യുഎപിഎ: വേഷം മാറുന്ന ഭീകര നിയമം

  • എ.എം. നജീബ്

 “നിയമങ്ങള്‍ ജനങ്ങളെ സംരക്ഷിക്കാനാണെന്നതില്‍ സംശയമില്ല. എന്നാല്‍, ദൌര്‍ഭാഗ്യവശാല്‍ യു.എ.പി.എ. പ്രതിഫലിപ്പിക്കുന്നത് കാലഹരണപ്പെട്ട കരിനിയമങ്ങളായ ടാഡയെയും പോട്ടയെയുമാണ്. നമ്മുടെ ഭരണഘടനാ താല്‍പ്പര്യങ്ങള്‍ക്കെതിരായാണ് കരിനിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കാനാണ് സര്‍ക്കാര്‍ ടാഡയും പോട്ടയും കൊണ്ടുവന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ നിയമം അങ്ങേയറ്റത്തെ മുന്‍വിധിയുടെയും ദുരുപയോഗത്തിന്റെയും ഉപകരണമായി. അന്വേഷണ ഏജന്‍സികളില്‍ രൂഢമൂലമായ വര്‍ഗീയതയും വംശീയതയും അഴിമതിയും ജാതിബോധവും അധികാര ദുര്‍വിനിയോഗവും നിരപരാധികളായ യുവാക്കളെ ജാമ്യമോ യഥാസമയം വിചാരണയോ ഇല്ലാതെ അഴികള്‍ക്കുള്ളില്‍ തള്ളാന്‍ കാരണമായി.”

 

ഖജനാവ് കാലിയാവുമ്പോള്‍ തടവുപുള്ളികളില്‍ രണ്ടുപേരെ തല്ലിക്കൊന്ന് നാട്ടിലെ ഏറ്റവും ധനാഢ്യരായ ആളുകളുടെ വീടിനുമുന്നില്‍ കൊണ്ടിടുക. കൊലപാതകക്കുറ്റത്തിന്റെ പേരില്‍ അവരെ അറസ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിക്കുക. അവരുടെ സമ്പത്ത് കണ്ടുകെട്ടി അവര്‍ക്കെതിരേ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തുക. ഭരണതന്ത്രം പഠിപ്പിച്ചുകൊണ്ട് കൌടില്യന്‍ ചന്ദ്രഗുപ്ത മൌര്യനെ ഉപദേശിക്കുന്നതിങ്ങനെയാണ്.
– കൌടില്യന്റെ അര്‍ഥശാസ്ത്രം

രണകൂടം അഭിമുഖീകരിക്കുന്ന ആഭ്യന്തരപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ എക്കാലത്തും ഒരു വിഭാഗത്തിനെതിരേ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും അവര്‍ക്കെതിരേ നിയമനിര്‍മാണങ്ങള്‍ നടത്തി നിശ്ശബ്ദരാക്കുകയും  ചെയ്തതിനു  ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട്. 2008 നവംബര്‍ അവസാനം മുംബൈയില്‍ നടന്ന രത്തന്‍ ടാറ്റയെന്ന സമ്പന്നന്റെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്ഫോടനം ഉണ്ടായതോടെ ഭീകരതയ്ക്കെതിരേ പൊരുതുകയെന്ന ലക്ഷ്യത്തോടെ യു.എ.പി.എ. (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു.
2008 ഡിസംബര്‍ 16ന് കേന്ദ്രസര്‍ക്കാര്‍ വിശദമായ ചര്‍ച്ചയോ വിശകലനമോ ഇല്ലാതെ തന്നെ പതിവില്‍ കവിഞ്ഞ ധൃതിയോടെ ബില്‍ സഭ പാസാക്കി. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെയും സംവിധാനങ്ങളെയും മിറകടന്നുകൊണ്ട് അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ മാതൃകയില്‍ എന്‍.ഐ.എ. (ദേശീയ അന്വേഷണ ഏജന്‍സി) നിയമവും സഭ ഇതോടൊപ്പം പാസാക്കി. നമ്മുടെ ഭരണഘടന അനുശാസിക്കുന്നത് ഓരോ സംസ്ഥാനത്തെയും ക്രമസമാധാനനില കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം അതാതു സംസ്ഥാനങ്ങള്‍ക്കു മാത്രമാണന്നാണ്. രണ്ട് ബില്ലുകളുടെയും ഉള്ളടക്കം പരസ്യമായില്ല. യാതൊരു സൂക്ഷമപരിശോധനയും നടന്നില്ല. മുംബൈ ഭീകരാക്രമണത്തിന്റെ ഭീതിയുടെ പശ്ചാത്തലം സര്‍ക്കാര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

പ്രത്യേക നിയമങ്ങള്‍, പ്രത്യേക ലംഘനങ്ങള്‍

നിയമങ്ങള്‍ ജനങ്ങളെ സംരക്ഷിക്കാനാണെന്നതില്‍ സംശയമില്ല. എന്നാല്‍, ദൌര്‍ഭാഗ്യവശാല്‍ യു.എ.പി.എ. പ്രതിഫലിപ്പിക്കുന്നത് കാലഹരണപ്പെട്ട കരിനിയമങ്ങളായ ടാഡയെയും പോട്ടയെയുമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്തര്‍ദേശീയ സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയ കരിനിയമങ്ങളായിരുന്നു ടാഡയും പോട്ടയും. നമ്മുടെ ഭരണഘടനാ താല്‍പ്പര്യങ്ങള്‍ക്കെതിരായാണ് കരിനിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കാനാണ് സര്‍ക്കാര്‍ ടാഡയും പോട്ടയും കൊണ്ടുവന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ നിയമം അങ്ങേയറ്റത്തെ മുന്‍വിധിയുടെയും ദുരുപയോഗത്തിന്റെയും ഉപകരണമായി. അന്വേഷണ ഏജന്‍സികളില്‍ രൂഢമൂലമായ വര്‍ഗീയതയും വംശീയതയും അഴിമതിയും ജാതിബോധവും അധികാര ദുര്‍വിനിയോഗവും നിരപരാധികളായ യുവാക്കളെ ജാമ്യമോ യഥാസമയം വിചാരണയോ ഇല്ലാതെ അഴികള്‍ക്കുള്ളില്‍ തള്ളാന്‍ കാരണമായി.
മുന്‍കരുതല്‍ അറസ്റ്റ്, കസ്റ്റഡി പീഡനം, വ്യാജഏറ്റുമുട്ടല്‍കൊല തുടങ്ങിയവയ്ക്ക് പോലിസിന് ഈ നിയമങ്ങള്‍ സഹായകമായി. ദുരുപയോഗവും കടുത്ത വകുപ്പുകളും പൌരാവകാശ സംഘടനകളുടെ വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് 1995ല്‍ ടാഡ നിര്‍ത്തലാക്കിയത്. ടാഡയുടെയും പോട്ടയുടെയും ഇരകളില്‍ സിംഹഭാഗവും മുസ്ലിംകളായിരുന്നുവെന്നത് ഒരു നഗ്നസത്യമാണ്.
1984മുതല്‍ ടാഡ പ്രകാരം ആകെ അറസ്റ് ചെയ്ത ഗുജറാത്തിലെ 18,686ഉം പഞ്ചാബിലെ 15,314ഉം പൂര്‍ണമായും മതന്യൂനപക്ഷമായിരുന്നു. പഞ്ചാബില്‍ തടവിലാക്കിയത് മുഴുവന്‍ സിഖുകാരെയായിരുന്നെങ്കില്‍ ഈ കാലയളവില്‍ ജമ്മുകശ്മീരില്‍ 15,225ഉം അസമില്‍ 12,715ഉം മുസ്ലിംകളെയാണ് ജയിലിലടച്ചത്. ആകെ ടാഡ പ്രകാരം അറസ്റ് ചെയ്യപ്പെട്ടവര്‍ 75,500 പേരെയായിരുന്നു. ഇതില്‍ കുറ്റം തെളിയിക്കപ്പെട്ടത് 0.81ശതമാനം മാത്രവും. 59,509 നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു എന്നര്‍ഥം.

ന്യായാധിപനും പ്രോസിക്യൂട്ടറും സ്റ്റേറ്റ് തന്നെ
2001 സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2002ല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് പോട്ട പാസാക്കിയത്. 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റാക്രമണം പോട്ടയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കി. ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ഇന്ത്യന്‍ മുസ്ലിംകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തീവ്രഹിന്ദുത്വ വലതുപക്ഷ പാര്‍ട്ടിയായ ബി.ജെ.പി. ഈ ഉപകരണങ്ങള്‍ ശക്തമായ ആയുധമാക്കി. മുസ്ലിം സംഘടനകള്‍ക്കും ഇടുപക്ഷ സംഘടനകള്‍ക്കുമെതിരേ നിരോധന നടപടികളും ഇതിന്റെ അനുബന്ധമായുണ്ടായി.

വിചിത്രമായകാര്യം, പോട്ടയില്‍ ഉള്‍പ്പെടുന്ന വകുപ്പുകളെല്ലാം നേരത്തെതന്നെ നിലവിലുള്ള നാഷണല്‍ സെക്യൂരിറ്റി ആക്റ്റി (എന്‍.എസ്.എ)ലും സായുധസേനാ പ്രത്യേകാധികാര നിയമ(അഫ്സ്പ)ത്തിലും ഉണ്ടായിരുന്നുവെന്നതാണ്.
പോട്ടക്കെതിരായ പൊതുജനരോഷം കണക്കിലെടുത്താണ് അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് നിയമം പിന്‍വലിക്കാനാവശ്യപ്പെട്ടതും പിന്നീട് ആ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയതും. എന്നാല്‍ വ്യജമായ കുറ്റം ചാര്‍ത്തപ്പെട്ട് വിചാരണയില്ലാതെ ജയിലില്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ ഒരു യുവാവിനും നഷ്ടപരിഹാരം ലഭിച്ചില്ല.

പോട്ട പിന്‍വാതിലിലൂടെ
പോട്ടപ്രകാരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്ന അമിതാധികാരം തിരിച്ചുകൊണ്ടുവരികയാണ്, യു.എ.പി.എ. ഭേദഗതിയിലൂടെ യു.പി.എ. സര്‍ക്കാര്‍. സാധ്യമാവുന്നത്ര അധികാര ദുരുപയോഗം നടത്താന്‍ ഭേദഗതി വരുത്തിയ യു.എ.പി.എ. പോലിസിനെ സഹായിക്കുന്നുണ്ട്.
ഒരു സംഭവത്തിന്റെ കേസ് ഡയറി സാധാരണ തയ്യാറാക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ്. കേസ് ഡയറി പരിശോധിച്ച് കുറ്റാരോപിതനെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ബോധ്യമായാല്‍ ജഡ്ജിക്ക് ജാമ്യം നിഷേധിക്കാം. എന്നാല്‍ മിക്കവാറും കേസുകളില്‍ ഇത് നീണ്ട കാലയളവിലേക്കുള്ള കാരാഗൃഹവാസമായി മാറുന്നു.
നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചാല്‍ പോലും കുറ്റവാളിയെന്ന മുദ്ര മായാത്ത വിധത്തില്‍ കോടതിവിചാരണക്കു മുമ്പേ മാധ്യമവിചാരണ നടക്കുന്നു. പൌരന്റെ ജീവിതവും സ്വാതന്ത്യ്രവും സംരക്ഷിക്കുന്ന ഭരണഘടനയുടെ 21ാം ആര്‍ട്ടിക്ക്ളിന്റെ നഗ്നമായ ലംഘനമാണിത്. കുറ്റം ആരോപിക്കപ്പെട്ടവരെ, പ്രത്യേകിച്ച് മുസ്ലിംകള്‍, ആദിവാസികള്‍, ദലിതുകള്‍ എന്നിവരെ കൈകാര്യം ചെയ്യുന്നിടത്ത് മുന്‍വിധിയും സ്വാര്‍ഥ താല്‍പ്പര്യങ്ങളുമില്ലാതെ പോലിസ് ഇടപെടുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.
സംഘടനകളെ നിരോധിക്കുന്നതിനും അതിലെ പ്രവര്‍ത്തകരെ ശിക്ഷിക്കുന്നതിനും യു.എ.പി.എ. ഭേദഗതി സര്‍ക്കാരിനെ കൂടുതല്‍ ശക്തരാക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത സംഘടനകളെ ഭീകരഗ്രൂപ്പ്, ഭീകരസംഘടന, നിയമവിരുദ്ധ സംഘടന എന്നെല്ലാം സര്‍ക്കാരിനു പ്രഖ്യാപിക്കാം.
ഭീകരത ആരോപിക്കപ്പെട്ട സംഘത്തിന്റെയോ സംഘടനയുടെയോ പേരില്‍ ക്രിമിനല്‍ കേസുകള്‍ ചുമത്താനും നിയമം അനുവദിക്കുന്നു. ഭീകരത, നിയമവിരുദ്ധത തുടങ്ങിയവയെക്കുറിച്ച് വ്യാഖ്യാനം അവ്യക്തമാണ്.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാവുന്നതോ വിഘാതമാവാന്‍ ഉദ്ദേശിച്ചുകൊണ്ടോ, ചോദ്യം ചെയ്യുന്നതോ ആയ ഏത് (പ്രവര്‍ത്തനവും പ്രസംഗവും ആശയവിനിമയവുമടക്കം) നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ഭേദഗതി വരുത്തിയ യു.എ.പി.എ. പറയുന്നു. ഇന്ത്യയോടു വെറുപ്പുളവാക്കുന്നതോ വെറുപ്പുണ്ടാവാന്‍ ഉദ്ദേശിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. ഈ നിര്‍വചനത്തിന്റെ പരിധിയില്‍പ്പെടുന്ന നിയമവിരുദ്ധത ഉദ്ദേശലക്ഷ്യമായി പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ പ്രചരിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുന്ന സംഘടനകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവും. തങ്ങള്‍ക്കിഷ്ടമില്ല എന്ന കാരണത്താല്‍ മാത്രം രാഷ്ട്രീയമോ വംശീയമോ പ്രാദേശികമോ ആയ സംഘടനകളെ അപകീര്‍ത്തിപ്പെടുത്താന്‍ നിയമത്തിന്റെ ഇത്തരം നിര്‍വചനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുന്നു. അവ്യക്തമായ നിര്‍വചനങ്ങളും അവയെത്തുടര്‍ന്നുണ്ടാവുന്ന ഗൌരവമായ ശിക്ഷകളും കുറ്റാന്വഷണത്തിനും തടങ്കലിനുമുള്ള അമിതാധികാരങ്ങളും രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാനുള്ള ഉപകരണമായി മാറുന്നു.
‘ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാവാന്‍ സാധ്യതയുള്ള’, ‘ജനങ്ങളില്‍ ഭീതിയുണ്ടാക്കാനോ അല്ലെങ്കില്‍ ഭീതിയുണ്ടാക്കാനുദ്ദേശിച്ചോ’ ‘അതിനു കാരണമാവുന്നതോ അല്ലെങ്കില്‍ കാരണമാവണമെന്നുദ്ദേശിച്ചുള്ളതോ’,
എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വ്യക്തികളെയും സംഘങ്ങളെയും കുടുക്കാന്‍ ഈ നിയമം ഉപയോഗപ്പെടുത്തുന്നു.
അവ്യക്തമായ ഈ വ്യാഖ്യാനങ്ങള്‍ അക്രമരഹിതമായി നടക്കുന്ന രാഷ്ട്രീയ സമരങ്ങള്‍ക്കെതിരേപോലും പ്രയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്, റെയില്‍വേ, തുറമുഖം, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന  രീതിയിലുള്ള തൊഴില്‍സമരങ്ങള്‍ പോലും നിയമവിരുദ്ധ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കും.
ആഭ്യന്തരമന്ത്രാലയത്തിന് ഒരു സംഘടനയെയോ സംഘത്തെയോ ഭീകരസംഘടന അല്ലെങ്കില്‍ ഭീകരസംഘം അല്ലെങ്കില്‍ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാന്‍ സാധിക്കും. ഇതിനുള്ള തെളിവുകള്‍ ട്രിബ്യൂണല്‍ മുമ്പാകെ ഹാജരാക്കുന്നതിന് സര്‍ക്കാരിന് ആറ് മാസത്തെ സമയവും ലഭിക്കും. പ്രത്യേകം നിയമിക്കപ്പെട്ട ഹൈക്കോടതിയിലെ ജഡ്ജിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നതോടെയാണ് ഈ പ്രത്യേക ട്രിബ്യുണല്‍ നിലവില്‍ വരുന്നത്.
ട്രിബ്യൂണല്‍ മുമ്പാകെ സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന്റെ കാരണം ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ആ സംഘടനയെ എന്തു കാരണങ്ങളാലാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതെന്നു ബോധിപ്പിക്കേണ്ടതില്ലെന്നും നിയമത്തിലുണ്ട്. വിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന പൊതുജനതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണത്രെ അത്.
റിവ്യൂ നടപടിക്രമങ്ങളില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സംഘടനക്ക് ലഭിക്കുന്ന സൌകര്യങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് ലഭിക്കില്ല. ഹൈക്കോടതി സിറ്റിങ്/റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണല്‍ മുമ്പാകെ നിരോധനം നീക്കിക്കിട്ടാന്‍ അപേക്ഷനല്‍കാം.  ഇതോടൊപ്പം സാക്ഷികളെയോ പുതിയ തെളിവുകളോ ഹാജരാക്കാന്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് അര്‍ഹതയുണ്ടാവില്ല. ഭൂരിഭാഗം കേസുകളിലും ട്രിബ്യൂണല്‍ നിരേധനത്തെ അംഗീകരിക്കാറാണ് പതിവ്.
നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സംഘടനയില്‍ അംഗത്വമുണ്ടായിരുന്നുവെന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ടതിലെ അംഗത്തന് ജിവപര്യന്തം തടവ് വരെ ലഭിക്കാം. ആരോപിക്കപ്പെട്ട ഭീകരപ്രവര്‍ത്തനത്തില്‍ അയാള്‍ക്കു പങ്കുണ്ടായിരക്കണമെന്ന് ഇതിന് ബന്ധമില്ല. പ്രഖ്യാപനം വരുന്നതോടെ തന്നെ പ്രാബല്യത്തിലാവുന്നതുകൊണ്ട് ഏതൊരാളും അറസ്റ് ചെയ്യപ്പെടാനും കുറ്റം ചുമത്തപ്പെടാനും സാധ്യതയുണ്ട്. സിമി പ്രവര്‍ത്തകരും മാവോവാദികളുമായി നൂറ് കണക്കിനാളുകള്‍ ഇപ്പോള്‍ ജയിലിലാണ്.
യു.എ.പി.എയുടെ ഇത്തരം വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെട്ടതിന് നമ്മുടെരാഷ്ട്രം സാക്ഷ്യം വഹിക്കുകയുണ്ടായി. ഒരു തരത്തിലുമുള്ള നാശനഷ്ടങ്ങള്‍ക്കിടയായിട്ടില്ലാത്ത സംഭവങ്ങളുടെ പേരില്‍ പോലും ആയിരക്കണക്കിനുപേര്‍ അഴികള്‍ക്കുള്ളിലാണ്. ഡോ.ബിനായക് സെന്‍, അബ്ദുന്നാസര്‍ മഅ്ദനി, വാഗമണ്‍, പാനായിക്കുളം, ഹുബ്ളി ഗൂഢാലോചന, ബാംഗ്ളൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനക്കേസുകള്‍, സോണി സോറി തുടങ്ങിയവര്‍ ഇതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്.

അധികാരത്തിന്റെ ദുരുപയോഗവും അമിതോപയോഗവും
അസംഗഡിലെയും ദര്‍ബംഗയിലെയും ബാംഗ്ളൂരിലെയും യുവാക്കളെ കസ്റ്റഡിയിലെടുത്ത് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കുശേഷമാണ് ജയിലിലടച്ചത്. ജയിലിനുള്ളിലും ഇവര്‍ ദൈനംദിന പീഡനങ്ങള്‍ക്കിരയായി. പൂനെ ജയിലില്‍ ഖത്തീല്‍ സിദ്ധീഖിയുടെ മരണം, ജീവനുവരെ രക്ഷയില്ലാത്ത അന്തരീക്ഷത്തെ വെളിപ്പെടുത്തുന്നു. വ്യത്യസ്ഥ സാമൂഹിക സംഘടനകളില്‍പ്പെട്ട കൊബാദ് ഗാന്ധി, സോണി സോറി, സീമാ ആനന്ദ്, ഇമ്രാന്‍ കിര്‍മാനി, ഗുലാം റസൂല്‍, ആജ്ഞലെ സൊന്താക്കെ, സിയാഉര്‍ റഹ് മാന്‍ തുടങ്ങിയവര്‍ യു.എ.പി.എയുടെ അവസാനിക്കാത്ത ഭീകര കഥകളിലെ കഥാപാത്രങ്ങളാണ്.
നിയമം സര്‍ക്കാരിന് നല്‍കുന്ന സീമയില്ലാത്ത അധികാരം അക്രമ സംഭവങ്ങളുമായി ബന്ധിപ്പിച്ച് സംശയിക്കപ്പെടുന്ന സ്ഥിരം കുറ്റവാളികളായി ഒരു സംഘത്തെ മാറ്റാനും ദീര്‍ഘകാലം വിചാരണയില്ലാതെ ജയിലിലടക്കാനും പോലിസിനെ സഹായിക്കുന്നു.
പൌരന്‍മാരുടെ അടിസ്ഥാന സ്വാതന്ത്യ്രങ്ങളെ ഹനിക്കുന്ന വിധത്തില്‍ ദൂരവ്യാപകമായി ദുരുപയോഗം ചെയ്യപ്പാടുവന്ന തരത്തിലാണ്. ഏത് സംഘടനയെയും എളുപ്പത്തില്‍ നിയമ വിരുദ്ധമോ ഭീകരസംഘടനയോ അതിലെ അംഗങ്ങളെ ക്രിമിനലുകളായും പ്രഖ്യാപിക്കാനുള്ള യു.എ.പി.എയിലെ വ്യവസ്ഥകള്‍. എന്തെങ്കിലും പ്രത്യേക സമുദായത്തിലോ ജാതിയിലോ മാത്രം പെടുന്നവരെ ഭീകരവിരുദ്ധ നടപടികളുടെ പേരില്‍ വന്‍തോതില്‍ അറസ്റ്റ് ചെയ്യാനും മറ്റുമുള്ള വിവേചനപരമായ നടപടികള്‍ക്കിത് സഹായകമാവുന്നു. കുറ്റാരോപിതര്‍ക്കെതിരേ തിരച്ചിലിനും അറസ്റുകള്‍ക്കും സുരക്ഷാസേനയ്ക്ക് ഭേദഗതികള്‍ അനുവദിക്കുന്ന അധികാരങ്ങള്‍ മറ്റൊരു തരത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കെതിരാണ്. യു.എ.പി.എ പ്രകാരം ഒരു കുറ്റം ചെയ്തിരിക്കുന്നുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരം വച്ചോ അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരം അനുസരിച്ചോ ഏതൊരാളെയും തിരയാനും അയാളുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനും അറസ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്. ഒരു കോടതി ഉത്തരവോ ജുഡീഷ്യല്‍ വാറന്റോ ഇല്ലാതെ തന്നെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മൂന്നാം കക്ഷിയെ നിര്‍ബന്ധിക്കാന്‍ ഉദ്യോഗസ്ഥനാവും.
പോലീസ് സൂപ്രണ്ട് ചുമതലപ്പെടുത്തുന്ന ഏത് ഉദ്യോഗസ്ഥനും ആവശ്യപ്പെടുന്ന പക്ഷം, സര്‍ക്കാര്‍ ഏജന്‍സിയോ കോര്‍പറേഷനോ മറ്റു സ്ഥാപനങ്ങളോ സംഘടനകളോ വ്യക്തികളോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. വിവരം നല്‍കാന്‍ വിസമ്മതിക്കുന്നത് കുറ്റകരമായ കൃത്യമായി കണക്കാക്കപ്പെടും.
ഒരു വ്യക്തിയെ തിരയാനോ അറസ്ററ് ചെയ്യാനോ വിധത്തില്‍ ‘മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന’ കാരണങ്ങളുണ്ടാവണമെന്ന ക്രിമിനല്‍ പ്രൊസീസീജ്യര്‍ കോഡി(സി.ആര്‍.പി.സി)ന്റെ താല്‍പ്പര്യത്തിനെതിരാണ് ഭേദഗതി വരുത്തിയ യു.എ.പി.എയിലെ വ്യവസ്ഥ. പുതിയ നിയമത്തില്‍ ‘വിശ്വസനീയമായ കാരണം’ എന്നാക്കി ഇതിനെ ലഘൂകരിച്ചിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ അറിവ് തന്നെ ധാരാളം മതിയാവും. അവ്യക്തമായ അടിസ്ഥാനത്തിലുള്ള നിയമം കാരണം വ്യക്തികളുടെ സ്വാതന്ത്യ്രവും സ്വകാര്യതയും കടുത്ത നിഷേധത്തിനിരയാവുന്നു.
സംഘടിക്കാനും സംഘടനകള്‍ രൂപീകരിക്കാനുമുള്ള അവകാശം അന്തര്‍ദേശീയനിയമങ്ങള്‍ ഉറപ്പുനല്‍കുന്നതാണ്. ദേശീയസുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും ക്രമസമാധാനത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും സദാചാരമൂല്യങ്ങളുടെ സംരക്ഷണത്തിനും മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്യ്രങ്ങളും സംരക്ഷിക്കുവാനും സംഘടനകള്‍ക്കെതിരേ നിയന്ത്രണങ്ങളാവശ്യമെങ്കിലാവാം. ഏറ്റവും കുറഞ്ഞ രീതിയിലാവണമെന്നുമാത്രം. അതുപോലെ സംഘടിക്കാനുള്ള സ്വാതന്ത്യ്രം മതത്തിന്റെയോ, വംശത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ അല്ലെങ്കില്‍ സമാനമായ കാരണത്താലോ വിവേചനപരമായി തടയപ്പെട്ടുകൂടാ.
യു.എ.പി.എയുടെ 43ഡി(2) വകുപ്പുപ്രകാരം പ്രാഥമിക തടങ്കലില്‍ വയ്ക്കാനുള്ള (pre charge detention) കാലയളവ് 180 ദിവസമാണ്. (ഇത് സാധാരണ നിയമത്തില്‍ 90 ദിവസമാണ്). എന്നാല്‍ 90 ദിവസത്തിനുശേഷം പ്രോസിക്യൂട്ടര്‍ കേസ് പുരോഗതിയിലാണെന്നും കൂടുതല്‍സമയം ആവശ്യങ്ങളുണ്ടെന്നും കോടതിയെ ബോധിപ്പിക്കണം. ജഡ്ജിയെ സംബന്ധിച്ചിടത്തോളം കേസില്‍ പുരോഗതിയുണ്ടായെന്ന് പരിശോധിക്കുക മാത്രമല്ല വേണ്ടത്. തടവ് നീട്ടുന്നതിനാവശ്യമായ തെളിവുണ്ടോയെന്ന് നോക്കേണ്ടതില്ല. ഇത് പോട്ടയിലെ 49(2)(ബി) വകുപ്പിന്റെ തനിയാവര്‍ത്തനമാണ്. ഭീകരനെന്നാരോപിക്കപ്പെട്ടയാളുടെ പോലിസ് കസ്റ്റഡിയുടെ കാര്യത്തിലും പോട്ടയും യു.എ.പി.എയും ഒരേ തൂവല്‍ പക്ഷികളാണ്. ഇത് മുപ്പത് ദിവസം വരെയാവാമെന്നാണ് രണ്ട് നിയമങ്ങളും പറയുന്നത്. അതായത് പ്രതിയെ ഭീകരനാക്കാന്‍ വേണ്ട തെളിവുകളുണ്ടാക്കാന്‍ പോലീസില്‍ വേണ്ടത്ര സമയം ലഭിക്കുമെന്നര്‍ത്ഥം.
ഇന്ത്യയിലെ കരിനിയമങ്ങള്‍ പുനഃപരിശോധന നടത്താന്‍ വ്യവസ്ഥയില്ല. കാലാനുസൃതമായി രാജ്യത്തെ സാഹചര്യത്തിനനുസരിച്ച് പുനരാലോചനക്കുള്ള വ്യവസ്ഥകളുണ്ടാവണം. ബ്രിട്ടനില്‍ ഇത്തരം നിയമങ്ങളുടെ പുനഃപരിശോധന റിപോര്‍ട്ട് പാര്‍ലമെന്റ് മുമ്പാകെ വയ്ക്കണം. ഇത്തരമൊരു വ്യവസ്ഥ ഇന്ത്യയിലും നടപ്പായാല്‍ നിയമങ്ങളും ദുരപയോഗം ഒരുപരിധിവരെ തടയാനാവും.
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം നിയമങ്ങള്‍ക്ക് ആയുസ്സുണ്ടാവില്ലായെന്ന ഭരണഘടനാ വ്യവസ്ഥയുണ്ടാവണം.

ജയിലാണ് നിയമം
നിയമദൃഷ്ട്യാ ഏതൊരാളും നിരപരാധിയാണ്. അയാള്‍ നിരപരാധിയല്ലെന്ന് തെളിയിക്കേണ്ട ചുമതല പ്രോസിക്യൂഷന്റേതാണ്. എന്നാല്‍, പോട്ടയിലെന്നപോലെ യു.എ.പി.എയിലും ഈഭാരം കുറ്റാരോപിതന്റെ തലയില്‍ കെട്ടിവച്ചിരിക്കുന്നു. യു.എ.പി.എ. 43ഡി(5) പ്രകാരം പബ്ളിക് പ്രൊസിക്യൂട്ടര്‍ അനുവദിക്കാത്തിടത്തോളം പ്രതിക്ക് ജാമ്യം ലഭിക്കില്ല. ഇതിനുപുറമെ 51എ വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്നവരുടെ ഫണ്ടുകളും ആസ്തികളും മറ്റു ധനാഗമ മാര്‍ഗങ്ങളും മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ  കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പരിധിയില്ലാത്ത അധികാരങ്ങളുടെ ഉദാഹരണമാണിത്. ഭീകരതയുമായി ബന്ധമുണ്ടെന്ന കുറ്റം ചുമത്താന്‍ വിലപ്പെട്ട തെളിവുകളുടെ ആവശ്യവുമില്ല.

യു.എ.പി.എയുടെ തകരാറുകള്‍ ചുരുക്കത്തില്‍
1.     യു.എ.പി.എയുടെ പട്ടികയില്‍ പെടുന്നതിലൂടെ ഏത് സംഘടനയെയും സര്‍ക്കാരിന് എളുപ്പത്തില്‍ നിരോധിക്കാം.
2.     ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളില്‍പ്പെടുന്ന സംഘടിക്കാനുള്ള സ്വാതന്ത്യ്രത്തിന്റെ പേരുകള്‍ വെട്ടിമാറ്റുന്ന അപകടകരമായ വ്യവസ്ഥയാണിത്.
3.     അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്തോടെ ഏതൊരാളെയും സംഘത്തെയും അപകീര്‍ത്തിപ്പെടുത്തി അഴികള്‍ക്കുള്ളിലാക്കാന്‍ സാധിക്കും.
4.     ന്യൂനപക്ഷജനതയുടെ അക്രമരഹിത രാഷ്ട്രീയ സമരങ്ങള്‍പോലും ഭീകരതയുടെ പരിധിയിലാക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള അവ്യക്തമായ നിര്‍വചനങ്ങളാണ് നിയമത്തിലുള്ളത്.
5.     പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലും സംഘടനകളെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ നിയമം വര്‍ധിപ്പിക്കുന്നു. അന്നും സംഘടനയില്‍ അംഗത്വമുള്ളതുപോലെ കുറ്റകരമാക്കാനാവുന്നു.
6.     വാറന്റ് കൂടാതെയുള്ള തിരച്ചില്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, അറസ്റ് തുടങ്ങിയവയ്ക്കും മൂന്നാംകക്ഷിയില്‍നിന്ന് കോടതി ഉത്തരവില്ലാതെതന്നെ നിര്‍ബന്ധമായി വിവരം ശേഖരിക്കാനും അധികാരം നല്‍കുന്നു.
7.     മതിയായ ചാര്‍ജ് ഇല്ലാതെ 180 ദിവസം തടവില്‍ വയ്ക്കാം. (30 ദിവസത്തോളം  പോലിസ് കസ്റ്റഡിയില്‍ ഉള്‍പ്പെടെ). ഇത് ജാമ്യനിഷേത്തിനു കാരണമായി മാറുന്നു.
കുറ്റം ചെയ്യാനുള്ള ഉദ്ദേശം പോലുമില്ലാതെ കൈവശം വച്ച വസ്തുക്കളെ തെളിവാക്കി ഭീകരകേസില്‍ കുറ്റം ചാര്‍ത്താനാവും.
8.     രഹസ്യ സാക്ഷികളും കാമറയ്ക്കുമുന്നിലെ വിചാരണയടക്കമുള്ള പ്രത്യേക കോടതികളുടെ രൂപീകരണത്തിന് സഹായിക്കുന്നു.
9.     കാലാനുസൃതമായ പുനപരിശോധനയില്ലാത്തത് നിയമത്തിന്റെ ദുരുപയോഗത്തിന് സഹായകമാവുന്നു.
10.     തെളിവ് ഹാജരാക്കാനുള്ള ചുമതല കുറ്റാരോപിതനിലാണ്.
രാജ്യത്തെ പൌരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് 2008ലെ യു.എ.പി.എ. (ഭേദഗതി) നിയമമെന്ന് പറയുമെങ്കിലും പ്രായോഗിക തലത്തില്‍ ഇത് രാഷ്ട്രീയ യജമാനന്‍മാരുടെയും പോലിസിന്റെയും കൈയ്യിലെ അടിച്ചമര്‍ത്തല്‍ ഉപകരണമാണ്. അക്രമകേസുകളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള നിയമത്തിന്റെ വകുപ്പുകള്‍ ദുരുപയോഗം ചെയ്തതിന്റെ നിരവധി സംഭവങ്ങള്‍ നമുക്ക് മുമ്പാകെയുണ്ട്..
ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൈനിങ് കമ്പനികള്‍ക്ക് തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുത്തു നല്‍കുന്നതിനെതിരേ സമരം നടത്തുന്ന പാവപ്പെട്ട ആദിവാസികള്‍ക്കെതിരേയും ഈ കരിനിയമം പ്രയോഗിക്കപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, അസം സംസ്ഥാനങ്ങളില്‍ യു.എ.പി.എയെക്കുറിച്ച ഭയം ജനങ്ങളില്‍ മൂടല്‍ മഞ്ഞുപോലെ പൊതിഞ്ഞിരിക്കുന്നു. ടാഡയുടെയും പോട്ടയുടെയും ഇതുവരെയുള്ള യു.എ.പി.എയുടെയും അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍  ഭരണകൂടം തയ്യാറാവേണ്ടതുണ്ട്. ദൌര്‍ഭാഗ്യവശാല്‍ ഇതിനെ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഈ നിയമം റദ്ദാക്കാനോ ഭേദഗതി വരുത്താനോ വേണ്ടിയുള്ള പൊതുജനാഭിപ്രായം ഉയര്‍ന്നുവരേണ്ടതുണ്ട്. യു.എ.പി.എയിലെ കടുത്ത വ്യവസ്ഥകളുടെ ദുരുപയോഗം ഭീകരതക്കെതിരായ പോരാട്ടത്തെ അപഹാസ്യമാക്കാന്‍ മാത്രമേ ഉപകരിക്കൂ.

(തേജസ് ദ്വൈവാരിക സഹപത്രാധിപരാണ് ലേഖകന്‍)

Top