Navigation

തമിഴനും മലയാളിയും ഒരു ശരീരത്തിന്റെ ഇരുകണ്ണുകള്‍: ചാരു നിവേദിത

Charuniveditha

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് എടുക്കാനും എഴുതാനും എന്നോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ നാളായി.  ഇതിന് ഉത്തരം പറയാന്‍ ഞാന്‍ ഒരു എഞ്ചിനീയറൊ ആര്‍ക്കിടെക്ടൊ അല്ല. എങ്കിലും മുല്ലപ്പെരിയാറും കൂടംകുളവും പോലുള്ള വിഷയങ്ങളെക്കുറിച്ച് എഴുതണമെന്ന് ഞാന്‍ വളരെ നാളായി ആഗ്രഹിക്കുന്നുണ്ട്. മുല്ലപെരിയാര്‍ ബദല്‍ അന്വേഷണങ്ങള്‍’ എന്ന പേരില്‍ നടന്ന സാംസ്ക്കാരിക കൂട്ടായ്മയില്‍   ചാരു നിവേദിത നടത്തിയ പ്രസംഗം.


മുല്ലപ്പെരിയാര്‍ വിഷയം രാഷ്ട്രീയ കക്ഷികള്‍ ഇടപെട്ടാണ് കൂടുതല്‍ വഷളാക്കിയതെന്ന് ഞാന്‍ പറയാതെ തന്നെ ഇന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. കേരളത്തില്‍ ഞാന്‍ ദത്തുപുത്രനെപോലെയും, തമിഴ്നാട്ടില്‍ തമിഴില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഒരാളെന്ന നിലയിലും ഇവിടെയുള്ള സുഹൃത്തക്കളും തമിഴ്നാട്ടിലെ എഴുത്തുകാരും ബുദ്ധിജീവികളും ഈ വിഷയത്തില്‍ നിലപാട് എടുക്കാനും എഴുതാനും എന്നോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. കലാകൌമുദിയിലെ എന്റെ വായനക്കാരില്‍നിന്നും ഇത് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം ഇ- മെയില്‍ എഴുത്തുകള്‍ എനിക്ക് കിട്ടുന്നുണ്ട്. ഇതിന് ഉത്തരം പറയാന്‍ ഞാന്‍ ഒരു എന്‍ഞ്ചിനീയറൊ ആര്‍ക്കിടെക്ടൊ അല്ല. എങ്കിലും മുല്ലപ്പെരിയാറും കൂടംകുളവും പോലുള്ള വിഷയങ്ങളെക്കുറിച്ച് എഴുതണമെന്ന് ഞാന്‍ വളരെ നാളായി ആഗ്രഹിക്കുന്നുണ്ട്. കൂടംകുളം ആണവനിലയം നന്മയോ തിന്മയോ എന്ന് പറയേണ്ടത് ശാസ്ത്രജ്ഞന്‍മാരാണ്. നമ്മളല്ല. നമ്മള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് തമിഴ്നാട്ടില്‍ വസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ്. മദ്രാസില്‍ മാത്രം ഇരുപത് ലക്ഷത്തോളം മലയാളികള്‍ താമസിക്കുന്നുണ്ട്. അവര്‍കൂടി ഉള്‍പ്പെടെയാണ് ഞാന്‍ നമ്മള്‍ എന്നുപറഞ്ഞത്. അതുകൊണ്ടുതന്നെ ഞാനൊരിക്കലും എന്നെ ഒരു തമിഴ് എഴുത്തുകാരനായി കരുതിയിട്ടില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ് കവിയായ പൂങ്കുണ്ട്റന്‍ യാവതും ഊരൈ, യാവരും ഊരൈ എന്ന തന്റെ കവിതയില്‍

എല്ലാ ഊരും
എന്നുടെ ഊര്
എല്ലാ മൊഴിയും
എന്നുടെ മൊഴി
എല്ലാവരും
എനിക്ക് സ്വന്തം

എന്ന് പാടിയ നാട്ടില്‍ ഇന്ന് രാഷ്ട്രീയക്കാര്‍ കൈകാര്യം ചെയ്യുന്ന എല്ലാ വിഷയത്തിലും ഭാഷാവാദം സ്നേഹം ഇന്ന് അധികമായിരിക്കുന്നു. അത് രാഷ്ട്രീയക്കാരുടെ കൈയിലെ ആയുധമായിരിക്കുന്നു. നമ്മള്‍ അത് അവര്‍ക്ക് വിട്ടുകൊടുക്കുന്നു. തമിഴനും മലയാളിയും ഒരു മെയ്യിലെ ഇരുകണ്ണുകള്‍ മാതിരിയാണ്. ഒന്നുപിഴുതെറിയുമ്പോള്‍ പിടയുന്നത് ഉടലാണ്. ഭാഷയിലുംസംസ്ക്കാരത്തിലും ഇഴപിരിഞ്ഞിരിക്കുന്നവരാണ് തമിഴനും മലയാളിയും. ഇറ്റാലിയന്‍ ഭാഷയ്ക്കും സപാനിഷിനും പൊതുവായുള്ളതുപോലെ തമിഴിനും മലയാളത്തിനും വളരെയധികം സാമാനതയുണ്ട്. പത്തുവര്‍ഷമായി ഞാന്‍ ഇവിടെ വന്നുപോയി കൊണ്ടിരിക്കുന്നു. എനിക്കൊരിക്കലും യൂറോപ്യന്‍രാജ്യങ്ങളിലേക്ക് പോകണമെന്ന് തോന്നിയിട്ടില്ല. പോകുകയുമില്ല. തമിഴ്നാട്ടിലും കേരളത്തിലും എല്ലാവരാലും ആദരിക്കപ്പെടുന്ന ധാരാളം എഴുത്തുകാരുണ്ട്. ഉദാഹരണത്തിന് സുന്ദരസ്വാമിക്ക് എന്നെ പിടിക്കില്ല. എനിക്ക് സുന്ദരസ്വാമിയെയും. മനുഷ്യപുത്രനും, പാമയും അടക്കം നാലഞ്ച് എഴുത്തുകാര്‍ ഈ പരിപാടിയില്‍ പങ്കെടുത്തില്ല. ഞാനവരോട് എങ്ങനെ സൌഹൃദത്തോടെ ഹലോ പറയും. പരസ്പരം കാണുമ്പോള്‍ കടിച്ചുകീറുന്ന തെരുവുനായ്ക്കളെപ്പോലെ പെരുമാറുന്ന അവിടെ പക്ഷെ എല്ലാവര്‍ക്കും ആദരണീയനായ സുകുമാരന്‍ എന്ന മലയാളിയായ കവിയുണ്ട്. ജയമോഹനന്റെ കവിതകള്‍ എനിക്കിഷ്ടമല്ലെങ്കിലും ഞാന്‍ ഏറെ ആദരവോടെ നോക്കിക്കാണുന്ന ഒരാളാണ് അദ്ദേഹം. ഇവരെ കൂടാതെ തമിഴ്നാട്ടുകാര്‍ ഏറെ ബഹുമാനിക്കുന്ന ഒട്ടേറെ എഴുത്തുകാര്‍ മലയാളികളായുണ്ട്. ഇത്രമാത്രം സാംസ്ക്കാരിക സമാനതയുള്ള നാട്ടില്‍ രാഷ്ട്രീയക്കാരും ഭാഷാ സ്നേഹികളും ചേര്‍ന്ന് ഈയൊരു വിഷയം വളരെ അപകടകരമായ നിലയില്‍എത്തിച്ചിരിക്കുന്നു.

ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളില്‍ യൂറോപ്പില്‍ ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയും അനുയായികളും ചേര്‍ന്ന് തെണ്ണൂറുലക്ഷത്തിലധികം പേരെ കൊന്നൊടുക്കികൊണ്ട് ചോരപ്പുഴ ഒഴുക്കിയതിന്റെ വിവരങ്ങള്‍ ഹിറ്റ്ലറെക്കുറിച്ചുള്ള രേഖകളും ഡോക്യുമെന്ററികളും പരിശോധിച്ചാല്‍ നമുക്ക് മനസിലാകും.ജര്‍മ്മനിക്കും ഫ്രാന്‍സിനുമിടയില്‍ അത്രയേറെ ശത്രുതകള്‍ നിലനില്‍ക്കുമ്പോഴും യൂറോ എന്ന കറന്‍സിയാണ് ഇന്നവിടെ പൊതുവായുള്ളത്. നമ്മളെപോലെ അടിച്ചുനില്‍ക്കുകയായിരുന്നെങ്കില്‍ ഇന്ന് യൂറോപ്പ് തന്നെ ഉണ്ടാകുമായിരുന്നില്ല.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെന്ന് ജോലി ചെയ്യുന്ന മലയാളികളുടെ മനസില്‍ അണക്കെട്ടുമായി ബന്ധപെട്ട് ഇന്ന് ചില പുതിയചിന്തകള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. ഞാനൊരു തമിഴ് എഴുത്തുകാരനോ മലയാള എഴുത്തുകാരനോ അല്ല. ഞാനൊരു എഴുത്തുകാരന്‍ മാത്രമാണ്. മാര്‍കേസ് ഏതു ഭാഷയിലാണ് എഴുതുന്നതെന്ന് പലര്‍ക്കുമറിയില്ല. അത്രയേറെ പരിഭാഷകള്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അതുപോലെ പോര്‍ച്ചുഗീസിലെഴുതുന്ന പൌലോ കൊയ്ലയെ ഏതാണ്ട് എല്ലാ രാജ്യക്കാര്‍ക്കും സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ മാതൃഭാഷ ഏതെന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയില്ല. ഷേക്സ്പിയറിന് മാതൃഭാഷയില്ലെന്നു തന്നെ പറയേണ്ടിവരും . എഴുത്തുകാരന് എല്ലാ ഭാഷയും തന്റെ ഭാഷയാണ്.

ആദ്യമനുഷ്യന്‍ കുരങ്ങനാണെങ്കില്‍ അത് തമിഴ്കുരങ്ങനായിരക്കുമെന്ന് പറയുന്നത്രയും ഭാഷാഭിമാനമുള്ള ജനതയാണ് തമിഴര്‍. ചരിത്രപരമായി ഇതിന് ചില അടിസ്ഥാനവുമുണ്ട്. ചോള സാമ്രാജ്യം മുതല്‍ ഈ സാമ്രാജ്യത്വ ബോധം തമിഴനുണ്ട് . കമ്പോഡിയയിലും തായ്‌വാനിലും മലായിയിലും വരെ ചെന്ന് അവിടത്തെ രാജാക്കന്മാരുടെ തലയറുത്ത് കൊടിപാറിച്ച പാരമ്പര്യം ഇപ്പോഴും പറയുന്നവരാണ് തമിഴര്‍. പക്ഷെ ഇന്ന് മലേഷ്യയില്‍ ചെന്ന് ദക്ഷിണേന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ തമിഴനോടും മലയാളിയോടും കൂലിപ്പണിക്കാരനോടെന്ന പോലെയാണ് അവിടെയുള്ളവര്‍ പെരുമാറുന്നത്. അമേരിക്കയില്‍ നിന്നാണെങ്കില്‍ നമുക്ക് നേരെ അവിടെ എവിടെയും കയറിചെല്ലാം. കീശയില്‍ കാശുണ്ടോ എന്നതുമാത്രമായിരിക്കും നോട്ടം.

ഡാം തകര്‍ന്നാല്‍ മലയാളിക്കും തമിഴനും ഉണ്ടാകുന്ന വേദന മാത്രമാണ് ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ പങ്കുവെയ്ക്കുന്നത്. അതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളുമാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. മാധ്യമങ്ങള്‍ ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവായ വിഷയമാണിത്. അത് സെന്‍സേഷണല്‍ ആക്കി മറ്റുകയല്ല വേണ്ടത്. യാഥാര്‍ത്ഥ്യം അതുപോലെ തന്നെ എഴുതണം,  അതാണ് മാധ്യമപ്രവര്‍ത്തകരോടുള്ള എന്റെ അപേക്ഷ.

മൊഴിമാറ്റം: ശ്രീജിത്ത്‌ പൈതലേന്‍

Read more:

 

>തമിഴനും മലയാളിയും ഒരു ശരീരത്തിന്റെ ഇരുകണ്ണുകള്‍: ചാരു നിവേദിത

>പുതിയ ഡാമല്ല, ജനങ്ങളുടെ സുരക്ഷ മുഖ്യം

>മുല്ലപ്പെരിയാറില്‍ പുതിയ ഡാം പരിഹാരമല്ല: കണ്‍വെന്‍ഷന്‍

>പുതിയ ഡാം : എതിര്‍ക്കേണ്ടത് എന്തുകൊണ്ട് ?

>മുല്ലപ്പെരിയാറിലെ രാഷ്ട്രീയ വഞ്ചന

> “സി.പി. റോയിക്കെതിരായ നീക്കം അപലപനീയം”

> പുതിയ ഡാം ഭാവിയിലെ ജല ബോംബ്

 

 

Comments

comments

Print Friendly

Tags: , , , , , ,

Subscribe Our Email News Letter :