‘എമര്‍ജിങ് കേരള’യും പാര്‍ശ്വവത്കൃത സമുദായങ്ങളും

‘എമര്‍ജിങ് കേരള’യിലൂടെ നടക്കുന്ന മൂലധന സമാഹരണവും വികസനപദ്ധതികളും മനസിലാക്കപ്പെടേണ്ടത് കേരളീയ സമൂഹത്തിനുള്ളിലെ അഗാധമായ പിളര്‍പ്പുകളുടെയും സംഘര്‍ഷങ്ങളുടെയും സമൂഹരൂപീകരണങ്ങളുടെയും പശ്ചാത്തലത്തിലായിരിക്കണം. അല്ലാതെ, മൂലധനത്തോടുള്ള അതിവിദൂരസ്ഥമായ വിമര്‍ശനങ്ങള്‍ നമ്മെ എങ്ങും കൊണ്ടെത്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യഥാര്‍ത്ഥത്തില്‍ കേവലമായ മൂലധന വിരുദ്ധത ആത്യന്തികമായി മൂലധനാധിപത്യത്തെയാണ് സേവിക്കുന്നത്. മറിച്ച് കേരളം പോലുള്ളൊരു സംസ്ഥാനത്തു നടക്കുന്ന മൂലധന വിനിയോഗമെന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന ആലോചനയാണ് സംഗതമായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമുള്ള ‘എമര്‍ജിങ് കേരള’ സംരംഭത്തോട് എടുക്കേണ്ട സമീപനത്തെ സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

എമര്‍ജിങ് കേരളയെന്ന പേരില്‍ നടന്ന ആഗോളമൂലധന സമാഹരണയജ്ഞത്തിന്റേയും, അത് മുന്നോട്ടുവയ്ക്കുന്ന വികസനപദ്ധതികളുടേയും പശ്ചാത്തലത്തില്‍ കേരളത്തിലെ പാര്‍ശ്വവത്കൃത സമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഗൌരവമായ ആലോചനകള്‍ പ്രധാനമാണ്. സര്‍ക്കാരിന്റെ ഓരോ വികസനപദ്ധതികളും ആയിരക്കണക്കിനു മനുഷ്യരെയും കുടുംബങ്ങളെയും അനാഥമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മുഖ്യധാരാ വികസനത്തിലൂടെ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ പുറന്തള്ളല്‍ പ്രക്രിയ ഏകമുഖമായ ഒരു പ്രക്രിയയല്ലെന്ന വസ്തുത നാം അടിവരയിട്ടു മനസിലാക്കണം. കേരളീയ സമൂഹത്തിന്റെ സവിശേഷമായ സാമൂഹികസാഹചര്യങ്ങളില്‍ ചില സമുദായങ്ങള്‍ നിരന്തരം പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് നമ്മുടെ പ്രത്യേകശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.


ആരാണീ ബഹിഷ്കൃതസമുദായങ്ങള്‍? അങ്ങനെ ഒരവസ്ഥ പ്രബുദ്ധ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ വാചാലമായ മറുപടി നല്‍കുന്നുണ്ട്. കണക്കുകളിലേക്ക് കടക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ നാളിതുവരെ നടന്ന വികസനപ്രവര്‍ത്തനങ്ങളില്‍ ഗുണം ലഭിക്കാതെ, ‘വിപരീത ഗുണങ്ങളാല്‍’ പുറന്തള്ളപ്പെട്ട പ്രധാന സമുദായങ്ങല്‍ ദലിതരും, ആദിവാസികളും, മത്സ്യബന്ധനസമുദായങ്ങളുമാണ്. സമാനമായ സ്ഥിതിവിശേഷങ്ങള്‍ പിന്നാക്കവിഭാഗങ്ങളിലെ തന്നെ ചില സമുദായങ്ങളും നേരിടുന്നതായി കാണാം. കേരളത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ പുരുഷാധിപത്യത്തിന്റെ ഇടങ്ങളെ ശക്തിപ്പെടുത്തി സ്ത്രീകളുടെ സ്വതന്ത്രവ്യവഹാരങ്ങളെ തടയുന്നതിനെ സംബന്ധിച്ച നിരീക്ഷണങ്ങളും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
വികസനപ്രക്രിയയുടെ ഭാഗമായി ഈ സമുദായങ്ങള്‍ പുറന്തള്ളപ്പെടുന്നത്, മുതലാളിത്തത്തിന്റെ, മൂലധനത്തിന്റെ ആര്‍ത്തി പൂണ്ട ലാഭക്കൊതി കൊണ്ടാണെന്ന വാദം കുറ്റകരമായ ലളിതവല്‍ക്കരണമാണ്. കാരണം മുതലാളിത്തം രൂപം കൊള്ളുന്നതിനു മുന്‍പും ഈ സമുദായങ്ങള്‍ ബഹിഷ്കൃതരായിരുന്നു എന്ന ചരിത്രയാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഈ സാമുദായിക ബഹിഷ്കരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ബലതന്ത്രങ്ങളെ വിശദീകരിക്കാന്‍ ‘മുതലാളിത്തത്തിന്റെ ലാഭക്കൊതി വാദം’ പര്യാപ്തമല്ല എന്നുതന്നെയാണ്. വ്യക്തികളല്ല, ചില സമുദായങ്ങള്‍ തന്നെ വികസനത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നതെന്തുകൊല്പാണെന്ന നിര്‍ണ്ണായക ചോദ്യമാണിവിടെ അഭിസംബോധന ചെയ്യപ്പെടാതിരിക്കുന്നത്. കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പ്രാഥമികമായും പരിഗണിക്കപ്പെടേണ്ട മൌലികമായൊരു സമസ്യയാണിത്.
ഈ സന്ദര്‍ഭത്തെ സമഗ്രമായി വിശദീകരിക്കാന്‍ മൂലധനം, ലാഭം, കമ്പോളം എന്നീ സാമഗ്രികള്‍ കൊണ്ട് സാദ്ധ്യമല്ല. ഇതോടൊപ്പം തന്നെ പ്രവര്‍ത്തനക്ഷമമാകുന്ന ജാതിജന്യമായ മൂല്യബോധവും ജീവിതവീക്ഷണവും, ആദിമനിവാസികളോട് പൊതുസമൂഹം പുലര്‍ത്തുന്ന വംശവിദ്വേഷം, പൊതുസമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക ഭാവനകള്‍ ദൈനംദിന ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതീകാത്മക ഹിംസകളും അപമാനവീകരണങ്ങളും, പൊതുസമൂഹവും സര്‍ക്കാര്‍ സംവിധാനവും നടത്തുന്ന ഗൂഢാലോചനപരമായ പാരസ്പര്യത്തിലൂടെ നിരന്തരം പുനരുല്‍പ്പാദിപ്പിക്കുന്ന അരക്ഷിതാവസ്ഥ തുടങ്ങി അതീവ സങ്കീര്‍ണ്ണമായ ബലതന്ത്രങ്ങളാണ് ഈ സാമുദായിക ബഹിഷ്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മൂലധനത്തിനും ലാഭമോഹത്തിനും ജാതിയോ, മതമോ ഇല്ലെന്ന നമ്മുടെ ക്ളാസിക്കല്‍ സമ്പദ്ശാസ്ത്രധാരണ തന്നെയാണ് ഇതിനുമുന്നില്‍ തകര്‍ന്നടിയുന്നത്.
മേല്‍ സൂചിപ്പിച്ച സമുദായങ്ങളുടെ ജീവിതാവസ്ഥയെന്താണ്? ഇതറിയുന്നതിനായി കേരള സര്‍ക്കാര്‍ ആധികാരികമായി നടത്തിയ പഠനത്തിലൂടെ പുറത്തുവന്ന കണക്കുകള്‍ നമുക്ക് പരിശോധിക്കാം. 2011-ലെ കനേഷുമാരി അനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 9.2% വരുന്ന പട്ടികജാതിക്കാരില്‍ 55% കുടുംബങ്ങളും കോളനികളിലാണ് ജീവിക്കുന്നത്. ഇവരുടെ കൈവശഭൂമി 1 സെന്റ് മുതല്‍ 8.5 സെന്റ് വരെ മാത്രമാണ്. കേരളത്തിലെ പട്ടികജാതി കോളനികളുടെ എണ്ണം 26198 ആണ്. ജനസംഖ്യയില്‍ 1.14% വരുന്ന ആദിവാസികളില്‍ 92.36% 4645 ആദിവാസി കോളനികളിലാണ് ജീവിക്കുന്നത്. ഏതാണ്ട്  8.5 ലക്ഷത്തോളം വരുന്ന മത്സ്യബന്ധനസമുദായങ്ങള്‍ തീരദേശ ജനസംഖ്യയുടെ 11.52% ആണ്. ഇവരില്‍ 9.25% പേര്‍ക്കും 1 സെന്റില്‍ താഴെ മാത്രമാണ് ഭൂമി. 66.43% പേര്‍ക്കും 5 സെന്റില്‍ താഴെ മാത്രമാണ് ഭൂമിയുള്ളത്.
ഈ സമുദായങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യനിലയും പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം പിന്നിലാണെന്നു കാണാം. കേരളത്തിലെ പട്ടികജാതിക്കാരില്‍ 2.2 ലക്ഷം പേര്‍ നിരക്ഷരരാണെന്നും, അതില്‍ തന്നെ 27355 പേര്‍ 5-9 വയസിനിടയിലുള്ള കുട്ടികളാണെന്നും സര്‍ക്കാര്‍ കണക്കുകളില്‍ കാണാന്‍ കഴിയും. വിദ്യാഭ്യാസരംഗത്തെ ഈ സമുദായങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന് ഒരു സ്വകാര്യമോഡല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കെത്താന്‍ കഴിയുന്ന കുട്ടികള്‍ കേവലം 2% മാത്രമാണ് ഇതിന് സമാനമോ, ഇതിനേക്കാള്‍ മോശമോ ആയ സ്ഥിതിയിലാണ് ഏതാണ്ട് 25 ലക്ഷത്തിലധികം വരുന്ന ദലിത് ക്രൈസ്തവരുടെ സ്ഥിതിയെന്നതും ഇതോടൊപ്പം ചേര്‍ത്ത് മനസിലാക്കേണ്ടതാണ്.
കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കേരളം ഭരിച്ച ജനാധിപത്യഗവണ്‍മെന്റുകള്‍ ഒരു ജനതയെ കൈകാര്യം ചെയ്തതിന്റെ സാക്ഷ്യപത്രമാണ് മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍. ഈ കണക്കുകള്‍ നല്‍കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സൂചനകളെന്തെല്ലാമാണ്? കേരളത്തിലെ ദലിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും ഇപ്പോഴും ദാരിദ്യ്രത്തില്‍ തന്നെ കഴിയുന്നു എന്നതു മാത്രമാണോ ഇത് വെളിപ്പെടുത്തുന്നത്. ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ഈ ജനവിഭാഗങ്ങള്‍ക്ക് മാത്രമായി മുപ്പതിനായിരത്തിലധികം കോളനികളുണ്ടായതെങ്ങനെയെന്നതാണ്. മറ്റുള്ള സമുദായങ്ങള്‍ക്കൊന്നും സമാനമായ കോളനികളില്ലാത്തതെന്തുകൊണ്ടാണ്? ഈ ദിശയില്‍ ആലോചിക്കുമ്പോഴാണ് ആധുനിക കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമുദായിക അസന്തുലിതാവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നമുക്ക് വരാന്‍ കഴിയുന്നത്. അതായത് കേരളത്തിലെ ദേശീയ സമ്പത്തും വിഭവങ്ങളും പങ്കുവക്കുന്നതില്‍ എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ ജനാധിപത്യ ഗവണ്‍മെന്റുകള്‍ക്കും കഴിഞ്ഞില്ലയെന്നതാണ് പ്രധാനകാര്യം.
ഇതിനൊരു മറുപുറം കൂടിയുണ്ട്. വികസനത്തില്‍ നിന്നും സമുദായങ്ങള്‍ അടരോടെ പിഴുതെറിയുമ്പോള്‍ ഇതിന്റെ ഗുണഭോക്താക്കളാകുന്നത് മറ്റു ചില സമുദായങ്ങളാണ് എന്നതാണത്. വിഭവാധികാരത്തിലും മൂലധനാധിപത്യത്തിലുമുള്ള ഈ ‘സാമുദായി മുദ്ര’യെ മൂടിവയ്ക്കാനാണ് പുരോഗമന കേരളം സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതായത് കേരളത്തിലെ ദാരിദ്യ്രത്തിനും സമ്പന്നതയ്ക്കും സാമുദായികമായ അടിസ്ഥാനം നിര്‍ണ്ണായകമാണ്. കേരളം ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന മുഖംമൂടി അഴിഞ്ഞുവീഴുന്ന സന്ദര്‍ഭമാണിത്. ഈ സാമുദായിക അസന്തുലിതാവസ്ഥ കൊണ്ട് ദലിതര്‍ക്കും ആദിവാസികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും വിഭവാധികാരവും മൂലധന പങ്കാളിത്തവും ലഭിച്ചില്ല എന്നതു മാത്രമല്ല പ്രശ്നം, നമ്മുടെ സമ്പദ്ഘടനയെ അടിസ്ഥാനപരമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന അസമ വികാസത്തിന്റെ – കൃഷിയും വ്യവസായവും പിന്നോട്ടടിക്കുമ്പോള്‍ സേവന മേഖല വികസിക്കുന്നതിന്റെ – പ്രേരണകള്‍ സ്ഥിതി ചെയ്യുന്നത് സാമുദായി മുദ്രയുള്ള മൂലധന വാഴ്ചയിലാണെന്നതാണ് ഗൌരവമായ പ്രശ്നം. അതായത് കേരളത്തിലെ സാമ്പത്തിക മേഖലയെകുറിച്ചുള്ള ഏതൊരു ആലോചനയും പ്രഥമവും പ്രധാനവുമായി പരിഗണിക്കേണ്ട വിഷയമാണ് സാമുദായിക അസന്തുലിതാവസ്ഥയുടെ പ്രശ്നം. ഇതിനെ അഭിസംബോധന ചെയ്യാന്‍ വിസമ്മതിക്കുന്ന ഏതൊരു വികസനവും സാമുദായിക അസന്തുലിതാവസ്ഥയെ കൂടുതല്‍ അഗാധവും തീവ്രവുമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതീവസങ്കീര്‍ണ്ണായ സാമുദായിക സ്വത്തുടമസ്ഥതയുടെ മൂലധനവാഴ്ചയുടേയും സന്ദര്‍ഭത്തിലേക്കാണ് ‘എമര്‍ജിങ് കേരള’ എന്ന പുതു വികസന സങ്കല്പം വന്നുവീഴുന്നത്.
എമര്‍ജിങ് കേരളയുടെ നടത്തിപ്പുകാരുടെ അവകാശവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വ്യക്തമാകുന്ന ചിത്രം, കേരളത്തില്‍ മുതല്‍മുടക്കാന്‍ താല്പര്യമുള്ള വിദേശ-സ്വദേശ മൂലധന ശക്തികള്‍ക്ക് പരമാവധി ഇളവോടുകൂടി എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ് എന്നതാണ്. ഈ സൌകര്യങ്ങളില്‍ ഭൂമി, വെള്ളം, വൈദ്യുതി, പശ്ചാത്തലസൌകര്യം എന്നിവയെല്ലാം പെടും. ഇതില്‍ വലിയ ഗൂഢാലോചനയുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഇത് മാത്രമാണോ ഈ പുതിയ വികസനത്തില്‍ അടങ്ങിയിരിക്കുന്ന ചതി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിട്രോഡ, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, വ്യവസായ വകുപ്പിന്റെ മുന്‍ തലവന്‍ ടി. ബാലകൃഷ്ണന്‍ എന്നിവരുടെ വാക്കുകളിലൂടെ ഈ വികസന ഭാവന കൂടുതല്‍ വ്യക്തതയോടെ പുറത്തുവന്നിട്ടുണ്ട്. ഒട്ടനവധി പ്രോജക്ടുകളെക്കുറിച്ച് വാചാലമാകുന്നുണ്ടെങ്കിലും ഇവരെല്ലാം പ്രധാനമായും കേന്ദ്രീകരിക്കുന്നു. ഐടി, ടൂറിസം, ആരോഗ്യം, വിനോദവ്യവസായം എന്നിവയിലാണ്. ഇതിനാവശ്യമായ പശ്ചാത്തല സൌകര്യങ്ങളുമാണ് ഇതിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്.
വിപുലമായ മൂലധന സമാഹരണത്തിലൂടെ ഈ വികസനപദ്ധതികള്‍ നടപ്പിലാക്കപ്പെട്ടാല്‍ കേരളം അടിസ്ഥാനപരമായി തന്നെ മറ്റൊരു സ്ഥലമായി രൂപാന്തരപ്പെടുമെന്ന് ഉറപ്പാണ്. ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ഇത്തരമൊരു വികസനഭാവനയെ സാദ്ധ്യമാക്കുന്ന സാമൂഹിക പരിസരമെന്താണ് എന്നതാണ്. സ്വദേശിയും വിദേശീയുമായ വിപുലമായ മൂലധനത്തെ സ്വാഗതം ചെയ്ത് സ്വാഗതം  ചെയ്യുന്ന സാമൂഹിക ഘടകങ്ങളെന്തൊക്കെയാണ്? പലപ്പോഴും കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പരിഗണിക്കപ്പെടാതെ പോകുന്ന ചോദ്യവുമാണിത്. ലാഭേഛ മാത്രമുള്ള, മേല്‍്വിലാസമില്ലാത്ത മൂലധനത്തിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള വിദൂരസ്ഥ ചര്‍ച്ചകള്‍ മാറ്റിവച്ച് കൂടുതല്‍ അടുത്തുനിന്ന് കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രാരംഭദശയില്‍ ഇന്ത്യയിലേക്ക് വന്ന കച്ചവട മൂലധനശക്തികളെ സ്വീകരിച്ചാനയിച്ചത് ഏതൊക്കെ വിഭാഗങ്ങളായിരുന്നു എന്നത് ഇന്ന് ഏറെ വ്യക്തമാണ്. കല്‍ക്കട്ടയില്‍ കായസ്ഥ ബ്രാഹ്മണരും, ബോംബെയില്‍ മാര്‍വാടികളും ജൈനന്‍മാരും, മദ്രാസില്‍ ചെട്ടികളും അയ്യങ്കാര്‍മാരുമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സാമൂഹിക പിന്തുണയില്ലാതെ മൂലധനശക്തികള്‍ക്ക് വിജയകരമായി കടന്നുകയറാനോ പിടിച്ചുനില്‍ക്കാനോ കഴിയില്ല. ഇതിനു സമാനമായി ഇപ്പോള്‍ കേരളത്തിലേക്കൊഴുകുന്ന വിപുലമായ മൂലധനത്തെ സ്വീകരിച്ചാനയിക്കുന്ന സാമൂഹിക ഘടകമേതാണ് എന്നത് ഗൌരവമായി പരിശോധിക്കപ്പെടേല്പതാണ്. ഇതിനുത്തരമായി പറയുന്നത് കേരളത്തിലെ മധ്യവര്‍ഗ്ഗമാണെന്നാണ്. എന്നാല്‍ ഇത് ഒരു ലളിതവല്‍ക്കരണവും കേരളത്തിലെ സവിശേഷമായ സ്വത്തുടമാബന്ധങ്ങളെ പരിഗണിക്കാത്തതുമാണ്. കേരളത്തിലെ സമ്പന്നമായ മധ്യവര്‍ഗ്ഗം രൂപപ്പെട്ടുവന്നത് നാം നേരത്തെ ചര്‍ച്ച ചെയ്ത വികസനത്തിലെ അസമമായ സാമുദായികാവസ്ഥകളില്‍ നിന്നാണ്. ആഭ്യന്തര കുടിയേറ്റത്തിലും, ഭൂ ഉടമസ്ഥതയിലും വിദേശ കുടിയേറ്റത്തിലുമെല്ലാം സുവ്യക്തമായിരിക്കുന്ന ഈ ‘സാമുദായികത’യെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് കേരളം നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനാവില്ല.
സമ്പന്നമോ അതീവസമ്പന്നമോ ആയ ഈ വിഭാഗങ്ങളുടെ ജീവിത കാമനകളുടേയും, ആനന്ദോത്സവങ്ങളും തന്നെയാണ് പുതിയ വികസനഭാവനയ്ക്ക് അടിസ്ഥാനമാകുന്നത് അതുകൊണ്ടാണ് പുതിയ വികസനം ഐടി, ടൂറിസം, വിനോദവ്യവസായം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ വട്ടമിട്ടു നില്‍ക്കുന്നത്. മാത്രവുമല്ല ഈ വിഭാഗത്തിന്റെ താല്പര്യങ്ങളാണ് ഭാവി കേരളത്തിന്റെ താല്പര്യമായി ഭരണാധികാരികള്‍ കൊട്ടിഘോഷിക്കുന്നത്.  അതിനു തടസമായി നില്‍ക്കുന്ന നിയമ-ഭരണ പരിഷ്കാരത്തിന് അവര്‍ തിടുക്കം കൂട്ടുകയും ചെയ്യുന്നു. കേരളത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ പോലും സന്നദ്ധമല്ലാത്ത അക്രമോത്സുകമായ ഈ വികസനപ്രക്രിയ, ഇപ്പോഴുള്ള അസമാനതയെ കൂടുതല്‍ രൂക്ഷവും വിപുലവുമാക്കും എന്നതുറപ്പാണ്.
ഇപ്പറഞ്ഞതിനര്‍ത്ഥം, കാര്യങ്ങള്‍ പഴയപടി തന്നെ തുടര്‍ന്നാല്‍ മതി, ഒരു വികസനവും വേണ്ട എന്നല്ല. ഒരു ദേശത്ത് നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യ ഗവണ്‍മെന്റിന്റെ പരിഗണനകളെന്തായിരിക്കണം എന്നതാണ് പ്രശ്നം. നവ ഉദാരീകരണത്തിന്റെ കാലത്ത് ഒരു ഗവണ്‍മെന്റിനും ഇത്തരം പരിഗണനകളെടുക്കാന്‍ കഴിയില്ല എന്നു വാദിക്കാമെങ്കിലും പാര്‍ശ്വവത്കൃത സമുദായങ്ങള്‍ക്കും, നിരന്തരം പുറത്താക്കപ്പെടുന്ന സാധാരണ മനുഷ്യര്‍ക്കും അവരുടെ ജീവിതാവസ്ഥകളെ പരിഗണിക്കുവാന്‍ തയ്യാറുള്ള ഗവണ്‍മെന്റ് ഉണ്ടാകുക എന്നതല്ലാതെ മറ്റു വഴികളൊന്നുമില്ല. നിലവിലുള്ള ഗവണ്‍മെന്റുകള്‍ അതിനു തയ്യാറല്ലെങ്കില്‍, അതേറ്റെടുക്കാന്‍ പ്രാപ്തിയുള്ള മറ്റൊരു ഗവണ്‍മെന്റിനെ സാദ്ധ്യമാക്കുക എന്നതു മാത്രമാണവരുടെ മുന്നിലെ പോംവഴി.
ഇവിടെയാണ് മറ്റൊരു കേരളത്തിനും വികസന പരിപ്രേക്ഷ്യത്തിനും വേണ്ടിയുള്ള അന്വേഷണം പ്രസക്തമാകുന്നത്. ഇതുപക്ഷേ, സ്വച്ഛന്ദമായ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള കാല്പനികതയില്‍ നിന്നല്ല രൂപംകൊള്ളുന്നത്. സാമ്പത്തിക വിദഗ്ദ്ധരുടെ ആസൂത്രണ മികവില്‍ നിന്നും ഒരു ബദല്‍ പരിപ്രേക്ഷ്യം രൂപം കൊള്ളില്ല. ഇതിനായി നാം തിരിയേണ്ടത് നമ്മുടെ സമൂഹത്തിനുള്ളില്‍ തന്നെ രൂപപ്പെട്ടുവരുന്ന സാമൂഹ്യഭാവനകളിലേക്കാണ്. കേരളം ഇനിയും ശ്രദ്ധാപൂര്‍വ്വം പിന്തുടരാത്ത ചില സന്ദര്‍ഭങ്ങള്‍ ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.

നിയോ ലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ 90 കളിലാരംഭിച്ചതിനുശേഷം, അടിസ്ഥാന വിഭവമായ ഭൂമിക്ക് മേല്‍ അവകാശവാദം ഉന്നയിച്ചത് ആദിവാസികളാണ് എന്നത് യാദൃശ്ചികമായിരുന്നില്ലെന്ന് ഇനിയും കേരളത്തിന് ബോദ്ധ്യപ്പെട്ടിട്ടില്ല. ഈ സമരത്തോട് കേരളം കാണിച്ച അനുഭാവം ജീവകാരുണ്യപരമായിരുന്നു. അതായത് കേരളത്തിലെ ആദിവാസി പ്രസ്ഥാനം മുന്നോട്ടുവച്ച സാമൂഹിക-രാഷ്ട്രീയ ഭാവനകളെ കാണുന്നതില്‍ കേരളീയ സമൂഹം പരാജയപ്പെടുകയാണുണ്ടായത്. സ്വദേശ-വിദേശ കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി, കൃഷി ചെയ്യുന്നതിനായി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം തികഞ്ഞ ഒരു രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. കേരളീയ സമൂഹം നേരിടുന്ന മൌലികമായ രല്പു പ്രതിസന്ധികളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യപ്പെട്ട അപൂര്‍വ്വ ചരിത്രസന്ദര്‍ഭമായിരുന്നു ആദിവാസി ഭൂസമരം. ഒന്ന്, ഭൂ ഉടമസ്ഥതയുടെ കേന്ദ്രീകരണവും, വിഭവാധികാരത്തിലുള്ള സാമുദായിക അസന്തുലിതാവസ്ഥയും. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ആദിവാസി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം ബോദ്ധ്യപ്പെടാന്‍ വിസമ്മതിച്ച കേരളീയ സമൂഹം ഇതിനെ കേവലമായ ആദിവാസി അതിജീവനസമരമായി കണക്കാക്കി ജീവകാരുണ്യ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
കൃഷിഭൂമിക്ക് വേണ്ടി ചെങ്ങറയില്‍ സമരം ചെയ്ത ഏഴായിരത്തിലധികം കുടുംബങ്ങളില്‍ 95%ല്‍ അധികവും ദലിതരായിരുന്നു എന്നത് കേരളത്തിലെ ഭൂരഹിതരുടെ ‘സാമുദായികത’ വെളിപ്പെടുത്തുന്നുണ്ട്. ഈ സമരവും കേരളം നാളിതുവരെ കേള്‍ക്കാത്ത പുതിയ ചില കാര്യങ്ങളാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്. ഇനി മുതല്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വീടും, കക്കൂസും, കോഴിയും, താറാവും നല്‍കേണ്ടതില്ല. ഞങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ കൃഷിഭൂമി നല്‍കുക. അതില്‍ നിന്നു വരുമാനമുണ്ടാക്കി ഞങ്ങള്‍ വീടുണ്ടാക്കുകയും കുട്ടികളെ വിദ്യാഭ്യാസം ചെയ്യുകയും ചെയ്തോളാമെന്ന് ചെങ്ങറ സമരനേതൃത്വം പ്രഖ്യാപിക്കുകയുണ്ടായി. പട്ടികജാതി/വര്‍ഗ്ഗ വികസനമെന്ന പേരില്‍ കഴിഞ്ഞ 50 വര്‍ഷമായി നടക്കുന്ന അശാസ്ത്രീയമായ ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന പ്രഖ്യാപനം, കേരളത്തിലെ ദേശീയ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടാണ് പങ്കുവെയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ സമരത്തോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തിയ കേരളം അവരുടെ വാക്കുകള്‍ക്ക് ചെവികൊടുത്തില്ല.
കേരളത്തിലെ മത്സ്യതൊഴിലാളി സമുദായങ്ങള്‍ കടലിനു മേലുള്ള തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ ഏതോ പ്രാചീന സമുദായത്തിന്റെ മുറവിളിയെനന്നതിനപ്പുറം എന്തെങ്കിലും പ്രാധാന്യം കേരളം നല്‍കിയിട്ടില്ല. 65% ലേറെപേര്‍ക്ക് അഞ്ചു സെന്റില്‍ താഴെ മാത്രം കൈവശമുള്ള കേരളത്തിലെ ഏറ്റവും ദരിദ്രമായൊരു സമുദായമാണിതെന്നോര്‍ക്കണം. മൂലധനത്തിന്റെ വിവേചനരഹിതമായ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നമ്മുടെ മുന്നിലുള്ള പ്രഥമവും പ്രധാനവുമായ ഉപാധി മത്സ്യത്തൊഴിലാളി  സമുദായങ്ങളുടെ കടലിന്റെ മേലുള്ള അവകാശം നിയമവല്‍ക്കരിച്ച് സംരക്ഷിക്കുകയെന്നതാണ്. അതായത് മത്സ്യതൊഴിലാളി സമുദായങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം കേരളത്തിന്റെ തന്നെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ കാര്യം കൂടിയാണെന്നു കാണാന്‍ കേരളത്തിലെ പൊതുസമൂഹത്തിന് ഇനിയും കഴിയുന്നില്ല.
ഈ പ്രക്ഷോഭങ്ങള്‍ രണ്ട് കാര്യങ്ങള്‍ കൊണ്ട് വളരെ പ്രസക്തമാണ്. ഈ സമരങ്ങളെല്ലാം മറ്റൊരു സാമൂഹിക ജീവിതത്തെ സാദ്ധ്യമാക്കിയെടുക്കുന്നതിനെ കുറിച്ചുള്ള ഭാവനകളെയാണ് നിര്‍മ്മിക്കുന്നത്. രണ്ടാമത് ഇത് നടപ്പിലാക്കാന്‍ കഴിയുന്ന പുതിയ സാമൂഹികശക്തികളെയാണ് ഈ സമരങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത, ഇവര്‍ ഏതെങ്കിലും ബദലിനെ മുന്‍കൂട്ടി ഭാവന ചെയ്ത് സമൂഹത്തിലേക്ക് വിക്ഷേപിക്കുന്നവരല്ല. മറിച്ച് അവരുടെ ജീവിതത്തിലൂടെ നടത്തുന്ന സമൂര്‍ത്തമായ സാമൂഹിക ഇടപെടലുകളില്‍ നിന്നും പുതിയൊരു സമൂഹഭാവന ഉദയം ചെയ്യുകയാണ്. (ഈ സര്‍ഗ്ഗാത്മകത കൊണ്ടാണ്, കേരളത്തിലെ സംഘടിത ശക്തികളുടെ സമരങ്ങളെല്ലാം സെക്രട്ടറിയേറ്റ്  മാര്‍ച്ചിലൊടുങ്ങിയപ്പോള്‍, ദലിത്-ആദിവാസി പ്രക്ഷോഭങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത ആവിഷ്കാരങ്ങളിലേക്ക് പറന്നിറങ്ങിയത്) സാമൂഹികരൂപീകരണത്തിന്റെ ഈ പുതിയ വഴിത്താരകളെ മനസിലാക്കാനും അതിനോട് സംവാദാത്മകമായ സഹവര്‍ത്തിത്വം പുലര്‍ത്താനും കഴിയുന്നില്ലെങ്കില്‍ വിനാശകരമായ വികസനം തടയാന്‍ കഴിയില്ല. കേരളത്തിലെമ്പാടും നടക്കുന്ന ജനകീയ പ്രതിരോധങ്ങള്‍ക്ക് മറ്റൊരു കേരളം സൃഷ്ടിക്കാന്‍ കഴിയണമെങ്കില്‍ മുന്‍ചൊന്ന ധാരകളുമായുള്ള സംവാദാത്മകമായ പാരസ്പര്യം ഉണ്ടായേ തീരൂ. അല്ലാതെ അഭിജാത വര്‍ഗ്ഗത്തിലെ പിളര്‍പ്പുകളിലൂടെ രൂപം കൊള്ളുന്ന പുരോഗമന പക്ഷങ്ങള്‍ക്ക് ഇനി ചരിത്രത്തെ നയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിച്ചേ മതിയാകൂ.
‘എമര്‍ജിങ് കേരള’യിലൂടെ നടക്കുന്ന മൂലധന സമാഹരണവും വികസനപദ്ധതികളും മനസിലാക്കപ്പെടേണ്ടത് കേരളീയ സമൂഹത്തിനുള്ളിലെ അഗാധമായ പിളര്‍പ്പുകളുടെയും സംഘര്‍ഷങ്ങളുടെയും സമൂഹരൂപീകരണങ്ങളുടെയും പശ്ചാത്തലത്തിലായിരിക്കണം. അല്ലാതെ, മൂലധനത്തോടുള്ള അതിവിദൂരസ്ഥമായ വിമര്‍ശനങ്ങള്‍ നമ്മെ എങ്ങും കൊണ്ടെത്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യഥാര്‍ത്ഥത്തില്‍ കേവലമായ മൂലധന വിരുദ്ധത ആത്യന്തികമായി മൂലധനാധിപത്യത്തെയാണ് സേവിക്കുന്നത്. മറിച്ച് കേരളം പോലുള്ളൊരു സംസ്ഥാനത്തു നടക്കുന്ന മൂലധന വിനിയോഗമെന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന ആലോചനയാണ് സംഗതമായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമുള്ള ‘എമര്‍ജിങ് കേരള’ സംരംഭത്തോട് എടുക്കേണ്ട സമീപനത്തെ സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
കേരളത്തിലെ ഭൂപ്രകൃതിക്കും ബഹുജനങ്ങള്‍ക്കും വിനാശകാരിയാവുന്ന എല്ലാ പദ്ധതികളും ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കണം. കേരളത്തെ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നാം വികസനം കാംക്ഷിക്കുന്നതെങ്കില്‍, കേരളത്തില്‍ മുടക്കുന്ന മൂലധനത്തിന്റെ നിശ്ചിത ശതമാനം പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ വികാസത്തിനു വേണ്ടി നീക്കിവയ്ക്കേണ്ടതാണ്. അതായത് കേരളത്തില്‍ മുതല്‍ മുടക്കുന്നതിന്റെ ഒരു മുന്നുപാധി ആയിരിക്കണമിത്. കാരണം കേരളത്തില്‍ നടന്ന വികസനങ്ങളുടെ ശേഷിപ്പ് കൂടിയാണ് ഈ സമുദായങ്ങള്‍ നേരിടുന്ന പിന്നോക്കാവസ്ഥ.  ഇവരുടെ വികാസത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്. അല്ലാതെ മുകളില്‍ നിന്നടിച്ചേല്‍പിക്കുന്ന വികസന പദ്ധതികള്‍ ഗുണം ചെയ്യില്ലയെന്നത് നമ്മുടെ അനുഭവമാണ്. അതായത്, കൃഷിഭൂമിയെന്ന ആവശ്യം ദലിതരും ആദിവാസികളും ഉന്നയിച്ചിരിക്കെ, ഇതുകൂടി ഉള്‍ക്കൊള്ളുന്ന വികസനപദ്ധതികളായിരിക്കണം ആവിഷ്കരിക്കപ്പെടേണ്ടത്.
തീരദേശത്തു നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പ്രധാനപ്പെട്ട ഉപാധികള്‍ പരിസ്ഥിതി സംരക്ഷണവും, മത്സ്യത്തൊഴിലാളി സമുദായങ്ങളുടെ വികാസവുമായിരിക്കണം. തീരദേശനിവാസികളില്‍ 11% വരുന്ന പരമ്പരാഗത മത്സ്യബന്ധന സമുദായങ്ങള്‍ക്ക് വീട് വച്ചു ജീവിക്കാനാവശ്യമായ ഭൂമിയും, വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണവും, തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്നത് തീരദേശ വികസനത്തിന്റെ മൌലിക ലക്ഷ്യങ്ങളിലൊന്നായിരിക്കണം. ഇതിന് അനുസൃതമായ മൂലധന വിനിയോഗം മാത്രമേ ഈ മേഖലയില്‍ അനുവദിക്കാന്‍ പാടുള്ളൂ.
ഈ മൂലധന വിപണിയില്‍ മുന്‍ചൊന്ന സമുദായങ്ങളുടെ പങ്കാളിത്തം എങ്ങനെ ഉറപ്പുവരുത്താം എന്നതും ഗൌരവമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഈ സമുദായങ്ങള്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തേല്പതുണ്ട്. ഈ സമുദായങ്ങളില്‍ നിന്നും പ്രാപ്തരായ വ്യക്തികളോ, സംഘങ്ങളോ മുന്നോട്ടു വന്നാല്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള നയപരമായ തീരുമാനം സര്‍ക്കാരിനുണ്ടാകേണ്ടതാണ്. ഇതിലൂടെ മാത്രമേ നാളിതുവരെ നടന്ന വിവേചനങ്ങളവസാനിപ്പിക്കുവാനുള്ള സക്രിയമായ നടപടികള്‍ക്ക് തുടക്കം കുറിക്കാനാവൂ.

ഇതൊന്നും സാദ്ധ്യമല്ലെന്നും, മൂലധനത്തിന് ഇത്തരം സാമൂഹിക ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാനാവില്ലെന്നും വാദിക്കുന്നത് മൂലധന ശക്തികള്‍ മാത്രമല്ല, മൂലധനവിരുദ്ധര്‍ കൂടിയാണെന്നതാണ് വിചിത്രമായ വസ്തുത. രണ്ട് കൂട്ടരും വിചാരിക്കുന്നത് മൂലധനമെന്നാല്‍ ലാഭേഛ മാത്രമാണെന്നാണ്. എന്നാല്‍ നിയമനിര്‍മ്മാണങ്ങള്‍. ജനങ്ങള്‍ക്കും ഇതിന്റെമേല്‍ പരിധി നിര്‍ണ്ണയിക്കാനാവുമെന്ന് കരുതാന്‍ അവര്‍ക്ക് കഴിയുന്നേയില്ല. അവനിപ്പോഴും മൂലധന ചര്‍ച്ചകളില്‍ ആദിമ മൂലധന സമാഹരണത്തിലെ ഹിംസകളുടെ ലോകത്ത് തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ട് ഒരുവശത്ത് മൂലധന വിരുദ്ധര്‍ പോരാട്ടം നടത്തുമ്പോള്‍ മറുവശത്ത് മൂലധന ശക്തികള്‍ അവരുടെ ഏകപക്ഷീയ വിജയങ്ങള്‍ നേടിക്കൊണ്ടേയിരിക്കുന്നു. പുതിയ കാലത്ത്, പഴയ ഉത്തരങ്ങളുടെ ഭാരവും പേറി ജനങ്ങള്‍ക്ക് പിന്നിലിഴയുന്നവരിലല്ല, പുതിയ കാലത്തോട് സംവദിക്കാനും, നവീനമായ സാമൂഹ്യ-രാഷ്ട്രീയ ഭാവനകള്‍ സൃഷ്ടിക്കാനും കഴിയുന്ന പുതിയ സാമൂഹിക കര്‍തൃത്വങ്ങളിലാണ് നാം പ്രതീക്ഷയര്‍പ്പിക്കേണ്ടത്.

Read more:

എമര്‍ജിങ് കേരളയും ദലിതരും: കെ.കെ. കൊച്ച്

Top