽ നല്കുന്നു. അതിലൂടെ സ്വയം സൃഷ്ടിച്ച ഒളിയിടങ്ങളില്‍ നിന്ന് പുറത്തുവരാനും, തങ്ങളെപ്പറ്റിയും തങ്ങളുടെ ആഗ്രഹങ്ങളെപ്പറ്റിയും സംസാരിക്കാനും, ആരെയും പേടിക്കാതെ സ്വയം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനും സാധിക്കുമെന്നും ലൈംഗികന്യൂനപക്ഷങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതെല്ലാം നടക്കാന്‍ നിയമനിര്‍മ്മാണം മാത്രം മതിയാവില്ലെന്നും തങ്ങളുടെ ഇഷ്ടങ്ങളെ ചുറ്റുമുള്ളവർ സ്വാഭാവികമായും സാധാരണമായും കാണുന്ന ഒരു നാളെയുടെ പ്രത്യാശയും, വസ്ത്രധാരണം മുതല്‍ പ്രണയിക്കുന്നതിലും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും വരെയുള്ള സ്വാതന്ത്ര്യം തരുന്ന, പരമ്പരാഗത­രീതിയിലുള്ള ആണ്‍-പെണ്‍ വിവാഹബന്ധങ്ങള്‍ ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാത്ത സുന്ദരമായൊരു ജീവിതവും സമൂഹത്തില്‍ സൗഹാര്‍ദ്ദപരമായ ഒരന്തരീക്ഷം ഉണ്ടാവേണ്ടതും നിയമങ്ങള്‍ വേണ്ടവിധം പാലിക്കപ്പെടുന്നു എന്നു് ഉറപ്പുവരുത്തേണ്ടതും ഒരുപോലെ ആവശ്യമാണെന്നു് “ക്വിയർ പ്രൈഡ്” പ്രധാന്ന്യത്തോടെ കാണുന്നു.

ഒരുവശത്ത് നിയമപരമായ സാധ്യതകൾ തുറക്കുമ്പോഴും മറുവശത്ത് ലൈംഗീക ന്യുനപക്ഷങ്ങൽക്കെതിരെയുള്ള അതിക്രമങ്ങളും, ആത്മഹത്യകളും വർദ്ധിച്ചുവരുകയും ചെയുന്നു. 2012 മെയ്‌ 10നു കൊല്ലത്തെ തന്റെ താമസസ്ഥലത്ത്‌ വെച്ച്‌ ക്രൂരമായി കൊല ചെയ്യപ്പെട്ട, അനിൽ/മരിയ. തന്റെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടു് പര­സ്യമായി പുറത്തു വന്ന മരിയ കേരളത്തിൽ ക്വിയർ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തവരിലൊരാളായിരുന്നു. തന്റെ സൗന്ദര്യവും വശ്യതയും കൊണ്ടു് കഴിഞ്ഞ ക്വിയർ പരേഡുകളിലെല്ലാം കേന്ദ്രബിന്ദുവായി മാറിയിരുന്നു. സംഗീതം കൊണ്ടു ക്വിയർ പരേഡിനു താളവും ജീവനും നല്കിയവൻ, കഴിഞ്ഞ വർഷം സ്വയം ജീവനൊടുക്കി. അവനോടും അവനെപ്പോലെ രഹസ്യജീവിതം ജീവിക്കേണ്ടി വരുന്ന അനേകം പേരോടും സദാചാരകേരളം മാപ്പു പറയേണ്ടതുണ്ടു്. പോയ വർഷങ്ങളിലെ ക്വിയർ പ്രൈഡിനെ വർണശബളവും താളനിർഭരവുമാക്കിയ ഈ പ്രിയ കൂട്ടുകാരുടെ ഓർമ്മകൾ­ക്കുമുന്നിൽ 2013 ക്വിയർ പരേഡ്‌ സമർപ്പിക്കുന്നത്. പ്രണയവും സന്തോഷവും നിറഞ്ഞ അന്തസ്സുള്ളൊരു ജീവിതത്തിനുവേണ്ടി പൊരുതുന്ന, അനേ­കായിരം ആളുകളുടെ കൂടെ കൈ കോർക്കാൻ “ക്വിയർ പ്രൈഡ്” ആഹ്വാനം ചെയ്യുന്നു.

ക്വിയർ പ്രൈഡ് കേരളം സംഘടിപ്പിപ്പിക്കുന്നതു് എതാനും വ്യക്തികളും സംഘടനകളും ചേർന്നാണ്. ക്വിയർ പ്രൈഡുമായി സംവദിക്കാൻ എഴുതുക: queerpridekeralam@gmail.com.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.queerpridekeralam.blogspot.in/

Top