മറ്റൊരു ഇടതുപക്ഷമല്ല വേണ്ടത്, പുതിയ ജനാധിപത്യ ഭാവനയാണ്

കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് കേരളത്തിലെ മുഖ്യധാരയെ സജീവമായി സ്വാധീനിക്കുകയോ അതിന്റെ അജണ്ടകളെ മാറ്റി മറിക്കുകയോ ചെയ്ത പുതിയ സാമൂഹിക സമര ശക്തികളായ ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, പരിസ്ഥിതി വാദികള്‍, പൌരാവകാശ പ്രവര്‍ത്തകര്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങി ഒട്ടനവധി സാമൂഹിക ഘടകങ്ങളെക്കുറിച്ച് ഇവര്‍ പറയുന്നുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെ പുതിയൊരു സാമൂഹിക പ്രശ്നമായിട്ടോ, ആര്‍ക്കുവേണമെങ്കിലും ഏറ്റെടുക്കാവുന്ന ഒരു കാര്യമായിട്ടോ ആണ് അവര്‍ സ്ഥാനപ്പെടുത്തുന്നത്. അവിടെ വെച്ചുതന്നെ ഇത്തരം പ്രസ്ഥാനങ്ങളെ മനസിലാക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു തുടങ്ങുന്നു എന്നതുകൊണ്ടാണ് ഇത്രയധികം അബദ്ധ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.  കേരളത്തില്‍ പുതിയ ഇടതുപക്ഷം രൂപപ്പെടണം എന്ന സി. ആര്‍. നീലകണ്ഠന്റെ ലേഖനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇടപെട്ട് സണ്ണി എം കപിക്കാട് നല്‍കിയ  പ്രതികരണം.

കേരളത്തില്‍ പുതുതായി ഉയര്‍ന്നു വന്ന സാമൂഹിക സമര സന്ദര്‍ഭങ്ങളോട്, ദലിത്, സ്ത്രീ, പരിസ്ഥിതി ഇടപെടലുകളോട്, ചേര്‍ന്നു നില്‍ക്കേണ്ട ഇടതുപക്ഷം അതിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചത്  ഇടതുപക്ഷത്തിന്റെ തകര്‍ച്ചയുടെ ലക്ഷണമാണെന്നാണ് സി ആര്‍ നീലകണ്ഠന്റെ ലേഖനത്തിലെ ആദ്യ വാദം. അതുകൊണ്ട് പുതിയ സാമൂഹിക ശക്തികള്‍ പുതിയ ഇടതുപക്ഷത്തെ സൃഷ്ടിക്കണമെന്നും അതുമാത്രമാണ് മനുഷ്യവംശത്തിന് മുന്നിലെ  ഒരേ ഒരു പോംവഴിയെന്നുമാണ്  അടുത്തകാലത്തായി പല ലേഖനങ്ങളിലൂടെയും അദ്ദേഹം പറയാന്‍ ആഗ്രഹിക്കുന്ന പൊതുവായ വാദം. നവഇടതുപക്ഷം ഉണ്ടാക്കുക എന്നത്  നവജനാധിപത്യപ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നത് ഇതിന്റെ തുടര്‍ച്ചമാത്രമാണ്. നവജനാധിപത്യപ്രസ്ഥാനങ്ങളുടേയോ ആദിവാസി, ദലിത് പ്രസ്ഥാനങ്ങളുടേയോ പ്രാധാന്യത്തെ ഇതിനു മുന്‍പ് അദ്ദേഹം കാര്യമായി എടുത്തിരുന്നില്ല.  എന്നാല്‍ അടുത്തകാലത്തുണ്ടായ പുതിയ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു വാദം അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. കേരളത്തിലെ ഇടതുപക്ഷം  നേരിടുന്ന  വലിയ പ്രതിസന്ധികളില്‍ നിന്ന് എങ്ങനെ ഇടതുപക്ഷത്തെ തിരിച്ചെടുക്കാം എന്ന മുഖ്യധാരയില്‍ നടക്കുന്ന ആലോചനകളുടെ മറ്റൊരു രൂപം തന്നെയാണ് സി ആറിന്റെ ലേഖനവും.
കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് കേരളത്തിലെ മുഖ്യധാരയെ സജീവമായി സ്വാധീനിക്കുകയോ അതിന്റെ അജണ്ടകളെ മാറ്റി മറിക്കുകയോ ചെയ്ത പുതിയ സാമൂഹിക സമര ശക്തികളായ ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, പരിസ്ഥിതി വാദികള്‍, പൌരാവകാശ പ്രവര്‍ത്തകര്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങി ഒട്ടനവധി സാമൂഹിക ഘടകങ്ങളെക്കുറിച്ച് ഇവര്‍ പറയുന്നുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെ പുതിയൊരു സാമൂഹിക പ്രശ്നമായിട്ടോ, ആര്‍ക്കുവേണമെങ്കിലും ഏറ്റെടുക്കാവുന്ന ഒരു കാര്യമായിട്ടോ ആണ് അവര്‍ സ്ഥാനപ്പെടുത്തുന്നത്. അവിടെ വെച്ചുതന്നെ ഇത്തരം പ്രസ്ഥാനങ്ങളെ മനസിലാക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു തുടങ്ങുന്നു എന്നതുകൊണ്ടാണ് ഇത്രയധികം അബദ്ധ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.
ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച പുതിയ ചില കാര്യങ്ങളുമായി വന്ന സാമൂഹ്യപ്രസ്ഥാനങ്ങള്‍ മാത്രമാണിവ എന്ന വിലയിരുത്തല്‍  വളരെ പരിമിതമായ വായനയാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഒരോ പ്രസ്ഥാനങ്ങളും മറ്റൊരു സാമൂഹ്യ ഭാവനയെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യുന്നത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊന്നും തന്നെ ഇല്ലാത്ത സാമൂഹ്യ ഭാവനകളെയാണ്  ഇവര്‍ സൃഷ്ടിച്ചതും വികസിപ്പിക്കാന്‍ ശ്രമിച്ചതും.
നമ്മുടെ ചരിത്രത്തില്‍ രൂപംകൊള്ളുന്ന  പുതിയ സാമൂഹ്യ സംരംഭകരായതു കൊണ്ടാണ് അവര്‍ക്കിത് സാധ്യമാകുന്നത്. അല്ലാതെ കോണ്‍ഗ്രസിന്റെയോ ഇടതുപക്ഷ പ്രവര്‍ത്തകരുടേയോ പരിമിതികളില്‍ നിന്നും രൂപപെട്ടവരല്ല ഇവര്‍.
ഇടതുപക്ഷം അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന   വിചാരത്തിലാണ് സി ആര്‍ നീലകണ്ഠന്‍  അടക്കമുള്ളവരുടെ ചിന്തകള്‍ ആരംഭിക്കുന്നതു തന്നെ. ഇത് അടിസ്ഥാനപരമായ ഒരു പിഴവായിട്ടാണ് എനിക്ക് തോന്നുന്നത്. സാമൂഹിക നിര്‍വഹണാധികാരമുള്ള പുതിയൊരു കര്‍തൃത്വമായി (subjectivity) രൂപം കൊള്ളുന്നതു കൊണ്ടാണ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ക്കോ ഇല്ലാത്ത സാമൂഹ്യ ഭാവനകളെ ഉത്പാദിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നത്.
ദളിത് ചോദ്യങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന് എത്തി പരമാവധി ചേരാന്‍ കഴിയുന്ന ഉത്തരം അധ:കൃത വര്‍ഗ്ഗലീഗാണ്. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങളിലൂടെ   രൂപപ്പെട്ട സാമൂഹ്യ രാഷ്ട്രീയ വീക്ഷണമാണ് അതിന്റെ കൈമുതല്‍.  അതിലൂടെ നോക്കുമ്പോള്‍ സവര്‍ണരാല്‍ ഉയര്‍ത്തികൊണ്ടു വരേണ്ട ഒരു ജനതയായിട്ടു മാത്രമേ അയിത്ത ജാതിക്കാരെ കാണാന്‍ കഴിയുകയുള്ളൂ. ഇത് പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള വീക്ഷണത്തിലും ബാധകമാണ്. ഈ വിഷയത്തില്‍ അവര്‍ക്ക് പരമാവധി ഉച്ഛരിക്കാന്‍ കഴിയുന്ന വാക്ക് എന്‍വയോണ്‍മെന്റല്‍ (Environmental) എന്നതാണ്. അതിലപ്പുറം ഇക്കോ സിസ്റം(Eco-system), ഇക്കോസോഫി (Ecosophy) തുടങ്ങിയ തത്വചിന്താപരമായ തലത്തിലേക്കൊന്നും കടക്കാനവര്‍ക്കാകില്ല.  ചരിത്രപരമായി രൂപപ്പെട്ട അവരുടെ വീക്ഷണത്തിന്റെ പ്രശ്നമാണിത്.
ഇടതുപക്ഷത്തിന് ദളിതരെ സംബന്ധിച്ച് എത്തിച്ചേരാവുന്നത് പട്ടികജാതിക്കാര്‍ എന്ന സ്റേറ്റിന്റെ ഔദ്യോഗിക നാമത്തിലും അതിന്റെ സങ്കല്പത്തിലും മാത്രമാണ്.   വികസന പ്രക്രിയകള്‍ക്കു വേണ്ടി ഭരണകൂടം ഉണ്ടാക്കിയ പേരാണിത്. ഒരു ജനതയെ അതിസംബോധന ചെയ്യാന്‍ തെരെഞ്ഞെടുക്കുന്ന പേര് വളരെ പ്രധാനപ്പെട്ടതാണ്.
സ്ത്രീ പ്രശ്നങ്ങളെ സംബന്ധിച്ചാണെങ്കില്‍  ഇവര്‍ക്ക് മഹിള ഫെഡറേഷനപ്പുറത്തേക്ക് പോകാന്‍ കഴിയില്ല.  ജന്‍ഡര്‍ ക്വസ്റ്റ്യന്‍ മൌലീകമായി ഉന്നയിക്കുവാന്‍ കമ്മ്യൂണിസ്റുകള്‍ക്ക് കഴിയില്ല എന്നതു തന്നെ ഇതിനു കാരണം. ലിംഗനീതിയുടെ പ്രശ്നം അഭിസംബോധന ചെയ്യുന്നതോടെ ഇവരുടെ ശാക്തീകരണ സിദ്ധാന്തവും മഹിള ഫെഡറേഷനും അപ്രസക്തമാകുന്നു. ലിംഗ നീതിയുടെ (Gender justice) പ്രശ്നമുന്നയിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് സിദ്ധാന്തപരമായോ സംഘടനപരമായും  കഴിയില്ല.
ഇതു മനസിലാക്കാന്‍ കഴിയാത്തതു കൊണ്ടാണ് ദലിത്, ആദിവാസി, പരിസ്ഥിതി, നെല്‍വയല്‍ സംരക്ഷണ സമരങ്ങള്‍ തുടങ്ങിയവയോട് എന്തുകൊണ്ടാണ് കമ്മ്യൂണിസ്റുകളും കോണ്‍ഗ്രസുകാരും ശത്രുതാപരമായ നിലപാടുകളെടുക്കുന്നതെന്ന് വിശദീകരിക്കാന്‍ സി ആറിന്റെ വിശകലനങ്ങള്‍ക്ക് കഴിയാതെ പോകുന്നത്. ഈ നിലയില്‍ എത്ര ചിന്തിച്ചാലും അദ്ദേഹത്തിന് ഈ വിഷയത്തിന്റെ കേന്ദ്രത്തിലെത്താന്‍ കഴിയില്ല.  കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചതു തന്നെയാണ്. ഇവര്‍ക്ക്  എത്തിപ്പെടാന്‍ പറ്റാത്ത ഒരു മേഖലയിലാണ് ഈ പുതിയ പ്രസ്ഥാനങ്ങളെല്ലാം. ഉടലെടുക്കുന്നതും കര്‍മ്മനിരതമാകുന്നതും സിദ്ധാന്തങ്ങളും അവയുടെ പ്രയോഗങ്ങളും ഉത്പാദിപ്പിക്കുന്നതും.  അതുകൊണ്ടാണ് തങ്ങള്‍ക്ക്‌ അദൃശ്യമായ ഒരു മേഖല എന്ന നിലയില്‍ ഇവര്‍ ഇതിനെ നോക്കിക്കാണുന്നത്.
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പുതിയ സാമൂഹ്യ ചോദ്യങ്ങളായി ദലിത്, ആദിവാസി, ലിംഗനീതി, പ്രകൃതി സംരക്ഷണം തുടങ്ങിയവയെ കരുതുന്നതോടെ നമ്മള്‍ അത് മനസിലാക്കാന്‍ കഴിയാത്തവരായി മാറിക്കഴിഞ്ഞു. ദലിത് എന്ന വാക്ക് ഇവര്‍ ഉച്ഛരിക്കുന്നതോടെ അതുയര്‍ത്തുന്ന ചോദ്യം പൂര്‍ണ്ണമായും വ്യത്യസ്തമായി മാറുകയാണ്.
ആദിവാസികള്‍ അവരുടെ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുമ്പോള്‍ കേരളം അതുവരെ കണ്ടിട്ടില്ലാത്ത ഒരു ആദിവാസിയാണ് രംഗപ്രവേശം ചെയ്യുന്നത്. അതവരുടെ ദര്‍ശന പരമായ പരിമിതിയായിട്ട് മനസിലാക്കിയാല്‍ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ എന്താണ് ഉല്‍പാദിപ്പിച്ചതെന്ന്

ആറളം ഗോത്രപൂജ

മനസിലാക്കാന്‍കഴിയൂ. ഇല്ലെങ്കില്‍ വിവേചനം നിലനില്‍ക്കുന്നതുകൊണ്ട്  അതു പരിഹരിക്കാന്‍ അവരൊരു സംഘടന ഉണ്ടാക്കട്ടെ എന്ന യുക്തിയിലായിരിക്കും പലപ്പോഴും എത്തിച്ചേരുക.  വിവേചനം കൊണ്ടുണ്ടാക്കുന്ന സംഘടനകളല്ലാ ഇതൊന്നും. ലോകത്തെ മറ്റൊരു രൂപത്തില്‍ മാറ്റിത്തീര്‍ത്താല്‍ മാത്രമേ മനുഷ്യവംശത്തിന് ദളിതര്‍ക്കും അദളിതര്‍ക്കും കൂടുതല്‍ നല്ല മനുഷ്യരായിരിക്കാന്‍ കഴിയൂ എന്ന വിച്ഛേദന ദര്‍ശനമാണ് ഇതിന്റെ അടിസ്ഥാനമെന്ന് കാണാന്‍ കഴിയും. അതു സാധിക്കാത്തതു കൊണ്ടാണ് കമ്മ്യൂണിസ്റുകള്‍ എന്തുകൊണ്ടാണ് ഇതിനെതിര്‍പക്ഷത്തു നിന്നത് എന്ന് സിആറിന് മനസിലാക്കാന്‍ കഴിയാതെ പോകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ പോലുള്ളവര്‍ എത്തുന്ന നിഗമനം ഇടതുപക്ഷം ഇവയെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു വിശാലമായ ഹരിത ഇടതുപക്ഷമെന്നോ കീഴാള ഇടതു പക്ഷമെന്നോ വിളിക്കാവുന്ന നവ ഇടതുപക്ഷം ഉണ്ടാക്കണമെന്നാണ്.  അതിന് സിപിഐ എം പോലുള്ള പരമ്പരാഗതമായ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്നും അതേറ്റെടുക്കേണ്ടത് ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്ന സംഘങ്ങളോ അതിനെ രാഷ്ട്രീയമായി സമാഹരിക്കാന്‍ ശ്രമിക്കുന്ന നവ ജനാധിപത്യ പ്രസ്ഥാനങ്ങളോ ആണെന്നാണ്. ഇത് ആദ്യത്തെ തെറ്റിന്റെ യുക്തിഭദ്രമായ ഒരു വീഴ്ചയാണ്.  ഈ നിഗമനം ഭാവന ചെയ്യുന്നത് ഒരു പുതിയ ഇടതു പക്ഷത്തെയാണ്.
സിആര്‍ നീലകണ്ഠന്‍ മാത്രമല്ല, കേരളത്തിലെ തൊണ്ണൂറു ശതമാനം എഴുത്തുകാരും ചിന്തിക്കുന്നതിങ്ങനെയാണ്. ഇതില്‍ രണ്ട് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്ന്, കേരളം പോലൊരു  പ്രബലമായ ഇടതുപക്ഷസ്ഥലം എന്ന നിലയില്‍ അതിനോടുള്ള വൈകാരികമായ  ഘടകങ്ങള്‍, ഇടതുപക്ഷവും വലതുപക്ഷവുമല്ലാതെ മറ്റൊരു  പക്ഷം ചരിത്രത്തില്‍ ഉണ്ടാകുമോ എന്ന് സംശയിക്കുന്ന ഒരു ജനതയാണ് നമ്മുടെ ഇന്റെലിജെന്‍ഷ്യ. എന്ത് ഉത്തരവാദിത്തത്തിലാണ് ഇവരിത് പറയുന്നതെന്ന് അറിയില്ല.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അടിസ്ഥാന ദര്‍ശനം മുന്നോട്ട് വെച്ചത് കാള്‍ മാര്‍ക്സാണ്. മാര്‍ക്സിസം സ്വയം വളരുന്ന ഒരു ദര്‍ശനമാണെന്നും ലോകത്തെ മുഴുവന്‍ ഉള്‍ക്കെള്ളാന്‍ അതിനു കഴിയുമെന്നുമുള്ള പ്രോ-മാര്‍ക്സിയന്‍ വാദം ഇന്നും  ലോകത്ത് നിലനില്‍ക്കുന്നുണ്ട്.  ഇത് സാമൂഹ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം പോലുള്ള സ്ഥലത്ത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ലോകത്തിന്റെ മറ്റു പല ഭാഗത്തും ഇത് കര്‍ശനമായി പരിശോധിക്കപ്പെടുകയും മറ്റേതൊരു ദര്‍ശനം പോലെയും മനുഷ്യ വംശത്തിന്റെ ചരിത്രത്തില്‍ കടന്നുവന്ന ഒരു ദര്‍ശനം മാത്രമാണ് മാര്‍ക്സിസം എന്ന് വിധി എഴുതപ്പെട്ടിട്ടുമുണ്ട്.
മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ്എസ്ആര്‍ പോലുള്ള ഒരു രാഷ്ട്രം നിര്‍മ്മിച്ചതും നിലനിര്‍ത്തിയതും. ഇരു ധ്രുവങ്ങളായി മാറിയ ഒരു ലോകത്ത് ഒരു ധ്രുവമായി മാറാന്‍ കഴിഞ്ഞതാണ് മാര്‍ക്സിസം ലോകവ്യാപകമായി പ്രചരിക്കാനുണ്ടായ കാരണം. എന്നാല്‍ യുഎസ്എസ്ആറിന്റെ സൈനിക ബലത്തിലാണ് ലോകത്തിന്റെ പല മേഖലയിലേക്കും മാര്‍ക്സിസം പടര്‍ന്നു കയറിയതെന്ന് ഇന്ന് വളരെ വ്യക്തമാണ്. പക്ഷെ കേരളത്തില്‍ ഇതു പറയുന്നവര്‍  ചരിത്രം ശരിയായ രീതിയില്‍ മനസിലാക്കാന്‍ കഴിയാത്തവരാണെന്നാണ് കരുതുന്നത്.
മാര്‍ക്സിസം മാത്രമല്ല ഏത് ദര്‍ശനവും സ്വയം വികസിക്കുമെന്ന് പറയുന്നതില്‍ കാതലായ ഒരു പ്രശ്നമുണ്ട്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ മാര്‍ക്സിസം രൂപംകൊള്ളുന്നത് ഒരു ചരിത്രഘട്ടത്തിലാണ്. ആ ചരിത്രഘട്ടത്തില്‍ ചിന്താപരമായി ഉള്ളടങ്ങിയിട്ടുള്ള എല്ലാ പരിമിതികളും സാധ്യതകളും അതുള്‍ക്കൊള്ളുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
മാര്‍ക്സിയന്‍ ഡയലക്റ്റിക്സ് എന്നുപറയുന്നത് സ്വയം വികസിക്കുന്നതും പരിഷ്ക്കരിക്കുന്നതും ആണെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന കാര്യം സംശയാസ്പദമാണ്. അതു സാധ്യമല്ല എന്ന വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.  അതിനു കാരണം ന്യൂട്ടണ്‍ എന്താണോ ഭൌതീകശാസ്ത്രത്തില്‍  കണ്ടുപിടിച്ചത്, ജീവശാസ്ത്രത്തില്‍ ഒറിജിന്‍ ഓഫ് സ്പീഷ്യസി(Origin of Species)ലൂടെ ഡാര്‍വിന്‍ എന്താണോ കണ്ടുപിടിച്ചത് അതിന് സമാനമായ കാര്യമാണ് ചരിത്രത്തില്‍ കാള്‍ മാര്‍ക്സ് കണ്ടുപിടിച്ചതെന്ന് ഏംഗല്‍സ് പറയുന്നത് ചെറിയൊരു വാചകമല്ല. ലോകം മുഴുവന്‍ അങ്ങനെ തന്നെയാണ് വിചാരിച്ചത്. സൈദ്ധാന്തികമായ സൂക്ഷ്മ വിശകലനത്തില്‍ പല കാര്യങ്ങളും പറയുമെങ്കിലും അടിസ്ഥാനപരമായി ഈ ഒരു വിശ്വാസമാണ് മാര്‍ക്സിസത്തെ സ്വന്തം ദര്‍ശനമായി സ്വീകരിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തേയും അടിത്തട്ടിലെ മനുഷ്യരെയും സഹായിച്ചത്. ചരിത്രം നമ്മള്‍ വിചാരിക്കുന്ന വിധം മുന്നേറുമെന്നും അതിന്റെ നിയമങ്ങള്‍ നമ്മള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു എന്നും ഇനി ആ നിയമം അനുസരിച്ച് ചരിത്രത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നുമുള്ള മൂഢവിശ്വാസമാണ് ആളുകളെ  മാര്‍ക്സിസ്റുകളാക്കിക്കൊണ്ടിരുന്നത്.
ഫിസിക്സില്‍, ഞാന്‍ ലോകത്തിന്റെ ചലന നിയമങ്ങള്‍  കണ്ടുപിടിച്ചിരിക്കുന്നു എന്നും അതുകൊണ്ട് വര്‍ത്തമാനത്തിലും ഭാവിയിലും സംഭവിക്കുന്ന ഏതൊരു സംഭവവും  പ്രവചിക്കാന്‍ എനിക്കു കഴിയുമെന്ന നിര്‍ണ്ണയവാദമാണ്(determinism) ഐസക് ന്യൂട്ടനിലൂടെ പുറത്തു വന്നത്. അത് സാധ്യമാണെന്നാണ് മാര്‍ക്സിനെ ഉദ്ധരിച്ച് ഏംഗല്‍സും വ്യക്തമാക്കിയത്. ഈ ഒരു ഡിറ്റെര്‍മെനിസ്റിക് ആയ ഫിലോസഫിയാണ് മാര്‍ക്സിസത്തിലൂടെ ലോകത്ത് പ്രചരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചരിത്രം താഴെ നിന്ന് മുകളിലേക്കുള്ള നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഒന്നല്ലെന്ന് നമുക്ക് വ്യക്തമായ ബോധ്യമുണ്ട്. വാദത്തിനു വേണ്ടി മാര്‍ക്സ് തിരിച്ചും മറിച്ചും എഴുതിയിട്ടുണ്ടന്ന് സൂഷ്മമായി വാദിക്കാമെങ്കിലും എന്താണ് ലോകത്ത് സംഭവിച്ചത് എന്നാണ് നമ്മള്‍ അറിയേണ്ടത്.
മാക്സിസത്തിന്റെ പേരില്‍ ലോകത്ത് ഭരിച്ച മുഴുവന്‍ ഭരണാധികാരികളും സ്വേച്ഛാധിപതികളായിരിക്കെ മാര്‍ക്സ് മാത്രം മാന്യനാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം  മനസിലാകുന്നില്ല.  മാര്‍ക്സിസം എന്ന പേരില്‍ പ്രചരിക്കപ്പെട്ട സിദ്ധാന്തവും അത് തലയിലേറ്റി രാഷ്ട്രമുണ്ടാക്കിവരും ഭീകരമായി സ്വന്തം ജനതയെ കൊന്നൊ ടുക്കിവരാണെന്നത് ചരിത്രമാണ്. ലോകത്ത് ഒറ്റ മാക്സിസിസ്റ് ഭരണാധികാരി പോലും സ്വന്തം ജനതയോട് നീതി പുലര്‍ത്തിയിരുന്നില്ലെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസിലാക്കണം.
രണ്ടാമത്തെ കാര്യം ഫിസിക്സിലുണ്ടായ പുതിയവികാസങ്ങള്‍ ന്യൂട്ടോണിയന്‍ ഫിസിക്സിനെ തന്നെ തള്ളികളഞ്ഞിരിക്കുന്നു. ഐന്‍സ്റീനിലെത്തുമ്പോള്‍ അതുവരെ നിലനിന്ന സ്ഥലകാല സങ്കല്പം തന്നെ തെറ്റാമെന്നു തന്നെയാണ് അദ്ദേഹം പറഞ്ഞത്.

നിരീക്ഷകന്‍ ആരാണോ അയാള്‍  കൈയാള്ളുന്ന(occupy) സ്ഥലമാണ് ചലനവും വേഗതയും രൂപവുമെല്ലാം നിശ്ചയിക്കുന്നതെന്നാണ് relativity theory നമുക്ക് നല്‍കുന്ന പാഠം. ദളിതന്‍ കൈയാള്ളുന്ന സ്ഥലം ലോകത്തിന്റെ സാമൂഹ്യശാസ്ത്രത്തെയും (sociology) രാഷ്ട്രമീമാംസയേയും(Politics) മാറ്റിമറിക്കുന്നത് അതുകൊണ്ടാണ്. തത്ത്വചിന്തയിലും ശാസ്ത്രത്തിലും ഉണ്ടായവികാസങ്ങളാണ് ഈ പറയുന്ന പുതിയ കര്‍തൃത്വങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത്. അതിനെ വെറും യൂറോപ്യന്‍ ജ്ഞാനോദയം(European Enlightenment) മാത്രമായി കാണാന്‍ കഴിയില്ല. മാര്‍ക്സിസമാണ് അവസാന വാക്കെന്ന് പറഞ്ഞു നടക്കുമ്പോഴും താത്ത്വികമായ ഈ വികാസങ്ങളെയും തിരസ്ക്കാരങ്ങളെയും ഒന്നും ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ വലിയ പരിമിതി.
മാര്‍ക്സിസത്തെ വികസിപ്പിച്ചു കൊണ്ട് ഒരു പുതിയ ഇടതുപക്ഷം രൂപപ്പെടുത്തണം എന്ന വാദം യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലത്തെ ലോകത്തിന്റെ ചരിത്രത്തില്‍നിന്ന് ഒരു പാഠവും പഠിക്കാത്ത ഒരാളുടെ വാദമായിട്ടാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലം മാര്‍ക്സിസത്തിന്റെയും ശാസ്ത്രീയ മാര്‍ക്സിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പേരില്‍ ഉണ്ടായിട്ടുള്ള മുഴുവന്‍ മുന്നേറ്റങ്ങളിലും രാഷ്ട്രരൂപികരണത്തിലും വളരെ വലിയ കൂട്ടക്കൊലകളാണ് നടന്നിട്ടുള്ളത് എന്ന യാഥാര്‍ഥ്യത്തെ വെറുതെ കാണാതിരുന്നു കൂടാ.
നവ ജനാധിപത്യ പ്രസ്ഥാനങ്ങളും നവ സാമൂഹ്യ ശക്തികളും ആണ് നവ ഇടതുപക്ഷത്തെ ഉണ്ടാക്കേണ്ടതെന്ന വാദം ആദ്യമാവര്‍ത്തിച്ച തെറ്റിന്റെ സ്വഭാവികമായ ഫലം മാത്രമാണ്. നവ സാമൂഹ്യശക്തികള്‍ ലോകത്തെ മറ്റൊരു  രീതിയിലാണ് നോക്കിക്കാണുന്നത്. ഇതിനെ മനസിലാക്കുന്നതില്‍ സ്ട്രക്ചറല്‍ ആയി ചിന്താപരമായ പിഴവ് മാര്‍ക്സിസ്റുകള്‍ക്കുണ്ട്.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മാത്രമല്ല ഇതിനേക്കാള്‍ ക്രൂരമായ കൊലപാതകങ്ങള്‍ ഉണ്ടായാലും മാര്‍ക്സിനെ ഉപേക്ഷിക്കുവാന്‍ ഇവര്‍ക്ക് കഴിയില്ല. കേരളത്തിലെ മാര്‍ക്സിസ്റ് പണ്ഡിതന്‍മാരെല്ലാം ഇതുമായി ബന്ധപ്പെട്ട് വളരെ വലിയ സൌകര്യങ്ങള്‍ അനുഭവിക്കുന്നവരോ ഉപരി മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരുമാണ്. ഇതൊക്കെ അനുഭവിക്കുന്നവരാണ് മാര്‍ക്സിസം അവസാന വാക്കെന്ന് പ്രചരിപ്പിക്കുന്നത്. സാമാന്യ ജനങ്ങളുടെ ജീവിതത്തില്‍ ഇത് വളരെ വ്യത്യസ്തവും ഹീനവുമായ അനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇതു പരിഗണിക്കാതെയാണ് ഇനിയുമൊരു പുതിയ ഇടതുപക്ഷം വേണമെന്ന് പറയുന്നത്. ഇടതുപക്ഷത്തിന് പരിഹരിക്കാവുന്ന എന്തെങ്കിലും ഒരു കാര്യം ചരിത്രത്തില്‍ അവശേഷിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്.  ഇല്ലെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍.
യൂറോപ്പിന്റെ ചരിത്രത്തെയും സമ്പദ്ഘടനയെയും തത്ത്വശാസ്ത്ര ചരിത്രത്തേയും കര്‍ശനമായി പരിശോധിച്ചുകൊണ്ടാണ് മാര്‍ക്സ് ചില താത്വിക ഘടകങ്ങള്‍ ഉത്പാദിപ്പിക്കുകയും ദര്‍ശനങ്ങള്‍ സമാഹരിച്ചുകൊണ്ട് പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളും മനുഷ്യനെക്കുറിച്ച് തന്നെയുള്ള ചിന്താപദ്ധതികളും മുന്നോട്ടുവെക്കുകയും ചെയ്തത്. ഇതിന് അടിസ്ഥാനമായത് യൂറോപ്യന്‍ അനുഭവങ്ങളുടെ സമാഹരണമായിരുന്നു. എന്നാല്‍ നമ്മള്‍ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്,  യൂറോപ്പ് ലോകത്തിന്റെ  ഒരു ചെറിയ ഭാഗം മാത്രമാണെന്നതാണ് അത്. അതിനേക്കാള്‍ എത്രയോ വിസ്തൃതമായ ഭൂവിഭാഗങ്ങള്‍, അനുഭവങ്ങള്‍, അന്വേഷണങ്ങള്‍, തത്ത്വശാസ്ത്രങ്ങള്‍, ശാസ്ത്രങ്ങള്‍ ഇവയെല്ലാം യൂറോപ്പിന് വെളിയില്‍ വിസ്തൃതമായി കിടപ്പുണ്ടായിരുന്നു. പത്തൊന്‍പതാം  നൂറ്റാണ്ടിലെ കൊളോണിയല്‍ ശക്തിയുടെ അധികാര പദവിക്ക് അകത്ത് നിന്നുകൊണ്ടാണ് ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും രൂപപ്പെട്ട വ്യത്യസ്ത തത്ത്വശാസ്ത്ര വിചാരങ്ങളെയും ശാസ്ത്ര ബോധ്യങ്ങളെയും മനുഷ്യജീവിതത്തിന്റെ ചില മുറകളെയും എല്ലാം പൂര്‍ണമായും നശിപ്പിച്ചത്.  കൊളോണിയല്‍ ഇടപാടുകളുടെ അതേ രീതി തന്നെയാണ് മാര്‍ക്സിസത്തിന്റെ കാര്യത്തിലും സംഭവിച്ചത്. മാര്‍ക്സ് ഒരു യൂറോപ്യന്‍ ആയതുകൊണ്ടു മാത്രം അദ്ദേഹത്തെ സ്വീകരിക്കരുത് എന്നല്ല ഞാന്‍ പറയുന്നത്. മാര്‍ക്സിന്റെ ദര്‍ശനം ലോകത്തെ പൂര്‍ണമായും മനസിലാക്കുന്നതില്‍ പരാജയപ്പെട്ട ഒന്നാണെന്നാണ് എന്റെ അഭിപ്രായം.
മാര്‍ക്സിസ്റ് പാര്‍ട്ടി മോശമാണെങ്കിലും മാര്‍ക്സിസം മെച്ചപ്പെട്ട ഒന്നാണെന്ന വാദം കുഴപ്പം പിടിച്ച ഒന്നാണ്.  മാര്‍ക്സിസം മികച്ച സിദ്ധാന്തമാണെങ്കില്‍ അതില്‍ നിന്ന് രൂപപ്പെട്ട മാതൃകാപരമായ ഒരു പ്രസ്ഥാനവും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?  ഒരു സിദ്ധാന്തത്തില്‍നിന്നും രൂപപ്പെടുന്ന പ്രയോഗികമായ സംവിധാനങ്ങള്‍ യൂറോപ്പ് മുതല്‍ കേരളം വരെ എല്ലാ സ്ഥലത്തും എന്തുകൊണ്ടാണ് പരാജയപ്പെടുന്നത്? അപ്പോള്‍ ഈ തത്ത്വശാസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
വര്‍ഗ്ഗ വിശകലനത്തിന് അടിസ്ഥാനമായിരിക്കുന്ന മാര്‍ക്സിന്റെ സിദ്ധാന്തമനുസരിച്ച് നാളിതുവരെയുള്ള ലോകത്തിന്റെ ചരിത്രം വര്‍ഗ്ഗ സമരത്തിന്റെ ചരിത്രമാണ്. ആധുനിക മൂലധനമാണ് വര്‍ഗ്ഗ വിഭജിതമായ ലോകത്തെ തൊഴിലാളി വര്‍ഗ്ഗമെന്നും മുതലാളിവര്‍ഗ്ഗമെന്നും രണ്ടായി പിളര്‍ക്കുന്നതെന്നും അതിന് അനുബന്ധമായി കര്‍ഷകര്‍, തൊഴിലാളി വര്‍ഗം എന്നിങ്ങനെയുള്ള വര്‍ഗ്ഗങ്ങള്‍ ഉണ്ടാകാമെന്നും വിശദീകരിക്കുന്ന മാര്‍ക്സിനോട് ജര്‍മ്മനിയില്‍ വെച്ച് നാടോടികള്‍ക്കും കന്നുകാലി മേയ്ക്കുന്നവര്‍ക്കും സോഷ്യലിസ്റ് ഘട്ടത്തില്‍ എന്തായിരിക്കും പങ്ക് എന്ന് ഒരാള്‍ ചോദിച്ചു. സോഷ്യലിസ്റ്റ്‌ നിര്‍മാണത്തില്‍ ചരിത്ര പരമായ  ദൌത്യം ഇല്ലാത്തതിനാല്‍ ചരിത്രത്തില്‍ നിന്ന് നിഷ്ക്രമിക്കും എന്നായിരുന്നു  അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ  അദ്ദേഹം പറഞ്ഞത്. കാരണം മാക്സിന്റെ വിശകലനത്തില്‍ അവര്‍ ചരിത്രപരമായി പ്രധാന്യമില്ലാത്തവരാണ് ഈ ജനവിഭാഗങ്ങള്‍. ഒരാളെ അവര്‍ ഏത് വര്‍ഗ്ഗമാണെന്ന് തീരുമാനിക്കുന്നത് മുഴുവന്‍ സമ്പദ്ഘടനയ്ക്ക് അവന്റെ സംഭാവന ചെയ്യാനുള്ള ശേഷി അനുസരിച്ചാണ്.  ഈ തിയറിയെ നേരിട്ട് ഇന്ത്യയില്‍ കൊണ്ടുവരികയാണെങ്കില്‍  ആദിവാസികള്‍ നശിച്ചുപോകാന്‍ സാധ്യതയുള്ളവരാണ്. കാരണം അവര്‍ കാര്യമായി ഒന്നും ഉല്‍പ്പാദിപ്പിക്കാത്തവരാണല്ലോ. മാര്‍ക്സ് ഇന്ത്യയെ ഒരു നിശ്ചല സമൂഹമായിട്ടാണ് കണ്ടത്.
എന്നാല്‍ അംബേദ്ക്കര്‍ നമ്മെ പഠിപ്പിക്കുന്നത് നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ബ്രാഹ്മണരും ബുദ്ധമതക്കാരും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നിരുന്നു എന്നും ബ്രാഹ്മണര്‍ ബുദ്ധന്റെ പാരമ്പര്യത്തെ ആക്രമിച്ച്  കീഴടക്കുകയായിരുന്നു എന്നുമാണ്. ഇന്ത്യയെ മാത്രമല്ല യൂറോപിന്റെ പോലും മുഴുവന്‍ ഭൂപടങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാര്‍ക്സിന് കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  അധിനിവേശ മൂലധനം  മാത്രമല്ല കാര്യങ്ങളെ തീരുമാനിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ ലോകത്തിന്റെ ഭൂരിഭാഗങ്ങളില്‍ ഉണ്ടെന്നും അത് സാധ്യമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആ ഘടകങ്ങളെ കൂടി പരിഗണിച്ചു കൊണ്ടു മാത്രമേ ഇനി നമുക്ക് മുന്നോട്ട് പോകാനാകൂ.  ആധുനിക തൊഴിലാളി വര്‍ഗ്ഗത്തിന് ഇനി ഒരു  ദൌത്യവും നിറവേറ്റാന്‍ ഇല്ലാത്തതുകൊണ്ടാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ പുതിയ കാലത്ത് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനാകാതെ നിശബ്ദരായിരിക്കുന്നത്‌, അല്ലാതെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തി ഇല്ലാത്തവരായതുകൊണ്ടല്ല. മറിച്ച് ഈ ദൌത്യം ഇന്ന് ഏറ്റെടുത്തിരിക്കുന്നത് സി ആര്‍ നീലകണ്ഠന്‍ പറയുന്നതു പോലെ ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ പുതിയ സ്വത്വവിഭാഗങ്ങളും പരിസ്ഥിതിനീതിയെയും ലിംഗ നീതിയെയും കുറിച്ച് ലോകത്തിലെ നവീന ബോധ്യങ്ങളുള്ള വിഭാഗങ്ങളും വ്യക്തികളും അവരെ രാഷ്ട്രീയമായി സമാഹരിക്കാനും നേതൃത്വം കൊടുക്കാന്‍ ആഗ്രഹിക്കുന്ന നവ ജനാധിപത്യ പ്രസ്ഥാനങ്ങളുമാണ്. ഇവരാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ സമൂഹത്തിന്റെ രാഷ്ട്രീയ അഭിവാഞ്ചകളെ മുന്നോട്ടു നയിക്കുന്നത്.
ഇതിനെതിരെയാണ് ട്രേഡ് യൂണിയനുകള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.  മാവൂരിലേയും ചെങ്ങറയിലേയും സമരങ്ങളില്‍ ഇത് വ്യക്തമായതാണ്. 250 ഓളം തൊഴിലാളികളുടെ പേരു പറഞ്ഞാണ് ബിര്‍ള  കോഴിക്കോട് വിട്ടുപോകരുതെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്.  കോര്‍പ്പറേറ്റ് കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്ന             ചെങ്ങറയിലെ പ്ലാന്റേഷന്‍ ഭൂമിയില്‍ നിന്ന് കുടില്‍കെട്ടി സമരം ചെയ്യുന്ന  കേരളത്തിലെ ഏറ്റവും ദരിദ്രരും ഭൂരഹിതരുമായ ആദിവാസികളും ദളിതരും  ഇറങ്ങണമെന്നും തങ്ങള്‍ക്ക് തൊഴില്‍ വേണമെന്നും പറഞ്ഞുകൊണ്ടാണ് സിഐടിയു മുതല്‍ ബിഎംഎസ് വരെയുള്ള സംഘടിത ട്രേഡ് യൂണിയനുകള്‍ മരുന്നും ഭക്ഷണവും പോലും നിക്ഷേധിച്ചുകൊണ്ട് അതിക്രമങ്ങള്‍ അഴിച്ചു വിട്ടത്. ഇവര്‍ക്ക് ആധുനിക മൂലധനത്തോട് വൈരുദ്ധ്യമുണ്ടെന്ന് പറയുന്നത് വെറുതെയാണ്. അവരതിന്റെ ഭാഗം തന്നെയാണ്.  ഈ മൂലധന ശക്തികളെ മദ്ധ്യേന്ത്യയിലും ഒറീസയിലും പതിറ്റാണ്ടുകളായി എതിര്‍ക്കാന്‍ രംഗത്തുള്ളത് അവിടത്തെ ആദിവാസികളും ദളിതരും തന്നെയാണ്.  മാവോയിസ്റുകളുടെയും മറ്റും രാഷ്ട്രീയ ഇടപെടലുകള്‍ അതില്‍ കാണാമെങ്കിലും മുന്‍നിരയിലുള്ളത് അവര്‍ തന്നെയാണ്.
മുത്തങ്ങ സമരത്തില്‍ ആദിവാസികള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് ഭൂമി തരൂ ഞങ്ങള്‍ കൃഷി ചെയ്ത് ഊരുസഭകളുമായി ചേര്‍ന്ന് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വയംഭരണവുമായി ജീവിച്ചുകൊള്ളാം എന്നാണ്. ചെങ്ങറ സമരത്തില്‍ ളാഹ ഗോപാലന്‍ പറഞ്ഞത് ഗവെണ്‍മെന്റ് ഞങ്ങള്‍ക്ക് വീട് വെക്കാനും കക്കൂസ് വെക്കാനും യാതൊരു സഹായവും തരേണ്ട;  ഭൂമി തന്നാല്‍ മതി അതില്‍ പണിയെടുത്ത് ഞങ്ങള്‍ സ്വന്തമായി ഇതൊക്കെ ഉണ്ടാക്കി കൊള്ളാമെന്നും അതിനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ടെന്നുമാണ്. ഇത് വ്യക്തമായ ഒരു രാഷ്ട്രീയ ഭാവനയെയാണ് മുന്നോട്ട് വെയ്ക്കുന്നത്. ഇത്തരം ഭാവനകളാണ് സമൂഹത്തിന്റെ അഭിവാഞ്ചകളെയും അന്തസത്തയെയും മുന്നോട്ട് നയിക്കുന്നത്. അല്ലാതെ ട്രേഡ് യൂണിയനുകള്‍ അല്ല.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാനപ്പെട്ടെ ഒരു ജനകീയ സമരവും  ചെയ്തിട്ടില്ല. എതിര്‍ക്കുന്നവരെ കൊന്നുകളയുന്നതിനപ്പുറം ചരിത്രപരമായ ദൌത്യം അവസാനിച്ച പ്രദേശങ്ങളാണ് ട്രേഡ് യൂണിയനുകളും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളും.
ഇവിടെയാണ് പുതിയ ഇടതുപക്ഷം എന്ന ഭാവന പൊളിയുന്നത്. നവ സാമൂഹ്യ ശക്തികള്‍ക്ക് മാത്രമേ ഇനി കേരളത്തെയും ഇന്ത്യയും രക്ഷിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. അവരുടെ വാക്കുകളിലാണ് കേരളത്തിന്റെ ഭാവി അടങ്ങിയിട്ടുള്ളത്. വ്യത്യസ്ത ജന വിഭാഗങ്ങള്‍ക്ക് സഹോദര്യത്തോടെയും തുല്യാവകാശങ്ങളോടെയും  പരസ്പരം
ഉള്‍ക്കൊള്ളാനും, പ്രകൃതിയെ സംരക്ഷിക്കാനും ഏല്ലാവര്‍ക്കും വളരാനും വികസിക്കാനും കഴിയുന്ന  പുതിയ സന്തുലിത വികസനങ്ങള്‍ നടത്താനും,  വ്യത്യസ്ത ജനതകളുടെ അവകാശങ്ങളെ പരിപോഷിപ്പിക്കാനുമുള്ള പുതിയൊരു രാഷ്ട്രത്തെയാണ് നവ ജനാധിപത്യം യഥാര്‍ത്ഥത്തില്‍ ഭാവന ചെയ്യുന്നത്. ലോകത്തെ തന്നെ പുതിയൊരു സാമൂഹിക- രാഷ്ട്രീയ ക്രമത്തില്‍ പുന:സംഘടിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ഗൌരവമുള്ള അന്വേഷണവും സംവാദങ്ങളും  വളര്‍ന്നു വരേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു.

ഈ വിഷയത്തില്‍ കൂടുതല്‍ സംവാദത്തിനു  സഹായകമായ ലേഖനങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു. ലേഖനങ്ങള്‍ utharakaalam@gmail.com എന്ന  വിലാസത്തില്‍ അയക്കുക.

Top