ബോബ് മാർലിയുടെ രാഷ്ട്രീയ വിരുദ്ധതയും സാർവലൗകികമായ കഷ്ടാനുഭവങ്ങളും
ബെര്‍ലിന്‍ മതിലും ഉരുക്കു കര്‍ട്ടനും തകര്‍ന്നു വീഴുന്നതിന് മുന്‍പ്, മാര്‍ലിയുടെ സംഗീതം പൂർവയൂറോപ്പിലേക്ക് ഒളിച്ചുകടത്തപ്പെട്ടിരുന്നു. ആഫ്രിക്കയിലും പസഫിക്കിലും ലാറ്റിനമേരിക്കയിലും എല്ലാത്തരം ഭരണവ്യവസ്ഥകള്‍ക്കുള്ളിലും അതു സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള തൃഷ്ണയുമായി കെട്ടുപിണഞ്ഞു. വിനൈലിലും ടേപ്പിലും പകര്‍ത്തപ്പെട്ട് ആ റിബല്‍ സംഗീതം അതിന്റെ മൂല്യശ്രോതസ്സുകളില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ചു പുതിയ മണ്ഡലങ്ങള്‍, വിശേഷിച്ചും ആദിമനിവാസികള്‍ക്കും കോളനീകരിക്കപ്പെട്ട ജനങ്ങള്‍ക്കുമിടയിൽ ഇടം കണ്ടെത്തി.
അദ്ദേഹത്തിന്റെ ചെറുപ്പമായിരിക്കെയുള്ള മരണം നടന്ന് രണ്ടു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നും ബോബ് മാര്‍ലിയുടെ അനേകം റെക്കോര്‍ഡുകള്‍ ലോകമെമ്പാടും വിറ്റഴിക്കപ്പെടുന്നുണ്ട്. അനശ്വരനായ ഭൗതികാതീത സാന്നിധ്യമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഭൂഗോളത്തിലെവിടെയും അദ്ദേഹത്തിന്റെ ഗൗരവമുള്ള, വേദനിക്കുന്ന, ചിരന്തനമായ യുവത്വം തുളുമ്പുന്ന മുഖഭാവം ടീ-ഷര്‍ട്ടുകള്‍, തൊപ്പികള്‍, ബാഡ്ജുകള്‍, ഭിത്തികള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പുറത്തേക്കു നോക്കുന്നുണ്ട്.
ഡിജിറ്റലായി റീമാസ്റ്റർ ചെയ്ത അദ്ദേഹത്തിന്റെ ശബ്ദം അധികാരത്തോടും ചൂഷണത്തോടും നിര്‍വികാരതയോടും വിപ്ലവകാരിയായിത്തീരുന്ന പ്രക്രിയയില്‍, ഒരു നിഷേധിയുടെ മുഴുവന്‍ ധിക്കാരവും നിറഞ്ഞ ശൈലിയിലും സങ്കീര്‍ണമായ വാചാടോപത്തോടു കൂടിയും മറുപടി പറഞ്ഞുകൊണ്ടേയിരിക്കുന്നു. ആ മാറ്റമില്ലാത്ത മുഖം ഇന്നു നീതിക്കും സമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സാർവദേശീയമായ പോരാട്ടത്തിന്റെ ഒരു ബിംബമായി, മൂര്‍ത്തീരൂപമായി മാറിയിട്ടുണ്ട്.
മാര്‍ലിയുടെ സമരോത്സുകമായ താരപദവി ധാരാളം സാധ്യതകളുള്ള ഒരു മിശ്രിതമാണ്. തള്ളിപ്പറയുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എല്ലായിടത്തും അനുരണനങ്ങളുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കല നേരിട്ട പ്രശ്നങ്ങളെ വിലയിരുത്താൻ കഴിയണമെങ്കിൽ, അദ്ദേഹത്തിന് വലിയൊരളവുവരെ, മരണാനന്തരമുണ്ടായ വിജയം തന്നെ ചരിത്രം, രാഷ്ട്രീയം, സാംസ്കാരിക വ്യാഖ്യാനം എന്നിവയ്ക്കു മുന്‍പില്‍ വലിയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്ന വസ്തുതയെ അഭിമുഖീകരിക്കുവാന്‍ തയ്യാറാവേണ്ടതുണ്ട്. ഇതൊരു പ്രത്യേക വിഷയമായി പരിഗണിക്കപ്പെടാറില്ലെങ്കിലും, അദ്ദേഹത്തിന്റെ വെര്‍ച്വല്‍ ഇമേജിന്റെ സാർവത്രികതയും രൂപാന്തര സാധ്യതകളും ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ എങ്ങനെ അടിസ്ഥാനപരമായ നൈതികവും രാഷ്ട്രീയവുമായ ഉള്‍ക്കാഴ്ചകളെ അനേക തരത്തിലുള്ള ഭാഷകളിലേക്കും പാരമ്പര്യങ്ങളിലേക്കും സവിശേഷ ശൈലികളിലേക്കും പരിഭാഷപ്പെടുത്തുക സാധ്യമായി എന്നു കാട്ടിത്തരുന്നുണ്ട്. വാണിജ്യം, ആശയവിനിമയം, സംസ്കാരം, രാഷ്ട്രീയം എന്നിവയ്ക്കിടയിലുള്ള ബന്ധത്തെ സംബന്ധിച്ച പതിവു സമീപനങ്ങള്‍ ഈ ആഗോള സംഭവത്തിന്റെ സങ്കീര്‍ണ സ്വഭാവത്തെ അവഗണിക്കുകയോ അംഗീകരിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നു.
ബാബിലോണ്‍ സംവിധാനത്തിന്റെ വിനാശകരവും രക്തക്കൊതി പൂണ്ടതുമായ ശക്തികളോട് തുറന്ന് ഏറ്റുമുട്ടിക്കൊണ്ട് അദ്ദേഹം താഴെ നിന്ന് ആവിഷ്കരിച്ച സാര്‍വജനീയമായ ഉത്കണ്ഠകളെക്കുറിച്ച് ആരും ഉരിയാടുന്നില്ല. മാര്‍ലിയുടെ പ്രത്യക്ഷപ്പെടല്‍ അധികാരത്തേയും ഐക്യദാര്‍ഢ്യത്തേയും കുറിച്ചുള്ള നമ്മുടെ ഉള്‍ക്കാഴ്ചകളെ അദ്ദേഹത്തിന്റെ നാടോടി ജീവിതത്തിന്റെ വെളിച്ചത്തില്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്നു. സംഗീതത്തിന്റെ മേഖലയിലെ ആ മഹത്തായ നേട്ടവും, ഇന്നതിനു ലഭിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ വിശദവും ഗൗരവമുള്ളതുമായ പഠനം അര്‍ഹിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.
ഇന്നും തുടരുന്ന മാര്‍ലിയുടെ ലോകവ്യാപകമായ സ്വാധീനം സദാചാരപരവും ആത്മീയവും രാഷ്ട്രീയവും വാണിജ്യപരവുമായ ഊര്‍ജങ്ങളുടെ ഒരു സവിശേഷ ചേരുവയെയാണ് തുറന്നുവെക്കുന്നത്. ചെഗുവേരയുടെ ബിംബവൽക്കരിക്കപ്പെട്ട പ്രതിപക്ഷ സ്വരൂപം അനുഷ്ഠിക്കുന്ന സമാനമായ ലോകവ്യാപകമായ സാംസ്കാരിക പ്രവര്‍ത്തനത്തിനും, ജിമ്മി ഹെന്‍ഡ്രിക്കസിന്റെ ഇതിനോടു താരതമ്യം ചെയ്യാവുന്ന അനശ്വരത അദ്ദേഹത്തിന്റെ സംഗീതത്തിനു പുതിയ ശ്രോതാക്കളെയും അത്ഭുതകരമായ ആഗോളവ്യാപ്തി നൽകിയതിനും ഉപരിയായി, മാര്‍ലിയുടെ മരണാനന്തര ജീവിതം കടന്നുവരുന്നത് ഉത്തരാധുനിക ഉപഭോഗ സംസ്കാരത്തിലൂടെയാണ്. അതിന്റെ സാങ്കേതികവിദ്യാ ശ്രോതസ്സുകള്‍ പ്രകൃതിയുടെ നിയന്ത്രണങ്ങളെ മറികടന്നുകൊണ്ട് അദ്ദേഹത്തിന്റെ രൂപത്തിനു നല്‍കിയ വെര്‍ച്വല്‍ മരണാനന്തര ജീവിതത്തില്‍ ജനപ്രിയതയും വിൽപനയും ഇനിയും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കാം. മാര്‍ലിയുടെ ഇമേജ് അയാളെ ഭയപ്പെടുത്തുന്നതോ ഭീഷണിയുളവാക്കുന്നതോ ആയ രൂപമാക്കിമാറ്റാന്‍ ഇടയുള്ള അതിന്റെ ജുഗുപ്സയുളവാക്കുന്ന രാഷ്ട്രീയ അവശിഷ്ടങ്ങളില്‍ നിന്നും ശുദ്ധീകരിച്ചെടുത്തതോടെ ഇവ കൂടുതല്‍ വേഗത്തില്‍ വളരുന്നുതായി തോന്നുന്നു. ഈ തന്ത്രത്തിന്റെ ഫലം വെളിവായത് 1999ല്‍ ടൈം മാഗസിന്‍ ‘എക്സാഡസ്’ എന്ന ആല്‍ബത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പോപ്പ് റെക്കോര്‍ഡിങായി തെരഞ്ഞെടുത്തപ്പോഴാണ്. പ്രാകൃതത്വത്തിന്റെ പകിട്ട് ബോബിന്റെ ഇമേജിനെ പുനരുജ്ജീവിപ്പിക്കുന്നതിനും അയാളുടെ സംഗീതത്തിന്റെ വശീകരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കപ്പെട്ടു. ഉത്തരാധുനികതയുടെ മായാജാലത്തിന് അദ്ദേഹത്തിന്റെ സദാചാരപരവും രാഷ്ട്രീയവുമായ നീക്കിയിരുപ്പിനെ കൂടുതല്‍ ശുദ്ധീകരിക്കുകയും ലളിതവൽക്കരിക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. കലാപകാരിയുടെ ആധികാരികതയുടെ പ്രഭാവലയം നിര്‍മിച്ചെടുക്കപ്പെട്ടു, അദ്ദേഹത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയ താൽപര്യങ്ങളേയോ, വിട്ടുവീഴ്ചയില്ലാത്ത കലാപകാരിയെന്ന പദവിയേയോ സ്ഥാപിച്ചെടുക്കുന്നതിനായല്ല, പകരം അദ്ദേഹത്തിന്റെ പിടിച്ചിരുത്തുന്ന സംഗീതത്തെ ശ്രദ്ധാപൂര്‍വ്വം അളന്നുമുറിച്ച് ആവര്‍ത്തനത്തിന്റെ ഒരു അവസ്ഥയുണ്ടാക്കി, അതിനെ രുചിയില്ലാത്തതും കച്ചവടസാധ്യതയുള്ളതും ആകര്‍ഷകവുമാക്കി മാറ്റുന്നതിന്, ആ സംഗീതത്തെ ഷോപ്പിംഗും മയക്കുമരുന്നിന്റെ ലഹരിയില്‍ മുഴുകലും പോലെയുള്ള പരമബോറന്‍ അന്തസ്സാരശൂന്യമായ പരിപാടികള്‍ക്കു പശ്ചാത്തലമാക്കിക്കൊണ്ട് ആവേശം കൊള്ളിക്കുന്ന വംശീയത ഉയര്‍ത്തുകയും നിയന്ത്രണാധീതമാക്കുകയും ചെയ്തു. വംശീയത നിര്‍മിക്കുന്ന വ്യത്യാസം മാര്‍ലിയുടെ ഓര്‍മയും അദ്ദേഹത്തിന്റെ ‘പരിധികടന്നെത്തിയ’ ശ്രോതാക്കളും തമ്മിലുള്ള വിടവിനെ വലുതാക്കുകയും, അതില്‍ നിന്നുണ്ടാവുന്ന അനുഭവപരമായ വിടവിനെ നിയന്ത്രിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സൃഷ്ടികളെയും ഉപഭോഗിക്കുന്നതിനുള്ള ആനന്ദം അദ്ദേഹത്തിന്റെ കലാപകാരിയായ കറുത്ത സ്വത്വത്തില്‍ പുറമേ നിന്ന് ഇടംപിടിക്കുന്നതിലുള്ള ആവേശത്താല്‍ എങ്ങനെയോ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
സാംസ്കാരികമായ ഉദ്ദീപനത്തിന്റെ മായക്കാഴ്ചകളെ സാധ്യമാക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ ശക്തിയുടെ ഒരു പ്രധാനപ്പെട്ട ഓര്‍മപ്പെടുത്തല്‍ എന്നതിനപ്പുറം പലതും അടങ്ങിയതാണ് മാര്‍ലിയുടെ ആഗോള ജനപ്രിയ സംസ്കാരത്തിലുള്ള കനത്ത സാന്നിധ്യം. അദ്ദേഹത്തിന്റെ ഔന്നിത്യത്തെ മനസ്സിലാക്കണമെങ്കില്‍, ആ താരപദവിയുടെ ചട്ടക്കൂട് നിര്‍മ്മിച്ച സംസ്കാരം, രാഷ്ട്രീയം, സാങ്കേതികവിദ്യ എന്നിവയിലെ ചരിത്രസന്ധിയെ ഉള്‍ക്കൊള്ളാന്‍ കഴിയണം. എന്നാലത് അദ്ദേഹത്തിന്റെ ജനപ്രീതിക്ക് തൃപ്തികരമായ വിശദീകരണമാകണമെന്നില്ല. ലോകമെമ്പാടും അദ്ദേഹത്തിനുള്ള സ്വീകാര്യതയെ കേവലം വീഡിയോ അടിസ്ഥാനപ്പെടുത്തിയുള്ള സമര്‍ഥമായ പുനരുത്ഥാനമോ, അദ്ദേഹത്തിന്റെ അതിനായക വ്യക്തിത്വത്തിന്റെ സ്ഥാപനമോ വഴി, അദ്ദേഹത്തിന്റെ കലാപോന്മുഖമായ എത്യോപ്യനിസത്തെ പതിവു പോപ്പ് കുപ്രശസ്തികൊണ്ട് പകരംവയ്ക്കാനുള്ള ശ്രമമായി ചുരുക്കിക്കാണാനാവില്ല.
അദ്ദേഹത്തിന്റെ പരിധിയില്ലാത്ത സ്വാധീനത്തില്‍, വ്യത്യസ്തമായ അപരത്വത്തെ വരുതിയിലാക്കുവാനോ കുത്തഴിഞ്ഞ മൂന്നാം ലോക കോര്‍പ്പറേറ്റ് ബഹുസംസ്കാരവാദത്തിന്റെ വശീകരണത്തില്‍ പെടുത്തുവാനുള്ള ശ്രമത്തിനോ അപ്പുറമുള്ള ഒരു വസ്തുതയുണ്ട്. ഇന്ന് www.BobMarley.comല്‍ നിന്നും ലഭ്യമായ റെക്കോര്‍ഡുകള്‍, ടേപ്പുകള്‍, സി.ഡികള്‍, വീഡിയോകള്‍ തുടങ്ങിയ വാണിജ്യവസ്തുക്കളുടെ വിൽപന എന്ന ആഗോള കച്ചവടത്തിലെ ശക്തമായ ഒരു വിപണനതന്ത്രം എന്ന നിലയ്ക്കുള്ള വിചിത്രമായ വ്യത്യാസത്തിന്റെ കെട്ടുകാഴ്ചയായുള്ള അവതരണത്തെ തള്ളിക്കളയുമ്പോള്‍ തന്നെ, വളരെ പ്രധാനമായ കഴമ്പുള്ള മറ്റൊന്നു കൂടി പരിഗണിക്കേണ്ടതുണ്ട്. ഈ മിച്ചം നമ്മുടെ ശ്രദ്ധയെ മാര്‍ലിയുടെ ഉട്ടോപ്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഘടനാപരമായ പുതുമകളെക്കുറിച്ചുള്ള വിശകലനത്തിന്, അദ്ദേഹത്തിന്റെ ജനപ്രിയതയുടെ പ്രാധാന്യത്തെക്കുറിച്ചും, സാംസ്കാരിക ഉൽപന്നങ്ങളുടെ ആഗോള വിപണിയുടെ ഘടനയില്‍ ഒരു വിപ്ലവം നടന്ന ഇടം എന്ന നിലയ്ക്കുള്ള അതിന്റെ പങ്കിനെക്കുറിച്ചുമുഉള്ള വിശകലനങ്ങള്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു.
ആ സംഗീതത്തിന് അദ്ദേഹത്തിന്റെ മരണാനന്തരം ജനപ്രിയത കൂടിവന്നപ്പോള്‍ മാര്‍ലിയുടെ വിമതത്വത്തിന്റെ ശക്തി അദ്ദേഹത്തിന്റെ ഏതാണ്ടു ദിവ്യപരിവേഷമാര്‍ന്ന താരപദവിയുമായി കൂടിക്കലര്‍ന്ന മിത്തുകളുടെ കച്ചവടപരമായ ഊര്‍ജവുമായി പൊരുത്തപ്പെടാതെ നിന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ബോബിനെ റിബലുകളുടേയും എതിര്‍വാദക്കാരുടേയും ആഗോള രക്ഷകനായി മാറ്റിയ അതേ ഭൂതാത്മക പ്രതിരൂപം, മൂന്നാം ലോക ആകര്‍ഷണീയതയുടെ പ്രഭാവമെന്ന അതിന്റെ ധര്‍മത്തെ അതിവര്‍ത്തിച്ചു. ലളിതമായ ആവശ്യങ്ങളുള്ള, ഒരു ജമൈക്കന്‍ റാസ്തമാന്റെ എളിയതും ഏതാണ്ട് മുന്‍പുകാലത്തു ശ്രമിച്ച, അദ്ദേഹത്തിന്റെ പേരില്‍ അതുമായി ബന്ധമൊന്നുമില്ലാത്ത അനേകം ഉപഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനെ കലാപമെന്നു കരുതാനാവില്ല. ആ ഘട്ടത്തില്‍ മാര്‍ലി ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും ഒരു ചിഹ്നവും മുദ്രയും ആയിത്തീര്‍ന്നിരുന്നു. എന്നാല്‍ അതേസമയംതന്നെ അദ്ദേഹത്തിന്റെ വിശുദ്ധമായ സാന്നിധ്യം ഏതുതരം ചാപ്പകുത്തലിനേയും ചെറുക്കുന്ന ഒരു സ്വഭാവമുള്ളതായിരുന്നു. അത് സര്‍വസാധാരണവും തുറന്ന എതിര്‍പ്പു രേഖപ്പെടുത്തുന്നതുമായ ശ്രോതസ്സുകളില്‍നിന്ന് ആര്‍ജിച്ച ഒരു നൈതികാധികാരമായിരുന്നു. ഈ അമൂല്യഗുണമാണു വ്യത്യസ്തമായ ഒരു ഭാവിയിലേക്ക് പ്രത്യാശയുടെ വിഭവങ്ങളെ പ്രസരിപ്പിക്കുവാന്‍ അതിനെ സഹായിക്കുന്നത്. അല്ലാതെ അദ്ദേഹം ‘മൂഷിക മത്സരം’ എന്നു വിളിച്ച് തള്ളിക്കളഞ്ഞ അന്തമില്ലാത്ത ഉപഭോഗപരതയും അന്യവൽകൃതമായ സാമൂഹ്യബന്ധങ്ങളും അല്ല! അദ്ദേഹത്തിന്റെ സംഗീതവും അതിന്റെ വിപ്ലവകരമായ ഉത്തരകൊളോണിയല്‍ വിരുദ്ധ വിഭാവനകളും വിളിച്ചുണര്‍ത്തുന്ന ഈ ഉട്ടോപ്യയെ നമുക്ക് അന്വേഷിക്കേണ്ടതുണ്ട്. ആ സ്വപ്നലോകം ഒരു വംശീയ നിരോധനത്തിന്റെ ആവരണത്തിൽ പൊതിഞ്ഞോ, വംശീയ ‘ആരോഗ്യ മുന്നറിയിപ്പ്’ പതിച്ചോ പരിമിതപ്പെടുത്തി, അപരത്വവുമായുള്ള അഭിമുഖീകരണങ്ങളെയെല്ലാം സ്വന്തം ഏകാത്മകസ്വത്വത്തിന്റെ സദ്ഗതിക്ക് അപകടകരമായി കാണുന്ന ഒന്നല്ല. സംഗീതത്തിലും സംഗീതോപകരണങ്ങളിലുമുള്ള വൈദഗ്ധ്യം പഠനത്തിലൂടെയും നിരന്തര പരിശീലനത്തിലൂടെയും നേടിയാലല്ലാതെ അവയില്‍ വിശ്വാസ്യമാം വിധത്തില്‍ ആവിഷ്കാരം സാധ്യമല്ല. അതോര്‍ത്താല്‍ അവയെ ആധികാരികവും സമ്പൂര്‍ണവുമായ സവിശേഷതയുടെ അടയാളങ്ങളായി പരിവര്‍ത്തനപ്പെടുത്തുന്നതിനെ നിയന്ത്രിക്കാം.
ഒരുപക്ഷേ, ബോബ് മാര്‍ലിയുടെ ആഗോളവിജയത്തിന്റെ ചെളിപുരണ്ടതെങ്കിലും, അതിശക്തമായ പ്രതിബിംബത്തില്‍ നിന്ന് നമുക്കു വിലകെട്ട, മുന്‍കൂറായുള്ള ഏതെങ്കിലും സമാനതയ്ക്കു പകരം, നിശ്ചയദാര്‍ഢ്യം, ചായ്‌വ്, മനോനില, താൽപര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബദല്‍, ഉത്തരവംശീയ സ്വത്വത്തിന്റെ കരുത്ത് തിരിച്ചറിയാൻ ഉപകരിക്കും. ബോബിന്റെ വരികള്‍ തൊലിയുടെ നിറം കണ്ണിന്റെ നിറംപോലെ അപ്രധാനമാക്കുകയെന്ന ലക്ഷ്യത്തെക്കുറിച്ചു മാത്രമല്ല ഓര്‍മിപ്പിക്കുന്നത്. അവ നിങ്ങള്‍ ചെയ്യുന്നതാണ്. പ്രതീതികള്‍ക്കപ്പുറം നിങ്ങളുടെ ഭാഗധേയത്തെ നിർണയിക്കുന്നത് എന്നു മനസ്സിലാക്കുന്നതിലൂടെ ഉളവാകുന്ന അസ്തിത്വപരമായ ഉത്തരവാദിത്തത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നവരെ ശാസിക്കുന്നുണ്ട്. പ്രാദേശികതയെ കവിഞ്ഞുനില്‍ക്കുന്ന ആ വിമതശബ്ദത്തിന്റെ ശക്തി ഈ ആയാസകരമായ സാധ്യതകളിലൂടെ ബന്ധുതയെക്കുറിച്ചുള്ള തെരഞ്ഞെടുക്കപ്പെട്ട, തിരിച്ചറിയാവുന്ന ഒരു രാഷ്ട്രീയ ആശയത്തെ ആഘോഷിച്ചു തുടങ്ങുന്നു. വിശേഷിച്ചും ഭൂമിയോ രക്തമോ പങ്കിടുന്നതിലൂടെയുള്ള സ്വാഭാവികമായ ഐക്യത്തെക്കുറിച്ചുള്ള കുഴപ്പംപിടിച്ച ധാരണകളുമായി അകലം പാലിക്കുന്നതിനാല്‍, അമൂല്യമായ ഒന്നിനെ ഓര്‍മയും സര്‍ഗ്ഗാത്മകതയും തമ്മിലുള്ള സന്തുലനം പുനഃക്രമീകരിക്കപ്പെടുകയാല്‍, ഉപഭോഗ സംസ്കാരത്തിന് അദ്ദേഹത്തിന്റെ ആത്മാവിനു മേലുള്ള നിയന്ത്രണം നഷ്ടമാവുമ്പോള്‍ മാര്‍ലിയുടെ അർഥം മാറിത്തുടങ്ങുന്നു. അദ്ദേഹം കേവലം ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലെ മനുഷ്യാവകാശ ആശയങ്ങളെ ആഗോളീകരിക്കുകയും ജനകീയമാക്കുകയും ചെയ്തുകൊണ്ട് ചിതറിയ മനുഷ്യസര്‍ക്കാരുകളെ സ്തംഭിപ്പിക്കുമാറ് വൈകാരികമായ ഒരു തിരതള്ളലില്‍ ഒന്നിപ്പിക്കാന്‍ ശേഷികാട്ടിയ സാർവലൗകികതയുടെ അടയാളം മാത്രമായിരുന്നില്ല എന്ന വസ്തുത നാം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഇടപെടലുകള്‍ യാഥാർഥത്തില്‍ പുതിയ ഒരു ഐക്യനിര നിര്‍മിക്കാൻ സഹായിക്കുന്നതായും നാം കാണുന്നുണ്ട്.
അദ്ദേഹത്തിന്റെ സംഭാവനയുടെ ഈ വശം 1981ല്‍ കാന്‍സര്‍ മൂലം അദ്ദേഹം മരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വെയിലേഴ്സിന്റെ പ്രസിദ്ധമായ ‘Get up stand up’ എന്ന പാട്ട് (മാര്‍ലിയും അദ്ദേഹത്തിന്റെ ഗായകസംഘാംഗമായിരുന്ന പീറ്റര്‍ തോപ്പും ചേര്‍ന്ന് എഴുതിയത്) ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലടങ്ങിയ പദ്ധതിയെ പിന്തുണച്ചുകൊണ്ട് നടത്തിയ ലോകയാത്രയുടെ അടയാള ഗാനമായി സ്വീകരിച്ചതിലൂടെ അംഗീകരിക്കപ്പെടുകയുണ്ടായി.
ആ നീക്കം മാര്‍ലിക്ക് മാന്യത നല്‍കുകയും അദ്ദേഹം മരിക്കുന്നതിനും വളരെ മുൻപു തന്നെ സ്വഭാവികമായി ഉയര്‍ന്നുവന്ന സംസ്കാരങ്ങള്‍ക്കിടയിലും അവയ്ക്കുപരിയായും ഉള്ള സംഭവവികാസങ്ങളുടെ പ്രാധാന്യം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നാടോടി ജീവിതത്തിലും സംഗീതത്തിനും വാക്കുകള്‍ക്കും മേലുള്ള അദ്ദേഹത്തിന്റെ സവിശേഷ അവഗാഹത്തിലും, വികസിതവും അവികസിതവുമായ നാടുകള്‍ തമ്മില്‍, ആഗോള തലത്തില്‍ വടക്കും തെക്കും തമ്മില്‍ പുതിയ രീതികളില്‍ അദ്ദേഹത്തിന്റെ സംഗീതത്തിന്റെയും കവിതയുടേയും മാധ്യമം വഴി സംവദിക്കുവാനും അവരുടെ വിഭിന്ന താൽപര്യങ്ങള്‍ക്ക് ഒന്നിച്ചുവരാവുന്ന പൊതുവായ സംസ്കാരത്തിന്റെ ഘടകങ്ങള്‍ കണ്ടെത്താനുമായത് മനസ്സിലാക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മറ്റുപലതിനുമൊപ്പം മാര്‍ലി, ദരിദ്രരുടേയും നിന്ദിതരുടേയും അങ്ങേയറ്റം ബുദ്ധിപരമായ ശബ്ദങ്ങളെ കൂടുതല്‍ സൗകര്യങ്ങളുള്ളവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ ആവിഷ്കരിച്ച ഒരു ബുദ്ധിമാനായ പരിഭാഷകനും കൂടിയായിരുന്നു. ഈ സാര്‍വലൗകിക മാതൃക ദേശീയ ഭരണകൂടങ്ങള്‍ക്കും ദേശീയ സംസ്കാരങ്ങള്‍ക്കും ചുറ്റുമുണ്ടായിരുന്ന രാഷ്ട്രീയത്തിന്റെ ശക്തിവിതാനങ്ങളെ മാറ്റിമറിച്ചു. ജമൈക്കയെ ഒരു തന്ത്രപ്രധാന കേന്ദ്രമാക്കിയിരുന്ന ശീതയുദ്ധം അവസാനിച്ചതോടെ അവരുടെ അതിര്‍ത്തികള്‍ എവിടെയെല്ലാമാണ് ചോര്‍ന്നുതുടങ്ങിയതെന്നും അവരുടെ ഉള്‍പ്പെടലിന്റെ പരിസരങ്ങള്‍ എങ്ങനെയാണ് മാറിമറിഞ്ഞുകൊണ്ടിരുന്നതെന്നും അതു വ്യക്തമാക്കി. പുതിയ ആശയ വിനിമയ സങ്കേതങ്ങളുടെ പ്രാമാണികതയോടു ഈ മാതൃക കൂടുതല്‍ വികസിതമായി.
റോക്ക് ആന്‍ഡ് റോളിന്റെ അന്ത്യമുളവാക്കിയ ചരിത്രപരവും സാമൂഹ്യവുമായ ചുറ്റുപാടില്‍ മാര്‍ലിയുടെ താരപദവി അർഥവത്തായിരുന്നു. അദ്ദേഹം അവസാനത്തെ റോക്ക് താരവും പിന്നീട് ‘ലോക സംഗീതം’ എന്നറിയപ്പെട്ട സുപ്രധാനമായ വിപണന സംവര്‍ഗത്തിന്റെ തുടക്കമായി തിരിച്ചറിയപ്പെട്ട പുതിയ ഘട്ടത്തിലെ ആദ്യ രൂപവുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആഗമനത്തോടോപ്പം മാഞ്ഞുപോയ സംഗീതാധിഷ്ഠിതമായ യുവജന സംസ്കാരത്തിന്റെ പതുക്കെയുള്ള ആത്യന്തിക മരണത്തെ ചരിത്രപരമായി നിര്‍ണ്ണയിക്കാന്‍ ഈ സംവര്‍ഗം സഹായകമാണ്.
അദ്ദേഹത്തിന്റെ ജനസമ്മതി ഒരേസമയം വേര്‍തിരിക്കാനാവാത്ത വിധം കാവ്യാത്മകവും രാഷ്ട്രീയവുമായ ഒരു ഭാഷയുടെ സാർവലൗകിക ശക്തിയാല്‍ കെട്ടിയുയര്‍ത്തിയതായിരുന്നു. അതിന്റെ മൗലികഘടന അടിമകളാല്‍ നിര്‍മിക്കപ്പെട്ടതായിരുന്നു. ആഗോള വിപണിയില്‍ വിൽപനയ്ക്കുള്ള ഉൽപന്നങ്ങളുടെ നിലയിലേക്ക് തങ്ങള്‍ തന്നെ മാറിയതിലൂടെ ആധുനികതയുടെ മുകളില്‍ വളരെ മുന്നേ തന്നെ ഒരവകാശവാദമുണ്ടായിരുന്ന അടിമകളാല്‍ ഭാഷയോടുള്ള അവരുടെ സവിശേഷമായ ബന്ധം സാക്ഷരതയില്‍ നിന്നും മരണത്തിന്റെ വേദനയോടെ നാടുകടത്തപ്പെട്ട അനുഭവത്തില്‍നിന്നും രൂപപ്പെട്ടതായിരുന്നു. അന്ന്, സ്വാതന്ത്രത്തിനു പകരം തോട്ടങ്ങളിലെ ക്രൂരമായ ലോകത്തെ അർഥവത്താക്കുവാന്‍ അവര്‍ക്കു ലഭിച്ചത് ഒരു കിങ് ജയിംസ് ബൈബിള്‍ ആയിരുന്നു. അവരുടെ ചലനാത്മകമായ വാമൊഴി സംസ്കാരത്തിന്റെ കയ്യുകള്‍, അവയുടെ കരീബിയന്‍ തുടക്കങ്ങളില്‍നിന്നും നീണ്ട് ക്രമേണ ഒറ്റപ്പെട്ട ഇടങ്ങളിലും വിദൂരതയിലും ആ അടിമകള്‍ പകര്‍ന്നു നൽകിയ വിവേക പൂർണമായ സാമാന്യ ബോധത്തിനും ഉള്‍ക്കാഴ്ചയ്ക്കും വേണ്ടി വിശന്നിരുന്ന പ്രേക്ഷകരിലെത്തിച്ചേര്‍ന്നു. ബെര്‍ലിന്‍ മതിലും ഉരുക്കു കര്‍ട്ടനും തകര്‍ന്നു വീഴുന്നതിന് മുന്‍പ്, മാര്‍ലിയുടെ സംഗീതം പൂർവയൂറോപ്പിലേക്ക് ഒളിച്ചുകടത്തപ്പെട്ടിരുന്നു. ആഫ്രിക്കയിലും പസഫിക്കിലും ലാറ്റിനമേരിക്കയിലും എല്ലാത്തരം ഭരണവ്യവസ്ഥകള്‍ക്കുള്ളിലും അതു സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള തൃഷ്ണയുമായി കെട്ടുപിണഞ്ഞു. വിനൈലിലും ടേപ്പിലും പകര്‍ത്തപ്പെട്ട് ആ റിബല്‍ സംഗീതം അതിന്റെ മൂല്യശ്രോതസ്സുകളില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ചു പുതിയ മണ്ഡലങ്ങള്‍, വിശേഷിച്ചും ആദിമനിവാസികള്‍ക്കും കോളനീകരിക്കപ്പെട്ട ജനങ്ങള്‍ക്കുമിടയിൽ ഇടം കണ്ടെത്തി. ഈ ജമൈക്കന്‍ റിബല്‍ ശൈലി ബ്രസീല്‍ , സുറിനാം, ജപ്പാന്‍, ആസ്ത്രേലിയ, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ (വിശേഷിച്ചും സിംബാവേ, സയര്‍, ദക്ഷിണാഫ്രിക്ക, ഐവറികോസ്റ്റ്) എന്നിവിടങ്ങളിലെല്ലാം കേള്‍ക്കപ്പെടുകയും പകര്‍ത്തപ്പെടുകയും പ്രാദേശിക പാരമ്പര്യങ്ങളുടെ ഭാഗമായി കൂട്ടിയിണക്കപ്പെടുകയും ചെയ്തു. ഈ വികാസം സാധ്യമായത് യാദൃശ്ചികമായാണെന്നോ അതൊരു സ്വാഭാവിക പ്രക്രിയയാണെന്നോ കരുതുന്നത് വലിയ അബദ്ധമാവും. മാര്‍ലിയുടെ കഠിനാദ്ധ്വാനികളായ സംഘം നടത്തിയ പ്രയാസമേറിയ ടൂറുകള്‍ നമുക്ക് കാണാതിരിക്കാനാവില്ല. അവരുടെ വിജയം പീഡിതരുടെ ഭാഷയ്ക്ക് കാവ്യാത്മക ഗുണങ്ങള്‍ നൽകി, അദ്ദേഹം അതിനെ അത്രമേല്‍ ഹൃദയാവര്‍ജ്ജകമാക്കിയെന്ന പോലെ, ഭൂഖണ്ഡാന്തര തലത്തില്‍ ആവിഷ്കാരം നടത്തുവാന്‍ വേണ്ട കഠിനശ്രമത്തെയും അടിസ്ഥാനമാക്കി ഉണ്ടായതാണ്.
വിവര്‍ത്തനം: ബിനോയി പി.ജെ