ജാതിയെ കേള്‍ക്കുമ്പോള്‍

“.ചലച്ചിത്ര സംഗീത രംഗം ഒരു മതേതര ഇടം എന്ന നിലയില്‍ ജാതിയെ നിശബ്ദമാക്കുകയും സ്വകാര്യ ഇടത്തിലേക്ക് തള്ളി നീക്കുകയും ചെയ്യുന്നു എന്നു കരുതാം. ഒട്ടേറെ ജാതി, മത സമുദായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരിടമാണെങ്കിലും വീര്‍പ്പുമുട്ട് ഉളവാക്കുന്ന ഒരു മതേതര ശീലം ചലച്ചിത്ര രംഗത്ത് നിലനില്‍ക്കുന്നുണ്ട്. മലയാളത്തിലെ പ്രസിദ്ധ പിന്നണി ഗായകരുടെ പൊതുവ്യക്തിത്വം ഇത് സൂചിപ്പിക്കുന്നുണ്ട്.

“.ചലച്ചിത്ര സംഗീത രംഗം ഒരു മതേതര ഇടം എന്ന നിലയില്‍ ജാതിയെ നിശബ്ദമാക്കുകയും സ്വകാര്യ ഇടത്തിലേക്ക് തള്ളി നീക്കുകയും ചെയ്യുന്നു എന്നു കരുതാം. ഒട്ടേറെ ജാതി, മത സമുദായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരിടമാണെങ്കിലും വീര്‍പ്പുമുട്ട് ഉളവാക്കുന്ന ഒരു മതേതര ശീലം ചലച്ചിത്ര രംഗത്ത് നിലനില്‍ക്കുന്നുണ്ട്. മലയാളത്തിലെ പ്രസിദ്ധ പിന്നണി ഗായകരുടെ പൊതുവ്യക്തിത്വം ഇത് സൂചിപ്പിക്കുന്നുണ്ട്.
 _________________________
വ്യത്യസ്ത സംഗീത ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന ദലിത് സംഗീതജ്ഞരുമായി ഞാന്‍ നടത്തിയ അഭിമുഖങ്ങള്‍1 ജാതിയെ സംബന്ധിച്ച അനുഭവങ്ങളുടെ വ്യത്യസ്തതയെന്നപോലെ സംഗീതത്തിലെ ജാതിയുടെ സങ്കീര്‍ണ്ണതകളും വ്യക്തമാക്കുന്നവയായിരുന്നു. ദലിത് സംഗീതത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതാന്‍ വേണ്ടി നാടന്‍ പാട്ടുസംഘങ്ങളുമായി സംസാരിക്കുമ്പോള്‍ ജാതി സുപ്രധാനമായ ഒരു ഘടകമായി നിലനിന്നിരുന്നു. ആ ശാഖയെ സാധ്യമാക്കുന്ന ഒന്നെന്ന നിലയില്‍ ജാതിയെ ഉന്നയിക്കാനാണ് അവര്‍ ശ്രമിച്ചത്. സംഗീത രംഗത്ത് നിലനില്‍ക്കുന്ന ഒരു ദലിതനെന്ന നിലയില്‍ ജാതിയെക്കുറിച്ച് അവരും സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. എന്നാല്‍ പ്രശസ്ത സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റുമായുള്ള അഭിമുഖം വ്യത്യസ്ത അനുഭവം ആയിരുന്നു.ആ സംഭാഷണത്തിനിടയില്‍  ജാതിയെക്കുറിച്ച് അനായാസമായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞിരുന്നില്ല. ലജ്ജാവതി എന്ന ഗാനം ജനപ്രിയതയുടെ മൂര്‍ധന്യത്തില്‍ നില്‍ക്കുകയും അതുളവാക്കിയ ചര്‍ച്ചകളും വിവാദങ്ങളും കൊടിമ്പിരി കൊണ്ടിരിക്കുമ്പോഴായിരുന്നു പ്രസ്തുത അഭിമുഖം. ജാതിക്ക് പ്രാധാന്യം കൊടുക്കുന്ന അഭിമുഖത്തിനു ജാസിക്ക് താല്‍പര്യമില്ലായിരുന്നു. അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ജാതിയെ സംബന്ധിച്ച ഒരു ചോദ്യം മാത്രമാണ് ഉന്നയിച്ചത്.ഈ സംഗീതജ്ഞര്‍ ജാതിയോടു ഇടപെടുന്നതിലെ വ്യത്യസ്തതകള്‍ ഒരു സുപ്രധാന ചോദ്യം ഉയര്‍ത്തുന്നുണ്ട് . നാടന്‍ പാട്ട് രംഗത്ത് ചര്‍ച്ച ചെയ്യേണ്ട ഒരു ഘടകമായി ജാതി നിലനില്‍ക്കുമ്പോള്‍ ചലചിത്രരംഗത്ത് ബോധപൂര്‍വ്വം നിശബ്ദത പാലിക്കേണ്ട ഒന്നായും അല്ലെങ്കില്‍ ചര്‍ച്ചക്ക് പുറത്ത് നിര്‍ത്തേണ്ട ഒന്നായും എന്തുകൊണ്ട് അത് മാറുന്നു? ഒളിഞ്ഞും തെളിഞ്ഞും വളരെ സങ്കീര്‍ണ്ണമായി വ്യത്യസ്ത സംഗീതശാഖകളില്‍ എങ്ങനെയാണ് ജാതി പ്രവര്‍ത്തിക്കുന്നത് എന്ന് ചിന്തിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ജാസിയോടുള്ള അവസാനത്തെ ചോദ്യമെന്ന നിലയിലാണ് ജാതി അനുഭവത്തെ കുറിച്ച് ചോദിച്ചത്. “ജാതി ഐഡന്റിറ്റി എങ്ങനെയാണ് സംഗീതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നത്?” എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ: “വര്‍ക്കിനെ ബാധിച്ചിട്ടൊന്നുമില്ല. എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം എവിടെയെങ്കിലും ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നാണ്. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇവിടെ തന്നെ മ്യൂസിക് ഇന്‍ഡസ്ട്രിയുടെ ഒരു കാര്യം മലയാളം കമ്പോസിങ്ങ് കൊണ്ട് മാത്രം ഒരു ഗുണവുമില്ല. വേറെ ഭാഷകളില്‍ പാടിയാല്‍ നമുക്ക് ഒരുപാട് മൈലേജ് കിട്ടും. പലയിടത്തും പേരു പോകും. കൂടുതല്‍ അവസരവുമുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ പിന്നെയും Conventional Method ആണ് പിന്തുടരുന്നത്.” ഈ അഭിമുഖത്തില്‍ അദ്ദേഹം ശക്തമായി ഉന്നയിച്ച കാര്യം “സംഗീതമെന്നാല്‍ ശാസ്ത്രീയ സംഗീതം മാത്രമല്ല” എന്നാണ്. മ്യൂസിക് ഇന്‍ഡസ്ട്രിയുടെയും സംഗീത ശീലങ്ങളുടെയും വിശ്വാസങ്ങളുടെയും നിലനില്‍പ്പിന്റെയും സങ്കീര്‍ണ്ണതകളുമായി ബന്ധപ്പെട്ട ജാതിയുടെ പ്രശ്നമാണ് അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അക്കാലത്ത് തെലുങ്ക്-തമിഴ് സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം. അവിടത്തെ സംഗീത രംഗത്ത് കുറെക്കൂടി Comfortable ആയിരുന്നിരിക്കണം. ജാസിയുടെ ശബ്ദത്തിനും ശൈലികള്‍ക്കും മറ്റു ഭാഷകളില്‍ Comfortable ആകാന്‍ കഴിയുന്നുവെന്നത്
     മലയാള ചലച്ചിത്ര സംഗീത രംഗത്തെ ശീലങ്ങളെ കുറിച്ചും അതിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട് എന്ന് തോന്നുന്നു.  മലയാള ചലച്ചിത്ര രംഗത്തെ സംഗീതജ്ഞരുടെ ‘ജാതി’ അടക്കംപറച്ചിലുകളുടെയും അല്ലെങ്കില്‍ എല്ലാവര്‍ക്കും അറിയാവുന്ന സത്യങ്ങളിലൂടെയുമായിരിക്കണം നിലനില്‍ക്കുന്നത്. ജാതി അഭിജ്ഞാനത (identity )  ഒരു തരത്തില്‍ നേരിട്ടുള്ള രീതിയിലല്ല ഇവിടെ പ്രശ്നമാകുന്നത്  . ആയിടക്ക് ജാസിയെക്കുറിച്ച് വന്ന ലേഖനങ്ങളിലും അഭിമുഖങ്ങളിലും ജാതി സ്വത്വം (Identity) പ്രശ്നം ഇത്തരത്തില്‍ ലളിതമായ അല്ലെങ്കില്‍ വളരെ പ്രത്യക്ഷമായ ഒരു പ്രശ്നമായാണ് കൂടുതലും അവതരിപ്പിക്കപ്പെട്ടത്. ഇത് അദ്ദേഹത്തിന് സമസ്യകള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് ബോധ്യപ്പെട്ടത് രവീന്ദ്രനെ പോലുള്ള സംഗീതജ്ഞര്‍ക്ക് ജാതി പ്രത്യക്ഷമായ പ്രശ്നമായി ഉയര്‍ന്നുവന്നിട്ടില്ല. ശാസ്ത്രീയ സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ട് ജാതിയെ മറികടക്കാന്‍ കഴിഞ്ഞത് കൊണ്ടായിരിക്കണം ഇത്.  . ജാതി അഭിജ്ഞാനത സംഗീത ശീലങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത് .ജാസിയുടെ സംഗീതാവിഷ്ക്കാരങ്ങളും വ്യക്തിത്വവും ജനപ്രിയ സംഗീതത്തിന്റെ ജാതി സങ്കീര്‍ണതകള്‍ വെളിവാകുന്നു
ജാസിയുടെ സംഗീത ശൈലി നാടന്‍ എന്ന് തിരിച്ചറിയപ്പെട്ടിട്ടുള്ള ശൈലിയിലുള്ളതല്ല. നാടന്‍ പാട്ടുകളുടെ ഒരു മണ്ഡലത്തില്‍ നിന്നുമല്ല ജാസി വരുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ കീഴാളത്തത്തെ നിര്‍ണ്ണയിക്കുന്നത് പാശ്ചാത്യജനപ്രിയ സംഗീതത്തോടുള്ള ബന്ധമാവണം. കലാഭവന്‍മണി യെപോലുള്ള നാടന്‍ പാട്ടുകാരന്‍ ജാസിയെ പോലെ അപകടകാരിയായി കാണപ്പെടാത്തത് ഇതുകൊണ്ടായിരിക്കാം. അതായത് നിഷ്കളങ്കവും പ്രകൃതി ജന്യവുമായി കാണുന്ന ഒരു ലിബറല്‍ വീക്ഷണം നാടന്‍ പാട്ടുകള്‍ക്ക് ഒരു അംഗീകൃത ഇടം കല്‍പ്പിച്ച് കൊടുത്തിട്ടുണ്ട്.2 (ടെലിവിഷന്‍ ചാനലുകളിലെ നാടന്‍ പാട്ട് പരിപാടികള്‍ മിക്കവാറും ഇത്തരത്തില്‍ ഒരു ലിബറല്‍ അനുകമ്പ നാടന്‍ പാട്ടുകളോടെ പുലര്‍ത്തുന്നത് കാണാം) എന്നാല്‍ പാശ്ചാത്യ സംഗീതം അപകടകരമായ ഒരു അപര സംഗീതമായി നിര്‍മ്മിച്ചെടുക്കപ്പെട്ടിട്ടുണ്ട്  3 . ദുഃസ്വാധീനം, മലിനീകരണം എന്നീ നിലക്കാണ്
ലോകത്തെ മറ്റു ദേശങ്ങളിലെ സംഗീത ശൈലികളുമായുള്ള ഇടപാടുകളെയും കൂടിക്കലരലുകളെയും ശുദ്ധ സംഗീതവാദികള്‍ വ്യാഖ്യാനിക്കുന്നത്. ഇന്ത്യയിലെ ശുദ്ധ സംഗീതവാദം ജാതിമേല്‍ക്കോയ്മയുടെ യുക്തി തന്നെയാണ് പിന്തുടരുന്നത്. ഇന്ത്യയിലെ ചലച്ചിത്ര സംഗീതത്തിന്റെ ഉല്‍ഭവവും വളര്‍ച്ചയും കൂടിക്കലരലുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്.
ജാസിയുടെ സംഗീതത്തോടുള്ള എതിര്‍പ്പ് മറ്റു ചില പ്രതിഭാസങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. ജനപ്രിയസംഗീതം നല്‍കുന്ന ആനന്ദത്തില്‍ മുഴുവന്‍ ശ്രവിക്കുമ്പോഴും മധ്യവര്‍ഗ്ഗ ആസ്വാദകരെ ഒരു നാണക്കേട് അലട്ടുകയും അതിന്റെ ഫലമായി ജനപ്രിയ സംഗീതത്തില്‍ ഒരു പ്രത്യേക സ്വഭാവമുള്ള
പാട്ടുകളുടെ ശേഖരണത്തെ/ധാരയെ ക്ളാസിക് ആയി നിര്‍മ്മിച്ചെടുക്കുകയും ചെയ്തു. ഈ ക്ളാസിക് വാദം ശാസ്ത്രീയ സംഗീതത്തിന്റെ ശ്രേഷ്ഠതാ വാദത്തോട് ബന്ധമുള്ളതും യാഥാസ്ഥിതികമായ ശുദ്ധതാവാദം ഉള്‍ക്കൊള്ളുന്നതുമാണ്. ഈ ശുദ്ധതാ വാദികളില്‍ നിന്നാണ് ലജ്ജാവതി എന്ന ഗാനം ശക്തമായ എതിര്‍പ്പ് നേരിട്ടത്. ശരീരം ഇളകിയാടുന്നതിലുള്ള ഭയം ശാസ്ത്രീയ സംഗീത മണ്ഡലത്തിലെ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണം.
കര്‍ണ്ണാടിക് സംഗീതത്തിന്റെ ചരിത്രത്തില്‍ ശരീരത്തോടുള്ള ഭയവും അതിനെ മെരുക്കാനുള്ള ശ്രമവും കാണാം. ശരീരത്തില്‍ നിന്നും ശരീരത്തെ രക്ഷിക്കുക എന്നത് കര്‍ണ്ണാടിക് സംഗീതത്തിന്റെ പ്രധാന ശ്രമങ്ങളിലൊന്നായിരുന്നു.  പൊതുയിടത്തിലെ സംഗീത വേദികള്‍ (Music Stages) നിലവില്‍ വന്നപ്പോള്‍ ഉണ്ടായ പ്രധാന മാറ്റം നൃത്തത്തില്‍ നിന്നും സംഗീതത്തെ കരകയറ്റുകയെന്നതും കാണപ്പെടുന്ന രീതിയില്‍ സംഗീത വേദികളില്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല എന്നതായിരുന്നുവെന്നും Performence of Non- Performence  ഒരു മാതൃകയായി വന്നുവെന്നും അമാന്റ വീഡ്മാന്‍.:4 നിരീക്ഷിക്കുന്നു. ഇത്തരം ഒരു ഭയമായിരിക്കണം ശരീരവുമായി ബന്ധപ്പെട്ട് ഇന്നും ശുദ്ധ സംഗീത വാദികള്‍ ഉന്നയിക്കുന്നത്. റിയാലിറ്റി ഷോ വേദികളിലെ Performenceനോടുള്ള അങ്കലാപ്പും ഇതിന്റെ ഭാഗമായിരിക്കണം.
ഇന്ത്യന്‍ ആധുനികത കീഴ്ജാതികള്‍ക്ക് നല്‍കുന്നത് പൊതു ഇടത്തിലെ സംഭാഷണത്തിനുള്ള വാക്കുകളല്ല; മറിച്ച് സ്വകാര്യ ഇടത്തിലെ നൈരാശ്യത്തിന്റെ നിമിഷങ്ങളാണെന്ന് എം.എസ്.എസ് പാണ്ഡ്യന്‍ നിരീക്ഷിക്കുന്നു.:5 “.ചലച്ചിത്ര സംഗീത രംഗം ഒരു മതേതര ഇടം എന്ന നിലയില്‍ ജാതിയെ നിശബ്ദമാക്കുകയും സ്വകാര്യ ഇടത്തിലേക്ക് തള്ളി നീക്കുകയും ചെയ്യുന്നു എന്നു കരുതാം. ഒട്ടേറെ ജാതി, മത സമുദായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരിടമാണെങ്കിലും വീര്‍പ്പുമുട്ട് ഉളവാക്കുന്ന ഒരു മതേതര ശീലം ചലച്ചിത്ര രംഗത്ത് നിലനില്‍ക്കുന്നുണ്ട്. മലയാളത്തിലെ പ്രസിദ്ധ പിന്നണി ഗായകരുടെ പൊതുവ്യക്തിത്വം ഇത് സൂചിപ്പിക്കുന്നുണ്ട്. ജാതിഭേദം മതദ്വേഷം എന്ന ഗാനത്തിലൂടെ കടന്നു വന്ന കെ.ജെ യേശുദാസ് മതേതരത്വ മുഖം നിലനിര്‍ത്താന്‍ അടിമുടി ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. 1984-ല്‍ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്ന ഗാനം ‘പള്ളിപ്പാട്ട്’ എന്ന് വിമര്‍ശിക്കപ്പെട്ടത് ഒരു മതേതരത്വ സ്വത്വം നിര്‍മിച്ചെടുക്കാനുള്ള കാരണമായിരുന്നിരിക്കണം :6 .മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, ക്രൈസ്തവ ഗാനങ്ങള്‍ എന്നിവയ്ക്കൊക്കെ ഓരോ ഇടം അത് കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ഈ മതേതരത്വമാവണം ജാതിയെക്കുറിച്ച സംവാത്തില്‍ ജാസി ഗിഫ്റ്റില്‍ നിലനില്‍പ്പിന്റെ പ്രതിസന്ധിയുണ്ടാക്കു ന്നത്.
   സിനിമാ സംഗീതത്തിലെ രചനാപരമായ (Compositional) സങ്കേതങ്ങള്‍ എങ്ങനെ ജാതിയുമായി സംവദിക്കുന്നു എന്നത് ആഴത്തില്‍ പഠിക്കേണ്ട ഒന്നാണ്. ചില പ്രവണതകള്‍ മാത്രം ഇവിടെ സൂചിപ്പിക്കാം. അടിപൊളി, ഡപ്പാം കുത്ത് തുടങ്ങിയ നിര്‍വ്വചനങ്ങളും അതിനോടുള്ള സമീപനങ്ങളും ജാതി-ലിംഗ പരമായ മാനങ്ങള്‍ ഉള്ളതാണ്. കര്‍ണ്ണാടിക് സംഗീത ചുവയുള്ളതോ മെലഡിയെന്ന് നിര്‍വചിക്കപ്പെട്ടിട്ടുള്ള ശൈലിയിലുള്ളതോ ആയ പാട്ടുകള്‍ നായികാ-നായകന്‍മാരെ പ്രതിനിധീകരിക്കുമ്പോള്‍ നാടന്‍ പാട്ടുകള്‍ പോലുള്ള അപരസംഗീതങ്ങള്‍ ആഖ്യാനത്തിന് പുറത്ത് കള്ളുഷാപ്പിലെ ഗാനമായും തോണിപ്പാട്ടായും തെരുവ് ഗാനമായിട്ടുമാണ് ഏറെക്കുറെ കടന്നുവന്നിരുന്നത്.  ആരവം (1978)-ലെ നെടുമുടി വേണുവിന്റെ http://www.youtube.com/watch?v=5Pt7S5700v4 ‘ഭ്രാന്തന്‍’ കഥാ പാത്രത്തിലൂടെ കാവാലത്തിന്റെ ഗാനം നാം കേള്‍ക്കുമ്പോള്‍ കലാഭവന്‍ മണിയുടെ കീഴാള കഥാപാത്രങ്ങളിലൂടെയാണ് നാം നാടന്‍ പാട്ടുകള്‍ കേള്‍ക്കുന്നത്. http://www.youtube.com/watch?v=iN5L6CsLI08 ‘കരുമാടിക്കുട്ടന്‍’ (2001) എന്ന ചിത്രത്തിലെ ‘കൈകൊട്ടുപെണ്ണേ’ എന്ന ഗാനം ഉദാഹരണം. നായകന്‍മാരുടെയോ നായികമാരുടെയോ അപരത്വത്തെ പ്രകടിപ്പിക്കാനും നാടന്‍ പാട്ടുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മലയാള സിനിമാ ഗാനങ്ങള്‍ ഏത് ആസ്വാദകനെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഫ്രണ്ട്സ് (1999) എന്ന ചിത്രത്തിലെ പുലരികിണ്ണം പൊന്നില്‍ മുക്കിയതാരാണ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യഭാഗത്ത് ശ്രീനിവാസന്‍ മുകേഷുമായി നടത്തുന്ന സംഭാഷണമുണ്ട്. ശ്രീനിവാസന്‍: നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്, ഇമ്മാതിരി തക്കിട തരികിട പാട്ടൊന്നും പാടി ഷൈന്‍ ചെയ്യാന്‍ നോക്കണ്ട. എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് പാടാനും http://www.youtube.com/watch?v=fknlY8KnXC4 ഡാന്‍സ് ചെയ്യാനും പറ്റിയ പാട്ടാണെങ്കില്‍ മതി. പോണ്ടിച്ചേരിയിലെ ഫ്രണ്ട്സൊക്കെ അങ്ങനെയാ. മുകേഷ്: അല്ലാ. അതിപ്പോ ഈ കാട്ട് ജാതിക്കാര്‍ക്കൊക്കെ പാടാന്‍ പറ്റിയ പാട്ടേതാ. വളരെ വംശീയമായ ഈ പരാമര്‍ശത്തിലൂടെ മലയാള ആസ്വാദകനെ നിര്‍വ്വചിക്കാന്‍ മലയാള ചലചിത്ര ഗാനങ്ങള്‍ എങ്ങനെയാണ് ശ്രമിക്കുന്നതെന്ന് കാണാം. ആദിവാസിയും ദലിതരുമല്ലാത്ത ഒന്നാണീ മലയാളി ആസ്വാദകര്‍. മലയാള സിനിമയിലെ ശ്രീനിവാസനെപോലുള്ള നടന്റെ കീഴാളത്തവുമായി ഇതിനെ കൂട്ടി വായിക്കാവുന്നതാണ്. 7
പുതിയ നാടന്‍ പാട്ടുസംഘങ്ങള്‍ ‘ജാതിയെ’ അഭിസംബോധന ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം. പാരമ്പര്യത്തിന്റെ ഇടത്തില്‍ നിന്നും പുതിയ കാലത്തെ സംഗീതാവിഷ്ക്കാരത്തിന്റെ തലത്തിലേക്ക് കൊണ്ട് ചെല്ലുമ്പോള്‍ ജാതിക്ക് വ്യത്യസ്തമായ അര്‍ത്ഥം കൈവരുന്നു. ഫോക്ലോര്‍ വ്യവഹാരങ്ങളുടെ സത്താവാദപരമായ (Essentialist) സമുദായ സങ്കല്‍പ്പത്തില്‍ നിന്നും രാഷ്ട്രീയ സമുദായം (ദലിത്) എന്ന നിലയിലേക്ക് ജാതി സമുദായത്തെ എത്തിക്കുന്നു. ഇത് സംഗീതാവിഷ്ക്കാരത്തെയും കേള്‍വിയേയും പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന വഴുക്കന്‍ ആയ തലത്തില്‍ എത്തിക്കുന്നു. ദലിത് രാഷ്ട്രീയ ബോധവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാ.
ഇവിടെ ചര്‍ച്ച ചെയ്ത സംഗീതജ്ഞര്‍ മറ്റൊരു പ്രധാന വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സംഗീതത്തിലെ ‘Belonging’ എന്ന് റിച്ചാര്‍ഡ് മിഡില്‍ട്ടണ്‍ ഇതിനെ കുറിച്ച് ഉന്നയിക്കുന്ന വാദം ശ്രദ്ധേയമാണ്.(ആധികാരികതയുടെ മിഥ്യകള്‍ ആഗ്രഹിക്കുന്നപോലെ) സംഗീതത്തിന് നമ്മുടെ സ്വന്തമാകാന്‍ കഴിയില്ല. മറിച്ച് നമ്മള്‍ ഒരു സംഗീതത്തിന്റെ സ്വന്തമായിരിക്കാന്‍ (Belonging-ഒരു സംഗീതത്തിന്റെ മണ്ഡലത്തില്‍ സ്വയം ഉള്‍പ്പെടാന്‍) സാധ്യമാണ് :8   . ദലിതരുടെ സംഗീതം, ബ്രാഹ്മണരുടെ സംഗീതം എന്ന നിലയ്ക്കല്ല മറിച്ച് ഈ സംഗീതങ്ങളുമായുള്ള ഇടപെടലുകളിലൂടെയാണ് ദലിത് ചലച്ചിത്ര സംഗീതജ്ഞരെന്നും പാശ്ചാത്യ സംഗീതജ്ഞരെന്നും സ്വയം തിരിച്ചറിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. നാടന്‍ പാട്ടുസംഘങ്ങള്‍ നാടന്‍ പാട്ടുകളുടെ മണ്ഡലത്തിന്റെ ഭാഗമായിക്കൊണ്ട് ദലിത് രാഷ്ട്രീയത്തിന്റെ ഒരു തലം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ജാസി ഗിഫ്റ്റ് ജാതിയെ മറന്നുകൊണ്ട് ചലച്ചിത്ര സംഗീത മണ്ഡലത്തില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുന്നതാവാം. ഉഷാ ഉതുപ്പ്  ആകട്ടെ ഇവക്കൊന്നും പിടികൊടുക്കാതെ Belonging ന്റെ വിഷയത്തെ പ്രശ്നവല്‍ക്കരിക്കുന്നുമുണ്ട്.
മലയാള സംഗീതത്തിലെ ജാതിയെ അഭിസംബോധന ചെയ്യുന്നതിന്റെ ചില പ്രശ്നങ്ങളാണ് ഇവിടെ കുറിച്ചത്. വളരെ ആഴത്തില്‍ പഠന വിധേയമാക്കേണ്ട പ്രശ്നമെന്ന നിലയില്‍ ഒരു ആമുഖം മാത്രമാണിത്.
____________________________ 
Footnotes
1.  “ആട്ടവും പാട്ടും ദലിത് രാഷ്ട്രീയവും” പച്ചക്കുതിര (ഒക്ടോബര്‍ 2004), ജാസി ഗിഫ്റ്റുമായുള്ള  അഭിമുഖം, പച്ചക്കുതിര (സെപ്റ്റംബര്‍ 2005)
2.   ദളിത് സംഗീതശൈലികളിലെ ജാതിയെ മറക്കാനാണ് ‘നാടന്‍’ എന്ന പദം നിര്‍മ്മിച്ചെടുക്കപ്പെട്ടിട്ടുള്ളത്.
3.  ‘ശങ്കരാഭരണം’ പോലുള്ള ചിത്രങ്ങളില്‍ പാശ്ചാത്യ സംഗീതത്തെ അപകടരമായ സംഗീതശാഖയായി നിര്‍വചിക്കാന്‍ ശ്രമിക്കുന്നതു കാണാം. ടോംസിന്റെ കാര്‍ട്ടൂണ്‍ പരമ്പരയായ ‘ബോബനും മോളി’യിലും അപ്പിഹിപ്പിയുടെ പാശ്ചാത്യ സംഗീതഭ്രമം പാശ്ചാത്യസംഗീതത്തെ അപരസംഗീതമായി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ട്.
4.  അമാന്‍ഡ ജെ. വീഡ്മാന്‍: Singing the Classical Voicing the Modern the Postcolonial Politics of Music in South India (Duke University Press: 2007)
5.  എം.എസ് പാണ്ഡ്യന്‍: One Step Outside Modenity, (EPW, May 2002)
6.  ജെറി അമല്‍ദേവ് ആണ് ഈ പാട്ട് സംഗീതം ചെയ്തത്. ക്രിസ്തീയ ഭക്തി സംഗീതവുമായുള്ള  ബന്ധവും പാശ്ചാത്യ സംഗീത ശൈലിയുമാണ് ഇത്തരം ആരോപണത്തിലേക്ക് ക്ഷണിച്ചത് എന്ന് കരുതാം.
7 ,മലയാള സിന്മയിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങളുടെ കീഴളതതെകുരിച്ചുള്ള
ചര്‍ച്ചകലക്കായി കാണുക S Sanjeev,C S venkiteswaran/The left and untouchability of Caste: Sreenivasan and the comic order of things(Deep Focus,march 2002)
8.  റിച്ചാര്‍ഡ് മിഡില്‍ടണ്‍: Musical Belongings: Selected Essays (Ashgate, 2009)
Top