മായാവതിയും ആന ചിഹ്നവും മറയ്ക്കപ്പെടുമ്പോള്‍

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമെന്ന ആയുധമുപയോഗിച്ച്
മായവതിയുടേയും  അവരുടെ തെരഞ്ഞെടുപ്പു ചിഹ്നമായ  ആനകളുടെയും പ്രതിമകള്‍
മറച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദളിത് വിരുദ്ധത
മറനീക്കി പുറത്തുവന്നിരിക്കുന്നു

  • കെ.കെ.ശ്രീനിവാസന്‍


തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമെന്ന ആയുധമുപയോഗിച്ച്
മായവതിയുടേയും  അവരുടെ തെരഞ്ഞെടുപ്പു ചിഹ്നമായ  ആനകളുടെയും പ്രതിമകള്‍
മറച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദളിത് വിരുദ്ധത
മറനീക്കി പുറത്തുവന്നിരിക്കുന്നു
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഒരു ജനാധിപത്യ വ്യവസ്ഥയുടെ ശക്തി സ്രോതസ്സ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയുളള അമേരിക്കന്‍ ജനാധിപത്യവ്യവസ്ഥയില്‍ പോലും  തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമാണായെന്ന സംശയം ശക്തം. ഡമോക്രാറ്റിക് പാര്‍ട്ടി  പ്രസിഡന്റ് സഥാനാര്‍ത്ഥി അല്‍ഗോറും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ജോര്‍ജ് ബുഷും തമ്മില്‍ നടന്ന. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബുഷിന് അനുകൂലമായി തിരിമറികള്‍ നടന്നുവെന്നുള്ള ആക്ഷേപമാണ് അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയത്തിന്റെ നിഴലിലാക്കിയത്. അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ തീര്‍ത്തും സ്വതന്ത്രവും നീതിയുക്തവുമാണെന്ന് സംശയങ്ങള്‍ക്കിട നല്‍കാതെ പറയാനാകും.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാപരമായി തന്നെ സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നത് തന്നെയാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ലോകത്തിലെ മറ്റു ജനാധിപത്യ രാഷ്ട്രങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയകളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനായി ടി.എന്‍. ശേഷന്‍ അധികാരമേറ്റെടുത്തതോടെയാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ്  പ്രക്രിയക്ക് ഒരു പുതു ഊര്‍ജ്ജം പകര്‍ന്നുകിട്ടിയത്. ലെജിസ്ളേചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി ഇവ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയുടെ മൂന്നു വ്യത്യസ്ത തൂണുകളായി നിലകൊള്ളുന്നു. മാധ്യമങ്ങള്‍ക്കാകട്ടെ നാലാം തൂണെന്ന വിശേഷണവും. മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ്  കമ്മീഷന്‍ അഞ്ചാം തൂണെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നുണ്ട്. അതേസമയം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ തെരഞ്ഞെടുപ്പ് വേളയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന ആശങ്കയുമുണ്ട്.

കമ്മീഷന്റെ ദളിത് വിരുദ്ധ നിലപാട്
യു.പി. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങള്‍ അസംബ്ളി തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ്. യു.പിയില്‍ മായാവതിയുടെയും ആനകളുടെയും പ്രതിമകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നത്. ഇതിന്റെ പ്രതിഫലനമാണ് പ്രതിമകളെല്ലാം തന്നെ മാറ്റുവാനുള്ള കമ്മീഷന്റെ ഉത്തരവ്.. ഇതിലൂടെ പക്ഷേ കമ്മീഷന്‍ ഉറപ്പിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണെന്ന് കരുതാന്‍ പ്രയാസം. കമ്മീഷന്റെ ഈ നിലപാടില്‍ ദളിത് വിരുദ്ധത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പറയേണ്ടിവരും.
എം.പിമാരും എം.എല്‍.എമാരും തങ്ങളുടെ വികസനഫണ്ട് ഉപയോഗിച്ച് തങ്ങളുടെ തന്നെ നിയോജക മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പാലങ്ങള്‍,  പൊതു കെട്ടിടങ്ങള്‍, ആശുപത്രി, സ്ക്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ പണികഴിപ്പിക്കുന്നു. ഇവിയിലെല്ലാം തന്നെ ബന്ധപ്പെട്ട എം.പി/ എം.എല്‍.എമാരുടെ പേര് ആനവലുപ്പത്തില്‍ ആലേഖനം ചെയ്തുവയ്ക്കുന്നു. സ്വന്തം കുടുംബസ്വത്ത് ഉപയോഗിച്ച് നാടിനെ വികസിപ്പിക്കുന്നുവെന്ന് ദ്യോതിപ്പിക്കുകയാണിത്. പൊതു ഖജനാവിലെ ഫണ്ട് ഉപയോഗിച്ചാണ് വികസനം നടത്തിയതെന്നുള്ള വാസ്തവം അംഗീകരിയ്ക്കാന്‍ തയ്യാറല്ലെന്ന അഹന്തയാണ്  ആ ലേഖനം ചെയ്യപ്പെടുന്ന എം.പി/ എം.എല്‍.എ പേരുകളില്‍! മായാവതിയുടെയും ആനകളുടെയും പ്രതിമകള്‍ മറച്ചുവച്ചിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍, തെരഞ്ഞെടുപ്പ് പൊതു പെരുമാറ്റചട്ട ങ്ങളുടെ പേരില്‍ ഇനിമുതല്‍ ഇങ്ങനെ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള എം.പി/എം.എല്‍.എ പേരുകള്‍ മറ ക്കണമെന്ന് ആവശ്യപ്പെടാതിരിക്കുന്നതില്‍ ശരി ക്കടില്ലേ?

അധികാരം കിട്ടിയാല്‍ തങ്ങള്‍ നാട്ടില്‍ പാലും തേനുമൊഴുക്കുമെന്നത് രാഷ്ട്രീയ കക്ഷികളു പ്രകടനപത്രികയിലിടം പിടിക്കുന്നു. വാരികോരി മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നത് വോട്ട് പിടിക്കുവാനാണെന്നാര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. വോട്ടര്‍മാരെ പ്രീണിപ്പിക്കുവാനുള്ള തീരുമാനങ്ങള്‍ /പ്രഖ്യാപനങ്ങള്‍ പെരുമാറ്റചട്ട ലംഘനത്തിലിടം പിടിക്കുന്നുവെങ്കില്‍, പ്രകടന പത്രികളെയും തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കേണ്ടിവരില്ലേയെന്ന സംശയമുണര്‍ന്നാല്‍ അത് തള്ളികളയതക്കതോ?

വോട്ട് ബാങ്ക് രാഷ്ട്രീയം
ജയപൂര്‍ സാഹിത്യോസ്തവത്തില്‍ സല്‍മാന്‍ റൂഷ്ദിയെ പങ്കെടുപ്പിയ്ക്കാന്‍ പാടില്ലെന്ന ശഠിച്ച ഒരു പറ്റം  മുസ്ളിം പൌരോഹിത്യത്തിന് അനുകൂലമായി കേന്ദ്രരാജസ്ഥാന്‍ സര്‍ക്കാരുകള്‍ നിലപാടെടുത്തു. എന്തിനധികം റൂഷ്ദിയുടെ വീഡിയോ കോണ്‍ഫറന്‍സ് പോലും തടസ്സപ്പെടുത്തുവാന്‍  പൌരോഹിത്യത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ തന്നെയും തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിലേതടക്കുള്ള മുസ്ളിം വോട്ടര്‍മാരെ പ്രീണിപ്പിക്കുവാനുള്ള തന്ത്രമായിട്ടാണ് റൂഷ്ദിയുടെ വരവിന് വിരുദ്ധമായ നിലപാടെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ മുഖ്യമായും പ്രേരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇതിനെയും പെരുമാറ്റചട്ട ലംഘനമായി കാണേണ്ടതല്ലേ?

തസ്ളീമ നസറിനും സല്‍മാന്‍ റുഷ്ദിക്കുമെതിരെയുള്ള മുസ്ളിം പൌരോഹിത്യത്തിന്റെ എതിര്‍പ്പിന് വോട്ട് ബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ്  പിന്‍ബലമേകുന്നു. തസ്ളീമ നസീറിന് സ്ഥിരം വിസ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ഹൈന്ദവ ദേവതകളെ അശ്ളീലവല്‍ക്കരിച്ച് ചിത്രരചന നടത്തിയെന്ന് ആരോപിച്ച് വിഖ്യാത ചിത്രകാരന്‍ ഡോ. എം. എഫ്. ഹുസൈനെതിരെ ഹൈന്ദവ മതമൌലികവാദികള്‍ രംഗത്തുവന്നപ്പോള്‍ അതിനോടൊത്ത് നില്‍ ക്കുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് വൈമുഖ്യമുണ്ടായില്ല. എം.എഫ്. ഹുസൈനെതിരെ ഹൈന്ദവ മതമൌലിക വാദികളുടെ ഫദ്വക്കെതിരെ അനുകൂല നിലപാട് സ്വീകരിച്ചതിലൂടെ ഹൈന്ദവ പ്രീണന രാഷ്ട്രീയം തന്നെയാണ്  കോണ്‍ഗ്രസ് പയറ്റിയത്. കോണ്‍ഗ്രസ്സിന്റെ മതേതര നിലപാടുകള്‍ക്കുമേല്‍ കരിനിഴല്‍ വീഴുത്തുംവിധമാണ് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ഉന്നംവച്ചുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. യു.പിയില്‍ തങ്ങളുടെ ശക്തി തെളിയിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍ കോണ്‍ഗ്രസിന്റെ മതേതര പാരമ്പര്യമൊക്കെ രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ കണ്‍തുറന്നുകാണാനേ തയ്യാറല്ല

മുസ്ളിം വോട്ടര്‍മാരെ പ്രീണിപ്പിക്കുവാന്‍, ആവിഷ്ക്കാര സ്വാതന്ത്യ്രത്തെപ്രതി ഘോരഘോരം പ്രസംഗിക്കുന്ന സിപിഎമും അവരുടെ സര്‍ക്കാരും കല്‍ക്കത്തയില്‍ നിന്ന് തസ്ളീമയെ ഒഴിവാക്കുവാന്‍   തന്ത്രം മെനഞ്ഞു. എം.എഫ്.ഹുസൈനെതിരെ ബിജിെപിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് ഹാലിളകി. “ഫയര്‍”, “തമന്ന” തുടങ്ങിയ സിനിമകള്‍ക്കെതിരെ ഈ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നു. വാലന്‍ന്റെയ്ന്‍ ദിനത്തെ ഇവര്‍ എതിര്‍ക്കുന്നു. അതേ സംഘപരിവാര്‍ സംഘടനകള്‍ തസ്ളീമ നസീറിനും സല്‍മാന്‍ റൂഷ്ദിക്കുവേണ്ടി ആവിഷ്ക്കാര സ്വാതന്ത്യ്രത്തിന്റെ പേരില്‍ രംഗത്ത് വരുന്നു! തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വോട്ട് ബാങ്കുകള്‍ ഊട്ടിയുറപ്പിക്കാന്‍ ഏതറ്റവും പോകാന്‍ കോണ്‍ഗ്രസ്, ബിജെ പിയടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു വൈമുഖ്യമില്ലെന്നതന്നെയാണിതെല്ലാം  തെളിയിക്കുന്നത്.
മുസ്ളിങ്ങളുടെ വോട്ട്ബാങ്കില്‍ മാത്രം കണ്ണുവച്ച് സര്‍വ്വ രാഷ്ട്രീയ കക്ഷികളും തന്ത്രങ്ങള്‍ മെനയുന്നു. ഈ തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളെ വെല്ലുവിളിക്കുന്നു. കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മുസ്ളിം പ്രീണന ദിശയില്‍ പ്രത്യേക മുസ്ളിം സംവരണം പ്രഖ്യാപനം നടത്തി.യതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍  തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണ്ടു. ഇതിനെപോലും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിന് കേന്ദ്ര മന്ത്രി ഖുര്‍ഷദിന് ഒരു സങ്കോചവുമുണ്ടായില്ല. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പക്ഷേ കമ്മീഷന്‍ തങ്ങളുടെ ഭരണഘടനാപദവി കൃത്യമായി വിനിയോഗിച്ചില്ലെന്നുവേണം പറയാന്‍. നേരെമറിച്ച് മായവതിയേയും അവരുടെ ആന പ്രതിമകളെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ മറച്ചുവച്ചിരിക്കുന്നു. പ്രീണന രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ഇന്ത്യന്‍ പാര്‍ലമെന്ററിവ്യവസ്ഥ മാറിയിരിക്കുന്നിടത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമെന്ന ആയുധമുപയോഗിച്ച് മായവതിയുടുെം അവരുടെ ആനകളുടെയും പ്രതിമകള്‍ മറച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദളിത് വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇവിടെയാണ് സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ നടത്തിപ്പുക്കാരായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയിരിക്കുന്നുവെന്ന സംശയം ബലപ്പെടുന്നത്. ഇത് ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തീര്‍ത്താല്‍ തീരാത്ത അപഖ്യാതി തന്നെയാകും.
മതമൌലികവാദികളുടെ പിടിവാശിക്ക് അനുസൃതമായി ആവിഷ്ക്കാര സ്വാതന്ത്യ്രത്തെക്കറിച്ച് നിലപാടെടുക്കുന്ന ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇന്ത്യന്‍ മതേതര പാരമ്പര്യത്തെ തന്നെയാണ് തിരസ്ക്കരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയുടെ മുഖ്യ പങ്കുക്കാരായ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് പിറകെപായുകയാണ്. ഇവിടെയെല്ലാം വ്യക്തമാകുന്നതും അവരെല്ലാം മതേതരത്വത്തെ സൌകര്യപൂര്‍വ്വം തിരസ്ക്കരിക്കുന്നുവെന്നു തന്നെയാണ്.  തിര്‍ത്തും സങ്കുചിത രാഷ്ട്രീയ വീക്ഷണങ്ങളുടെ അടിമകളായിട്ടുള്ള ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവര്‍ അവകാശപ്പെടുംവിധം മതേതര ശക്തികളാകാനാകില്ലെന്നു മാത്രമല്ല, വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി ഇന്ത്യയുടെ മതേതര മൂല്യങ്ങളെ ബലികൊടുക്കുന്നതില്‍ ഒരു അറപ്പുമില്ലെന്ന്  അവരെല്ലാം തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്.ഇത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മാറ്റ് കുറയുന്നതിനിട വരുത്തുമെന്നത് അവിതര്‍ക്കിതം.

Top