ഓണങ്ങളും കേരളങ്ങളും

എ എസ് അജിത്കുമാര്‍

കേരളത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചും മഹാബലിയെ കുറിച്ചുള്ള “കെട്ടുകഥകളെ’ കുറിച്ചും ധാരാളം വിമര്‍ശനങ്ങള്‍ ഓണ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു. പക്ഷെ ഇതില്‍ ചരിത്രം എന്നത് മാത്രമാണ് ഭൂതകാലത്തെ കുറിച്ചുള്ള ആധികാരികമായ വ്യവഹാരമെന്ന ഒരു ബോധത്തെ കൊണ്ട് വരുന്നുണ്ട്. മിത്തുകള്‍  ഭൂതകാലത്തെ പല സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്ന രേഖകള്‍ തന്നെയാണ് എന്ന് മനസിലാക്കപ്പെടുന്നുണ്ടോ?ജാതി മേല്‍ക്കോയ്മക്കെതിരായ കീഴാള പ്രതിരോധങ്ങള്‍ തന്നെ വ്യത്യസ്ത മിത്തുകളിലും വിശ്വാസങ്ങളിലും നാടന്‍പാട്ടുകളിലും  കാണാന്‍ കഴിയില്ലേ?  കെട്ടുകഥകളെ നിരാകരിക്കുകയും  ഒടുവില്‍ മാവേലി ദലിത്‌ രാജാവായിരുന്നു എന്ന ലളിതമായ ഒരു തീര്‍പ്പിലേക്ക്  എത്തുകയും ചെയ്യുന്നു. ഇവിടെ ചിന്തിക്കേണ്ടത് ഓണം ആഘോഷിക്കുന്നവരെല്ലാം മാവേലിയുടെ ‘യഥാര്‍ത്ഥ’ ചരിത്രത്തെക്കുറിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ യത്നിക്കുന്നുണ്ടോ? ഈ ഒരു തീര്‍പ്പ് ഓണം ആഘോഷിക്കുന്നതിനുള്ള മുന്നുപാധിയാണോ? പലതരം ഓണങ്ങളുള്ളതുപോലെ പലതരം മാവേലി സങ്കല്പങ്ങളുമുണ്ട്. ഓണത്തെ സമീപിക്കാവുന്ന മറ്റു സാധ്യതകളെക്കുറിച്ച് സൂചിപ്പിക്കാന്‍ ശ്രമിക്കുകയാണ്  എ എസ് അജിത്കുമാര്‍.  

ണം കഴിഞ്ഞു. ഈ ഓണത്തിന് ഒട്ടേറെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ഓണത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും സാംസ്കാരിക ചിഹ്നങ്ങളെ കുറിച്ചും ഒരുപാട് ലേഖനങ്ങള്‍ വന്നു. ഫേസ്ബുക്കിലും അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് സംവാദം നടന്നു. കേരളത്തിന്‌ പുറത്തുള്ള യൂണിവേഴ്സിറ്റികളില്‍  നിന്നും വ്യത്യസ്ത വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ഓണത്തിന്റെ സങ്കല്‍പ്പത്തെയും ചരിത്രത്തെയും കുറിച്ച് എം ബി മനോജിന്റെ സമഗ്രമായ ലേഖനം തന്നെ വന്നു. ഉത്തരകാലത്തില്‍ തന്നെ മുഹമ്മദ്‌ അഫ്സല്‍ പി, എം.ആര്‍. രേണുകുമാര്‍ എന്നിവരുടെ ലേഖനങ്ങളും വന്നു. ഹൈദരാബാദില്‍ ഇഫ്ലുവില്‍ യുണിവേഴ്സിറ്റിയില്‍ സണ്ണി എം കപിക്കാടിന്റെ ശ്രദ്ധേയമായ പ്രഭാഷണവും നടന്നു. ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തെ ബഹുമാനിച്ചുകൊണ്ടും അതിന്റെ പ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ടും ഓണത്തെ സമീപിക്കാവുന്ന മറ്റു സാധ്യതകളെ കുറിച്ച് സൂചിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ. പ്രസ്തുത വിമര്‍ശനങ്ങളുമായുള്ള സമഗ്രമായ/ആധികാരിക ഇടപെടല്‍ എന്നതിനെക്കാളും സംശയങ്ങള്‍ ഉന്നയിക്കുവാനാണ്  ഞാന്‍ ഉദ്ദേശിക്കുന്നത്. സാംസ്കാരിക ഇടത്തെ അധീശത്വത്തെ കുറിച്ചും സമകാലീന അവസ്ഥയില്‍ ഇവയൊക്കെ നോക്കി കാണേണ്ടതെങ്ങിനെയെന്നുമുള്ളതിനെ കുറിച്ചാണ് എന്റെ സംശയങ്ങള്‍.

സമകാലീന ആഘോഷങ്ങള്‍

മുകളില്‍ സൂചിപിച്ച ലേഖനങ്ങള്‍ അധികവും ഓണത്തിന്റെ ചരിത്രത്തെ സംബന്ധിച്ചും ഉത്ഭവത്തെ സംബന്ധിച്ചും ശ്രദ്ധേയമായ വാദങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഡോ.എം എസ് ജയപ്രകാശ്‌ ബുദ്ധ വ്യവഹാരങ്ങളുമായി ബന്ധപെട്ട വാദങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. സമകാലീന ആഘോങ്ങള്‍ ഇത്തരത്തില്‍ ഒരു ഉത്സവത്തിന്റെ ഉത്ഭവം എന്ന കുറ്റിയില്‍ തന്നെയാണോ കറങ്ങുനത്? ആഘോഷങ്ങള്‍ ബോധപൂര്‍വമല്ലാതെയെങ്കിലും അവയെ വിഛെദിച്ചു പോകുന്നില്ലേ? ഓണാഘോഷങ്ങളിലെ പങ്കാളിത്തം മുഴുവനും ഓണത്തിന്റെ അധീശ സാംസ്കാരിക സങ്കല്‍പ്പതോടുള്ള കീഴടങ്ങല്‍ മാത്രമാണോ? യുവജനങ്ങളുടെ ഇടയിലെ ‘വാലന്‍ന്റെന്‍സ് ഡേ’ എന്ന ആഘോഷത്തിന്റെ കാര്യം തന്നെയെടുക്കാം. സമീപ കാലത്തെ ആഗോളസാംസ്കാരിക ഇടപെടലുകള്‍ ആയിരിക്കാം ഈ ആഘോഷങ്ങളുടെ ജനപ്രീതിക്കു കാരണമായത്. അതിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വ്യത്യസ്ത വാദങ്ങളുണ്ട്. വംശീയതയുടെയും സ്ത്രീ വിരുദ്ധതയുടെയും ചരിത്രം അതിനുണ്ട് എന്ന വാദങ്ങളുമുണ്ട്. ഇന്ത്യയില്‍/കേരളത്തില്‍ ഈ ‘ഉത്ഭവത്തിന്റെ’ പ്രഭവ സ്ഥാനത്ത് ഉറപ്പിക്കപെടാതെ വ്യത്യസ്ത ഇടപെടലുകളാണ് നടക്കാറുള്ളത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ കൂടുതലും ജിജ്ഞാസയുടെ തലത്തില്‍ മാത്രമാണ് പ്രാധാന്യം നേടുന്നത്. വാലന്‍ന്റെന്‍സ് ഡേ ഇവിടെ കൂടുതലും യുവജനങ്ങളുടെ ഇടയിലെ സാംസ്കാരികമായ സ്വാതന്ത്ര്യത്തിന്റെയും ലിംഗപരമായ വിവേചനത്തിനെതിരായ രാഷ്ട്രീയ പ്രയോഗമായും യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരായ സാംസ്കാരിക ഇടപെടലുകളായും ഒരു രാഷ്ട്രീയ പ്രയോഗമായുമാണ് മാറുന്നത്. വാലന്‍ന്റെന്‍സ് ഡേയ്ക്കെതിരായ എതിര്‍പ്പ് കൂടുതലും വളരെ യാഥാസ്ഥിതിക ഇടങ്ങളില്‍ നിന്നാണ് വരുന്നത്. അത്തരത്തില്‍ ഇത് സവര്‍ണ്ണ ഹിന്ദു സാംസ്കാരിക വ്യവഹാരത്തിനെതിരെയുള്ള ആഘോഷമായി മാറുന്നുണ്ട്. ഒരു ആഘോഷത്തെ ഇത്തരത്തില്‍ സമകാലീന ഇടപെടലുകളായി കൂടി മനസിലാക്കേണ്ടതുണ്ട് എന്നാണു എനിക്ക് തോനുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് പൂര്‍ണ്ണമായും അതിന്റെ മൂല സങ്കല്പ്പങ്ങളോടുള്ള വിധേയത്വമോ/ അംഗീകരിക്കാലോ ആവണമെന്നില്ല. ഓണം “മലയാളികളുടെ ദേശീയോത്സവം” എന്നത് മിക്കവാറും സ്കൂള്‍ പാഠങ്ങളില്‍ മാത്രം കാണുന്ന ഒന്നായിരിക്കും.

ആഘോഷങ്ങളുടെ പൊതുയിടം

ഒരു സാംസ്കാരിക ഇടത്തിലെ / സന്ദര്‍ഭത്തിലെ ആഘോഷങ്ങള്‍ പല നിലപാടുകളില്‍ നിന്നും ആകാവുന്നതല്ലേ? പോപ്പുലര്‍ സംസ്ക്കാരത്തില്‍ പങ്കുവെക്കല്‍ ഒരു പ്രധാന ഘടകമാണ്. ഈ പങ്കുവെക്കലിലൂടെയാണ് ഒരു ‘പോപ്പുലര്‍’ ഇടം സങ്കല്‍പ്പിക്കപ്പെടുന്നത്. ഓണം പോലുള്ള ഉത്സവങ്ങളില്‍ വ്യത്യസ്ത സമുദായങ്ങള്‍ പങ്കു ചേരുന്നത് വ്യത്യസ്ത നിലപാടുകളില്‍ നിന്നാകാം. കീഴാളര്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഒരു പക്ഷെ പൊതുയിടത്തിലെ ദൃശ്യതക്ക് വേണ്ടിയും അതിന്‍മേലുള്ള അവകാശത്തിനു വേണ്ടിയും ആകാം ഈ പൊതുയിടത്തെ കുറിച്ച് ആലോചിക്കാന്‍ ശ്രമിക്കാം. വിദ്യാഭ്യാസത്തിനും പൊതുനിരത്തിലൂടെ നടക്കുന്നതിനുമുള്ള കീഴാള ജാതി മുന്നേറ്റങ്ങള്‍ പൊതുയിടത്തിലെ അവകാശത്തിനു വേണ്ടിയും പൊതുയിടത്തിലെ ജാതീയമായ വേര്‍തിരിവുകള്‍ക്ക് എതിരെയും ആയിരുന്നു. അപ്പോള്‍ ഈ പൊതുയിടത്തെ അലോസരപെടുത്തുകയും  അതില്‍ അധീശ ജാതികളുടെ മേധാവിത്തത്തെ തകര്‍ക്കുകയുമായിരുന്നു ഉദ്ദേശം. വിദ്യാഭ്യാസപരമായും

 ___________________________________________________________________

വിദ്യാഭ്യാസപരമായും സാംസ്കാരികമായും കലാപരവും രാഷ്ട്രീയവുമായ ഇടപെടലിലൂടെ കീഴാള ജാതികള്‍ പൊതു സാംസ്കാരിക രംഗത്ത് ഒട്ടേറെ വിള്ളലുകള്‍ തീര്‍ത്തിട്ടുണ്ട്. പൊതുയിടം അത്തരത്തില്‍ സംഘര്‍ഷഭരിതമാണ്. കേവലമായ ഒരു സമഗ്ര സവര്‍ണ്ണ ജാതി മേല്‍കോയ്മ ചോദ്യം ചെയ്യപ്പെടാത്തതായി നിലനില്‍ക്കുന്നില്ല എന്നതാണ് എന്റെ അഭിപ്രായം. അല്ലാത്ത പക്ഷം ദലിതരും  മുസ്ലീങ്ങളും ആദിവാസികളും ഒരു ദൃശ്യത്വം കൈവരിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. ഓണം ആഘോഷിക്കുന്നവരില്‍ ദലിതരും ഉണ്ടാകുന്നത് പൊതുയിടത്തില്‍ നേടിയെടുത്ത സ്വാതന്ത്ര്യങ്ങള്‍കൊണ്ട് കൂടിയാണ്. പൊതുനിരത്തിലെ നടത്തം അസാധ്യമായിരുന്ന ഒരു ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു ‘പൊതു’ ആഘോഷത്തില്‍ പങ്കെടുക്കുക അസാധ്യമായിരുന്നു.

 ____________________________________________________________________

സാംസ്കാരികമായും കലാപരവും രാഷ്ട്രീയവുമായ ഇടപെടലിലൂടെ കീഴാള ജാതികള്‍ പൊതു സാംസ്കാരിക രംഗത്ത് ഒട്ടേറെ വിള്ളലുകള്‍ തീര്‍ത്തിട്ടുണ്ട്. പൊതുയിടം അത്തരത്തില്‍ സംഘര്‍ഷഭരിതമാണ്. കേവലമായ ഒരു സമഗ്ര സവര്‍ണ്ണ ജാതി മേല്‍കോയ്മ ചോദ്യം ചെയ്യപ്പെടാത്തതായി നിലനില്‍ക്കുന്നില്ല എന്നതാണ് എന്റെ അഭിപ്രായം. അല്ലാത്ത പക്ഷം ദലിതരും  മുസ്ലീങ്ങളും ആദിവാസികളും ഒരു ദൃശ്യത്വം കൈവരിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. ഓണം ആഘോഷിക്കുന്നവരില്‍ ദലിതരും ഉണ്ടാകുന്നത് പൊതുയിടത്തില്‍ നേടിയെടുത്ത സ്വാതന്ത്ര്യങ്ങള്‍കൊണ്ട് കൂടിയാണ്. പൊതുനിരത്തിലെ നടത്തം അസാധ്യമായിരുന്ന ഒരു ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു ‘പൊതു’ ആഘോഷത്തില്‍ പങ്കെടുക്കുക അസാധ്യമായിരുന്നു. ഈ പങ്കെടുക്കല്‍ കേവലം വളരെ ഉദാരമായ ഒരു ഉള്‍ച്ചേരലല്ല. വളരെ  പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ഇടപെടല്‍ തന്നെയാണ്. നഗരങ്ങളിലെ ജാതിയുടെ ഇടങ്ങളില്‍ ദളിതര്‍ വളരെ തന്ത്രപരമായ ഇടപെടലിലൂടെയാണ് തങ്ങളുടെ അഭിജ്ഞാനത (Identity) മറച്ചും വെളിവാക്കിയും ഒക്കെ ഓണം ആഘോഷിക്കുന്നത്. ജാതി പറയാതെയും വെളിവാക്കാതെയും ചില പൊതുവേഷങ്ങള്‍ അണിയുന്നത് താല്‍ക്കാലികമായ ചില അധികാര പ്രയോഗങ്ങള്‍ തന്നെയാകാം. അവിടെ ബോധപൂര്‍വ്വമായ രാഷ്ട്രീയത്തിന്റെ ശാട്യം നമുക്ക് മുന്നോട്ടു വെക്കാന്‍ കഴിയുമോ?സ്കൂള്‍, കോളേജ്, ഓഫീസുകള്‍, നാട്ടിന്‍പുറത്തെ പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ താല്‍കാലികമായി സൃഷ്ടിക്കപ്പെടുന്ന സ്വാതന്ത്ര്യം തീര്‍ത്തും പുറംതള്ളണോ?

ആഘോഷങ്ങളോടുള്ള ‘സദാചാരപരമായ’ വെറുപ്പ്‌?

ആഘോഷങ്ങളോടും ആര്‍ഭാടങ്ങളോടും അണിഞ്ഞൊരുങ്ങുന്നതിനോടുമൊക്കെ ഒരു ഇടതു സദാചാരബോധം പ്രവര്‍ത്തിക്കുന്നുണ്ട്. ഗാന്ധിയന്‍ ബോധവും ഇത്തരത്തില്‍ ആര്‍ഭാങ്ങള്‍ക്കെതിരാണ്. ഗാന്ധിയന്‍ ലളിത ജീവിത സങ്കല്‍പ്പം ആധുനികതയോടുള്ള ഒട്ടേറെ ധാര്‍മിക ആശങ്കകളിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ആഘോഷങ്ങളോടുള്ള ഇടതു സദാചാര മനോഭാവം ഇത്തരത്തില്‍ ‘മുതലാളിത്ത / കമ്പോള’ സംസ്കാരത്തെ കുറിച്ചുള്ള നിലപാടുകളില്‍ നിന്നാണ് വരുന്നത്. ഈ ഇടതു സദാചാരം ഇടതു എന്ന് വിവക്ഷിക്കപ്പെടുന്ന ഇടത്തിന് അപ്പുറം മറ്റു രാഷ്ട്രീയ വ്യവഹാരങ്ങളിലും പ്രകടമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്ര ഇടങ്ങളില്‍ നിന്നും ചില യാഥാസ്ഥിതിക  മുസ്ലീം ഇടങ്ങളില്‍ നിന്നും ദലിത് ഇടങ്ങളില്‍ നിന്നുമൊക്കെ ഈ ആഘോഷങ്ങളോടുള്ള സദാചാര ബോധം ഉയര്‍ന്നു വരാറുണ്ട്. വാലെന്റൈന്‍സ്‌ ഡേ പോലുള്ള ഉത്സവങ്ങളോടുള്ള ഹിന്ദുത്വ ആക്രമണങ്ങള്‍ ‘സാംസ്കാരികമായ’ ശുദ്ധിയെ കുറിച്ചുള്ള ആശങ്കകകളില്‍ നിന്നും ഉണ്ടാകുന്നതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ സദാചാര ബോധങ്ങള്‍ പങ്കുവെക്കുന്ന ചില പൊതു സങ്കല്പ്പങ്ങളുണ്ട്. അത് ജനപ്രിയ സംസ്കാരത്തോടും കമ്പോളത്തോടുമുള്ള ആശങ്കകകളാണ്. ‘പൈങ്കിളി’ മാസികകള്‍ക്കെതിരെ  ഇടതു സംഘടനകള്‍ നടത്തിയ പ്രചാരങ്ങള്‍ തന്നെ ജനപ്രിയ സംസ്കാരം അധമമാണെന്ന ബോധത്തില്‍ നിന്നുള്ളതായിരുന്നു. സിനിമാറ്റിക് ഡാന്‍സിന്റെ നിരോധനത്തിന് വേണ്ടി ഈ സംഘടനകള്‍ വാദിച്ചതും ഇത്തരത്തില്‍ സാംസ്കാരിക ശുദ്ധിയെ കുറിച്ച് അതുണ്ടാക്കിയ അങ്കലാപ്പുകള്‍ കാരണമാണ്. ‘വിവാഹങ്ങളുടെ ധാരാളിത്തം’, ‘സ്വര്‍ണ്ണ ഭ്രമം’, ‘ഫാഷന്‍ പരേഡ്‌ ‘ എന്നിവയോട് അമിതമായ മധ്യവര്‍ഗ ലിബറല്‍ ആശങ്കയാണ് ഇത്തരം സംഘടനകള്‍ പ്രകടിപ്പിക്കുന്നത്. ‘ജനങ്ങള്‍’ എന്നത് ബോധമില്ലാത്തവരാണെന്നും ‘അന്ധ’ വിശ്വാസങ്ങ ളിലും  ഭ്രമങ്ങളിലും പെട്ടിരിക്കുകന്നവരാണെന്നും അവരെ ‘ശരിയായ’ സംസ്കാരത്തിലേക്ക് നയിക്കുക എന്നതും തങ്ങളുടെ ബാധ്യതയാണ് എന്നാണു സമൂഹത്തിന്റെ രക്ഷകര്‍ത്താക്കള്‍ കരുതുന്നത്. ‘ചന്ത ബഹളവും ഫ്യൂഡല്‍ ജാതി വ്യവസ്ഥയുടെ ഓണക്കളിയും’ എന്നാണ് എം ബി മനോജ്‌ തന്റെ ലേഖനത്തിന്റെ പേരിട്ടിരിക്കുന്നത്. ഇവിടെ ചന്ത ബഹളത്തോടുള്ള മനോഭാവം മാര്‍ക്സിസ്റ്റ്  സമീപനത്തില്‍ നിന്നും വ്യത്യസ്തമാണോ എന്നറിയില്ല. അതെ പോലെ ഗാന്ധിയനായ സുഗതകുമാരിയുടെ ഓണത്തോടുള്ള നിലപാടിനു  ഇതിനോട് സാമ്യതയുണ്ട് എന്ന് തോന്നുന്നു. മലയാളനാടിന് നല്‍കിയ ഇന്റര്‍വ്യുവില്‍ സുഗതകുമാരി പറയുന്നു. “ഓണം ഇന്ന് മലയാളിക്ക് ഇവന്‍റ് മാത്രമല്ല ഒരു ചന്ത കൂടിയാണ്. എന്തെല്ലാം വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നതില്‍ കവിഞ്ഞ് ഓണത്തിന്റെ തനിമയും ലാളിത്യവും സൗന്ദര്യവും എല്ലാം ഇന്ന് കൈമോശം വന്നിരിക്കുന്നു. പരസ്യങ്ങളിലൂടെയാണ് നാം ഇന്ന് ഓണമാഘോഷിക്കുന്നത്. പരസ്യങ്ങളില്‍ ഭ്രമിച്ച് കമ്പോളത്തിലെ ഒരു വില്പനച്ചരക്കാക്കി  ഓണത്തെ നാം മാറ്റിയിരിക്കുന്നു. വീടുകളില്‍ പൂക്കളം തീര്‍ക്കാന്‍ പോലും ഇന്നാര്‍ക്കും സമയമില്ല. എന്നാല്‍ പതിനായിരക്കണക്കിന് രൂപ മുടക്കി എല്ലാവര്‍ക്കും പൂക്കളമത്സരങ്ങളില്‍ പങ്കെടുക്കാന്‍ സമയമുണ്ട്. പണത്തിന്റെയും ആര്‍ഭാടത്തിന്റെയും ഒരു ഷോ ആയി ഓണം മാറുമ്പോള്‍ നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഒരു സംസ്കാരത്തെക്കൂടിയാണ്”. ഇവിടെ വരേണ്യമായ ഒരോണം നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള വിലാപമാണെന്നു തോന്നുന്നു. അപ്പോഴും ചന്തയാണ് പ്രശ്നം. പരമ്പരാഗതവും ശുദ്ധവുമായ ഓണം ചന്തയുടെ സ്വാധീനം കൊണ്ട് നഷ്ടപ്പെടുന്നു എന്നതാണ് ഇവിടുത്തെ യുക്തി. ഗൃഹാതുരത്വത്തോടെയുള്ള ഈ വിലാപം എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ആലോചിക്കാവുന്നതാണ്. വരേണ്യ ഓണസങ്കല്പങ്ങള്‍ പ്രതിസന്ധിയിലാണ് എന്നല്ലേ അത് സൂചിപ്പിക്കുന്നത്?

ഓണത്തിന്റെ സംഘര്‍ഷങ്ങള്‍

പരമ്പരാഗത ഓണത്തിന്റെ നഷ്ട സ്മൃതികളെക്കുറിച്ചുള്ള വിലാപങ്ങള്‍ പുതിയ കാലത്തെ ഓണാഘോഷങ്ങള്‍ തീര്‍ത്ത പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കമ്പോളം ഇവിടെ മലിനീകരണത്തിന് ആക്കം കൂട്ടുന്നുണ്ട്. ഓണം വിപണി എന്നത് പരമ്പരാഗത ഓണത്തെ അലമ്പാക്കിയിട്ടുണ്ട്. ജാതിയുടെ പ്രധാന ആശങ്കയാണല്ലോ ശുദ്ധിയെന്നത്. സവര്‍ണ്ണ ഓണമെന്നു പറയാന്‍ കഴിയാത്തവണ്ണം ഓണം മലിനമാക്കപ്പെട്ടിട്ടുണ്ട്. ഓണ സങ്കല്‍പ്പങ്ങള്‍ പല തരം കലര്‍പ്പുകള്‍ കൊണ്ട് സംഘര്‍ഷം നിറഞ്ഞതായിട്ടുണ്ട്. അപ്പോള്‍ ഓണ വ്യവഹാരങ്ങളില്‍ ഏകപക്ഷീയമായ ഒരു മേല്‍ക്കോയ്മ ഇല്ല എന്ന് വേണം കരുതാന്‍. വ്യത്യസ്ത തലങ്ങളിലെ ഓണാഘോഷങ്ങള്‍ എടുത്തു നോക്കാം. ഓണക്കാലം എന്ന് പറയുന്ന സന്ദര്‍ഭത്തില്‍ നടക്കുന്നത് വ്യാപാര മേളകള്‍, എക്സിബിഷനുകള്‍, യൂത്ത്‌ക്ലബുകളിലെ ഓണപരിപാടികള്‍, സിനിമാ റിലീസുകള്‍, യാത്രകള്‍, വിവിധ മത്സരങ്ങള്‍, ഓണക്കള്ളികള്‍, ടൂറിസ്റ്റ്‌ വാരാഘോഷം എന്നിവയൊക്കെയാണ്. ഇവയുടെയൊക്കെ ഇടപാടുകള്‍ ഓണക്കാലത്ത് മാത്രം നേടിയെടുക്കുന്ന പ്രത്യേകമായ വരേണ്ണ്യതയൊന്നുമില്ല. യൂത്ത്‌ക്ലബ്ബുഓണങ്ങല്‍ ശ്രദ്ധിച്ചാല്‍ അവരുടെ പരിപാടികളെ കുറിച്ചുള്ള ബാനറുകളിലോ നോട്ടീസിലോ മാവേലിയുടെ പടമോ കഥകളിയുടെ പടമോ ഒക്കെ കാണാം. എന്നാല്‍ പരിപാടികള്‍ മിക്കതും ‘കേരളീയം’ എന്ന് പറയപ്പെടുന്നവയായിരിക്കില്ല. സിനിമാറ്റിക് ഡാന്‍സ്, ഗാനമേളകള്‍, കുസൃതി മത്സരങ്ങള്‍, കോഴി, ഏത്തക്കുല ലേലം നാടന്‍ പാട്ട്, മിമിക്രി, നാടകം എന്നിങ്ങനെയൊക്കെയായിരിക്കും പരിപാടികള്‍. ഉയര്‍ന്ന സംസ്കാരത്തിന്റെ തലത്തില്‍ ഒതുങ്ങാത്ത ജനപ്രിയ പരിപാടികള്‍ ആയിരിക്കും കൂടുതലും. ആഘോഷങ്ങളിലെ പ്രധാനപെട്ട ഒന്നായിരിക്കാം കൂട്ടായ മദ്യപാനം. ബീവറെജസ് കോര്‍പ്പറേഷന്റെ ഓണ കാലത്തെ മദ്യ വില്‍പ്പനയുടെ കണക്ക് പോലെ  തന്നെ വ്യാപകമായ മറ്റൊന്നുള്ളത് നാട്ടിന്‍ പുറങ്ങളില്‍ നാടന്‍ ചാരായ നിര്‍മാണമാണ്. ഇത്തരത്തില്‍ ശുദ്ധമായ സംസ്കാരത്തെ സംരക്ഷിക്കുന്ന അധികമൊന്നും പൊതുയിടത്തില്‍ കാണാന്‍ കഴിയില്ല. ഓണക്കാലം പലര്‍ക്കും അവധിയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കാണാനുള്ള സമയവും മദ്യപാനവും ഒക്കെയാണ്.

ദലിതര്‍ ഇരകള്‍ മാത്രമോ?

ഇത്രയും പറഞ്ഞു വരുമ്പോള്‍ അരാഷ്ട്രീയവാദമെന്നും ജനപ്രിയ സംസ്കാരത്തിന്റെ അധീശത്വത്തെ വിലകുറച്ചു കാണുന്നുവെന്നും  ആരോപണം ഉണ്ടാകാമെന്ന് ഭയമുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഓണത്തിന്റെ സാധ്യതകളെ കുറിച്ച് മറ്റൊരിടത്ത് നിന്നും ചിന്തിക്കാന്‍ ശ്രമിക്കുകയാണ്. ദലിത്‌ പക്ഷം എന്നത് ഒരേ ഒരിടത്ത് നിന്നും ഉരുത്തിരിയുന്ന ഒന്നാണോ എന്ന് സംശയമുണ്ട്‌. ഓണത്തോട് തീര്‍ത്തും നിഷേധാത്മകമായ നിലപാട് മാത്രമേ ദലിതര്‍ക്ക് സാധ്യമാകൂ  എന്ന് കരുതുന്നില്ല. ആഘോഷിക്കുകയെന്നത് ഒരു കുറ്റബോധം ഉണ്ടാകേണ്ട ഒന്നാണോ?ഇവിടെ മറ്റൊരു കാര്യം ഓര്‍ക്കാവുന്നതാണ്. മേല്‍ജാതി- മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയിലെ ദലിത് ആത്മകഥകളുടെ ജനപ്രീതി ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ദലിതരുടെ കദനകഥകളും വേദനയും പീഡനവും ലിബറല്‍ മനസുകള്‍ക്ക് ഒരു ആനന്ദം നല്‍കുന്നുണ്ട്. ദലിതരെ ഇരകളായി കാണുവാനാണ് അവര്‍ക്കിഷ്ടം. ജാതിപരമായി തങ്ങള്‍ അനുഭവിക്കുന്ന സവിശേഷാധികാരങ്ങള്‍ ഉണ്ടാക്കുന്ന ജാള്യതയെ ദലിതരോടുള്ള സഹതാപമായി പരിഭാഷപ്പെടുത്തിക്കൊണ്ട് തങ്ങളുടെ സ്ഥാനത്തെ നിലനിര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് ഒരു ജനാധിപത്യബോധമായി സ്വയം തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയും ചെയ്യും. ഈ വ്യവഹാരങ്ങളെ വെല്ലുവിളിക്കാതെ ഇത്തരം ദളിത്‌ വേദനകളെ കുറിച്ചുള്ള വ്യവഹാരങ്ങളും ഇരകളുടെ വിലാപങ്ങളും ദലിത് പക്ഷത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ദലിതര്‍ ഈ മുഖ്യധാരാ  സംസ്കാരികയിടത്തെ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ആഘോഷിക്കാനേ പാടില്ല എന്നുമുള്ള  ഒരു വീക്ഷണം പോലും പുലര്‍ത്തുകയും ചെയ്യുന്നു. കമ്യൂണിസ്റ്റു വിപ്ലവകാരികളുടെ ഒരു യുക്തി ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്‌. ആത്യന്തികമായ വിപ്ലവത്തിലൂടെ എല്ലാം മാറ്റിമറിക്കപ്പെടുമെന്നും അപ്പോള്‍ മാത്രമാണ് ആഘോഷങ്ങള്‍ സാധ്യമാകുക എന്ന യുക്തി. മുഖ്യധാര എന്നത് ഒട്ടേറെ വിള്ളലുകള്‍ നിറഞ്ഞതാണെന്നും ഈ ഇടങ്ങളിലെ പുതിയ സാധ്യതകള്‍ തന്നെ രാഷ്ട്രീയമാണെന്ന് കരുതേണ്ടതല്ലേ? ദലിതരുടെയും ആദിവാസികളുടെയും മറ്റു അപര സമൂഹങ്ങളുടെയും സാന്നിധ്യവും ദൃശ്യതയും ഈ മുഖ്യധാരയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരിക്കാം ചെയ്യുന്നത്. ഏതൊരു സമുദായത്തെ പോലെയും സാധ്യമായ രീതിയില്‍ ജീവിതത്തെ ആഘോഷിക്കാന്‍ ശ്രമിക്കുന്നത് ദലിതരുടെ ഒരു രാഷ്ട്രീയ പ്രയോഗം തന്നെയായിരിക്കും. വരേണ്യ ഗൃഹാതുര വ്യവഹാരങ്ങക്ക് ബദലായി അതിന്റെ അതെ യുക്തികള്‍ പിന്തുടര്‍ന്ന് ഇല്ലായ്മയുടെ ദലിത് ആഖ്യാനങ്ങള്‍ ഒരു ദുര്‍ബലമായ പ്രതിരോധമായിരിക്കും എന്ന് എനിക്ക് തോന്നുന്നു. പുന:പ്രസിദ്ധീകരിക്കപ്പെട്ട എം ആര്‍ രേണുകുമാറിന്റെ ‘തിരസ്കൃതന്റെ ഓണം’ എന്ന ലേഖനത്തില്‍ ഇത്തരത്തില്‍ ഒരു വേദനയുടെ ആനന്ദം ഉണ്ടെന്നു തോന്നുന്നു. മറിച്ച് ദലിതിടങ്ങളിലെ വ്യത്യസ്തമായ ജീവിതങ്ങളുടെ ആഘോഷങ്ങള്‍ അന്വേഷിക്കാവുന്നതാണ്. ദലിത്‌ പാട്ടുകളിലും നൃത്ത രൂപങ്ങളിലും മറ്റു സവിശേഷമായ അധികാരത്തിന്റെ സൂചനകളുണ്ട്. ഓണത്തെ കുറിച്ചുള്ള ദലിത്‌ കഥകള്‍ വ്യത്യസ്തമായ ആഘോഷങ്ങളുടെ സാധ്യതകളെ കുറിച്ച് പറയുന്നുണ്ട്. സമകാലീന സാമൂഹ്യ ഇടപാടുകളില്‍ ആഘോഷങ്ങളുടെ പുതിയ സാധ്യതകളും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.

മലയാളി /കേരളം/കേരളീയത

മലയാളിയെയും കേരളത്തെയും സങ്കല്‍പ്പിച്ചെടുക്കന്നതില്‍ മേല്‍ജാതി, പ്രത്യേകിച്ചും നായര്‍ ജാതി, വ്യവഹാരങ്ങള്‍ വഹിച്ച പങ്കു ഗൌരവമായി അന്വേഷിക്കപ്പെട്ട ഒന്നാണ്. പുറത്തും അകത്തും ഉള്ള ഒട്ടേറെ അപരത്വത്തെ നിര്‍ണ്ണയിച്ചുകൊണ്ടാണ് ഈ ‘മലയാളി’ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇത് ഒരേ സമയം കേരളം എന്ന് സങ്കല്‍പ്പിച്ചെടുത്ത സ്ഥലത്തും സാംസ്കാരിക ഇടത്തിലുമുള്ള ദലിത്, ആദിവാസി, മുസ്ലീം അപര സമുദായങ്ങള്‍ക്കെതിരയുള്ള ജാതീയമായ / മതപരമായ ഹിംസയിലൂടെയും തമിഴ്, ബീഹാര്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ ജനതകള്‍ /സംസ്ഥാനങ്ങള്‍ എന്നിവയ്ക്കെതിരായ വംശീയമായ ഹിംസയിലൂടെയുമാണ് സ്വയം നിര്‍മിച്ചിരിക്കുന്നത്. പക്ഷെ ഈ മലയാളിത്തവും അതിന്റെ പുരോഗമന ലിബറല്‍ വ്യവഹാരങ്ങളും അതിന്റെ ആന്തരികമായ പ്രശനങ്ങള്‍ കൊണ്ടും അപര സമുദായങ്ങളുടെ മുന്നേറ്റം കൊണ്ടും പ്രതിസന്ധിയിലാക്കപെടുന്നുണ്ട്. അതുകൊണ്ട് തന്നെ അത് നിലനില്‍പ്പിനായി ഉയര്‍ത്തുന്ന വിഷയങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാം, അന്യസംസ്ഥാന തൊഴിലാളികളുടെ ഭീഷണി എന്നിവയാണ്. ഗള്‍ഫിലും ഇന്ത്യയില്‍ തന്നെയുള്ള മറ്റു സ്ഥലങ്ങളിലും  ജോലി ചെയ്യുന്നവരും അതിന്റെ ഭാഗമായ ഇടപാടുകളും  മൂലം വീണ്ടും ഈ ‘പരമ്പരാഗത’ മലയാളി സങ്കല്പങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാകുന്നുണ്ട്. ഇത്തരത്തില്‍ അത്യന്തം പ്രതിസസന്ധിയിലാക്കപ്പെട്ട മലയാളിത്തം അതിനെ മറികടക്കാന്‍ വളരെ ഹിംസാത്മകമായ ‘മലയാളിത്ത’ത്തെ പുറത്തെടുക്കുന്നതാണ് മുല്ലപ്പെരിയാര്‍ സമരത്തിലും അന്യസംസ്ഥാന

_________________________________________________________________

മലയാളിയെയും കേരളത്തെയും സങ്കല്‍പ്പിച്ചെടുക്കന്നതില്‍ മേല്‍ജാതി, പ്രത്യേകിച്ചും നായര്‍ ജാതി, വ്യവഹാരങ്ങള്‍ വഹിച്ച പങ്കു ഗൌരവമായി അന്വേഷിക്കപ്പെട്ട ഒന്നാണ്. പുറത്തും അകത്തും ഉള്ള ഒട്ടേറെ അപരത്വത്തെ നിര്‍ണ്ണയിച്ചുകൊണ്ടാണ് ഈ ‘മലയാളി’ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇത് ഒരേ സമയം കേരളം എന്ന് സങ്കല്‍പ്പിച്ചെടുത്ത സ്ഥലത്തും സാംസ്കാരിക ഇടത്തിലുമുള്ള ദലിത്, ആദിവാസി, മുസ്ലീം അപര സമുദായങ്ങള്‍ക്കെതിരയുള്ള ജാതീയമായ / മതപരമായ ഹിംസയിലൂടെയും തമിഴ്, ബീഹാര്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ ജനതകള്‍ /സംസ്ഥാനങ്ങള്‍ എന്നിവയ്ക്കെതിരായ വംശീയമായ ഹിംസയിലൂടെയുമാണ് സ്വയം നിര്‍മിച്ചിരിക്കുന്നത്. 

 _________________________________________________________________

തൊഴിലാളികള്‍ക്കെതിരായ മനോഭാവത്തിലും കണ്ടത്. ഗോവിന്ദച്ചാമിക്കെതിരായ വധ ശിക്ഷയ്ക്ക് വേണ്ടിയുള്ള മുറവിളിയിലും ഇത് കണ്ടു. ഇത്രയും ഹിംസാത്മകമാണ് “മലയാളി’ ദേശീയ വാദമെന്നതില്‍ സംശയമില്ല. അത് വിമര്‍ശിക്കപ്പെടേണ്ടത് തന്നെ. പക്ഷെ ഓണം ഈ ‘മലയാളി ദേശീയ വാദത്തെ ഉത്തേജിപ്പിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഈ മലയാളിത്തത്തിന് കീഴ്പ്പെടാതെ തന്നെ ഓണം ആഘോഷിക്കപ്പെടാമെന്നാണ് പല ആഘോഷരൂപങ്ങളും കാട്ടുന്നത്. പല ഓണാഘോഷങ്ങളും പ്രാദേശികമായ സങ്കല്‍പ്പങ്ങളും പരിപാടികള്‍ക്കുള്ളിലും നടക്കുന്നവയാണ്. ബോധപൂര്‍വമായ “മലയാളിത്തം’ അന്വേഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. എന്റെ അഭിപ്രായത്തില്‍ ‘കേരള പ്പിറവി’യും മുല്ലപ്പെരിയാറും നിലവിളക്ക് വിവാദവും ഒക്കെയാണ് കൂടുതല്‍  ഹിംസാത്മകമായ മതേതര മലയാളി ശീലങ്ങളെ മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിക്കുന്നത് . കേരളത്തിന് പുറത്തുള്ള ‘മലയാളി’ ഇടപാടുകള്‍ അവിടുത്തെ സവിശേഷ സാഹചര്യങ്ങള്‍ക്കുള്ളിലായിരിക്കണം അന്വേഷിക്കേണ്ടത്. മുഹമ്മദ്‌ അഫ്സലിന്റെ ലേഖനത്തിനു  ഒരു പക്ഷെ ഹൈദരാബാദിന്റെ പ്രത്യേക സാഹചര്യത്തില്‍ മാത്രമായിരിക്കാം പ്രസക്തിയുള്ളത്. പക്ഷെ അത് എല്ലായിടത്തും ബാധകമായ മതേതരമായ ഒരു ആശങ്ക പുലര്‍ത്തുന്നുണ്ടോ? ഒപ്പം ‘കേരള പിറവി’ പോലുള്ള കൂടുതല്‍ ഹിംസാത്മകമായ ഒരു ബദല്‍ ആണ് മുന്നോട്ടു വെക്കുന്നത്. അതെ പോലെ ഹൈദരാബാദിലും മറ്റും ശക്തമായ ‘ബീഫ്‌ രാഷ്ട്രീയ’ത്തിന് കേരളത്തില്‍ അത്രയും പ്രസക്തിയുണ്ടോ? ഇവിടെ മേധാവിത്വ  ജാതികള്‍ – നായര്‍ സമുദായവും മറ്റും ബീഫ്‌ കഴിക്കുന്നവരാണ്. ബീഫ്‌ നിരോധനവുമില്ല. സവിശേഷ സാഹചര്യത്തിലെ രാഷ്ട്രീയത്തെ എല്ലായിടത്തും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അബദ്ധമായിരിക്കാം. ഓണക്കാലത്ത് ‘മലയാളിത്തം’ എന്ന ഏകശിലാ രൂപത്തിലുള്ള ഒരു ഗണത്തിലേക്ക് എല്ലാ സമുദായങ്ങളും എത്തുന്നില്ല എന്നതിന്റെ തെളിവാണ് ഈ കാലത്ത് നടക്കുന്ന അയ്യന്‍കാളി ജയന്തി ആഘോഷവും ചതയ ദിന ആഘോഷവും. ഇങ്ങനെ നോക്കിയാല്‍ ഇഫ്ലുവിലെ പ്രഭാഷണത്തില്‍ സണ്ണി എം കപിക്കാട് പറഞ്ഞ പോലെ ഒറ്റ രാത്രി കൊണ്ട് മലയാളികളെല്ലാം  നായന്മാരുകുന്നില്ല എന്നാണ് എന്റെ അഭിപ്രായം. വ്യത്യസ്ത സമുദായങ്ങള്‍ അധീശ വ്യവാഹരങ്ങള്‍ക്കെതിരെ നടത്തുന്ന ഇടപെടലുകളെ കുറച്ചു കാണലാണ് അത്  എന്നാണ് എനിക്ക് തോന്നുന്നത്.

മിത്ത് / ചരിത്രം

കേരളത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചും മഹാബലിയെ കുറിച്ചുള്ള ‘കെട്ടുകഥകളെ’ കുറിച്ചും ധാരാളം വിമര്‍ശനങ്ങള്‍ ഓണ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു.പക്ഷെ ഇതില്‍ ചരിത്രം എന്നത് മാത്രമാണ് ഭൂതകാലത്തെ കുറിച്ചുള്ള ആധികാരികമായ വ്യവഹാരമെന്ന ഒരു ബോധത്തെ കൊണ്ടുവരുന്നുണ്ട്. മിത്തുകള്‍ ഭൂതകാലത്തെ പല സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്ന രേഖകള്‍ തന്നെയാണ് എന്ന് മനസിലാക്കപ്പെടുന്നുണ്ടോ? ജാതി മേല്‍ക്കോയ്ക്കെതിരായ കീഴാള പ്രതിരോധങ്ങള്‍ തന്നെ വ്യത്യസ്ത മിത്തുകളിലും വിശ്വാസങ്ങളിലും നാടന്‍പാട്ടുകളിലും കാണാന്‍ കഴിയില്ലേ? കെട്ടു കഥകളെ നിരാകരിക്കുകയും ഒടുവില്‍ മാവേലി ദലിത്‌ രാജാവായിരുന്നു എന്ന ലളിതമായ ഒരു തീര്‍പ്പിലേക്ക് എത്തുകയും ചെയ്യുന്നു. ഇവിടെ ചിന്തിക്കേണ്ടത് ഓണം ആഘോഷിക്കുന്നവരെല്ലാം മാവേലിയുടെ ‘യഥാര്‍ത്ഥ’ ചരിത്രത്തെക്കുറിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ യത്നിക്കുന്നുണ്ടോ? ഈ ഒരു തീര്‍പ്പ് ഓണം ആഘോഷിക്കുന്നതിനുള്ള മുന്നുപാധിയാണോ? പലതരം ഓണങ്ങളുള്ളത് പോലെ പലതരം മാവേലി സങ്കല്പ്പങ്ങളുമുണ്ട്. സാമൂഹ്യ പദവിയും അധികാരവും അഭിജ്ഞാനതയും ഒരേ സമയം തന്നെ പല മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് മനസിലാക്കിയിയാല്‍ ഓണം പോലുള്ള ആഘോഷങ്ങളെ കുറിച്ച് ഒരേ ഒരു ദലിത് നിലപ്പാട് മാത്രമേ സാധ്യമാകൂ എന്നാ പിടിവാശി ഉപേക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. ഓണത്തില്‍ നിന്നും മാറിനില്‍ക്കുന്നത് പോലെ തന്നെ അതില്‍ ഇടപെടുന്നതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടില്‍ നിന്ന് കൊണ്ടാകാം. ഓണ വിരോധം വളരെ തീക്ഷ്ണമായ ഒരു വിപ്ലവാത്മക നിലപാടായി തോന്നുന്നില്ല. ആഘോഷങ്ങളോടുള്ള നമ്മുടെ നിലപാടുകള്‍ പുതിയ കാലത്തെ ഇടപാടുകളുമായി ബന്ധിപ്പിച്ചു മനസിലാക്കാന്‍ ശ്രമിക്കാവുന്നതല്ലേ?

പരാമര്‍ശിക്കപ്പെട്ട ലേഖനങ്ങള്‍ :- 

> “തിരസ്കൃതന്റെ ഓണം ” എം ആര്‍ രേണുകുമാര്‍
Top