Navigation

കവിതയിലും ‘പി.സി. ജോര്‍ജ് ഇഫക്റ്റ്‌

Vazhakkula-1

എ.കെ. വാസു

നവോത്ഥാനമൂല്യങ്ങളില്‍നിന്നും പിന്‍തിരിഞ്ഞു നടന്നുകൊണ്ട് ജാതിമേധാവിത്വവും വംശീയതയും അതിന്റെ എല്ലാ ഹിംസാത്മകതയോടെയും  തേര്‍വാഴ്ച നടത്തുന്ന പുതിയ കാലത്ത് ചങ്ങമ്പുഴയെ അപമാനിക്കാന്‍ ടോണിക്ക് ധൈര്യം കൊടുത്തത് ദളിത് ജനതയോടുള്ള അസഹിഷ്ണതയാണ്. സമ്പന്നനായ പുലയനെ പരിഹാസ്യനായി ‘ദര്‍ശനം’ ചെയ്യുന്ന ടോണി വര്‍ത്തമാന ദളിത് ജീവിതത്തെ തെറ്റിദ്ധരിക്കുകയോ ബോധപൂര്‍വ്വം അറിവില്ലായ്മ നടിക്കുകയോ ചെയ്യുകയാണ്.  ഭാഷാപോഷിണി മാസികയുടെ ഏഴാം ലക്കത്തില്‍ (2012 ജൂലൈ)  ‘വാഴക്കുല’ എന്ന പേരില്‍, കെ. ആര്‍. ടോണി എഴുതിയ കവിതയോടുള്ള  എ.കെ. വാസുവിന്റെ പ്രതികരണം.    

ഭാഷാപോഷിണി മാസികയുടെ ഏഴാം ലക്കത്തില്‍ (2012 ജൂലൈ)  ‘വാഴക്കുല’ എന്ന പേരില്‍,  ഖണ്ഡകാവ്യമാണെന്ന അവകാശവാദത്തോടെ കെ. ആര്‍. ടോണി ഒരു നീളന്‍പാട്ട് എഴുതിയിട്ടുണ്ട്.  ആറില്‍ കുറവ് സര്‍ഗങ്ങളുള്ള ചെറുകാവ്യത്തെ ഖണ്ഡകാവ്യമെന്ന് വിളിക്കാമെന്ന് സംസ്കൃതാലങ്കാരികന്‍ പറഞ്ഞിട്ടുള്ളതുകൊണ്ടാവണം മേല്‍പ്പറഞ്ഞ പാട്ടിന്റെ ഇടമുള്ളിടത്തെല്ലാം ഒന്ന്, രണ്ട് തുടങ്ങി ആറുവരെ എഴുതി വച്ചിരിക്കുന്നത്.
നാട്ടാര്‍ക്കുവേണ്ടിയായിരുന്നില്ല, മറിച്ച് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പ്രീതിയും ദാനവും ലകഷ്യമാക്കിയാണല്ലോ രാമപുരത്തുവാര്യര്‍ ‘കുചേലവൃത്തം’ വഞ്ചിപ്പാട്ടെഴുതി രാജസമക്ഷം അവതരിപ്പിച്ചത്. കുചേലന് കൃഷ്ണന്‍ കൊടുത്തതുപോലുള്ള ദാനങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ വാര്യര്‍ക്കും നല്‍കിയതായി ചരിത്രം പറയുന്നു. ടോണിയുടെ പാട്ട് അവസാനിപ്പിച്ചിരിക്കുന്നത് കുചേല വൃത്തത്തിന്റെ ക്ളൈമാക്സിലായിരിക്കുന്നതുതന്നെ  അക്കാദമിയിലെയോ ഭരണത്തിലെയോ തമ്പുരാക്കള്‍ കാര്യമായി തനിക്കെന്തെങ്കിലും നല്‍കുമെന്ന പ്രതീക്ഷയോടെയാണെന്ന് ഉറപ്പിക്കാം.
നിയോ ക്ളാസിക്കുകള്‍ പുരാണേതിഹാസങ്ങളെ ഇതിവൃത്തമായി സ്വീകരിക്കുന്നതുപോലെ ടോണി ‘ആര്യന്‍’ എന്ന മോഹന്‍ലാല്‍ സിനിമയാണിവിടെ ഇതിവൃത്തമാക്കുന്നത്. ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കീഴാളകഥാപാത്രം ചങ്ങമ്പുഴയുടെ ‘വാഴക്കുല’ നാടകമാക്കുമ്പോള്‍ മോഹന്‍ലാലിന്റെ ബ്രാഹ്മണകഥാപാത്രം, ബ്രാഹ്മണന്റെ അവസ്ഥ ഇതിലും കഷ്ടമാണെന്നു പറയുന്ന ഡയലോഗുകളാണ് ടോണിയുടെ വാഴക്കുലയ്ക്ക് ‘ദര്‍ശനം’ നല്‍കുന്നത്.

ആര്യന്‍ എന്ന സിനിമയെ കേരളത്തില്‍ ഇറങ്ങിയിട്ടുള്ള നമ്പര്‍ വണ്‍ സവര്‍ണ്ണവാദ സിനിമയായി പുതിയ തലമുറ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ആ സിനിമയിലെ സംവരണവിരുദ്ധതയെ  ചോദ്യം ചെയ്യാന്‍ സവര്‍ണ്ണരായ നിരൂപകരടക്കം മുന്നോട്ടു വന്നിട്ടുണ്ട്. ഇത്രയും വലിയ പിന്തിരിപ്പന്‍ സിനിമയെ ഇതിവൃത്തമാക്കാന്‍ ടോണിക്ക് കഴിയുന്ന പശ്ചാത്തലം, പി.സി ജോര്‍ജ്ജിനെപോലുള്ള വംശീയ ഭ്രാന്തന്മാര്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണെന്നത് യാദൃച്ഛികമല്ല. ഏതെങ്കിലും വിധത്തില്‍ മെച്ചപ്പെട്ടിട്ടുള്ള ദലിതരെയും പിന്നോക്കക്കാരെയും പൊതുമണ്ഡലത്തില്‍ നിന്നും ആട്ടിയോടിക്കണമെന്ന മനോഭാവമാണ് ജോര്‍ജ്ജിന്റെ ഭ്രാന്തിന് കാരണം. ഇതേ ഭ്രാന്ത് ടോണിക്കുണ്ട്. ഇയാള്‍ പണ്ടുമുതലേ തമാശപാട്ടുകളായും ദലിത് വിരുദ്ധ അഭിപ്രായങ്ങളായും തന്റെ ജാതിമനോഭാവം പ്രകടമാക്കിയിരുന്നു.

പാരടിയും പാസ്റിഷു (Pastiche)മാണ് പോസ്റു മോഡേണിസത്തിന്റെ ലക്ഷണമെന്ന് ഫ്രെഡറിക് ജെയിംസന്‍ പറഞ്ഞിട്ടുള്ളത് ഏതോ ഗൈഡില്‍ നിന്നുകണ്ട് അതിനൊപ്പിച്ച് എഴുതിയാണ് ഈ കവിതാഭാസം. പാരഡി അനുവാചകനെ ചിരിപ്പിക്കണം. ടോണിയുടെ വാഴക്കുല ആരെയാണ് കേരളത്തില്‍ ചിരിപ്പിക്കുന്നത്? മനുഷ്യപറ്റുള്ള എല്ലാവരും ഈ പാട്ടിനെ വെറുപ്പോടെയെ കാണുകയുള്ളു.
ഭൂതാവേശം ആവശ്യത്തിലേറെ ചെലുത്തിയിട്ടുള്ള ഈ പാട്ട് എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും കാലംപോലും പിന്നിടുന്നില്ല. വിഷ്ണുഭക്തിയും ബ്രാഹ്മണഭക്തിയുമാണ് എഴുത്തച്ഛന്റെ കവിതയ്ക്ക് നിദാനമെങ്കില്‍ ടോണിയുടെ പാട്ടില്‍ ഹിന്ദുസവര്‍ണ്ണരോടുള്ള ആരാധനയാണ് ഉള്ളത്.  കിളിപ്പാട്ടുവൃത്തവും കാലഹരണപ്പെട്ട അലങ്കാരങ്ങളും പലയിടത്തും  പ്രയോഗിക്കുന്ന ദ്വിതിയാക്ഷരപ്രാസവുമൊക്കെക്കൂടി എഴുത്തച്ഛന്റെ കാവ്യഭാഷയുടെ ദുര്‍ബലാനുകരണമാണ് ഇത്.
മലയാളകവിത എന്നേ റദ്ദുചെയ്ത വിപര്യയം, ഭുജിച്ചിട്ടു, തഥാ, യഥോചിതം, കുലോത്ഭവന്‍, സൌരഭം, ജന്മസുകൃതം, സത്വരം എന്നിങ്ങനെ നീളുന്ന സംസ്കൃതപദങ്ങള്‍ ടോണി പ്രയോഗിച്ചിട്ടുള്ളത് പാസ്റിഷാകാനായുള്ള ശ്രമഫലം കൂടിയാവണം. എഴുത്തച്ഛന്റെ ഭഗവത്വര്‍ണ്ണനയെ ഉപയോഗിച്ചുക്കൊണ്ടാണ് ഇവിടെ പുലയനെ കളിയാക്കുന്നത്.
“ബെന്‍സുകാറില്‍നിന്നു കാര്‍വര്‍ണ്ണനായൊരാള്‍ സ്റേഷന്റെ മുറ്റത്തിറങ്ങി യഥോചിതം മന്ദഹാസാന്വിതന്‍ മംഗളദായകന്‍ ഉത്തുംഗമോത്തമന്‍ ഉഗ്രപ്രതാപവാന്‍ കാരുണ്യസാഗരം കോടീശവിക്രമന്‍ സാക്ഷാല്‍ മലയപ്പുലയകുലോദ്ഭവന്‍.” എന്ന ഭാഗം ഒരു ജനതയെ തന്നെ ബോധപൂര്‍വ്വം താഴ്ത്തിക്കെട്ടാനായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. ബെന്‍സുകാറില്‍ ഇറങ്ങുന്ന പുലയനോട് ഒരു സവര്‍ണ്ണ ക്രൈസ്തവ ജാതിഭ്രാന്തന് തോന്നാവുന്ന അസൂയയില്‍ക്കവിഞ്ഞൊന്നും മേല്‍ പദ്യത്തില്‍ ഇല്ല.

സാഹിത്യത്തിന്റെ പരിവര്‍ത്തന ദിശകള്‍ ഏറ്റവും പ്രകടമായി കാണാന്‍ കഴിയുന്നത് കവിതയിലാണ്. ക്ളാസിക്, നിയോക്ളാസിക്, കാല്‍പനീകം, ആധുനികം ഉത്തരാധുനീകം എന്നീ പ്രവണതകളിലേക്ക് മലയാളകവിത മാറിതീരുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ക്ളാസിക് കൃതികളെഴുതിയിട്ടുള്ളവരായി പറഞ്ഞു വച്ചിട്ടുള്ള വാല്‍മീകി, വ്യാസന്‍, കാളിദാസന്‍ എന്നീ മിത്തുകള്‍ പിന്നിട്ടാല്‍ നിയോക്ളാസിക് കാലത്ത് നമുക്ക്  ബ്രാഹ്മണ-നായര്‍ വിഭാഗങ്ങളെ മാത്രമെ കവികളായി കാണാന്‍ കഴിയുന്നുള്ളൂ. ചമ്പൂകാരന്‍മാരും ആട്ടക്കഥാ മഹാകാവ്യകാരന്‍മാരുമെല്ലാം കൊട്ടാരങ്ങളിലും കോവിലകങ്ങളിലും “ഉണ്ടും ഉറങ്ങിയും ഉണ്ണിയെയുണ്ടാക്കിയും” മാത്രം സുഖിമാന്മാരായി കഴിഞ്ഞുകൂടിയ തമ്പുരാക്കള്‍തന്നെ. ദൈവത്തിനും രാജാവിനും വേണ്ടി മാത്രമായിരുന്നു ഇവരുടെ രചനകളത്രയും.

കുഞ്ചന്‍നമ്പ്യാര്‍ ജനകീയകവി എന്നൊക്കെ പറയുമെങ്കിലും സാധാരണ മനുഷ്യന്റെ ജീവിതമൊന്നും നമ്പ്യാര്‍ അവതരിപ്പിച്ചതായി കാണാനില്ല. ചെറുശ്ശേരിയും എഴുത്തച്ഛനും പൂന്താനവുമെല്ലാം ബ്രാഹ്മണമാഹാത്മ്യം തന്നെ പാടിയുറപ്പിക്കുന്നു.
സന്ദേശകാവ്യം, ചമ്പു ആട്ടക്കഥ, മുക്തകം എന്നീ രീതിയില്‍ നീളുന്ന നിയോ ക്ളാസിക് കാലത്തും കവിത സവര്‍ണ്ണതയുടെ കോവിലകം വിട്ട് പുറത്തുവന്നില്ല. വൃത്തങ്ങളുടെയും അലങ്കാരങ്ങളുടെയും ചതുരങ്ങളില്‍ തന്നെ കവിത കുടുങ്ങിക്കിടക്കുന്നു. അതുകൊണ്ടുതന്നെ മലയാള കവിത ഒരു ക്ഷേത്രകലയാണെന്നു പറയേണ്ടിവരും. ശുദ്ധാശുദ്ധങ്ങളാണതിന്റെ മേന്മയും താഴ്മയും നിര്‍ണ്ണയിച്ചത്. കവിതാ സാഹിത്യ ചരിത്രത്തില്‍ സവര്‍ണേതരരുടെ പേരുകള്‍ എവിടം മുതലാണ് കാണുന്നതെന്ന് ടോണി സാഹിത്യചരിത്രമെടുത്ത് ഒന്നു നോക്കുന്നത് നന്നായിരിക്കും.
ആര്‍ഷഭാരതം എന്ന ആട്ടിന്‍തോലെടുത്തണിഞ്ഞ് ഉള്ളൂരും വള്ളത്തോളും സവര്‍ണപരിഷ്കരണം നടത്തിയപ്പോള്‍ ഇതേ കാലത്ത് കടന്നുവന്ന അവര്‍ണരായ ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, ആശാന്‍, പണ്ഡിറ്റ് കറുപ്പന്‍, പൊയ്കയിലപ്പച്ചന്‍ എന്നിവരും ഇതരസമുദായങ്ങളിലെ മനുഷ്യപറ്റുള്ളവരുമാണ് കാവ്യലോകത്തെ സവര്‍ണ്ണതയെ വെല്ലുവിളിച്ചത്.  ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടു വേണം ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന ഖണ്ഡകാവ്യത്തെ കാണാന്‍.
കാല്‍പനികപ്രണയത്തില്‍ മുങ്ങിക്കുളിച്ചുപോയ ചങ്ങമ്പുഴയുടെ വേറിട്ടൊരു രചനയായിട്ടാണ് വാഴക്കുല അക്കാലത്ത് ശ്രദ്ധനേടുന്നത്. പാടത്തു പാട്ടായും നാടന്‍പാട്ടുപോലെയും കഥാപ്രസംഗമായുമൊക്കെ കേരളീയ മനസ്സില്‍ സ്ഥാനം പിടിച്ച കൃതിയാണ് ചങ്ങമ്പുഴയുടെ വാഴക്കുല.
“മലയപ്പുലയാനാ മാടത്തിന്‍ മുറ്റത്ത്
മഴവന്ന നാളൊരു വാഴനട്ടു
മനതാരിലാശകള്‍ പോലതിലോരോരോ
മരതകക്കൂമ്പുമുളച്ചുവന്നു.”
എന്ന് ആരംഭിക്കുന്ന ഈ കൃതിയില്‍ ജന്മിയുടെ പറമ്പില്‍ കുടിയാനായി കഴിയുന്ന പുലയനും കുടുംബവും ഓമനിച്ചു വളര്‍ത്തിയ വാഴ കുലച്ചപ്പോള്‍ ജന്മി തന്റെ അധികാരഗര്‍വ്വുകൊണ്ട് വാഴക്കുല വെട്ടിക്കൊണ്ടു പോവുന്നു. ഇതില്‍ നിസ്സഹായനായ മലയപ്പുലയനെ നോക്കി “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിരരെ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍” എന്ന ചോദ്യത്തിലവസാനിക്കുന്ന ഖണ്ഡകാവ്യമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. ഭാവാത്മകത, വികാരതീവ്രത, ആദര്‍ശാത്മകത തുടങ്ങി കാല്പനീകതയുടെ അടിസ്ഥാനസ്വഭാവങ്ങളെല്ലാം ചങ്ങമ്പുഴയുടെ വാഴക്കുലയിലുണ്ട് ജീവിതത്തിന്റെ ഒരംശത്തെ ഏകാഗ്രമായി ആവിഷ്കരിച്ചുകൊണ്ട് ചെറുകഥയ്ക്ക് തുല്യമായ ഒരു പ്രസരിപ്പ് ചങ്ങമ്പുഴയുടെ വാഴക്കുലയില്‍ നാം കാണുന്നു.
നവോത്ഥാനമൂല്യങ്ങളില്‍നിന്നും പിന്‍തിരിഞ്ഞു നടന്നുകൊണ്ട് ജാതിമേധാവിത്വവും വംശീയതയും അതിന്റെ എല്ലാ ഹിംസാത്മകതയോടെയും  തേര്‍വാഴ്ച നടത്തുന്ന പുതിയ കാലത്ത് ചങ്ങമ്പുഴയെ അപമാനിക്കാന്‍ ടോണിക്ക് ധൈര്യം കൊടുത്തത് ദളിത് ജനതയോടുള്ള അസഹിഷ്ണതയാണ്.
സമ്പന്നനായ പുലയനെ പരിഹാസ്യനായി ‘ദര്‍ശനം’ ചെയ്യുന്ന ടോണി വര്‍ത്തമാന ദളിത് ജീവിതത്തെ തെറ്റിദ്ധരിക്കുകയോ ബോധപൂര്‍വ്വം അറിവില്ലായ്മ നടക്കുകയോ ചെയ്യുകയാണ്.
“തൊട്ടയലത്തെ മലയപ്പുലയന്റെ കൊട്ടാരതുല്യമാം വീട്ടു തൊടിയിലെ ഏക്കറോളം നീണ്ട വാഴകൃഷിത്തോപ്പില്‍ നിന്നിന്നലെപൈപൊറാഞ്ഞിട്ടൊരു പൂവന്‍കുല വെട്ടിവേവിച്ചു തിന്നുപോല്‍”
എന്നൊക്കെ പടച്ചുവിടുമ്പോള്‍ ടോണി അറിയേണ്ടുന്ന ചില കാര്യങ്ങളുണ്ട്,

ഇരുപതു ശതമാനം വരുന്ന ദളിതുകള്‍ കേരള ഭൂവിസ്തൃതിയുടെ രണ്ടു ശതമാനം പോലും കൈവശം വയ്ക്കുന്നില്ല എന്നതാണ് ഇതുവരെ നാമറിഞ്ഞ കണക്ക്. ഹൈടെക് വാഹനങ്ങള്‍ ഉള്ളവരും നഗരസ്വത്തില്‍ പങ്കാളിത്വമുള്ളവരുമായ ദളിതരെ വിരലിലെണ്ണാവുന്നവരെപ്പോലും കേരളത്തില്‍ കണ്ടെത്താനാവില്ല. ഒന്നര സെന്റും രണ്ടു സെന്റുമായി ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന 25000ത്തിലേറെ ദളിത കോളനികള്‍ കേരളത്തിലാണുള്ളത്. ദലിതരുടെ ഒരു കല്യാണവീടോ മരണവീടോ സന്ദര്‍ശിച്ചിട്ട് ഇതര ജനതയുമായി താരത്മ്യം ചെയ്താല്‍ ദലിത് ജനതയുടെ  ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പിന്നോക്കാവസ്ഥ ബോധ്യപ്പെടും.
ഭൂപരിഷ്കരണത്തിലൂടെ നമ്പൂതിരിമാര്‍ക്ക് വലിയൊരളവ് ഭൂമി നഷ്ടമായി എന്നത് യാഥാര്‍ത്ഥ്യമായിരിക്കും. എന്നാല്‍ ആ അവസരത്തില്‍ ദളിതര്‍ക്ക് ലഭിച്ചത് ലക്ഷം വീട് കോളനികള്‍ മാത്രമാണ്.  ടോണിയടങ്ങുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്കാണ് കേരളത്തിലെ ഭൂമിയുടെ വലിയൊരു ഭാഗം കയ്യടക്കാന്‍ കഴിഞ്ഞത്. വയലാര്‍ രാമവര്‍മ്മ തന്റെ ‘തറവാടിന്റെ മാനം’ എന്ന കൃതിയില്‍ .കുണ്ടുണ്ണി മേനോന്റെ ഭൂസ്വത്ത് തട്ടിയെടുക്കുന്ന “മില്ലുടമസ്ഥനാം മത്തായിയെ” അടയാളപ്പെടുത്തുന്നത് ഈ ഭൂമി തട്ടിയെടുക്കലിന്റെപേരിലാണ്.
നമ്പൂതിരിയോട് പുലയന്‍ ദയ കാണിക്കേണ്ട അവസ്ഥ വന്നതും നമ്പൂതിരിയെ പുലയന്‍ കെട്ടിപ്പിടിച്ചതും ബെന്‍സുകാറില്‍ വന്ന കാര്‍വര്‍ണന്‍ നമ്പൂതിരിയെ കാറില്‍ കേറ്റാതെ പോയതും പരിഹാസമായി പാടിപ്പോകുന്ന ടോണിക്കുള്ള മനസ്സു തന്നെയാണ് സംവരണ വിരുദ്ധരായ സവര്‍ണ മധ്യവര്‍ഗത്തിനുമുള്ളത്.  ടോണി വേദനിക്കുന്നതുപോലുള്ള സാമൂഹികാധികാരമൊന്നും ബ്രാഹ്മണന് കേരളത്തില്‍ നഷ്ടപ്പെട്ടിട്ടില്ല. ശബരിമല, ഗുരുവായൂര്‍, പദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങി കാശുള്ള ക്ഷേത്രങ്ങളില്‍ നമ്പൂതിരിയല്ലാത്ത ഒരാള്‍ പൂജിക്കാന്‍ പാടില്ലെന്നു പറയുന്നത് ഇവിടെ പൊതുബോധം മുഴുവനുമാണ്. ബ്രാഹ്മണന്റെ എച്ചിലില്‍ ഉരുണ്ട് രോഗശാന്തി നേടുന്ന മധ്യവര്‍ഗ അധമരെ കഴിഞ്ഞ വര്‍ഷവും കാസര്‍ഗോഡു നമ്മള്‍ കണ്ടതാണല്ലോ.
ബ്രാഹ്മണിസ്റ് മൂല്യങ്ങളോട് ബ്രാഹ്മണര്‍ തന്നെ കലാപം ചെയ്യുന്ന ‘അഗ്നിസാക്ഷി’പോലുള്ള കൃതികള്‍ നമുക്കു മുന്നിലുണ്ട്. പത്തുജന്മം പട്ടിയായി ജനിച്ചാലും ഈ നമ്പൂരാക്കന്മാര്‍ക്കിടയില്‍ പെണ്ണായി ജനിപ്പിക്കല്ലേ എന്നാണ് ലളിതാംബിക അന്തര്‍ജ്ജനം ഈ കൃതിയില്‍ പറയുന്നത്. അപ്പോള്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ടോണിയെയാണ് നാം വാഴക്കുലയില്‍ കാണുന്നത്. ബ്രാഹ്മണര്‍ മാര്‍ഗം കൂടിയവരാണ് തങ്ങള്‍ എന്ന വംശീയമായ മേന്മ പേറുന്നവരാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ ചിലര്‍. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആ ജനുസ്സില്‍പെട്ടയാളാണ് ടോണി എന്ന് തോന്നുംന്നു നമ്പൂതിരിമാര്‍ കേരളത്തിലില്ലാത്ത കാലത്ത്, നമ്പൂതിരി പരിവര്‍ത്തനം ചെയ്ത് മലനാട്ടില്‍ പോയി സസ്യാഹാരം വെടിഞ്ഞ് മാംസാഹാരം സ്വീകരിച്ച് മലകിളച്ച് തെങ്ങും വാഴയും നട്ടു എന്നാണ് ഇവര്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നത്. അത്തരമൊരു മിഥ്യാബോധവും ടോണിക്കവിതയ്ക്ക് പ്രേരകമായിട്ടുണ്ട്.
മലയാളകവിതയുടെ സവര്‍ണ പാരമ്പര്യവും ക്ഷേത്രകലക്കപ്പുറം കടക്കാന്‍ കഴിയാത്ത അവസ്ഥ ഇനിയും ടോണിക്ക് ബോധ്യപ്പെട്ടില്ല എങ്കില്‍ ‘കൈരളി ചാനലിലെ’ മാമ്പഴം എന്ന പാട്ട് പരിപാടി കണ്ടാല്‍ മതിയാകും. അമ്പലത്തിന്റെ പിന്നണിയും എടയ്ക്കകൊട്ടും വിധികര്‍ത്താക്കളും വിധിയുമൊക്കെ ഒന്നു പരിശോധിച്ചാല്‍ മതി മലയാളകവിത എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്നറിയാന്‍, കവിത എന്ന പേരില്‍ പദ്യപാരായണം നടത്തുകയാണവര്‍. പുതിയ കാലത്തുനിന്നും ആസ്വാദകരെ പിന്നോട്ടു വലിക്കുകയാണവര്‍.
കവിതയില്‍ ഉത്തരാധുനിക കാലംവരെ  ക്രിസ്ത്യാനികള്‍ക്ക് ഇടമില്ലാതിരുന്നതിന് കാരണം   കവിതയുടെ ഈ സവര്‍ണതകൊണ്ടു തന്നെയാണ് സോപാന സംഗീതത്തില്‍നിന്നു മലയാളകവിത രക്ഷപ്പെട്ടത്‌ എസ്. ജോസഫും, വീരാന്‍കുട്ടിയും പോലുള്ളവര്‍ കവിതാലോകത്ത് എത്തിയപ്പോഴാണ്. അത് സവര്‍ണ്ണ ഔദാര്യമല്ല. കവിത കൈവരിച്ച പുതുവിപ്ളവമാണ്. ഭാവുകത്വത്തില്‍ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും വന്ന സവിശേഷമായ വ്യതിയാനമാണ്.
ടോണിയെപ്പോലുള്ളവര്‍ എത്രമാത്രം സ്തുതിച്ചാലും സവര്‍ണ്ണഹിന്ദുക്കള്‍ കവിതയിലൊരിടം നല്‍കാന്‍ പോകുന്നില്ല. ‘കട്ടക്കയം ക്രൈസ്തവ കാളിദാസ’നാകുന്നത് പോലെയല്ലാതെ പരിഗണിക്കുമെന്ന് വ്യാമോഹിക്കുകയും വേണ്ട. ഇപ്പോള്‍തന്നെ ചെമ്മനംചാക്കോയുടെ അടുത്ത് ഹാസ്യകവിയായി ടോണിയെ പ്രതിഷ്ഠിച്ചുകഴിഞ്ഞിട്ടുണ്ട്.
കവിതയുടെ പുതുവഴിയില്‍ ടോണി പകച്ചുനില്‍ക്കുന്നത് സ്വാഭാവികംമാത്രം.  ദയക്കോവ്സ്കിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “പുരാതനകവിതക്ക് വേണ്ടി രംഗത്തുവന്ന് പഴമയെ ആവേശപൂര്‍വ്വം ന്യായീകരിക്കുന്നവര്‍ പുതിയ കലയില്‍നിന്ന് ചരിത്രസ്മാരകങ്ങളുടെ പിന്‍ഭാഗത്ത് അഭയം തേടുക മാത്രമാണ് ചെയ്യുന്നത്.”
കവിതയെ പിന്നോട്ടടിക്കുക മാത്രമല്ല രണ്ടാം ഭൂപരിഷ്കരണം വരെ എത്തിനില്‍ക്കുന്ന ദളിത് ആദിവാസി ഭൂസമരങ്ങളെക്കൂടി പിന്നോട്ടടിക്കാനാണ് ടോണി തന്റെ പഴമുറം കൊണ്ട് ചെയ്യാന്‍ നോക്കുന്നത്.

***********

Comments

comments

Print Friendly

Tags: , ,

Subscribe Our Email News Letter :