ഭരണകൂടം ഒരു പൗരനോടു ചെയ്യുന്നത്

എന്‍.എം. സിദ്ദീഖ്

മഅ്ദനി ജീവനോടെയിരുന്നിട്ടും പിതൃലാളന ലഭിക്കാതെ മക്കള്‍ അനാഥരെപ്പോലെ വളരുന്നുണ്ട്. ഭാര്യ സൂഫിയ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ജാമ്യമെടുത്ത് എന്‍.ഐ.എ.കോടതിയുടെ വിചാരണ കാത്തിരിക്കുന്നു.അന്‍വാറുശ്ശേരിയില്‍ മദനിയെ ജീവനുതുല്യം സ്നേഹിക്കുന്നവര്‍ പ്രാര്‍ഥന തുടരുന്നു. പി.ഡി.പിയും മറ്റു പല സംഘങ്ങളും തങ്ങള്‍ക്കാവുംവിധം മഅ്ദനിയുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പലവിധ രോഗപീഡകളാല്‍ വലഞ്ഞ് ശരിയായ ചികില്‍സ കിട്ടാതെ 47 കാരനായ മഅ്ദനി ജയിലില്‍ അക്ഷരാര്‍ഥത്തില്‍ നരകിക്കുകയാണ്. മഅ്ദനിയെപ്പോലെ ഒട്ടേറെ നിരപരാധികളായ മുസ്ലിംയുവാക്കള്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് ഇന്ത്യയിലും ലോകത്തും പല ജയിലറകളില്‍ നിസ്സഹായരായി കഴിയുന്നു. അവര്‍ക്കുവേണ്ടി ഒന്നുറക്കെ സംസാരിക്കാനെങ്കിലും നമുക്കാവുമോ?

 

കണ്ണുകെട്ടിയ നീതിദേവത. കണ്ണില്‍ ചോരയില്ലാത്ത നീതി. കാണെക്കാണെ കാഴ്ചമങ്ങുന്ന ഒരു യുവമുസ്്ലിം പണ്ഡിതന്‍ കര്‍ണാടകയിലെ ബംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കേരളത്തിന്റെ വ്യാജമായ പൌരബോധത്തിനും ഇന്ത്യയിലെ അസംഗതമായ നീതിവ്യവസ്ഥക്കും ഉദാഹരണമായി, ലോകമെമ്പാടും അകാരണമായി തടവനുഭവിക്കുന്ന അസംഖ്യം മുസ്ലീം യുവാക്കളുടെ പ്രതീകമായി ജീവിക്കുന്ന ദുരന്തസാക്ഷ്യമാകവേ, തടവറയിലെ മനുഷ്യന്റെ അതേ നിസ്സഹായതയോടെ, ഒന്നര ദശകക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന അതേ കാര്യം, അതേ സ്വരത്തില്‍, അതേ നിരാശയില്‍, തീര്‍ച്ചയായും അത്രതന്നെ പ്രത്യാശയില്‍……

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒമ്പതരവര്‍ഷം ഒന്നാം ജയില്‍പര്‍വം. ഇപ്പോള്‍ ബാംഗ്ളൂരിലെ അഗ്രഹാര ജയിലില്‍ രണ്ടാണ്ടു തികയാറായ രണ്ടാം ജയില്‍വാസം. അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യനാണീ ദുരവസ്ഥ. 1998 ഫെബ്രുവരി 14 നുനടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കാരോപിച്ചു മഅ്ദനി കേസില്‍ 14ാം പ്രതിയാക്കി. ഒമ്പതരവര്‍ഷത്തെ വിചാരണത്തടവു കഴിഞ്ഞു തെളിവില്ലാത്തതിനാല്‍ 2007 ആഗസ്ത് ഒന്നിനു ജയില്‍ക്കവാടങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ മലര്‍ക്കെ തുറന്ന കോടതിയും ഭരണകൂടവും നഷ്ടപ്പെട്ടുപോയ അദ്ദേഹത്തിന്റെ വിലപ്പെട്ട വര്‍ഷങ്ങള്‍ക്ക്, ജീവിതത്തിന്, ദുരിതങ്ങള്‍ക്ക് ഒരു സമാധാനവും പറഞ്ഞില്ല. തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു, അത്രതന്നെ. 2008ലെ ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കിയാണ് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2010 ആഗസ്ത് 17ന് മഅ്ദനി കര്‍ണാടക പോലിസ് അറസ്റ് ചെയ്തു ജയിലിലടച്ചത്. തെറ്റായ കുറ്റവിചാരണ മൂലമുണ്ടാകുന്ന നഷ്ടത്തിനു പരിഹാരം തേടാനുള്ള സാധ്യതയും അക്കാര്യത്തില്‍ പരിഷ്കൃത ഭരണകൂടത്തിനു പൌരന്മ്മാരോടുള്ള ബാധ്യതയും ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ തുലോം തുച്ഛമാണ്. അതിനാല്‍ അബ്ദുന്നാസിര്‍ മദനി ഈ കേസിലും കുറ്റവിമുക്തനായി വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്നാലും (കേസിലെ ദുര്‍ബലമായ പ്രോസിക്യൂഷന്‍ തെളിവുകള്‍വച്ച് അതല്ലാതെ വേറെ സാധ്യതയില്ല) അനുഭവിച്ച ദുരിതങ്ങള്‍ക്കു യാതൊരു പരിഹാരവുമുണ്ടാകില്ല. ബാംഗ്ളൂര്‍ സ്ഫോടനക്കേസിലെ മദനിക്കെതിരായ തെളിവുകളുടെ കള്ളം നേരത്തേതന്നെ പുറത്തുവന്നതു 2010 ഡിസംബര്‍ 4ാം ലക്കം ടെഹല്‍കയിലൂടെ കെ.കെ. ഷാഹിന വസ്തുതാപരമായി സ്ഥാപിച്ചതാണ്. എന്നാല്‍, കര്‍ണാടക പോലിസ് ഷാഹിനയ്ക്കെതിരേ ഭീകരവിരുദ്ധനിയമം ചുമത്തിയാണതിനു പകരംവീട്ടിയത്. മഅ്ദനിക്കു ജാമ്യം നിഷേധിക്കുന്നതും ഷാഹിനയ്ക്കെതിരേ കേസെടുത്തതും സാക്ഷികളെ സ്വാധീനിക്കുമെന്നു പറഞ്ഞാണ്. ഒരു ദശകക്കാലത്തിലേറെ ഇന്ത്യന്‍ തടവറയില്‍ കഴിഞ്ഞ മഅ്ദനിയെ ഇന്നോളം ഒരു കോടതിയും ഒരു കേസിലും ശിക്ഷിച്ചിട്ടില്ല.

1998 മാര്‍ച്ച് 31ന് അന്നത്തെ ഇടതുസര്‍ക്കാരാണു മഅ്ദനിയെ അതിനും ആറുവര്‍ഷം മുമ്പ് 92 മെയില്‍ അദ്ദേഹം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ ‘മതവൈരം വളര്‍ത്തുന്ന ഒരു പ്രസംഗ’ത്തിന്റെ പേരില്‍ അറസ്റ് ചെയ്തത്. പിന്നീട് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ തമിഴ്നാട് പോലിസിനു കൈമാറുകയായിരുന്നു. ഇ.കെ. നായനാരുടെ ഇടത് മന്ത്രിസഭ ഭരണനേട്ടമായാണ്   മഅ്ദനിയെ തമിഴ്നാട് പോലിസിന് പിടിച്ചുകൊടുത്തത് അവകാശപ്പെട്ടത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മഅ്ദനി ജാമ്യം നേടി പുറത്തുവരേണ്ടതായിരുന്നു. അതിനു തടയിടാന്‍ തമിഴ്നാട് പോലിസ് ദേശീയ സുരക്ഷാനിയമം ചുമത്തി. ഒമ്പതര വര്‍ഷത്തിനിടെ മഅ്ദനിയുടെ എല്ലാ ജാമ്യഹരജികളും സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളി. പല തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയക്കാര്‍, വിശിഷ്യാ ഇടതുപക്ഷം മഅ്ദനിയെ വോട്ടുപെട്ടി നിറയ്ക്കാനുപയോഗിച്ചു. മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുംവരെ മദനിയുമായി രഹസ്യസഖ്യമുണ്ടാക്കാന്‍ നീക്കം നടത്തി.

ജയില്‍മോചിതനായ മദനിക്കു പിറ്റേന്നു തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ അന്നത്തെ മന്ത്രിമാരായ എം.എ. ബേബിയും എന്‍.കെ. പ്രേമചന്ദ്രനും സംബന്ധിച്ചു. പക്ഷേ, മഅ്ദനിക്കുമുണ്ടായിരുന്നു തിരസ്കാരത്തിന്റെ ഒരു ഭൂതകാലം. 1998ല്‍ മദനി എന്നുച്ചരിക്കാന്‍പോലും അറയ്ക്കുകയോ ഭയക്കുകയോ ചെയ്തിരുന്നവരായിരുന്നു മേല്‍പ്പറഞ്ഞവരെല്ലാവരും. മുകുന്ദന്‍ സി. മേനോനും എ. വാസുവും മനുഷ്യാവകാശ ഏകോപന സമിതിയുമാണന്ന് മദനി നിയമസഹായ സമിതിയുമായി രംഗത്തെത്തി മദനിയുടെ തടവ് അന്യായമാണെന്നു ലോകത്തോടു വിളിച്ചുപറഞ്ഞു സിവില്‍ സമൂഹത്തില്‍ അവബോധം സൃഷ്ടിച്ചത്.

തടിയന്റവിട നസീറിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണു ബംഗളുരു സ്ഫോടനക്കേസില്‍ മദനിയെ പ്രതിയാക്കിയത്. മദനിയുടെ ഭാര്യ സൂഫിയയെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയതും തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. നസീറിനെ മഅ്ദനിക്കൊപ്പം കണ്ടുവെന്നു മൊഴിനല്‍കിയ ജോസ് വര്‍ഗീസ് എറണാകുളം സെഷന്‍സ് കോടതി മുമ്പാകെ കര്‍ണാടക പോലിസിനെതിരേ നല്‍കിയ സ്വകാര്യ അന്യായത്തില്‍ തന്റെ മൊഴി ബംഗളുരു ഡെപ്യൂട്ടി പോലിസ് കമ്മിഷണര്‍ ഓംകാരയ്യ കെട്ടിച്ചമച്ചതാണെന്നാരോപിച്ചിരുന്നു. കുടകിലെ ലക്കേരി എസ്റ്റേറ്റില്‍വച്ച് കെ.ബി. റഫീഖ് മദനിയെ കണ്ടെന്നു സമ്മതിക്കാന്‍ അയാളെ സ്പെഷല്‍ ഇന്‍വെസ്റിഗേഷന്‍ ടീം 15 ദിവസം അനധികൃത കസ്റഡിയില്‍ ഇലക്ട്രിക് ഷോക്കടിപ്പിക്കലുള്‍പ്പെടെയുള്ള കൊടും മര്‍ദ്ദനങ്ങള്‍ക്കിരയാക്കുകയുണ്ടായി. ജി. പ്രഭാകര്‍, ബി.ജെ.പി. പ്രവര്‍ത്തകനായ യോഗാനന്ദ് എന്നിവര്‍ മദനിയെ കുടകില്‍ കണ്ടതായി കര്‍ണാടക പോലിസിന്റെ പക്കല്‍ രേഖയുണ്ടെങ്കിലും അവര്‍ക്കതിനെക്കുറിച്ചറിയില്ല. മദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍, താന്‍ ബാംഗ്ളൂര്‍ സ്ഫോടനക്കേസിലെ പ്രതികളായ അയ്യൂബിനും റഹീമിനും അന്‍വാറുശ്ശേരിയില്‍ മഅ്ദനിയുടെ നിര്‍ദേശപ്രകാരം ഒളിത്താവളം ഒരുക്കിയെന്ന കര്‍ണാടക പോലിസ് ഹാജരാക്കിയ തന്റെ മൊഴി ചോദ്യം ചെയ്തിരുന്നു. സ്പെഷല്‍ ഇന്‍വെസ്റിഗേഷന്‍ ടീം തന്റെ മൊഴിയെടുത്തിട്ടില്ല എന്നാണു പറയുന്നത്. വികലാംഗനായ മദനി ജാമ്യംനേടി പുറത്തുവന്നാല്‍ എന്താണു കുഴപ്പമെന്നു സുപ്രിംകോടതി ജസ്റിസ് മാര്‍ക്കണ്ഡേയ കട്ജു ജാമ്യാപേക്ഷാ വാദത്തിനിടെ ഒരു ഘട്ടത്തില്‍ ചോദിക്കുകവരെയുണ്ടായി. സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നു മഅ്ദനിയുടെ ജാമ്യഹരജി ചീഫ് ജസ്റിസ് കപാഡിയക്കു വിട്ടു.

മഅ്ദനി ജീവനോടെയിരുന്നിട്ടും പിതൃലാളന ലഭിക്കാതെ മക്കള്‍ അനാഥരെപ്പോലെ വളരുന്നുണ്ട്. ഭാര്യ സൂഫിയ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ജാമ്യമെടുത്ത് എന്‍.ഐ.എ. കോടതിയുടെ വിചാരണ കാത്തിരിക്കുന്നു. അന്‍വാറുശ്ശേരിയില്‍ മദനിയെ ജീവനുതുല്യം സ്നേഹിക്കുന്നവര്‍ പ്രാര്‍ഥന തുടരുന്നു. പി.ഡി.പിയും മറ്റു പല സംഘങ്ങളും തങ്ങള്‍ക്കാവുംവിധം മഅ്ദനിയുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പലവിധ രോഗപീഡകളാല്‍ വലഞ്ഞ് ശരിയായ ചികില്‍സ കിട്ടാതെ 47 കാരനായ മഅ്ദനി ജയിലില്‍ അക്ഷരാര്‍ഥത്തില്‍ നരകിക്കുകയാണ്. മഅ്ദനിയെപ്പോലെ ഒട്ടേറെ നിരപരാധികളായ മുസ്ലിംയുവാക്കള്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് ഇന്ത്യയിലും ലോകത്തും പല ജയിലറകളില്‍ നിസ്സഹായരായി കഴിയുന്നു. അവര്‍ക്കുവേണ്ടി ഒന്നുറക്കെ സംസാരിക്കാനെങ്കിലും നമുക്കാവുമോ?

ഇ്ക്കഴിഞ്ഞ മെയ് 15ന് ബംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അപേക്ഷ നല്‍കി 8362ാം നമ്പര്‍ വിചാരണത്തടവുകാരന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെക്കാണാന്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നു. പൊതുരംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട, ഒന്നര ദശകക്കാലം മാസ്മരിക വാഗ്ധോരണിയാല്‍ മുസ്്ലിം ചെറുപ്പക്കാരെ ആവേശഭരിതരാക്കിയ, ഒരുദശകത്തിലേറെയായി ജയിലില്‍ കഴിയുന്ന മനുഷ്യന്‍ ഒടുവില്‍ ദൃശ്യഭാഷയില്‍ ഗോചരമായി. ജയില്‍വരാന്തയിലെ ലോങ്ഷോട്ട്. സാവകാശം വീല്‍ചെയറില്‍ ഫോക്കസിലേക്ക്. പരിചിതമായ സ്ഥൂലഗാത്രം മെലിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ക്ളോസപ്പില്‍ മുഖാമുഖം. ക്ഷീണിതമായ മുഖം. താടി, തൊപ്പി, ജുബ്ബ, മുണ്ട്, കണ്ണട. ആ കണ്ണടയിലൂടെ മഅ്ദനിക്കെന്നെ ഫോക്കസ് ചെയ്യാനാവുന്നുണ്ടോ? അദ്ദേഹത്തിന്റെ കാഴ്ചയില്‍ ആലോചിച്ചു. കടുത്ത പ്രമേഹരോഗിയായ 47കാരനായ മഅ്ദനി ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് വലതു കണ്ണിന്റെ കാഴ്്ച പാതിയിലേറെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. മഅ്ദനിയുടെ കാഴ്ചയില്‍ ഞാനിപ്പോള്‍ ഔട്ട് ഓഫ് ഫോക്കസിലാവും. നിര്‍മമനായിരിക്കുന്ന അദ്ദേഹത്തോടിടപെടുന്ന എന്റെ വികാരപരതയെ, മഅ്ദനി നര്‍മസംഭാഷണത്തില്‍ അലിയിച്ചു.

മഅ്ദനിയുടെ ദുര്യോഗം, അദ്ദേഹത്തിന്റെ വാക്കുകളില്‍

തുടക്കം മുതലേ ദലിത്-മുസ്ലിം-പിന്നാക്ക രാഷ്ട്രീയം ഏറ്റവും വീറോടെ ഉയര്‍ത്തിപ്പിടിച്ചയാളാണ് ഞാന്‍. എന്റെ താടിയും തൊപ്പിയും ബോംബ് സ്ഫോടനത്തില്‍ കാല്‍ നഷ്ടപ്പെട്ടയാളെന്ന ‘ഖ്യാതി’യും മതവിശ്വാസവും നിരവധി കേസുകളും തീപ്പൊരി പ്രാസംഗവും ലക്ഷണമൊത്ത ഒരു സാങ്കല്‍പ്പിക മുസ്ലിം തീവ്രവാദിയായി എന്നെ എളുപ്പം ചിത്രപ്പെടുത്തുകയായിരുന്നു. അങ്ങിനെയൊരു പ്രതീകം, ഹിന്ദുത്വവാദികള്‍ക്ക്, ഫാഷിസത്തിന്, സവര്‍ണ ഭരണകൂടത്തിന് അപരത്വമായി വേണമായിരുന്നു. സന്ദര്‍ഭവശാല്‍ എന്നോളമിണങ്ങിയ മറ്റൊരാളില്ലായിരുന്നു. അതാണ് എന്നെ കുടുക്കിയത്. കോയമ്പത്തൂര്‍ കേസില്‍ കുറെക്കാലത്തിനു ശേഷമാണെങ്കിലും നിരപരാധിയാണെന്നു തെളിഞ്ഞപ്പോള്‍ എനിക്കെതിരേ കളിച്ച ശക്തികള്‍ക്ക് വൈരാഗ്യം കൂടുകയായിരുന്നു. ബംഗളുരു മതിവാളയിലെ പോലിസ് കേന്ദ്രത്തില്‍ പത്ത് ദിവസം എന്നെ ചോദ്യംചെയ്തു. അതിനടുത്ത മുറിയില്‍ തടിയന്റവിട നസീറുമുണ്ടായിരുന്നു. നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്നെ ബംഗളുരു സ്ഫോടനക്കേസില്‍ പ്രതിയാക്കിയത്. ഞാന്‍ നസീറിനെക്കാണണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഒടുവില്‍ കോടതിയില്‍ ഹാജരാക്കുന്നതിനു തൊട്ടുമുമ്പ് അവര്‍ നസീറിനെ ശിരസ്സൊക്കെ മൂടി എന്റടുത്ത് കൊണ്ടുവന്നു. അയാളെന്നോട് പരുഷമായി പറഞ്ഞു; നമ്മുടെ വഴി രണ്ടാണ്. ഞാനെന്തിന് നിങ്ങള്‍ക്കെതിരേ മൊഴി നല്‍കണം?

എന്നെ ചോദ്യം ചെയ്ത ഏറ്റവും ഉയര്‍ന്ന പോലിസുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്, നിങ്ങളെ സാക്ഷിമൊഴി തരാന്‍ വിളിച്ചപ്പോള്‍ വന്നിരുന്നുവെങ്കില്‍് കേസില്‍ പ്രതിയാക്കുകയില്ലായിരുന്നുവെന്നും പകരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പോയതാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്തിച്ചതും എന്നുമാണ്. ഒടുവില്‍ അയാള്‍ ഫിലോസഫിക്കലായി; ഹിന്ദുവിശ്വാസ പ്രകാരം നിങ്ങള്‍ മുജ്ജന്മ പാപത്തിന്റെ ഫലമനുഭവിക്കുകയാവാം. ഞാന്‍ എന്റെ ഇസ്ലാമിക വിശ്വാസത്തില്‍ മറുപടി പറഞ്ഞു, നമ്മുടെ ഭക്ഷണം വിധിവശാല്‍ എഴുതപ്പെട്ടിരിക്കുന്നു. കുറച്ചുകാലം അതെനിക്ക് ബംഗളുരുവിലായിരിക്കുമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാവും. ജയിലിലെ ഭക്ഷണം, ചോയ്സില്ല. എന്നെ തടവിലാക്കാം, പക്ഷേ തകര്‍ക്കാനാവില്ല. എന്നെ എങ്ങനെ മാനസികമായി തളര്‍ത്താമെന്ന നിലയിലാണ് എന്റെ ഭാര്യയെ കളമശേരി ബസ് കത്തിക്കല്‍ കേസില്‍പെടുത്തിയത്. എന്നാല്‍ അചഞ്ചലമായ ദൈവവിശ്വാസത്താല്‍ ഞങ്ങളാ വിഷമസന്ധിയെ മറികടന്നു.

രോഗങ്ങള്‍

കടുത്ത പ്രമേഹരോഗിയായ 47കാരനായ മഅ്ദനി ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് വലതു കണ്ണിന്റെ കാഴ്ച  പാതിയിലേറെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതു കണ്ണിനേയും രോഗം ബാധിച്ചിട്ടുണ്ട്. കാല്‍ ഞരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണം നേരത്തേയുണ്ട്. ജയിലില്‍ നിന്ന് കര്‍ണാടക ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയബറ്ററിയില്‍ ചികില്‍സ തേടിയ സമയം ഒരു മാസത്തെ ഇടവേളയില്‍ ലേസര്‍ ചികില്‍സ തുടരണമെന്ന് പറഞ്ഞിരുന്നതാണ്. ട്രീറ്റ്മെന്റ് സമ്മറി കിട്ടിയ ജയിലധികൃതര്‍ മതിയായ എസ്കോര്‍ട്ടില്ല എന്നൊക്കെയുള്ള കാരണം പറഞ്ഞ് കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയില്ല. അതോടെ വലതുകണ്ണിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചു. പിന്നീട് സ്വന്തം ചിലവില്‍ നാരായണ നേത്രാലയത്തില്‍ പോയപ്പോള്‍ സമയത്ത് ചികില്‍സ കിട്ടാതിരുന്നതു മൂലം ഞരമ്പുകള്‍ ദുര്‍ബലമായതായി കണ്ടെത്തി.

മഅ്ദനി പറയുന്നു:

രോഗങ്ങള്‍ പലതുമുണ്ട്. സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ്, നട്ടെല്ല് വേദന, ഒരു ഫ്രാക്ചറുമുണ്ട്. ഡിസ്ക് കൊളാപ്സ്, ബ്ളഡ് പ്രഷര്‍. വെപ്പുകാല്‍ പിടിപ്പിച്ച വലതുകാലിന്റെ മാംസപേശികള്‍ ചുരുങ്ങി ശോഷിച്ചു, ഇടതുകാലില്‍ നീരും മരവിപ്പും. മൂത്ര തടസ്സം, അള്‍സര്‍. സുപ്രീംകോടതിയിലെ ജാമ്യാപേക്ഷാ വാദമൊക്കെ ട്രാജഡിയായിരുന്നു. ജാമ്യം തരില്ലെന്ന് ആദ്യമേ പറഞ്ഞു. ലക്ഷങ്ങള്‍ ഫീസ് നല്‍കിയ വക്കീലിനെ വാദം നടത്താനേ അനുവദിച്ചില്ല. ചികിത്സയുടെ കാര്യമെടുത്തപ്പോള്‍ കേരളത്തില്‍ കോട്ടക്കലില്‍ കൊണ്ടുപോകാനനുവദിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അതേ ചികിത്സ ബംഗളുരുവില്‍ ഏര്‍പ്പാടാക്കാമെന്ന വാദമാണ് അവരെടുത്തത്. ജസ്റിസ് കൃഷ്ണയ്യര്‍ കോട്ടക്കലിലെ ഡോ. വാരിയര്‍ക്ക് കത്തെഴുതിയിരുന്നതാണ്. ബംഗളുരുവിലെ കോട്ടക്കല്‍ ശാഖ ഒരു ചെറിയ സ്ഥാപനമാണ്. എനിക്കുവേണ്ട ചികിത്സ തരാന്‍ അവിടെ സൌകര്യങ്ങളില്ല.

കാഴ്ച മങ്ങിയത് വായനയെ ബാധിച്ചു. ദിവസവും അഞ്ച് പത്രങ്ങളും നിരവധി മാസികകളും പുസ്തകങ്ങളും വായിച്ചിരുന്ന എനിക്ക് ഈയിടെ കുറേ പുസ്തകങ്ങള്‍ വീട്ടിലേക്ക് മടക്കേണ്ടിവന്നു. ആത്മസുഹൃത്തിന്റെ വേര്‍പിരിയല്‍ പോലെ വേദനാജനകമായിരുന്നു അത്. പക്ഷേ അല്ലാഹുവില്‍ നിന്ന് എന്നെയകററാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. ഏത് ജയിലിലും ഇരുട്ടുമുറിയിലും പടച്ചവന്‍ എന്റെ കൂടെയുണ്ട്. . എന്നെ കേസില്‍ കുടുക്കിയവര്‍ക്കറിയാം ഞാന്‍ നിരപരാധിയാണെന്ന്. അവര്‍ക്കും മേലേയുള്ളവരുടെ ആജ്ഞ ശിരസാ വഹിക്കുകയായിരുന്നു അവര്‍. പടച്ചവന്റെ പരീക്ഷണം. ഞാനിതിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലാണെടുക്കുന്നത്. കോയമ്പത്തൂരില്‍ ഞാന്‍ വലയില്‍ കുടുങ്ങി. ദൈവാനുഗ്രഹത്താല്‍ ഞാനാ വലക്കണ്ണികള്‍ പൊട്ടിച്ചു പുറത്തുവന്നു. ബംഗളുരുവില്‍ ഒന്നൊന്നര വര്‍ഷത്തെ ഗൂഢാലോചനയിലൂടെ ഒരുക്കിവച്ച കെണിയില്‍ എന്നെക്കൊണ്ടുവന്ന് കയറ്റുകയായിരുന്നു. എനിക്കെതിരെ ഉണ്ടാക്കി വച്ചിരിക്കുന്നതെല്ലാം കള്ളത്തെളിവുകളും കള്ളസാക്ഷികളുമാണ്. കോടതി നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ കഥകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരും. സി.ആര്‍.പി.സി 164ാം വകുപ്പ് പ്രകാരം ഒരു സാക്ഷിയുടെ മൊഴിയെടുത്തത് മൂന്ന്വട്ടം പഠിപ്പിച്ചുവിട്ടാണ്. എന്നിട്ടും അയാളെന്റെ പേരുച്ഛരിച്ചത് മൂന്നാം തവണയാണ്. ഇങ്ങനെയാണ് പ്രോസിക്യൂഷന്‍ കേസ് നിര്‍മ്മിച്ചെടുക്കുന്നത്.

കോയമ്പത്തൂര്‍ കേസില്‍ ജാമ്യം കിട്ടാതെ ഒമ്പതര വര്‍ഷം ജയിലില്‍ കിടന്നെങ്കിലും നീതിയുക്തമായ വിചാരണയാണ് നടന്നതെന്ന തോന്നലാണുള്ളത്. എന്നാല്‍ ഈ ജയിലില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സെഷന്‍സ് കോടതിയില്‍ നടക്കുന്നത് നിരാശാജനകമായ നാടകമാണ്. എന്റെ വിടുതല്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരായ ജവഹര്‍ലാല്‍ ഗുപ്ത, ശാന്തിഭൂഷന്‍, സുശീല്‍കുമാര്‍ തുടങ്ങിയവര്‍ പത്തര മണിക്കൂര്‍ പ്രചണ്ഡമായ വാദം നടത്തി. അഡ്വ. ഉസ്മാന്‍ മൂന്ന് മണിക്കൂര്‍ വാദം നടത്തി. യു.എ.പി നിയമം ചുമത്തുന്നതിലെ അപാകതയൊക്കെ ചൂണ്ടിക്കാട്ടി സമര്‍ത്ഥമായ വാദങ്ങളായിരുന്നു അവര്‍ നടത്തിയത്. പ്രോസിക്യൂട്ടര്‍ രാജിവച്ചുപോയി. ജഡ്ജി വാദംകേട്ടു. പിന്നീട് പുതിയ പ്രോസിക്യൂട്ടര്‍ വന്നു. ഒടുവില്‍ പ്രതിഭാഗത്തിന് കോപ്പി പോലും തരാതെ എന്തോ രേഖകള്‍ അയാള്‍ ഫയലാക്കി, പത്ത് മിനിറ്റില്‍ വാദം അവസാനിപ്പിച്ചു. കോടതി ഹര്‍ജി തള്ളി. ഞാന്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്. ചാര്‍ജ് ഫ്രെയിം ചെയ്യുന്ന സമയം മറ്റു ചില പ്രതികള്‍ കോടതിയില്‍ വിശ്വാസമില്ലെന്നു പ്രഖ്യാപിച്ചപ്പോഴും ഞാന്‍ നിശബ്ദനായിരുന്നു. ഒടുവില്‍ ജഡ്ജി എന്നോട് എടുത്തു ചോദിച്ചപ്പോള്‍ പത്ത് മിനിറ്റ് ഞാനാവശ്യപ്പെട്ടു. ഞാനൊരു പ്രസ്താവന നടത്തി; നീതിയുക്തമാണെന്ന് പ്രതികളെ വിശ്വസിപ്പിക്കാന്‍ പാകത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ പോലും ഈ കോടതി പരാജയമാണ്. നീതിയുടെ ഒരു മര്‍മരം പോലും ഇവിടെ ഉണ്ടാവുന്നില്ല. പക്ഷേ ഞാനീ കോടതിയെ അവിശ്വസിക്കുന്നില്ല.

മഅ്ദനിയുടെ കേസ്

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അത് കൊച്ചിയിലെ തന്റെ ഓഫീസില്‍ നിന്ന് അല്‍ ഉമ്മ നേതാവ് ബാഷയെ ഫോണ്‍ ചെയ്തെന്നായിരുന്നു. കുറ്റം ഗൂഢാലോചന. നിരോധനത്തോടെ ഐ.എസ്.എസ് പിരിച്ചുവിട്ട് പി.ഡി.പിയുണ്ടാക്കിയ അന്നാളുകളില്‍ ഒരുല്‍സവപ്പറമ്പ് പോലെ ബഹളമയമായ ഓഫീസിലെ ലാന്റ് ഫോണില്‍ നിന്ന് ആര്‍ക്കും ആരെയും വിളിക്കാമായിരുന്നു. പ്രോസിക്യൂഷന്‍ കിണഞ്ഞു ശ്രമിച്ചിട്ടും മഅ്ദനിക്കെതിരായ കേസ് തെളിയിക്കാനായില്ല. ഒടുവില്‍ ജഡ്ജി പറഞ്ഞു; ‘നിങ്ങള്‍ നിരപരാധിയാണ്, നിങ്ങള്‍ക്ക് പോകാം!’ അപ്പോഴേക്കും ഒരു ദശകമായിരുന്നു. മഅ്ദനി ജീവിച്ചിരുന്നിട്ടും മക്കള്‍ അനാഥരെപ്പോലെ വളരുന്നുണ്ടായിരുന്നു. ഭാര്യ പ്രാര്‍ഥനയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഒരിടവേളക്ക് ശേഷം ബംഗളുരു സ്ഫോടനക്കേസില്‍ കുടകിലെ ഇഞ്ചിപ്പാടത്ത് തടിയന്റവിട നസീറുമായി ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തി മഅ്ദനിയെ വീണ്ടും അറസ്റ്റു ചെയ്തു. നിശിതമായ പോലിസ് നിരീക്ഷണത്തിലായിരുന്ന, വീല്‍ചെയറില്‍ സഞ്ചരിക്കുന്ന മഅ്ദനി സകലരുടെയും കണ്ണുവെട്ടിച്ച് കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്ന കഥ വര്‍ഷങ്ങള്‍ നീളുന്ന വിസ്താരത്തിലൂടെ കണിശമായ തെളിവുനിയമത്തിന്റെ നിഷ്കൃഷ്ടതയില്‍ മഅ്ദനി തന്നെ കള്ളമാണെന്ന് തെളിയിക്കണം. സാധാരണ ഗതിയില്‍ ബര്‍ഡന്‍ ഓഫ് പ്രൂഫ്-തെളിയിക്കാനുള്ള ബാധ്യത- പ്രോസിക്യൂഷനാണെങ്കിലും ടാഡ, പോട്ട, ദേശീയ സുരക്ഷാനിയമങ്ങള്‍ പ്രകാരം അത് പ്രതിയുടെ ബാധ്യതയാണ്. ഇന്ത്യന്‍ തെളിവു നിയമപ്രകാരം പോലിസിനു നല്‍കുന്ന മൊഴി കോടതിയില്‍ സ്വീകരിക്കില്ല. എന്നാല്‍ പോലിസുകാരോട് നടത്തുന്ന കുറ്റസമ്മത മൊഴി മേല്‍പ്പറഞ്ഞ നിയമങ്ങള്‍ പ്രകാരമുള്ള പ്രത്യേക കോടതികളില്‍ സാധുവായ തെളിവാണ്.

ഇന്ത്യന്‍ കോടതികളിലെ കാലവിളംബം കുപ്രസിദ്ധമാണ്. വൈകുന്ന നീതി നീതിനിഷേധമാണ്, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നിങ്ങനെയുള്ള പല സൂക്തങ്ങളും ഇടക്കിടെ ഉദ്ധരിക്കപ്പെടുമെങ്കിലും മഅ്ദനിയുടെ ഇനിയും വിചാരണ തുടങ്ങിയിട്ടില്ലാത്ത തടവ് തുടരുകയാണ്. അനിശ്ചിതമായി, ആരോഗ്യം നഷ്ടപ്പെട്ട്, കാഴ്ച മങ്ങി, നീതിയുടെ ബലിയാടായി ഒരു മനുഷ്യന്‍ നരകിക്കുകയാണ്.

Top