ഗുരുവിനെ അധിക്ഷേപിക്കാന്‍ ആര്‍ക്കാണ് അവകാശം?
എം വി സുബ്രഹ്മണ്യന്‍
“പണ്ട്, എന്നു വച്ചാല്‍ 1916ല്‍ ഗുരു സ്വാനുകൂലിയായ ഡോ. പല്‍പ്പുവിന് ഒരു കത്തെഴുതിയത്രേ. “മുമ്പേതന്നെ വാക്കില്‍നിന്നു വിട്ടിരുന്ന യോഗത്തെ ഇപ്പോള്‍ മനസ്സില്‍ നിന്നും വിടുന്നു” എന്നാണ് കത്ത്. അതിനു കാരണം പറഞ്ഞിരിക്കുന്നത് യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. ഇന്നാണ് അങ്ങനെ പറയുന്നതെങ്കില്‍ ഗുരുവിനെതിരെ ഞങ്ങള്‍ ഈഴവര്‍ കേസുകൊടുക്കും. ഗുരുവിന്റെ നല്ല കാലം. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലല്ലോ. കത്തുകിട്ടിയ ഡോ. പല്‍പ്പു യോഗം നേതാക്കള്‍ക്കു കത്തെഴുതിയത് “നിങ്ങളുടെ പെരുച്ചാഴിയോഗത്തിനു നല്‍കാന്‍ എന്റെ കയ്യില്‍ പണമില്ല” എന്നായിരുന്നുവെന്നു ശ്രീ ഗംഗാധരന്‍ മാസ്റര്‍ ഡോ. പല്‍പ്പു എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. ഡോ. പല്‍പ്പു ഇന്നു ജീവിക്കുന്നു എങ്കില്‍ ഈഴവരുടെ കേസിലെ രണ്ടാംപ്രതി പല്‍പ്പുവാകുമായിരുന്നു എന്നു രണ്ടുതരം.“
പാര്‍ലമെന്റിലോ നിയമസഭയിലോ ആര്‍ക്കും ആരെ വേണമെങ്കിലും ആക്ഷേപിക്കാവുന്നതും മാപ്പുപറയുകയോ ആക്ഷേപവചനങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കം ചെയ്യുകയോ, ഏതാണ് ആദ്യമെന്നുവച്ചാല്‍ അങ്ങനെ പ്രശ്നം പരിഹൃതമാകുന്നതുമാണ്. ഈയടുത്ത കാലത്താണ് ശ്രീ വിഎസ് അച്ചുതാനന്ദനെ പഞ്ചാബ മോഡല്‍ ഫെയിം ബാലകൃഷ്ണപിള്ള മകന്‍ ഗണേഷ്കുമാര്‍ എന്ന സിനിമാമന്ത്രി ആക്ഷേപിച്ചത്. ആ പ്രശ്നം മാപ്പുപറച്ചിലില്‍ അവസാനിച്ചെങ്കിലും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍, അഛനെ ജയിലില്‍നിന്നു മോചിപ്പിച്ചതു പൊല്ലാപ്പായി എന്നു മകന്‍ ചിന്തിക്കുന്നിടത്തോളം പടര്‍ന്നു പന്തലിച്ചു. വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നകാലത്താണ് പ്രശസ്ത പുകസ സാഹിത്യകാരനെ കുരങ്ങന്‍ എന്നു വിളിച്ചത്. സ്വന്തം ആളായതുകൊണ്ടും അര്‍ഹിക്കുന്നതുതന്നെയാണ് ലഭിച്ചത് എന്നുള്ളതുകൊണ്ടുമാകാം, ആ വിളി വലിയ പുകിലൊന്നുമുണ്ടാക്കിയില്ല. കുങ്കുമം ചുമക്കുന്ന കഴുത എന്ന പ്രയോഗം വി എസ്സിനെ ലാക്കാക്കിയായിരുന്നെങ്കിലും സ്വന്തക്കാര്‍ക്ക് അടുപ്പിലിട്ടും ആകാമെന്ന സ്ഥാലീപുലാകന്യായം അതിനെ സാര്‍ത്ഥകമാക്കിയെന്നു ചരിത്രകാര•ാര്‍ ഭാവിയില്‍ രേഖപ്പെടുത്തും. എന്നു പ്രതീക്ഷിക്കാം.
ശ്രീ പിണറായി വിജയന്‍ ഈ രംഗത്ത് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയില്ല എന്നു പറയാനാവില്ല. എടോ ഗോപാലകൃഷ്ണാ, നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ മഹ ദ്വ്ാാക്കുകള്‍ അദ്ദേഹത്തിന്റെ സ്വന്തം സംഭാവനകളാണ്. അദ്ദേഹത്തിന്റെ സന്തതശിഷ്യന്‍ ശ്രീ ജി സുധാകരന്‍ തൊടുത്തുവിട്ട പ്രയോഗങ്ങള്‍ മലനാട്ടുവഴക്കങ്ങള്‍ എന്ന തലക്കെട്ടിന്‍കീഴില്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ടി കെ ഹംസ, എം എം മണി തുടങ്ങിയ മഹാരഥ•ാര്‍ ഇനിയും അനുകൂലഅവസരം കിട്ടിയാല്‍ നന്നായി പ്രശോഭിക്കുകതന്നെ ചെയ്യുമെന്നുറപ്പാണ്. പിതൃശൂന്യന്‍ എന്ന പദപ്രയോഗത്തിന് അധികം അനുകര്‍ത്താക്കളെ കിട്ടിയതായി കാണുന്നില്ല.
അധിക്ഷേപവേദാര്‍ത്ഥ ചരിത്രം ഇങ്ങനെയൊക്കെ വളഞ്ഞുപുളഞ്ഞു പുരോഗമി ക്കുന്നതിനിടയിലാണ് വി ജെ പൌലോസുപുരാണം കടന്നുവരുന്നത്. തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൌലോസിനെക്കൊണ്ടു തൊടീച്ചിടേണം എന്ന പ്രമാണം ഇവിടെ തീര്‍ത്തും അപ്രസക്തമായിരിക്കുന്നു. ഇനിയാരെയാണ് അധിക്ഷേപിക്കേണ്ടത് എന്ന ചിന്ത എല്ലാ നേതാക്കളുടേയും തല പുണ്ണാക്കിക്കൊണ്ടിരിക്കെ, ഈയുള്ളവന്റെ ചിന്ത വേറൊരുവഴിക്കാണ് നീങ്ങിയത്. അതൊന്നു കുറിക്കുന്നതില്‍ ആരും മുനിയരുതേ എന്നാണ് പ്രാര്‍ത്ഥന.
ഗുരു സ്വന്തം സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നു പറഞ്ഞത് ഈഴവരോടല്ല. സന്ദേശങ്ങളെല്ലാം മേല്‍ജാതിക്കാരോടായിരുന്നു. ഗുരുസന്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ അ തിനാല്‍ ഈഴവര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല. അഥവാ വല്ല ഉത്തരവാദിത്വവുമുണ്ടേങ്കില്‍ അത് ഗുരുദേവപ്രതിമകള്‍ ലോകം മുഴുവന്‍ സ്ഥാപിക്കുന്നതില്‍ മാത്രമാകുന്നു. ആ മഹാത്മാവിനെ ആരാധിച്ചു ദൈവമാക്കുന്നതില്‍ മാത്രമാകുന്നു. ഗുരുവിന്റെ പല്ലുവരെ (ആരുടെ പല്ലാണെന്ന് ആര്‍ക്കറിയാം എന്നാരും സംശയം കൂറണ്ട.) പ്രതിഷ്ഠിച്ച് ഞങ്ങള്‍ ആരാധിക്കും. മുകളില്‍ പറഞ്ഞതുപോലെ കാലഹരണപ്പെട്ട സന്ദേശങ്ങള്‍ മേല്‍ജാതിക്കാര്‍ ചുമന്നുനടന്നുകൊള്ളും. ഈ പ്രസ്താവം കേള്‍ക്കുമ്പോള്‍ ഒരു സാധാരണചരിത്രാന്വേഷി, ഗുരൂപദേശങ്ങള്‍ മേല്‍ജാതിക്കാരോടായിരുന്നു എന്നതിനു വല്ല തെളിവുമുണ്ടോ എന്നു ചോദിച്ചു എന്നു വരാം. അങ്ങനെ സംശയിക്കുന്നവന്റെ ചെപ്പയ്ക്കുനോക്കി പ്രഹരിക്കണം. തെളിവുള്ള കാര്യങ്ങള്‍ മാത്രമേ പറയാവൂ എന്ന് ഏതു ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത്.? അഥവാ അങ്ങനെ വല്ല ശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ശാസ്ത്രം നിരോധിക്കണം.
ഗുരുവിനെതിരെ കേസുകൊടുക്കും എന്നു പറഞ്ഞതു വിശ്വാസമായില്ല അല്ലേ? കാളികുളങ്ങര ക്ഷേത്രത്തില്‍ പുലയരെ പ്രവേശിപ്പിച്ചതിന് ഗുരുവിനെ കേസില്‍ പ്രതിയാക്കിയതു പിന്നെ ആരാ? ഞങ്ങള്‍ ഈഴവര്‍തന്നെ. അന്നു നാലു കേസാ ഞങ്ങള്‍കൊടുത്തത്. രണ്ടു ക്രിമിനല്‍ കേസും രണ്ടു സിവില്‍കേസും. ഒരു കേസില്‍ ഗുരു പതിനേഴാം പ്രതിയായിരുന്നു അറിയാമോ? സംശയമുണ്ടെങ്കില്‍ പറവൂര്‍ കോടതിയിലെ 427/1099 നമ്പര്‍ കേസ്ഫയല്‍ എടുത്തുനോക്കട്ടെ. ജാതിനിയമങ്ങള്‍ ലംഘിച്ച് പുലയനെ ഈഴവരുടെ ക്ഷേത്രത്തില്‍ കയറ്റിയതിനാണ് ഗുരുവിനെതിരെ ഞങ്ങള്‍ കേസുകൊടുത്തത്. ടി ടി കേശവന്‍ ശാസ്ത്രി എന്ന പുലയനെ ക്ഷേത്രത്തില്‍ കയറ്റാന്‍ ഗുരുവിനോട് ആരു പറഞ്ഞു? ഈഴവരോടു കളിക്കരുത്. ഞങ്ങള്‍ കളി പഠിപ്പിക്കും. വഴിയരികുകളിലും ക്ഷേത്രപ്പറമ്പുകളിലും തരുന്ന ഇടങ്ങളില്‍ ഞങ്ങള്‍ കൊടുക്കുന്നതും വാങ്ങി അടങ്ങിയൊതുങ്ങിക്കഴിയാനല്ലാതെ മറ്റൊന്നിനും ഞങ്ങള്‍ക്ക് ഒരു ഗുരുവിനെ ആവശ്യമില്ല. പറഞ്ഞില്ലേ, കാലഹരണപ്പെട്ട ഉപദേശങ്ങള്‍ അങ്ങു മേല്‍ജാതിക്കാരോടു വിളമ്പിയാല്‍ മതി. ഞങ്ങളുടെ ബഹുമാന്യമന്ത്രിമാര്‍ പറയുന്നതുകേട്ടില്ലേ, കള്ളെന്നല്ല, ഒരു ലഹരിയും നിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഗുരുവും ഗാന്ധിയുമൊക്കെ പലതും പറയും. അതൊക്കെ പ്രസംഗിക്കാന്‍ കൊള്ളാമെന്നല്ലാതെ ജീവിതത്തില്‍ പ്രയോഗിക്കാനുള്ളതാണോ? മാന്യന്മാര്‍ക്കു ചേര്‍ന്നതാണോ?
അതിനാല്‍ ഞങ്ങള്‍ക്കു പറയാനുള്ളത് ഇതാണ്- നമ്മുടെ ഗുരുവിനെ നമ്മള്‍ നിന്ദിക്കും അതിനുള്ള അവകാശം നമുക്കു മാത്രമാണ്. ആ അവകാശത്തില്‍ ആരെങ്കിലും കൈതിരുകിയാല്‍ നമുക്കതു സഹിക്കുകയില്ല. അതു പൌലോസായാലും പത്രോസായാലും മക്കാറായാലും മരങ്ങോടനായാലും അവന്റെമേല്‍ ഞങ്ങള്‍ മഞ്ഞ പുതപ്പിക്കും. ഗുരുനിന്ദ നടത്താനുള്ള ഞങ്ങളുടെ അവകാശം ഭരണഘടനാപരമാക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അവകാശപ്പെടാന്‍ പോവുകയാണ്. ഇനി ഇവരുടെ ഗുരുനിന്ദ ഞങ്ങള്‍ക്കൊന്നു കാണണം.
എം. വി സുബ്രഹ്മണ്യന്‍
E mail: mullasserysubramanian@gmail.com
Phone: 9388240013