മീ ടൂ മൂവ്മെന്റ്: കേരളത്തിലെ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളിൽ
മീ ടൂ ആരോപിക്കപ്പെടുന്ന വ്യക്തി ഒരു insensitive സമൂഹത്തിന്റെ പ്രതിനിധിയാണ്. ഇതൊരു ബോധമാണ്. ബോധതലത്തിൽ അറിഞ്ഞു കൊണ്ടുള്ള മാറ്റങ്ങൾക്ക് ഒരാൾ തയ്യാറാവാതിരിക്കുമ്പോൾ, പൊതുബോധത്തിന്റെ പ്രവർത്തന ഇടമായി അയാളുടെ ബോധം മാറുന്നു. അപ്പോൾ സംഭവിക്കുന്നത് സാമൂഹികതയിൽ അടങ്ങിയിരിക്കുന്ന സ്ത്രീവിരുദ്ധ നയങ്ങൾ അയാളറിയാതെ തന്നെ അയാളിലൂടെ പ്രവർത്തിക്കുന്നു എന്നതാണ്. തന്റെ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ വന്നു കൂടുന്ന ഹിംസകളെ (violence) തിരുത്തുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനെക്കുറിച്ച് തുറന്നു പറയുക എന്നത് പ്രിവിലജ് അനുഭവിക്കുന്ന ഓരോ പുരുഷനും ചെയ്യേണ്ടതാണ്. ശ്രീജിത പി.വി എഴുതുന്നു.
സ്വകാര്യ ഇടങ്ങളിൽ പുരുഷന്മാർ കാണിക്കുന്ന അധികാരങ്ങൾക്കു പൊതു ഇടങ്ങളിൽ അവരെ ഉത്തരവാദിത്തതോടെ പെരുമാറാൻ നിർബന്ധിതരാക്കുന്ന രീതിയാണ് #MeToo. ലൈംഗികാക്രമണത്തിനെതിരെയാണ് #MeToo ഉപയോഗിച്ചു വരുന്നതെങ്കിലും അധികാര ദുർവിനിയോഗത്തിന് സാധാരണയായി പലപ്പോഴും പൊതു ഇടങ്ങളിൽ ആണുങ്ങളെക്കുറിച്ചെഴുതുന്നത് താരതമ്യേന ഫലപ്രദമായ ഒരു രീതിയാണ്. കാരണം, സ്വകാര്യയിടങ്ങളിൽ സ്വന്തം അധികാരങ്ങളെക്കുറിച്ച് പുരുഷന്മാരിൽ അവബോധം കുറവും, സാമൂഹികമായി കിട്ടുന്ന അധികാരങ്ങൾക്ക് പോറലേൽക്കുമ്പോൾ മാത്രം സ്വകാര്യ ഇടങ്ങളിലെ തങ്ങളുടെ ആശയങ്ങളുടെയും ചിന്തകളുടെയും പ്രവൃത്തികളുടെയും പ്രത്യാഘാതങ്ങൾ അവർ തിരിച്ചറിയുകയും ചെയ്യുന്നത് കാണാം. പല സാഹചര്യങ്ങളിലും സ്ത്രീകളും കുട്ടികളും തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതുമ്പോഴും ആണധികാരം തനിക്കു ചുറ്റുമുള്ളവരെ ബാധിക്കുന്നതെങ്ങനെയാണെന്ന് സ്വയം ചിന്തിച്ചു പെരുമാറാനുള്ള ഉത്തരവാദിത്വം പുരുഷന്മാർ ഏറ്റെടുക്കാൻ തയാറല്ല. അവർക്ക് നഷ്ടങ്ങൾ വരുമ്പോൾ മാത്രമാണ് എവിടെയാണ് തങ്ങൾക്ക് പിഴവു പറ്റിയത് എന്ന് അവർ ആലോചിക്കുന്നത്.
ലൈംഗികതയിലുള്ള സ്ത്രീയുടെ agency യെക്കുറിച്ച്, സ്ത്രീപക്ഷ ചർച്ചകളും, സാമൂഹത്തിന്റ ആണത്വ പൊതുബോധ മൂല്യങ്ങളിൽ നിന്നുകൊണ്ട്, സ്ത്രീയുടെ അവകാശങ്ങളെ നിരാകരിക്കുന്ന ചർച്ചകളും ഇവിടെ നടക്കുന്നുണ്ട്. പുരോഗമന സമൂഹത്തിന്റ പ്രതിനിധികൾ എന്ന പ്രിവിലേജ് അനുഭവിക്കുന്നവരിലും പുരുഷ്യാധിപത്യത്തിലധിഷ്ടിതമായ പൊതുബോധത്തിന്റ എല്ലാ അപകടങ്ങളും ഒളിച്ചിരിക്കുന്നുണ്ട്. ആണുങ്ങളുടെ ഭാഗത്തു നിന്നു കൊണ്ടു സ്ത്രീകളെ ഇപ്പോഴും ലൈംഗികതക്കുള്ള object ആയി കാണുന്ന ചർച്ചകൾതന്നെയാണ് ലൈംഗികതയെക്കുറിച്ചുള്ള ആൺ വീക്ഷണങ്ങളിൽ ഇപ്പോഴും നടക്കുന്നത്. ആൺ വ്യവഹാരങ്ങളിൽ ഗുപ്തമായിഇപ്പോഴും നടക്കുന്ന ഇത്തരം ചർച്ചകൾ സ്ത്രീകളുടെ ലൈംഗികാവകാശതലങ്ങളിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള സാമൂഹ്യ മുന്നേറ്റങ്ങളെ പുറകിലേക്ക് കൊണ്ടുപോകുന്നു.
യാതൊരു തരത്തിലും സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നു തന്നെയാണ് പല #MeToo വെളിപ്പെടുത്തലുകളും തെളിയിക്കുന്നത്. #MeToo മൂവ്മെന്റിലെ വെളിപ്പെടുത്തലുകളെ ആഴത്തിൽ ശ്രദ്ധിച്ചാൽ ഒന്നു മനസ്സിലാവും, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരാൾ മാത്രമല്ല, ഒരു സമൂഹമാണ് ഇങ്ങനെ ചിന്തിക്കുന്നത്.
#MeToo ആരോപിക്കപ്പെടുന്ന വ്യക്തി ഒരു insensitive സമൂഹത്തിന്റെ പ്രതിനിധിയാണ്. ഇത് ഒരു ബോധമാണ്. ബോധതലത്തിൽ അറിഞ്ഞു കൊണ്ടുള്ള മാറ്റങ്ങൾക്ക് ഒരാൾ തയാറാവാതിരിക്കുമ്പോൾ പൊതുബോധത്തിന്റെ പ്രവർത്തന ഇടമായി അയാളുടെ ബോധം മാറുന്നു. അപ്പോൾ സംഭവിക്കുന്നത് സാമൂഹികതയിൽ അടങ്ങിയിരിക്കുന്ന സ്ത്രീ വിരുദ്ധനയങ്ങൾ അയാൾ അയാളറിയാതെതന്നെ പ്രവർത്തിക്കുന്നു എന്നതാണ്. തന്റെ പ്രവർത്തിയിലെ ഇത്തരത്തിലുള്ള violence തിരുത്തുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനെക്കുറിച്ച് തുറന്നു പറയുക എന്നത് പ്രിവിലജ് അനുഭവിക്കുന്ന ഓരോ പുരുഷനും ചെയ്യേണ്ടതാണ്. ഇത് സ്വയം ചെയ്യാതിരിക്കുമ്പോൾ ആണ് ആണധികാരത്തെക്കുറിച്ച് ബോധത്തിൽ ഒരു ആത്മപരിശോധനക്കായി ഒരാളെ മറ്റ് വ്യക്തിക്കോ ആളുകൾക്കോ കൂട്ടായ്മകൾക്കോ Public ആയി നിർബന്ധിക്കേണ്ടിവരുന്നത്.
ആണുങ്ങളുടെ ഭാഗത്തു നിന്നും തങ്ങളുടെ പിഴവുകളെക്കുറിച്ച് ആരും നിർബന്ധിക്കാതെ തന്നെ ഓരോരുത്തരും തുറന്നു പറയുന്ന മുന്നേറ്റങ്ങൾ ഉണ്ടായി വരേണ്ടതുണ്ട്.
ഏതു തരത്തിലുള്ള അധികാര ദുർവിനിയോഗത്തിലും Public ആയുള്ള തുറന്നു കാട്ടൽ അവരെ ആത്മ പരിശോധനക്കു വിധേയനാവാൻ നിർബന്ധിതനാക്കുന്നുണ്ട്. ഒരു വ്യക്തി അങ്ങനെ സ്വയം വിമർശനാത്മകമായി പെരുമാറുമ്പോഴാണ് ആൾ ഉയർന്ന മൂല്യ തലങ്ങളുള്ള സമൂഹത്തിന്റെ പ്രതിനിധി ആവുന്നത്. സാമൂഹ്യാധികാരമുള്ള ഒരു വിഭാഗത്തിൽ ഭാഗമാവുന്നതു കൊണ്ട് എല്ലാവരിലും ഏറിയും കുറഞ്ഞും പ്രിവിലജ്ന്റെ അന്ധതയും കടന്നുവരുന്നതായി കണ്ടു വരുന്നുണ്ട്. പ്രിവിലജ്ന്റെ അന്ധത കാരണം മറ്റുള്ളവർ അവകാശങ്ങളില്ലാത്തവരായി മറ്റപ്പെടുമ്പോൾ അറിയാതെ ചെയ്യുന്നവയാണെങ്കിലും തെറ്റ് തിരുത്താൻ ഒരാൾ ബാധ്യസ്ഥനാണ്.
ഒരു വ്യക്തിക്ക് അധികാരത്തിൽ നിന്നും അറിവിലേക്ക് സഞ്ചരിക്കാനുള്ള അവസരമാണ് #MeToo വിലൂടെ സംഭവിക്കേണ്ടത്. എന്നാൽ #MeToo അധിക്ഷേപങ്ങളിലും ചെളിവാരി എറിയലിലും ഒതുങ്ങി നിൽക്കുന്നു. ആരോപിതനായ വ്യക്തിയോടുള്ള സഹതാപവും മുറിവേറ്റ സ്ത്രീയോടുള്ള അനുതാപത്തോടൊപ്പം സമൂഹത്തിൽ രേഖപ്പെടാറുണ്ട്.
വേദനയിലൂടെയാണ് ഒരു വ്യക്തിയും ഒരു സമൂഹവും വളരുന്നത്. വെളിച്ചം വരുന്നതു വേദനയിലൂടെയാണ്. സർഗാത്മകതയിലും വേദന അടങ്ങിയിരിക്കുന്നു. ഒരു ദിവസത്തെ ഒരു മുറിവല്ല, കാലങ്ങളായി സംഭവിച്ച മുറിവുകളാണ് സ്ത്രീ സമൂഹം സാമൂഹ്യമായി വേദന പങ്കുവെക്കുന്നതിലൂടെ രേഖപ്പെടുത്തുന്നത്. എന്നാൽ താനുൾപ്പെടുന്ന സമൂഹത്തിൽ സാധാരണം എന്നു തോന്നുന്ന തെറ്റുകളാൽ എന്തുകൊണ്ട് താൻ കുറ്റക്കാരനാകണം എന്ന വസ്തുത മനസ്സിലാക്കാതെ പുരുഷന്മാർ, ആരോപിക്കപ്പെട്ടയാളെ ഒരു വലിയ തെറ്റു ചെയ്യാത്തവനായി കാണുന്നു. വലിയ ഒരു കുറ്റകൃത്യമായി അടയാളപ്പെടുമ്പോൾ മാത്രമാണ് അധികാരത്തിന്റെ ഭാഗമായി പുരുഷാധിപത്യ മൂല്യങ്ങൾ തങ്ങളിലൂടെ പ്രചരിക്കുന്നതിന്റെ തീവ്രത പുരുഷന്മാർ മനസ്സിലാക്കുന്നത്.
ആണഹന്തയിൽ നിലകൊള്ളുന്ന Egocentric ആയ ഒരാൾക്ക് തനിക്കെതിരെയുള്ള ആരോപണത്തിന്റെ തീയിൽ നിന്നു രക്ഷപ്പെടാനായി ആരോപണം ഉന്നയിക്കുന്ന ആളെ തള്ളിപ്പറയുക എന്ന ഒരു വഴി മാത്രമാണ് തുറന്നു കിട്ടുന്നത്. യഥാർത്ഥത്തിൽ ego centric ആയ ഒരു dimension ൽ നിന്നും ഉയർന്ന് തന്റെ തെറ്റുകൾ തിരുത്താനുള്ള മാനസികാവബോധം വളർത്തിയെടുക്കാനുള്ള അവസരമായാണ് അയാൾ ആ സംഭവത്തെ കാണേണ്ടത്. പരസ്പരം കുറ്റപ്പെടുത്തുന്നതിലൂടെയോ തള്ളിപ്പറയുന്നതിലൂടെയോ സർഗാത്മകവും സ്നേഹ കേന്ദിതവുമായ ഒരു സമൂഹം രൂപപ്പെടുന്നില്ല. തെറ്റുകൾ സംഭവിക്കുന്ന ഇടങ്ങളിൽ നിന്ന് ആ ബോധത്തിൽ നിന്ന് ഉയർന്ന ഒരു ബോധതലം അതിന്റെ ഭാഗമായി സമൂഹത്തിലെ ഇടം ആർജിച്ചെടുക്കാനായി ശ്രമിക്കുകയാണ് അയാൾ ചെയ്യേണ്ടത്.
മൂലധനം
അധികാര സമ്പാദനവും നല്ല പ്രതിഛായയും നേതാവിന്റെ മുഖവും സാമൂഹ്യ സമ്പത്തും മാത്രം മൂലധനമായി കാണുകയും മൂല്യങ്ങളെ രണ്ടാമതായി മാത്രം പ്രധാനമായി കണ്ടക്കാക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ #MeTooവിന് വിധേയമാവുന്നയാൾ സ്വയം നശിച്ചതായും ജീവിതത്തിൽ മുന്നോട്ട് വഴികൾ തെളിയണമെങ്കിൽ അയാളുടെ അക്രമത്തിന് ഇരയായ ആളെ പൂർണ്ണമായും തെറ്റാന്നെന്ന് തെളിയിക്കാൻ ബാധ്യസ്ഥനാണ് താൻ എന്ന് തോന്നുകയും ചെയ്യുന്നു. എന്നാൽ അറിവ് മൂലധനമായി കാണുന്ന ഒരാളെ സംബന്ധിച്ച് വ്യത്യസ്തമാണ് ഈ സാഹചര്യം.
അറിവ്
അറിവിനോട് പ്രാഥമികമായ പ്രതിബദ്ധതയുള്ള ഒരാൾക്ക് #MeToo ആരോപണം അവനവനിലേക്ക് തുറന്നുവെച്ച ഒരു കണ്ണാടിയായിരിക്കും. ആരോപണം ബാധിക്കുന്നത് തന്നെ മാത്രമല്ല ആരോപണം ഉന്നയിച്ച സ്ത്രീയുടെ വേദനയിൽ നിന്നുടലെടുത്ത സംഭവത്തിൽ താനും ഭാഗവാക്കാണ് എന്ന് അയാൾ തിരിച്ചറിയുന്നു. അവളുടെ വേദനയിൽ തനിക്കും പങ്കുണ്ടെന്ന് അയാൾ തുറന്നുസമ്മതിക്കുന്നത് ആദ്യം തന്നോടു തന്നെയായിരിക്കും. ഉറച്ചുപോയ കണ്ണീരുറവയെ തുറന്നു വിടാൻ അതോടെ ആരോപിതൻ ഇരയെയും, അവരുടെ കൂടെ നിന്നവരെയും സഹായിക്കുന്നു. സ്വയം വേദനകളിലൂടെ അധികാര വിമുക്തനായി അറിവിലേക്ക് സഞ്ചരിക്കാനുള്ള സന്നദ്ധതയുടെ തുടക്കമായിട്ടാണ് ഇതിനെ അയാൾ കാണുന്നത്.
ആത്മപരിശോധന
അവനവന്റെ വിലയിരുത്തലുകളിലാണ് അധികാര ദുർവിനിയോഗം എത്രത്തോളം തന്റെ ജീവിതത്തിന്റെ ഭാഗമാക്കിത്തീർത്തിട്ടുണ്ട് എന്നത് ഒരാൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടത്. സാമൂഹികതയിലല്ല. അതിൽ നിന്ന് വളരേണ്ടത് ഒരാൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ്. അത് തന്റെ ഉത്തരവാദിത്തമായി ഒരാൾ സ്വയം ഏറ്റെടുക്കുന്നിടത്തു ഇരയും വേട്ടക്കാരനും ഒരേ സമയം ഈ സംഭവത്തിന്റെ സർഗാത്മകമായ വശത്തേക്ക് യാത്ര ചെയ്യുന്നു. സാമൂഹ്യ മുന്നേറ്റത്തിന് നേതൃത്വസ്ഥാനം വഹിക്കുന്നവരോട് അവരുടെ ഉത്തരവാദിത്തങ്ങളുടെ മാനങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംവദിക്കുകയാണ് ഇത് പോലയുള്ള സ്ത്രീമുന്നേറ്റങ്ങൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരാളെ വ്യക്തിപരമായി നശിപ്പിക്കും എന്ന ചിന്തയിലല്ല, ഒരു കൂട്ടം ആളുകൾ പ്രവർത്തിക്കേണ്ടത്. അവരെ ഒരിക്കലും സമൂഹത്തിൽ നിന്ന് പുറംതള്ളുകയോ മറ്റു മേഖലകളിലുള്ള അവരുടെ ബുദ്ധിപരവും സാമൂഹ്യ മാറ്റങ്ങൾക്കുതകുന്നതുമായ പ്രവർത്തനങ്ങളിൽ നിന്ന് അവരെ പൂർണ്ണമായി മാറ്റി നിർത്തുകയോ പ്രതിയായി മാത്രം മുദ്ര കുത്തുകയോ സാമൂഹ്യ പ്രവർത്തകൻ എന്നതിൽ നിന്ന് കുറ്റവാളി എന്നതിലേക്ക് ത് തരംതാഴ്ത്തുകയോ അല്ല, മറിച്ച് അയാളിൽ വ്യക്തിപരമായ മൂല്യങ്ങളിൽഅധിഷ്ഠിതമായ ഒരു മാറ്റത്തിന് കാരണമാവുക, അയാളുടെ ബോധത്തിൽ ഉയർച്ചയുണ്ടാക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം ആണ് ഉത്തരവാദിത്തമുള്ള ഒരു ഉയർന്ന സമൂഹം ഏറ്റെടുക്കേണ്ടത്.’