പരാക്രമം വന്യമൃഗങ്ങളോടും!

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ ഒരു കാലത്ത് നിബിഡ വനങ്ങളായിരുന്ന ഈ പ്രദേശങ്ങള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട്, ജൈവ വൈവിധ്യത്തെ ഒരു തരത്തിലും പിന്‍തുണക്കാത്ത റബ്ബര്‍ തോട്ടങ്ങളായി പരിവര്‍ത്തനപ്പെട്ടപ്പോള്‍ നഷ്ടമായത് നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയാണ് ഭീകരമായ പരിസ്ഥിതി നശീകരണം നേരിട്ട ഈ പ്രദേശത്ത് അവശേഷിച്ച വന്യജീവികള്‍ ചെറിയ കാടുകളിലൊതുങ്ങി. പക്ഷേ നഗരവികസനവും വളരെ ചെറിയ ആവാസവ്യവസ്ഥകളുടെ നാശവും ഇവയുടെ സ്വതന്ത്രസഞ്ചാരത്തെയും, ഭക്ഷണ ലഭ്യതയെയും ഇണയുടെ ലഭ്യതയെയും എല്ലാം തകിടം മറിച്ചു. ഈയൊരു സാഹചര്യമാണ് വീടുകളില്‍ വളര്‍ത്തുന്ന ചില ജീവികളെ ഇരയാക്കികൊണ്ട് കാട്ടുപൂച്ച പോലുള്ള ജീവികള്‍ നിലനില്‍ക്കുന്നത് എന്ന തെളിവുകള്‍ പ്രത്യക്ഷമാക്കിയത്. അപകടം മുന്നില്‍കണ്ട് പാവം കാട്ടുപൂച്ച നടത്തിയ പരാക്രമത്തെ (ഇതൊരു റിഫ്ളക്സ് ആക്ഷന്‍ ആണ്) കൊല്ലാനുള്ള ആക്രമണമായി വ്യാഖ്യാനിക്കപ്പെട്ടു.

  • കെ. കെ. ജയസൂര്യന്‍

രുദ്രപ്രയാഗ് എന്ന ഗഡ്വാള്‍ ഹിമാലയന്‍ പ്രദേശത്തെ ഒരു നരഭോജി പുലിയെക്കുറിച്ചുള്ള ജിം കോര്‍ബറ്റിന്റെ (Man eating leopard of Rudraprayag) എന്ന വിവരണം കൊളോണിയല്‍ കാഴ്ചകളുടെ പരിമിതികളുണ്ടങ്കില്‍ പോലും, ഒരു നൂറ്റാണ്ട് മുന്‍പുള്ള ഇന്ത്യന്‍ ജീവിതവും പ്രകൃതിയോടുള്ള ബന്ധവും തുറന്നുകാണിക്കുന്നുണ്ട്. ഭയവും അന്ധവിശ്വാസങ്ങളും ഭരിക്കുന്ന ജനങ്ങള്‍ നരഭോജിപുലിയുടെ പ്രകൃത്യാതീതമായ ശക്തികളില്‍ വിശ്വസിക്കുന്നു. നിരവധി മനുഷ്യരെ കൊന്നുതിന്ന ഈ ജീവി ഒരു വന്യമൃഗമല്ല എന്ന കിംവദന്തി വിശ്വസിച്ച് ഒരു സന്യാസിയെ ചുട്ടുകൊല്ലുക പോലും ചെയ്യുന്നുണ്ടിവര്‍.

ഇന്ത്യയിലെ എല്ലാ ഭൂപ്രദേശങ്ങളിലും കാണപ്പെടുന്നതും താരതമ്യേന മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ ഇഷ്ടപ്പെടുന്ന പുലി എന്ന മാംസഭുക്കായ മൃഗത്തെ ഒരു നൂറ്റാണ്ട് മുന്‍പ് ഒരു അവികസിത മലയോരം ഭയപ്പെട്ടിരുന്നു എന്നത് സ്വാഭാവികം മാത്രം. അസ്വാഭാവികമായ കാരണങ്ങളാല്‍ മാത്രം നരഭോജി ആയി മാറാന്‍ സാധ്യതയുള്ള ഒരു വന്യജീവിയുടെ ആവാസ വ്യവസ്ഥ അവരുടെ പരിസ്ഥിതിയില്‍ നിന്നും വിദൂരമായിരുന്നില്ല. ആകസ്മികമായി അവരുടെ നടവഴികളിലേക്ക് ഇത്തരം മൃഗങ്ങള്‍ കടന്നുവരാറുണ്ടായിരുന്നു.

രുദ്രപ്രയാഗിലെ ജനങ്ങള്‍ നരഭോജിയായ പുലിയോട് പുലര്‍ത്തിയ അതേ ഭയം പുനര്‍സൃഷ്ടിക്കുകയായിരുന്നു കോട്ടയം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടാകുന്നു എന്ന വാര്‍ത്ത. മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ‘മറഞ്ഞിരിക്കുകയും അവസരം കിട്ടുമ്പോള്‍ ആക്രമിക്കുകയും ചെയ്യുന്ന’ ഒരു ജീവിയെ സമര്‍ത്ഥമായി സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. അവസാനം അതൊരു പാവം കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പോലും ഭയപ്പെടേണ്ട ഒന്നല്ല എന്ന സത്യം മറച്ചുവെച്ചു.

പശ്ചിമഘട്ടത്തിന്റെ കേരളം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും നിബിഡ നിത്യഹരിത വനങ്ങളായിരുന്നു. ഡി. കരുണാകരന്റെ ‘കേരളത്തിലെ വനങ്ങള്‍ നൂറ്റാണ്ടുകളിലൂടെ’ എന്ന ഗ്രന്ഥത്തില്‍ ഇതിന്റെ വിശദാംശങ്ങളുല്പ്. മലകളിലും കുന്നുകളിലുണ്ടായിരുന്ന വനങ്ങള്‍ അതിവേഗം കാപ്പി, തേക്ക്, തേയില, റബ്ബര്‍ തുടങ്ങിയവയുടെ പ്ളാന്റേഷനുകളായപ്പോള്‍, ജനസംഖ്യാ വര്‍ദ്ധനവും റബ്ബര്‍ കൃഷിയുടെ കടന്നുകയറ്റവും ‘ഇടനാടി’ന്റെ ജൈവവ്യവസ്ഥയെ നശിപ്പിച്ചുതുടങ്ങി. ഈ വനങ്ങളും വന്യജീവികളും വളരെവേഗം ശല്യങ്ങളായി മാറി. അവയുടെ ആവാസവ്യവസ്ഥ അവശേഷിച്ച പച്ചതുരുത്തുകളിലേക്കും കാവുകളിലേക്കും ഒതുങ്ങി. ആന, കടുവ, പുലി, കാട്ടുപോത്ത്, കരടി, മ്ളാവ് തുടങ്ങിയവയും ആവാസവ്യവസ്ഥ വളരെവേഗം ഒറ്റപ്പെട്ട കാടുകളിലേക്ക് ചുരുങ്ങുകയും പലതും ‘endangered’ ആവുകയും ചെയ്തു. കാടിന്റെ അതിര്‍ത്തികളില്‍ ഇപ്പോഴും അവ കൃഷി നശിപ്പിക്കുന്ന ശല്യങ്ങളായും വേട്ടയാടപ്പെടുന്നു.

വനേതരമായ കാടുകളില്‍ വിവിധ തരം കാട്ടുപൂച്ചകള്‍, കുറുക്കന്‍, കുറുനരി, മുള്ളന്‍പന്നി, മരപ്പട്ടി, മുയലുകള്‍, കീരികള്‍, പെരുമ്പാമ്പ്, ഉടുമ്പ്, നീര്‍നായ തുടങ്ങിയവയുടെ ചെറിയ ഗ്രൂപ്പുകള്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അവശേഷിച്ചു. ഇപ്പോഴും കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും, തീരപ്രദേശങ്ങളുള്‍പ്പെടെ, ഇത്തരം ജീവികളെ കാണാവുന്നതാണ്. മനുഷ്യര്‍ ഇവയുടെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്നതല്ലാതെ ഇവ ഒരിക്കലും മനുഷ്യന് ഭീഷണി ആകാറില്ല.

പൊതുവേ എല്ലാ പ്രദേശങ്ങളിലും ജല ലഭ്യതയുള്ളതും, മീനച്ചിലാറും അതിന്റെ നിരവധി കൈവഴികളും Riparian forest-കളും കൊണ്ട് സമ്പന്നമാണ് കോട്ടയം. കൂടാതെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വനപ്രദേശങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. ഒരു കാലത്ത് നിബിഡ വനങ്ങളായിരുന്ന ഈ പ്രദേശങ്ങള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട്, ജൈവ വൈവിധ്യത്തെ ഒരു തരത്തിലും പിന്‍തുണക്കാത്ത റബ്ബര്‍ തോട്ടങ്ങളായി പരിവര്‍ത്തനപ്പെട്ടപ്പോള്‍ നഷ്ടമായത് നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയാണ്. ഭീകരമായ പരിസ്ഥിതി നശീകരണം നേരിട്ട ഈ പ്രദേശത്ത് അവശേഷിച്ച വന്യജീവികള്‍ ചെറിയ കാടുകളിലൊതുങ്ങി. പക്ഷേ നഗരവികസനവും വളരെ ചെറിയ ആവാസവ്യവസ്ഥകളുടെ നാശവും ഇവയുടെ സ്വതന്ത്രസഞ്ചാരത്തെയും, ഭക്ഷണ ലഭ്യതയെയും ഇണയുടെ ലഭ്യതയെയും എല്ലാം തകിടം മറിച്ചു. ഈയൊരു സാഹചര്യമാണ് വീടുകളില്‍ വളര്‍ത്തുന്ന ചില ജീവികളെ ഇരയാക്കികൊണ്ട് കാട്ടുപൂച്ച പോലുള്ള ജീവികള്‍ നിലനില്‍ക്കുന്നത് എന്ന തെളിവുകള്‍ പ്രത്യക്ഷമാക്കിയത്. അപകടം മുന്നില്‍കണ്ട് പാവം കാട്ടുപൂച്ച നടത്തിയ പരാക്രമത്തെ (ഇതൊരു റിഫ്ളക്സ് ആക്ഷന്‍ ആണ്) കൊല്ലാനുള്ള ആക്രമണമായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ഇതേപോലുള്ള ഒരാക്രമണമോ പ്രതികരണമോ ഒരു പശുവില്‍ നിന്നുപോലും ഉണ്ടാകാം എന്നതാണ് സത്യം.
അക്ഷരനഗരിയെന്നു വിശേഷിപ്പിക്കുന്ന കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളുടേയും പരിസ്ഥിതിയോടും മറ്റു സഹജീവികളോടുമുള്ള വികലമായ കാഴ്ചപ്പാടുകളാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. ബാലരമ പോലുള്ള നിരവധി ബാല പ്രസിദ്ധീകരണങ്ങളും ദൃശ്യമാധ്യമങ്ങളും പകര്‍ന്നു നല്‍കുന്ന വിജ്ഞാനം പ്രകൃതിയോടും അതിന്റെ വൈവിധ്യത്തോടുമുള്ള സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റേതുമല്ല, മറിച്ച് ശ്രേണിയതയിലെ ഔന്നത്യത്തിന്റേയും മറ്റെല്ലാ ജീവിജാലങ്ങളും മനുഷ്യനു വേല്പി സൃഷ്ടിച്ചിരിക്കുന്നുവെന്നുമുള്ള മിഥ്യാബോധമാണ്.

മാനുകളെയും മുയലുകളെയും കൊന്നുതിന്നുന്ന ദുഷ്ടമൃഗങ്ങളായി ചിത്രീകരിക്കപ്പെടുന്ന കടുവയും പുലിയും നിലനില്‍പിന് തുല്യാവകാശികളാണെന്ന് ആരും പഠിപ്പിക്കുന്നില്ല. ദുഷ്ടമൃഗമായും നരഭോജിയായും ഇവ സാമൂഹ്യ മനസുകളില്‍ ജീവിക്കുന്നു. ഈ ഭയം രൂപസാദൃശ്യമുള്ള ഏതൊരു ജീവിയേയും കൊന്നുകളയാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ രൂപപ്പെട്ടിരിക്കുന്നു.

കാവുകളായും, നദീതീരത്തുള്ള വനങ്ങളായും കണ്ടല്‍ക്കാടുകളായും, ഇനിയും വെട്ടിമാറ്റാത്ത മരക്കൂട്ടങ്ങളും അവയുടെ അടിക്കാടുകളായും അപൂര്‍വ്വം ചില പച്ചതുരുത്തുകള്‍ അവശേഷിട്ടുണ്ട് കേരളത്തില്‍. എം. ജി. യൂണിവേഴ്സിറ്റി കാമ്പസിലെ ജീവക ലബോറട്ടറി, കുട്ടനാട്ടിലെ ചില ഒറ്റപ്പെട്ട തുരുത്തുകള്‍, മീനച്ചിലാറിന്റെ തീരത്തെ കാടുകള്‍, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയവ ഉദാഹരണം. നൂറുകണക്കിന് ജീവനജാലങ്ങളുടെ അവശേഷിക്കുന്ന ആവാസ വ്യവസ്ഥയാണിത്. നിരവധി ജീവികള്‍ക്ക് ഇത്തരം തുരുത്തുകള്‍ ആശ്രയമാണ്. അവയെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ ഇനിയും ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.

Top