സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലി
അഴീക്കോടിന്റെ വേർപാടോട് കൂടി ശക്തമായ ഒരു സാമൂഹിക വിമര്‍ശകനെയാണു നമുക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തിന് ഉത്തരകാലത്തിന്റെ ആദരാഞ്ജലി.
പ്രഭാഷകന്‍, അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, തുടങ്ങിയ നിലകളില്‍ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായാണ് ജനനം. കണ്ണൂര്‍ ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായ ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്ഷം വൈദ്യപഠനം നടത്തി. പിന്നീടു മദിരാശി സര്‍വകലാശാലയില്‍ നിന്നും 1946ല്‍ കോമേഴ്സില്‍ ബിരുദം നേടി. ബി.ടി ബിരുദം നേടിയ ശേഷം പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി.താന്‍ പഠിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്.എന്‍.എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായി .
മലബാറിലെ ജാതിവിരുദ്ധ സമരങ്ങളുടെയും ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെയും ശബ്ദമായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് പ്രഭാഷണ കലയിലും അദ്ദേഹത്തെ പിന്തുടര്‍ന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങളും ശ്രീനാരായണഗുരുവിന്റെ ചിന്തകളുമാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്.
ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ അഴീക്കോട് വിമര്‍ശകന്‍എന്ന നിലയില്‍ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങി 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ തത്വചിന്തകളെ അടിസ്ഥാനമാക്കി രചിച്ച തത്വമസി അദ്ദേഹത്തിന്റെ ചിന്താപരമായ ഔന്നത്യം വെളിപ്പെടുത്തുന്നതാണ്.1962 ല്‍ തലശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ സഹയാത്രികനുമായി മാറി.
അഴീക്കോടിന്റെ വേര്പാടോട് കൂടി ശക്തമായ ഒരു സാമൂഹിക വിമര്‍ശകനെയാണു നമുക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തിന് ഉത്തരകാലത്തിന്റെ ആദരാഞ്ജലി.