രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം 25ന് എറണാകുളത്ത്

ജനാധിപത്യ സംഗമത്തെ കുറിച്ചുള്ള പത്ര പ്രസ്താവനയുടെ പൂര്‍ണരൂപം  ചുവടെ ചേര്‍ക്കുന്നു. ഈ പരിപാടിയെക്കുറിച്ച് ജനങ്ങളെ  അറിയിക്കുന്നതിനു വേണ്ടി മെയ്‌ 23 നു എറണാകുളം പ്രസ് ക്ലബ്ബില്‍ 1000 രൂപ നല്‍കി ഒരു പത്ര സമ്മേളനം നടത്തിയെങ്കിലും ചുരുക്കം ചില പത്രങ്ങള്‍ മാത്രമാണ് നാലു വരി പ്രസിദ്ധീകരിച്ചത്. “ടി പി വധത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും ഇപ്പോള്‍ അക്രമവിരുദ്ധരായി രംഗപ്രവേശം ചെയ്തിരിക്കുന്ന ആര്‍എസ്എസ്- ബിജെപി സംഘവും മുസ്ളിം ലീഗും മറ്റു പല സംഘടനകളും ഇത്തരം സഹോദരഹത്യകള്‍ നടത്തിയവര്‍ തന്നെയാണ്.” എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നത്. ഇത് പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ ഇത്തരം ആശയങ്ങള്‍  ജനങ്ങളില്‍ എത്തിക്കുന്നതിന് ‘മുഖ്യധാര’യില്‍ പെടാത്ത ജനകീയ പ്രസ്ഥാനങ്ങള്‍ക്ക്‌  മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടി വരുന്നുവെന്ന് ഓര്‍മിപ്പിക്കുന്നു.

റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ നിഷ്ഠുരമായ കൊലപാതകം  രാഷ്ട്രീയ പകപോക്കലിനായി നടത്തിയ സമാനതകളില്ലാത്ത ഭീകരതയാണ്. ഈ ക്രൂരകൃത്യം നടപ്പാക്കിയവരെ മാത്രമല്ല, ഗൂഢാലോചന നടത്തിയ രാഷ്ട്രീയ നേതൃത്വത്തെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിന്  ഇനിയും വൈകിക്കൂടാ. ഇത്തരം അരുംകൊലകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേരളീയ സമൂഹത്തിന്റെ ജനാധിപത്യ മനസാക്ഷിയെ ഉണര്‍ത്തുന്നതിനുള്ള പ്രചാരണ പ്രക്ഷോഭണങ്ങളുടെ തുടക്കമെന്ന നിലയില്‍ നവ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എറണാകുളം കെഎസ്ഇബി എംപ്ളോയീസ് യൂണിയന്‍ ഹാളില്‍ ‘രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം’ സംഘടിപ്പിക്കുന്നു.

രാവിലെ 11 മണിക്ക് ബിഷപ്പ് ഡോ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സി ആര്‍ നീലകണ്ഠന്‍, കെ കെ കൊച്ച്, എന്‍ എം പിയേഴ്സണ്‍, സണ്ണി എം കപിക്കാട്, വി എം ദീപ, രേഖാരാജ്, അഡ്വ. ഭദ്രാകുമാരി, അഡ്വ. കെ എസ് മധുസൂദനന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ വി മുഹമ്മദ് സക്കീര്‍,  എം വി സുബ്രഹ്മണ്യന്‍, പി പി സന്തോഷ്, എം ഡി തോമസ്, ഏകലവ്യന്‍ എന്നിവര്‍  പങ്കെടുക്കും.

ചന്ദ്രശേഖരന്‍ വധത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും ഇപ്പോള്‍ അക്രമവിരുദ്ധരായി രംഗപ്രവേശം ചെയ്തിരിക്കുന്ന ആര്‍എസ്എസ്- ബിജെപി സംഘവും മുസ്ളിം ലീഗും മറ്റു പല സംഘടനകളും ഇത്തരം സഹോദരഹത്യകള്‍ നടത്തിയവര്‍ തന്നെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അനേകം കൊലപാതകങ്ങളില്‍ ഈ പാര്‍ട്ടിക്കളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ട്.  ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന തരംതാണ രാഷ്ട്രീയ പ്രചാരണങ്ങളും സിപിഎം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഭീകരവാദത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കൊലപാതക- ക്രിമിനല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ ചന്ദ്രശേഖരന്റെ വധത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയും ധാര്‍മിക രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തന്റെ പാര്‍ട്ടി ഇതുവരെ നടത്തിയ മുഴുവന്‍ അക്രമങ്ങളെയും  ഹിംസയുടെ രാഷ്ട്രീയത്തെയും തള്ളിപ്പറഞ്ഞുകൊണ്ട് ഇനിയും ആത്മാര്‍ത്ഥത തെളിയിക്കേണ്ടതുണ്ട്.

എതിരഭിപ്രായങ്ങളെ സംവാദത്തിലൂടെയും അണികളെ രാഷ്ട്രീയമായി ബോധവല്‍ക്കരിക്കുന്നതിലൂടെയും  പരാജയപ്പെടുത്തുന്നതിനു പകരം പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ സംസ്കാരമാണ് കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്. ഇവര്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയോടെയാണ് സംസ്ഥാനത്ത് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ ക്വട്ടേഷന്‍- മാഫിയ സംഘങ്ങള്‍ വളരുന്നത്.

കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇത്തരം വഴിപിഴച്ച നയങ്ങള്‍ സാമൂഹിക സാമ്പത്തിക അവകാശ നിഷേധങ്ങള്‍ക്കെതിരായ ജനകീയ ഐക്യത്തെ തകര്‍ക്കുകയും സവര്‍ണ- സമ്പന്ന താല്‍പര്യങ്ങള്‍ക്കതിരെ അണിനിരക്കേണ്ട കീഴാള ജനവിഭാഗങ്ങളെയും തൊഴില്‍ വിഭാഗങ്ങളെയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു.  കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ സംസ്ഥാനത്ത്, വിശേഷിച്ച് മലബാറില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും പിന്നോക്ക- ദലിത് വിഭാഗങ്ങളില്‍ പെട്ടവരും ദരിദ്രരുമാണ്.
ഇടത്- വലത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘപരിവാറിന്റെയും  കൊലപാതക രാഷ്ട്രീയത്തെ ഇല്ലാതാക്കണമെങ്കില്‍ ഹിംസയുടെയും ക്രിമിനലിസത്തിന്റെയും  എല്ലാത്തരം  പ്രത്യയശാസ്ത്രത്തെയും പ്രയോഗങ്ങളെയും പരാജയപ്പെടുത്തേണ്ടതുണ്ട്. ജനാധിപത്യത്തെ ഒരു ഭരണക്രമം എന്നതിനപ്പുറം ഒരു ജീവിതരീതിയായി സ്വീകരിക്കുകയും മാനുഷികതയിലും സാഹോദര്യത്തിലും വിശ്വസിക്കുകയും ചെയ്യുന്ന ജനകീയ രാഷ്ട്രീയ കൂട്ടായ്മക്ക് മാത്രമേ സംവാദാത്മകമായ ജനാധിപത്യ രാഷ്ട്രീയത്തെ വീണ്ടെടുക്കാനും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം സ്ഥാപിക്കാനും കഴിയൂ. അതിന്റെ ഭാഗമാണ് രാഷ്ട്രീയ ഭീകരവാദത്തിനെതിരായ നവ ജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന ജനാധിപത്യ സംഗമം.

Top