കറുത്ത ശരീരത്തെ വെളുത്ത വസ്ത്രം ആശ്ലേഷിക്കുമ്പോൾ
ഒരാളുടെ സ്വത്വത്തെ കുറിച്ചുള്ള ആദ്യ തോന്നലുകൾ സൃഷ്ടിക്കുന്നതും അതു മറ്റുള്ളവരോട് വിനിമയം നടത്തുന്നതും വസ്ത്രമാണ്. ജാതിയും മതവും ദേശവും തുടങ്ങി മിക്ക സാംസ്കാരിക പരിസരങ്ങളും വസ്ത്രങ്ങൾക്ക് ഉൾകൊള്ളാനാവും. വെളുത്ത വസ്ത്രം നടത്തുന്ന പ്രതീകാത്മക ഹിംസയെ കുറിച്ച് പി.എം മുബഷിർ എഴുതുന്നു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കറുത്ത ശരീരങ്ങളെ ആശ്ലേഷം ചെയ്യുന്ന നേതാക്കളുടെ ചിത്രങ്ങൾ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ ഏതു തന്നെയായാലും കറുപ്പ് വെളുപ്പ് എന്ന ദ്വന്ദത്തിനുള്ളിൽ കാര്യങ്ങളെ കാണുന്നതിൽ കാര്യമായ പ്രതിരോധങ്ങൾ ഉയർന്നു കാണാറില്ല. വെളുത്ത ശരീരം അധികാരത്തിന്റെയും കറുത്ത ശരീരം ബലഹീനതയുടെയും അടയാളങ്ങൾ മാത്രമായി ചുരുങ്ങുകയാണ് പതിവ്. നിറങ്ങളുടെ ഈ രാഷ്ട്രീയാർത്ഥങ്ങൾ പ്രതീകാത്മക ഹിംസകൾ തീർക്കുന്നതിന് പല കാരണങ്ങളും ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ ഉണ്ട്. ഇന്ത്യയിലെ രാഷ്ട്രീയക്കാർ വെളുത്ത വസ്ത്രം ചര്യയാക്കിയതാണ് അതിലൊന്ന്. കാരണം കറുത്ത ശരീരമുള്ള അധികാരികൾ/ രാഷ്ട്രീയക്കാർ പോലും വെള്ളവസ്ത്രം അണിയുമ്പോൾ കറുപ്പ് എന്ന നിറത്തെ അധികാരമില്ലായ്മക്ക് ഒപ്പം കൂട്ടിക്കെട്ടുകയാണ്.
വസ്ത്രം ഒരുപാട് കാര്യങ്ങളെ കുറിച്ച് പറഞ്ഞു വെക്കാറുണ്ട്. ഒരാളുടെ സ്വത്വത്തെ കുറിച്ചുള്ള ആദ്യ തോന്നലുകൾ സൃഷ്ടിക്കുന്നതും അതു മറ്റുള്ളവരോട് വിനിമയം നടത്തുന്നതും വസ്ത്രമാണ്. ജാതിയും മതവും ദേശവും തുടങ്ങി മിക്ക സാംസ്കാരിക പരിസരങ്ങളും വസ്ത്രങ്ങൾക്ക് ഉൾകൊള്ളാനാവും. ഈ ഉൾകൊള്ളലുകൾ രണ്ടു വിധത്തിലുള്ള ചിന്താധാരകൾക്കുള്ളിൽ നിന്നാണ് പ്രധാനമായും വായിക്കപ്പെട്ടിട്ടുള്ളത്. വസ്ത്രം മനുഷ്യന്റെ സ്വാതന്ത്യത്തെ പരിപോഷിപ്പിക്കുന്നതായും പരിമിതപ്പെടുത്തുന്നതായും. ബിക്കിനികൾ മുതലാളിത്തത്തിന്റെ വാണിജ്യ തന്ത്രമാണെന്നും അത് സ്ത്രീ ശരീരത്തെ വസ്തുവൽകരിക്കുന്നു എന്നുമുള്ള വായന, വസ്ത്രം മനുഷ്യനെ പരിമിതപ്പെടുത്തുന്നു എന്ന ചിന്താധാരയിൽ നിന്നുള്ളതാണ്. അതേസമയം, ബിക്കിനി തന്റെ ചോയ്സും അവകാശവുമാണെന്ന് പറയുന്ന സ്ത്രീകൾ പിന്തുണയ്ക്കുന്നത് വസ്ത്രം സ്വാതന്ത്യത്തെ പരിപോഷിപ്പിക്കുന്നു എന്ന വായനയെയാണ്. പരിപോഷിപ്പിക്കുന്നതായാലും പരിമിതപ്പെടുത്തുന്നതായാലും, സമൂഹം ഇത് വഴി ചില വസ്ത്ര ചര്യകളെയാണ് നിർമിച്ചെടുക്കുന്നത്.
ഈ വസ്ത്ര ചര്യകൾ പ്രതീകാത്മക ഹിംസകൾ സൃഷ്ടിക്കുകയും ഒരു അപരനെ അത് വഴി പ്രതിയാക്കി വെക്കുകയും ചെയ്യും. ‘ഉടൻ പണം’ എന്ന പരിപാടി വയനാട്ടിലേക്ക് പോവുമ്പോൾ ആദിവാസികളുടെ വസ്ത്രമെന്ന ‘ചര്യയെ’ മാത്തുകുട്ടിയും കലേഷും അണിയുന്നത് ഇത് കൊണ്ടാണ്. വയനാട്ടിലെ ഒരു തുണിക്കടയിലും ലഭ്യമല്ലാത്ത/ ഒരാളും ഉപയോഗിക്കാത്ത വസ്ത്രമണിഞ്ഞ് ഈ രണ്ടു പേരും അവിടെയെത്തുമ്പോൾ ഇന്നും വയനാട് എന്ന ടെറിട്ടറിയിൽ നിന്നും വേർപ്പെടുത്താനാവാത്ത ‘കാട്ടു ജാതികളെയാണ്’ (‘ഉടൻ പണ’ത്തിന്റെ യൂട്യൂബ് വീഡിയോക്ക് താഴെ വന്ന കമന്റ്) അടയാളപ്പെടുത്തുന്നത്. ഇത്തരത്തിൽ വസ്ത്ര ചര്യകൾ നിർമ്മിച്ചെടുത്ത മറ്റൊരു കൂട്ടരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ. വെള്ള വസ്ത്രത്തിലേക്ക് മാത്രമൊതുങ്ങിയ ഇവർ അധികാരമില്ലാത്ത അപരനെ സൃഷ്ടിക്കുകയും അത് വഴി പ്രതീകാത്മക ഹിംസകൾ നടത്തുകയും ചെയ്യുന്നു.
എമ്മാ ടാർലോ രാഷ്ട്രീയക്കാരുടെ വെളുത്ത വസ്ത്രം എങ്ങനെ ഇന്ത്യയിൽ വന്നു എന്നതിനെ കുറിച്ച് Clothing Matters: Dress and Identity in India എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. നമ്മൾ നിർമിക്കുന്ന ഉത്പന്നങ്ങൾ മാത്രം നമ്മൾ ഉപയോഗിക്കുക എന്ന സ്വദേശി ചിന്തയാണ് ഇതിന് തുടക്കം എന്ന് അവർ വിവരിക്കുന്നു. സ്വാതന്ത്ര്യസമര മാർഗമായി സ്വദേശി പ്രസ്ഥാനം വളരുകയും ഖദർ അതിൽ മുഖ്യമാവുകയും ചെയ്തതോട് കൂടി വെളുത്ത വസ്ത്രം മാത്രം അണിയുന്ന ഗാന്ധിയും, അത് പൂർണമായും അനുകരിക്കുന്ന മറ്റു നേതാക്കളും ഉണ്ടായി. കാരണം ഖദർ എന്നത് ഒരു ‘വെളുത്ത’ നിറത്തിലുള്ള തുണിയായിരുന്നു.
എന്നാൽ സ്വദേശി ആശയം മാത്രമല്ല ഗാന്ധിയെ കൊണ്ട് ഈ വസ്ത്രം മാത്രം ഉടുപ്പിച്ചത്. 1921 സെപ്റ്റംബർ 22നാണ് ഗാന്ധി തന്റെ വേഷം മറ്റുന്നതിനെ കുറിച്ച് ആദ്യമായി സംസാരിക്കുന്നത്.
മധുരയിലേക്കുള്ള യാത്രയിൽ കർഷകരെ കാണുകയും അവരുടെ ‘വസ്ത്രമില്ലായ്മ’ ഗാന്ധിയെ അലോസരപ്പെടുത്തുകയും ചെയ്തു. അവർക്ക് എങ്ങനെ വസ്ത്രം നൽകാം എന്നതിലുപരി തനിക്ക് എങ്ങനെ വസ്ത്രമില്ലാത്തവനാവാം എന്നാണ് അദ്ദേഹം ചിന്തിച്ചത്. കൂടുതൽ അലങ്കാരങ്ങൾ ഉള്ള സാമ്പ്രദായിക ഗുജറാത്തി വേഷത്തിൽ നിന്ന് അദ്ദേഹത്തിന്റെ ദോത്തിയിലേക്കുള്ള ഒരു പറിച്ചു നടൽ ആയിരുന്നു അങ്ങനെ സംഭവിച്ചത്.
ആഡംബരത്തിൽ നിന്ന് സുഖോപഭോഗ നിഷേധത്തിലേക്കുള്ള ഒരു താഴോട്ട് പോക്ക് കൂടിയായിരുന്നു ഇത്. മിക്ക ഇന്ത്യക്കാരും ദരിദ്രരാണ് എന്നും അവരോട് ഐക്യപ്പെടുക എന്നതാണ് ഈ വേഷമാറ്റത്തിന്റെ ഉദേശമെന്നും അദ്ദേഹം പറഞ്ഞു വെച്ചു. ഇന്ത്യയിൽ ദാരിദ്ര്യത്തിന് കൂടുതൽ വാണിജ്യ മൂല്യമുള്ളതിനാൽ, പ്രത്യേകിച്ചും രാഷ്ട്രീയത്തിൽ, അദ്ദേഹത്തിന്റെ ദോത്തിക്ക് അത് കൂടുതൽ സമ്മതി നേടിക്കൊടുത്തു. ദാരിദ്ര്യം വസ്ത്രത്തിലൂടെ ആഘോഷിക്കപ്പെടുന്നതിന്റെ ആദ്യകാല ഇന്ത്യൻ ഉദാഹരണം ഒരുപക്ഷേ ഗാന്ധിയുടെ ദോത്തിയിലായിരിക്കും അടങ്ങിയിരിക്കുന്നത്. ഈ ദാരിദ്യ വിൽപന കൂടുതൽ പൊതുയിടം സ്വന്തമാക്കി വെക്കുവാനും അനുയായികളെ വാർത്തെടുക്കുവാനും അദ്ദേഹത്തെയും അനുയായികളേയും സഹായിച്ചു.
വിദേശ യാത്രയിൽ പോലും ഈ ദരിദ്ര വസ്ത്രം അദ്ദേഹം ഉപേക്ഷിച്ചില്ല. ഗാന്ധി ബക്കിങ്ങ്ഹാം കൊട്ടാരം സന്ദർശിച്ചപ്പോഴുണ്ടായ ഒരു കഥ തന്നെയുണ്ട്. ഗാന്ധിയുടെ വസ്ത്രം കൊട്ടാര ചിട്ടകൾക്ക് അനുസരിച്ചാവാതെ വരുന്നത് കാരണം രാജാവിന് അലോസരം തോന്നി. ഇത് ഗാന്ധിയെ അറിയിച്ചെങ്കിലും രാജ്യത്തിന്റെ ‘വസ്ത്ര സംസ്കാരം’ ഒഴിവാക്കാൻ അദ്ദേഹം തയ്യാറായില്ല. ഗാന്ധി ഇതിനെ കുറിച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത് ഇങ്ങനെയാണ്: “എനിക്ക് വേണ്ട വസ്ത്രം കൂടി രാജാവ് ധരിച്ചിട്ടുണ്ടല്ലോ”. ചുരുക്കി പറഞ്ഞാൽ ശരീരം ഏറെക്കുറേ മറയുന്ന വസ്ത്രം സമ്പത്തിന്റേയും ശരീരഭാഗങ്ങൾ കാണുന്നത് ദാരിദ്ര്യത്തേയുമായി ഗാന്ധിയുടെ യുക്തി നിർവചിച്ചു. അങ്ങനെ ദോത്തി അർദ്ധനഗ്നനായ ഫക്കീറാകുവാൻ അദ്ദേഹത്തെ അനുവദിച്ചു.
ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രധാരണം അദ്ദേഹത്തിന് രാജ്യത്തിന്റെയും തന്റേയും ദാരിദ്ര്യം അടയാളപ്പെടുത്താനുള്ള ഉപകരണം മാത്രമായിരുന്നു. എന്നാൽ അതിന്റെ നിറം എപ്പോഴും വെള്ളയാവുകയും അണികൾ ആ വെള്ള നിറം രാഷ്ട്രീയ ചര്യയായി സ്വീകരിക്കുകയും ചെയ്തപ്പോൾ ചില ജാതീയ പ്രശ്നങ്ങൾ ഉടലെടുത്തു. വെളുത്ത വസ്ത്രം കറുത്ത ശരീരങ്ങളെ ആശ്ലേഷിക്കുവാനുള്ള യോഗ്യതയായി ഗണിക്കപ്പെട്ടതാണ് അതിലെ ഏറ്റവും വലിയ പ്രശ്‌നം.
സ്വദേശി പ്രസ്ഥാനവും ദോത്തിയും സാമ്പത്തികമായി ബ്രിട്ടീഷുകാരോടുള്ള യുദ്ധമായി മാറിയെങ്കിലും വെളുപ്പിന്റെയും കറുപ്പിന്റെയും ജാതീയ മാനങ്ങൾ ഇത് വളർത്തിയെടുത്തിട്ടുണ്ട്. ഇന്നും എന്തുകൊണ്ടാണ് രാഷ്ട്രീയക്കാർ വെളുത്ത കുപ്പായം അണിയുന്നത് എന്ന ചോദ്യത്തിന് ജാതിയുടെ പരിസരങ്ങളിൽ നിന്നേ വ്യക്തമായ ഉത്തരം ലഭിക്കുന്നുള്ളു.
സ്വദേശിയും ഖദറും കഴിഞ്ഞു പോയെങ്കിലും വെളുത്ത വസ്ത്രം/ നിറം ഒരുപാട് ചിഹ്നങ്ങൾ സമൂഹത്തിൽ അവശേഷിപ്പിച്ചു. വെളുപ്പ്, നിര്‍മ്മലതയേയും വൃത്തിയേയുമെല്ലാം സൂചിപ്പിക്കുമ്പോൾ കറുപ്പ് വൃത്തികേടിന്റേയും അശുദ്ധിയുടേയുമായ വ്യവഹാരങ്ങളാണ് നിർമിച്ചെടുക്കുന്നത്. അതുപോലെ തന്നെ, സവർണ്ണതയേയും അധികാരത്തേയും കൂടിയ തോതിൽ വെളുത്ത നിറം അടയാളപ്പെടുത്തുമ്പോൾ ദലിതനേയും ബലഹീനതയേയുമാണ് എക്കാലവും കറുപ്പ് ഉള്ളടക്കികൊണ്ടിരിക്കുന്നത്. ഇത്തരം സൂചക നിർമാണങ്ങൾ കറുത്ത ശരീരത്തെ സമൂഹത്തിൽ അപരനാക്കി നിർത്തി.
ഒരു കറുത്ത ശരീരം ആശ്ലേഷിക്കപ്പെടുന്നതും അതിന്റെ ചിത്രം പ്രചരിപ്പിക്കപ്പെടുന്നതും കൃത്യമായ വാണിജ്യ നിയമങ്ങൾ അനുസരിച്ചു കൊണ്ടാണ്. കറുപ്പിന് അധികാരവും സമ്പത്തും ഇല്ലാതിരിക്കുമ്പോൾ, അത് വേണ്ടുവോളം ഉള്ളടക്കിയ ഓരോ വെളുത്ത ശരീരവും വിൽപന നടത്തുകയാണ്. ഉള്ളവൻ ഇല്ലാത്തവനാണ് വിൽക്കേണ്ടത് എന്നതാണ് പ്രാഥമിക വാണിജ്യ നിയമം. എന്നാൽ അധികാരം ഈ നിറങ്ങൾക്കിടയിൽ ഒരിക്കലും കൈമാറ്റം ചെയ്യപ്പെടുകയോ പങ്കുവെക്കപ്പെടുകയോ ചെയ്യുന്നില്ല. ആശ്ലേഷം പ്രഹസനം നിറഞ്ഞ ഒരു വിൽപനയാണ്. കറുപ്പിന്റെ ആവശ്യവും അവകാശവും കൂടിയാണ് അധികാരമെങ്കിലും, ഒരിക്കലും അത് പങ്കുവെക്കപ്പെടാതെയിരിക്കാൻ ഓരോ വെളുത്ത ശരീരവും ആവുന്നത്ര ശ്രമിക്കുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ അധികാരത്തെ പ്രദർശിപ്പിക്കുന്ന മനോഹരമായൊരു കടയാണ് ആശ്ലേഷം. ആ കടയിലിരിക്കുന്ന വിൽപനക്കാരന്റേയും മുതലാളിയുടെയും യൂണിഫോമാണ് വെളുത്ത വസ്ത്രം.
അപ്പോൾ ഒരു ശരീരം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ ആശ്ലേഷിക്കപ്പെടുന്നത് ശരീരത്തിന്റെ നിറം കറുപ്പ് ആയതുകൊണ്ട് മാത്രമാണ്. കറുത്ത ശരീരം അധികാരം പങ്കിടാത്തത് കൊണ്ടാണ്. ആ ശരീരങ്ങൾ അധികാരം പങ്കിടാതിരിക്കാൻ ഒരു കാരണം രാഷ്ട്രീയക്കാരൻ വെള്ളവസ്ത്രത്തെ ചര്യയാക്കി എന്നുള്ളതാണ്. കറുത്ത ശരീരം പോലും അധികാരിയുടെ/ രാഷ്ട്രീയക്കാരന്റെ ശരീരമാവുന്നതോടു കൂടി വെള്ള വസ്ത്രത്തെ മാത്രം സ്വീകരിക്കേണ്ടി വരുന്നത് ഇവിടെയാണ്. കേരളത്തേക്കാൾ കറുപ്പിനെ ആഘോഷിക്കുന്ന ഡിസ്‌കോഴ്സുകളാണ് തമിഴ്‌നാട്ടിൽ ഉള്ളതെങ്കിലും, ഒരു തമിഴ് പുരുഷൻ രാഷ്ട്രീയക്കാരൻ ആവുന്നതോട് കൂടി വെള്ളവസ്ത്രം നിർബന്ധമാവുന്നത് എന്തുകൊണ്ടാണ്?
കറുപ്പ് എന്ന ജൈവികമായ നിറത്തെ അപരവത്കരിക്കപ്പെടുന്നതിന് വെള്ള വസ്ത്രം നൽകിയ സംഭാവനകൾ ഇവിടെ ഹിംസാത്മക കാരണങ്ങളാവുന്നുണ്ട്. കാരണം അധികാരികൾ വെളുത്ത വസ്ത്രം ധരിക്കുമ്പോൾ അത് ദലിത് ഐഡന്റിറ്റിക്ക് നേരെയുള്ള പ്രതീകാത്മക ഹിംസയായിട്ടാണ് ഇന്ത്യയിൽ വർത്തിക്കുന്നത്.
കറുത്ത ശരീരമുള്ള അധികാരികൾ ഇല്ല എന്നോ കറുത്ത വസ്ത്രം ധരിക്കുന്ന അധികാരികൾ ഇല്ലാ എന്നോ ഇതിന് അർത്ഥമില്ല. എന്നാൽ ആശ്ലേഷിക്കപ്പെടുന്നവൻ കൂടിയ പങ്കും കറുത്തവരാണ്, ബലഹീനരാണ്, ദലിത് ശരീരമുള്ളവരാണ്. ആശ്ലേഷിക്കുന്നവൻ/ അധികാരി കറുത്ത ശരീരമുള്ളവരോ കറുത്ത വസ്ത്രം ധരിക്കുന്നവരോ ആയാലും ആശ്ലേഷിക്കപ്പെടുന്നവർ/ ബലഹീനർ കറുത്ത ശരീരം പേറുന്നവരാണ്. വെളുത്ത/ സവർണ്ണ ശരീരമുള്ള എത്ര പേരെ രാഷ്ട്രീയക്കാരൻ ആശ്ലേഷിക്കുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട് എന്ന ചോദ്യമുയരുന്നത് ഇവിടെയാണ്. വെളുത്തവൻ ആശ്ലേഷിക്കപ്പെടേണ്ടവനല്ലന്നും മറിച്ച് എന്നും മറ്റുള്ളവരെ (other) ആശ്ലേഷിക്കേണ്ടവൻ ആണെന്നും പറയുക വഴി അധികാരത്തെയാണ് വെളുത്ത നിറങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നത്.
വെളുത്ത നിറം/ വസ്ത്രം മൗലികമായി ദലിത് വിരുദ്ധമാണ് എന്ന് ഒരിക്കലും ഇതിനർത്ഥമില്ല. എന്നാൽ രാഷ്ട്രീയക്കാർ/ അധികാരി വെളുത്ത വസ്ത്രം മാത്രം അണിയുമ്പോൾ അതിനു പുതിയ മാനങ്ങൾ കൈവരികയും, ദലിത് വിരുദ്ധമായിത്തീരുകയും ചെയ്യുന്നുണ്ട്. അംബേഡ്കർ ഇക്കാര്യത്തിൽ എത്രത്തോളം മുന്നേ നടന്ന വ്യക്തിയാണ് എന്ന് അദ്ദേഹത്തിന്റെ സ്യൂട്ട് പറഞ്ഞു വെക്കുന്നുണ്ട്. ഗാന്ധിയുടെ ദോത്തി അദ്ദേഹത്തിന്റെയും.
ഇത്രയും പറഞ്ഞത് പുരുഷനായ രാഷ്ട്രീയക്കാരനെ/ അധികാരിയെ കുറിച്ചാണ്. രാഷ്ട്രീയ പ്രവർത്തകരായ സ്ത്രീകൾ പുരുഷന്മാരെക്കാൾ വെള്ളയെ നിരാകരിക്കുകയും മറ്റു നിറങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
(പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഇലക്ട്രോണിക് മീഡിയ ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ പിഎച്ച്ഡി വിദ്യാർഥിയാണ് ലേഖകൻ.)