മഅദനി: കഥ ഇതുവരെ

സജ്ജാദ് വാണിയമ്പലം

ഇപ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പ്പാലത്തിലൂടെയാണ് മഅദനിയുടെ ജീവിതം കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ജയില്‍വാസം രാജ്യത്തെ വലിയ മനുഷ്യാവകാശ പ്രശ്നം ആയിക്കഴിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് നിരന്തരം വേട്ടയാടിയവര്‍ തന്നെ അദ്ദേഹത്തിന്റെ മോചനത്തിനായി പുതിയ വേഷത്തില്‍ അവതരിച്ചിരിക്കുന്നത്. ഈ നാടകത്തിന്‍റെ ഉള്ലുകള്ളികള്‍ തിരിച്ചറിയണമെങ്കില്‍ സമീപകാല ചരിത്രം ഓര്‍മിക്കേണ്ടി വരും.
ചില ഘട്ടങ്ങളിലെ മൌനം പോലും കൊടുംപാതകം ആയി നാളെ ദൈവിക കോടതിയില്‍ നാളെ വിചാരണ ചെയ്യപെട്ടേക്കാം .

അദനിയുടെ ആരോഗ്യ നില കണ്ടിട്ട് ഈ നാടകം അതിന്‍റെ ദുഖ: പൂര്‍ണമായ ക്ലൈമാക്സിലേക്ക് നീങ്ങുന്നതായാണ് തോന്നുന്നത്. അദേഹത്തിന്റെ ആരോഗ്യ നില അങ്ങേയറ്റം വഷളായിക്കഴിഞ്ഞു. ബങ്കളുരുവിലെ  പരപ്പന അഗ്രഹാര ജയിലില്‍ ഡയബറ്റിക്ക് റെറ്റിനോപതി ബാധിച്ച അദ്ദേഹത്തിന്‍റെ കാഴ്ച ശക്തി ഏതാണ്ട് പൂരണമായി നശിച്ചു. പലരുടെയും സിംഹാസനങ്ങളെ വിറപ്പിച്ച അദ്ദേഹത്തിന്റെ നാവും കുഴഞ്ഞു തുടങ്ങി. ശരിയായ ചികിത്സ ഇനിയും വൈകിയാല്‍ ഒരു ദുരന്തമാകും സംഭവിക്കുക.

മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം മഅദനി ചരിതം ഓര്‍മപ്പെടുത്തുന്നത് നന്നായിരിക്കും.

ബാബരി മസ്ജിദ് തകര്‍ച്ചയോട് അനുബന്ധിച്ച് ആര്‍എസ് എസ് നിരോധിച്ചപ്പോള്‍ മഅദനിയുടെ ഐ എസ് എസും ജമാഅത്തെ ഇസ്ലാമിയും കൂടെ നിരോധിച്ച്  അധികാരികള്‍ “തുല്യ നീതി ” തെളിയിച്ചു. നിരോധന വാര്‍ത്ത‍ കേട്ട ഉടനെ മഅദനി ഐ എസ് എസ് പിരിച്ചു വിട്ടു. പലരും പറയുന്ന പോലെ പ്രകാരം ബാബരി തകര്‍ച്ചക്ക് ശേഷം അല്ല മഅദനിയുടെ രംഗപ്രവേശം. ബാബരി തകര്‍ച്ചക്ക് ഒപ്പം തന്നെയായിരുന്നു ഐ എസ് എസിന്‍റെ പതനവും. അതിനും മുമ്പ് 1992 ആഗസ്റ്റ്‌  2നു ആണ് അദ്ദേഹത്തിനു നേരെ ആര്‍ എസ് എസുകാര്‍ തുരുതുരാ ബോംബെറിഞ്ഞു അദ്ദേഹത്തിന്‍റെ കാലും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു അംഗ രക്ഷകന്റെ കൈവിരലും അദ്ദേഹത്തിന്‍റെ ആസ്ഥാനം ആയ അന്‍വാറുശേരി യതീംഖനയുടെ മുമ്പിലെ പൊതു നിരത്തില്‍ വെച്ച് നഷ്ടപെടുത്തിയത്. “കൊടും ഭീകരന്‍ അയ മഅദനിയോ ” അദ്ദേഹത്തിന്‍റെ “ഭീകര ഐഎസ്എസോ ” പകരം  ഒരു ആര്‍ എസ് എസ് കൊടിമരം പോലും നശിപ്പിച്ചില്ല. ബോംബ്‌ എറിഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് പ്രഖ്യാപിച്ച്  മഅദനി കേസില്‍ നിന്ന് പോലും പിന്മാറി. ബാബരി തകര്‍ച്ചക്ക് നാലു മാസം മുമ്പ് ആണ് ഈ സംഭവം.

ബാബരി മസ്ജിദ് തകര്‍ന്നു സംഘടനക്ക് നിരോധനം വന്നു അന്‍വാറുശേരി റെയിഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംഘടന പിരിച്ചു വിട്ട്  അദ്ദേഹം ഒളിവില്‍ പോയി. മാസങ്ങള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനില്‍ നേരിട്ട് ക്രച്ചസില്‍ ഉന്തിയെത്തി അദ്ദേഹം അറസ്റ്റ് വരിച്ചു . ഏതാനും മാസങ്ങള്‍ പൂജപ്പുര സെന്ട്രല്‍  ജയിലില്‍ . ജയില്‍ മോചിതനായ മഅദനി ദളിത് വോയ്സ് എഡിറ്റര്‍ വി.ടി രാജശേഖര്‍  ഉള്‍പടെയുള്ള ദളിത് നേതാക്കളുടെ ആശിര്‍വാദത്തോടെയും എസ് എന്‍ ഡി പി നേതാവ് എസ് സുവര്‍ണ കുമാറും വര്‍ക്കല ശിവഗിരി ആശ്രമത്തിലെ ചില സ്വാമിമാരും ഒക്കെ ചേര്‍ന്ന് ഒരു പിന്നോക്ക ദളിത്- മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി  പി.ഡി.പി. രൂപീകരിച്ചു . ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വളര്‍ച്ച. കോണ്‍ഗ്രസ്  സ്ഥിരമായി ജയിച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ മഅദനിയുടെ കാടിളക്കിയ പ്രചരണം ഇടതുപക്ഷത്തിനു ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം  നേടിക്കൊടുത്തപ്പോള്‍ സി പി എമ്മിന്‍റെ പോലും കണ്ണ് തള്ളി . ഇഎംഎസ് മഅദനിയെയും അദ്ദേഹത്തിന്‍റെ മതബോധത്തെയും ഗാന്ധിക്ക്  തുല്യമായി വിശേഷിപ്പിച്ചു.

യു.ഡി എഫ് ഷുവര്‍ സീറ്റ് ആയ ഗുരുവായൂരില്‍ മുസ്ലിം ലീഗിന്‍റെ ഗ്ലാമര്‍ നേതാവ് സമദാനിയെ തോല്‍പ്പിക്കുകയും ഇരു മുന്നണികളോട് ഒറ്റക്ക് മത്സരിച്ചു സ്വന്തം സ്ഥാനാര്‍ഥിക്ക് പതിനയ്യായിരം വോട്ടും അദ്ദേഹം നേടിക്കൊടുത്തു. ലീഗിന്‍റെ കുത്തക മണ്ഡലമായ  തിരൂരങ്ങാടിയില്‍ മുഖ്യമന്ത്രി എ കെ ആന്റണി തന്നെ മത്സരിച്ചിട്ടും സ്വന്തം സ്ഥാനാര്‍ഥിയെ നിറുത്തി പതിനാറായിരം വോട്ടു നേടി. (Abdul Nasser Madani’s old Speech 01 – YouTube) ലീഗിന്‍റെ മുസ്ലിം വോട്ടുബാങ്കില്‍ മഅദനി കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത് എന്നതിനാല്‍ പിഡിപിയും മുസ്ലിം ലീഗും മുഖ്യ ശത്രുക്കള്‍ ആയതു സ്വാഭാവികം. ഇടതുപക്ഷത്തിനു വേണ്ടിയുള്ള വിടുപണി അവസാനിപ്പിച്ച്‌ പിഡിപി സ്വന്തം രാഷ്ട്രീയ ഭൂമികയില്‍ വിത്ത് എറിയാന്‍ തുടങ്ങിയതോടെ സിപിഎമ്മും മഅദനിയിലെ കൊടും ഭീകരനെ കുറച്ചു പേക്കിനാവു കാണാന്‍ തുടങ്ങി. ഗൌരിയമ്മയെ ചേര്‍ത്ത് പിടിച്ച മഅദനി എസ് എന്‍ ഡി പിയും ജമാഅത്തെ ഇസ്ലാമിയും ഒക്കെയായി ചര്‍ച്ച നടത്തി കേരളത്തില്‍ പുതിയ രാഷ്ട്രീയ ഇടം കണ്ടെത്താന്‍ കൂടി ശ്രമിച്ചപ്പോള്‍ മഅദനിയിലെ കൊടും ഭീകരനെ പിടിച്ചു കെട്ടാന്‍ ഇടതും  വലതും ഒന്നായി.

ശിവഗിരി ആശ്രമത്തിലെ പോലീസ് റെയിഡിനെ  മഅദനിയെയും അനുയായികളെയും കൂട്ടുപിടിച്ചു ശാശ്വതീകാനന്ത സ്വാമികളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ശ്രീനാരായണീയര്‍ ചെറുത്തപ്പോള്‍ ബി ജെ പിയും ഞെട്ടിവിറച്ചു. (ശാശ്വതീകാനന്ദ സ്വാമികള്‍ പിന്നീട് ദുരൂഹമായി മുങ്ങി മരിച്ചു). ഈഴവരും മുസ്ലിംകളും ദളിതരും ചേര്‍ന്ന ഈ രാഷ്ട്രീയ മുന്നേറ്റം പ്രത്യേയശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത് ബി.ജെ.പിക്കാണ് എന്ന ബോധ്യം അവരുടെ ഉറക്കം കെടുത്തി. ഐ എസ് എസ് കാലത്തെ പഴയ വൈരത്തിനു പ്രതികാര ദാഹിയായി കാത്തിരുന്ന ബിജെപിയുടെ കേന്ദ്രസര്‍ക്കാരിനു വേണ്ടി കേരളത്തില്‍ ഇടതും വലതും ഒന്നിച്ചു. മഅദനിയെ കൊടും ഭീകരനാക്കി കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പെടുത്തി അകത്താക്കാന്‍ ഇതായിരുന്നു പാശ്ചാത്തലം .നിത്യരോഗിയായ മഅദനിക്ക്  ഒന്‍പതര വര്‍ഷത്തെ ദുരിത പര്‍വ്വം കോയമ്പത്തൂര്‍ ജയിലില്‍ .
ഇതാണ് മഅദനിയുടെ ഭൂതകാല രാഷ്ട്രീയ സംഗ്രഹം.
ഏതെങ്കിലും കൊലപാതകമോ വര്‍ഗീയ കലാപമോ അദ്ദേഹത്തിന്‍റെ പാര്‍ടിയുടെ പേരിനൊപ്പം ചേര്‍ത്ത്  ആരും പറഞ്ഞ്‌ കേട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രസംഗം മതസ്പര്‍ദ്ധ  വളര്‍ത്തുന്നു എന്നാരോപിച്ചു നിരന്തരം കേസ് എടുക്കപെട്ടുവെങ്കിലും ഒന്നിനും മതിയായ തെളിവില്ല എന്ന് കണ്ടു കോടതികള്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അദ്ദേഹത്തിന്‍റെ പഴയ കാല പ്രസംഗ ക്ലിപ്പുകള്‍ ഇപ്പോഴും യുട്യൂബില്‍ ലഭ്യം. പലരും ഇപ്പോഴും വേവലാതിപെടുന്ന അദ്ദേഹത്തിന്‍റെ പര മത വിദ്വേഷ പ്രസംഗം ഒന്നും അതില്‍ കാണാനാകില്ല. ആര്‍ എസ് എസിന്‍റെ അക്രമത്തെ പ്രതിരോധിക്കുന്നതിനെ കുറിച്ച് പറയുന്ന ഐ എസ് എസ് കാല പ്രസംഗത്തില്‍ പോലും നമ്മുടെ ജയരാജന്‍ മണി ടീമിനോളം തീപ്പൊരിയുണ്ടെന്നു തോന്നുന്നില്ല .

ബാക്കി നാടകങ്ങള്‍ ഒക്കെ സമീപ കാല സംഭവങ്ങള്‍ . കോയമ്പത്തൂര്‍ കേസില്‍ നീണ്ട ഒന്‍പതു വര്‍ഷത്തെ തടവ്‌ ജീവിതത്തില്‍ നിന്ന് മഅദനിയുള്‍പ്പെടെ ഒന്‍പതു മലയാളികള്‍ക്ക് മോചനം ലഭിച്ചത്‌ “മഅദനി നിയമ സഹായ സമിതി” നടത്തിയ കേസ് കോടതിയില്‍ വിജയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് , പലരും ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ എന്തെങ്കിലും രാഷ്ട്രീയ ഇടപെടലിന്‍റെ ഫലമായിരുന്നില്ല. മോചിതനായ മഅദനിയെ ആഘോഷമായി ആനയിച്ചത് പഴയ വേട്ടക്കാര്‍ തന്നെയായിരുന്നു. മഅദനിയെ അന്ന് അറസ്റ്റു ചെയ്തു തമിഴ്നാടിനു കൈമാറിയത്‌ തങ്ങളുടെ മികച്ച ഭരണ നേട്ടം ആയി എണ്ണിയ എല്‍.ഡി. എഫ് സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാര്‍ ശംഖുമുഖത്ത്‌ സ്വീകരണത്തിനു എത്തിയപ്പോള്‍ മുതല്‍ കടിഞ്ഞാണ്‍ വീണ്ടും കപട നാടകക്കാരുടെ കയ്യിലേക്ക്‌ മാറി.

പിന്നീട് അവിടെ നിന്ന് അങ്ങോട്ട്‌ എല്‍ ഡി എഫ്   സര്‍ക്കാര്‍ തേന്‍ പുരട്ടിയ ബ്ലാക്ക്‌ മെയില്‍ തന്ത്രവും ആയിട്ടായിരുന്നു  മഅദനിയെ സമീപിച്ചത്‌. തികച്ചും കൃത്രിമമായി പടച്ചുണ്ടാക്കിയ ഒരു കേസിലൂടെ ഒന്‍പത് വര്‍ഷം തടവിലാക്കാന്‍ കഴിയുന്ന ഒരു സാഹചര്യം  ഉള്ള നാട്ടിലെ നീതിന്യായ വ്യവസ്ഥയില്‍ മഅദനി വിശ്വാസപൂര്‍വ്വം  ആണയിടുന്നത് തന്നെ അദ്ദേഹത്തിന്‍റെ ദൈന്യത വ്യക്തമാക്കുന്നുണ്ടല്ലോ. അദ്ദേഹത്തിന്‍റെ പഴയ സഹപ്രവര്‍ത്തകരില്‍ തടിയന്റവിട നസീര്‍ അടക്കം ചിലരെ ഇതിനകം  ഭീകരന്മാര്‍ ആയി വളര്‍ത്തി എടുത്തിട്ടുണ്ടായിരുന്നു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടു ബസ്‌ കത്തിക്കുകയും (ചെന്നൈ ഹൈക്കോടതി മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ഈ നാടകം) കോഴിക്കോട്‌ ബസ്‌സ്റ്റാന്‍ഡില്‍ ആളില്ലാ മൂല നോക്കി ഒന്ന് രണ്ടു ഗുണ്ടുകള്‍ പൊട്ടിക്കുകയും വഴി   മഹാ ഭീകര കൃത്യം ചെയ്ത് ആരെ വേണമെങ്കിലും കോര്‍ത്തിണക്കി പ്രതിപട്ടിക തയ്യാറാക്കാനുള്ള വക ഇവര്‍ ചെയ്തു കൊടുത്തിരുന്നു. സ്വന്തം ഭാര്യക്ക് നേരെ ഗൂഢാലോചനയുടെ വല മുറുകുന്നത് മഅദനി നിസ്സഹായനായി നോക്കി നിന്നു. സി.പി.എം നിശ്ചയിച്ചു കൊടുത്ത പ്രോഗ്രാം ഷെഡ്യൂള്‍ അനുസരിച്ചായി പിന്നീട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജയില്‍ വാസവും നിരന്തര പീഡനവും തകര്‍ത്തെറിഞ്ഞ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയില്‍ അല്‍പ കാലം കുടുംബ ത്തോടൊപ്പം കഴിയണം എന്ന് ആഗ്രഹിച്ചത് അതിമോഹം എന്ന് പറയാന്‍ ആവില്ലല്ലോ.

അവസാനം അണിയറയില്‍ ഉദ്യോഗരംഗത്തെ ഹിന്ദുത്വ ശക്തികള്‍ കര്‍ണാടക കേന്ദ്രീകരിച്ചു പഴയ വൈരത്തിന്‍റെ കണക്ക്‌ തീര്‍ക്കാന്‍ വീണ്ടും വലക്കണ്ണി മുറുക്കി തുടങ്ങി. കോടതിയോ സി.പി.എം സര്‍ക്കാരോ സഹായത്തിനു എത്തുമെന്ന ഒരു നേരിയ പ്രതീക്ഷ അപ്പോഴും മഅദനി വെച്ച് പുലര്‍ത്തി. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നീട് അദ്ദേഹത്തിനു വിശ്വാസം ഉള്ളത് നമ്മുടെ നീതിന്യായത്തില്‍ ആണ് എന്ന അദ്ദേഹം ടി.വി ചാനലുകള്‍ക്ക്‌ മുമ്പില്‍ പ്രഖ്യാപിച്ചത്‌ സത്യത്തില്‍ തന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇരുന്ന ജഡ്ജിമാരോടുള്ള യാചനയായിരുന്നു. അന്‍വാറുശേരി പത്രസമ്മേളനം (Abdul nasar madani – YouTube) മഅദനിയുടെ കുതന്ത്രം ആണ് എന്നൊക്കെ ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍  പ്രകോപനം ഉണ്ടായിട്ടും അവസാന പത്ര സമ്മേളനത്തില്‍ പോലും മഅദനി സി.പി.എമ്മിനെ നോവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉച്ചക്ക്‌ മൂന്നു മണിക്ക്  പരിഗണിക്കാനിരുന്ന സുപ്രീം കോടതിയിലെ അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍  അനുകൂല വിധിയുണ്ടാകും  എന്ന്  ആശങ്കപെട്ട കര്‍ണാടകയിലെ  ബി.ജെ.പി സര്‍ക്കാര്‍ കോടിയേരിയുടെ അഭ്യന്തര മന്ത്രാലയവുമായി ഗൂഢാലോചന നടത്തി 2:45നു തന്നെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. നിയമവും അതിന്‍റെ നടത്തിപ്പുകാരും അവരുടെ വഴിക്ക്‌ പോയി. ചട്ട പ്രകാരം അറസ്റ്റു ചെയ്‌താല്‍ തൊട്ടടുത്ത കരുനാഗപ്പള്ളി കോടതിയിലാണ് ഹാജരാക്കേണ്ടിയിരുന്നത്. അതിനു പോലും തയ്യാറാവാതെ അദ്ദേഹത്തെ വിമാനത്തില്‍ കയറ്റി കോടിയേരിയും മറ്റു സഖാക്കളും മഅദനിയെ കൈ വീശി യാത്രയാക്കി.അവിടെ നിന്നാണ് ബങ്കളുരു പരപ്പന അഗ്രഹാര ജയിലിലേക്ക് വിചാരണതടവുകാരനായി അയക്കപ്പെട്ടത്‌.

ഇപ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പ്പാലത്തിലൂടെയാണ് മഅദനിയുടെ ജീവിതം കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ജയില്‍വാസം രാജ്യത്തെ വലിയ മനുഷ്യാവകാശ പ്രശ്നം ആയിക്കഴിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് നിരന്തരം വേട്ടയാടിയവര്‍ തന്നെ അദ്ദേഹത്തിന്റെ മോചനത്തിനായി പുതിയ വേഷത്തില്‍ അവതരിച്ചിരിക്കുന്നത്. ഈ നാടകത്തിന്‍റെ ഉള്ലുകള്ളികള്‍ തിരിച്ചറിയണമെങ്കില്‍ സമീപകാല ചരിത്രം ഓര്‍മിക്കേണ്ടി വരും.
ചില ഘട്ടങ്ങളിലെ മൌനം പോലും കൊടുംപാതകം ആയി നാളെ ദൈവിക കോടതിയില്‍ നാളെ വിചാരണ ചെയ്യപെട്ടേക്കാം . ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് വിളിച്ചു പറയാന്‍ ത്രാണിയില്ലാത്തവരുടെ കിരാതമായ മൌനം. ഇതാണ് ഈ ഓര്‍മപ്പെടുത്തലിന്റെ സാംഗത്യം.

Top