കൊന്നു തിന്നവര്‍ തന്നെ കണ്ണീരൊഴുക്കുന്നു

ദലിതര്‍ ജാതീയമായി സംഘടിക്കരുതെന്നും വര്‍ഗപരമായി സംഘടിക്കണമെന്നുമാണ് പാര്‍ട്ടി ഭാഷ്യം. ഈ പ്രത്യയശാസ്ത്ര ഭൂമികയില്‍ രണ്ട് കാര്യങ്ങളാണ് പാര്‍ട്ടി വിശദമാക്കേണ്ടത്. ഒന്നാമതായി, പട്ടികജാതിയെന്നത് ജാതിയാണോ വര്‍ഗമാണോ? രണ്ടാമതായി, ശുദ്ധ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട കര്‍ഷകത്തൊഴിലാളി യൂനിയന്റെ ഇന്നത്തെ അവസ്ഥയെന്താണ്? ഒരുപിടി നേതാക്കളിലൂടെ ഒരു സമുദായത്തെ സ്വന്തം കാല്‍ക്കീഴിലമര്‍ത്താമെന്ന് വ്യാമോഹിക്കുന്ന പാര്‍ട്ടിക്കെന്ത് ഉത്തരങ്ങളാണ് നല്‍കാനുള്ളത്?പട്ടികജാതി ക്ഷേമ സമിതി രൂപവത്കരണത്തിന്റെ മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിലപിച്ചത്, പാര്‍ട്ടിയില്‍നിന്ന് ദലിതരെ അകറ്റാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നാണ്. സഖാവ് പേര് പറയുന്നില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറിയാം, ദലിതരെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നത് ദലിതര്‍ തന്നെയാണെന്ന്. അതിന് മതിയായ കാരണങ്ങളുമുണ്ട്.

കേരളത്തിലെ ദലിതര്‍ക്ക് സംസ്ഥാന തലത്തിലും പ്രാദേശികാടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. ജാതി -ഉപജാതിയടിസ്ഥാനത്തിലുള്ള ഇത്തരം സംഘടനകളെ കൂടാതെ, കോണ്‍ഗ്രസിനും ബി.ജെ.പിക്കും എന്തിനേറെ മുസ്ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും ദലിത് സംഘടനകളുണ്ട്. നായര്‍, ഈഴവ വിഭാഗങ്ങളെപ്പോലെ ദലിതര്‍, നാളിതുവരെ ഒരു സമുദായമായി പരിവര്‍ത്തനപ്പെടാതിരിക്കുന്നതും മറ്റേതൊരു സാമുദായിക വിഭാഗത്തേക്കാളും സാമ്പത്തിക – സാമൂഹിക പ്രശ്നങ്ങളഭിമുഖീകരിക്കുന്നതുമാണ് ഈ സംഘടനാ പെരുപ്പത്തിന് കാരണമായി ചൂണ്ടിക്കാട്ടാനുള്ളത്.
ദലിതര്‍ക്കുവേണ്ടിയുള്ള സംഘടനാ രൂപവത്കരണത്തിലൊരു പൂര്‍വ മാതൃക സൃഷ്ടിച്ചത് സി.പി.ഐ ആണ്. 1970ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ, പി.കെ. ചാത്തന്‍ മാസ്റ്ററെയും പി.കെ. രാഘവനെയും ‘പുലയരാ’ക്കിയാണ് കേരളാ പുലയര്‍ മഹാസഭ (കെ.പി.എം.എസ്) രൂപവത്കരിച്ചത്. ഈ സംഘടനാ രൂപവത്കരണത്തിന്റെ ലക്ഷ്യം പുലയരുടെ മോക്ഷ പ്രാപ്തിയായിരുന്നില്ല; മറിച്ച് സി.പി.ഐക്ക് അഭിമുഖീകരിക്കേണ്ടിവന്ന രാഷ്ട്രീയ-സംഘടനാ പ്രശ്നങ്ങളായിരുന്നു. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ ഭിന്നിപ്പില്‍നിന്ന് രൂപംകൊണ്ട സി.പി.എമ്മിന് ബഹുജനാടിത്തറ സൃഷ്ടിക്കുന്നതില്‍ 1969ല്‍ ആരംഭിച്ച കര്‍ഷകത്തൊഴിലാളി സമരവും 1970ല്‍ ആരംഭിച്ച മിച്ചഭൂമി സമരവും നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മുന്‍ചൊന്ന സമരങ്ങളില്‍ കര്‍ഷകത്തൊഴിലാളികളെന്ന പേരിലണിനിരന്ന പുലയരെ ഒരു വശത്ത് കേരളാ കോണ്‍ഗ്രസിന്റെ കര്‍ഷക വേഷധാരികളും സി.പി.ഐയുടെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പൊലീസുമാണ് നേരിട്ടത്. ഇതിന്റെഫലമായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നു മാത്രമല്ല, വ്യാപകമായ അതിക്രമങ്ങളാണ് പുലയര്‍ക്ക് നേരിടേണ്ടിവന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയായിരുന്ന പുലയര്‍ സി.പി.എമ്മില്‍ അണിനിരന്നതോടെ, അവരെ തിരിച്ചുപിടിക്കാനാണ് കെ.പി.എം.എസ് രൂപവത്കരിക്കപ്പെടുന്നത്.

ആ സംഘടനക്ക് വളരാനവസരമൊരുക്കിയത് പുലയര്‍ക്കുവേണ്ടി നടത്തിയ അവകാശ സമരങ്ങളായിരുന്നില്ല; മറിച്ച് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 10 സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് ചെയ്ത ശിപാര്‍ശയാണ്. ദലിത് ക്രൈസ്തവരടക്കമുള്ള സമുദായങ്ങള്‍ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍, നിലവിലുള്ള പട്ടികജാതി സംവരണത്തില്‍ കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പി.കെ. രാഘവന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പട്ടികജാതി -വര്‍ഗ സംയുക്ത സമിതിയുടെ പ്രക്ഷോഭങ്ങളാണ് കെ.പി.എം.എസിനെ തുണച്ചത്.
എങ്കിലും, പി.കെ. രാഘവന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ, കെ.പി.എം.എസ്, സി.പി.ഐ ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംഘടനക്കുള്ളില്‍ ആഭ്യന്തര കുഴപ്പം മൂര്‍ച്ഛിച്ചിരുന്നു. ഈ ആഭ്യന്തര സംഘര്‍ഷത്തെ തിരിച്ചറിഞ്ഞ സി.പി.ഐ ജാതിവിരുദ്ധവും മതേതരവുമായ നിലപാടിന്റെ മറവില്‍ കെ.പി.എം.എസിനെ കൈയൊഴിഞ്ഞതോടെ, ആദ്യം കെ.വി. കുമാരന്‍ മാസ്റ്ററുടെയും പിന്നീട് ശശാങ്കന്റെയും ഒടുവില്‍ ടി.വി. ബാബുവിന്റെയും നേതൃത്വത്തില്‍ ഒരു സ്വതന്ത്ര സംഘടനയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കെ.പി.എം.എസില്‍, ടി.വി. ബാബുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതുമുന്നണിയോടും പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരുവിഭാഗം ഐക്യമുന്നണിയോടും ആഭിമുഖ്യം പുലര്‍ത്തിയതോടെ സംഘടന നെടുകെ പിളരുകയായിരുന്നു. ഇപ്രകാരം പിളര്‍ന്ന വിഭാഗങ്ങള്‍ക്ക് എല്‍.ഡി.എഫോ യു.ഡി.എഫോ ഔദ്യാഗികമായംഗീകാരം നല്‍കാതിരിക്കുന്നതിനാല്‍ വെള്ളാപ്പള്ളി നടേശനും സംഘ്പരിവാറും രൂപവത്കരിച്ച മുന്നണികളില്‍ ഹിന്ദുക്കളെന്ന നിലയില്‍ അഭയം തേടിയിരിക്കുകയാണ്.

ഈ ചരിത്രപാഠം ദലിതരുടെ വര്‍ത്തമാന കാലാനുഭവമായി നിലനില്‍ക്കുമ്പോഴാണ് സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍വരെ പങ്കെടുത്ത് കൊല്ലത്ത് നടത്തിയ പട്ടികജാതി കോളനി അസോസിയേഷന്‍ സമ്മേളനം പട്ടികജാതി ക്ഷേമസമിതി രൂപവത്കരിച്ചിരിക്കുന്നത്. മുമ്പ്, സി.പി.ഐക്ക് കെ.പി.എം.എസ് രൂപവത്കരിക്കാന്‍ വെളിപാട് ലഭിച്ചതിന് സമാനമായ കാര്യങ്ങളാണ് പുതിയ സംഘടനാ രൂപവത്കരണത്തിന് പ്രേരണയായിരിക്കുന്നത്. ഇപ്പോള്‍ അരങ്ങും വേഷങ്ങളും മാറിയിട്ടുണ്ടെന്നുമാത്രം.
സി.പി.എമ്മിന്റെ പരമ്പരാഗത സമ്പത്തായിരുന്ന പട്ടികജാതിക്കാരനണിനിരന്ന കര്‍ഷകത്തൊഴിലാളി യൂനിയന്‍ കാല്‍നൂറ്റാണ്ടിലേറെ കാലമായി നിര്‍ജ്ജീവമാണ്. ഇതിന് ആധാരമായത്, കാര്‍ഷിക മേഖലയില്‍നിന്ന്  നിര്‍മാണ മേഖലയിലേക്കുള്ള ദലിതരുടെ പറിച്ചുനടലാണ്. ഈ അവസ്ഥയുടെ രാഷ്ട്രീയ പ്രതിഫലനം ദലിതരുടെ സി.പി.എമ്മുമായുള്ള ബന്ധ വിച്ഛേദനമാണ്. പുതിയതായി ഉയര്‍ന്നുവന്ന സാഹചര്യത്തെ സാമുദായികവും പ്രക്ഷോഭകരവുമായ ദിശയിലേക്ക് നയിക്കാന്‍ ദലിതരില്‍നിന്നൊരു ബുദ്ധിജീവി വിഭാഗം ഉയര്‍ന്നുവരുകയും അയ്യങ്കാളി മുതല്‍ അംബേദ്കര്‍വരെയുള്ള പ്രതിനിധാനങ്ങളെ ഉയര്‍ത്തിയെടുക്കുകയുംചെയ്തു. കമ്യൂണിസ്റ്റ് സവര്‍ണരുടെ പൈതൃകമായ അമിത ബുദ്ധിയിലും സംഘടനയുടെ സര്‍വാധികാരത്തിലും വിശ്വസിച്ചിരുന്നതിനാല്‍ ദലിതരില്‍ നിന്നുയര്‍ന്ന ചെറു ശബ്ദങ്ങളെ സി.പി.എം അവഗണിക്കുകയായിരുന്നു. പാര്‍ട്ടി പിതാമഹന്മാരുടെ രക്ഷാകര്‍തൃത്വമില്ലാത്തതിനാല്‍ സ്വയം കെട്ടടങ്ങുമെന്ന് കരുതിയ ദലിതരുടെ ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ 1992ല്‍ തിരുവനന്തപുരത്തെ കുടില്‍കെട്ടല്‍ സമരവും തുടര്‍ന്ന് മുത്തങ്ങാ സമരവുമായതോടെയാണ് പാര്‍ട്ടി അതിന്റെ സംഘടനാ ബലത്തില്‍ ആദിവാസി ക്ഷേമസമിതി രൂപവത്കരിച്ചത്.

ആദിവാസികളുടെ സാമ്പത്തിക – സാമൂഹികാവകാശങ്ങളോട് പുലബന്ധം പോലുമില്ലാത്ത സംഘടനയെ ഉപയോഗിച്ചത് ചിലരോടുള്ള കുടിപ്പക തീര്‍ക്കാനായിരുന്നു. കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെയാണ് 2007 ആഗസ്റ്റ് മാസത്തില്‍ ചെങ്ങറയില്‍ ഭൂസമരം ആരംഭിക്കുന്നത്. ചെങ്ങറ സമരത്തെ  ഹൈകോടതി വിധിയുണ്ടായതിനാല്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ കഴിയാതിരുന്ന പാര്‍ട്ടി, വര്‍ഗ വ്യത്യാസങ്ങള്‍ വിസ്മരിച്ച് കോണ്‍ഗ്രസും ബി.ജെ.പിയുമടക്കം മുഴുവന്‍ സംഘടനകളെയും അണിനിരത്തി അവഗണനയിലൂടെയും കടുത്ത മര്‍ദന നടപടികളിലൂടെയുമാണ് നേരിട്ടത്. ചെങ്ങറയില്‍ സി.പി.എമ്മിന്റെ ആക്രമണത്തില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കം 240ഓളം പേര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടിവന്നത്. സമരത്തോടൊപ്പംചേര്‍ന്ന ദലിത് സംഘടനകള്‍, സോളിഡാരിറ്റിയെപോലുള്ള യുവജന സംഘടനകള്‍, മത സംഘടനകള്‍, പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍, ബി.ആര്‍.പി ഭാസ്കര്‍, ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി, സി.ആര്‍. നീലകണ്ഠന്‍, കെ.ആര്‍. മീര, സി.പി. ജോണ്‍ എന്നിവരുടെ സാന്നിധ്യം എന്നിവയാണ് പാര്‍ട്ടിയെ ഉത്കണ്ഠപ്പെടുത്തിയത്. ജനാധിപത്യ കേരളത്തിന്റെ മുന്നേറ്റം പാര്‍ട്ടി നേതൃത്വംവഹിച്ച ഗവണ്‍മെന്‍റിന് ഭാഗികമായി അംഗീകരിക്കേണ്ടിവന്നതോടെ, കേരളത്തിലെ ദലിതര്‍ക്ക് കമ്യൂണിസ്റ്റുകാരുടെ പിന്തുണയില്ലാതെ സമരം ചെയ്യാനാകുമെന്ന പാഠമാണ് നല്‍കിയത്.
തുടര്‍ന്നുനടന്നത്, വര്‍ക്കലയിലെ ശിവപ്രസാദിന്റെ അങ്ങേയറ്റം നിന്ദ്യമായ കൊലപാതകമാണ്. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഡി.എച്ച്.ആര്‍.എം എന്ന സംഘടനയില്‍ ആരോപിച്ച ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, എല്ലാ നിയമ വ്യവസ്ഥകളെയും കീഴ്മേല്‍ മറിച്ചു കൊണ്ട് ദലിത് കോളനികളില്‍ വ്യാപകമായ നരനായാട്ട് നടത്തുക മാത്രമല്ല, ദലിത് തീവ്രവാദം ആരോപിച്ച് ഒരു സമുദായത്തെ ഒന്നടങ്കം കുറ്റവാളിപ്പട്ടികയില്‍ പെടുത്തുകയുമായിരുന്നു. ഇപ്രകാരം ഭരണകൂടാതിക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോഴാണ് പ്രകാശ് കാരാട്ട് മുതല്‍ എം.വി. ഗോവിന്ദന്‍വരെയുള്ള പാര്‍ട്ടി നേതാക്കളുടെയും കെ.എന്‍. പണിക്കര്‍ മുതല്‍ സുനില്‍ പി. ഇളയിടംവരെയുള്ളവരുടെയും സ്വത്വ രാഷ്ട്രീയ വിരോധം പരന്നൊഴുകിയത്. ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ദലിതരെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാനാവില്ലെന്നറിഞ്ഞതോടെയാണ് പട്ടികജാതി ക്ഷേമസമിതി രൂപവത്കരിച്ചിരിക്കുന്നത്. ദലിതരെ സംബന്ധിച്ചിടത്തോളം നിരവധി സംഘടനകളിലൊന്നു മാത്രമായ പുതിയ സംഘടനക്ക് കെ.പി.എം.എസില്‍നിന്ന് ഭിന്നമായ പ്രത്യയശാസ്ത്രാടിത്തറയാണ് നല്‍കിയിരിക്കുന്നത്.
ദലിതര്‍ ജാതീയമായി സംഘടിക്കരുതെന്നും വര്‍ഗപരമായി സംഘടിക്കണമെന്നുമാണ് പാര്‍ട്ടി ഭാഷ്യം. ഈ പ്രത്യയശാസ്ത്ര ഭൂമികയില്‍ രണ്ട് കാര്യങ്ങളാണ് പാര്‍ട്ടി വിശദമാക്കേണ്ടത്. ഒന്നാമതായി, പട്ടികജാതിയെന്നത് ജാതിയാണോ വര്‍ഗമാണോ? രണ്ടാമതായി, ശുദ്ധ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട കര്‍ഷകത്തൊഴിലാളി യൂനിയന്റെ ഇന്നത്തെ അവസ്ഥയെന്താണ്? ഒരുപിടി നേതാക്കളിലൂടെ ഒരു സമുദായത്തെ സ്വന്തം കാല്‍ക്കീഴിലമര്‍ത്താമെന്ന് വ്യാമോഹിക്കുന്ന പാര്‍ട്ടിക്കെന്ത് ഉത്തരങ്ങളാണ് നല്‍കാനുള്ളത്?
പട്ടികജാതി ക്ഷേമ സമിതി രൂപവത്കരണത്തിന്റെ മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിലപിച്ചത്, പാര്‍ട്ടിയില്‍നിന്ന് ദലിതരെ അകറ്റാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നാണ്. സഖാവ് പേര് പറയുന്നില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറിയാം, ദലിതരെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നത് ദലിതര്‍ തന്നെയാണെന്ന്. അതിന് മതിയായ കാരണങ്ങളുമുണ്ട്. കൊല്ലത്ത് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടത് സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നാണ്. ഇതൊരു വലിയ കാര്യമായി എഴുന്നള്ളിക്കുമ്പോള്‍, അഖിലേന്ത്യാ സെക്രട്ടറിക്ക് ഓര്‍മയില്ലെങ്കിലും ദലിതര്‍ക്കോര്‍മ്മയുള്ളൊരു വസ്തുതയുണ്ട്. സി.പി.എം മുഖ്യ ശക്തിയായി 2004ല്‍ രൂപവത്കരിച്ച ഒന്നാം യു.പി.എ ഗവണ്‍മെന്‍റിന്റെ പൊതു മിനിമം പരിപാടിയിലെ മുഖ്യ ആവശ്യമായിരുന്നു സ്വകാര്യ മേഖലയിലെ സംവരണം. ഈ ആവശ്യം നടപ്പാക്കാന്‍ ചെറുവിരലനക്കാതിരുന്നവരാണിപ്പോള്‍ കടുത്ത സംവരണ വാദികളായി രംഗത്തു വന്നിരിക്കുന്നത്.

മറ്റൊരു കാര്യം, കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ മുഴുവന്‍ ദലിത് സംഘടനകളും മുന്നോട്ടുവെക്കുന്ന ആവശ്യമാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നത്. ഈ കാലയളവില്‍ നിരവധി പ്രാവശ്യം അധികാരത്തില്‍ വന്നിട്ടുള്ള സി.പി.എം എന്താണ് ചെയ്തത്? വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം, സംഘ്പരിവാറിന്റെയും എന്‍.എസ്.എസിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാതിരുന്നത്, പാര്‍ട്ടി നേതൃത്വത്തെ ഓര്‍മപ്പെടുത്താന്‍ സദസ്സിലും വേദിയിലും ആരുമില്ലാതെ പോയല്ലോയെന്നോര്‍ത്ത് സങ്കടപ്പെടുകയാണ്.

പുതിയ സംഘടന അവതാരമെടുത്തിരിക്കുന്നത് പതിനാറിന പരിപാടിയുമായാണ്. ഇതില്‍ മുഖ്യം ഭൂപ്രശ്നമാണ്. 1957 മുതല്‍ 70വരെ നടന്ന ഭൂപരിഷ്കരണത്തിന്റെ കാര്യത്തില്‍ കൊന്നു തിന്നവന്റെ കണ്ണീരാണ് പാര്‍ട്ടിയൊഴുക്കിയിരിക്കുന്നത്. 1957ല്‍ നിയമസഭയിലവതരിപ്പിച്ച ഭൂബന്ധ ബില്ലില്‍ വാഗ്ദാനം ചെയ്തിരുന്നത് കൃഷിഭൂമി കര്‍ഷകനെന്നായിരുന്നു. ഇപ്രകാരമൊരു വ്യവസ്ഥയുണ്ടാക്കിയ പാര്‍ട്ടിയുടെ സാമ്പത്തിക ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം കര്‍ഷകര്‍, പാട്ടക്കാര്‍, വാരക്കാര്‍, കാണക്കാര്‍ എന്നിവരായിരുന്നു. ഈഴവര്‍ക്ക് താഴെയായിരുന്ന ദലിതര്‍ മുന്‍ചൊന്ന ഗണത്തില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍ അവര്‍ക്ക് ഭൂവുടമസ്ഥത നിഷേധിക്കപ്പെടുകയായിരുന്നു. പകരം ലഭിച്ചതാകട്ടെ കേവലം കുടിപ്പാര്‍പ്പവകാശമായ 10,5,3 സെന്‍റ് കുടികിടപ്പും 26,000 ത്തോളം ഹരിജന്‍ – ലക്ഷംവീട് കോളനികളും നിരവധിയായ റോഡ്-തോട് പുറമ്പോക്കുകളും. ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന് നിര്‍ലജ്ജം വാദിക്കുമ്പോള്‍, ഭൂപരിഷ്കരണത്തെ വിലയിരുത്താന്‍ ദലിതര്‍ക്ക് കഴിയുമെന്ന കാര്യമാണ് പാര്‍ട്ടി വിസ്മരിച്ചിരിക്കുന്നത്. ഭൂപരിഷ്കരണത്തില്‍നിന്നും 67 ശതമാനം തോട്ടംഭൂമിയെ ഒഴിവാക്കിയതും 1957ലെ ലാന്‍ഡ് സര്‍വേ പ്രകാരം കണക്കാക്കിയ 10 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കാതിരുന്നതും ഇഷ്ടദാന ബില്‍ തിരുകിക്കയറ്റിയതും പാര്‍ട്ടിയെ നല്ല സമരിയാക്കാരനാക്കുന്നില്ലെന്ന് ആര്‍ക്കാണറിവില്ലാത്തത്? ദലിതരുടെ ഭൂമിയില്ലായ്മയെക്കുറിച്ച് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന പാര്‍ട്ടിയുടെ നിലപാട് മുന്‍ മന്ത്രിയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നതിപ്രകാരമാണ്. ‘എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക എന്നത് ഒരു പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതാണ് പാര്‍ട്ടിയുടെ നയം. ഇതുതന്നെയാണ് വി.എസ്. അച്യുതാനന്ദനും പറഞ്ഞത്’ (ഭൂപരിഷ്കരണം -ഇനി എന്ത്: പേജ് 55). ഇതൊരു സത്യവാങ്മൂലമായിരിക്കുമ്പോള്‍, ദലിതര്‍ക്ക് ഭൂമി ലഭ്യമാക്കാനല്ല, മറിച്ച് സംസ്ഥാന വ്യാപകമായി ദലിതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭൂസമരങ്ങളെ ഞെക്കിക്കൊല്ലാനാണ് പാര്‍ട്ടിയുടെ ശ്രമമെന്നത് പകല്‍ പോലെ വ്യക്തമാവുകയാണ്. ഇക്കാര്യത്തിലും ചോര പുരണ്ട കൈകളാണ് പാര്‍ട്ടിക്കുള്ളത്.
1975ല്‍ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാനുള്ള നിയമം, സി.പി.ഐയെ കൂട്ടുപിടിച്ച് ഭേദഗതി ചെയ്യാനും അവസാനമായി അതിനെ കുഴിച്ചുമൂടാനും മുന്നിട്ടുനിന്നത് സി.പി.എമ്മാണ്. ഡോ. തോമസ് ഐസകിന്റെ കണക്കുപ്രകാരം സംസ്ഥാനത്തിപ്പോള്‍ 43,776 ഏക്കര്‍ മിച്ചഭൂമിയാണുള്ളത്. ഈ ഭൂമി നിലവിലുള്ള സംസ്ഥാന ഗവണ്‍മെന്‍റ് ഏറ്റെടുത്ത് വിതരണം ചെയ്യണമത്രെ. മിച്ചഭൂമി വിതരണം യു.ഡി.എഫിന്റെ തലയിലേറ്റുന്ന സി.പി.എം, ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ മുന്‍ചൊന്ന ഭൂമി എന്തുകൊണ്ട് ഏറ്റെടുത്തില്ലെന്ന് വ്യക്തമാക്കുമോ?

പട്ടികജാതി ക്ഷേമ സമിതിയുടെ മറുപുറം വായന മറ്റൊരുചിത്രമാണ് നല്‍കുന്നത്. കേരളത്തില്‍ സി.പി.എം വിപ്ളവപരിവേഷം നിലനിര്‍ത്തിയത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തിയ ആസൂത്രിതമായ അറുകൊലകളിലൂടെയായിരുന്നു. ടി.പി. ചന്ദ്രശേഖരന്റെയും ഷുക്കൂറിന്റെയും വധങ്ങളില്‍, ഭരണകൂട നടപടികളേക്കാള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് തിളച്ചുമറിഞ്ഞ ജനരോഷമാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്ന ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അക്രമാസക്ത സമരങ്ങളിലൂടെ പാര്‍ട്ടിയുടെ ചാവേറുകളാകാന്‍ വിസമ്മതിച്ചിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ ലാത്തിച്ചാര്‍ജും ജയില്‍വാസവും ഏറ്റുവാങ്ങാന്‍ പാര്‍ട്ടിക്ക് പുതിയ ചാവേറുകളെ വേണം.

കോടിയേരി ബാലകൃഷ്ണന്റെ ഭാഷയില്‍ പാര്‍ട്ടിയിലിപ്പോഴുള്ള 90 ശതമാനം അംഗങ്ങളും ജയില്‍വാസമനുഭവിച്ചിട്ടുള്ളവരല്ല. അതുകൊണ്ട്, പുതിയ സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ജയില്‍വാസത്തിന് തയാറാകണം. വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതിയും പിണറായി വിജയന്റെ ഭാര്യ കമലയും ജയില്‍വാസം വേണ്ടാത്ത പായസംവെപ്പും കപ്പവേവിക്കലും നടത്തുമ്പോള്‍ ജയിലില്‍ പോകാന്‍ പാര്‍ട്ടിക്ക് വേണ്ടത് പട്ടികജാതിക്കാരെയാണ്. വയനാട്ടില്‍ ഭൂസമരം നടത്തിയ ആദിവാസികളെ ജാമ്യമെടുക്കാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തള്ളിവിട്ട അനുഭവത്തിലൂടെ 1970ലേക്കുള്ള മടക്കയാത്രയാണ് പാര്‍ട്ടി നടത്തുന്നത്. ഇത്തരമൊരു യാത്രക്ക് ചെങ്കൊടി വീശുമ്പോള്‍ അന്നത്തെ ദലിതരല്ല ഇന്നത്തെ ദലിതരെന്ന് പാര്‍ട്ടിയെ ഓര്‍മപ്പെടുത്തേണ്ടത് ദലിതരുടെ കടമയാണ്.

 

കടപ്പാട്: മാധ്യമം

Top