കൂടങ്കുളത്തിന് ഐക്യദാര്‍ഢ്യവുമായി മലയാളി വിദ്യാര്‍ഥികള്‍

കൂടങ്കുളം ആണവനിലയത്തിനെതിരെ 400 ദിവസത്തിലേറെയായി നടക്കുന്ന ജനകീയ പോരാട്ടത്തിന് കേരളത്തിലെ കാമ്പസിന്റെ ഐക്യദാര്‍ഢ്യം.

ഫറോക്ക് ഇര്‍ശാദിയ കോളജില്‍നിന്നുള്ള 20 അംഗ വിദ്യാര്‍ഥി സംഘമാണ് കൂടങ്കുളത്തെത്തി പൊരുതുന്ന ജനതക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇടിന്തകരൈ കടല്‍ക്കരയില്‍ മണലില്‍ ‘ശവക്കുഴി’ തോണ്ടി കഴുത്തറ്റം മണ്ണുമൂടി പോരാട്ടം നടത്തി വിദ്യാര്‍ഥികള്‍ ആണവനിലയസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ആദ്യമായാണ് ഏതെങ്കിലുമൊരു കാമ്പസില്‍നിന്നുള്ള പ്രതിനിധിസംഘം കൂടങ്കുളത്തെത്തുന്നത്.
ഇര്‍ശാദിയ കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഫസല്‍ റഹ്മാന്‍െറ നേതൃത്വത്തില്‍ എത്തിയ സംഘം പൊലീസ് അതിക്രമങ്ങള്‍ നടന്ന സ്ഥലം സന്ദര്‍ശിച്ചു. അവിടെനിന്ന് പ്രകടനമായി ഇടിന്തകരൈയിലെ സമരപ്പന്തലില്‍ എത്തിയ വിദ്യാര്‍ഥികളെ സമരസമിതി നേതാക്കളായ എസ്.പി. ഉദയകുമാര്‍, എന്‍. പുഷ്പരായന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംഘാംഗമായ ഷമീര്‍ സമരക്കാരെ അഭിമുഖീകരിച്ച് സംസാരിച്ചു. പോരാട്ടത്തിനിടെ രക്തസാക്ഷിയായ സഹായം ഫ്രാന്‍സിസ് ഉള്‍പ്പെടെ ഇടിന്തകരൈയിലെ സമരക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
നേരത്തേ പ്ളാച്ചിമട, നര്‍മദ, ചെങ്ങറ സമരവേദികളിലും ഐക്യദാര്‍ഢ്യവുമായി ഇര്‍ശാദിയ വിദ്യാര്‍ഥികള്‍ എത്തിയിരുന്നു.

Top