Navigation

“ഈ ഭൂമി ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണ്” ഒരു ഗ്രാമീണ (ദളിത്) നാടകാനുഭവം

Robin11

റോബിന്‍ വര്‍ഗ്ഗീസ്

കൂലിപ്പണിക്കാരായ അവര്‍ പണി പോലുമുപേക്ഷിച്ച് ദിവസങ്ങളോളം നാടകക്കളരിക്ക് വേണ്ടി കഷ്ടപ്പെട്ടത് നാട്ടില്‍ നാടകമുണ്ടാകണം എന്ന ആഗ്രഹം കൊണ്ടു മാത്രമല്ല, തങ്ങള്‍ കടന്നുപോകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ്മ രൂപപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല ആയുധം നാടകമാണെന്നുമുളള തിരിച്ചറിവിലാണ് ഇത്തരത്തിലൊരു നാടകക്കളരി സംഘടിപ്പിച്ചതെന്നാണ് അവിടെയെത്തിയവരോട് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത്.

രോ നാടകവും നാടകക്യാമ്പും എനിക്ക് പുതിയ അനുഭവങ്ങളും പഠങ്ങളുമാണ്. ഷൊര്‍ണ്ണൂരിനടുത്തുള്ള തലശ്ശേരി ഗ്രാമത്തിലെ നാടക ക്യാമ്പനുഭവം സ്കൂള്‍, കോളേജ് നാടകാനുഭവപാഠങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ഗ്രാമം മുഴുവനും നാടകത്തിനായി ഒത്തുചേര്‍ന്ന ദിവസങ്ങള്‍. തലശ്ശേരിയുടെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഗ്രാമങ്ങളില്‍ നിന്നെല്ലാം ഓടിനടന്ന് കുട്ടികളെ സംഘടിപ്പിച്ചത് മുഴുവനും ചെറുപ്പക്കാര്‍. അവര്‍ക്ക് നേതൃത്വം കൊടുത്തത് പ്രമോദ് എന്ന അവരുടെ കൂട്ടുകാരനും മണിയേട്ടനേയും ചന്ദ്രേട്ടനെയും പോലെയുള്ള മുതിര്‍ന്നവരും. കൂലിപ്പണിക്കാരായ അവര്‍ പണി പോലുമുപേക്ഷിച്ച് ദിവസങ്ങളോളം നാടകക്കളരിക്ക് വേണ്ടി കഷ്ടപ്പെട്ടത് നാട്ടില്‍ നാടകമുണ്ടാകണം എന്ന ആഗ്രഹം കൊണ്ടു മാത്രമല്ല, തങ്ങള്‍ കടന്നുപോകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗങ്ങള്‍ ഒന്നിക്കേണ്ടതുണ്ടെന്നും അതിനൊരു കൂട്ടായ്മ രൂപപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല ആയുധം നാടകമാണെന്നുമുളള തിരിച്ചറിവിലാണ് ഇത്തരത്തിലൊരു നാടകക്കളരി സംഘടിപ്പിച്ചതെന്നാണ് അവിടെയെത്തിയവരോട് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത്.

കേരളത്തിലെ മികവാറും എല്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗ ആവാസകേന്ദ്രങ്ങള്‍ പോലെ തന്നെ വയല്‍ക്കരയുടെ അരികുകളിലായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ് തലശ്ശേരിയിലെ കണക്ക സമുദായവും. സര്‍ക്കാര്‍ കോണ്‍ക്രീറ്റ് കുടിലുകളല്ല മനോഹരമായ വീടുകളാണിവിടെയെന്നത് ഏറെ ശ്രദ്ധേയമാണ്. കൈനിറയെ വ്യത്യസ്ത കളറുകളിലുള്ള ചരടുകള്‍ കെട്ടുന്ന ഇവിടുത്തെ ആണുങ്ങളുടെ മുണ്ടുടുക്കുന്ന രീതിക്ക് ഒരു യൂണിഫോമിറ്റിയുണ്ട്. കാവി കളറുള്ള മുണ്ടുകള്‍ മാത്രമേ ഇവര്‍ ഉടുക്കാറുള്ളൂ. കൈയ്യിലെ ചരടുകളും, മുണ്ടിന്റെ നിറവും, മുണ്ടുടുക്കലിന്റെ ശൈലിയും പലപ്പോഴും ആളെ തിരിച്ചറിയാനും, ചില മാറ്റി നിര്‍ത്തലുകള്‍ക്കും കാരണമാകാറുണ്ട്. ഇതെഴുതുമ്പോള്‍ ആ നാട്ടിലെ ചെറുപ്പക്കാര്‍ക്കുണ്ടായ ഒരു മാറ്റി നിര്‍ത്തലനുഭവം ഇവിടെ കുറിക്കാതെ തരമില്ല. കേരളത്തിലെ അറിയപ്പെടുന്ന ‘വയലി’ നാടന്‍പാട്ട് സംഘം ആ ഗ്രാമത്തിലാണ്. എല്ലായിടത്തുമുള്ളതുപോലെ നാടന്‍പാട്ട് സംഘത്തിന്റെ മുതലാളിമാരെ പോലെ തന്നെ ഈ സംഘത്തിന്റെ മുതലാളിമാരും സവര്‍ണ്ണ സമുദായക്കാര്‍ തന്നെ. മുതലാളിമാരിലൊരാളുടെ കല്യാണത്തിന് സഹപ്രവര്‍ത്തകരായ കണക്ക സമുദായ നാടന്‍ പാട്ട് കലാകാരന്‍മാരും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ടു. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മുറ്റം വൃത്തിയാക്കാനും, പെയിന്റടിക്കാനും, പന്തല്‍ കെട്ടാനുമെല്ലാം ജൈവികമായി കിട്ടിയ ആത്മാര്‍ത്ഥതയോടെ അവര്‍ കഷ്ടപ്പെട്ടു. ഈ കല്യാണ നാടകത്തിന്റെ ക്ളൈമാക്സ് രസകരമായി! നാടന്‍ പാട്ട് സംഘത്തിലെ സവര്‍ണ്ണ മുതലാളിമാര്‍ക്കും, അവരുടെ ‘നിലവാര’ത്തിനൊത്തവര്‍ക്കും പ്രധാന ദിവസം സദ്യയും പന്തലഴിക്കലും. ഈ സംഭവം ‘വയലി’നാടന്‍ പാട്ട് സംഘത്തിലെ ചിലര്‍ക്കെങ്കിലും പുതിയ ആലോചനകള്‍ക്കും സംശയങ്ങള്‍ക്കും കാരണമായി. ജീവിതം കൊടുത്ത ഇത്തരം നേരനുഭവങ്ങളാണ് ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ ഉണ്ടാവേണ്ടതിന്റെ ആവശ്യം അവരെക്കൊണ്ട് ആലോചിപ്പിച്ചത്.

നാടകസിനിമാ സംവിധായകനായ എം. ജി. ശശിയായിരുന്നു ‘നാടകകളരി’യുടെ ഉദ്ഘാടകന്‍. ഉദ്ഘാടന സമ്മേളനത്തിനു ശേഷം സംഘാടകര്‍ കുട്ടികളെ എനിക്കും സഹപ്രവര്‍ത്തകനായ ജസ്ലിനും വിട്ടുതന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ ആശങ്കപ്പെട്ടുപോയി. കാരണം മൂന്ന് വയസു മുതല്‍ ഇരുപതിനു മുകളിലേക്കുപ്രായമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും കുട്ടികളും ‘നാടകകളരി’യിലേക്ക് എത്തിയിരിക്കുന്നു, പഠിക്കുന്നവരും പണിയെടുക്കുന്നവരും! ഈ കൂട്ടത്തിലെ ഏതാണ്ട് 98% കുട്ടികളുടെയും ആദ്യത്തെ അനുഭവമാണീ നാടക കളരി. അതുകൊണ്ടുതന്നെ പല പ്രായത്തിലുള്ള അന്‍പതിലധികം കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. പക്ഷേ അവരുടെ കണ്ണുകളിലെ തിളക്കം ‘ചത്ത മീനു’കളുടേതല്ലെന്ന തിരിച്ചറിവ് ഞങ്ങള്‍ക്കു പുതിയൊരു ഊര്‍ജ്ജം തന്നു. ആ കണ്ണുകളിലെ തിളക്കവും തളരാത്ത ശരീരവും, അടയാത്ത തൊണ്ടയും വളരെ വേഗം ഞങ്ങളെ അവര്‍ക്ക് വേണ്ടി വഴക്കിയെടുത്തു. കുട്ടികള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു നാടകത്തിന്റെ ആവശ്യമില്ലായിരുന്നു. കാരണം പരസ്പര മനസിലാക്കലുകള്‍ വളരെ വേഗം നടന്നു. പാട്ടും കളികളുമായി നീണ്ടു പോയ രണ്ട് പകലുകള്‍. നാടകകളരിയുടെ നിരീക്ഷകരായി മുതിര്‍ന്നവരും, സ്ത്രീകളും, കൈക്കുഞ്ഞുങ്ങളും. ഒരു ഗ്രാമത്തിലേക്ക് മുഴുവനും നാടകമെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ സന്തോഷം.
‘നാടകകളരി’യുടെ അവസാനം കുട്ടികളവതരിപ്പിച്ച നാടകം ഏറെ ഹൃദ്യമായിരുന്നു. സ്കൂളിലെ പിന്‍ബഞ്ച് പഠിതാക്കളായ ഇവര്‍ക്ക് സ്വതന്ത്രമായി കിട്ടിയ ഈ അവസരം അവര്‍ പാടിയും പറഞ്ഞും, കരഞ്ഞും, ചിരിച്ചും, കലഹിച്ചും ആഘോഷമാക്കി .
മണിയെന്ന കൂലിപ്പണിക്കാരനായ നാടകകാരന്റെ ‘മര’മെന്ന നാടകം കുട്ടികളവതരിപ്പിച്ചപ്പോള്‍ നാടകത്തിന്റെ ‘കുതന്ത്ര’ങ്ങളില്ലാത്ത നാടകം കണ്ട സംതൃപ്തിയായിരുന്നു ഞങ്ങളടങ്ങുന്ന കാണികള്‍ക്ക്. ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം കരഞ്ഞും, ചിരിച്ചും, പറഞ്ഞും അറിയാതെ നാടകം കളിക്കുകയായിരുന്നു. “മുതിര്‍ന്നവരെ, ഈ ഭൂമി ഞങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ്, അത് നിങ്ങള്‍ മറക്കരുത്”എന്ന് നാടകത്തിനവസാനം വരെ കാണികളെ അവര്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തി.
ക്യാമ്പ് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ തുടങ്ങുന്ന സമുദായ ചര്‍ച്ച പാതിര കഴിഞ്ഞും നീണ്ടുനിന്നു. ഒരു ദേശത്തിന്റെ, സമുദായത്തിന്റെ പ്രതീക്ഷകളും, സ്വപ്നങ്ങളും ഒളിഞ്ഞും, തെളിഞ്ഞും പുറത്തുവന്നു. ഇടത്, വലത്, താമര രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണീ രാത്രി ചര്‍ച്ചകളിലെ മുഴുവനാളുകളും, ചരിത്ര പുസ്തകങ്ങളൊന്നും പഠിക്കാതെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജാതീയ നിലപാടുകളെ ജീവിതം കൊണ്ട് അവര്‍ തിരിച്ചറിയുന്നു. രാഷ്ട്രീയത്തിന്റെ “കൈവിലങ്ങുകള്‍’ ഞങ്ങള്‍ക്ക് വേണ്ടെന്നും “ജീവിക്കുന്ന രക്തസാക്ഷി”കളാകാന്‍ ഇനി തങ്ങളില്ലെന്നും അവര്‍ പറയുന്നു. വരും തലമുറകള്‍ക്കെങ്കിലും ഈ മണ്ണില്‍ സ്വതന്ത്രരായി ജീവിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ അസ്വസ്ഥരാകുന്നു. നാടകം യവനിക വീഴുമ്പോള്‍ തീരുകയല്ല തുടങ്ങുകയാണ്. മൂന്ന് രാത്രികള്‍ക്കും രണ്ട് പകലുകള്‍ക്കും ശേഷം ഞങ്ങള്‍ ആ ഗ്രാമത്തോട് യാത്ര പറഞ്ഞുപോരുമ്പോള്‍ കുട്ടികള്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു – “മുതിര്‍ന്നവരെ ഈ ഭൂമി ഞങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ്”.

Comments

comments

Print Friendly

Subscribe Our Email News Letter :