ചൈനയില്‍ പരിസ്ഥിതി പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു

ചൈനയില്‍ പരിസ്ഥിതി വിനാശത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടലാസ് നിര്‍മാണ ഫാക്ടറിയില്‍ നിന്ന് മലിന ജലം  കടലില്‍ ഒഴുക്കുന്നതിനുള്ള പദ്ധതി നിര്‍ത്തിവെച്ചു. പ്രതിഷേധം പ്രകടിപ്പിച്ച  ജനക്കൂട്ടം  പോലീസുമായി ഏറ്റുമുട്ടി. മൂന്നു ദശകമായി നടക്കുന്ന വിവേചനരഹിതമായ വ്യവസായ വികസനം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

പാര്‍ട്ടി – സൈനിക ശക്തിയുടെ ഉരുക്ക്മതിലുകള്‍ തകര്‍ത്തു ചൈനയില്‍ ജനകീയസമരങ്ങള്‍ ശക്തമാകുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചൈനയില്‍ ജല  മലിനീകരണം സൃഷ്ടിച്ചിരുന്ന കടലാസ് നിര്‍മാണ ഫാക്ടറിയില്‍ നിന്ന് മലിന ജലം പൈപ്പ് വഴി കടലില്‍ ഒഴുക്കുന്നതിനുള്ള പദ്ധതി നിര്‍ത്തിവെച്ചതാണ് വിജയം കുറിച്ച  ഒടുവിലത്തെ ഉദാഹരണം. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ കടലാസ് നിര്‍മാണ ഫാക്ടറിയില്‍നിന്ന് പുറന്തള്ളുന്നത് മാലിന്യം  പരിസ്ഥിതി മലിനീകരണമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം പ്രകടിപ്പിച്ച ആയിരക്കണക്കിന് വരുന്ന  ജനക്കൂട്ടം  പോലീസുമായി ഏറ്റുമുട്ടി.
പ്രതിഷേധം ശക്തിപ്പെടുന്നുവന്നു മനസിലാക്കിയ സര്‍ക്കാര്‍   പദ്ധതി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെയാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്.  ഒജി പേപ്പര്‍ എന്ന ജപ്പാന്‍ കമ്പനിയുടെ നിര്‍ദേശമനുസരിച്ചാണ് ഫാക്ടറിയോടൊന്നിച്ച് ക്വിദോംഗ് സര്‍ക്കാര്‍ ജലവിതരണ പദ്ധതി തുടങ്ങിയത്. പദ്ധതി  പരിസര മലിനീകരണമുണ്ടാക്കുന്നു എന്ന  ആരോപണം കമ്പനി നിഷേധിച്ചുവെങ്കിലും  ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ സമരവുമായി രംഗത്തിറങ്ങി. ശനിയാഴ്ചത്തെ പ്രതിഷേധത്തെ നേരിടാന്‍ ശക്തമായ പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ജനങ്ങള്‍ കാറുകളും കമ്പ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും നശിപ്പിച്ചു. ഓഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കോഴയായി പറ്റുന്ന    മദ്യക്കുപ്പികളും സിഗരറ്റ് പെട്ടികളും സമരക്കാര്‍ പിടിച്ചെടുത്തു.

പൈപ്പ്ലൈന്‍ വഴി കടലിലേക്ക് പുറന്തള്ളുന്ന മാലിന്യം ജല സ്രോതസുകളെ  വിഷമയമാക്കുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 110 കിലോമീറ്റര്‍ അകലെയുള്ള ലൂസിയ തുറമുഖത്തിനടുത്ത് കടലിലേക്കാണ് കുഴല്‍ വലിച്ചിരിക്കുന്നത്. ദിവസം ഒന്നര ലക്ഷം ടണ്‍ മലിനജലം ഫാക്ടറി പുറന്തള്ളുന്നുവെന്നാണ് കണക്ക്.
കഴിഞ്ഞ മൂന്നു ദശകമായി ചൈനയില്‍ നടന്നു കൊണ്ടിരിക്കുന്ന വിവേചനരഹിതമായ വ്യവസായ വികസനം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ്  സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം പരിസ്ഥിതി വിനാശത്തിനെതിരായ  ജനകീയ സമരങ്ങളും ശക്തിപ്പെടുന്നു.    ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്‌  പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രദേശ വാസികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സിച്ചുവാന്‍ പ്രവിശ്യയുടെ  തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഒരു കോപ്പര്‍ വ്യവസായ ഫാക്ടറി നിര്‍മിക്കാനുള്ള തീരുമാനം അധികൃതര്‍ ഉപേക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ദാലിയന്‍ നഗരത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്ത് പൊതുജന ആരോഗ്യത്തിന് ഭീഷണി ആകുമായിരുന്ന പെട്രോ കെമിക്കല്‍ ഫാക്ടറിയുടെ നിര്‍മാണവും ജനങ്ങളുടെ എതിര്‍പ്പ് മൂലം ഉപേക്ഷിച്ചിരുന്നു.
ഈ വര്‍ഷം അവസാനം ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റങ്ങള്‍ നടക്കാനിരിക്കെ, വിവിധ മേഖലകളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമൂഹിക  സംഘര്‍ഷങ്ങളുടെ ഭാഗമാണ് പരിസ്ഥിതിനാശത്തിനു എതിരായ സമരങ്ങള്‍.

Top