‘ഭീം രാജ്യ’ത്തിനു വേണ്ടി നിലകൊള്ളുക

എസ്. ആനന്ദ്

“1999 ന്റെ അവസാനത്തില്‍, പ്രത്യേക മില്ലേനിയം പതിപ്പില്‍ ഔട്ട്ലുക്ക് വാരിക നാല് ബുദ്ധിജീവികളോട് ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച 20 ഇന്ത്യക്കാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.  2002 ല്‍ പുറത്തിറങ്ങിയ സ്വാതന്ത്ര്യദിന പ്രത്യേക പതിപ്പില്‍ ഔട്ട്ലുക്ക്  ‘തുല്യരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നവര്‍’ (first among equals) എന്ന പേരില്‍ ഒരു ലിസ്റ്റ്  പ്രസിദ്ധീകരിക്കുകയുണ്ടായി.  മദര്‍ തേരേസ ഈ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തി. 2012 സര്‍വ്വേ ‘ഗാന്ധിജിക്കുശേഷം ഇന്ത്യയിലുണ്ടായ മഹാന്‍’ ആരാണ് എന്ന സര്‍വ്വേയെക്കുറിച്ച് പലരും ഭീതിയും വെറുപ്പും പ്രകടിപ്പിക്കുകയുണ്ടായി. ഗാന്ധിജിക്ക് മുന്‍കൂര്‍ വിജയം ചാര്‍ത്തിക്കൊടുക്കുന്ന ഈ ആഖ്യാനം, ഗാന്ധിജി അതിനര്‍ഹനാണോ എന്ന ചോദ്യം, ആളികത്തുന്ന വിദ്വേഷത്തിന് കാരണമാവുകയാണ്. ഇനിയും ഉണങ്ങാത്ത പഴയ മുറിവില്‍ പുതിയ ഉപ്പ് വിതറുന്നതിന് തുല്യമാണിത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അംബേദ്ക്കറുടെ പേര് ഉയര്‍ന്നുവന്നത് ആശാസ്യമായ കാര്യമാണ്. ഇന്ത്യന്‍ ജനതയ്ക്ക് തങ്ങള്‍ പലപ്പോഴായി തോല്‍പ്പിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്ത ഒരു ശ്രേഷ്ഠപൌരന്റെ മഹത്തായ ജീവിതത്തെ അംഗീകരിക്കാനുള്ള ഒരു അവസരമായി ഈ മാറ്റത്തെ കാണാവുന്നതാണ്.”

ഹാഭാരതത്തിലെ ഒരു കഥാപാത്രത്തേയും ഇഷ്ടമല്ലെന്ന് ഞാന്‍ അച്ഛനോടു പറഞ്ഞു. ‘ഭീഷ്മരേയും ദ്രോണരേയും കൃഷ്ണനേയും എനിക്കിഷ്ടമല്ല. ഭീഷ്മരും ദ്രോണരും കപട വ്യക്തിത്വങ്ങളാണ്. ഒരു കാര്യം പറയുകയും മറിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവരാണിവര്‍, കൃഷ്ണന്‍ ഒരു ചതിയനാണ്. നെറികേടുകള്‍ കൊണ്ട് നിറഞ്ഞ ചരിത്രം മാത്രമാണദ്ദേഹത്തിന്റെ ജീവിതം. കൃഷ്ണനോടുള്ള അത്രയും വെറുപ്പ് എനിക്ക് രാമനോടുമുണ്ട്. ശൂര്‍പണഖയോടും ബാലി-സുഗ്രീവ യുദ്ധത്തിലും സീതയോടുള്ള നികൃഷ്ടതയിലും രാമന്റെ സമീപനം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. അച്ഛന്‍ മറുപടിയൊന്നും പറയാതെ നിശബ്ദനായിരുന്നു. അദ്ദേഹത്തിനറിയാമായിരുന്നു, ഒരു പ്രതിഷേധം ഇരമ്പുകയാണെന്ന്.
— ഭീം റാവു റാംജി അംബേദ്കര്‍, ബുദ്ധനും അദ്ദേഹത്തിന്റെ ധര്‍മ്മവും (Buddha and his Dhamma) എന്ന തന്റെ പുസ്തകത്തിനുവേണ്ടി 1956 ഏപ്രില്‍ 6ന് എഴുതിയ അപ്രകാശിത മുഖവുരയില്‍ നിന്നെടുത്തത്.

1999 ന്റെ അവസാനത്തില്‍, പ്രത്യേക മില്ലേനിയം പതിപ്പില്‍  ഔട്ട്ലുക്ക് വാരിക നാല് ബുദ്ധിജീവികളോട് ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച 20 ഇന്ത്യക്കാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. പാനലിലെ അംഗങ്ങളായ കുഷ് വന്ത് സിംഗ്, മൃണാള്‍ പാണ്ഡെ, പി. വി. ഇന്ദിരേശന്‍, മുഷിമൂള്‍ ഹാസന്‍വര്‍ ഓരോരുത്തരും അഞ്ച് പേരുകള്‍ വീതം നിര്‍ദ്ദേശിച്ചു. എല്ലാവരുടെ ലിസ്റ്റിലും മോഹന്‍ദാസ് ഗാന്ധി ഉള്‍പ്പെട്ടിരുന്നു. മൂന്നെണ്ണത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവും രണ്ടെണ്ണത്തില്‍ ലതാമങ്കേഷ്കറും (പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അവര്‍ പാട്ട് നിര്‍ത്തേണ്ടതായിരുന്നു എന്ന് യേശുദാസ് ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.) തെരഞ്ഞെടുക്കപ്പെട്ടു; ബി. ആര്‍. അംബേദ്കര്‍ ഒന്നിലും ഉള്‍പ്പെട്ടില്ല. മദ്രാസ് ഐ.ഐ.റ്റിയുടെ മുന്‍ ഡയറക്ടറായിരുന്ന ഇന്ദിരേശന്‍, “അംബേദ്കറുടെ വിഭജനവാദത്തില്‍ തനിക്ക് ആശങ്കകളുണ്ടെന്ന്” പോലും പറയുകയുണ്ടായി.
2002 ല്‍ പുറത്തിറങ്ങിയ സ്വാതന്ത്ര്യദിന പ്രത്യേക പതിപ്പില്‍ ഔട്ട്ലുക്ക് വാരിക ‘തുല്യരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നവര്‍’ (first among equals) എന്ന പേരില്‍ ഒരു ലിസ്റ്റ്  പ്രസിദ്ധീകരിക്കുകയുണ്ടായി. “സ്വതന്ത്ര ഇന്ത്യയിലെ ഉന്നതരായ ഇന്ത്യക്കാരെ കണ്ടെത്തുന്ന ഒരു പൊതു സര്‍വ്വെ” ആയിട്ടാണ് ഇത് അറിയപ്പെട്ടത്. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ അയഞ്ഞ മതേതര സങ്കല്‍പങ്ങള്‍ക്ക് താങ്ങും സ്വീകാര്യതയും ലഭിക്കുന്ന, എന്തുകൊണ്ടും അനുയോജ്യയായ വ്യക്തി, മദര്‍ തേരേസ ഈ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തി. ഇത്തരം തെരഞ്ഞെടുപ്പ് വ്യായാമങ്ങള്‍ ചരിത്രത്തെ നിസ്സാരവല്‍ക്കരിക്കുകയും ജനങ്ങളെ വെറും ശിശുക്കളാക്കി മാറ്റുകയും ചെയ്യുകയാണ് എന്ന ആശങ്കയില്‍ ഞാന്‍ വ്യസനിക്കുമ്പോള്‍ അതുതന്നെ ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഓര്‍മ്മകള്‍ ഒരു ഫേയ്സ് ബുക്ക് അപ്ഡേറ്റുപോലെ മറവിയിലേക്ക് പോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചരിത്രത്തിലെ ‘നീളന്‍ പ്രസംഗങ്ങളുടെ’ ലിസ്റ്റ് തയ്യാറാക്കുന്ന പോപ്പുലര്‍ ചരിത്രകാരന്മാര്‍ ജീവിക്കുന്ന കാലമാണ് നമ്മുടേത്.
അപ്പോള്‍ എന്തുകൊണ്ടാണ്, അല്ലെങ്കില്‍ എങ്ങനെയാണ് സമഗ്രമായത് എന്ന് വിശേഷിപ്പിച്ച ഒരു തെരഞ്ഞെടുപ്പില്‍ ഭീംറാവു റാംജി അംബേദ്കര്‍ പ്രഥമസ്ഥാനത്തെത്തുന്നത്? 1999 ലെയും, 2002 ലെയും ‘പരാജയങ്ങള്‍ക്ക്’ ശേഷം ഇങ്ങനെ ഒരു മാറ്റത്തിന് കാരണമെന്താണ്? ഇന്ത്യ, അതിന്റെ ഭൌതികചരിത്രത്തിലെ ഗോപുര സമാനമായ ഒരു വ്യക്തിത്വത്തെ അംഗീകരിക്കാന്‍ തയ്യാറാവുകയാണോ? മാര്‍ക്സിസ്റ് ചരിത്രകാരന്‍ പെരി ആന്റേര്‍സണ്‍ന്റെ വാക്കുകളില്‍, നെഹ്റു, ഗാന്ധി ഇതര കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരേക്കാള്‍ “ബുദ്ധിപരമായ ഔന്നിത്യം” പുലര്‍ത്തുന്നതുകൊണ്ടാണോ? എനിക്ക് തോന്നുന്നത് അംബേദ്ക്കറുടെ ഈ ‘വിജയം’ ഒരുപക്ഷേ സാധ്യമാകുന്നത് ഇന്റര്‍നെറ്റ് പ്രയോക്താക്കളായ, മൊബൈല്‍ ഉപയോക്താക്കളായ, അര്‍പ്പണ ബോധമുള്ള ദളിത് മധ്യവര്‍ഗ്ഗം പരോക്ഷമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നതിലൂടെ ആയിരിക്കാം. മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും സ്വകാര്യമേഖലയില്‍നിന്നും സര്‍വ്വകലാശാലകളില്‍നിന്നും (അംബേദ്ക്കറുടെ ഏറ്റവും വലിയ ആയുധമായ ‘റിസര്‍വേഷനോട്’ തുറന്ന അവജ്ഞ പുലര്‍ത്തുന്നവയാണ് സര്‍വ്വകലാശാലകള്‍) ഏറെ അകറ്റി നിര്‍ത്തപ്പെട്ടിട്ടുള്ള, ഇന്ത്യയിലും വിദേശത്തുമുള്ള ദളിതുകള്‍ തങ്ങളുടെ തന്നെ വെബ്സൈറ്റുകളും ബ്ളോഗുകളും മെയിലിംഗ് ലിസ്റുകളും രൂപ കല്പന ചെയ്തുകൊണ്ടുള്ള പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. Round table conference, Dalit and Adivasi students portal, saveri, Dalit camera എന്ന You tube ചാനല്‍, കൂടാതെ നിരവധി ഫേയ്സ്ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങിയവയിലൂടെ സ്വയം കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണ്. 2006 ല്‍ നടന്ന കൊലപാതകങ്ങളും ഖെയര്‍ലാഞ്ചി (Khairlanji) യില്‍ നടന്ന ബലാല്‍സംഗങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നത് ഒരു മാസത്തോളം വൈകിപ്പിക്കുന്ന കോര്‍പ്പറേറ്റ് മീഡിയയെ ഇവര്‍ ഇപ്പോള്‍ ആശ്രയിക്കുന്നില്ല; ജൂണ്‍ 2012 ല്‍ ശ്രീകാകുളം ജില്ലയിലെ ലക്ഷ്മിപേട്ടയില്‍ അഞ്ച് ദളിതുകളെ ലിഞ്ചിംഗിന് വിധേയമാക്കിയ നിഷ്ഠൂര സംഭവത്തെ ലാഘവത്തോടെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കോര്‍പ്പറേറ്റ് മീഡിയകളെ ഇവര്‍ ആശ്രയിക്കുന്നില്ല. ഇന്റര്‍നെറ്റിലൂടെയാണ്-World wide web പൌരത്വത്തെ സംബന്ധിക്കുന്ന പുതിയ ചോദ്യങ്ങള്‍ ഇവര്‍ ഉന്നയിക്കുന്നത്; ഈ ഇതര ഇടങ്ങളിലൂടെയാണ് ദൃഢചിത്തരായ ഈ ഏകലവ്യന്മാര്‍ ഭീഷ്മര്‍ക്കും ദ്രോണര്‍മാര്‍ക്കുമെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നത്; ഇഞ്ചോടിഞ്ച് വിജയം നേടിക്കൊണ്ട് മുന്നേറുന്നത്. ‘ഗാന്ധിജിക്കുശേഷം ഇന്ത്യയിലുണ്ടായ മഹാന്‍’ ആരാണ് എന്ന സര്‍വ്വേയെക്കുറിച്ച് ഈ യോദ്ധാക്കളില്‍ പലരും ഭീതിയും വെറുപ്പും പ്രകടിപ്പിക്കുകയുണ്ടായി. ഗാന്ധിജിക്ക് മുന്‍കൂര്‍ വിജയം ചാര്‍ത്തിക്കൊടുക്കുന്ന ഈ ആഖ്യാനം, ഗാന്ധിജി അതിനര്‍ഹനാണോ എന്ന ചോദ്യം, ആളികത്തുന്ന വിദ്വേഷത്തിന് കാരണമാവുകയാണ്. ഇനിയും ഉണങ്ങാത്ത പഴയ മുറിവില്‍ പുതിയ ഉപ്പ് വിതറുന്നതിന് തുല്യമാണിത്.

______________________________________________________________

1956 സെപ്തംബര്‍ 14 ന് നാഗ്പൂരില്‍ വെച്ച് അഞ്ചു ലക്ഷത്തോളം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിക്കുന്നതിന് കൃത്യം ഒരു മാസം മുമ്പ് ഡല്‍ഹിയിലുള്ള 26, അലിപ്പോറോഡ്, എന്ന തന്റെ ഭവനത്തിലിരുന്നുകൊണ്ട് പ്രധാനമന്ത്രി ജഹര്‍ലാല്‍ നെഹ്റുവിന് ഹൃദയഭേദകമായ ഒരു കത്ത് എഴുതുകയുണ്ടായി. താന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയ ‘ബുദ്ധരും അദ്ദേഹത്തിന്റെ ധര്‍മ്മവും Buddha and his Dhamma) എന്ന കൃതിയുടെ വിശദമായ ‘ഉള്ളടക്കത്തിന്റെ’ (Table of contents) രണ്ടു കോപ്പികള്‍ തയ്യാറാക്കി, തന്റെ അഭിമാന ബോധത്തിനു മുമ്പില്‍ തലകുനിച്ച് പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള ധനസഹായത്തിനു വേണ്ടി നെഹ്റുവിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി: ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരണത്തിന് നീക്കിവെച്ച തുക തീര്‍ന്നിരിക്കുന്നു, അതുകൊണ്ട് കമ്മറ്റിയുടെ ചെയര്‍മാനായ രാധാകൃഷ്ണനെ സമീപിക്കുക. കൂടാതെ നെഹ്റു സൌജന്യമായി ചില ബിസിനസ്സ് ഉപദേശങ്ങളും നല്‍കി, “ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദേശത്തു നിന്നും മറ്റും നിരവധി ആളുകള്‍ വരുന്നതുകൊണ്ട് താങ്കളുടെ പുസ്തകം ഡെല്‍ഹിയിലും മറ്റു സ്ഥലങ്ങളിലും വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ പുസ്തകത്തിന് നല്ല വില്പന പ്രതീക്ഷിക്കാന്‍ കഴിയും.” രാധാകൃഷ്ണന്‍ തനിക്ക് സഹായിക്കാനാവില്ലെന്ന വിവരം ഫോണ്‍ ചെയ്ത് അംബേദ്ക്കറെ അറിയിച്ചതായിപറയപ്പെടുന്നു.

________________________________________________________________

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അംബേദ്ക്കറുടെ പേര് ഉയര്‍ന്നുവന്നത് ആശാസ്യമായ കാര്യമാണ്. ഇന്ത്യന്‍ ജനതയ്ക്ക് തങ്ങള്‍ പലപ്പോഴായി തോല്‍പ്പിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്ത ഒരു ശ്രേഷ്ഠപൌരന്റെ മഹത്തായ ജീവിതത്തെ അംഗീകരിക്കാനുള്ള ഒരു അവസരമായി ഈ മാറ്റത്തെ കാണാവുന്നതാണ്. ദേശീയ ചരിത്രത്തിന്റെ വൃത്തികെട്ടതും അടഞ്ഞതുമായ തമോവരണത്തിനകത്ത് ഈ ദാരുണമായ തോല്‍വികള്‍ അടക്കപ്പെടുകയാണുണ്ടായത്.
തന്റെ അവസാന കാലത്ത്, മരിക്കുന്നതിന് ഏകദേശം മൂന്ന് മാസം മുമ്പ് അംബേദ്ക്കര്‍ നേരിടേണ്ടിവന്ന വേദനാകരമായ ഒരു സംഭവത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. 1956 സെപ്തംബര്‍ 14 ന് നാഗ്പൂരില്‍ വെച്ച് അഞ്ചു ലക്ഷത്തോളം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിക്കുന്നതിന് കൃത്യം ഒരു മാസം മുമ്പ് ഡല്‍ഹിയിലുള്ള 26, അലിപ്പോറോഡ്, എന്ന തന്റെ ഭവനത്തിലിരുന്നുകൊണ്ട് പ്രധാനമന്ത്രി ജഹര്‍ലാല്‍ നെഹ്റുവിന് ഹൃദയഭേദകമായ ഒരു കത്ത് എഴുതുകയുണ്ടായി. താന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയ ‘ബുദ്ധരും അദ്ദേഹത്തിന്റെ ധര്‍മ്മവും Buddha and his Dhamma) എന്ന കൃതിയുടെ വിശദമായ ‘ഉള്ളടക്കത്തിന്റെ’ (Table of contents) രണ്ടു കോപ്പികള്‍ തയ്യാറാക്കി, തന്റെ അഭിമാന ബോധത്തിനു മുമ്പില്‍ തലകുനിച്ച് പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള ധനസഹായത്തിനു വേണ്ടി നെഹ്റുവിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി: “പ്രസിദ്ധീകരണ ചിലവ് വളരെ കൂടുതലാണ്. ഏകദേശം ഇരുപതിനായിരം രൂപയോളം വരും. ഇത് എന്റെ കഴിവിനപ്പുറത്താണ്. അതിനാല്‍ എല്ലാ ഭാഗത്തുനിന്നുമുള്ള സഹായം ഞാന്‍ തേടുകയാണ്. ഇന്ത്യാഗവണ്മെന്റിന് പുസ്തകത്തിന്റെ 500 കോപ്പികള്‍ വാങ്ങാനാകുമോയെന്ന് ഞാനാശിക്കുകയാണ്. ഈ കോപ്പികള്‍ വിവിധ ലൈബ്രറികള്‍ക്ക് അയച്ചു കൊടുക്കുകയും ബുദ്ധന്റെ 2500-ാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്ഷണിക്കപ്പെടുന്ന പണ്ഡിതന്മാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യാവുന്നതാണ്.”
ആ കാലത്ത്, പുറത്താക്കപ്പെടുക (exclusion) എന്ന അവസ്ഥയുമായി അംബേദ്ക്കര്‍ ഏറെക്കുറെ സുപരിചിതനായി കഴിഞ്ഞു എന്ന് വേണം കരുതാന്‍. ഉപരാഷ്ട്രപതിയായ ഡോ. എസ്. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായുള്ള ബുദ്ധജയന്തി കമ്മിറ്റിയില്‍ നിന്നും, അശോകനുശേഷം ബുദ്ധിസത്തിന്റെ ശക്തനായ പ്രയോക്താവായ അംബേദ്ക്കര്‍ നിഷ്ക്കരുണം അകറ്റി നിര്‍ത്തപ്പെടുകയാണുണ്ടായത്. ബുദ്ധിസം ‘ഹിന്ദുയിസത്തിന്റെ ഒരു അടരാണെന്നും ഉപനിഷത്ത് ദര്‍ശനത്തെ ഒരു പുതിയ കാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കുക’ മാത്രമാണ് ബുദ്ധിസം ചെയ്യുന്നതെന്നും വിശ്വസിക്കുന്ന ആളാണ് സി. രാധാകൃഷ്ണന്‍. നെഹ്റു അടുത്ത ദിവസം തന്നെ അംബേദ്ക്കര്‍ക്ക് മറുപടിയെഴുതി; ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരണത്തിന് നീക്കിവെച്ച തുക തീര്‍ന്നിരിക്കുന്നു, അതുകൊണ്ട് കമ്മറ്റിയുടെ ചെയര്‍മാനായ രാധാകൃഷ്ണനെ സമീപിക്കുക. കൂടാതെ നെഹ്റു സൌജന്യമായി ചില ബിസിനസ്സ് ഉപദേശങ്ങളും നല്‍കി, “ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദേശത്തു നിന്നും മറ്റും നിരവധി ആളുകള്‍ വരുന്നതുകൊണ്ട് താങ്കളുടെ പുസ്തകം ഡെല്‍ഹിയിലും മറ്റു സ്ഥലങ്ങളിലും വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ പുസ്തകത്തിന് നല്ല വില്പന പ്രതീക്ഷിക്കാന്‍ കഴിയും.” രാധാകൃഷ്ണന്‍ തനിക്ക് സഹായിക്കാനാവില്ലെന്ന വിവരം ഫോണ്‍ ചെയ്ത് അംബേദ്ക്കറെ അറിയിച്ചതായി പറയപ്പെടുന്നു.
മുന്‍ നിയമകാര്യമന്ത്രിയും ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മറ്റി ചെയര്‍ പേര്‍സനുമായ അംബേദ്ക്കറോട് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഇപ്രകാരമാണ് കാരുണ്യം ചൊരിഞ്ഞത്. നിസ്സങ്കോചം ഇവര്‍ അംബേദ്ക്കറോട് നിര്‍ദ്ദേശിച്ചത് അദ്ദേഹം ഒരു സ്റ്റാള്‍ തുടങ്ങുകയും പുസ്തകത്തിന്റെ കോപ്പികള്‍ വില്‍ക്കുകയും അങ്ങനെ ചെലവ് തിരിച്ചെടുക്കുകയുമെന്നുമാണ്. കര്‍ണന്‍ തന്റെ രഥചക്രം നന്നാക്കാന്‍ ശ്രമിക്കുന്ന നേരത്ത് അര്‍ജുനനോട് ദുര്‍ചാപ് എയ്യാന്‍ ശ്രീകൃഷ്ണന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഈ സമയം കര്‍ണന്‍ രക്ഷപ്പെടുന്നു. ഹിന്ദുയിസത്തിന്റെ അഴുക്കു കൂമ്പാരത്തില്‍നിന്നും ധര്‍മചക്രം തിരിക്കുന്നതിന്റെ ഭാഗമായി ‘കേട്ടുകേള്‍വിയില്ലാ’ത്തവിധം കൊലപാതകത്തെ ന്യായീകരിക്കുന്ന’ ഭഗവത്ഗീത പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നും കര്‍ണന്‍ തല്‍ക്കാലം രക്ഷപ്പെടുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ മാനുഷീക മൂല്യങ്ങളും ധാര്‍മ്മികതയും ഇല്ലെന്ന് വേദനയോടെ തിരിച്ചറിയുകയും ബുദ്ധിസത്തിന്റെ ‘പാവന ധര്‍മ നിഷ്ഠയില്‍’ അഭയം കണ്ടെത്തുകയും ചെയ്ത ഈ മനുഷ്യന്‍ തന്റെ (Buddha and his Dhamma) എന്ന പുസ്തകത്തില്‍ അച്ചടിച്ച പ്രതി കാണാന്‍ കഴിയാതെ മരണമടഞ്ഞു. 1956 ഒക്ടോബര്‍ 14 ന് ബുദ്ധമതം ആശ്ളേഷിച്ച വലിയ ഒരു ജനതതിക്ക്, ആ നിമിഷം, തങ്ങളുടെ ഇടയന്‍ പകര്‍ന്നുകൊടുക്കാനുദ്ദേശിച്ച സന്ദേശം നിരസിക്കപ്പെട്ടു.

ഒരു പുനര്‍ വിചിന്തനത്തിന്റെ ഭാഗമായി അംബേദ്ക്കര്‍ക്ക് ഭാരത രത്നം ബഹുമതി നല്‍കാന്‍ തീരുമാനിക്കുകയും, 1967 ല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അംബേദ്ക്കര്‍ പ്രതിമ അനാഛാദനം നിര്‍വഹിക്കുകയും ചെയ്ത അന്ന് പ്രസിഡന്റ് പദവിയിലെത്തിയ അതേ രാധാകൃഷ്ണന്റെ പ്രവര്‍ത്തി അംബേദ്ക്കറോട് ഇന്ത്യ പുലര്‍ത്തിയ അനീതിക്കും അക്രമത്തിനും പ്രായശ്ചിത്തമാകുന്നില്ല. അതുപോലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ ചിത്രം പതിച്ച വാചാലമായ പോസ്ററുകള്‍ അച്ചടിക്കുന്നതോ, ദളിതുകള്‍ക്ക് നര്‍മബോധം കുറവാണെന്ന് കുറ്റപ്പെടുത്തുന്ന പാഠപുസ്തക രചയിതാക്കളുടെ ഇന്നത്തെ അനുകൂല സമീപനങ്ങളോ ഒരിക്കലും പ്രായശ്ചിത്തമാകുന്നില്ല. മറിച്ച് ആന്തരികമായി അസമത്വം പേറുന്ന ഒരു സമൂഹത്തില്‍ നീതിയുടെ സ്വാതന്ത്യ്രത്തിലേക്ക് ഉയര്‍ത്തുന്ന അംബേദ്ക്കറുടെ ആശയങ്ങള്‍ സഹര്‍ഷം പിന്തുടരാന്‍ കഴിയുമ്പോഴായിരിക്കും ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമാകുന്നത്.

ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞരും പൌരസ്ത്യ ചിന്തകരും കണ്ടെത്തി വീണ്ടെടുക്കുന്നതുവരെ, ഏകദേശം 1200 വര്‍ഷത്തോളം, അംബേദ്ക്കര്‍ ആശ്ളേഷിച്ച മതം ഇന്ത്യയില്‍ നിശബ്ദമാക്കപ്പെട്ടുകിടക്കുകയായിരുന്നു. അംബേദ്ക്കറേയും അദ്ദേഹത്തിന്റെ ബൌദ്ധിക
സമ്പന്നതയേയും അതുപോലെ തന്നെ കടുത്ത വെറുപ്പും നീരസവും അവജ്ഞയും പുലര്‍ത്തി കുഴിച്ചുമൂടുകയായിരുന്നു. അദ്ദേഹത്തിന്റെ പകുതി രചനകളും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1980 ന് ശേഷമായിരുന്നു; ചില കൈയെഴുത്തു പ്രതികള്‍ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. പ്രധാന പുസ്തകശാലകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ ഇപ്പോഴും ലഭ്യമല്ല. ശര്‍മിളറശ്ശേ മണ്‍കുടിലിലെ ഗായകര്‍ (songsters from the mud house) എന്ന ലേഖനത്തില്‍ ചൂണ്ടി കാണിക്കുന്നതുപോലെ അംബേദ്ക്കറുടെ ജീവിതവും ചിന്തയും പുസ്തകങ്ങളും സചേതനമായി സംരക്ഷിച്ചത് ദളിതുകളാണ്; തങ്ങളുടെ വേറിട്ട ജീവിതാവസ്ഥകളിലും പൊതുജീവിതത്തില്‍നിന്നും വ്യതിരിക്തമായ നിലനില്‍പ്പിലും അവര്‍ അംബേദ്ക്കറെ ഉള്‍ക്കൊള്ളുകയായിരുന്നു. 1991 ല്‍ നടന്ന 100-ാം ജന്മവാര്‍ഷികാഘോഷത്തിനു ശേഷമാണ് ഭാഗികമായെങ്കിലും അദ്ദേഹം പുനരാനയിക്കപ്പെടുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ഗോപാല്‍ ഗുരുവിന്റെ അഭിപ്രായത്തില്‍ അംബേദ്ക്കറിന്റെ പ്രതിമയാണ് കൂടുതലും സ്ഥാപിക്കപ്പെട്ടത്, പ്രതിഭയല്ല.
1932 ലെ പൂന ഉടമ്പടിയാണ് അടിസ്ഥാനപരമായി അംബേദ്ക്കറിന്റെ പരാജയങ്ങള്‍ക്ക് കാരണമായത്. ഇരട്ടവോട്ടും (double vote) ദളിതുകള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങളും ഹിന്ദുക്കളെ വിഭജിക്കുകയാണെന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ താനും തന്റെ ദളിത് സഹോദരങ്ങളും ഹിന്ദുക്കളാണെന്ന് വിശ്വസിക്കാന്‍ ഒരു ന്യായീകരണവും അദ്ദേഹത്തിന് കണ്ടെത്താനായില്ല. ‘ഹിന്ദു’ എന്ന അവ്യക്ത രൂപകം രംഗപ്രവേശം ചെയ്തത് കോളോണിയല്‍ ദേശീയ കാലഘട്ടത്തിലാണ്; ഒരു പത്രം അതിന്റെ നിലനില്‍പ്പ് തന്നെ ഇതിനു വേണ്ടിയാണെന്ന് കൊട്ടിഘോഷിക്കുകയുണ്ടായി.

______________________________________________________________

കര്‍ണന്‍ തന്റെ രഥചക്രം നന്നാക്കാന്‍ ശ്രമിക്കുന്ന നേരത്ത് അര്‍ജുനനോട് ദുര്‍ചാപ് എയ്യാന്‍ ശ്രീകൃഷ്ണന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഈ സമയം കര്‍ണന്‍ രക്ഷപ്പെടുന്നു. ഹിന്ദുയിസത്തിന്റെ അഴുക്കു കൂമ്പാരത്തില്‍നിന്നും ധര്‍മചക്രം തിരിക്കുന്നതിന്റെ ഭാഗമായി ‘കേട്ടുകേള്‍വിയില്ലാ’ത്തവിധം കൊലപാതകത്തെ ന്യായീകരിക്കുന്ന’ ഭഗവത്ഗീത പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നും കര്‍ണന്‍ തല്‍ക്കാലം രക്ഷപ്പെടുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ മാനുഷീക മൂല്യങ്ങളും ധാര്‍മ്മികതയും ഇല്ലെന്ന് വേദനയോടെ തിരിച്ചറിയുകയും ബുദ്ധിസത്തിന്റെ ‘പാവന ധര്‍മ നിഷ്ഠയില്‍’ അഭയം കണ്ടെത്തുകയും ചെയ്ത ഈ മനുഷ്യന്‍ തന്റെ (Buddha and his Dhamma) എന്ന പുസ്തകത്തില്‍ അച്ചടിച്ച പ്രതി കാണാന്‍ കഴിയാതെ മരണമടഞ്ഞു. 1956 ഒക്ടോബര്‍ 14 ന് ബുദ്ധമതം ആശ്ളേഷിച്ച വലിയ ഒരു ജനതതിക്ക്, ആ നിമിഷം, തങ്ങളുടെ ഇടയന്‍ പകര്‍ന്നുകൊടുക്കാനുദ്ദേശിച്ച സന്ദേശം നിരസിക്കപ്പെട്ടു.

_______________________________________________________________

തുടര്‍ന്നുണ്ടായ എല്ലാ തെരഞ്ഞെടുപ്പിലും അംബേദ്ക്കര്‍ പരാജയപ്പെടുകയായിരുന്നു. ഭരണഘടന തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കാന്‍ constituent assembly യിലേക്ക് അദ്ദേഹം സ്വാഗതം ചെയ്യപ്പെടുകയായിരുന്നുവെന്ന പൊതുധാരണയ്ക്ക് വിപരീതമായി അദ്ദേഹത്തെ അതിന്റെ ചുമതലയില്‍ നിന്നും പുറത്താക്കാനുള്ള എല്ലാ ശ്രമവും നടന്നിരുന്നു. 1946 മെയ്മാസം തയ്യാറാക്കിയ കാബിനറ്റ് മിഷന്‍ പ്ളാന്‍ പ്രകാരം ഹിന്ദുക്കള്‍ congress), മുസ്ളീങ്ങള്‍ (മുസ്ളീംലീഗ്) ഷെഡ്യൂല്‍ഡ് കാസ്റ്, (ഷെഡ്യൂല്‍ഡ് കാസ്റ് ഫെഡറേഷന്‍ -SCF) എന്നീ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് അംബേദ്ക്കര്‍ പ്രത്യാശിച്ചിരുന്നു. എന്നാല്‍ 1946 ല്‍ നടന്ന പ്രവിശ്യാ അസംബ്ളി തെരഞ്ഞെടുപ്പില്‍ SCFന് നേരിടേണ്ടി വന്ന കനത്ത പരാജയം അംബേദ്ക്കറുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. പൂനാ ഉടമ്പടിക്ക് ശേഷമുണ്ടായ സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയം അപ്രതീക്ഷിതമായിരുന്നില്ല. സംവരണ മണ്ഡലങ്ങളില്‍ പോലും ദളിതുകളേക്കാള്‍ അംഗസംഖ്യ ഉണ്ടായിരുന്ന ജാതി ഹന്ദുക്കള്‍ തങ്ങള്‍ക്ക് വിധേയരാവുന്ന ‘ഹരിജനങ്ങളെ’ ആയിരുന്നു, ദളിതുകളെ ആയിരുന്നില്ല തിരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ആദ്യം മുന്നിലെത്തുന്നവന്‍ വിജയിക്കുക (First-past-the-post (FPTP)) എന്ന ഈ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അംബേദ്ക്കര്‍ പരാജയപ്പെട്ടു.
പ്രവശ്യാ അസംബ്ളിയിലൂടെ കോണ്‍സ്റ്റിട്യുവന്റ് അസംബ്ളിയിലേക്ക് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുബൈ പ്രവിശ്യയില്‍ നിന്നുള്ള SCF അംഗസംഖ്യ കുറവായതിനാല്‍ അംബേദ്ക്കര്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഏറെ വിരളമായിരുന്നു. മുബൈ പ്രീമിയര്‍ ആയിരുന്ന ബി. ജി. ഖേര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരം 296 അംഗങ്ങളുള്ള ബോഡിയിലേക്ക് അംബേദ്ക്കര്‍ തിരഞ്ഞെടുക്കപ്പെടാതിരിക്കുന്നതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തി. അംബേദ്ക്കറുടെ ജീവചരിത്രകാരന്‍ ധരാജ്ഞയ് ഖീര്‍ പറയുന്നത് ശ്രദ്ധിക്കുക, “കോണ്‍ഗ്രസ് അവരുടെ ആളുകളെയെല്ലാം തെരഞ്ഞെടുത്തു. ഭരണഘടനാ നിര്‍മ്മാണത്തില്‍ കാര്യമായ അറിവുള്ളവരായതുകൊണ്ടല്ല ഭൂരിപക്ഷം പേരും സ്ഥാനാര്‍ത്ഥികളായത്, മറിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനിഷ്ടിച്ചവരായതുകൊണ്ടാണ്.”

ഈ സന്ദര്‍ഭത്തില്‍ ബംഗാള്‍ ദളിതു വൃത്തങ്ങളിലല്ലാതെ മറ്റെല്ലാവരും മറന്നുകഴിഞ്ഞ ജോഗേദ്രനാഥ് മണ്ഡല്‍ (1904-1968) എന്ന മനുഷ്യനാണ് അംബേദ്ക്കറുടെ രക്ഷക്കെത്തിയത്. SCFന്റെ ബംഗാള്‍ നേതാവെന്ന നിലയില്‍ അദ്ദേഹം മുസ്ലീം ലീഗുമായി ഒരു സഖ്യം സ്ഥാപിക്കുകയും ബംഗാള്‍ അസംബ്ലിയില്‍ നിന്ന് കോണ്‍സ്റ്റിട്യുവന്റ് അസംബ്ളിയിലേക്ക് അംബേദ്ക്കറെ തെരഞ്ഞെടുക്കുന്നതിനുവേണ്ട അംഗസംഖ്യ ഉറപ്പുവരുത്തുകയും ചെയ്തു. വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍ കോണ്‍സ്റ്റിട്യുവന്റ് അസംബ്ലിയുടെ അംഗവും താല്‍ക്കാലിക ചെയര്‍മാനുമായ അദ്ദേഹം ആ രാജ്യത്തിന്റെ പ്രഥമ നിയമ തൊഴില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇന്ത്യയില്‍ അംബേദ്ക്കറെപ്പോലെ പാക്കിസ്ഥാന്റെ ആദ്യ നിയമ മന്ത്രിയും ഒരു ദളിതനായിരുന്നുവെന്ന് ഏറെക്കുറെ ഇന്നെല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു. ബംഗാള്‍ വിഭജനം അംബേദ്ക്കറിന്റെ കോണ്‍സ്റിറ്റ്യുവന്റ് അസംബ്ളി പ്രവേശനം അസാധ്യമാക്കി. എന്നാല്‍ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിത്വമായതുകൊണ്ട് എം.ആര്‍. ജയകര്‍ രാജിവെച്ച ബോംബെ അസംബ്ളിയില്‍ നിന്ന് പുതിയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ അനുവദിച്ചു.

1951 ല്‍ നടന്ന ആദ്യ പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ അംബേദ്ക്കര്‍-ഹിന്ദുകോഡ് ബില്ലില്‍ ആവര്‍ത്തിച്ചു വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങളില്‍ പ്രകോപിതനായി നെഹ്റു മന്ത്രിസഭയില്‍ നിന്ന് നിയമന്ത്രി സ്ഥാനം രാജിവെച്ച സമയമാണിത്-ബോംബെയിലെ വടക്കന്‍ നഗരമണ്ഡലത്തില്‍ നിന്ന് മത്സരിച്ചു. ഒരു പൊതുസ്ഥാനാര്‍ത്ഥിയേയും ഒരു SC സ്ഥാനാര്‍ത്ഥിയേയും തെരഞ്ഞെടുത്ത് അയയ്ക്കാനുള്ള ഒരു ഇരട്ട മണ്ഡലമായിരുന്നു ഇത്. ഇവിടെ സംവരണ മണ്ഡലത്തില്‍ മത്സരിച്ച് നാരയണ്‍ സഡോബ ഖല്‍രോല്‍ക്കര്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് 14374 വോട്ടുകള്‍ക്ക് അംബേദ്ക്കര്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായ എസ്. കെ. ഡാങ്കെ അംബേദ്ക്കര്‍ക്കെതിരെ പ്രചരണം നടത്തി; അംബേദ്ക്കര്‍ വിഭജന രാഷ്ട്രീയത്തിന്റെ വക്താവാണെന്നും അസ്പൃശ്യര്‍ക്ക് വേണ്ടിയും മുസ്ളിങ്ങള്‍ക്ക് വേണ്ടിയും പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവശ്യപ്പെടുക മാത്രമല്ല, ജമ്മുകാശ്മീര്‍ വിഭജിക്കപ്പെടുന്നതില്‍ അനുകൂലിക്കുന്ന ആളാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അംബേദ്ക്കര്‍ക്കെതിരെ ഈ ദുരാരോപണം നടത്തിയ ആദ്യത്തെ ആള്‍ അരുണ്‍ഷൂരി ആയിരുന്നില്ല.
വീണ്ടും 1954 ല്‍ ഭണ്ഡാര (bhandara) നിയോജകമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തന്റെ ഭാഗ്യം ഒന്നുകൂടി പരീക്ഷിച്ചു. എന്നാല്‍ ആരും അറിയപ്പെടാത്ത ഭാവുറോദോര്‍ക്കര്‍ എന്ന കോണ്‍ഗ്രസുകാരനോട് പരാജയപ്പെട്ടു. ഒരു സാധാരണക്കാരന് പോലും ദാദസാഹിബ്ബിനെ തോല്‍പ്പിക്കാന്‍ കഴിയും എന്ന് തെളിയിക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. ഇന്ന് ദളിതുകളും ആദിവാസികളും അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി (സംവരണ സീറ്റുകള്‍) പ്രതിനിധീകരിക്കുന്നുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷാനുകൂല നിലപാടെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യത്തിന് വിധേയരാകുന്ന ദളിതുകളെ മാത്രമെ FPTP (First-Past-The-Post) തെരഞ്ഞെടുക്കപ്പെടാന്‍ അനുവദിക്കുകയുള്ളു. കല്‍ക്കോല്‍ദ്മാര്‍, ബോര്‍ക്കാറുകള്‍ ജഗ്ജീവന്‍ റാമുകള്‍, ബംഗാരു ലക്ഷ്മണന്മാര്‍, സുശീല്‍കുമാര്‍ ഷിന്‍ഡെമാര്‍, മീരാ കുമാര്‍മാര്‍ തുടങ്ങി തങ്ങളുടെ യജമാനന്മാരുടെ ആജ്ഞാനുവര്‍ത്തികളായിരിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അവസരം ലഭിക്കുന്നു.
ഇത്തരത്തില്‍ പൊള്ളയായ ജനാധിപത്യത്തില്‍, ഉദാരബുദ്ധിജീവികള്‍ അംബേദ്ക്കറുടെ സ്റേറ്റും ന്യൂനപക്ഷങ്ങളും (State and Minorities- 1945) തുടങ്ങിയ കൃതികളെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന്റെ ഭരണഘടനാപരമായ നിര്‍ദ്ദേശങ്ങള്‍ മാത്രം സൌകര്യപൂര്‍വ്വം സ്വീകരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. ഈ കൃതി ‘ഇന്ത്യന്‍ ഐക്യനാടുകളുടെ ഭരണഘടന’ (constitution of the united state of india) യ്ക്കുവേണ്ടി അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളാണ്. തനിക്ക് ഭരണഘടനാ നിര്‍വ്വാഹക സമിതിയില്‍ (constitution assembly) അംഗത്വം ലഭിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്ന സമയത്താണ് ഈ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തയ്യാറാക്കിയത്. “പ്രധാന വ്യവസായങ്ങള്‍ സ്റേറ്റിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആയിരിക്കണം….ഇന്‍ഷുറന്‍സ് പൂര്‍ണ്ണമായും സ്റേറ്റിന്റെ കീഴിലായിരിക്കണം…കൃഷി ഒരു സ്റേറ്റ് വ്യവസായമായിരിക്കണം.” തുടങ്ങി സോഷ്യലിസ്റ് സ്വഭാവം പുലര്‍ത്തുന്ന വ്യക്തമായ ഇടതുപക്ഷ സമീപനം ഈ കൃതി പുലര്‍ത്തുന്നു.

മാത്രമല്ല നരേന്ദ്രമോഡിയെ പോലുള്ള ഒരാള്‍ ഉയര്‍ന്നു വരുന്നത് തടയാനും ബോസ്നിയ -ഹെര്‍സെഗെവീന പോലുള്ള യുദ്ധങ്ങളും കാശ്മീര്‍ പ്രശ്നവും ആസ്സാമില്‍ സംഭവിക്കുന്നതുപോലുള്ള ബോഡോ മുസ്ളീം പ്രശ്നങ്ങളും തുടങ്ങി സമകാലീന രാഷ്ട്രീയ സന്നിഗ്ദ്ധതകള്‍ക്ക് രാഷ്ട്രീയ പരിഹാരം തേടുന്നതിന്റെ ഭാഗമായി നാം ഈ ഡോക്യുമെന്റുകള്‍ വീണ്ടും വായിക്കേണ്ടതുണ്ട്.

___________________________________________________________

“നിങ്ങള്‍ ഇന്നത്തെ സാമൂഹ്യഘടനയെ മാറ്റിത്തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, നിങ്ങല്‍ ചെയ്യേണ്ടത് യുക്തിക്കും ധാര്‍മികതയ്ക്കും തെല്ലും വില കല്പിക്കാത്ത വേദങ്ങളും ശാസ്ത്രങ്ങളും ഡൈനമൈറ്റ് വെച്ച് തകര്‍ക്കണം. ശ്രുതികളും സ്മൃതികളും ഉള്‍ക്കൊള്ളുന്ന മതത്തെ നശിപ്പിക്കണം. മറ്റൊന്നും പരിഹാരമാവില്ല.” 1936 ല്‍ അംബേദ്കര്‍ ചോദിച്ച ഈ ചോദ്യവും, ജാതിയെ പുനര്‍വിചിന്തനത്തിന് വിധേയമാക്കി നമ്മള്‍ സ്വയം ചോദിക്കാന്‍ തയ്യാറാണോ എന്നതാണ് പ്രശ്നം. രാമായണത്തെ ഉപേക്ഷിച്ച് ഭീമായനം സ്വീകരിക്കാനുള്ള സമയം ആയിരിക്കുന്നു. ഗാന്ധിജിയുടെ രാമരാജ്യം തള്ളിക്കളഞ്ഞ് ജ്യോതിറാവു ഫൂലെ ആഹ്വാനം ചെയ്ത ബാലിരാജ്യത്തിനുവേണ്ടി പ്രയത്നിക്കേണ്ടിയിരിക്കുന്നു. ചതിയന്മാരായ ഗുരുക്കന്മേരേയും അവരുടെ പ്രവര്‍ത്തികളെയും ഓര്‍മ്മപ്പെടുത്തുന്ന ദ്രോണാചാര്യ, അര്‍ജ്ജുന തുടങ്ങിയ അവാര്‍ഡുകള്‍ വലിച്ചെറിയേണ്ടിരിക്കുന്നു. ഭീം രാജ്യത്തെ വരവേല്‍ക്കാനായി നാം പ്രവര്‍ത്തിക്കുമ്പോള്‍ ഏകലവ്യനേയും ശൂര്‍പ്പണഖയേയും കര്‍ണ്ണനേയും ശംബ്ദകനേയും തിരിച്ചുവിളിക്കാന്‍ നമുക്ക് കഴിയണം.

_______________________________________________________________

തന്റെ ജനാധിപത്യ ആശയങ്ങളുടെ കേന്ദ്രസ്ഥാനമായി അംബേദ്ക്കര്‍ താല്പര്യപൂര്‍വ്വം കരുതിയിരുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണമായിരുന്നു. കാരണം ഇന്ത്യന്‍ സമൂഹം ന്യൂനപക്ഷ സമുദായങ്ങളുടെ ഒരു സമുച്ചയമായി അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിരുന്നു. സാമുദായിക ഭൂരിപക്ഷം രാഷ്ട്രീയ ഭൂരിപക്ഷമായി അവകാശം സ്ഥാപിക്കപ്പെടാതിരിക്കാനുള്ള ഒരു ഫോര്‍മുല അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ജനസംഖ്യയില്‍ 54 ശതമാനം വരുന്ന ഹിന്ദുക്കള്‍ക്ക് കേന്ദ്ര അസംബ്ളിയില്‍ 40% പ്രതിനിധികളും; 28.5% വരുന്ന മുസ്ളീങ്ങള്‍ക്ക് 32 ശതമാനവും; 14% വരുന്ന പട്ടികജാതിക്കാര്‍ക്ക് 20 ശതമാനവും; 1.6% ക്രിസ്ത്യാനികള്‍ക്ക് 3 ശതമാനവും എന്നിങ്ങനെ. ബോംബെ നഗരത്തില്‍ 76.42% വരുന്ന ഹിന്ദുക്കള്‍ക്ക് 40% പ്രതിനിധികളും, 9.98% മുസ്ളീങ്ങള്‍ക്ക് 28% പ്രതിനിധികളും 9.64% പട്ടിക ജാതിക്കാര്‍ക്ക് 28% പ്രതിനിധികളും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ജനസംഖ്യയ്ക്ക് തീര്‍ച്ചയായും ആനുപാതികമല്ലാത്ത പ്രതിനിധാനം ഉണ്ടായിരിക്കും. എന്നാല്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം 40% മാത്രമായി നിലനിര്‍ത്തും. “ഭൂരിപക്ഷ ഭരണം സൈദ്ധാന്തികമായി സാധൂകരിക്കാന്‍ കഴിയാത്തതും പ്രായോഗികമായി നീതിയുക്തമല്ലെന്നുമുള്ള” വാദത്തെയാണ് ഇത് അടിവരയിടുന്നത്. ഇന്ത്യാ വിഭജനത്തെ തീര്‍ച്ചയായും തടയുകയും ഹിന്ദുഭൂരിപക്ഷം മുസ്ളീങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കുമെന്നുമുള്ള ജിന്നയുടെ ന്യായമായ ഭീതിയെ ഇല്ലാതാക്കാനും ഈ നിര്‍ദ്ദേശത്തിനു കഴിയുമായിരുന്നു. “ഒരു ഭൂരിപക്ഷ സമുദായത്തിന് താരതമ്യേന ഒരു ഭൂരിപക്ഷ പ്രതിനിധാനം അവകാശപ്പെടാം. എന്നാല്‍ ഒരിക്കലും കേവല ഭൂരിപക്ഷം അവകാശപ്പെടാന്‍ കഴിയുകയില്ല.” വളര്‍ന്നു വലുതാകുന്ന ഹിന്ദുത്വം നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തില്‍ FPTP (First Past the Post) രീതി ഉപയോഗിച്ച് കടന്നു കയറുമെന്ന് അംബേദ്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
ഇന്ന് ഗുജറാത്തില്‍ ജനസംഖ്യയില്‍ 9% വരുന്ന മുസ്ളീങ്ങള്‍ക്ക് 2.7% പ്രതിനിധികളാണുള്ളത്. സാമുദായിക ഭുരിപക്ഷമുള്ള ഹിന്ദുക്കള്‍ രാഷ്ട്രീയ ഭൂരിപക്ഷം നേടിയിരിക്കുന്നു എന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് അംബേദ്കര്‍ പുലര്‍ത്തിയ ആശങ്കയെ സാധൂകരിക്കുന്നതാണ്. ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യം ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു പരിരക്ഷയും നല്‍കുന്നില്ല; അംബേദ്ക്കറുടെ ഭാഷയില്‍ പറഞ്ഞാല്‍ “ഈ പൈശാചിക ഭൂരിപക്ഷ സമുദായഭരണത്തെ ഒരിക്കലും ജനാധിപത്യം എന്ന് വിശേഷിപ്പിക്കാനാവില്ല.”

നമ്മുടെ സമൂഹത്തിന്റെ ഘടന എന്താണെന്ന് പുനഃപരിശോധിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ ആത്മാര്‍ത്ഥമായും നൈതികമായും അംബേദ്കറെ കണ്ടെത്തുന്നത്. “നിങ്ങള്‍ ഇന്നത്തെ സാമൂഹ്യഘടനയെ മാറ്റിത്തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, നിങ്ങല്‍ ചെയ്യേണ്ടത് യുക്തിക്കും ധാര്‍മികതയ്ക്കും തെല്ലും വില കല്പിക്കാത്ത വേദങ്ങളും ശാസ്ത്രങ്ങളും ഡൈനമൈറ്റ് വെച്ച് തകര്‍ക്കണം. ശ്രുതികളും സ്മൃതികളും ഉള്‍ക്കൊള്ളുന്ന മതത്തെ നശിപ്പിക്കണം. മറ്റൊന്നും പരിഹാരമാവില്ല.” 1936 ല്‍ അംബേദ്കര്‍ ചോദിച്ച ഈ ചോദ്യവും, ജാതിയെ പുനര്‍വിചിന്തനത്തിന് വിധേയമാക്കി നമ്മള്‍ സ്വയം ചോദിക്കാന്‍ തയ്യാറാണോ എന്നതാണ് പ്രശ്നം.
രാമായണത്തെ ഉപേക്ഷിച്ച് ഭീമായനം സ്വീകരിക്കാനുള്ള സമയം ആയിരിക്കുന്നു. ഗാന്ധിജിയുടെ രാമരാജ്യം തള്ളിക്കളഞ്ഞ് ജ്യോതിറാവു ഫൂലെ ആഹ്വാനം ചെയ്ത ബാലിരാജ്യത്തിനുവേണ്ടി പ്രയത്നിക്കേണ്ടിയിരിക്കുന്നു.

ചതിയന്മാരായ ഗുരുക്കന്മേരേയും അവരുടെ പ്രവര്‍ത്തികളെയും ഓര്‍മ്മപ്പെടുത്തുന്ന ദ്രോണാചാര്യ, അര്‍ജ്ജുന തുടങ്ങിയ അവാര്‍ഡുകള്‍ വലിച്ചെറിയേണ്ടിരിക്കുന്നു. ഭീം രാജ്യത്തെ വരവേല്‍ക്കാനായി നാം പ്രവര്‍ത്തിക്കുമ്പോള്‍ ഏകലവ്യനേയും ശൂര്‍പ്പണഖയേയും കര്‍ണ്ണനേയും ശംബ്ദകനേയും തിരിച്ചുവിളിക്കാന്‍ നമുക്ക് കഴിയണം. ഇന്ത്യയില്‍ ഒരു സാമൂഹ്യ വിപ്ളവം സാധ്യമല്ലെന്ന് അംബേദ്കര്‍ കരുതിയിരുന്നു. നമ്മുടെ പ്രവര്‍ത്തിയിലൂടെ ഈ നിഗമനം തെറ്റാണെന്ന് നാം തെളിയിക്കേണ്ടിയിരിക്കുന്നു.

വിവ: ജെ. എം. ജയചന്ദ്രന്‍

(എസ്. ആനന്ദ് പ്രസിദ്ധ ദളിത് ആക്റ്റിവിസ്റും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘നവയാന’ പബ്ളിക്കേഷന്റെ സ്ഥാപകനുമാണ്. വിവര്‍ത്തനം നിര്‍വ്വഹിച്ച ജെ. എം. ജയചന്ദ്രന്‍ ബാംഗ്ളൂരിലെ പ്രമുഖ പരസ്യ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നു.)

കടപ്പാട്: ഔട്ട്‌ ലുക്ക്‌ മാഗസിന്‍ 

Top