

അംബേദ്‌കര്‍ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധം
ആന്ധ്രാ പ്രദേശിലെ അമലപുരത്തു ഡോ. അംബേദ്‌കര്‍ പ്രതിമ തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. പ്രതിമ തകര്‍ത്തത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഉന്നത തല സംഘത്തെ നിയോഗിക്കണമെന്ന് തെലുംകാന പ്രജ മുന്നണി ചെയര്‍മാനും ജനകീയ കവിയുമായ ഗദ്ദര്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡിയെ സന്ദര്‍ശിച്ച ഗദ്ദറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
ശനിയാഴ്ച നടന്ന മൂന്നു പേരുടെ അറസ്റ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരാന്‍ ശരിയായ അന്വേഷണം ആവശ്യമാണ്.
അമലപുരത്ത് വ്യതസ്ത പ്രദേശങ്ങളിലായി അംബേദ്കറുടെ അഞ്ചു പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ഇതിനെതിരെ ദളിത് പ്രസ്ഥാനങ്ങളുടെയും എഴുത്തുകാരുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.