കേരളത്തിനു പനിക്കുന്നു; സര്‍ക്കാര്‍ മയക്കത്തില്‍

സ്വന്തം ലേഖകന്‍

സംസ്ഥാനത്ത് ആറുമാസം കൊണ്ട് പനി ബാധിച്ചവരുടെ എണ്ണം ഒമ്പതര ലക്ഷം കവിഞ്ഞു. മഴ തുടങ്ങി ഒരുമാസത്തിനകം 18 പേരാണ് മരിച്ചത്. ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി,

മലേറിയ, എച്ച്1, എന്‍ 1 എന്നിവയാണ് മരണകാരണം. ഇക്കൊല്ലം ജനുവരി മുതലുള്ള കണക്കുപ്രകാരം പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ത്തോളം വരും.

കണ്ണൂര്‍, കാസര്‍കോട്‌ ജില്ലയില്‍ മാത്രം ഹെപ്പറ്റെറ്റിസ് ബി ബാധിച്ച് 17 പേരാണ് ആറ് മാസത്തിനിടെ മരിച്ചത്. എലിപ്പനി ബാധിച്ച് എട്ടും ഡെങ്കിപ്പനി ബാധിച്ച് ഏഴ് പേരും മരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനിയാണ് ഏറ്റവുംകൂടുതല്‍ പടരുന്നത്.

പനിബാധിതരില്‍ അധികവും കോളനി/ ചേരിനിവാസികളും ദരിദ്ര ജന വിഭാഗങ്ങളുമാണ്. സര്‍ക്കാര്‍ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയുമാണ്‌   ഇവരില്‍ ഭൂരിപക്ഷവും ആശ്രയിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം സാഹചര്യങ്ങളും ഡോക്ടര്‍മാരുടെ കുറവും മരുന്ന് ക്ഷാമവും ഇവരെ നട്ടം തിരിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ ഒരു ശ്രമവും ആരോഗ്യ വകുപ്പും സര്‍ക്കാരും നടത്താത്തത് പ്രശ്നം രൂക്ഷമാക്കുന്നു.  പകര്‍ച്ചവ്യാധികള്‍ക്കെതിരെ യാതൊരു വിധ മുന്‍കരുതലും എടുക്കാതിരുന്ന പതിവ് വീഴ്ചയെ മറക്കാന്‍ അടൂര്‍ പ്രകാശ്‌ നടത്തിയ ശ്രമവും മുഖ്യമന്ത്രിയുടെ ഖേദപ്രകടനവും കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഏകീകൃതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങാത്തത് ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നു.

രോഗ പ്രതിരോധത്തിലും ചികിത്സയിലും പുലര്‍ത്തുന്ന അവഗണനയുടെ പേരില്‍ഇപ്പോള്‍ ഈ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത്‌ വന്നിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തും സ്ഥിതി ഏറെ വ്യത്യസ്തമായിരുന്നില്ല.  പൊതു ആരോഗ്യ രംഗത്ത്‌    കേരളം കൈവരിച്ചുവെന്നു അവകാശപ്പെടുന്ന നേട്ടങ്ങളുടെ പൊള്ളത്തരം കൂടി തുറന്നു കാട്ടുന്നതാണ് ഇപ്പോളത്തെ ദയനീയ സ്ഥിതി.

Top