‘ഹിന്ദി തുലയട്ടെ, റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ’: തമിഴ്നാടും ഹിന്ദി വിരുദ്ധ സമരങ്ങളും

1965ലെ ഔദ്യോഗിക ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുള്ള ഡിഎംകെയുടെ സി.എൻ.അണ്ണാദുരൈ വാദിച്ചപ്പോള്‍, ബഹുഭാഷാസമ്പന്നമായ ഇന്ത്യയുടെ ഏക ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റുന്നതിനെ അനുകൂലിച്ചു കൊണ്ട് സംസാരിക്കുകയാണ് സിപിഐ ചെയ്തത്.
എന്നാൽ സിപിഐ(എം) പ്രവര്‍ത്തകര്‍ ആദ്യനാളുകളില്‍ താല്‍പര്യപൂര്‍വം ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെങ്കിലും, അധികം വൈകാതെ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പാര്‍ട്ടി അവരെ വിലക്കി. എം.എസ്.എസ്.പാണ്ഡ്യൻ എഴുതുന്നു.

ഹിന്ദി സംസാരഭാഷ അല്ലാത്തവരുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്കെതിരെ മദ്രാസ് സംസ്ഥാനത്ത്, 1960കളുടെ തുടക്കത്തില്‍, ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. 1965ല്‍, (ഇൻഡ്യൻ ഭരണഘടനയുടെ 343-ാം അനുഛേദം പ്രകാരം) ഹിന്ദി ഇൻഡ്യയുടെ ഔദ്യോഗിക ഭാഷയായി മാറിയപ്പോള്‍, മദ്രാസ് സംസ്ഥാനത്ത് പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. പ്രക്ഷോഭകരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു, രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇൻഡ്യന്‍ ഭരണഘടനയുടെ 17-ാം അധ്യായം എടുത്തുകളയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ നിര്‍ണായക വര്‍ഷങ്ങളില്‍, പ്രക്ഷോഭങ്ങളോട് നിസ്സംഗവും ഹിന്ദി അനുകൂലവുമായ നിലപാടായിരുന്നു കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത്.

1965ലെ ഔദ്യോഗിക ഭാഷാ ബില്ലുമായി ബന്ധപ്പെട്ടു പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുള്ള സി.എന്‍.അണ്ണാദുരൈ വാദിച്ചപ്പോള്‍, ബഹുഭാഷാ സമ്പന്നമായ ഇൻഡ്യയുടെ ഏക ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റുന്നതിനെ അനുകൂലിച്ചു കൊണ്ടു സംസാരിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇൻഡ്യ (സിപിഐ)യുടെ ഭൂപേഷ് ഗുപ്ത ചെയ്തത്. 1966ല്‍ മദ്രാസ് സംസ്ഥാനത്ത് ഭാഷാ പ്രക്ഷോഭം നടക്കുന്ന സമയത്ത് തമിഴ് സംസാരിക്കുന്നവര്‍ക്കു വേണ്ടി സിപിഐ ത്രിഭാഷാ ഫോര്‍മുല നിര്‍ദേശിച്ചു– ആ ഫോര്‍മുലയാണ് ഹിന്ദി ഭാഷ നിര്‍ബന്ധമാക്കി മാറ്റിയത്.

ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കലിനെ ഒരിക്കലും പിന്തുണച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇൻഡ്യ (മാര്‍ക്സിസ്റ്റ്)– അതായത് സിപിഐ(എം), തമിഴ് യാഥാര്‍ഥ്യത്തില്‍ നിന്ന് അകലം പാലിച്ചു. സിപിഐ(എം) പ്രവര്‍ത്തകര്‍, വിശേഷിച്ച് കിഴക്കിന്‍റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന, ടെക്സ്റ്റൈല്‍ പട്ടണമായ കോയമ്പത്തൂരില്‍ നിന്നുള്ള തൊഴിലാളികള്‍ ആദ്യനാളുകളില്‍ താല്‍പര്യപൂര്‍വം പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെങ്കിലും അധികം വൈകാതെ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നു പാര്‍ട്ടി അവരെ വിലക്കി.

തമിഴരുടെ ഭാഷാപരമായ അഭിലാഷങ്ങളെ മൗലിക രാഷ്ട്രീയത്തിലേക്കു (radical politics) വഴിതിരിച്ചുവിടുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടപ്പോള്‍, തമിഴ് ദേശീയവാദ ശബ്ദങ്ങളെയെല്ലാം മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തി.

1937ല്‍ സി.രാജഗോപാലാചാരി നേതൃത്വം നല്‍കിയ മദ്രാസ് പ്രസിഡന്‍സിയിലെ പ്രഥമ കോണ്‍ഗ്രസ് മന്ത്രിസഭ, ഹിന്ദി ഭാഷയെ നിര്‍ബന്ധ പാഠ്യവിഷയമായി സ്കൂളുകളില്‍ അവതരിപ്പിച്ചു. പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ കീഴിലുള്ള സ്വാഭിമാന പ്രസ്ഥാനം രാജഗോപാലാചാരിയുടെ അടിച്ചേല്‍പ്പിക്കലിനെതിരെ വമ്പിച്ച പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ അതിവേഗം പ്രതികരിച്ചു. പ്രസിഡന്‍സിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നായ ബെല്ലാരിയിലെ ജയിലില്‍ രാമസ്വാമി തടവിലിടപ്പെട്ടു.

അദ്ദേഹത്തിന്‍റെ അഭാവത്തിലും ഹിന്ദി വിരുദ്ധ പ്രക്ഷോഭം തുടര്‍ന്നു. ഒടുവില്‍ സ്കൂളുകളില്‍ ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കുന്നത് സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. ഭരണഘടനാ നിര്‍മാണ അസംബ്ലി ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍, ഭാഷാ പ്രക്ഷോഭ കാലത്തെ മദ്രാസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.സുബ്ബരായന്‍, അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയുണ്ടായി : “മൂന്നു മാസത്തോളം, എല്ലാ ദിവസവും രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ‘ഹിന്ദി തുലയട്ടെ, തമിഴ് വാഴട്ടെ, സുബ്ബരായനും രാജഗോപാലാചാരിയും തുലയട്ടെ..’ എന്ന കരച്ചിലല്ലാതെ മറ്റൊന്നും ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നില്ല. എന്തിനധികം പറയുന്നു, മുന്‍പ് ഞങ്ങള്‍ തന്നെ എതിര്‍ത്ത ക്രിമിനല്‍ ലോ അമെന്‍ഡ്മെന്‍റ് ആക്റ്റ് ഉപയോഗിക്കാന്‍ പോലും ഞങ്ങള്‍ നിര്‍ബന്ധിതരായി.”

സ്വാതന്ത്ര്യം നേടി അധികനാള്‍ കഴിയുന്നതിനു മുൻപു തന്നെ, തമിഴ് ഭാഷാ അഭിലാഷങ്ങളും പാന്‍ ഇൻഡ്യന്‍ ദേശീയതയും തമ്മില്‍ ഐക്യം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ച ബ്രാഹ്മണേതര കോണ്‍ഗ്രസ്സുകാരനായിരുന്ന എം.പി.ശിവജ്ഞാനവും മദ്രാസ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള നാല്‍പ്പതോളം പേരും ചേര്‍ന്ന്, ഇൻഡ്യന്‍ യൂണിയനിലെ സംസ്ഥാനങ്ങള്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കണമെന്നു വാദിച്ചു. കോണ്‍ഗ്രസ് പെട്ടെന്നു തന്നെ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി, അതു പുതിയ പാര്‍ട്ടിയുടെ രൂപവത്കരണത്തിലേക്കു നയിച്ചു. അതാണ് 1951ല്‍ രൂപംകൊണ്ട തമിള്‍ അരസ കഴകം (ടിഎകെ).

തമിഴ് വിഷയങ്ങളില്‍ ഇടപെടുന്ന, കോണ്‍ഗ്രസ് അനുകൂല സംഘടനായി 1946ലാണ് ടിഎകെ സ്ഥാപിക്കപ്പെട്ടത്. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനോടു കിടപിടിക്കുന്ന ഒന്നായിരുന്നില്ല ടിഎകെ. പക്ഷേ, തമിഴ് സംസാരിക്കുന്ന ആന്ധ്രാപ്രദേശിലെയും കേരളത്തിലെയും പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്നു നയിച്ചത് ടിഎകെ ആയിരുന്നു. ശ്രീലങ്കയിലെ (അന്നത്തെ സിലോണ്‍) തമിഴരുടെ വിഷയവും അവര്‍ ഏറ്റെടുത്തു. 1961ല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെയും ഗാന്ധിയനായ എസ്.ജെ.വി.ശെല്‍വനായകത്തിന്‍റെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ തമിഴരെ പ്രതിനിധീകരിച്ചിരുന്ന ഫെഡറല്‍ പാര്‍ട്ടിയെ നിരോധിച്ചതിനെയും ടിഎകെ പരസ്യമായി അപലപിച്ചു. ഒടുവില്‍, 1967ല്‍ ഡിഎംകെ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പു സഖ്യത്തിന്‍റെ ഭാഗമായി ടിഎകെ മാറി.

ഇൻഡ്യ എന്ന രാജ്യത്തിനെതിരെയല്ല ഈ പ്രക്ഷോഭമെന്ന് അണ്ണാദുരൈ വ്യക്തമാക്കിയിരുന്നെങ്കിലും ഹിന്ദി വിരുദ്ധ പ്രക്ഷോഭ ശബ്ദങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് 1960കളുടെ തുടക്കത്തിൽ, ഹിന്ദി ഭാഷ ഇൻഡ്യയുടെ ഔദ്യോഗിക ഭാഷയാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തോടു സഹകരിക്കുകയാണ് മദ്രാസ് കോണ്‍ഗ്രസ് ചെയ്തത്. ‘ഹിന്ദി തുലയട്ടെ, റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ’ (Down with Hindi, Long Live the Republic) എന്ന മുദ്രാവാക്യമായിരുന്നു പ്രക്ഷോഭത്തിന് അദ്ദേഹം നല്‍കിയത്.

1965ലെ ഭാഷാ പ്രക്ഷോഭം 55 ദിവസത്തോളം നീണ്ടുനിന്നു. എം.ഭക്തവത്സലം നേതൃത്വം നല്‍കിയ മദ്രാസിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരവാഴ്ച തന്നെ അഴിച്ചു വിട്ടു. 1965 ഫെബ്രുവരി 10ന് 35 പ്രക്ഷോഭകാരികളെ അദ്ദേഹത്തിന്‍റെ പോലീസ് വെടിവെച്ചു കൊന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് മദ്രാസില്‍ നിന്നുള്ള രണ്ടു കേന്ദ്ര മന്ത്രിമാര്‍ – സി.സുബ്രമണ്യം, ഒ.വി.അളകേശന്‍- രാജിവെച്ചിട്ടു പോലും എം.ഭക്തവത്സം അടിച്ചമര്‍ത്തല്‍ നടപടികളില്‍ നിന്നു പിന്‍മാറിയില്ല. ഇൻഡോ – ചൈന യുദ്ധസമയത്തു നിലവില്‍ വന്ന, കുപ്രസിദ്ധമായ 1962ലെ ഡിഫന്‍സ് ഓഫ് ഇൻഡ്യ റൂള്‍സ് പ്രക്ഷോഭകാരികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടു.

കമ്യൂണിസ്റ്റുകളുടെ നിസ്സംഗതയും തമിഴ് ഭാഷാഭിലാഷങ്ങള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ കിരാതമായ അടിച്ചമര്‍ത്തല്‍ നടപടികളും വിശാലമായ  രാഷ്ട്രീയ സാധ്യത ഡിഎംകെക്കു മുന്നില്‍ തുറന്നിട്ടു.

ഭാഷാവിഷയം തങ്ങളുടെ രാഷ്ട്രീയത്തിന്‍റെ കേന്ദ്രവിഷയങ്ങളിൽ ഒന്നായി ഡിഎംകെ ഏറ്റെടുത്തു. രാഷ്ട്രീയ അവസരവാദത്തിനു പേരുകേട്ട ഡിഎംകെ, തമിഴ് ദേശീയവാദത്തിന്‍റെ കനലുകള്‍ കെടാതെ സൂക്ഷിക്കുകയും അനിവാര്യ സന്ദര്‍ഭങ്ങളില്‍ ഊതിക്കത്തിക്കുകയും ചെയ്തു.

തമിഴ് ദേശീയത പുനരവതരിക്കുന്നു

ഒരു സ്വതന്ത്ര പരമാധികാര ദ്രാവിഡ നാട് എന്നതായിരുന്നു, 1950കളില്‍ ഡിഎംകെയുടെ പ്രധാന ആവശ്യം. ബഹുജന രാഷ്ട്രീയത്തിന്‍റെ സന്ദര്‍ഭത്തില്‍, ഹിന്ദി ഭാഷയുടെ അടിച്ചേല്‍പ്പിക്കലിനെ എതിര്‍ത്തു കൊണ്ടാണ് പ്രസ്തുത ആവശ്യം അവര്‍ വ്യക്തമാക്കിയത്.  ചെറിയ അവസരം പോലും അവര്‍ പാഴാക്കിയില്ല, അവസരങ്ങളെല്ലാം തന്നെ വളരെ തന്ത്രപൂര്‍വവും ക്രിയാത്മകവുമായി അവര്‍ വിനിയോഗിച്ചു.

1956ല്‍, ഇൻഡ്യന്‍ യൂണിയന്‍റെ ഔദ്യോഗിക ഭാഷയാവാന്‍ ഏറ്റവും അനുയോജ്യം ഹിന്ദിയാണെന്ന, അന്നത്തെ ഔദ്യോഗിക ഭാഷാ കമ്മീഷന്‍ ചെയര്‍മാന്‍റെ പ്രസ്താവനയെത്തുടര്‍ന്ന് ഒരു ഹിന്ദി വിരുദ്ധ പ്രതിഷേധ ദിനം ഡിഎംകെ സംഘടിപ്പിച്ചു. വളരെ ആവേശകരമായ പ്രതികരണമാണ് പ്രതിഷേധ പരിപാടിക്കു ലഭിച്ചത്. 1960ല്‍, ഹിന്ദിയെ ഭരണഭാഷയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയപ്പോള്‍, സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയ ഡിഎംകെ, ഹിന്ദി ഭാഷ, സംസാരഭാഷയല്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന ഉറപ്പ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നു വാങ്ങുകയും ചെയ്തു.

സി.എൻ.അണ്ണാദുരൈയും ഇ.വി.രാമസ്വാമിയും

1963ല്‍ ദ്രാവിഡ നാടിനു വേണ്ടിയുള്ള ആവശ്യത്തില്‍ നിന്ന് ഡിഎംകെ ഔദ്യോഗികമായി പിന്‍മാറിയിരുന്നു. 1962ലെ ഇൻഡോ – ചൈന യുദ്ധത്തിനു ശേഷം, അത്തരം ആവശ്യങ്ങളെ ഇൻഡ്യന്‍ ഭരണഘടനയുടെ 16-ാം ഭേദഗതി നിരോധിച്ചതായിരുന്നു കാരണം. പക്ഷേ, വളരെ പെട്ടെന്നു തന്നെ, അവര്‍ വീണ്ടും ഭാഷാ വിഷയം വീണ്ടും ഏറ്റെടുക്കുന്ന കാഴ്ചയാണു കണ്ടത്. 1965ലെ ഭാഷാ പ്രക്ഷോഭ സമയത്ത് ഡിഎംകെയുടെ എല്ലാ ഉന്നത നേതാക്കളെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലിലടക്കുകയും പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലിസിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ സായുധ സമരത്തിലേക്കു നീങ്ങി, നേതാക്കള്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 1965ലെ സംഭവ വികാസങ്ങളും ഭക്ഷ്യക്ഷാമവും 1967ലെ തെരഞ്ഞെടുപ്പു പ്രചരണായുധങ്ങളായി ഡിഎംകെ സമര്‍ഥമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് ഡിഎംകെ തൂത്തുവാരി.

ഈ പ്രാരംഭ ഘട്ടത്തില്‍ ഡിഎംകെ തങ്ങളുടേതായ ബനിയ വിരുദ്ധതയും ബ്രാഹ്മണ വിരുദ്ധ ‘സോഷ്യലിസവും’ പ്രദര്‍ശിപ്പിച്ചിരുന്നു. 1950കളുടെ അവസാനത്തിലും 1960കളുടെ തുടക്കത്തിലും സോഷ്യലിസത്തിന്‍റെ ഡിഎംകെ പതിപ്പ് ജനങ്ങള്‍ക്കിടയിലേക്കു നന്നായി ഇറങ്ങിച്ചെന്നു. ഇതിന്‍റെ പ്രധാനപ്പെട്ട കാരണം, നെഹ്റുവിയന്‍ സോഷ്യലിസത്തില്‍ ആകൃഷ്ടരായ കമ്യൂണിസ്റ്റുകള്‍ ‘ഭരണ വര്‍ഗങ്ങള്‍’ക്കെതിരായ ജനകീയ മുന്നേറ്റത്തെ ഉപേക്ഷിച്ചതായിരുന്നു.

1967ല്‍, ഫോര്‍ട്ട് സെന്‍റ് ജോര്‍ജില്‍ (മദ്രാസ് ഗവണ്‍മെന്‍റ് സീറ്റ്) തങ്ങളുടെ സീറ്റ് ഭദ്രമാക്കിയതിനു ശേഷം, ഭാഷാ വിഷയത്തിന് ഡിഎംകെ വലിയ പ്രധാന്യം നല്‍കിയില്ല. 1967-68 കാലത്തു നടന്ന വമ്പിച്ച ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ അവര്‍ കൈകാര്യം ചെയ്ത രീതിയില്‍ നിന്ന് ഇതു വ്യക്തമാണ്, 1967ലെ ഔദ്യോഗിക ഭാഷാ (ഭേദഗതി) ബില്ലിന്‍റെ അവതരണകാലത്തായിരുന്നു അത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള ‘അപര്യപ്തമായ’ ഉറപ്പായിട്ടാണ് പ്രസ്തുത ബില്‍ കണക്കാക്കപ്പെട്ടത്.

എം.എസ്.എസ്.പാണ്ഡ്യൻ

ഡിഎംകെ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയും പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും തമിഴ് ദേശീയതയുടെ പരിരക്ഷകര്‍ എന്ന തങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയുള്ള ചില പ്രതീകാത്മക നടപടികളിലും അതേസമയം തന്നെ ഡിഎംകെ കൈക്കൊണ്ടിരുന്നു.  അസംബ്ലി പ്രമേയത്തിലൂടെ അവര്‍ മദ്രാസിന്‍റെ പേര് തമിഴ്നാട് എന്നാക്കി മാറ്റി, കോളേജുകളില്‍ ഇംഗ്ലീഷിന്‍റെ സ്ഥാനത്ത് വിനിമയഭാഷയായി തമിഴിനെ മുന്നോട്ടു കൊണ്ടുവന്നു. 1965ല്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ അറസ്റ്റിലായ എല്ലാവരെയും  മോചിപ്പിച്ചു. 1968ല്‍ വലിയ രീതിയില്‍ ലോക തമിഴ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.

(‘The Strangeness of Tamil Nadu: Contemporary History and Political Culture in South India’ എന്ന ലേഖകന്‍റെ പുസ്തകത്തില്‍ നിന്നുള്ള ഭാഗം.)

 

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

കടപ്പാട്: സ്ക്രോൾ.ഇൻ

  • ‘Down with Hindi, Long Live the Republic’: How Madras fought the imposition of Hindi in the past.
    https://bit.ly/2XssqZc
Top