അംബേദ്‌കറെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ നീക്കം ചെയ്യുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
ബാബാസാഹിബ് അംബേദ്‌കറെ അപഹസിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ എന്‍ സി ഇ ആര്‍ റ്റി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ നടപടി ഒരു കൈപ്പിഴയായിട്ടല്ല മറിച്ച് വളരെ ബോധപൂര്‍വമായ ഒരു നീക്കമായിട്ടു തന്നെയേ കാണുവാന്‍ കഴിയൂ എന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന തലമുറയില്‍ ബാബാസാഹിബിനോട് ബഹുമാനം ഇല്ലാതാക്കുക എന്ന നിഗൂഡ ലക്‌ഷ്യം തന്നെയാണ് ഇതിന്‍റെ പിന്നിലെന്ന് വ്യക്തമാണ്. എന്‍ സി ഇ ആര്‍ റ്റിയുടെ 11-) ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ 18-) പേജിലുള്ള കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്ന് ഇതിനകംതന്നെ ആവശ്യമുയര്‍ന്നിട്ടും അത് പിന്‍വലിക്കാന്‍ തയ്യാറാകാത്ത ഭരണകൂട നിസംഗത വാസ്തവത്തില്‍ അതിന്‍റെ ബ്രാഹ്മണ്യ മുഖം മൂടിയെ തുറന്നു കാട്ടുന്നതാണ്. ഈ നിസംഗതയാകട്ടെ ഇന്ത്യയില്‍ പലയിടങ്ങളിലും ബാബാസാഹിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെടുമ്പോള്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ഭരണകൂടം പുലര്‍ത്തുന്ന നിലപാടിന്‍റെ തുടര്‍ച്ചയുമാണ്. മോഹന്‍ദാസ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ വിമര്‍ശിച്ചു എഴുതപ്പെടുന്ന പുസ്തകങ്ങള്‍ വരെ നിരോധിക്കപ്പെടുന്ന നാട്ടില്‍ അംബേദ്‌കര്‍ ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നതിന്‍റെ കാരണം ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ, ഭരണവര്‍ഗങ്ങളുടെ, ലോകവീക്ഷണത്തില്‍, മൂല്യബോധത്തില്‍ ബ്രാഹ്മണ്യം ഉള്‍ക്കാമ്പായി വര്‍ത്തിക്കുന്നു എന്നത് തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളെപ്പോലെതന്നെ വംശീയമായി , ജാതീയമായി, വര്‍ഗീയമായി, ലിംഗപരമായി, ദേശീയമായി വിഭജിച്ചു ഭരിക്കാനുള്ള ആക്കവും ഊക്കും ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ഇത് നല്‍കുന്നു. അതിനാല്‍ തന്നെ ബ്രാഹ്മണ്യത്തെ തച്ചുതകര്‍ക്കാനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഈ സാഹചര്യത്തില്‍ ബാബാ സാഹിബ് അംബേദ്‌കറെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ നിന്നും ഉടനടി പിന്‍വലിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.
ഈ സാഹചര്യത്തില്‍ ബാബാ സാഹിബ് അംബേദ്‌കറെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ നിന്നും ഉടനടി പിന്‍വലിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.