ഈഴവര്‍ ഹിന്ദുക്കളല്ല

ഇ മാധവന്‍

ഈഴവ സമുദായത്തെ ഹിന്ദുത്വവാദത്തിന്റെ ചാവേറുകളാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് എസ്എന്‍ഡിപി യോഗ നേതൃത്വവും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ഹിന്ദു പാര്‍ലമെന്റിലേക്കും ഹിന്ദു ഐക്യവേദിയിലേക്കും ‘നായാടി മുതല്‍ നമ്പൂതിരി വരെ’യുള്ളവരെ എത്തിക്കാന്‍ ധൃതികൂട്ടുന്ന ഈ ‘ശ്രീനാരായണ ഭക്തര്‍’ ഗുരു ദര്‍ശനവും, ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ജീവവായുവായിരുന്ന സവര്‍ണ- ജാതി വിരുദ്ധ ബോധവും, ചരിത്രവും  എളുപ്പത്തില്‍ മറന്നുപോകുന്നു. ചരിത്രത്തെക്കുറിച്ച് അവരെ ഓര്‍മപ്പെടുത്തുന്ന പുസ്തകമാണ് എസ്എന്‍ഡിപി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ഇ മാധവന്‍ എഴുതിയ സ്വതന്ത്ര സമുദായം എന്ന പുസ്തകം.  1934ല്‍ പട്ടണക്കാട് നടന്ന തീയ്യ യുവജന സമാജം സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ അധ്യക്ഷ പ്രസംഗത്തിന്റെ വികസിത രൂപമാണ് ഈ പുസ്തകം. ഈഴവര്‍ ഹിന്ദുക്കളല്ലെന്നും ബുദ്ധമതാനുയായികളായ സ്വതന്ത്ര സമുദായമായിരുന്നു എന്നുമാണ് ഈ പുസ്തകത്തില്‍ മാധവന്‍ പറയുന്നത്. ഹിന്ദുത്വത്തിനും ബ്രാഹ്മണാധിപത്യത്തിനും എതിരെ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ട പുസ്തകം സര്‍ സി പി രാമസ്വാമി അയ്യര്‍ കണ്ടുകെട്ടുകയും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിക്കപ്പെടുകയും ചെയ്തു. സ്വതന്ത്ര സമുദായം  കേരള സാഹിത്യ അക്കാദമി 2011ല്‍ പുനപ്രസിദ്ധീകരിച്ചു. പുസ്തകത്തില്‍ നിന്നുള്ള ഒരു അധ്യായമാണ് ചുവടെ ചേര്‍ക്കുന്നത്.

ഴവര്‍ ഹിന്ദുക്കളല്ല. അവര്‍ ബുദ്ധ മതാനുസാരികളായിരുന്നുവെന്ന് ചരിത്ര പണ്ഡിതന്മാര്‍ ഒരുപോലെ സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഹിന്ദുക്കളുടെ നിഷ്ഠുരമായ മര്‍ദ്ദനശക്തി കൊണ്ടു ബുദ്ധമതം ക്രമേണ ഇന്‍ഡ്യയില്‍ നിന്നും തിരോധാനം ചെയ്തതോടു കൂടി ഈഴവരുടെ മത വിശ്വാസത്തിന് മാറ്റമുണ്ടാകേണ്ടി വന്നു. ശ്രീബുദ്ധന്റെ ധര്‍മരശ്മി പ്രസരം കൊണ്ട് പ്രശോഭിതമായ സിംഹള നാട്ടില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത തീയ്യര്‍ ഹിന്ദുക്കളാകുവാന്‍ സ്വയം വിസമ്മതിക്കുകയോ, വര്‍ണാശ്രമ മാനികളായ ഹിന്ദുക്കള്‍, തങ്ങളുടെ മതത്തില്‍ ചേര്‍ക്കാതെ ദൂരെ നിര്‍ത്തുകയോ ചെയ്തതിനാല്‍ അവര്‍ ഇന്ന് ഹിന്ദുമതത്തിലെ തീണ്ടല്‍ ജാതിക്കാരില്‍ ഒരു കൂട്ടരായി തീര്‍ന്നിരിക്കുന്നു. ചുറ്റുപാടുമുള്ള ഹിന്ദുക്കളുടെ സമ്പര്‍ക്കംകൊണ്ടും, മറ്റു പരിസരങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടും കാലാന്തരത്തില്‍ അവരുടെ ആചാര മര്യാദകളെ സ്വീകരിക്കാന്‍ നമ്മളും കാര്യലാഭമുണ്ടെന്നു തോന്നിയപ്പോള്‍ നമ്മളേയും ഹിന്ദുക്കളായി കരുതുവാന്‍ അവരും ഉദ്യമിച്ചതിന്റെ ഫലമായി നാം ഇന്ന് ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഹിന്ദുക്കളായിത്തന്നെ കഴിഞ്ഞുകൂടുന്നു.
ഇങ്ങനെ ഹിന്ദുമതക്കുടുക്കില്‍ പെട്ടുപോയെങ്കിലും നമുക്ക്, ഇന്നും ഹിന്ദുക്കളോടുള്ളതിനേക്കാള്‍ അടുപ്പം മറ്റു മതക്കാരോടാണുള്ളത്. നാം ഹിന്ദുക്കാളാണെന്ന് കാണിപ്പാന്‍ ഒരു പ്രമാണവും അവര്‍ക്കില്ല. അവരുടെ വര്‍ണ വ്യവസ്ഥയില്‍ നമ്മെ ഉള്‍പ്പെടുത്തിയിട്ടുമില്ല, ജാതിഹിന്ദുക്കളുടെ അടുത്ത് ചെല്ലാന്‍ നമുക്ക് പാടില്ല. അവരുടെ ക്ഷേത്രത്തിലും, വീട്ടിലും, വഴിയിലും, അവര്‍ ഇരിക്കുന്നിടതക്തും നമുക്ക് പ്രവേശിക്കുവാന്‍ പാടില്ല. അവര്‍ നമ്മെ തീണ്ടല്‍ജാതിക്കാരാക്കി കരുതി മാറ്റുന്നു. അവരുടെ മതത്തില്‍ നിന്നും അവര്‍ നമ്മെ ചവുട്ടിത്തള്ളി പുറത്തേയ്ക്ക് വിടുന്നു. നമ്മെ ഹിന്ദുക്കളാക്കുവാനോ, നാം സ്വയം ഹിന്ദുക്കളാകുവാനോ, ചെയ്ത ശ്രമം ഇന്നും ഫലിച്ചിട്ടില്ലെന്നതിന് ഇതൊരു തെളിവാകുന്നു. ഒരു മുസല്‍മാനോ, ക്രിസ്ത്യാനിക്കോ നമ്മുടെ സാന്നിധ്യം ഒരു പ്രകാരത്തിലും അശുദ്ധികരമല്ല. അവരുടെ പള്ളികളിലും നമ്മെ അടുപ്പിക്കുവാനും പ്രവേശിപ്പിക്കുവാനും അവര്‍ക്ക് വിരോധവുമില്ല. ഇതുമാത്രമല്ല, അവരുടെ മതത്തിലേക്ക് അവര്‍ ആകര്‍ഷിച്ച് വിളിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ നാം പ്രവേശിപ്പാനായി ചെന്നാല്‍ പൂജയും കോലാഹലവും എല്ലാം മുടക്കി, ക്ഷേത്രവും അടച്ച് അവര്‍ ഓടിക്കളയുന്നു. പൂജയും കാര്യവും മുടങ്ങിയാലും വേണ്ടില്ല, നമ്മള്‍ അടുക്കരുതെന്നേ അവര്‍ക്ക് നിര്‍ബന്ധമുള്ളൂ. സ്കൂള്‍ പ്രവേശനത്തിന് നാം ചെന്നാല്‍, പാഠവും മതിയാക്കി സവര്‍ണര്‍ വീട്ടില്‍ പോകുന്നു, റോഡുകളില്‍ നടക്കാന്‍ ചെന്നാല്‍ അവരുടെ നടപ്പും കൂടി മതിയാക്കി അവര്‍ റോഡടച്ചുകെട്ടിക്കളയുന്നു. നാം അടുക്കുന്നതിലും കടക്കുന്നതിലും. അവയെ എല്ലാം ബഹിഷ്കരിക്കുന്നതുതന്നെ നല്ലതെന്ന് സനാതനികള്‍ കരുതുന്നു. മാത്രമല്ല, നമ്മെ അടുപ്പിക്കാതിരിക്കുവാന്‍ അവരുടെ സര്‍വശക്തികളും വിനിയോഗിച്ച് തടുക്കുകയും കൂടി ചെയ്യുന്നു. നാം ഹിന്ദുക്കളല്ലെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവാവശ്യമാണോ? ഹിന്ദുക്കളാണെന്നുപറഞ്ഞ് നാം വലിഞ്ഞുകയറിച്ചെന്നാലും അല്ലെന്നവര്‍ നമ്മെ പഠിപ്പിക്കുകയല്ലേ ചെയ്യുന്നത്? അവരുടെ മതം വിട്ടുപോകുവാന്‍ അവര്‍ നമ്മെ നിര്‍ബന്ധിക്കുകയല്ലേ ചെയ്യുന്നത്? ജാതിഹിന്ദുവിന്റെ ക്ഷേത്രത്തില്‍നിന്നും ഇത്ര അടി ദൂരെ മാറി നില്‍ക്കണമെന്നു പറഞ്ഞു നമ്മെ ശാസിച്ചിരുന്നിട്ടും നാം നായ്ക്കളെപ്പോലെ അങ്ങോട്ടുന്തിത്തള്ളി ചെല്ലുന്നത് നമ്മുടെ ബുദ്ധിഹീനതയല്ലാതെ മറ്റെന്താണ്? ഹിന്ദുക്കളുടെ ചവിട്ടേറ്റുപുറന്തള്ളപ്പെട്ട എത്രയോ ലക്ഷം ആളുകളെ ക്രിസ്ത്യാനികളും മുഹമ്മദീയരും സ്വാഗതം ചെയ്ത് അവരുടെ മതത്തില്‍ ചേര്‍ത്തു? അങ്ങനെ നമ്മില്‍ നിന്നും ചോര്‍ന്നുചെന്നവരും മറ്റുമല്ലാതെ ഇന്നു കാണുന്ന ക്രൈസ്തവ മാഹമ്മദ സമുദായക്കാരത്രയും പാലസ്തീനില്‍നിന്നോ അറേബ്യയില്‍നിന്നോ, കടലും, മലകളും കടന്നിവിടെ വന്നവരല്ലെന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ?  അതെ; ഇവരിലധികവും നമ്മുടേയും മറ്റു അധ:കൃതരുടേയും പൂര്‍വപിതാക്കള്‍ തന്നെ. ഈ ഒരടുപ്പമെങ്കിലും നമുക്കിവരോടുണ്ട്. ജാതിഹിന്ദുക്കളോട് യാതൊരുവിധമായ അടുപ്പവും നമുക്കില്ല. ഹിന്ദുക്കളാണെന്നു അവരുടെ സ്വാര്‍ത്ഥതയക്കു വേണ്ടി പറഞ്ഞുപരത്തിയതിനെ നാം സമ്മതിച്ചുകൊടുത്തു.  ഗവണ്‍മെന്റതിനെയും ശരിവെച്ചു. നാമമാത്രമായിട്ടെങ്കിലും ഇങ്ങനെ ഹിന്ദുക്കളാണെന്നു സമമതിച്ചുപോയ മഹാപരാധത്തിന്റെ തീരാശ്ശാപങ്ങളാണ് ഇന്നു നാം അനുഭവിച്ചുവരുന്ന അവശതകളെല്ലാം. ഇനിയേതായാലും ആരാന്റേതായ ഈ മതം നമുക്കാവശ്യമില്ലെന്നാണ് നമ്മുടെ ഇന്നത്തെ വാദം.

(ഈ മാധവന്റെ സ്വതന്ത്ര സമുദായം എന്ന പുസ്തകത്തില്‍ നിന്ന്)
സ്വതന്ത്ര സമുദായം
വില: 120 രൂപ
പ്രസാധകര്‍: കേരള സാഹിത്യ അക്കാദമി
തൃശൂര്‍- 680020

Top